മതനിരപേക്ഷ പുറംതൊലി പൊഴിച്ചുകളയുന്ന കോണ്‍ഗ്രസ്‌ 

ഭരിക്കുന്ന പാര്‍ട്ടി ഏതുമാകട്ടേ, ഹിന്ദുത്വനിലപാടുകള്‍ അടിത്തറയാക്കിവേണം ഭരിക്കാനെന്ന ആര്‍എസ്എസ് കാഴ്ചപ്പാട് കോണ്‍ഗ്രസ്സ് ശരിവെച്ചുകഴിഞ്ഞു. 
മതനിരപേക്ഷ പുറംതൊലി പൊഴിച്ചുകളയുന്ന കോണ്‍ഗ്രസ്‌ 

കേന്ദ്രത്തില്‍ ഈയടുത്തകാലത്തെപ്പോഴെങ്കിലും ഭരണമാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടോ? ഈയൊരു ചോദ്യത്തിനു ലളിതമായിട്ട് ഒരു ഉത്തരമുണ്ട്. പ്രതിപക്ഷനിരയിലെ അനൈക്യം തുടരുവോളം കാലം സാധ്യതയില്ല എന്നതാണ് ആ ഉത്തരം.  എന്നാല്‍ അതാണ് പൂര്‍ണമായും ശരിയുത്തരം എന്നു പറയാനാകില്ല. ശരിയുത്തരം മറ്റൊന്നാണ്. ഇന്ത്യയില്‍ 'ഹിന്ദുത്വം പൂര്‍ണാധികാരം സ്ഥാപിക്കുന്നതുവരെ ഒരു ഭരണമാറ്റം ഉണ്ടാകാനിടയില്ല' എന്നാണ് ആ ചോദ്യത്തിന്റെ ശരിയായ ഉത്തരം.  എപ്പോള്‍ അതുനടക്കും എന്നു ചോദിച്ചാല്‍ 'വളരെ വൈകാതെ തന്നെ' എന്നാണ് ഉത്തരം. തീര്‍ച്ചയായും മതനിരപേക്ഷവാദികളില്‍ ഞെട്ടലുണ്ടാക്കുന്ന ഉത്തരം. 

ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം  മുന്നോട്ടുവെയ്ക്കുന്ന ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള രാഷ്ട്രീയപാര്‍ട്ടിയാണ് ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നത് എന്നതുകൊണ്ട് ഹിന്ദുത്വവ്യവസ്ഥ ശക്തിപ്പെടുത്തുകയായിരിക്കും അവരുടേയും ലക്ഷ്യം എന്ന നിഗമനം ചോദ്യം ചെയ്യപ്പെടാനിടയില്ല. അതേസമയം 'വളരെ വൈകാതെ' എന്നു പറയുമ്പോള്‍ നെറ്റികള്‍ ചുളിയുകയും ഭയം വളരുകയും ചെയ്‌തേക്കാം. ഒരു ദുരന്തപ്രവചനത്തിനോടുള്ള പ്രതികരണമായിട്ട്.

വളരെ വൈകാതെ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാകും എന്നു പറയാന്‍ എന്താണ് കാരണം?

