നീണ്ട 70 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയില്‍ ചീറ്റപ്പുലികളെത്തുന്നത്. നമീബിയയില്‍ വിമാനമാര്‍ഗമെത്തിച്ച ചീറ്റകളെ കൂട്ടില്‍ തുറന്നുവിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലെ കുനോ ദേശീയപാര്‍ക്കില്‍ നേരിട്ടെത്തുകയും ചെയ്തു. പലരും ശ്രദ്ധിക്കാതെ പോയ മറ്റൊരു വിഷയം ഈ വാര്‍ത്തയ്ക്കു പിന്നിലുണ്ട്. ദേശീയപാര്‍ക്കില്‍ ഗാംഭീര്യവും ദൃശ്യഭംഗിയുമുള്ള കൂറ്റന്‍ ബോര്‍ഡുണ്ട്. ഗുജറാത്തിലെ ഗിര്‍ വനത്തില്‍നിന്നുള്ള ഏതാനും സിംഹങ്ങളെ ഇവിടെയെത്തിക്കാന്‍ ലക്ഷ്യമിട്ട പ്രതീക്ഷാനിര്‍ഭരമായ ദൗത്യത്തിന്റെ ഭാഗമായിട്ടാണ് കുനോവില്‍ ആ ബോര്‍ഡ് ഉയര്‍ന്നത്. വര്‍ഷങ്ങള്‍ ഒന്‍പത് കഴിഞ്ഞിട്ടും സിംഹങ്ങള്‍ ആ വഴിക്കു വന്നതേയില്ല. പകരം ചീറ്റകളെത്തി.
ആദ്യഘട്ടമായി 10 സിംഹങ്ങളെ കുനോവിലെത്തിക്കണമെന്ന 2013 ഏപ്രില്‍ 15-ലെ സുപ്രീംകോടതിവിധി രാഷ്ട്രീയ കാരണങ്ങളാല്‍ യാഥാര്‍ത്ഥ്യമായില്ല. ഒരു മുന്‍കരുതലെന്നവണ്ണമായിരുന്നു ആ വിധി. ആഫ്രിക്കയിലെ ലോകപ്രശസ്തമായ സെരങ്കേറ്റി വന്യമൃഗസങ്കേതത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായ സാംക്രമിക രോഗങ്ങള്‍ ആയിരത്തിലധികം സിംഹങ്ങള്‍ ഒറ്റയടിക്ക് ഇല്ലാതായി. ഇത് ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ സിംഹങ്ങള്‍ അവശേഷിക്കുന്നത് ഗുജറാത്തില്‍ മാത്രമാണ്. ഗിര്‍വനത്തില്‍ സാംക്രമിക രോഗങ്ങള്‍ ഉണ്ടായാല്‍ ശേഷിക്കുന്ന 600 ഓളം സിംഹങ്ങളും ഇല്ലാതാകുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. വിധിയെഴുതിയ ഡിവിഷന്‍ ബെഞ്ചിന്റെ അധ്യക്ഷന്‍ മലയാളിയായ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനായിരുന്നു.
എന്നാല്‍, സിംഹങ്ങളെ കുനോവില്‍ കുടിയിരുത്താനുള്ള പദ്ധതിയെ തുടക്കം മുതല്‍ക്കു തന്നെ ഗുജറാത്ത് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. അന്ന് നരേന്ദ്ര മോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. 2014-ല്‍ മോദി പ്രധാനമന്ത്രിയായതോടെ ചിത്രം മാറി. സിംഹങ്ങള്‍ ഗുജറാത്തിന്റെ അഭിമാനമാണ്, അവയെ മറ്റ് സംസ്ഥാനങ്ങളിലേക്കു വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ നിലപാട്. പക്ഷേ, തടസ്സവാദങ്ങള്‍ എല്ലാം കോടതി തള്ളി.
