മാടമ്പ്; ഓര്‍മ്മയില്‍ ഒരു സരോവര പ്രഭാതം

മാടമ്പ് വേറിട്ടൊരു അക്ഷരപാതയാണ്. അതില്‍ സംസ്‌കൃതിയുടെ ഊര്‍ജ്ജമുണ്ട്.
മാടമ്പ് കുഞ്ഞുകുട്ടനും ആഷാമേനോനും മാനസസരോവറില്‍
മാടമ്പ് കുഞ്ഞുകുട്ടനും ആഷാമേനോനും മാനസസരോവറില്‍

ര്‍ഗ്ഗാത്മകമായ ധിക്കാരങ്ങളാണ് മാടമ്പ് കുഞ്ഞുകുട്ടന്റെ രചനകളത്രയും. എഴുപതുകളുടെ പ്രക്ഷോഭകരമായ കലാത്മകതയുടെ, ആത്മാന്വേഷണത്തിന്റെ ,നൈതികതയുടെ ഭാഗമായി മാറിയ രചനകളാണ് അക്കാലത്ത് മാടമ്പില്‍ നിന്നുണ്ടായിക്കൊണ്ടിരുന്നത്. ആരണ്യാന്തര്‍ഗ്ഗതനായി, വൃണിതനായി അലഞ്ഞ അശ്വത്ഥാമാവില്‍ നിന്ന് പുതിയ കാലത്തെ ആശാന്തപുരുഷന്മാരുടെ ജീവിതത്തിലേക്ക് മാടമ്പ് സംക്രമിച്ചു. ജീര്‍ണ്ണ സമുദായ -സമൂഹ ഘടനകളില്‍ നിന്ന് സ്വയം ഭൃഷ്ടനായി. ഭാഷ പുതിയ രീതിയില്‍ ഉപയോഗിച്ചു. പാരമ്പര്യവും തീവ്രമായ ആധുനികതയും ഇടകലര്‍ന്നു. മാടമ്പിന്റെ വഴി വ്യത്യസ്തമായിരുന്നു. പില്‍ക്കാലത്ത് ദര്‍ശനപരമായ പരിണാമങ്ങള്‍ ഉള്ളില്‍ സംഭവിച്ചപ്പോള്‍ മാടമ്പ് അതും തുറന്നെഴുതി. വിമര്‍ശനങ്ങള്‍ക്ക് വഴങ്ങാതിരുന്നു. അനന്യമായ ആ സാഹിതീയതയിലേക്ക് കൂടുതല്‍ പോകുന്നില്ല.  

എന്റെ ഓര്‍മ്മയില്‍ രണ്ടായിരത്തി അഞ്ചിലെ മെയ് മാസമാണ് ദീപ്തമാകുന്നത്. കൈലാസത്തിലേക്കും മാനസസരോവരത്തിലേക്കുള്ള കേരളത്തില്‍ നിന്നുള്ള ആദ്യത്തെ സംഘടിത യാത്രയില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. വിവേകാനന്ദയിലെ നരേന്ദ്രന്‍ ആസൂത്രണം ചെയ്ത ആ യാത്രയില്‍ ഞങ്ങള്‍ ഇരുപതോളം പേരുണ്ടായിരുന്നു. മാടമ്പിനന്ന് അറുപത്തഞ്ച് വയസ്സ്. തിബത്ത് മെയ് മാസക്കൊടും തണുപ്പില്‍. പീഠഭൂമിയിലെ ചെറിയ അരുവികളില്‍ മഞ്ഞു പരലുകള്‍ തിളങ്ങിയൊഴുകിയിരുന്നു.  അതിശൈത്യമാര്‍ന്ന കാറ്റ് നിരന്തരം വീശിക്കൊണ്ടിരിക്കും. എന്നാല്‍ മാടമ്പ് അക്ഷോഭ്യനായിരുന്നു. നേപ്പാള്‍ അതിര്‍ത്തിയിലുള്ള ഇന്ദ്രാവതീ നദീതീരത്തെ കോടാരിയിലൂടെ തിബത്തിലെ സാങ്മു, ന്യാലം, സാഗാ ,പരിയാംഗ് വഴി നാലഞ്ചു നാള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ മാനസസരോവര തീരത്തെത്തും. അന്ന് തിബത്തില്‍ റോഡുകള്‍ നിര്‍മ്മിതമായിട്ടില്ല. പീഠഭൂമിയിലൂടെ ലാന്‍ഡ് ക്രൂയിസറിലാണ് സഞ്ചാരം. മാനസസരോവര തീരത്ത് രണ്ട് നാള്‍ പാര്‍ത്ത്, ദര്‍ച്ചന്‍ വഴി കൈലാസപാര്‍ശ്വങ്ങളിലേക്ക്. അക്ഷീണനായിരുന്നൂ മാടമ്പ് . സഹയാത്രികര്‍ക്ക് തന്റെ ഭാഷണങ്ങളിലൂടെ അദ്ദേഹം ഊര്‍ജ്ജം പകര്‍ന്നു. ഭാഷണങ്ങളില്‍ പൗരാണികതയും ദര്‍ശനങ്ങളും ഇടകലര്‍ന്നു. ദിഗംബരനായി മാനസത്തിലെ അതീശീതജലത്തില്‍ അദ്ദേഹം മുങ്ങി നിവര്‍ന്നു. സരോവരത്തിനപ്പുറം തെളിഞ്ഞ കൈലാസത്തെ സാഷ്ടാംഗം നമസ്‌കരിച്ചു. മനസ്സില്‍ ശിവപ്രസാദം നിറച്ച് ധ്യാനാര്‍ദ്രനായി. ഹിമവല്‍ പുത്രിയുടെ സ്‌നാനം കൊണ്ട് സംശുദ്ധമായ മാനസത്തില്‍ മുങ്ങി നിവര്‍ന്നത് ഭാഗ്യമായി എന്ന് മാടമ്പ് പിന്നീടെഴുതി.

വൈശാഖ പൗര്‍ണ്ണമിയില്‍, പ്രകാശഭാരമായ സരോവര തീരത്തെ ടെന്റിലിരുന്ന് കാവ്യദീപ്ത മനസ്സോടെ ഭൂമിയുടെ മഹാപ്രഭാവത്തെ കുറിച്ച് പറഞ്ഞു. അപ്പോള്‍ പുറത്ത് താപനില പൂജ്യത്തിലും താണിരുന്നു. അടുത്ത നാള്‍ ഷെര്‍ഷോങ്ങില്‍, കൈലാസ പാര്‍ശ്വത്തില്‍ പൊഴിയുന്ന മഞ്ഞ് കൈത്തലത്തില്‍ സ്വീകരിച്ച് കണ്ണകളില്‍ വച്ചു. മഹാപ്രകൃതി തന്നെയായ ശിവഭാവം തന്നെയാണ് അദ്ദേഹത്തെ ശാന്തനാക്കിയത്. അക്ഷരങ്ങളിലേക്ക് ആ  പ്രകൃതി പ്രഭാവത്തെ പകരാന്‍ നല്ല ശ്രമം വേണ്ടി വരുമെന്ന് എന്നദ്ദേഹം അന്ന് പറഞ്ഞത് ഓര്‍മ്മിക്കുന്നു.  പിന്നീട് അതിനദ്ദേഹം ശ്രമിച്ചിരുന്നുവോ? മാടമ്പ് വേറിട്ടൊരു അക്ഷരപാതയാണ്. അതില്‍ സംസ്‌കൃതിയുടെ ഊര്‍ജ്ജമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com