ഇന്ത്യയിലെ കോണ്‍ഗ്രസ്സ് അടക്കമുള്ള മുഖ്യപ്രതിപക്ഷകക്ഷികള്‍ക്ക് യഥാര്‍ത്ഥത്തില്‍ അധികാരമാണ് മുഖ്യം. ആശയപരമായി അവര്‍ക്കു ഹിന്ദുത്വവാദവുമായി സന്ധി ചെയ്യുന്നതില്‍ യാതൊരു വൈമുഖ്യവുമില്ല. ഇതാണ് ഒന്നാമത്തെ കാരണം. ഇന്ത്യയില്‍ ശക്തമായ ഹിന്ദു വര്‍ഗീയവികാരത്തെ ഉള്‍ക്കൊണ്ടുകൊണ്ടല്ലാതെ തങ്ങള്‍ക്ക് എളുപ്പം കേന്ദ്രഭരണത്തിലെത്തുക സാധ്യമല്ല എന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. ഏതാനും കാലമായിട്ട് കോണ്‍ഗ്രസ്സ് അതിന്റെ മതനിരപേക്ഷ പുറംതൊലി പൊഴിച്ചുകളയുന്നതിന്റെ തിരക്കിലാണെന്നു ബോധ്യപ്പെടുത്തുംവിധമാണ് രാഹുലും പ്രിയങ്കയുമടക്കമുള്ള ഉന്നതനേതൃത്വത്തിന്റെ വാക്കും പ്രവൃത്തിയും. സര്‍വമംഗളകാരിണിയും സര്‍വാര്‍ത്ഥസാധികയും ശരണ്യയും ത്രയംബകയുമായ നാരായണിയെ സ്തുതിച്ചുകൊണ്ട് ആരംഭിച്ച പ്രിയങ്കയും താനൊരു കശ്മീരി കൗളബ്രാഹ്മണനാണ് എന്നതില്‍ അഭിമാനം കൊള്ളുന്ന രാഹുല്‍ഗാന്ധിയും ക്ഷേത്രനടയില്‍ തേങ്ങയുടയ്ക്കുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുന്ന ശശി തരൂരും മുസ്ലിമായതുകൊണ്ട് ഗുലാംനബി ആസാദിനെപ്പോലെ തെരഞ്ഞെടുപ്പുവേദികളില്‍ നിന്നു അകറ്റിനിര്‍ത്തിയ ഹൈക്കമാന്‍ഡും ഈ തിരിച്ചറിവിന്റെ ലക്ഷണങ്ങളാണ്. 

നെഹ്‌റുവിനെപ്പോലുള്ള നേതാക്കള്‍ ജീവിച്ചിരുന്നകാലത്ത് കുറേയൊക്കെ ഹിന്ദുത്വവാദികളെ പാര്‍ട്ടിയില്‍ നിന്നും ഭരണത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. മതപരമായ വിഷയങ്ങള്‍ എങ്ങനെ രാഷ്ട്രീയത്തില്‍ ഉപയോഗപ്പെടുത്തണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ സ്വാതന്ത്ര്യസമരകാലത്തുപോലും അഭിപ്രായ ഐക്യമുണ്ടായിരുന്നില്ല. നെഹ്‌റുവിനെപ്പോലുള്ള നേതാക്കള്‍ ഭരണകൂടവും മതവും തമ്മില്‍ യാതൊരു ബാന്ധവവും പാടില്ല എന്ന അഭിപ്രായം പുലര്‍ത്തി. മഹാത്മാഗാന്ധിയുടെ ഇക്കാര്യത്തിലുള്ള നിലപാട് അദ്ദേഹത്തിനു സ്വീകാര്യമായിരുന്നില്ല. മതം നെഹ്‌റുവിനു വ്യക്തിപരമായ കാര്യമായിരുന്നു. 1953ല്‍ ആഭ്യന്തരമന്ത്രിയായിരുന്ന കൈലാഷ്‌നാഥ് കാട്ജുവിന് എഴുതിയ കത്തില്‍ ഇന്ത്യയുടെ ഭാഗധേയം ഹിന്ദുഭൂരിപക്ഷത്തിന്റെ കാഴ്ചപ്പാടിനെ ആശ്രയിച്ചിരിക്കുന്നുവെന്നും ആ സമുദായത്തിന്റെ ഇപ്പോഴുള്ള കാഴ്ചപ്പാടില്‍ സമൂലമാറ്റം ഉണ്ടായില്ലെങ്കില്‍ രാജ്യം തുലഞ്ഞുപോകുമെന്നു തനിക്കുറപ്പാണെന്നും തുറന്നുപറയുന്നുണ്ട്, അദ്ദേഹം. നമ്മുടെ ദേശീയതയെ പുനര്‍നിര്‍വ്വചിക്കാനുള്ള ശേഷി ഹിന്ദു ഭൂരിപക്ഷത്തിനുണ്ടെന്ന് അദ്ദേഹത്തിനു ബോധ്യമായിരുന്നു. ഹിന്ദുഭൂരിപക്ഷത്തിന്റെ കാഴ്ചപ്പാടിനെ ഹിന്ദുത്വവാദികള്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കുവേണ്ടി മാനിപ്പുലേറ്റ് ചെയ്യാതിരിക്കാന്‍ അദ്ദേഹം കടുത്ത ജാഗ്രത പുലര്‍ത്തിയിരുന്നു. ബാബറി മസ്ജിദില്‍ രാമവിഗ്രഹം പ്രത്യക്ഷപ്പെട്ട കാലത്ത് അദ്ദേഹം എടുത്ത നിലപാടുകള്‍ തന്നെ ഉദാഹരണം. 'ഹിന്ദു മെജോറിറ്റേറിയനിസം' ഒരു പരിധി വരെ അമര്‍ച്ച ചെയ്തുനിര്‍ത്താന്‍ അന്നത്തെ കാലത്ത് ഭരണകൂടത്തിനു കഴിഞ്ഞിരുന്നു.

