'ജെ എന്റെ ജീവിതത്തില്‍ എന്തൊക്കെയോ ആണ്; ഞാന്‍ അദ്ദേഹത്തിനും'

ജവഹര്‍ലാലിന്റെ കത്തുകള്‍ അവര്‍ക്കൊപ്പം കിടക്കയില്‍ ചിതറിക്കിടന്നിരുന്നു
'ജെ എന്റെ ജീവിതത്തില്‍ എന്തൊക്കെയോ ആണ്; ഞാന്‍ അദ്ദേഹത്തിനും'

''രാവിലെ നിങ്ങള്‍ മടങ്ങുന്നതു കാണാന്‍ എനിക്കിഷ്ടമേയല്ല. അപരിചിതമായ ഒരു തരം ശാന്തിയും സന്തോഷവുമെല്ലാം ബാക്കിയാക്കിയാണ് നിങ്ങള്‍ പോവുന്നത്. ഞാന്‍ നിങ്ങള്‍ക്ക് അങ്ങനെ തന്നെയാണോ?''- ഒരു ദിവസം എഡ്വിന നെഹ്‌റുവിന് എഴുതി. നെഹ്‌റുവിനും അത് അങ്ങനെ തന്നെയായിരുന്നിരിക്കണം. അന്നു തന്നെ വന്നു, ജവഹര്‍ലാലിന്റെ മറുപടി. ''ജീവിതമെന്നത് മുഷിവു നിറഞ്ഞ ഒരേര്‍പ്പാടാണ്. അതില്‍ വെളിച്ചമുള്ള ഒരു വഴി കാണുമ്പോള്‍ നമുക്ക് ശ്വാസം നിലച്ചു പോവും പോലെ സന്തോഷം തോന്നും''

മൗണ്ട്ബാറ്റണ്‍, എഡ്വിന, ജവഹര്‍ലാല്‍. സങ്കീര്‍ണമായിരുന്നു ഇവരുടെ ബന്ധം. അധികാരക്കൈമാറ്റം, വിഭജനം, അഭയാര്‍ഥിപ്രവാഹം; അതി സങ്കീര്‍ണമായ ഒരു ചരിത്ര ഘട്ടത്തില്‍ ഇന്ത്യയുടെ പൊതുജീവിതത്തില്‍ നിറഞ്ഞു നിന്ന ഇവര്‍ മൂവരുടെയും വ്യക്തി ബന്ധത്തെ ചികഞ്ഞെടുക്കാനുള്ള ശ്രമമുണ്ട്, ആന്‍ഡ്ര്യൂ ലോനി എഴുതിയ ദി മൗണ്ട്ബാറ്റണ്‍സില്‍. നെഹ്‌റുവും എഡ്വിനയും പ്രണയബദ്ധരായിരുന്നോയെന്ന, പലവിധ പരിശോധയ്ക്കു വിധേയമായ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള മറ്റൊരു ശ്രമം. രാഷ്ട്രീയവും സൗഹൃദവും പ്രണയവുമെല്ലാം വേര്‍തിരിക്കാനാവാത്തവിധം കൂടിക്കലര്‍ന്ന ജീവിതങ്ങളുടെ വിശദാംശങ്ങളിലൂടെ കടന്നു പോയ ശേഷവും പക്ഷേ, ആ ചോദ്യം അങ്ങനെ തന്നെ ബാക്കിയാവും.

രണ്ടാം ലോകയുദ്ധത്തിന്റെ ദുരിതക്കാഴ്ചകളുടെ സംഘര്‍ഷം പേറിയാണ് എഡ്വിന ഇന്ത്യയിലെത്തുന്നത്. മൗണ്ട്ബാറ്റണ്‍ രാഷ്ട്രീയത്തിന്റെ തിരക്കുകളിലേക്ക് ആഴ്ന്നു പോയപ്പോഴുണ്ടായ ഒറ്റപ്പെടല്‍ അതിന്റെ ആഴം കൂട്ടി. ആര്‍ത്തവവിരാമം സമ്മാനിച്ച ഉറക്കക്കുറവ് കൂടിയായപ്പോള്‍ വല്ലാത്തൊരു അവസ്ഥയിലായിരുന്നു അവര്‍. കലഹമായാണ് അതു പുറത്തുവന്നത്; മൗണ്ട്ബാറ്റണുമായുള്ള പാതിരാക്കലഹങ്ങള്‍. മൗണ്ട്ബാറ്റണ്‍ ദിവസം പതിനെട്ടു മണിക്കൂര്‍ വരെയെങ്കിലും ജോലി ചെയ്യേണ്ടി വന്ന ദിവസങ്ങളായിരുന്നു അത്. മകള്‍ പമേല ആ കാലത്തെ ഓര്‍ത്തെടുക്കുന്നതിങ്ങനെ:

''അന്നെല്ലാം ഫയലുകളുടെ വലിയ കൂമ്പാരത്തില്‍ നിന്നു തലയുയര്‍ത്തി അമ്മയോട് ശുഭരാത്രി പറയാനായി ചെല്ലുമ്പോള്‍ അച്ഛനെ എതിരേല്‍ക്കുക കുറ്റപ്പെടുത്തലുകളുടെ നീണ്ട പട്ടികയായിരുന്നു. അമ്മയെ അവഗണിക്കുകയാണെന്ന്, ശ്രദ്ധിക്കുന്നേയില്ലെന്ന്, പരുഷമായി പെരുമാറിയെന്ന്, അങ്ങനെയങ്ങനെ. താന്‍ ചെയ്ത തെറ്റ് എന്തെന്ന് മനസ്സിലായില്ലെങ്കിലും അച്ഛന്‍ അമ്മയോട് പിന്നെയും പിന്നെയും ക്ഷമ പറഞ്ഞു കൊണ്ടേയിരുന്നു. ബൗദ്ധികമായി ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീയുടെ വെളിപ്പെടലുകളായിരുന്നു അവ''

ആ ഒറ്റപ്പെടലിലേക്കാണ് ജവഹര്‍ലാല്‍ കടന്നുവന്നത്. ''ആകര്‍ഷകമായ ശബ്ദവും പ്രൗഢമായ വസ്ത്രധാരണവും മാത്രമല്ല, ഊഷ്മളവും പ്രസരിപ്പ് നിറഞ്ഞതുമായ ഒരു സാന്നിധ്യം അനുഭവിപ്പിക്കുന്നുണ്ട്, അദ്ദേഹം. ആദ്യ ഹസ്തദാനത്തില്‍ത്തന്നെ അതെന്നെ വലയം ചെയ്തു'' - നെഹ്‌റുവുമായുള്ള ആദ്യ സമാഗമത്തെക്കുറിച്ച് എഡ്വിന ഡയറിയില്‍ കുറിച്ചു. ഇന്ത്യയില്‍ ബ്രിട്ടിഷ് ഭരണം അവസാനിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട പുതിയ വൈസ്രോയിയും കുടുംബവും ഡല്‍ഹിയില്‍ എത്തിയ ശേഷം ആദ്യം കൂടിക്കാഴ്ച നടത്തിയവരില്‍ ഒരാള്‍ നെഹ്‌റുവായിരുന്നു. ''അദ്ദേഹം മറ്റുള്ളവരുമായി ഇടപഴകുന്നത് നോക്കിയിരിക്കുമ്പോള്‍ എനിക്കു തോന്നി, എത്ര പെട്ടെന്നാണ് ഈ മനുഷ്യന്‍ കാര്യങ്ങളോട് പ്രതികരിക്കുന്നത്, എത്ര പെട്ടെന്നാണ് പൊട്ടിച്ചിരിക്കുന്നത്, എത്ര പെട്ടെന്നാണ് മറ്റുള്ളവരില്‍ ചിരി പടര്‍ത്തുന്നത്. ഗാന്ധിയും നെഹ്‌റുവുമായിരിക്കണം ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയ ഏറ്റവും അസാധാരണരായ മനുഷ്യര്‍.''