ഒരു വിദഗ്ദ്ധസമിതി രൂപീകരിച്ചുകൊണ്ട് സിംഹങ്ങളെ കുനോവിലേക്ക് മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവിട്ടു. പക്ഷേ, നാളിതുവരെ അത് പ്രാവര്‍ത്തികമായില്ല. മോദിയുടെ കാലത്തോളം സിംഹങ്ങള്‍ കുനോയില്‍ എത്തുമെന്ന് കരുതേണ്ട അതായിരുന്നു മുന്‍ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ജയറാം രമേഷിന്റെ പ്രതികരണം. സിംഹങ്ങളെ കുടിയിരുത്തുന്നത് നീണ്ടുപോകുമെന്നുള്ള ആശങ്ക വന്യജീവി - പരിസ്ഥിതിവാദികള്‍ക്കിടയില്‍ ഇതിനകം രൂപപ്പെട്ടു. അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് കേന്ദ്ര വനം മന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍ പാര്‍ലമെന്റില്‍ പറഞ്ഞു: ''സിംഹങ്ങളെ കുനോവിലേക്ക് മാറ്റാന്‍ ഇനിയും സമയം എടുക്കും. സുപ്രീംകോടതി നിര്‍ദ്ദേശിച്ച ആറ് മാസം സംശയം പോരാതെ വരും. പുതിയ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ വരട്ടെ.''
ആ കമ്മിറ്റിയുടെ കൂടിയാലോചനയും നീണ്ടുപോയി. മോദി പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയേയുള്ളൂ. വര്‍ഷങ്ങള്‍ ഒന്‍പത് കഴിഞ്ഞിട്ടും കമ്മിറ്റി തീരുമാനം പുറത്തുവന്നിട്ടില്ല. ഏറ്റവും ഒടുവിലായി ഒരാഴ്ചയ്ക്ക് മുന്‍പ് കേന്ദ്ര വനംമന്ത്രി ഭുപേന്ദര്‍ യാദവ് പറഞ്ഞതില്‍നിന്നും കുനോവില്‍ സിംഹങ്ങള്‍ എത്തുന്നത് ഇനിയും വൈകും. കോണ്‍ഗ്രസ് ഭരണം മാറി മധ്യപ്രദേശില്‍ ബി.ജെ.പി മുഖ്യമന്ത്രിയായി ശിവരാജ് സിങ് ചൗഹാന്‍ സ്ഥാനമേറ്റതും സിംഹങ്ങളുടെ വഴി തല്‍ക്കാലം അടയാന്‍ കാരണമായി.
വംശമറ്റ ചീറ്റകള്‍
സിംഹങ്ങളെ കുനോവിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ ലോ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി വിധി. അതില്‍ത്തന്നെ ചീറ്റപ്പുലികളുടെ കാര്യവും കോടതി പരിഗണിച്ചിരുന്നു. എന്നാല്‍, കുനോവിലേക്ക് ചീറ്റപ്പുലികളെ ആഫ്രിക്കയില്‍നിന്ന് കൊണ്ടുവരാനുള്ള കേന്ദ്ര പദ്ധതിയെ അതിനിശിതമായി കോടതി വിമര്‍ശിച്ചു. അതിന് കാരണങ്ങള്‍ വിധിയില്‍ വ്യക്തമാക്കി. 1952 ഓടെ ഇന്ത്യയില്‍ ചീറ്റപ്പുലികളുടെ വംശം പൂര്‍ണ്ണമായും നശിച്ചുകഴിഞ്ഞിരുന്നു. വനനശീകരണവും വേട്ടയും മറ്റുമായിരുന്നു കാരണങ്ങള്‍. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ചീറ്റപ്പുലി ഉണ്ടായിരുന്നു. ഉത്തരേന്ത്യയിലായിരുന്നു ഏറ്റവും കൂടുതല്‍. 1952-ല്‍ മധ്യപ്രദേശിലെ ഒരു നാട്ടുരാജാവാണ് ഏറ്റവും ഒടുവിലായി ഒരു ചീറ്റപ്പുലിയെ തോക്കിന് ഇരയാക്കിയത്. അതിനുശേഷം ഇന്നുവരെ ഇന്ത്യയില്‍ ഒരിടത്തും ചീറ്റപ്പുലിയെ കണ്ടിട്ടില്ല. അതിനാല്‍ ചീറ്റപ്പുലിക്ക് പുനര്‍ജന്മം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. എന്നാല്‍, പദ്ധതി 2009-ല്‍ തുടങ്ങിവെച്ചിരുന്നതാണെന്ന് മുന്‍ കേന്ദ്ര വനം മന്ത്രി ജയറാം രമേഷ് വ്യക്തമാക്കി.