എന്നാല്‍ നെഹ്‌റുവിന്റെ മരണശേഷം കാര്യങ്ങളില്‍ മാറ്റംവന്നു.  കോണ്‍ഗ്രസ്സിനെ പിന്തുണച്ചു പോന്ന ജനവിഭാഗങ്ങളില്‍ ചിലത് അവരുടെ വിലപേശല്‍ ശേഷി തിരിച്ചറിയുകയും ആ പാര്‍ട്ടിയുടെ ജനപിന്തുണയില്‍ ഇടിവു സംഭവിക്കുകയും ചെയ്തു. ആര്‍.എസ്.എസിന്റെ രാഷ്ട്രീയകക്ഷിയായ ജനസംഘത്തിന് ഒമ്പതു സീറ്റുണ്ടായിരുന്നത് 14 സീറ്റായി വര്‍ദ്ധിച്ചു. ഇന്ദിരാഗാന്ധി അധികാരത്തില്‍ വന്നതുമുതല്‍ അവരെ വിരട്ടിനിര്‍ത്താനാണ് സംഘ്പരിവാര്‍ ശ്രമിച്ചത്. ഗോവധനിരോധനം എന്ന ആവശ്യമാണ് ഇതിനായി സംഘ് ഉപയോഗപ്പെടുത്തിയത്. സര്‍വ്വദളീയ ഗോരക്ഷാ മഹാഭിയാന്‍ സമിതി എന്ന സംഘടനയുടെ നേതൃത്വത്തില്‍ 1966 നവംബര്‍ ഏഴിന് ആയിരക്കണക്കിനു സന്ന്യാസിമാരും ഹിന്ദുസംഘടനാ പ്രവര്‍ത്തകരും പാര്‍ലമെന്റിലേക്ക് ഇരച്ചുകയറാന്‍ ശ്രമിക്കുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു, തുടര്‍ന്നു സുരക്ഷാഭടന്മാരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ജീവനഷ്ടം ഉണ്ടായി. തുടര്‍ന്ന് ഈ പ്രശ്‌നം പഠിക്കുന്നതിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി ചീഫ് ജസ്റ്റിസായിരുന്ന എ.കെ. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയില്‍ ആര്‍.എസ്.എസ് ആചാര്യന്‍ എം.എസ്. ഗോള്‍വല്‍ക്കറും നാഷണല്‍ ഡെയ്‌റി ഡെവലപ്പ്‌മെന്റ് ബോര്‍ഡിലെ ഡോ. വര്‍ഗീസ് കുര്യനും പുരി ശങ്കരാചാര്യരും സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. അശോക് മിത്രയും  അംഗങ്ങളായിരുന്നു. ആര്‍.എസ്.എസിന്റെ വാദമുഖങ്ങളെ കൂടി കണക്കിലെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ് എന്ന സൂചന നല്‍കുന്നതിന്റെ ആദ്യപടിയായിരുന്നു അത്. തുടര്‍ന്ന് നിരവധി സന്ദര്‍ഭങ്ങളില്‍ ആര്‍.എസ്.എസ് ഉള്‍പ്പെടുന്ന സംഘ്പരിവാര്‍ സംഘടനകളെ എതിര്‍ത്തും അവരുമായി സംവാദപൂര്‍ണമായ ബന്ധത്തിലേര്‍പ്പെട്ടും ചിലപ്പോഴൊക്കെ ഹിന്ദുത്വരാഷ്ട്രീയത്തോട് സന്ധി ചെയ്തുമാണ് ഇന്ദിരയും കോണ്‍ഗ്രസ്സും അവരുടെ ഭരണവും മുന്നോട്ടുപോയത്. ജനസംഘം എന്ന പാര്‍ട്ടിയിലെ സംഘടനിസ്റ്റുകള്‍ ഇന്ദിരയുടെ സാമ്പത്തികവും സാമൂഹ്യവുമായ നടപടികളോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ചിരുന്നത് അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.  