ഇന്ത്യയിലേക്കു വരും മുമ്പുതന്നെ മൗണ്ട്ബാറ്റണ് അറിയാമായിരുന്നു നെഹ്‌റുവിനെ. ഇന്ത്യയില്‍ വന്ന ശേഷം ഓരോ നേതാക്കളോടും ഒറ്റയ്‌ക്കൊറ്റയ്ക്കു സംസാരിച്ചപ്പോള്‍ ആ പരിചയം ഒന്നുകൂടി അടുത്തു. മറ്റാരേക്കാളും, പ്രത്യേകിച്ച് കടുംപിടുത്തക്കാരനായ ജിന്നയേക്കാള്‍, തന്റെ ജോലി എളുപ്പമാക്കുക നെഹ്‌റുവുമായുള്ള സൗഹൃദമാണെന്ന് ബോധ്യമുണ്ടായിരുന്നു മൗണ്ട്ബാറ്റണ്. ആ സൗഹൃദം മലമുകളില്‍ ഒഴിവു ദിനങ്ങള്‍ ഒന്നിച്ചു ചെലവഴിക്കാവുന്ന വിധം അടുപ്പമായി മാറി. ആ ദിനങ്ങളിലാവണം ജവഹര്‍ലാലും എഡ്വിനയുമായുള്ള ബന്ധം ദൃഢമായത്. ഇന്ത്യന്‍ നേതാക്കളില്‍ ഏറ്റവും അടുപ്പമുള്ളയാള്‍ എന്ന നിലയില്‍ വര്‍ക്ക് ഡെസ്‌കില്‍ നെഹ്‌റുവിന്റെ ചിത്രം തൂക്കിയിരുന്നു, മൗണ്ട്ബാറ്റണ്‍. ''എനിക്കും വേണം നിങ്ങളുടെ ഒരു ചിത്രം; സത്യത്തില്‍ ഒന്നല്ല, രണ്ടു ചിത്രങ്ങള്‍ വേണം. ഒരെണ്ണം ഒട്ടും ഫോര്‍മല്‍ അല്ലാത്തത്. ഞാനും നിങ്ങള്‍ക്ക് ഒരു ചിത്രം അയച്ചു തരുന്നുണ്ട്, നിങ്ങള്‍ക്കിഷ്ടപ്പെടുമെന്നുറപ്പുള്ള ഒരു ഫോട്ടോ എനിക്ക് എടുക്കാനാവുമോ ആവോ'' - എഡ്വിന നെഹ്‌റുവിന് എഴുതി. 'ജവഹ എന്നായിരുന്നു, കൂടുതല്‍ അടുപ്പം തോന്നിപ്പിക്കുന്ന കത്തുകളില്‍ അവര്‍ നെഹ്‌റുവിനെ അഭിസംബോധന ചെയ്തത്.

വ്യക്തിജീവിതത്തിലും പൊതുരംഗത്തും വല്ലാത്ത ഒറ്റപ്പെടല്‍ തോന്നിത്തുടങ്ങിയിരുന്ന നെഹ്‌റുവിന് ഒരു കൂട്ട് അനിവാര്യമായിരുന്നു, തിരിച്ചടികള്‍ നേരിട്ട കാലത്ത് പ്രത്യേകിച്ചും. ഗാന്ധിജി വധിക്കപ്പെട്ടതിനു പിന്നാലെ ജവഹര്‍ലാല്‍ എഡ്വിനയ്ക്ക് എഴുതി: ''എനിക്ക് ആരെങ്കിലും വേണം, ഉള്ളു തുറന്നൊന്ന് സംസാരിക്കാന്‍. എനിക്ക് എന്നില്‍ത്തന്നെ വിശ്വാസമില്ലാതായിരിക്കുന്നു, ഞാന്‍ ചെയ്യുന്നതില്‍ വിശ്വാസമില്ലാതായിരിക്കുന്നു. എന്താണ് ഇവിടെ നടന്നത്? എന്താണ് നടന്നുകൊണ്ടിരിക്കുന്നത്? നാം കരുതലോടെ വളര്‍ത്തിക്കൊണ്ടുവന്ന മൂല്യങ്ങള്‍ക്ക് എന്താണ് പറ്റിയത്?'' ഈ കത്തിന് പിന്നാലെ എഡ്വിനയുടെ ക്ഷണപ്രകാരം സിംലയില്‍ മൗണ്ട്ബാറ്റണ്‍ കുടുംബത്തിനൊപ്പം ഒഴിവു ദിനങ്ങള്‍ ചെലവഴിക്കാനെത്തുന്നുണ്ട്, നെഹ്‌റു. മൗണ്ട്ബാറ്റന്റെ വാക്കുകളില്‍, കഴിഞ്ഞ പതിനാലു മാസമായി നെഹ്‌റുവുമായി പുലര്‍ത്തിപ്പോന്ന അടുപ്പം വല്ലാതെ ദൃഢമായ മൂന്നു ദിനങ്ങള്‍. എഡ്വിനയ്ക്ക് അത് അതിലും അപ്പുറം മറ്റെന്തോ ആയിരുന്നിരിക്കണം. കൂടുതലും ജവഹര്‍ലാലിനൊപ്പമായിരുന്നു എഡ്വിന ആ ദിനങ്ങള്‍ ചെലവഴിച്ചത്. നെഹ്‌റുവിനൊപ്പം എഡ്വിന സന്തോഷവതിയെന്നു കണ്ട മൗണ്ട്ബാറ്റണും പമേലയും അവര്‍ക്കായി കൂടുതല്‍ സമയം ഒരുക്കിക്കൊടുത്തു. ''അവസാനം അമ്മ തേടിക്കൊണ്ടിരുന്ന ആ കൂട്ട് കണ്ടെത്തി, ബൗദ്ധികമായും ആത്മീയമായും ഒപ്പം നിര്‍ത്തുന്ന കൂട്ട്'' - പമേലയുടെ വാക്കുകള്‍. അച്ഛനുമായുള്ള പാതിരാക്കലഹങ്ങളില്‍ നിന്ന് അമ്മ അതോടെ പിന്‍വാങ്ങിയെന്നും ഓര്‍ത്തെടുക്കുന്നുണ്ട് മകള്‍.

അധികാരക്കൈമാറ്റം പൂര്‍ണമായതോടെ വേര്‍പിരിയല്‍ അനിവാര്യമായിരുന്നു. ഇന്ത്യയില്‍ത്തന്നെ നില്‍ക്കാനും അഭയാര്‍ഥികള്‍ക്കിടയിലെ സേവനങ്ങള്‍ തുടരാനും എഡ്വിനയോട് അഭ്യര്‍ഥിക്കുന്നുണ്ട്, നെഹ്‌റു. എന്നാല്‍ ബ്രിട്ടനിലേക്ക് മടങ്ങാനും ഭര്‍ത്താവിനൊപ്പം നില്‍ക്കാനുമാണ് അവര്‍ തീരുമാനിച്ചത്. ''അതെ, അതാണ് വേണ്ടത്, അതു തന്നെയാണ് ശരി'', നെഹ്‌റു എഴുതി; ''പക്ഷേ ചിലപ്പോഴൊക്കെ ശരിയായ കാര്യങ്ങള്‍ നമ്മെ തരിമ്പു പോലും സംതൃപ്തരാക്കുകയേയില്ല.'' ''എനിക്കെല്ലാത്തിനോടും വിദ്വേഷം തോന്നുന്ന പോലെ തോന്നുന്നു. അടുത്ത രാത്രിയില്‍ ഒരുപാടു പേര്‍ക്ക് ഹസ്തദാനം നല്‍കി നീ യാത്ര പറഞ്ഞ് അകലുന്ന രംഗത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഒരുതരം ഭീതി എന്നെ മൂടുന്നു. എനിക്കറിയാം നിനക്കും ഡിക്കിക്കും (മൗണ്ട്ബാറ്റണ്‍) നിങ്ങളുടെ വിധിയെ മറകടക്കാനാവില്ല, എനിക്ക് എന്റേതും'' നെഹ്‌റുവുമൊത്ത് ചെലവഴിച്ച അവസാന ദിനത്തെക്കുറിച്ച് കുറഞ്ഞ വാക്കുകളില്‍ സ്വന്തം ഡയറിയില്‍ വിവരിക്കുന്നുണ്ട് എഡ്വിന. ''ഞങ്ങള്‍ ജവഹയുടെ കുടുംബത്തിനൊപ്പം അത്താഴം കഴിച്ചു, പിന്നെ പൂന്തോട്ടത്തിലിരുന്നു. പൂര്‍ണ നിലാവുള്ള രാത്രിയായിരുന്നു അത്; ദുഃഖഭരിതവും''

''ഇക്കഴിഞ്ഞ ഒരു വര്‍ഷക്കാലം നമ്മള്‍ ചെയ്തു തീര്‍ത്തതിനെക്കുറിച്ചു തീര്‍പ്പുകല്‍പ്പിക്കാന്‍ ഞാന്‍ ആളല്ല. നമ്മളില്‍ ആര്‍ക്കും അതു പറ്റുമെന്നു തോന്നുന്നില്ല. കാരണം അത്രമാത്രം നമ്മള്‍ സംഭവങ്ങള്‍ക്ക് അകത്തായിരുന്നു. ഒരു പക്ഷേ നമ്മള്‍ -ഞാനും നിങ്ങളും-  പല തെറ്റുകളും ചെയ്തിരിക്കാം. നമ്മള്‍ ചെയ്തു കൂട്ടിയതില്‍ എന്തൊക്കെയാണ് ശരി? എന്തൊക്കെയാണ് പിഴവുകള്‍? അടുത്ത തലമുറയിലെ, അല്ലെങ്കില്‍ അതിനടുത്ത തലമുറയിലെ ചരിത്രകാരന്മാര്‍ അതില്‍ വിധി പറയുമായിരിക്കും. ഒന്നെനിക്കുറപ്പുണ്ട്, ശരി ചെയ്യാനാണ്, ശരി ചെയ്യാന്‍ മാത്രമാണ് നമ്മള്‍ ശ്രമിച്ചത്. അതുകൊണ്ട് നമ്മുടെ പാപങ്ങള്‍ പൊറുക്കപ്പെടുക തന്നെ ചെയ്യും, നാം ചെയ്തതിലെ പിഴവുകളും''  മൗണ്ട്ബാറ്റണ് നല്‍കിയ യാത്രയയപ്പില്‍ നെഹ്‌റു പറഞ്ഞു. ''ഇനി പറയുന്നത്, മാഡം, നിങ്ങളെക്കുറിച്ചാണ്'' - ജവഹര്‍ലാല്‍ എഡ്വിനയെ നോക്കി. ''സൗന്ദര്യം, ബുദ്ധിശക്തി, പ്രൗഢി, പ്രസരിപ്പ്, സൗഭാഗ്യം... നിങ്ങളില്‍ സമ്മേളിക്കുന്ന ഗുണങ്ങള്‍ ഒരുപാടാണ്. ഇതെല്ലാം ഉള്ളവരില്‍ അപൂര്‍വമായി മാത്രം കാണുന്ന ഒന്നുകൂടി നിങ്ങളിലുണ്ട്; മനുഷ്യനെ തൊടാനുള്ള കഴിവ്. മാനവികതയോടുള്ള സ്‌നേഹം, ദുരിതത്തിലുള്ളവരെ സഹായിക്കാനുള്ള മനസ്സ്. ഇതൊരു സവിശേഷമായ സ്വഭാവമിശ്രിതമാണ്. അതുകൊണ്ടു തന്നെ നിങ്ങളുടെ സാന്നിധ്യമുളളിടത്തെല്ലാം ഒരു സാന്ത്വനം കൂടെയുണ്ടാവും. പ്രതീക്ഷയും പ്രോത്സാഹനവും കൂടെയുണ്ടാവും''. കലങ്ങിയ കണ്ണുകളോടെ എഡ്വിന അതു കേട്ടിരുന്നു, പിന്നെ നിശ്ശബ്ദമായ വിമാനത്തിലിരുന്ന് ഉച്ചത്തില്‍ കരഞ്ഞു.

മാള്‍ട്ടയില്‍ ആയിരുന്നു മൗണ്ട്ബാറ്റന്റെ അടുത്ത നിയമനം. ഡിക്കി അതിന്റെ തിരക്കുകളിലേക്കിറങ്ങിയപ്പോള്‍ കഠിനമായ വിഷാദത്തില്‍ വീണുകിടക്കുകയായിരുന്നു എഡ്വിന. അവരുടെ ഉള്ളില്‍ നിന്ന് നെഹ്‌റുവും ഇന്ത്യയും ഒഴിഞ്ഞു പോയതേയില്ല. ''ജീവിതം ഏകാന്തവും ശൂന്യവും അയഥാര്‍ഥവും ആയിരിക്കുന്നു''  നിത്യേനയെന്നോണം അവര്‍ ജവഹര്‍ലാലിന് കത്തെഴുതി. മൗണ്ട്ബാറ്റണ്‍ അയയ്ക്കുന്ന ഡിപ്ലോമാറ്റിക് കത്തിടപാടുകളില്‍, പ്രത്യേക കടലാസു കൂടുകളില്‍ അവ ഇടം പിടിച്ചു. 'പ്രധാനമന്ത്രിക്ക്' എന്ന് അവയ്ക്ക് പുറത്ത് സൂക്ഷ്മതയോടെ രേഖപ്പെടുത്തി, മൗണ്ട്ബാറ്റണ്‍. തിരികെ ഹൈക്കമ്മിഷന്‍ വഴിയായിരുന്നു നെഹ്‌റുവിന്റെ മറുപടികള്‍. അവ വരാന്‍ വൈകുമ്പോള്‍ പ്രണയബാധിതയായ കൗമാരക്കാരിയെപ്പോലെ അവര്‍ അസ്വസ്ഥയായി. നിരന്തരമായ കത്തിടപാടുകളും ഇടയ്ക്കിടെ പരസ്പരം നടത്തുന്ന സന്ദര്‍ശനങ്ങളും; സത്യത്തില്‍ അടുത്തതിനു ശേഷം അവര്‍ പിരിഞ്ഞിരുന്നതേയില്ല. ''ഞാന്‍ അഭിലഷിച്ചതെല്ലാം നിങ്ങളെനിക്കു തന്നു, സന്തോഷം, സംതുലനം, എന്തിന് ദുഃഖം പോലും'' എന്ന് എഡ്വിന.

ഒരിക്കല്‍ മസ്തിഷ്‌ക രക്തസ്രാവം മൂലം മരണത്തിന്റെ വക്കിലോളമെത്തിയ ദിനങ്ങളില്‍ എഡ്വിന ജവഹര്‍ലാലിന്റെ കത്തുകള്‍ സൂക്ഷിക്കാനേല്‍പ്പിച്ചത് മൗണ്ട്ബാറ്റണെയാണ്. അതിനെക്കുറിച്ച് പിന്നീടൊരു കുമ്പസാരം പോലെ മൗണ്ട്ബാറ്റണുതന്നെ എഴുതുന്നുണ്ട് അവര്‍; ''ആ കത്തുകളില്‍ ചിലതെല്ലാം ഒരര്‍ഥത്തില്‍ പ്രണയ ലേഖനങ്ങള്‍ തന്നെയാണ്. ഞങ്ങള്‍ തമ്മിലുള്ള ഈ അസാധാരണ ബന്ധത്തെപ്പറ്റി നിങ്ങള്‍ക്കറിയാമല്ലോ. ജെ എന്റെ ജീവിതത്തില്‍ എന്തൊക്കെയോ ആണ്. ഞാന്‍ അദ്ദേഹത്തിനും അങ്ങനെ തന്നെയാവണം. ഞങ്ങളുടെ കൂടിക്കാഴ്ചകള്‍ വിരളവും ഹ്രസ്വവുമായിരിക്കാം, പക്ഷേ ഈ ഭൂമിയില്‍ രണ്ടു മനുഷ്യ ജീവികള്‍ക്ക് എത്രത്തോളം പരസ്പരം അറിയാനാവുമോ അത്രത്തോളം ഞങ്ങള്‍ അറിഞ്ഞിട്ടുണ്ടാവണം'' 

വസന്തകാലങ്ങളില്‍ പതിവുള്ള, നെഹ്‌റുവുമായുള്ള സമാഗമത്തിനു ശേഷം ബോര്‍നിയോയിലേക്കു പോയ എഡ്വിനയെ, ഒരു ദിവസം പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജവഹര്‍ലാലിന്റെ കത്തുകള്‍ അവര്‍ക്കൊപ്പം കിടക്കയില്‍ ചിതറിക്കിടന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com