കോടതിയുടെ ചോദ്യം
സിംഹങ്ങളെ കുനോവില്‍ പാര്‍പ്പിക്കാന്‍ ഡെറാഡൂണിലെ പ്രശസ്തമായ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹാജരാക്കിയിരുന്നു. കുനോവിലെ വനം, പുല്‍മേടുകള്‍, പരിസ്ഥിതി-കാലാവസ്ഥ, ഇരകളെ കിട്ടാനുള്ള സാധ്യത എന്നിവയെക്കുറിച്ച് നീണ്ട പഠന-ഗവേഷണങ്ങളാണ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയത്. അത് വിലപ്പെട്ട ഒരു രേഖയായിരുന്നു. അത്തരത്തിലുള്ള ആധികാരിക പഠനം ചീറ്റപ്പുലികളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ എന്നതായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.
പഠനം നടത്തിയതിന് തെളിവ് ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഏതാനും ഉദ്യോഗസ്ഥര്‍ നമീബിയയില്‍ ഉല്ലാസയാത്ര നടത്തി ലക്ഷങ്ങള്‍ ചെലവഴിച്ചതു മാത്രമാണ് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. അതിനാല്‍ ആധികാരിക പഠനമില്ലാതെ ചീറ്റപ്പുലിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് 2013 ഏപ്രില്‍ 15-ന് പദ്ധതി സുപ്രീംകോടതി റദ്ദാക്കി. ഈ വിധി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ഒരു സംഘം ഉദ്യോഗസ്ഥരുടെ ധൂര്‍ത്ത് വെളിച്ചത്തു വന്നത് വലിയ വിവാദങ്ങള്‍ക്കും. അതിനുശേഷം ഒരു വിദഗ്ദ്ധസമിതിയെ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചു. വിശദമായ പഠനറിപ്പോര്‍ട്ട് 2020-ല്‍ സുപ്രീംകോടതി പരിശോധിച്ചശേഷമാണ് ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുമതി നല്‍കിയത്. മറ്റൊരു കാര്യം കൂടി കോടതി അന്ന് 2013-ലെ വിധിയില്‍ ശ്രദ്ധയില്‍പ്പെടുത്തി. ''സിംഹങ്ങളെ കുനോവില്‍ കുടിയിരുത്താന്‍ കോടിക്കണക്കിന് രൂപയാണ് കേന്ദ്രവും മധ്യപ്രദേശ് സര്‍ക്കാരും ചെലവഴിച്ചിരിക്കുന്നത്. അതിനാല്‍ ആദ്യം സിംഹങ്ങളെ മാറ്റി പാര്‍പ്പിക്കണം. അല്ലാതെ ശാസ്ത്രീയ പഠനങ്ങള്‍ ഇല്ലാതെ ചീറ്റപ്പുലിയെ കൊണ്ടുവരാനുള്ള തീരുമാനം തികച്ചും നിയമവിരുദ്ധമാണ്. സിംഹങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള പദ്ധതി നടപ്പിലാക്കാന്‍ കാലതാമസം വരുത്തരുത്. അതിനാല്‍ അടിയന്തര നടപടി ഇക്കാര്യത്തില്‍ കേന്ദ്രം സ്വീകരിക്കണം.''ആറ് മാസത്തിനുള്ളില്‍ സിംഹങ്ങളെ കുനോവില്‍ എത്തിച്ചിരിക്കണമെന്ന് കോടതി ഉത്തരവിട്ടു. പക്ഷേ, വര്‍ഷങ്ങള്‍ ഒന്‍പത് കഴിഞ്ഞിട്ടും അത് നടപ്പിലായിട്ടില്ല.
ഇന്ത്യയില്‍ ഗിര്‍ കൂടാതെ ഒരു ബദല്‍സങ്കേതം സിംഹങ്ങള്‍ക്ക് വേണമെന്നുള്ള ആശയം പ്രബലമായി വന്നതിന്റെ അടിസ്ഥാനത്തിലാണ് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് പഠനങ്ങള്‍ നടത്തിയത്. അതിനുള്ള ഒരുക്കങ്ങള്‍ മധ്യപ്രദേശ് സര്‍ക്കാരും തുടങ്ങിവച്ചു. സിംഹങ്ങളില്‍ കുറെയെണ്ണത്തിനെ കുനോവിലേക്ക് മാറ്റാന്‍ 2006-ല്‍ തന്നെ കേന്ദ്രം നടപടി തുടങ്ങിവച്ചു. എന്നാല്‍, തുടക്കം മുതല്‍ക്കു തന്നെ ഗുജറാത്ത് സര്‍ക്കാര്‍ അതിനെ തടസ്സപ്പെടുത്താന്‍ തുടങ്ങി. ഇതിനിടയില്‍ സിംഹങ്ങളെ മാറ്റിയേ തീരൂ എന്നുള്ള ശുപാര്‍ശ കേന്ദ്ര വന്യജീവി ഉപദേശകസമിതി മുന്നോട്ടുവച്ചു.
