'മുന്നിലിരുന്നു പാടുന്നത് ഇതിഹാസമാണ്; ഒരിക്കലും ഉണരാത്ത സ്വപ്‌നത്തില്‍ ആണെന്നു കരുതി'

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ലതാജീ പറഞ്ഞു പറഞ്ഞ് പാടിത്തുടങ്ങി. സന്തോഷത്തിന്റെ പരകോടിയിലെത്തിയിരുന്നു ഞാന്‍... 
ലതാ മങ്കേഷ്‌ക്കറിനൊപ്പം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സിഇഒ ലക്ഷ്മി മേനോന്‍
ലതാ മങ്കേഷ്‌ക്കറിനൊപ്പം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സിഇഒ ലക്ഷ്മി മേനോന്‍

അന്തരിച്ച പ്രസിദ്ധ ഗായിക ലത മങ്കേഷ്‌കറിനെ കുറിച്ച് ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് സിഇഒ ലക്ഷ്മി മേനോന്‍ എഴുതുന്നു

ത മങ്കേഷ്‌കര്‍ എന്ന അതുല്യ പ്രതിഭ ഭൂമിയിലെ സാര്‍ത്ഥക ജീവിതം അവസാനിപ്പിച്ച് യാത്രയാകുമ്പോള്‍, ഒരുപിടി നല്ല ഓര്‍മ്മകള്‍ ബാക്കിയാണ്. അത്രമേല്‍ സന്തോഷത്തിന്റെ തിരയിളക്കങ്ങളില്‍ ആറാടിച്ച സ്‌നേഹത്തിന്റെ കടല്‍ പെട്ടെന്നു വറ്റിപ്പോയതു പോലെ... സംഗീതം കൊണ്ട് ലതാജീ തീര്‍ത്ത മായിക ലോകത്തിന് അവസാനിമില്ലെന്നറിയാം... വരും തലമുറകള്‍ക്കൊപ്പവും ആ വിശുദ്ധ നാദം ഭൂമിയില്‍തന്നെയുണ്ടാകും...2010ലാണ് ലത മങ്കേഷ്‌കര്‍ എന്ന ഇതിഹാസത്തിനെ നേരില്‍ക്കാണുന്നത്. പിന്നീട് കാലങ്ങളോളം കൂടെ കൂടി നടക്കുമെന്ന് ആ യാത്രയില്‍ ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. 

പ്രസിദ്ധ സംഗീതജ്ഞ ഗംഗുഭായി ഹംഗിളിന്റെ ഓര്‍മ്മയ്ക്ക് വേണ്ടി കന്നഡ പ്രഭ സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന പരിപാടിയില്‍ ക്ഷണിക്കാന്‍ വേണ്ടിയാണ് ലതാജിയെ കാണാനായി ചെല്ലുന്നത്. ഫോണില്‍ വിളിച്ച് അനുവാദം ചോദിച്ചിട്ടായിരുന്നു കാണാനെത്തിയത്. 2010 ജൂലൈ 11ന് കന്നഡ പ്രഭ എഡിറ്റര്‍ക്കൊപ്പം ഞാന്‍ ബോംബെയില്‍ എത്തി. യാത്രയിലുടനീളം എനിക്ക്, ലതാ ദീയ്ക്ക് സമ്മാനമായി എന്തു നല്‍കുമെന്ന ചിന്തയായിരുന്നു. എന്തു നല്‍കിയാലും കുറഞ്ഞുപോകില്ലേ എന്നൊരു വിഷമം...അത്രയും സ്‌നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരാളെ കാണാന്‍ പോകുന്ന ആഹ്ലാദം...എല്ലാംകൂടി ചേര്‍ന്ന് ഒരു സ്വപ്‌നലോകത്തില്‍ തന്നെയായിരുന്നു...

കൃഷ്ണന്റെ ഒരു പെയിന്റിങും പിന്നെ മംഗലൂരുവില്‍ നിന്ന് കുറച്ചു മുല്ലപ്പൂവുകളും കരുതിയിരുന്നു. അപ്പോഴാണ് എനിക്ക് പെട്ടെന്നൊരു ചിന്ത തോന്നിയത്, എന്തുകൊണ്ട് ബോംബെയിലെ പ്രസിദ്ധമായ സിദ്ധിവിനായക ക്ഷേത്രത്തിലെ പുരോഹിതരെ കൊണ്ട്  ഒരു ചെറിയ പൂജ നടത്തിക്കൂടായെന്ന്...കൂടെയുണ്ടായിരുന്നവര്‍ എന്റെ ഈ ആശയം കേട്ട് അന്ധാളിച്ചിട്ടുണ്ടാകണം. പക്ഷേ അത്രയും സ്‌നേഹിക്കുന്ന ഒരാള്‍ക്ക് വേണ്ടി ദൈവത്തിന്റെ മുന്നില്‍ പ്രാര്‍ത്ഥിക്കുക എന്നതില്‍ക്കൂടുതല്‍ വലിയൊരു സമ്മാനം നല്‍കാന്‍ സാധിക്കില്ലല്ലോ എന്ന ചിന്തയായിരുന്നു എനിക്ക്.