ഇന്ദിര ആദ്യമായി അധികാരത്തില്‍ വരുമ്പോള്‍ ബല്‍രാജ് മധോക് ആയിരുന്നു ജനസംഘം അഖിലേന്ത്യാ അദ്ധ്യക്ഷന്‍. സംസ്ഥാനങ്ങളില്‍ കമ്യൂണിസ്റ്റുകളുമായി ചേര്‍ന്നുള്ള സഖ്യമുണ്ടാക്കുന്നതിനേയും അവരുമായി അധികാരം പങ്കിടുന്നതിനേയും ശക്തമായി എതിര്‍ത്തയാളായിരുന്നു അദ്ദേഹം. ഇന്ദിരയ്‌ക്കെതിരെ മറ്റൊരു തരത്തിലുള്ള രാഷ്ട്രീയ സഖ്യമാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെ ഏകീകരണമായിരുന്നു മധോക്കിന്റെ മനസ്സില്‍. പാര്‍ലമെന്റില്‍ സ്വതന്ത്രാപാര്‍ട്ടിയുമായി ചേര്‍ന്ന് ഒരു ഗ്രൂപ്പായി പ്രവര്‍ത്തിക്കുന്നതിന് ജനസംഘം തയ്യാറായി. നെഹ്‌റുവിന്റേയും ഇന്ദിരയുടേയും ദേശസാല്‍ക്കരണനടപടികളേയും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തേയും നഖശിഖാന്തം എതിര്‍ത്തിരുന്നവരായിരുന്നു സ്വതന്ത്രാപാര്‍ട്ടി. എന്‍.ജി. രംഗയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സ്വതന്ത്രാപാര്‍ട്ടിക്കാര്‍ മധോക്കിന്റെ ഈ നീക്കത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും ചെയ്തു. മധോക്കിന്റെ പദ്ധതി പൂര്‍ണമായും നടപ്പായിരുന്നെങ്കില്‍ ഇന്ന് അമേരിക്കയിലേയോ ബ്രിട്ടനിലേയോ പോലെയുള്ള ഒരു ദ്വിധ്രുവരാഷ്ട്രീയമായിരിക്കും ഇന്ത്യയില്‍ നിലവിലുണ്ടാകുക. ഒരു വലതുപക്ഷ ബ്ലോക്കും ഒരു ഇടതുമധ്യപക്ഷ ബ്ലോക്കും. എന്നാല്‍ ബഹുകക്ഷിജനാധിപത്യത്തിന്റെ മറവില്‍ എല്ലാക്കാലത്തും ഏകകക്ഷി ഭരണം നിലനിര്‍ത്തുക എന്നതായിരുന്നു കോണ്‍ഗ്രസ്സ് വ്യാമോഹിച്ചത്. മധോക്കിനെ പോലുള്ള ജനസംഘ് നേതാക്കളാകട്ടേ ഒരു ദ്വിധ്രുവ രാഷ്ട്രീയം സംജാതമാകാന്‍ താല്‍പര്യപ്പെട്ടു. എല്‍.കെ. അഡ്വാനി തന്റെ ബ്ലോഗില്‍ സ്ഥിരമായി ഇത്തരമൊരു ഇരുകക്ഷി രാഷ്ട്രീയമാണ് നമ്മുടെ രാജ്യത്തിന് ആവശ്യം എന്നു വാദിച്ചുകൊണ്ട് അടുത്തകാലം വരെ ലേഖനങ്ങള്‍ എഴുതിയിരുന്നതും ഓര്‍ക്കുക. 

