ഈ മാഷ് എന്തൊരു മാഷാ! 

നമ്മുടെ ചങ്കിലും ചുണ്ടിലും പാട്ടും പറച്ചിലും ഒടുങ്ങാത്തിടത്തോളം കാലം വികെഎസ് ഒഴുകികൊണ്ടേയിരിക്കും ഒരു സ്നേഹ നദി പോലെ
വികെ ശശിധരന്‍/എഫ്ബി
വികെ ശശിധരന്‍/എഫ്ബി

ലാസാംസ്കാരിക പ്രവര്‍ത്തനങ്ങളാല്‍ സമ്പുഷ്ടമായ നാടാണ് അന്നും ഇന്നും കെടാമംഗലം. ഞാന്‍ ഒരു ആറാം ക്ലാസ്സുകാരാനായിരിക്കുന്ന കാലത്താണ്  മധുരം മലയാളവുമായ്‌ ആ അത്ഭുതത്തെ ഞാന്‍ ആദ്യമായി കാണുന്നത്. കുട്ടിക്കൂട്ടത്തെ മാധുര്യമുള്ള മലയാളത്തേന്‍ കുടിപ്പിക്കാനെത്തിയതാണ് മൂപ്പിലാന്‍ അന്ന്. അത് ഓര്‍ക്കുമ്പോഴും പറയുമ്പോഴും ഇപ്പോഴും മധുരിക്കുന്നുണ്ട്. പല ഇടങ്ങളിലായി അന്ന് അതേമധുരം പകരാന്‍ ആ വെട്ടത്തിനൊപ്പം ഞങ്ങളും സഞ്ചരിച്ചു. പാടിയ പാട്ടുകളെല്ലാം ചുണ്ടില്‍ നിന്ന് ചങ്കിലേക്ക് ഞങ്ങളറിയാതെ തന്നെ പറിച്ചു നട്ടിരുന്നു. കാലം കടന്നു പോയ കൂട്ടത്തില്‍ കോളേജ് കുമാരനായി തിരുവനന്തപുരം സ്വാതി തിരുനാള്‍ ഗവണ്‍മെന്‍റ് സംഗീത കോളേജില്‍ പാട്ടുംപാടി നടന്നപ്പോള്‍ വീണ്ടും ആ അത്ഭുതത്തെ കണ്ടുകിട്ടി എന്‍റെ കണ്ണിലെ കൗതുകത്തിന് അപ്പോഴും മാറ്റമുണ്ടായില്ല.. ഈ മാഷ് എന്തൊരു മാഷാ.. ഈ ജുബ്ബയുടെ പോക്കറ്റില്‍ ഇതിനുംവേണ്ടും ഈ പാട്ടുകള്‍ എവിടുന്നാ.. പിന്നെ ആ ചിരി കുശലാന്വേഷണം വാത്സല്യം.. എല്ലാം ഒരുപാടങ്ങ്‌ സ്വാധീനിച്ചിട്ടുണ്ട് ഞങ്ങളെ...! സാമ്പത്തിക ലാഭം നോക്കാതെ പാട്ടുകള്‍ കോര്‍ത്തൊരുക്കി സൗഹൃദ വലയങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന മാഷ്‌ടെ പതിവ് റിക്കോര്‍ഡിംഗ്  പരിപാടിയില്‍ ശബ്ദ സാന്നിധ്യമാകാന്‍ കഴിഞ്ഞത് ജീവിതത്തിലെ വിലപ്പെട്ട സന്തോഷങ്ങളില്‍ ഒന്നാണ്. ഈ ചങ്ങാതി മാഷ് എന്‍റെ അയല്‍പക്കത്തുകാരനാണെന്ന് അറിഞ്ഞത് വൈകിയാണ്. പിന്നെ ആരാധനയോടൊപ്പം അല്പം അഹങ്കാരവും. പക്ഷെ.. വേദികളില്‍ നിന്ന് വേദികളിലേക്ക് പാഞ്ഞു നടന്നപ്പോള്‍ ഒന്ന് മനസിലായി വികെഎസ് എന്നത് എല്ലാവരുടെയുമാണെന്ന്.