അങ്ങനെ ഞങ്ങള്‍ സിദ്ധിവിനായക ക്ഷേത്രത്തിലെത്തി പുരോഹിതരോട് കാര്യം പറഞ്ഞു. അപ്പോള്‍ അവര്‍ക്കും അത്ഭുതം. ഇങ്ങനെയൊരു ആവശ്യം ആദ്യമായാകും അവര്‍ കേള്‍ക്കുന്നത്. പക്ഷേ അവര്‍ വരാമെന്ന് സമ്മതിച്ചു. അങ്ങനെ പ്രധാന പുരോഹിതനെ കൂട്ടി ഞങ്ങള്‍ ലതാജിയുടെ വീട്ടില്‍ എത്തി. 

വീട്ടിലെത്തി പ്രസാദം നല്‍കിയപ്പോള്‍ വളരെ സന്തോഷമായി ലതാ ജിയ്ക്ക്. വെറും മൂന്നു മണിക്കൂര്‍ മാത്രമാണ് അന്ന് സംസാരിച്ചത്. പക്ഷേ ഒരു ജന്‍മം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആത്മബന്ധം അവിടുന്നു ആരംഭിക്കുകയായിരുന്നു. ലതാ മങ്കേഷ്‌കര്‍ എന്ന ലോകം മുഴുവന്‍ ആരാധിക്കുന്ന അനുഗ്രഹീത ഗായിക സ്വന്തം കൈകൊണ്ട് പോഹാന്‍ ഉണ്ടാക്കിത്തന്നു, ആരും കൊതിക്കുന്ന മധുര ശബ്ദത്തില്‍ പാട്ടുകള്‍ പാടിത്തന്നു...ഒരിക്കലും ഉണരാത്ത ഒരു സ്വപ്‌നമാണ് കാണുന്നത് എന്ന തോന്നലായിരുന്നു അപ്പോഴെല്ലാം... മുന്നിലിരുന്ന് വീട്ടിലെ ഒരു അംഗത്തെപ്പോലെ കളിചിരി പറയുന്നത് ലോകമാകെ അറിയുന്ന ഇന്ത്യക്കാരിയാണ്...വിശ്വസിക്കാന്‍ സാധിക്കുമോ! 

പഴയ കാലത്തെയും ഇപ്പോഴത്തെയും സംഗീതത്തിന്റെ വ്യത്യാസത്തെ പറ്റി പറയുമ്പോള്‍ എന്തൊരു തിളക്കമായിരുന്നു ആ കണ്ണുകള്‍ക്ക്. എങ്ങനെ ചോദിക്കും ലതാജീ എനിക്കൊരു പാട്ടു പാടി തരുമോയെന്ന്...പക്ഷേ അതിന്റെ ആവശ്യം വന്നില്ല, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ലതാജീ പറഞ്ഞു പറഞ്ഞ് പാടിത്തുടങ്ങി. സന്തോഷത്തിന്റെ പരകോടിയിലെത്തിയിരുന്നു ഞാന്‍... 

ലതാ ജിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ബെംഗളൂരുവിലേക്ക് എത്താന്‍ സാധിച്ചില്ല. അതിന് ശേഷം, വീണ്ടും ആ ഊഷ്മള ബന്ധം തുടര്‍ന്നു. എല്ലാം അറിയുന്ന പാട്ടുകാരിയുടെ ഭാവത്തില്‍ ഒരിക്കലും ലതാ ജീ സംസാരിക്കില്ല. സ്വന്തം വീട്ടുകാരില്‍ മുതിര്‍ന്ന ഒരംഗമാണ് സംസാരിക്കുന്നത് എന്നു മാത്രമേ തോന്നുള്ളു. 