അങ്ങനെ കേന്ദ്രവും ഗുജറാത്തും ഏറ്റുമുട്ടലിന്റെ പാതയിലേക്ക് നീങ്ങി. കുനോവില്‍ സിംഹങ്ങള്‍ക്കു വേണ്ടത്ര ഇരകളെ കിട്ടുമോ? അവിടെ പ്രതികൂല കാലാവസ്ഥയാണുള്ളത് എന്ന് തുടങ്ങി നിരവധി തടസ്സവാദങ്ങള്‍ ഗുജറാത്ത് ഉന്നയിച്ചു. ഒരു ബദല്‍ സംവിധാനം ആവശ്യമേയില്ലെന്നാണ് ഗുജറാത്ത് വന്യജീവി ഉപദേശക സമിതി എടുത്ത തീരുമാനം. ഇതിനിടയില്‍ ഗ്രാമവാസികളെ മാറ്റി പാര്‍പ്പിക്കാനും മറ്റുമായി കോടികള്‍ കേന്ദ്രവും മധ്യപ്രദേശും ചെലവഴിക്കാന്‍ തുടങ്ങി. സിംഹങ്ങള്‍ വംശനാശഭീഷണി നേരിടുന്നു എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ മാനിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടത്. വടക്കന്‍ ആഫ്രിക്ക മുതല്‍ ദക്ഷിണ-പശ്ചിമ ഏഷ്യയിലും ഗ്രീസിലും സിംഹങ്ങള്‍ ഉണ്ട്. അതില്‍ ഏഷ്യയില്‍ ഇപ്പോള്‍ ഗുജറാത്തില്‍ മാത്രമാണ് അവ അവശേഷിക്കുന്നത്. അവയെ കൂടുതല്‍ ജാഗ്രതയോടെ സംരക്ഷിക്കണം- കോടതി പറഞ്ഞു.
1994-ല്‍ ഉണ്ടായ ദുരന്തം കോടതി ഓര്‍മ്മിപ്പിച്ചു. ടാന്‍സാനിയയില്‍ വ്യാപിച്ച സാംക്രമിക രോഗങ്ങള്‍ ലോകപ്രശസ്തമായ സെരങ്കേറ്റി സങ്കേതത്തിലെ 30 ശതമാനം സിംഹങ്ങളുടെ ജീവന്‍ അപഹരിച്ചു. അത്രതന്നെ സിംഹങ്ങള്‍ കെനിയയിലെ മസാമിമാരലിലും നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് കുനോവിലേക്ക് സിംഹങ്ങളില്‍ കുറച്ചെണ്ണത്തെ മാറ്റി പാര്‍പ്പിക്കാന്‍, ഗുജറാത്തിന്റെ തടസ്സവാദങ്ങള്‍ തള്ളിക്കൊണ്ടും വിദഗ്ദ്ധരുടേയും കേന്ദ്രത്തിന്റേയും വാദങ്ങള്‍ സ്വീകരിച്ച് സുപ്രീംകോടതി 2013-ല്‍ ഉത്തരവിട്ടത്.
സിംഹങ്ങളെ വിട്ടുതരാന്‍ കഴിയില്ല എന്നുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം ബാലിശമായി സുപ്രീംകോടതി നിരീക്ഷിച്ചു. അത് ന്യായീകരിക്കാനേ കഴിയില്ലെന്നും അതിനാല്‍ വിദഗ്ദ്ധരുടേയും ദേശീയ വന്യജീവി ഉപദേശക സമിതിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും വാദങ്ങള്‍ അംഗീകരിക്കാതെ നിവൃത്തിയില്ലെന്നും കോടതി പറഞ്ഞു. മധ്യപ്രദേശില്‍ വന്‍തോതില്‍ വനംകൊള്ള നടക്കുന്നുവെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. അതിനാല്‍ സിംഹങ്ങളെ കുനോവില്‍ എത്തിച്ചാല്‍ വേട്ടക്കാരുടെ തോക്കിന് ഇരയാകും.
