ആരാണീ പുമാന്‍ പി.സി. ജോര്‍ജ്? ; തെരഞ്ഞെടുപ്പു ഫലത്തെപ്പറ്റി റ്റി.ജെ.എസ്. ജോര്‍ജ് എഴുതുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2021 11:08 AM  |  

Last Updated: 07th May 2021 11:59 AM  |   A+A-   |  

About TJS George's book

റ്റി.ജെ.എസ്. ജോര്‍ജ്

 

രാണീ പുമാന്‍ പി.സി. ജോര്‍ജ്? വാചകമടി വിദഗ്ദ്ധനാണെന്ന് ടി.വി പ്രേക്ഷകര്‍ക്കറിയാം. എന്തു വാചകങ്ങളാണ് അടിക്കുന്നതെന്ന് ചോദിക്കാതിരിക്കുന്നതായിരിക്കും ഉചിതം. കോട്ടയംകാര്‍ക്ക് ഒരു പ്രയോഗമുണ്ട്, ചളുവാ ചപ്പ്. അതെന്താണെന്ന് അറിയണമെങ്കില്‍ പി.സി. നേതാവിന്റെ സംഭാഷണരീതി നോക്കിയാല്‍ മതി. പതിനാറായിരത്തിലധികം വോട്ടിന് സ്വന്തം തട്ടകമായി പരിപാലിച്ചുപോന്ന പൂഞ്ഞാറില്‍ തകര്‍ന്നുവീണ ജോര്‍ജിന് നാട്ടുകാര്‍ കൊടുത്ത സന്ദേശം വ്യക്തം: ''മതിയായി, സാറേ, കേട്ടുകേട്ടു മതിയായി. ഇനി ഞങ്ങള്‍ക്ക് നേരെയൊന്നു ശ്വാസം വലിക്കണം.'' പൂഞ്ഞാറിലെ പൂജ്യന് അങ്ങനെയുള്ള വാക്കുകള്‍ മനസ്സിലായെന്നു വരില്ല. എങ്കിലും പറയാനുള്ളതു പറഞ്ഞു എന്ന് പ്രജകള്‍ക്ക് ആശ്വസിക്കാമല്ലോ.

വേറൊരു പുമാനുണ്ട്, പി.സി. തോമസ്. ഒരു യോഗ്യതയുമില്ലാതെ നേതാവാകുന്ന കൂട്ടരുണ്ടല്ലോ നമ്മുടെ നാട്ടില്‍, ആ കൂട്ടത്തിലെ ഒരംഗം. പക്ഷേ, അച്ഛന്റെ മകനാണ്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ യോഗ്യതകളിലൊന്നാണല്ലോ അത്. പി.റ്റി. ചാക്കോ എന്ന നേതാവ് കേരളത്തിലെ മുടിചൂടാ മന്നന്മാരില്‍ ഒരാളായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ മുടിചൂടിയ മന്നനാകും എന്ന അവസ്ഥ. അങ്ങനെ ഇരുന്നപ്പോള്‍ ഒരു സുപ്രഭാതത്തില്‍ പി.റ്റി. പീച്ചിക്കു പോയി. അതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയം അവസാനിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം പി.സി. തോമസ് പിതാവിന്റെ പിന്‍ഗാമിയായി രാഷ്ട്രീയത്തിലെത്തി. ഡല്‍ഹിയിലൊക്കെ കുറെ വിലസാന്‍ സാധിച്ചു. അതുകൊണ്ട് ഡല്‍ഹിക്ക് ഗുണമൊന്നും ഉണ്ടായില്ലെങ്കിലും പി.സിക്ക് 'ഡല്‍ഹി റിട്ടേണ്‍ഡ്' എന്ന ഖ്യാതി ഉണ്ടായി. പണ്ടുകാലത്ത് കെ.പി.എസ്. മേനോനും മറ്റും 'ഇംഗ്ലണ്ട് റിട്ടേണ്‍ഡ്' ആയതുപോലെ.

ഉള്ളതു പറയണമല്ലോ. പി.സി. ജോര്‍ജും പി.സി. തോമസും തമ്മില്‍ സാമ്യങ്ങളില്ല. പി.സി. ജോയ്ക്ക് തലയെടുപ്പുണ്ട്, പി.സി. തോയ്ക്ക് അതു കുറവാണ്. ജോയുടെ നടപ്പും മറ്റും കണ്ടാല്‍ തോന്നും നാടിനെ രക്ഷിക്കാന്‍ സാക്ഷാല്‍ പരമശിവന്‍ ഭൂമിയിലേയ്ക്കയച്ച ദൂതനാണെന്ന്. തോയ്ക്ക് പരമശിവനുമായി ഒരു ബന്ധവുമുള്ളതായി നമുക്കു തോന്നുകയില്ല. ഇവിടെ ജോയ്ക്കും തോയ്ക്കും അല്ല വിഷയം. ത്രിലോകനാഥന്‍ തന്നെ മനുഷ്യരൂപത്തില്‍ ജന്മമെടുത്തിട്ടുണ്ടെങ്കില്‍ അത് ജോസ് കെ. മാണിയായിട്ടായിരിക്കണം. ത്രിമൂര്‍ത്തികള്‍ക്കിടയില്‍ ശിവന്‍ അറിയപ്പെട്ടിരുന്നത് സംഹാരരുദ്രനായിട്ടായിരുന്നു എന്നോര്‍ക്കുക.

