പരാജയപ്പെട്ട ഒരു സിനിമയുടെ വിജയ കഥ

കുറച്ചുപേരേ ഉള്ളുവെങ്കില്‍ പോലും കൂടുതല്‍ തിരക്കു തോന്നിക്കും വിധമാണ് ബിഗ് ബസാര്‍ ഔട്ട്‌ലെറ്റുകളുടെ നിര്‍മിതി പോലും
പരാജയപ്പെട്ട ഒരു സിനിമയുടെ വിജയ കഥ

'ഒരു സിനിമ പിടിക്കണം. സാദാ പ്രണയ കഥ മതി. പാന്റലൂണ്‍സ് സ്‌റ്റോറിനെ ചുറ്റിപ്പറ്റിയാവണം പ്രണയം, സിനിമ കണ്ടിറങ്ങി പോവുന്നവരുടെ മനസ്സില്‍ പാന്റലൂണ്‍സ് മായാതെ പതിയണം '

ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് ഇറങ്ങുന്നതിനു മുമ്പായി കിഷോര്‍ ബിയാനി മുന്നോട്ടുവച്ച നിര്‍ദ്ദേശത്തെ വിവേക് സിംഘാനിയ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്. കിഷോറിന് ഒരൊറ്റ ലക്ഷ്യമേയുള്ളു, പാന്റ്‌ലൂണ്‍സ് ആളുകളുടെ ഉള്ളില്‍ പതിയണം.

സ്റ്റീവ് വോ, മാര്‍ക്ക് വോ, സനത് ജയസൂര്യ, ഹാന്‍സി ക്രോണ്യ, അജയ് ജഡേജ. തൊണ്ണൂറുകളില്‍ പാന്റലൂണ്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായിരുന്നവരുടെ പട്ടിക നീളുന്നത് ഇങ്ങനെയാണ്. ഇന്ത്യന്‍ ഉപരി, മധ്യവര്‍ഗത്തിനിടയില്‍ ക്രിക്കറ്റിനുള്ള സ്വാധീനം കഴിയുംവിധമെല്ലാം മുതലെടുത്ത ബ്രാന്‍ഡ്, അന്നത്തെ കണക്കു വച്ചു നോക്കിയാല്‍ മുന്‍പന്തിയിലുള്ള മറ്റു പലതിനേക്കാളും കൂടുതല്‍ ബജറ്റ് പരസ്യത്തിനായി നീക്കിവച്ച ബ്രാന്‍ഡ് - പാന്റ ലൂണ്‍സിനെ സ്ഥാപകനായ കിഷോര്‍ ബിയാനി വിലയിരുത്തുന്നത് ഇങ്ങനെ.

തൊണ്ണൂറുകളുടെ അവസാനമായപ്പോഴേക്കും പക്ഷേ, ക്രിക്കറ്റ് താരങ്ങള്‍ കൊക്കിലൊതുങ്ങാതെ വന്നു. അവരുടെ പ്രതിഫലത്തുക കുത്തനെ ഉയര്‍ന്നു. ക്രിക്കറ്റ് വിട്ട് കിഷോര്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അപ്പോഴാണ്. താരങ്ങളെക്കൊണ്ട് ബ്രാന്‍ഡ് എന്‍ഡോഴ്‌സ് ചെയ്യിക്കുകയാണ് പരസ്യരംഗത്തെ നടപ്പുരീതി. കിഷോറിനു പക്ഷേ, അതു പോരായിരുന്നു. ഇന്ത്യയില്‍ അക്കാലത്ത് അത്രയൊന്നും സാധാരണമല്ലാത്ത പരസ്യതന്ത്രമായിരുന്നു, അയാളുടെ മനസ്സില്‍ - ഫിലിം മെര്‍ചന്റൈസിങ്. സിനിമ തന്നെ സ്വയം ഒരു പരസ്യമാവുക. അതിനുള്ള ടിപ്‌സാണ് കിഷോര്‍ വിവേക് സിംഘാനിയയ്ക്കു മുന്നില്‍ വച്ചത്.

ബിസിനസില്‍ നിന്നുണ്ടാക്കുന്ന പണം ബിസിനസില്‍ മുടക്കാനുള്ള മടി, കണക്കു പുസ്തകങ്ങളിലേക്ക് കുനിഞ്ഞിരുന്നുള്ള കച്ചവടം; ഇന്ത്യയിലെ ഫാമിലി ബിസിനസ്സില്‍ പലതും മുരടിച്ചു പോവുന്നതിന് കാരണം ഇതാണെന്നാണ് കിഷോറിന്റെ പക്ഷം. കുടുംബത്തിന്റെ ടെക്‌സ്‌റ്റൈല്‍ ബിസിനസ്സിന്റെ ഭാഗമാകാതിരുന്നതും അതുകൊണ്ടു തന്നെ. മില്ലുകളില്‍ നിന്ന് ജീന്‍സിന്റെ തുണിയെടുത്ത് തുന്നല്‍ക്കാര്‍ക്കു നല്‍കി, അത് ഔട്ട്‌ലെറ്റുകളില്‍ എത്തിച്ചാണ് കിഷോര്‍ സ്വന്തം കച്ചവടം തുടങ്ങിയത്. അത് വളര്‍ന്ന് സ്വന്തം ഔട്ട്‌ലറ്റും ഔട്ട്‌ലറ്റുകളുടെ ശൃംഖലയും പിന്നെ പാന്റലൂണ്‍സും ബിഗ് ബസാറുമൊക്കെയായി; ആ കഥയാണ് ദിസ് ഹാപ്പന്‍ഡ് ഇന്‍ ഇന്ത്യ.

ഒരു ശരാശരി ഇന്ത്യന്‍ കസ്റ്റമര്‍ പ്രതിവര്‍ഷം നടത്തുന്ന ഷോപ്പിങ്ങിന്റെ എട്ടു ശതമാനമാണ് വസ്ത്രങ്ങള്‍ക്കായി ചെലവഴിക്കുന്നത്. ഈ കണക്കാണ് ബിഗ് ബസാര്‍ പോലൊരു മോഡലിനെക്കുറിച്ചു ചിന്തിക്കാന്‍ പ്രേരകമായതെന്ന് ബിയാനി. കടയില്‍ കയറുന്ന ഒരാള്‍ക്കു ചെലവഴിക്കാനാവുന്നതിന്റെ പരമാവധി തന്റെ കടയില്‍ തന്നെ ചെലവഴിക്കണം; അതിന് അപ്പാരല്‍സും ലൈഫ് സ്‌റ്റൈല്‍ ഗുഡ്‌സും പോര, എന്തും കിട്ടുന്ന കട വേണം. വോള്‍മാര്‍ട്ടോ മറ്റേതെങ്കിലും വിദേശ റീട്ടെയ്ല്‍ ശൃംഖലയോ അല്ല, ചെന്നൈ രംഗനാഥന്‍ സ്ട്രീറ്റിലെ ശരവണ സ്‌റ്റോര്‍ ആണ് അതില്‍ തനിക്കു മാതൃകയായതെന്നാണ് ബിയാനി പറയുന്നത്.

നഗരത്തിനു പുറത്തെ ഒഴിഞ്ഞ ഇടത്ത് നീണ്ടു പരന്നുകിടക്കുന്ന ഒറ്റ നില കെട്ടിടം. ഇരുവശത്തുമുള്ള റേക്കുകളില്‍ അടുക്കി വച്ച വസ്തുക്കള്‍. നടുവില്‍ ഒരു ട്രോളിക്കു പോകാവുന്ന ഇടം. ഇതാണ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ലോക മോഡല്‍. ഇന്ത്യയില്‍ പക്ഷേ ഇതു പോര. ഇവിടെ ഷോപ്പിങ് ഉത്സവമാണ്, കുടുംബത്തോടൊപ്പമുള്ള ഔട്ടിംഗിന് കാരണം പോലുമാണ്. ചന്തകളിലേക്കും വ്യാപാര മേളകളിലേക്കുമുള്ള ഒറ്റനോട്ടത്തില്‍ അറിയാവുന്നതേയുള്ളു, അത്. വര്‍ഷത്തില്‍ എല്ലാ ദിവസവും മേള നടക്കുന്ന മൈതാനം പോലെയായിരുന്നു ശരവണ. നഗരത്തിനു നടുവില്‍ അഞ്ചു നിലകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഷോപ്പിങ് കേന്ദ്രം. പലവ്യഞ്ജനങ്ങളും പച്ചക്കറികളും മുതല്‍ പാത്രങ്ങള്‍ വരെ, സാരി മുതല്‍ സ്വര്‍ണാഭരണം വരെ, ഇഡ്ഢലി മുതല്‍ ഐസ്‌ക്രീം വരെ എന്തും കിട്ടുന്ന ഇടം. കുടുംബങ്ങളും സൗഹൃദ സംഘങ്ങളുമൊക്കെയായി അവിടേക്ക് ആളുകള്‍ കൂട്ടം കൂട്ടമായി വന്നു, വലിയ ഷോപ്പിങ് സഞ്ചികളില്‍ സാധനങ്ങളുമായി മടങ്ങി. നൂറിലേറെപ്പേരാണ് ശരവണയില്‍ ആള്‍ക്കൂട്ടങ്ങളെ മാനേജ് ചെയ്യാനായി മാത്രം നിയോഗിക്കപ്പെട്ടിരുന്നത്.

ഇതാ ഒരു ഇന്ത്യന്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നു കണ്ടെത്തിയ കിഷോര്‍ പിന്നെയും പിന്നെയും ശരവണ സന്ദര്‍ശിച്ചു. ബിഗ് ബസാര്‍ തുടങ്ങാന്‍ നിയോഗിക്കപ്പെട്ട, കമ്പനിയുടെ ടോപ്പ് മാനേജ്‌മെന്റില്‍ ഉള്ളവരെ ചെന്നൈയിലേക്കു വിളിച്ചു വരുത്തി. 'വെറുതെ ശരവണയില്‍ ചുറ്റിനടക്കുക, പ്ലസ് പോയിന്റുകള്‍ കണ്ടെത്തുക, കുറവുകളും'- ഇതായിരുന്നു കിഷോറിന്റെ നിര്‍ദേശം. കൈയില്‍ പെന്‍സിലും നോട്ട്ബുക്കുമൊക്കെ ആയാണ് അന്ന് ശരവണയില്‍ കറങ്ങിയതെന്ന് തുടക്കം മുതല്‍ ബിഗ് ബസാറിലുള്ള രാജന്‍ മല്‍ഹോത്ര. അങ്ങനെ ശരവണയെ തിരിച്ചും മറിച്ചും പഠിച്ച്, പലവട്ടം പരിഷ്‌കരിച്ചാണ് 2001 ല്‍ കൊല്‍ക്കത്തില്‍ ആദ്യ ബിഗ് ബസാര്‍ തുറക്കുന്നത്. പിന്നീട് ഇങ്ങോട്ട് ഒരുപാട് ബിഗ് ബസാറുകള്‍. ഓരോ പുതിയ സ്‌റ്റോര്‍ തുറക്കുമ്പോഴും ശരവണയിലെ ആദ്യ പാഠങ്ങള്‍ കണിശതയോടെ പിന്തുടര്‍ന്നു, കിഷോര്‍. തിരക്ക് ആയിരുന്നു അതില്‍ ഒന്നാമത്തേത്. കടയില്‍ എപ്പോഴും തിരക്ക് വേണം. തിരക്കുള്ളിടത്തേ ആളുകള്‍ കയറൂ. കുറച്ചുപേരേ ഉള്ളുവെങ്കില്‍ പോലും കൂടുതല്‍ തിരക്കു തോന്നിക്കും വിധമാണ് ബിഗ് ബസാര്‍ ഔട്ട്‌ലെറ്റുകളുടെ നിര്‍മിതി പോലും!

ബിഗ് ബസാര്‍ തുടങ്ങിയതിനു പിന്നാലെയായിരുന്നു, ചലച്ചിത്ര നിര്‍മാണ രംഗത്തേക്കുള്ള കിഷോര്‍ ബിയാനിയുടെ പ്രവേശം. അതുവരെ ചെയ്ത ബിസിനസ്സുകള്‍ ഏതാണ്ട് എല്ലാം തന്നെ വിജയം. ഇന്ത്യയെ അറിയാം, ഇന്ത്യക്കാരെ അറിയാം, അവര്‍ക്കെന്താണ് വേണ്ടതെന്നറിയാം എന്ന ആത്മവിശ്വാസം ആവോളം. ഋത്വിക് റോഷന്‍, ഇഷ ഡിയോള്‍, സെയ്ഫ് അലി ഖാന്‍ ഇങ്ങനെ വലിയ താരനിര. പരാജയത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട ഒന്നും തന്നെയില്ലായിരുന്നു. എന്നിട്ടും പക്ഷേ 'ന തും ജാനോ ന ഹം' എട്ടു നിലയില്‍ പൊട്ടി.

കസ്റ്റമറെക്കുറിച്ചുള്ള മുന്‍ ധാരണകളും ആത്മവിശ്വാസവുമെല്ലാം മൂന്നു മണിക്കൂറില്‍ തകര്‍ന്നടിഞ്ഞ അനുഭവം എന്നാണ് ആദ്യ സിനിമയെക്കുറിച്ച് കിഷോര്‍ ഓര്‍ത്തെടുക്കുന്നത്. പ്രിവ്യൂ തിയറ്ററില്‍ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഒപ്പമിരുന്ന് കാണുമ്പോള്‍ ആര്‍ക്കുമറിയില്ല, ഈ സിനിമയ്ക്ക് എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന്. വെള്ളിയാഴ്ച രാവിലെ പൊതുജനത്തോടൊപ്പമിരുന്ന് ആദ്യ ഷോ കണ്ടു തുടങ്ങുമ്പോഴും അറിയില്ല, എന്താണ് സിനിമയുടെ വിധിയെന്ന്. പിന്നീടുള്ള മൂന്നു മണിക്കൂറിലാണ് അതു നിര്‍ണയിക്കപ്പെടുന്നത്. കസ്റ്റമര്‍; കസ്റ്റമര്‍ക്കു മാത്രമാണ് അവിടെ റോള്‍. തോല്‍വിയും വിജയവുമെല്ലാം അവര്‍ മാത്രം തീരുമാനിക്കും; അവരെക്കുറിച്ചുള്ള നിങ്ങളുടെ ധാരണകള്‍ക്ക് അവിടെ അത്രയ്‌ക്കൊന്നും ചെയ്യാനില്ല.

ബിസിനസ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അനുഭവങ്ങളിലൊന്ന് എന്നു തന്നെ പറയും, പരാജയപ്പെട്ട ബോളിവുഡ് കാലത്തെപ്പറ്റി കിഷോര്‍. (ന തും ജാനോ ന ഹമ്മിനു ശേഷം ഒരു പടമാണ് കിഷോര്‍ നിര്‍മിച്ചത്, ആദ്യത്തേക്കാള്‍ 'ദുരന്ത'മായിരുന്നു അത്) 'എന്റെ കസ്റ്റമറെക്കുറിച്ചുള്ള എല്ലാം എനിക്കറിയാം എന്ന അഹങ്കാരത്തെ പൊളിച്ചു കളയുകയാണ് അതു നല്‍കിയ ഒന്നാമത്തെ പാഠം'. ബോക്‌സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞെങ്കിലും പാന്റലൂണ്‍സ് എന്ന ബ്രാന്‍ഡിനെ പുതുക്കിയെടുക്കുന്നതില്‍ ആ സിനിമ വലിയ പങ്കു വഹിച്ചെന്നാണ് കിഷോര്‍ വിലയിരുത്തുന്നത് - അതായിരുന്നല്ലോ ആ സിനിമയുടെ പ്രാഥമിക ലക്ഷ്യം; അതുകൊണ്ടു തന്നെ അതിലൊരു വിജയമുണ്ടെന്നും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com