ഏതായാലും കോണ്‍ഗ്രസ്സിന്റെ ഏകകക്ഷി ഭരണം എന്നത് ഇനി നടക്കാനിടയില്ലാത്ത സംഗതിയായി മാറി. ഹിന്ദുത്വത്തെ അംഗീകരിക്കുന്ന ഒരു ദ്വിധ്രുവരാഷ്ട്രീയത്തിലേക്കാണ് രാജ്യം അടിവെച്ച് നീങ്ങുന്നത്. യു.എസിലേയോ ബ്രിട്ടനിലേയോ പോലെ രണ്ടുകക്ഷികള്‍ക്ക് മാത്രം പ്രാധാന്യം ലഭിക്കുന്ന ഒരു രാഷ്ട്രീയവ്യവസ്ഥ. ഇസ്രായേലിലേതുപോലെ ആരുഭരിച്ചാലും ഭൂരിപക്ഷ മതസംസ്‌കാരത്തിനും താല്‍പര്യങ്ങള്‍ക്കും മുന്‍തൂക്കം ലഭിക്കുന്ന അത്തരമൊരു വ്യവസ്ഥയാണ് മൂലധനതാല്‍പര്യത്തിനും ഗുണകരം. 

രണ്ട്
  
സവര്‍ക്കറുടെ മാപ്പപേക്ഷയെ 'ഗാന്ധിജി പറ!ഞ്ഞിട്ട്' എന്ന വാസ്തവവിരുദ്ധമായ പ്രസ്താവന മുഖാന്തിരം  ന്യായീകരിച്ചതിനു പിറകേ കഴിഞ്ഞദിവസം രാജ്‌നാഥ് സിങ്‌ ഇന്ത്യാപാക് യുദ്ധത്തില്‍ നേതൃപരമായ പങ്കുവഹിച്ച ഇന്ദിരാഗാന്ധിയെ പുകഴ്ത്തി. 

ഇതാദ്യമായല്ല ഹിന്ദുത്വവാദികള്‍ അവര്‍ക്ക് ഇന്ദിരയോടുള്ള ആരാധന അവര്‍ തുറന്നുസമ്മതിക്കുന്നത്. 2005ജൂണില്‍. അന്ന് ലക്‌നൗവിലെ ഗോമതി നദീതീരത്തുള്ള സംഘ ശിക്ഷാ വര്‍ഗില്‍ സുദര്‍ശന്‍ അഭിസംബോധന ചെയ്യവേ ആര്‍എസ്എസ് സര്‍സംഘ്ചാലക് കെ.എസ്. സുദര്‍ശന്‍  പറഞ്ഞത് 'ഇന്നത്തെ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് വ്യത്യസ്തമായി ഉറച്ച നിശ്ചയദാര്‍ഢ്യമുള്ള ഒരു സ്ത്രീയായിരുന്നു ഇന്ദിരാഗാന്ധി' 'യെന്നായിരുന്നു. വാജ്‌പേയ് ആയിരുന്നു അന്ന് പ്രധാനമന്ത്രി.  അദ്ദേഹത്തില്‍ കാണാത്ത ഭരണനൈപുണിയും നേതൃത്വഗുണവുമാണ് സുദര്‍ശന്‍ ഇന്ദിരയില്‍ ദര്‍ശിച്ചത്.  റഷ്യയുടേയും യു.എസ്സിന്റേയും സമ്മര്‍ദ്ദങ്ങള്‍ക്കു കീഴ്‌പെടാതെ ഇന്ത്യന്‍ താല്പര്യം ഉയര്‍ത്തിപ്പിടിച്ച ജനമനസ്സറിഞ്ഞ ഭരണാധികാരിയായിരുന്നു ഇന്ദിരയെന്നും സുദര്‍ശന് അഭിപ്രായമുണ്ടായിരുന്നു. സാംസ്‌കാരിക ദേശീയത, സ്വദേശി, ഹിന്ദു പുനരുത്ഥാനം എന്നീ മുദ്രാവാക്യങ്ങളെ പിന്തുണയ്ക്കുന്നിടത്തോളം കാലം രാഷ്ട്രീയപ്പാര്‍ട്ടി ഏതായാലും ആര്‍.എസ്.എസ് അവരെ തിരിച്ചും പിന്തുണയ്ക്കും എന്നും അന്ന് ഇന്ദിരാസ്തുതിയുടെ ഭാഗമായി സുദര്‍ശന്‍ പറഞ്ഞിട്ടുണ്ട്. 

സ്വയംസേവകനായ വാജ്‌പേയിക്കുതന്നെയും ഇന്ദിര കഴിവുള്ള നേതാവാണ് എന്ന് അഭിപ്രായമുണ്ടായിരുന്നു. 60 കളിലും 70 കളിലും സ്വന്തം പാര്‍ട്ടിയുടെ നേതാവായ ബല്‍രാജ് മധോക്കിനെ വകവയ്ക്കാതെ ഇന്ദിരയുടെ പരിഷ്‌കാരങ്ങള്‍ക്കും നിലപാടുകള്‍ക്കും പാര്‍ലമെന്റില്‍ സിന്ദാബാദ് വിളിച്ചത് വാജ്‌പേയിയുടെ നേതൃത്വത്തിലാണ്. ബംഗ്ലാദേശ് യുദ്ധം നടക്കുന്ന സമയത്ത് പാര്‍ലമെന്റില്‍ ഇന്ദിരാഗാന്ധിക്കു ജയ് വിളിച്ചതും അവരെ ചണ്ഡിദുര്‍ഗ എന്നു വിശേഷിപ്പിച്ചതും വാജ്‌പേയി ആയിരുന്നു. ജനസംഘം അംഗങ്ങളായിരുന്നു. 

എന്തായിരിക്കാം ഇതിനു കാരണം? 

പ്രശസ്ത പത്രപ്രവര്‍ത്തകനും സോഷ്യലിസ്റ്റുമായ പ്രഭാഷ് ജോഷി അടിയന്തരാവസ്ഥാ വാര്‍ഷികവേളയില്‍ ടെഹല്‍കയില്‍ എഴുതിയ ലേഖനത്തില്‍ എല്ലാക്കാലത്തും സമഗ്രാധിപത്യ പ്രവണതയും ശക്തിയും പ്രദര്‍ശിപ്പിക്കുന്ന ഭരണകര്‍ത്താക്കളുടെ ആരാധകരായിരുന്നു ആര്‍.എസ്.എസ് നേതൃത്വം എന്നും 1970കളുടെ തുടക്കത്തില്‍ ആര്‍.എസ്.എസ് ഇന്ദിരയെ വാഴ്ത്തിയത് ഉദാഹരിച്ച് വ്യക്തമാക്കുന്നുണ്ട്.  

ചൈനീസ് കമ്യൂണിസ്റ്റ് ആചാര്യനായ ഡെംഗ് സിയാവോ പെങ് പറഞ്ഞതുപോലെ പൂച്ച കറുത്തതോ വെളുത്തതോ ആകട്ടേ, പാര്‍ട്ടി കോണ്‍ഗ്രസ്സോ ബി.ജെ.പിയോ ആകട്ടേ, ഭരിക്കുന്നവര്‍  സാംസ്‌കാരിക ദേശീയത, സ്വദേശി, ഹിന്ദു പുനരുത്ഥാനം എന്നിവയ്ക്ക് അനുകൂലമായ നിലപാടെടുത്താല്‍ മതി.  'ഞങ്ങള്‍ അതിന് തയ്യാര്‍' എന്ന് കോണ്‍ഗ്രസ്സുകാര്‍ പലവുരു വ്യക്തമാക്കിക്കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com