ആലോചിച്ചു നോക്കുക. കേരളത്തില്‍ ഏറ്റവുമധികം പ്രശ്‌നങ്ങളുണ്ടാക്കുകയും അതില്‍നിന്നു നേട്ടം കൈവരിക്കുകയും ചെയ്തിട്ടുള്ള സമര്‍ത്ഥരില്‍ പ്രമുഖനാണ് കെ.എം. മാണി. അങ്ങനെ ജോസ് കെ.യും  നേതാവായി. പക്ഷേ, ഈ പയ്യന് നമ്മുടെയൊക്കെ നേതാവാകാന്‍ എന്താണ് യോഗ്യത എന്ന ചോദ്യം എല്ലാവരും ചോദിക്കുന്നുണ്ടെന്നു മനസ്സിലായത് ഈ തെരഞ്ഞെടുപ്പിലാണ്. മറ്റൊരുതരം മാണി മറ്റൊരുതരം രാഷ്ട്രീയവുമായി മുന്‍പോട്ടു വന്നപ്പോള്‍ ജോസ് കെ. മാണി അടിതെറ്റി വീണു. മാണി സി. കാപ്പനു കിട്ടിയ ഭൂരിപക്ഷം നോക്കിയാല്‍ അറിയാം ജോസ് കെ.യില്‍നിന്നു രക്ഷപ്പെടാന്‍ പൊതുജനം വീര്‍പ്പുമുട്ടി കഴിയുകയായിരുന്നുവെന്ന്. തോറ്റപ്പോള്‍ ജോസ് കെ. പറഞ്ഞു വോട്ടു കച്ചവടത്തില്‍ കൂടെയാണ് എതിരാളി ജയിച്ചതെന്ന്. വോട്ടുകള്‍ കച്ചവടത്തിലായിരുന്നെങ്കില്‍ ജോസ് കെ.യ്ക്ക് അതു വാരിക്കൂട്ടാമായിരുന്നല്ലോ. ഏതു വിലയ്ക്കും എത്രവേണമെങ്കിലും വാങ്ങാനുള്ള ദ്രവ്യം കുടുംബം സ്വരൂപിച്ചിട്ടുണ്ടല്ലോ?

മക്കളായതുകൊണ്ട് അധികാരത്തിന്റെ അവകാശികളാണ് എന്ന പൊള്ളപ്രമാണം കള്ളക്കളിയില്‍ കൂടെ സ്ഥാപിച്ചെടുത്ത കള്ളമാണ്. ആദ്യകാലങ്ങളില്‍, കള്ളത്തിന്റെ ശക്തി കണ്ടാകാം, ജനം സ്തംഭിച്ചു നിന്നുപോയി. കാലംമാറി. കള്ളം കള്ളമാണെന്നു തിരിച്ചറിയുന്ന നാളുകള്‍ വന്നപ്പോള്‍, ചിലര്‍ മാത്രമല്ല, എല്ലാവരും മക്കളാണെന്ന് ജനം മനസ്സിലാക്കി. കെ. മുരളീധരനും പത്മജ വേണുഗോപാലും വീണപ്പോള്‍ ഷൈലജ ടീച്ചര്‍ ചരിത്രം കണ്ടിട്ടില്ലാത്ത ഭൂരിപക്ഷത്തോടെ ജയിച്ചു മുന്നേറി. 
പാഠം : ഇന്നുകള്‍ വേദനിപ്പിക്കുന്നെങ്കിലും നാളെകള്‍ നല്ലതാകും.
അവശേഷിക്കുന്ന ചോദ്യം :  പൊതുജനം കഴുതയാണോ?
ഉത്തരം : സാറന്മാര്‍ക്കു വേണ്ടത് കഴുതകളെയാണ്. അഥവാ കുതിരകളെ കിട്ടിയാലും അതു കഴുതകളാണെന്നു വിശ്വസിക്കുമ്പോള്‍ അവര്‍ ജയിക്കുന്നു. കുതിരകളെ കഴുതകളായി കാണുമ്പോള്‍ സാറന്മാരും കഴുതകളാകുന്നു എന്നത് തല്‍ക്കാലം മറക്കാം.

സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