പക്ഷേ, ഇത് സുപ്രീംകോടതി തട്ടിയകറ്റി. വേട്ടക്കാര്‍ക്കെതിരെ ഫലപ്രദമായ നടപടികള്‍ മധ്യപ്രദേശ് എടുത്തിട്ടുണ്ടെന്ന് ദേശീയ ടൈഗര്‍ അതോറിറ്റിയുടെ കണക്കുകള്‍ സ്വീകരിച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞു. സിംഹങ്ങളുടെ കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവ് എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല? സുപ്രീംകോടതിക്കു തന്നെ ഇതില്‍ ഇടപെടാവുന്നതാണെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു. അത് കാത്തിരുന്ന് കാണുകതന്നെ വേണം. ഏതായാലും സിംഹങ്ങളുടെ കുനോവിലേക്കുള്ള വഴി തല്‍ക്കാലം അടഞ്ഞുകിടക്കുന്നു.
കുനോ സങ്കേതം ചീറ്റപ്പുലിക്ക് അനുയോജ്യമായ വാസസ്ഥലമാണെന്ന് വന്യജീവി ശാസ്ത്രജ്ഞ ഡോ. ലവ്‌റി മാര്‍ക്കര്‍ പറയുന്നു. നമീബിയയിലെ ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ടിന്റെ മേധാവിയാണ് അവര്‍. ഈ കണ്‍സര്‍വേഷന്‍ ഫണ്ടിന്റെ വിദഗ്ദ്ധ ഉപദേശം നേടിക്കൊണ്ടാണ് ചീറ്റുപ്പുലികളെ കുനോവില്‍ കുടിയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അതിനായി നടത്തിയ വിദഗ്ദ്ധ ശാസ്ത്രീയ പഠനങ്ങള്‍ ഡോ. ലവ്‌റി മാര്‍ക്കര്‍ അംഗീകരിക്കുകയും ചെയ്തു. ഡെറാഡൂണിലെ വന്യജീവി ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫ. ഡോ. വൈ.കെ. ജലയാണ് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ടുമായി ചര്‍ച്ച നടത്തിയത്. ചീറ്റപ്പുലികള്‍ കുനോവില്‍ വളരും. ക്രമേണ, പത്ത് വര്‍ഷത്തിനുള്ളില്‍ അവയുടെ സംഖ്യ ഉയരുകയും ചെയ്യുമെന്ന് ഡോ. ലവറി മാര്‍ക്കര്‍ പറഞ്ഞു. അതിനെതിരെ ഇന്ത്യയിലെ പല കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുള്ള ആശങ്ക തികച്ചും അടിസ്ഥാനമില്ലാത്തവയാണെന്ന് അവര്‍ വ്യക്തമാക്കി.
ആദ്യഘട്ടമായി എട്ട് ചീറ്റപ്പുലികളെയാണ് കുനോവില്‍ എത്തിച്ചിരിക്കുന്നത്. അഞ്ച് പെണ്ണും മൂന്ന് ആണും. ഇവയെ പ്രത്യേകമായി വേലികെട്ടി അതൊരു താവളമാക്കി മാറ്റിയിട്ടാണ് പാര്‍പ്പിച്ചിരിക്കുന്നത്. ശാസ്ത്രജ്ഞരും മൃഗഡോക്ടര്‍മാരും അവയെ നിരീക്ഷിക്കും. രണ്ട് മാസക്കാലമെങ്കിലും വേലിക്കെട്ടില്‍ കഴിയും. അതിനു ശേഷമായിരിക്കും കാട്ടിലേക്ക് അവയെ തുറന്നുവിടുക. ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ടില്‍നിന്നുള്ള രണ്ട് ശാസ്ത്രജ്ഞര്‍ മൂന്ന് മാസക്കാലമെങ്കിലും കുനോവില്‍ താമസിച്ച് അവയെ നിരീക്ഷിക്കും. പല ബാച്ചുകളിലായി ചീറ്റപ്പുലികള്‍ ഇനിയും നമീബിയയില്‍നിന്ന് എത്തും.