ഒരു ദിവസം, ഞാന്‍ ഹനുമാന്‍ ചലിസ ചൊല്ലുമെന്ന് പറഞ്ഞു. ഞാനത് സംസാരത്തിനിടയില്‍ പറഞ്ഞു പോയതാണ്. അത് ഓര്‍മ്മയില്‍ വെച്ചിരുന്ന ലതാ ജീ എനിക്ക് സ്വന്തമായി പാടി റെക്കോര്‍ഡ് ചെയ്ത് ഹനുമാന്‍ ചലിസ അയച്ചുതന്നു. ഞാന്‍ അത്ഭുതപ്പെട്ടുപോയത് അപ്പോഴല്ല.  ഓഫീസില്‍ ആയിരുന്ന സമയത്താണ് ഞാനാ പാട്ട് കേട്ടത്. അപ്പോഴത്തെ തിരക്കില്‍ വിളിക്കാന്‍ സമയം കിട്ടിയില്ല. ഓഫീസില്‍ നിന്ന് എത്തിയപ്പോള്‍ രാത്രി വൈകിയിരുന്നു. ഇനി വിളിച്ച് ബുദ്ധിമുട്ടിക്കേണ്ട എന്ന് ഞാന്‍ കരുതി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ കോള്‍, ലതാ ജിയാണ്. ഫോണ്‍ എടുത്തപ്പോള്‍, ആ കുഞ്ഞുങ്ങളെപ്പോളെ മധുരമുള്ള സ്വരം അപ്പുറത്ത്, അയച്ച പാട്ട് കേട്ടോ എന്നായിരുന്നു ചോദ്യം!. ലോകത്തെ ഏറ്റവും മികച്ച പാട്ടുകാരി എന്നോടു വിളിച്ചു ചോദിക്കുകയാണ്, അയച്ചു തന്ന പാട്ടു കേട്ടോ, ഇഷ്ടപ്പെട്ടോയെന്ന്...! എത്ര വലിയ ഉയരത്തിലാണെങ്കിലും സ്‌നേഹിക്കുന്നവരുടെ അടുത്തുനിന്ന് മറുപടികള്‍ കിട്ടിയില്ലെങ്കില്‍ ആകുലപ്പെടുന്ന വ്യക്തിയാണ് ലതാ ദീ എന്നെനിക്ക് മനസ്സിലായി. അതിലുമേറെ അത്ഭുതപ്പെടുത്തിയത്, അവരുടെ ഹൃദയത്തില്‍ എനിക്കും സ്ഥാനമുണ്ടെന്ന തിരിച്ചറിവായിരുന്നു. ആ നിമിഷം ആലോചിക്കുമ്പോള്‍ അറിയാതെ കണ്ണു നിറയുന്നു... അങ്ങനെയൊരാളാണല്ലോ എന്നെന്നേക്കുമായി വിട്ടുപോയത് എന്നോര്‍ക്കുമ്പോള്‍ ഹൃദയം വിങ്ങുന്നു...

ലതാ ദീയുമായി ഒരുപാട് ഒരുപാട് ഓര്‍മ്മകളുണ്ട്. കുട്ടിയെപ്പോലെയായിരുന്നു പ്രകൃതം. അവരുടെ പദവിയെക്കുറിച്ചൊന്നും ചിന്തിക്കാതെയാണ് നിസ്സാരരായ ഞങ്ങളോടൊക്കെ ഇടപെട്ടുകൊണ്ടിരുന്നത്.പൂക്കള്‍ ഒരുപാട് ഇഷ്ടമായിരുന്നു. അതും പല നിറത്തിലുള്ള റോസാപ്പൂക്കള്‍. അത്രയും സരസമായ ഹൃദയമുള്ളൊരാള്‍ക്ക് അല്ലാതെ, എങ്ങനെയാണ് ഈ ലോകത്തെ അത്രമേല്‍ പ്രണയിക്കാന്‍ കൊതിപ്പിക്കുന്ന പാട്ടുകള്‍ പാടാന്‍ സാധിക്കുക...

ലതാ ദീയുടെ ശബ്ദമില്ലാത്ത ഒരു ദിവസം പോലും ജീവിതത്തിലുണ്ടായിട്ടില്ല. അതെല്ലാ ഇന്ത്യക്കാര്‍ക്കും അങ്ങനെതന്നെയാണ്. എവിടെയാണ് ലതാ ദീ ഇല്ലാത്തത്? മഞ്ഞുമൂടി കിടക്കുന്ന ഹിമാലയത്തിലും തിരയിളകുന്ന കന്യാകുമാരിയിലും എവിടെച്ചെന്നാലും ലതാ ദീയുടെ ശബ്ദമുണ്ട്. അതില്ലാത്ത ഒരു ദിവസം നമുക്ക് സാധ്യമല്ല. നാല് തലമുറയുടെ പ്രണയത്തിലും വിരഹത്തിലും ആഹ്ലാദങ്ങളിലും കൂടെവന്ന ശബ്ദം. ലതാ ദീയുടെ ഓരോ പാട്ടിലും ഓര്‍ക്കാന്‍ നമുക്ക് ഓരോ കഥകളുണ്ടാകും. നന്ദി ലതാ മങ്കേഷ്‌കര്‍, ഭൂമിയില്‍ വന്നു പിറന്നതിന്, ഒരിക്കലും നിലയ്ക്കാത്ത പാട്ടിന്റെ മായാ പ്രപഞ്ചം തീര്‍ത്തതിന്...മരണില്ലാത്ത ഒരുപിടി നല്ല ഓര്‍മ്മകള്‍ തന്നതിന്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com