കല സമൂഹത്തോട് സംവദിക്കാനുള്ള ഭാഷയാണെന്നും ചിലപ്പോഴൊക്കെ അവ ഒരു സമരമുറയാകുമെന്നുമുള്ള ഉത്തമ ബോദ്ധ്യത്തില്‍ കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയല്‍ ലൈബ്രറിയുടെ “പാട്ടുമാടം” പിറവികൊണ്ടു.! സംഗീതം കൈകാര്യം ചെയ്യുന്നവരും സംഗീതം ഇഷ്ടപ്പെടുന്നവരുമായ വിവിധ പ്രായക്കാരുടെ ആ കൂട്ടായ്മയില്‍ ആദ്യ അതിഥിയായെത്തി മധുരം പകര്‍ന്നത് യഥാര്‍ത്ഥത്തില്‍ ആതിഥേയന്‍ എന്നു വിശേഷിപ്പിക്കേണ്ട വികെഎസ് മാഷായിരുന്നു. കവിയുടെ പ്രശസ്തിയേക്കാള്‍ കവിതയുടെ പ്രാധാന്യമറിഞ്ഞ്‌ തെരഞ്ഞെടുക്കുന്ന വരികള്‍ക്ക് വികെഎസ്സിന്‍റെ മാന്ത്രിക സംഗീതം പകരുമ്പോള്‍ അത് തരുന്ന അനുഭൂതി എന്നും ഞങ്ങളെ വികെഎസ് ഈണവുമായി സഞ്ചരിക്കാന്‍ കൊതിപ്പിച്ചു. കെടാമംഗലം പപ്പുക്കുട്ടി എന്ന വിപ്ലവത്തിന്‍റെ അനന്തരവനായ വികെഎസ് മികച്ച കവിതകളെ എങ്ങിനെ തെരഞ്ഞെടുക്കുന്നു എന്നതില്‍ അതിശയം വേണ്ടല്ലോ.

പ്രായത്തിന് മുന്നില്‍ കലാജീവിതം തളരില്ല എന്ന് തെളിയിച്ച് പലപ്പോഴും വികെഎസ് പാട്ടുമാടത്തെ ലാളിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നു.. അദ്ദേഹം കെടാമംഗലം ഗവണ്‍മെന്‍റ് എല്‍.പി.സ്കൂളില്‍ പഠിക്കുന്ന കാലത്ത് മാതൃ സഹോദരിയായ ലീല ടീച്ചര്‍ അവിടുത്തെ അദ്ധ്യാപികയായിരുന്നു. ടീച്ചറുടെ ഓര്‍മയ്ക്കായ് വികെഎസ് ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി വര്‍ഷംതോറും എൻ‌ഡോവ്‌മെൻറ്നല്‍കിവരുന്നു. വിദ്യാലയത്തിന്‍റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് മാഷിവിടെ എത്തിയപ്പോള്‍ ഒരു വലിയ സമ്മാനം പാട്ടുമാടം ഇവിടെ ഒരുക്കിയിരുന്നു.. വികെഎസ് ഈണം പകര്‍ന്ന മുല്ലനേഴിയുടെ “അക്ഷരം തൊട്ടുതുടങ്ങാം” എന്ന ഗാനവും മണമ്പൂര്‍ രാജന്‍ ബാബുവിന്‍റെ “ഇന്ത്യ പെറ്റമക്കള്‍” എന്ന ഗാനവും ഒരു മാസത്തോളം നീണ്ടുനിന്ന പരിശീലനങ്ങള്‍ക്ക് ശേഷം കെടാമംഗലത്തെ വിവിധ പ്രായക്കാരായ ഇരുന്നൂറ്റി അന്‍പത് ഗായകരെ അണിനിരത്തി അവതരിപ്പിച്ചു. കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയല്‍ ലൈബ്രറിയും ശാസ്ത്രസാഹിത്യ പരിഷത്തും വികെഎസ് സൗഹൃദ കൂട്ടായ്മയും ചേര്‍ന്ന് പറവൂരിലെ അംബേദ്‌കര്‍ ഉദ്യാനത്തില്‍ ഒരുക്കിയ “പാട്ടുവെട്ടം” പരിപാടിയുമെല്ലാം ഈ അത്ഭുത വ്യക്തിത്വത്തോടുള്ള ഞങ്ങളുടെ സ്നേഹത്തിന്‍റെയും ആരാധനയുടെയും ആദരവിന്‍റെയും എളിയ അടയാളങ്ങള്‍ മാത്രം.

നമ്മുടെ ചങ്കിലും ചുണ്ടിലും പാട്ടും പറച്ചിലും ഒടുങ്ങാത്തിടത്തോളം കാലം വികെഎസ് ഒഴുകികൊണ്ടേയിരിക്കും ഒരു സ്നേഹ നദി പോലെ..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com