ഇതോടൊപ്പം തന്നെ ദക്ഷിണാഫ്രിക്കയില്‍നിന്നും ചീറ്റപ്പുലികളെ ഇന്ത്യയില്‍ എത്തിക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അവയേയും കുനോവില്‍ എത്തിക്കും. പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ചീറ്റപ്പുലികള്‍ക്കു സുസ്ഥിരമായ ജനസംഖ്യ ഇന്ത്യയില്‍ സ്ഥാപിച്ചെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആഫ്രിക്കന്‍ ചീറ്റപ്പുലികളുടെ ഉപജാതിയാണ് നമീബിയയില്‍നിന്ന് എത്തിച്ചിട്ടുള്ളത്. ഇവയുടെ ജനിതകഘടനയെ മുന്‍നിര്‍ത്തി ചില ആശങ്കകളും ഒരു വിഭാഗം ശാസ്ത്രജ്ഞന്മാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഏതാണ്ട് 40 കോടി രൂപയുടെ പദ്ധതിയാണ് ചീറ്റപ്പുലിക്കായി കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്.
ഇപ്പോള്‍ കുനോവിലുള്ള ചീറ്റപ്പുലികളെ പ്രതിരോധ കുത്തിവെപ്പിനു വിധേയമാക്കിയിട്ടുണ്ട്. രണ്ട് മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള ചീറ്റപ്പുലിയാണ്. എല്ലാത്തിനും റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്. ചീറ്റപ്പുലികളെ നമീബിയയില്‍നിന്നും വിമാനമാര്‍ഗ്ഗം ഗ്വാളിയോറില്‍ എത്തിച്ചു. പിന്നീട് പ്രത്യേക ഹെലികോപ്റ്ററിലാണ് കുനോവില്‍ കൊണ്ടുവന്നത്. 748 ചതുരശ്ര കിലോമീറ്ററാണ് കുനോ സങ്കേതത്തിന്റെ വിസ്തീര്‍ണ്ണം. ഇന്ത്യയില്‍ വംശം അറ്റുപോയ ചീറ്റപ്പുലികളുടെ ജനിതകഘടന ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലര്‍ ബയോളജിയിലെ ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കിയിരുന്നു.
ആഫ്രിക്കന്‍ ചീറ്റപ്പുലികളുടേയും ഏഷ്യന്‍ ചീറ്റപ്പുലികളുടേയും ജനിതകഘടനയില്‍ സാരമായ വ്യത്യാസങ്ങള്‍ ഇല്ലെന്നാണ് പഠനത്തില്‍ പറയുന്നത്. അതിനാല്‍ ആഫ്രിക്കന്‍ ഉപജാതി ഇന്ത്യയില്‍ അധിവസിക്കുന്നത് ഭീഷണികളെ നേരിടാന്‍ ഇടമില്ലെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. അതേസമയം ദക്ഷിണാഫ്രിക്കയിലുള്ള ചീറ്റപ്പുലികളെ അവിടെ കുടിയിരുത്തിയാലും ഏത് പ്രതിസന്ധിയും തരണം ചെയ്യാന്‍ അവയ്ക്ക് കഴിയുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍നിന്നും ആഫ്രിക്കന്‍ രാജ്യമായ മലാവിയിലേക്ക് ചീറ്റപ്പുലികളെ മാറ്റി പാര്‍പ്പിച്ച പദ്ധതി പൂര്‍ണ്ണവിജയമായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പല ആഫ്രിക്കന്‍ രാജ്യങ്ങളിലായി അങ്ങനെ ശാസ്ത്രീയ പഠനങ്ങള്‍ നടന്നുവരുന്നു. ഏഷ്യയില്‍ ഇപ്പോള്‍ ചീറ്റപ്പുലികള്‍ ഉള്ളത് ഇറാനില്‍ മാത്രമാണ്. 50 എണ്ണം മാത്രമേയുള്ളൂവെന്നാണ് കണക്ക്. ഗുരുതരമായ വംശനാശത്തെയാണ് അവ അഭിമുഖീകരിക്കുന്നത്. നീണ്ട 70 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയില്‍ ചീറ്റപ്പുലിയെ ആദ്യമായി ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. കുനോ കേന്ദ്രമാക്കി ഇനി ഗവേഷണപഠനങ്ങള്‍ ആവശ്യമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക