''അയാള്‍ക്കെന്തെങ്കിലും പ്രശ്‌നമുണ്ടാവും''; അത് അച്ഛനില്‍നിന്നു കിട്ടിയതാണ്

ഇവിടെ സ്‌നേഹസ്മൃതികളുടെ ഒരു തിലാഞ്ജലി. ഒപ്പം ഹരികുമാര്‍, അച്ഛന്‍ ഇടശ്ശേരിയെക്കുറിച്ചെഴുതിയ സ്‌നേഹചിത്രവും.
''അയാള്‍ക്കെന്തെങ്കിലും പ്രശ്‌നമുണ്ടാവും''; അത് അച്ഛനില്‍നിന്നു കിട്ടിയതാണ്

എഴുത്തുവഴിയിലെ ഏകാകിയായിരുന്ന ഹരികുമാറിനെ 76-ാം വയസ്സില്‍ കോവിഡ് കൊണ്ടുപോയത് രണ്ടുവര്‍ഷം മുന്‍പത്തെ മാര്‍ച്ച് 24-നാണ്. ഭ്രമകല്പനയുടെ ഭ്രമണപഥങ്ങളില്‍ ഇന്ദ്രധനുസ്സുപോലെ തിളങ്ങുന്ന ക്രാഫ്റ്റിന്റെ ഇന്ദ്രജാലം തീര്‍ത്ത കഥാകാരനായിരുന്നു ഹരികുമാര്‍. ഇവിടെ സ്‌നേഹസ്മൃതികളുടെ ഒരു തിലാഞ്ജലി. ഒപ്പം ഹരികുമാര്‍, അച്ഛന്‍ ഇടശ്ശേരിയെക്കുറിച്ചെഴുതിയ സ്‌നേഹചിത്രവും.

രാക്ഷസകിരീടം ചൂടിയ കോവിഡ് ആട്ടക്കലാശം മതിയാക്കാത്ത ആപല്‍ദിനങ്ങള്‍. ഇടയ്ക്ക് കണ്ണീരുപ്പ് പുരട്ടാതെന്തിനു ജീവിതപലഹാരം എന്നെഴുതിയ ഇടശ്ശേരിയേയും കഥകളുടെ കനകമിനാരം പണിതുയര്‍ത്തിയ മകന്‍ ഹരികുമാറിനേയും ഇന്നേരം ആര്‍ദ്രമിഴികളോടെയേ ഓര്‍ക്കാനാവൂ. ഒറ്റപ്പാലം കയറാട്ട് തറവാട്ടില്‍ അച്ഛന്‍ അഡ്വ. ഗോപാലന്‍ നായരെ കാണാന്‍ പൊന്നാനിയില്‍നിന്നെത്താറുള്ള വക്കീല്‍ ഗുമസ്തനെ ആദ്യം കണ്ടതും അത് മഹാകവി ഇടശ്ശേരി ഗോവിന്ദന്‍ നായരാണെന്നു തിരിച്ചറിഞ്ഞപ്പോഴുണ്ടായ അത്യാഹ്ലാദവും കവി പി.ടി. നരേന്ദ്രമേനോന്‍ എന്ന പ്രിയപ്പെട്ട ബാബുവേട്ടന്‍ പലകുറി പങ്കുവെച്ചത് ഇപ്പോഴോര്‍ക്കുന്നു. ഇടശ്ശേരിയുടെ മകന്‍, പ്രിയപ്പെട്ട എഴുത്തുകാരന്‍ ഹരികുമാര്‍ കോവിഡിന്റെ ഇരയായി നമുക്കിടയില്‍നിന്നു പോയിട്ട് രണ്ടു വര്‍ഷമാകുന്നു. എഴുത്തുകാരുടെ സെല്‍ഫ് പ്രമോഷനുകളുടേയും അവര്‍ക്കു പ്രസാധകരും സ്തുതിപാഠകരും ചാര്‍ത്തിക്കൊടുക്കുന്ന ബിഗ് ഓഫറുകളുടേയും കാലത്ത്, എല്ലാത്തരം ക്ലിക്കുകളില്‍നിന്നും വേറിട്ടുനിന്ന ഏകാന്തപഥികനായ പ്രതിഭാധനനായിരുന്നു, ഹരികുമാര്‍. അദ്ദേഹത്തിന്റെ കഥാശീര്‍ഷകങ്ങള്‍ക്കുപോലും എന്തൊരു ചാരുത? കഥാപരിസരങ്ങളും കഥാപാത്രങ്ങളുമെല്ലാം ഇപ്പോഴും മനസ്സില്‍ നൃത്തം ചവിട്ടുന്നു. ശ്രീപാര്‍വ്വതിയുടെ പാദം (നമ്പൂതിരിയുടെ ഉജ്ജ്വലമായ ഇല്ലസ്ട്രേഷന്‍ ഉള്ളിലിന്നുമൊരു മായാരേഖ), ദിനോസറിന്റെ കുട്ടി, വൃഷഭത്തിന്റെ കണ്ണ്, കീ ബോര്‍ഡിലൂടെ ഒരു വിപ്ലവം, ഒരു സമസ്യയുടെ പൊരുള്‍ തേടി, ഇടയ്ക്കയുടെ ശബ്ദം, കുങ്കുമം വിതറിയ വഴികള്‍, കാനഡയില്‍ നിന്നൊരു രാജകുമാരി, ഉറങ്ങുന്ന സര്‍പ്പങ്ങള്‍, ഇളവെയിലിന്റെ സാന്ത്വനം, പച്ചപ്പയ്യിനെ പിടിക്കാന്‍, കൂറകള്‍, ഷ്രോഡിങ്കറുടെ പൂച്ച... ഹരികുമാറിന്റെ കഥകള്‍ കലാകൗമുദിയില്‍ വായിച്ച് ത്രില്ലടിച്ച കാലത്ത്, എറണാകുളത്തെ സഹൃദയനായ അഭിഭാഷകന്‍, അന്തരിച്ച അഡ്വ. എം. കൃഷ്ണകുമാറിന്റെ വീട്ടിലെ ഒരു രാത്രിവിരുന്നിലാണ് ഹരികുമാറിനെ പരിചയപ്പെട്ടത്. കൃഷ്ണകുമാറും ഭാര്യ ശോഭയും ഹരികുമാറിന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളായിരുന്നു. ഹരികുമാറിന്റെ ഏതാണ്ട് എല്ലാ കഥകളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന മികച്ച ആസ്വാദനഗ്രന്ഥവും കൃഷ്ണകുമാര്‍ എഴുതിയിട്ടുണ്ട്. നല്ല വായനക്കാരനായിരുന്ന കൃഷ്ണകുമാര്‍, ഹരികുമാറിന്റെ കഥകളിലെ കല്പനകളുടെ ആരാധകനുമായിരുന്നു. പല കഥകളും കൃഷ്ണകുമാറിനു കാണാപ്പാഠവുമായിരുന്നു. കൊച്ചിന്‍ കലാപീഠത്തിനു സമീപമുള്ള കൃഷ്ണകുമാറിന്റെ വീട്ടില്‍ ഹരികുമാറിനോടൊത്തുള്ള എന്റെ അവസാന കൂടിക്കാഴ്ചയുമായിരുന്നു അത്. ഹരികുമാറിനു പിറകെ കൃഷ്ണകുമാറും കാലത്തിന്റെ മറുതീരത്തേക്ക് യാത്രയായി. ഹരികുമാറിന്റെ കഥയെഴുത്തിലെ ചേതോഹാരിത, കാവ്യാത്മകത, ബിംബകല്പന, ഇമേജറികള്‍... എല്ലാറ്റിനും അദ്ദേഹത്തിന്റെ കഥകളും നോവലുകളും (എന്‍ജിന്‍ ഡ്രൈവറെ സ്‌നേഹിച്ച പെണ്‍കുട്ടി, അയനങ്ങള്‍, പ്രണയത്തിനൊരു സോഫ്റ്റ്വെയര്‍, ആസക്തിയുടെ അഗ്‌നിനാളങ്ങള്‍, തടാകതീരത്ത്, ഉറങ്ങുന്ന സര്‍പ്പങ്ങള്‍, അറിയാതലങ്ങളിലേക്ക്, ഒരു കുടുംബപുരാണം, കൊച്ചമ്പ്രാട്ടി) തന്നെ സാക്ഷ്യം പറയും. അച്ഛന്‍ ഇടശ്ശേരിയില്‍നിന്നും കഥയെഴുത്തുകാരിയും പരിഭാഷകയുമായിരുന്ന അമ്മ ഇ. ജാനകിയമ്മയുടേയും പാരമ്പര്യത്തിന്റെ കുളിരല കൂടി ഹരികുമാറിലെ പ്രതിഭയെ തിടം വയ്പിച്ചു. 


ഇടവപ്പാതിയില്‍ ഒരു രാത്രിമഞ്ഞിന്റെ മണവുമുയര്‍ത്തി പുതുമഴ പെയ്തപ്പോള്‍ മാധവി തറവാട്ടിലെ മരങ്ങള്‍ ഓര്‍ത്തു. നാലുകെട്ടിന്റെ മുകളിലെ ജനലില്‍ക്കൂടി നോക്കുമ്പോള്‍ മഴ തകര്‍ത്തുപെയ്യുന്നതും കാറ്റില്‍ മരങ്ങളുടെ ചില്ലകള്‍ ഉലയുന്നതും തെങ്ങിന്‍ തലപ്പുകള്‍ ആടുന്നതും കാണാം. കാറ്റ് മരങ്ങള്‍ക്കിടയിലൂടെ ചീറിയടിക്കുന്നതിന്റേയും ശബ്ദം. ഇതിനെല്ലാം മീതെ കടലിന്റെ ഇരമ്പവും. (ശ്രീപാര്‍വ്വതിയുടെ പാദം). 

ഇടശ്ശേരിയെക്കുറിച്ച്, മകന്‍ ഹരികുമാറെഴുതിയ കണ്ണീരോര്‍മ്മ 

ഇടശ്ശേരിയെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത് ഇടനാഴിയിലെ മങ്ങിയ വെളിച്ചത്തില്‍ വച്ചിരുന്ന അലമാറിയില്‍വച്ചായിരുന്നു. എനിക്ക് ആറോ ഏഴോ വയസ്സു പ്രായമുണ്ടാവും. ഉച്ചഭക്ഷണം കഴിഞ്ഞാല്‍ പറമ്പില്‍ ഓടിക്കളിക്കാന്‍ വേനല്‍ച്ചൂട് സമ്മതിക്കാത്ത ദിവസങ്ങളില്‍ ഞാന്‍ അലമാറി തുറന്ന് അതിലെ പുസ്തകങ്ങള്‍ പരതാറുണ്ട്. മരംകൊണ്ടുള്ള ആ അലമാറിയുടെ പുസ്തകഗന്ധം ശ്വസിച്ചുകൊണ്ട് ഞാന്‍ മണിക്കൂറുകളോളം വിരസത മറന്ന് പുസ്തകങ്ങളുടെ അദ്ഭുതലോകത്തില്‍ ലയിച്ച് ഇരിക്കാറുണ്ട്. ഒപ്പം സതീശേട്ടനുമുണ്ടാവും. ഓരോ പുസ്തകവും ഓരോ ലോകമാണ്. പുറംചട്ടയിലെ ചിത്രംതൊട്ട് അവസാന പേജുവരെ, പിന്നെ പുറംചട്ടയില്‍ കൊടുത്തിട്ടുള്ള വിവരണങ്ങള്‍ വരെ മറിച്ചുനോക്കും. നോക്കുംതോറും ആ പുസ്തകങ്ങള്‍ രചിച്ചവരോടുള്ള ആദരവുകൊണ്ട് മനസ്സു നിറയും. അന്ന് എന്റെ വായന തുടങ്ങിയിട്ടുണ്ടായിരുന്നില്ല. പിന്നീടെപ്പോഴൊ സതീശേട്ടനാണ് എന്നെ വായനയിലേയ്ക്ക് കൊണ്ടുവന്നത്.
അങ്ങനെ പരതുന്നതിനിടയിലാണ് ഞങ്ങള്‍ 'അളകാവലി' കാണുന്നത്. മുകളിലെ തട്ടില്‍ പിന്നിലായി ഒളിപ്പിച്ചുവെച്ച മട്ടില്‍ രണ്ടട്ടിയായി പുതിയ പുസ്തകങ്ങള്‍. 'അളകാവലി'യുടെ കോപ്പികള്‍. രണ്ടുനിറത്തിലുള്ള പുറംചട്ടയാണുണ്ടായിരുന്നത്. ഇളം നീലയും ഇളം ചുവപ്പും. മുകളില്‍ അളകാവലി എന്നെഴുതിയിട്ടുണ്ട്. നടുവിലായി ഒരു പൂവിന്റെ ചിത്രം വളരെ ചെറുതായി കൊടുത്തിരിക്കുന്നു. ഏറ്റവും താഴെ ഇടശ്ശേരി എന്ന പേര്. അന്നുമുതല്‍ ഇടശ്ശേരി എന്ന പേര് എനിക്ക് ആദരസൂചകമായി. ഞങ്ങള്‍ ഓരോ കോപ്പി ഉടനെ എടുക്കുകയും സ്വന്തമാക്കുകയും ചെയ്തു. അന്ന് സതീശേട്ടന്‍ പേരും പഠിക്കുന്ന ക്ലാസ്സും സ്‌കൂളും ആദ്യത്തെ പേജില്‍ എഴുതി സ്വന്തമാക്കിയ പുസ്തകം ഇപ്പോള്‍ എന്റെ കയ്യിലുണ്ട്. 

ഇടശ്ശേരി

സാഹിത്യകാരന്മാര്‍ ആദരിക്കപ്പെടേണ്ടവരാണെന്ന വിശ്വാസം വന്നത് അച്ഛനേയും അച്ഛന്റെ സ്‌നേഹിതന്മാരായ എഴുത്തുകാരേയും കണ്ടപ്പോഴാണ്. വളരെ സംശുദ്ധമായ ജീവിതം നയിക്കുന്നവരായിരുന്നു അവരെല്ലാം. വി.ടി. ഭട്ടതിരിപ്പാട്, പി.സി. മ്മാമ (ഉറൂബ്), അക്കിത്തം, കടവനാട് കുട്ടികൃഷ്ണന്‍, എം. ഗോവിന്ദന്‍, എന്‍. ദാമോദരന്‍ തുടങ്ങിയ എഴുത്തുകാരെല്ലാവരും മാതൃകാജീവിതമാണ് നയിച്ചിരുന്നത്. അങ്ങനെയല്ലാത്തവരുമുണ്ടായിരുന്നു. പക്ഷേ, അവരുടെ ജീവിതത്തിന്റെ ചീത്ത വശം ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല, അല്ലെങ്കില്‍ അതു മനസ്സിലാവാന്‍ മാത്രം ഞങ്ങള്‍ വളര്‍ന്നിരുന്നുമില്ല. 'അളകാവലി'യുടെ ഇത്രയധികം കോപ്പികള്‍ അലമാറിയിലിരിക്കുന്നത് ഒരിക്കല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അച്ഛന്‍ നിശ്ശബ്ദനായി. എന്തോ വേദനിപ്പിക്കുന്ന ഒരോര്‍മ്മ അദ്ദേഹത്തെ അലട്ടിയപോലെ തോന്നി. അതെന്താണെന്ന് വളരെ പിന്നീടാണ് മനസ്സിലായത്. തിക്തമായൊരനുഭവത്തിന്റെ ഓര്‍മ്മയായിരുന്നു അത്. അച്ഛന്റെ ആദ്യസമാഹാരമാണ് അളകാവലി. വളരെയധികം മോഹിച്ച്, സ്‌നേഹിതന്മാരുടെ പ്രോത്സാഹനത്തോടെയാണ് ആ പുസ്തകം മാതൃഭൂമിയില്‍ അച്ചടിക്കാന്‍ കൊടുത്തത്. അച്ഛന്റെ ഭാഷയില്‍ത്തന്നെ പറയട്ടെ.

അതേവരെ എഴുതിയിരുന്ന ഖണ്ഡകവിതകളില്‍നിന്നു തെരഞ്ഞെടുത്ത കുറെ കൃതികള്‍ 'അളകാവലി' എന്ന പേരില്‍ പുസ്തകമാക്കി. അതേവരെയും പിന്നീടു മുഖ്യമായും എന്റെ കവിതകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന മാതൃഭൂമിയാണ് അച്ചടി നിര്‍വ്വഹിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചേര്‍ക്കുന്ന കവിതകള്‍ക്കു ചുരുങ്ങിയ തോതിലെങ്കിലും പ്രതിഫലം തരാന്‍ തുടങ്ങിയിരുന്നു. അങ്ങനെ ഈട്ടംകൂടിയിരുന്ന കാശും അന്നന്നു ഹരജികള്‍ എഴുതിക്കൊടുത്തു കിട്ടിയ കാശുംകൊണ്ട് അച്ചടിക്കൂലി തീരാതെ വളരെക്കാലം ആ പുസ്തകങ്ങള്‍ പ്രസ്സിലെ ഗര്‍ഭഗൃഹത്തില്‍ കിടന്നു. മാനേജര്‍ കൃഷ്ണന്‍ നായര്‍ സദയം വിട്ടുതന്ന 25 കോപ്പികള്‍ കേരളത്തിലെ പ്രമുഖ കവികള്‍ക്കും എന്റെ ചില സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തു ഞാന്‍ കവിപ്രതിഷ്ഠ നേടി, ഭാവിഭാഗ്യങ്ങളെ സ്വപ്നം കാണാനുള്ള അര്‍ഹത സമ്പാദിച്ചു. എന്റെ ഒരു മിത്രം, ഇ.പി. സുമിത്രന്‍ (മാസ്റ്റര്‍) ഇതിനിടയ്ക്ക് മാനേജരെ സമീപിച്ച് 100 കോപ്പിയെങ്കിലും വിട്ടുതരാനപേക്ഷിച്ചു. അതു വിറ്റ് അച്ചടിക്കൂലി തീര്‍ത്ത് ബാക്കി പുസ്തകങ്ങള്‍ കൈക്കലാക്കാമെന്നായിരുന്നു പ്ലാന്‍. സത്യത്തിന്നു നേരുനീക്കം വരുത്താത്ത മാനേജര്‍ സാനുഭാവം അന്വേഷിച്ചു.
''മാസ്റ്റരുടെ കയ്യില്‍ എത്ര സംഖ്യയുണ്ട്?''
''തല്‍ക്കാലം ഒന്‍പതുറുപ്പിക.''
''എന്നാല്‍, അതടച്ചു തല്‍ക്കാലം 12 പുസ്തകം വാങ്ങിക്കോളൂ. അതു വിറ്റ വില ഒന്‍പതു ക. വീണ്ടും അടച്ചാല്‍ 12 പുസ്തകം കൂടി എടുക്കാം. അങ്ങനെ ക്രമേണ എല്ലാ പുസ്തങ്ങളും വിട്ടെടുക്കാമല്ലോ.''
മാസ്റ്റര്‍ ആ സൗമനസ്യവും 12 പുസ്തകങ്ങളും വാങ്ങിപ്പോന്നു. പിന്നീടൊരിക്കല്‍ എസ്.കെ. പൊറ്റക്കാട്ട് ഈ വിവരമറിഞ്ഞു പ്രസ്സില്‍ പോയി എന്റെ കടം വീട്ടിയപ്പോഴേക്ക് ഏറെക്കാലം കഴിഞ്ഞിരുന്നുവെങ്കിലും മാനേജര്‍ പലിശ വസൂലാക്കിയില്ല!...
അതായിരുന്നു 'അളകാവലി'യുടെ വ്യസനകരമായ കഥ. 1940-ല്‍ 33-ാം വയസ്സില്‍
''മര്‍ത്ത്യന്‍ സുന്ദരനാണ് കാരണമുയിര്‍
കൊള്ളും വികാരങ്ങള്‍തന്‍
നൃത്യത്തിന്നുമുതിര്‍ക്കുവാന്‍ സ്വയമണി
ഞ്ഞിട്ടോരരങ്ങാണവന്‍''
എന്നെഴുതാന്‍ മാത്രം വളര്‍ന്ന കവി, ആ കവിത 'സൗന്ദര്യാരാധന' ഉള്‍ക്കൊള്ളുന്ന തന്റെ ആദ്യത്തെ പുസ്തകം അച്ചടിക്കാനും വില്‍ക്കാനും നടത്തിയ ശ്രമങ്ങളും അദ്ധ്വാനവും ഒരുപക്ഷേ, ആരും അറിഞ്ഞിട്ടുണ്ടാവില്ല. അനുഭവിച്ച പീഡനങ്ങളുടെ കഥകളൊന്നും അദ്ദേഹം മക്കളോട് പറഞ്ഞിട്ടില്ല. അവയെപ്പറ്റി കുറെയൊക്കെ അറിയുമായിരുന്ന അമ്മയും ഒന്നും പറയുകയുണ്ടായില്ല. അതിന്റെ ശേഷപത്രമായിരുന്നു അലമാറിയില്‍ കണ്ട കോപ്പികള്‍. വളരെ പ്രതികൂലമായ സാഹചര്യങ്ങളും നര്‍മ്മത്തോടെ നേരിടാനുള്ള അച്ഛന്റെ കഴിവിന്റെ ഒരുദാഹരണമാണ് ഇത്.

അളകാവലിയുടെ കണ്ടുപിടുത്തത്തിനു ശേഷം എന്റെ ജീവിതവീക്ഷണം പാടെ മാറിയിരുന്നു. ഇടശ്ശേരി എന്നത് ആദരവര്‍ഹിക്കുന്ന ഒരു പേരാണെന്നും അതിനു കളങ്കം വരുത്തുന്ന ഒരു കാര്യവും ചെയ്യരുതെന്നും എന്റെ മനസ്സില്‍ ഉറച്ചത് അതിനുശേഷമാണ്. ആ പവിത്രമായ ഓര്‍മ്മ അധാര്‍മ്മികമായ ഒന്നും ചെയ്യാതിരിക്കാന്‍ ഇന്നും എന്നെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. എന്തുകാര്യം ചെയ്യുമ്പോഴും ഞാന്‍ ആദ്യം ഓര്‍ക്കുന്നത് അച്ഛനെയാണ്. നല്ല കാര്യം ചെയ്താലും ചീത്തപ്പേര്‍ കിട്ടുമെന്ന് ഇന്ന് എനിക്കനുഭവമാണ്. ആത്മാര്‍ത്ഥതയില്ലാത്ത ചിലര്‍ തല്‍ക്കാല ലാഭം കൊയ്യാനോ എന്നോടുള്ള ദേഷ്യം തീര്‍ക്കാനോ ഒന്നുമല്ലെങ്കില്‍ പത്രങ്ങളില്‍ക്കൂടി അല്പം പേരെടുക്കാനോ വേണ്ടി എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍, വേദനയുണ്ടെങ്കിലും ഞാന്‍ സമാധാനിക്കുന്നത് 'അയാള്‍ക്കെന്തെങ്കിലും പ്രശ്‌നമുണ്ടാവു'മെന്നോര്‍ത്താണ്. എന്റെ പല കഥാപാത്രങ്ങളും ആവര്‍ത്തിച്ചു പറയുന്ന ഒരു വാചകമാണ് ''അയാള്‍ക്കെന്തെങ്കിലും പ്രശ്‌നമുണ്ടാവു''മെന്നത്. ഈ മനോഭാവം എനിക്കു കിട്ടിയത് അച്ഛനില്‍നിന്നാണ്. നമ്മെ ഒരു കാരണവുമില്ലാതെ കുത്തി വേദനിപ്പിക്കുന്നവരെപ്പോലും സഹാനുഭൂതിയോടെ കാണുക.

അച്ഛന്റെ സുഹൃത്തുക്കളായ ധാരാളം സാഹിത്യകാരന്മാര്‍ വീട്ടില്‍ വന്നിരുന്നെങ്കിലും ഞങ്ങള്‍ക്ക് ഓര്‍മ്മവെച്ച കാലംതൊട്ട് ആദ്യമുണ്ടായിരുന്ന സാഹിത്യസമാജങ്ങള്‍ നടന്നിരുന്നില്ല. കുട്ടികൃഷ്ണമാരാരും മറ്റും പുത്തില്ലത്ത് സ്ഥിരം വന്നിരുന്ന ഒരുകാലത്തെപ്പറ്റി ഞങ്ങള്‍ക്കു കേട്ടറിവേയുള്ളൂ. പല സാഹിത്യകാരന്മാരേയും ഞാന്‍ കണ്ടിട്ടുള്ളത് അച്ഛന്റെ അതിഥികളായിട്ടാണ്. വി.ടി. ഭട്ടതിരിപ്പാടിന്റെ കുലുങ്ങിച്ചിരി ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. അവര്‍ സംസാരിക്കുമ്പോള്‍ ഞങ്ങള്‍ ദൂരെ മാറിനിന്നു നോക്കും. രാത്രിഭക്ഷണം കഴിഞ്ഞാലും അവരുടെ സംസാരം തുടരും. പിറ്റേന്നു രാവിലെ എഴുന്നേറ്റു നോക്കുമ്പോള്‍ ഉമ്മറത്ത് ചിതറിക്കിടക്കുന്ന ബീഡിക്കുറ്റികളും തീപ്പെട്ടിക്കോലുകളും വെറ്റിലഞെട്ടിയും അവരുടെ രാത്രി സമ്മേളനത്തിന്റെ ഭീകരത വെളിപ്പെടുത്തും. ചിലപ്പോള്‍ രാത്രി പോകാന്‍ പറ്റാതിരുന്നവര്‍ ഉമ്മറത്തിട്ടിരുന്ന നീണ്ട മേശമേലോ ബെഞ്ചിലോ മൂടിപ്പുതച്ചു കിടന്നുറങ്ങുന്നുണ്ടാവും.

അച്ഛന്‍ നാട്ടുകാരുമായി പങ്കുവെയ്‌ക്കേണ്ട ഒരു പൊതുസ്വത്താണെന്ന് വളരെ ചെറുപ്പത്തിലേ മക്കള്‍ക്ക് മനസ്സിലായിരുന്നു എന്ന് എന്റെ അനുജന്‍ മാധവന്‍ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. കാര്യം ശരിയായിരുന്നു. അതു മനസ്സിലാക്കിയപ്പോഴായിരിക്കണം ഞാന്‍ സാഹിത്യരചന തുടങ്ങിയത്. അച്ഛന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരുപാധിയായി, ഒരു കലയായി ഞാനതിനെ വളര്‍ത്തിയെടുത്തു. കഥയെഴുതി അച്ഛനെ കാണിക്കുക, അച്ഛന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അതു തിരുത്തുകയോ മാറ്റി എഴുതുകയോ ചെയ്തു വീണ്ടും വായിച്ചു കേള്‍പ്പിക്കുക. ഇങ്ങനെ അച്ഛനുമായി ഇടപഴകാന്‍ മറ്റു മക്കള്‍ക്കു ലഭിക്കുന്നതിനേക്കാള്‍ അവസരം ലഭിക്കുക. എന്റെ ഉദ്ദേശ്യം മറ്റുള്ളവര്‍ മണത്തറിഞ്ഞെന്നു തോന്നുന്നു. അവര്‍ എന്റെ സാഹിത്യരചന ഒരു ദേശീയദുരന്തമായി പ്രഖ്യാപിച്ചു, അതില്‍ പങ്കാളികളായി. അങ്ങനെ അച്ഛനില്‍നിന്ന് എനിക്കുമാത്രം കിട്ടുമായിരുന്ന സൗഭാഗ്യം എന്റെ സഹോദരങ്ങളുമായി പങ്കിടേണ്ടിവന്നു. അതുകൊണ്ടുകൂടിയായിരിക്കണം അച്ഛന്റെ മക്കളില്‍ ഒരാള്‍മാത്രം എഴുത്തുകാരനായത്. ഞാന്‍ എഴുതിത്തുടങ്ങിയ കാലത്ത് രണ്ടോ മൂന്നോ വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഏറ്റവും താഴെയുള്ള അനുജത്തി ഉഷ മാത്രം ഇപ്പോള്‍ കഥയെഴുതാന്‍ ധൈര്യം കാണിക്കുന്നുണ്ട്. സാഹിത്യരചന മാത്രമല്ല, അച്ഛന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഞാന്‍ ഉപയോഗിച്ചത്. നാടകാഭിനയവും. അതെന്റെ രണ്ടാമത്തെ തുരുപ്പുചീട്ടായിരുന്നു. 'കൂട്ടുകൃഷി'യില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടില്ല. പക്ഷേ, മറ്റു പല നാടകങ്ങളിലും എനിക്ക് സ്ത്രീ കഥാപാത്രങ്ങളുടെ ഭാഗം അഭിനയിക്കാന്‍ കിട്ടിയിട്ടുണ്ട്. നാടകാഭിനയത്തേക്കാള്‍ എനിക്കിഷ്ടമായത് റിഹേഴ്‌സല്‍ സമയമാണ്. അച്ഛനും കുറുപ്പേട്ടനെന്നു ഞങ്ങള്‍ വിളിക്കുന്ന ടി. ഗോപാലക്കുറുപ്പുമാണ് ഡയറക്ടര്‍മാര്‍. തൃപ്തിപ്പെടുത്താന്‍ വളരെ വിഷമമായ കണിശക്കാര്‍. ഓരോ നടനും എങ്ങനെയാണ് സ്റ്റേജില്‍ നില്‍ക്കേണ്ടത്, ഇരിക്കേണ്ടത്, പെരുമാറേണ്ടത്, സംസാരിക്കേണ്ടത് എന്നെല്ലാം അവര്‍ കാണിച്ചുതരും. കുറുപ്പേട്ടന്‍ നല്ലൊരു നടനുമായിരുന്നു. അച്ഛന്റെ പല നാടകങ്ങളും അദ്ദേഹത്തിന്റെ അഭിനയചാതുരികൊണ്ട് പ്രശംസിക്കപ്പെട്ടിരുന്നു.

സ്‌കൂള്‍ വിട്ടാല്‍ വീട്ടിലെത്തി കുളിച്ചു ചായകുടിച്ച് ഞാനും സതീശേട്ടനും കൃഷ്ണപ്പണിക്കര്‍ വായനശാലയിലേയ്‌ക്കോടും. അവിടെ ഞങ്ങളെപ്പോലെ താല്പര്യമുള്ള ചെറുപ്പക്കാര്‍ അച്ഛനേയും കുറുപ്പേട്ടനേയും കാത്തുനില്‍ക്കുന്നുണ്ടാവും. ഇ. രാമന്‍ മാസ്റ്റര്‍, പി. കൃഷ്ണവാരിയര്‍ മാസ്റ്റര്‍, മാധവന്‍ മാസ്റ്റര്‍, ദേവസ്സി മാസ്റ്റര്‍, എന്‍.പി. കുമാരന്‍, പി.കെ. ഗോപാലമേനോന്‍, വടക്കത്ത് ഭാസ്‌കരന്‍, മിഷ്യന്‍ സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന വര്‍ഗ്ഗീസ് മാസ്റ്ററുടെ മക്കള്‍. ചിലപ്പോള്‍ അച്ഛന്റെ സഹചാരിയായിരുന്ന നാരായണന്‍ വൈദ്യരും വരും. എത്തിയ ഉടനെ അച്ഛന്‍ പറയും: ''രാമ്മാഷെ ഒരു ചായ വേണം.'' രാമന്‍ മാസ്റ്റര്‍ അച്ഛനു മകനെപ്പോലെയാണ്. അച്ഛന്റെ ഏറ്റവും ഉറ്റ സുഹൃത്തും അച്ഛനെ അസൂയപ്പെടുത്തുമാറ് നല്ല കവിതകളെഴുതുകയും വളരെ ചെറുപ്പത്തില്‍ അന്തരിക്കുകയും ചെയ്ത ഇ. നാരായണന്റെ അനുജനാണ് രാമന്‍ മാസ്റ്റര്‍. (ഇ. നാരായണന്റെ 'ഇടയന്റെ നിക്ഷേപം' എന്ന കവിതാസമാഹാരം മാത്രമെ അദ്ദേഹം ഓര്‍മ്മയ്ക്കായി ബാക്കിവെച്ചിട്ടുള്ളൂ.) നിമിഷങ്ങള്‍ക്കുള്ളില്‍ എതിര്‍വശത്തുള്ള ചായക്കടയില്‍നിന്ന് എല്ലാവര്‍ക്കും ചായയെത്തും. കുറുപ്പേട്ടനുമെത്തിയാല്‍ അന്നന്നത്തെ മൂഡനുസരിച്ച് ഒന്നുകില്‍ എ.വി. ഹൈസ്‌കൂളിലോ മിഷ്യന്‍ സ്‌കൂളിലോ റിഹേഴ്‌സലിനായി പോകുന്നു. സംവിധായകരായ അച്ഛന്റേയും കുറുപ്പേട്ടന്റേയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഉയരാന്‍ അഭിനേതാക്കളായ ഞങ്ങള്‍ പാടുപെട്ട് റിഹേഴ്‌സല്‍ നടന്നുകൊണ്ടിരിക്കെ വീണ്ടും ചായ വരുന്നു. ഒറ്റയ്ക്കല്ല, ഒന്നുകില്‍ പപ്പടവട, അല്ലെങ്കില്‍ പരിപ്പുവടയുടെ അകമ്പടിയോടെ. സത്യം പറയട്ടെ, ഈ ചായയും ഒപ്പം വരുന്ന 'കടി'യുമായിരുന്നു റിഹേഴ്‌സലുകളുടെ കാതലായ ചൈതന്യം.

ഈ തിരക്കിനിടയിലും മക്കളോടൊത്ത് കുറച്ചു സമയമെങ്കിലും ചെലവാക്കാന്‍ അച്ഛന്‍ ശ്രദ്ധിക്കാറുണ്ട്. അവധിദിനങ്ങളിലോ അതിരാവിലെ മറ്റു പ്രാരബ്ധങ്ങള്‍ അലട്ടാത്ത ദിവസങ്ങളിലോ അച്ഛന്‍ ഞങ്ങളോടൊപ്പം തോട്ടപ്പണിക്കു ചേരാറുണ്ട്. പറമ്പിന്റെ ഏതോ കാണാമൂലയില്‍നിന്നു ഞാന്‍ പറിച്ചെടുത്ത പാഴ്ചെടികള്‍ തോട്ടത്തില്‍ നട്ടത് സാനുഭാവം വീക്ഷിച്ച്, ആരോഗ്യമുണ്ട് എന്ന ഒരേയൊരു കാരണത്താല്‍ അതില്‍നിന്നു പൂവോ കായോ പ്രതീക്ഷിക്കുന്ന എന്നെ 'ഓ വങ്കാ!' എന്ന ഭാവത്തില്‍ അച്ഛന്‍ നോക്കും. അന്നു ഞാന്‍ 'മുള്ളന്‍ചീര' എന്ന കവിത വായിച്ചിട്ടില്ല. വായിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ, ''വിജയിക്ക മേല്‍ക്കുമേല്‍ ക്രൗര്യമേ, സംസ്‌കാര വിഭവത്തിലെന്നുടെ പൈതൃകം നീ'' എന്നു പാടാനുള്ള അവസരം അച്ഛന്‍ തന്നില്ല. അദ്ദേഹം ആ ചെടികള്‍ പറിച്ചുകളയാറില്ല.

എതിര്‍ദിശയില്‍ വ്യാപരിച്ചിരുന്ന രണ്ടു വ്യക്തികള്‍ അച്ഛന്റെ സ്‌നേഹിതന്മാരായി ഉണ്ടായിരുന്നു. ഒന്ന് യുക്തിവാദിയായ എം.സി. ജോസഫ്. മറ്റേത് പ്രഗത്ഭനായ ജ്യോതിഷി ടി.വി. ശൂലപാണിവാരിയര്‍. എം.സി. ജോസഫ് ഒന്നിലധികം തവണ വീട്ടില്‍ വന്നു താമസിച്ചത് എനിക്കോര്‍മ്മയുണ്ട്. ഒരിക്കല്‍ അദ്ദേഹം വെളിച്ചപ്പാടിന് എങ്ങനെ കലി വരുന്നു എന്ന് അഭിനയിച്ചു കാണിച്ചത് ഞാനോര്‍ക്കുന്നു. എല്ലാം ശരിതന്നെ, പക്ഷേ, അച്ഛന് യുക്തിവാദികളോട് അധികം യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല. നമുക്കു ചുറ്റും കാണുന്ന പ്രതിഭാസങ്ങളെ നമുക്കു മനസ്സിലാവുന്നില്ല എന്നതുകൊണ്ട് മാത്രം അന്ധവിശ്വാസമായി തള്ളുന്നതിനോട് അച്ഛനു യോജിപ്പുണ്ടായിരുന്നില്ല. അതിന്റെ ഹേതു കണ്ടുപിടിക്കുകയാണ് വേണ്ടത്. ''എനിക്ക് യുക്തി മനസ്സിലാവും, പക്ഷേ, യുക്തിവാദം മനസ്സിലാവില്ല'' എന്ന് അച്ഛന്‍ പറയാറുണ്ട്. യുക്തിവാദം ഒരുതരം അന്ധവിശ്വാസമാണെന്നദ്ദേഹം പറയും. മറിച്ചാണ് ശൂലപാണിവാരിയര്‍. അദ്ദേഹത്തോട് സംസാരിക്കുക ഒരനുഭവമാണ്. ഞങ്ങളുടെ വാദങ്ങളെ അദ്ദേഹം ശ്രദ്ധയോടെ കേള്‍ക്കും, പിന്നീട് സ്വന്തം മക്കളോടെന്നപോലെ വാത്സല്യത്തോടെ കാര്യകാരണങ്ങള്‍ പറഞ്ഞു തന്നു ഞങ്ങളെ ബോധ്യപ്പെടുത്തും. ഒരുതരം അന്ധവിശ്വാസവുമില്ലാത്ത മനുഷ്യനാണ് ശൂലപാണിവാരിയര്‍. ജ്യോതിഷം ഒരു ശാസ്ത്രമാണെന്നും അതിനെ ശരിക്കുള്ള വീക്ഷണത്തില്‍ അപഗ്രഥിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വിശ്വസിച്ചു. ഒട്ടുമുക്കാലും കടന്നുകഴിഞ്ഞ എന്റെ ജീവിതത്തിലേയ്ക്ക് ഞാന്‍ നോക്കുന്നു. ശൂലപാണിവാരിയര്‍ എഴുതിയ ജാതകം അമ്മയുടെ കയ്യിലിരിക്കെ ഞാന്‍ അതു കാണാതെതന്നെ, അറിയാതെ അതൊരു തിരക്കഥയായി എടുത്ത് എന്റെ ജീവിതം നയിക്കുകയാണ് ചെയ്തത്. മറിച്ചു പറയുകയാണെങ്കില്‍ എന്റെ ജീവിതം ഉണ്ടായിട്ടുള്ളത് വാരരമ്മാവന്‍ പണ്ട് എഴുതിവെച്ച ജാതകത്തിന്റെ അടിസ്ഥാനത്തിലാണെന്ന്. 34-ാം വയസ്സില്‍ എന്റെ ജീവിതത്തില്‍ ഒരു വലിയ പ്രതിസന്ധിയുണ്ടാകുമെന്നും ആ സമയത്ത് എന്നെ താങ്ങേണ്ടിവരുമെന്നും അച്ഛന്‍ എന്റെ ഏറ്റവും താഴെയുള്ള അനുജന്‍ അശോകനോട് പറഞ്ഞിരുന്നത്രെ. എല്ലാം സംഭവിച്ചുകഴിഞ്ഞ ശേഷമാണ് അശോകന്‍ എന്നോടതു പറയുന്നത്. അങ്ങനെ ഒരു പ്രതിസന്ധി ശരിക്കുമുണ്ടായി. അതിനെപ്പറ്റി ഞാന്‍ മറ്റൊരിടത്ത് എഴുതിയിട്ടുണ്ട്. 'ദിനോസറിന്റെ കുട്ടി', 'ഒരു വിശ്വാസി' എന്നീ കഥകള്‍ ഈ അനുഭവങ്ങളെ ആസ്പദമാക്കിയാണ് എഴുതിയിട്ടുള്ളത്. ഈ രണ്ടു കഥകളും പ്രസിദ്ധീകരിച്ചത് കലാകൗമുദി വാരികയിലാണ്.

തിരക്കിനിടയിലും മക്കളില്‍ ഓരോരുത്തരുടേയും കാര്യങ്ങള്‍ അന്വേഷിക്കാന്‍ അച്ഛന്‍ സമയം കണ്ടെത്തിയിരുന്നുവെന്നത് എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അച്ഛന്‍ ഞങ്ങളുടെ കാര്യമൊന്നും ശ്രദ്ധിക്കാറില്ല എന്ന ധാരണയുണ്ടായിരുന്നു എനിക്ക്. പക്ഷേ, മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നുവെന്നു മാത്രമല്ല, അവരുടെ കാര്യത്തില്‍ വളരെയധികം മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്നും ഞങ്ങള്‍ക്കു പിന്നീട് മനസ്സിലായി. ഒരിക്കല്‍ തിരുനാവായ സര്‍വ്വോദയമേളയ്ക്കു പോയതായിരുന്നു ഞാനും സതീശേട്ടനും. മേളയില്‍ അച്ഛനുമുണ്ടായിരുന്നു. എന്തുകൊണ്ടോ പ്രസംഗം കഴിഞ്ഞപ്പോള്‍ അച്ഛന്‍ തിരിച്ചുപോയി. ഞങ്ങള്‍ രാമന്‍മാസ്റ്ററുടേയും മറ്റും ഒപ്പം എത്തിച്ചേരാമെന്നു പറഞ്ഞു. രാമന്‍മാസ്റ്ററും വര്‍ഗ്ഗീസ് മാസ്റ്ററുടെ മക്കളായ ജോണും പോളും ഞങ്ങളുടെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കുകയും ചെയ്തു. രാത്രി മുഴുവന്‍ പരിപാടിയുണ്ടായിരുന്നു. രാത്രി ഒന്‍പതു മണിയായപ്പോള്‍ ഞങ്ങള്‍ പോകുന്ന കാര്യം സൂചിപ്പിച്ചു. അപ്പോഴേയ്ക്ക് അവസാനത്തെ ബസും പോയിരുന്നു. ഇനി കലാപരിപാടികള്‍ മുഴുവന്‍ കണ്ട് പോകാമെന്ന് അവര്‍ സമാധാനിപ്പിച്ചു.

രാവിലെ ആദ്യത്തെ ബസ് പിടിച്ച് വീട്ടിലെത്തിയപ്പോള്‍ അമ്മ പരിഭ്രമിച്ചുകൊണ്ട് ചോദിച്ചു: ''എന്തേ ഇന്നലെത്തന്നെ വരാതിരുന്നത്?'' ഞങ്ങള്‍ കാര്യം പറഞ്ഞു. അമ്മ തുടര്‍ന്നു: ''അച്ഛന്‍ ദേഷ്യം പിടിച്ച് ഇരിക്ക്യാണ്. രാത്രി മുഴുവന്‍ ഉറങ്ങാതെ ഇരിക്ക്യായിരുന്നു. വേഗം പോയി നിങ്ങള് വന്നൂന്നു പറയൂ.''
അച്ഛന്‍ മുകളില്‍ കസേലയിലിരിക്കുകയായിരുന്നു. രാമന്‍ മാസ്റ്ററും മറ്റും നിര്‍ബ്ബന്ധിച്ചതുകൊണ്ടാണ് ഞങ്ങള്‍ വരാതിരുന്നത് എന്ന ന്യായമൊന്നും വിലപ്പോയില്ല. ചെകിടത്ത് രണ്ടടി കിട്ടിയപ്പോഴേയ്ക്കും വേദനയും ഉറക്കമൊഴിച്ചതിന്റെ ക്ഷീണവും കൂടി ഞാനവിടെ നിലത്തു കുഴഞ്ഞുവീണു. സതീശേട്ടനും അതേ സമ്മാനം കിട്ടിയിട്ടുണ്ടാകുമെന്ന അറിവ് എന്റെ വേദന ഒട്ടും കുറച്ചില്ല. വര്‍ഷങ്ങള്‍ക്കുശേഷം ഒരച്ഛനായപ്പോഴാണ് അന്ന് അദ്ദേഹം അനുഭവിച്ച മനക്ലേശം എന്താണെന്ന് എനിക്കു മനസ്സിലാവുന്നത്. അന്നു കിട്ടിയ ശിക്ഷ ഒട്ടും അധികമായിരുന്നില്ല. 
രാത്രി ഞങ്ങള്‍ ഊണുകഴിക്കുന്നിടത്ത് അച്ഛന്‍ വന്നിരിക്കാറുണ്ട്. ഞങ്ങള്‍ നിലത്തിരുന്നാണ് ഉണ്ണാറ്. ഓരോരുത്തരേയും അച്ഛന്‍ പ്രത്യേകം ശ്രദ്ധിക്കും. ഭക്ഷണം മതിയാകാത്ത എന്നെ നോക്കി അച്ഛന്‍ പറയും: ''ജാനു എന്റെ ഭീമസേനന് മതിയായിട്ടില്ലാന്ന് തോന്നുണു, കുറച്ചുകൂടി ചോറു വിളമ്പിക്കൊടുക്കു.'' ചില ദിവസങ്ങളില്‍ ഞങ്ങളുടെ ഊണു കഴിഞ്ഞാല്‍ അച്ഛന്റെ വക ഓരോ ഉരുളയും കിട്ടും.

അമ്മമ്മയുടെ എന്ത് ആഗ്രഹങ്ങളും ഒരു ആജ്ഞപോലെ എടുത്ത് നിറവേറ്റുന്നതില്‍ അച്ഛന്‍ ഉത്സാഹം കാണിച്ചിരുന്നു. ഞങ്ങളുടെ വീട് തട്ടിട്ടതായിരുന്നെങ്കിലും ഓലമേഞ്ഞതായിരുന്നു. പുതിയ തൊഴുത്തുണ്ടാക്കിയപ്പോള്‍ മേഞ്ഞ ഓടിന്റെ ചുവപ്പുനിറം നോക്കി അമ്മമ്മ നെടുവീര്‍പ്പിടും. വീട് ഓടുമേയുന്നതിനെപ്പറ്റി സൂചിപ്പിക്കും, അതുമതി. ഒരു മാസത്തിനുള്ളില്‍ കല്ലിറക്കുകയും കല്‍പ്പണിക്കാര്‍ വന്ന് വീടിന്റെ മുകള്‍ഭാഗം ഉയര്‍ത്താനുള്ള ജോലി തുടങ്ങുകയും ചെയ്യും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വീട് ഉയര്‍ത്തി വീണ്ടുമൊരു തട്ടിട്ട് ഓടു മേഞ്ഞിരിക്കും. കല്യാണത്തിനു മുന്‍പുള്ള ഏതാനും വര്‍ഷങ്ങള്‍ അച്ഛന്‍ പുത്തില്ലത്തായിരുന്നു താമസിച്ചിരുന്നത്. അക്കാലത്ത് അച്ഛന് വസൂരി വന്നപ്പോള്‍ അമ്മമ്മയാണ് ശുശ്രൂഷിച്ചിരുന്നത്.

ഞാന്‍ കല്യാണം കഴിഞ്ഞ് ദില്ലിയിലേയ്ക്കു പോയത് വിന്ററിന്റെ അവസാനത്തിലായിരുന്നു. വിന്റര്‍ കഴിഞ്ഞതോടെ ചൂട് കൂടിവന്നു. ഞങ്ങള്‍ താമസിച്ചിരുന്നത് സൗത്ത് എക്സ്റ്റന്‍ഷനില്‍ ഒരു ബര്‍സാത്തി (കെട്ടിടത്തിന്റെ ടെറസ്സിലുള്ള മുറി)യിലായിരുന്നു. ലളിതയ്ക്ക് ചൂടു താങ്ങാനായില്ല. അതറിഞ്ഞപ്പോള്‍ ചൂടിനെ ചെറുക്കാന്‍ നല്ലതാണെന്ന് പറഞ്ഞ് അച്ഛന്‍ കുറെ കൂവപ്പൊടി കൊടുത്തയക്കുകയുണ്ടായി. അതുപോലെ അവളെ രണ്ടൂമാസത്തേയ്ക്ക് അടുക്കളയില്‍ കയറ്റേണ്ടെന്നും ഹോട്ടലില്‍നിന്ന് ഭക്ഷണം വരുത്തിയാല്‍ മതിയെന്നും എഴുതി. വല്ലാത്തൊരു അമ്മായച്ഛന്‍! കൃഷ്ണന്‍നായരുടെ ഹോട്ടലില്‍നിന്നു വരുത്തിയ ഭക്ഷണം കഴിച്ച ആ രണ്ടു മാസങ്ങളാണ് അവളുടെ ജീവിതത്തിലെ സുവര്‍ണ്ണകാലമെന്ന് ലളിത ഇപ്പോഴും കരുതുന്നു.

അച്ഛന്റെ കവിതകള്‍ ഇടയ്ക്ക് ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്യാറുണ്ടായിരുന്നു. ആദ്യമൊക്കെ വീട്ടില്‍ റേഡിയോ ഇല്ലാതിരുന്നതുകൊണ്ട് ഞങ്ങള്‍ക്കതു കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനിടയ്ക്ക് ആരോ പറഞ്ഞു എ.വി. ഹൈസ്‌കൂളില്‍ റേഡിയോ ഉണ്ട് ഹെഡ്മാസ്റ്റര്‍ ശേഖരവാരിയരോട് പറഞ്ഞാല്‍ അദ്ദേഹം അവിടെ പോയി കേള്‍ക്കാന്‍ അനുവദിക്കും എന്ന്. മറ്റുള്ളവരെ ഒരുവിധത്തിലും ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടമില്ലാതിരുന്ന അച്ഛന്‍ ആ സൗമനസ്യം വേണ്ടെന്നു വയ്ക്കുകയാണുണ്ടായത്. സ്‌കൂളിന്റെ മാനേജര്‍ കൂടിയായിരുന്ന മാസ്റ്റര്‍ രാത്രി എട്ടുമണിവരെ ജോലിയെടുക്കാറുള്ളതാണ്. പക്ഷേ, ശേഖരവാരിയര്‍ മാസ്റ്റര്‍ ഒരിക്കല്‍ ഇതറിയാനിടവരികയും അച്ഛനെ നിര്‍ബ്ബന്ധിക്കുകയും ചെയ്തു. തനിക്ക് ഒരുവിധത്തിലും ശല്യമാവില്ലെന്നും ഇനി അങ്ങനെ എന്തെങ്കിലും ഭയമുണ്ടെങ്കില്‍ അതു മാറ്റിത്തരാമെന്നും പറഞ്ഞ് ഒരു നീണ്ട വയര്‍ ഉപയോഗിച്ച് അടുത്ത വിങ്ങിലെ വരാന്തയിലേയ്ക്ക് സ്പീക്കര്‍ വച്ചുകൊടുക്കുകയും കസേലകളൊരുക്കുകയും ചെയ്തു. അവിടെ ഇരുന്ന് അച്ഛനും അമ്മയും വൈകുന്നേരം കവിത കേട്ടിരുന്നത് എനിക്കോര്‍മ്മയുണ്ട്.

വീട്ടില്‍ കവിതയുടെ അന്തരീക്ഷമുണ്ടാക്കാന്‍ പ്രധാന കാരണം അമ്മയായിരുന്നു. അച്ഛന്റെ കവിതകള്‍ നല്ല ഈണത്തില്‍ ചൊല്ലുന്നതു കേട്ടാണ് ഞങ്ങള്‍ എഴുന്നേല്‍ക്കാറ്. രാത്രിമുഴുവന്‍ ഇരുന്ന് അച്ഛന്‍ എഴുതിയ കവിതയായിരിക്കുമത്. അമ്മയുടെ നാവിലൂടെ തന്റെ സൃഷ്ടി പുറത്തുവരുന്നതു കേട്ടാലെ അച്ഛനു സ്വന്തം കവിതയെപ്പറ്റി വിശ്വാസം വരൂ. രാത്രി അച്ഛന് വേണ്ടപ്പൊഴൊക്കെ എഴുന്നേറ്റ് ചായയുണ്ടാക്കിക്കൊടുക്കുകയും അടുത്തിരുന്ന് എഴുതിയ വരികളെപ്പറ്റി അഭിപ്രായം പറയുകയും ചെയ്ത് അമ്മ നല്‍കിയിരുന്ന പ്രോത്സാഹനമായിരിക്കണം അച്ഛന്റെ വിജയരഹസ്യം. അച്ഛന്റെ ഒരു കവിത പിറന്നാല്‍ അടുത്തതു വരുന്നവരെ ആ കവിത എല്ലാവരുടേയും ചുണ്ടിലുണ്ടാവും. അമ്മയുടെ ചെറിയമ്മയുടെ (ലക്ഷ്മി വല്ല്യമ്മ അമ്മയുടെ എച്ചുവേടത്തി. അമ്മ ചെറിയമ്മമാരെ ഏടത്തിയെന്നാണ് വിളിക്കാറ്) മക്കള്‍ നന്നായി അച്ഛന്റെ കവിതകള്‍ ആലപിച്ചിരുന്നു. ഒരുകാലത്ത് എ.വി. ഹൈസ്‌കൂളില്‍ പഠിക്കാനായി അവര്‍ പുത്തില്ലത്ത് താമസിച്ചിരുന്നു. അവരില്‍ ദാസേട്ടന്‍ (ഇ. ഹരിദാസ്) പൊന്നാനി വിട്ടുപോകുന്നതുവരെ 'കൂട്ടുകൃഷി'യിലെ സ്ഥിരം ആയിഷയായിരുന്നു. സുകുമാരനായി ഡേവിഡും. അടുത്ത തലമുറയില്‍ വടക്കത്ത് ഭാസ്‌കരനും ജോര്‍ജും ആയിഷയുടേയും സുകുമാരന്റേയും വേഷമിട്ടു. സി. ഹരിദാസ് എക്‌സ് എം.പി.യും ഒരുകാലത്ത് ആയിഷയുടെ റോള്‍ എടുത്തവരില്‍പ്പെടും. പലപ്പോഴും എനിക്കു റോളില്ലെങ്കില്‍ക്കൂടി നാടകങ്ങളുടെ റിഹേഴ്‌സലുകള്‍ക്ക് ഞാന്‍ പോകാറുണ്ട്. അച്ഛന്റെ സാമീപ്യത്തിന് അങ്ങനെ അവസരം സൃഷ്ടിക്കുകയായിരുന്നു ഞാന്‍.

അച്ഛനു സാമ്പത്തികമായി വളരെയധികം പ്രശ്‌നങ്ങളുണ്ടായിരുന്നു. എട്ടു മക്കളെ പോറ്റിയുണ്ടാക്കുക എളുപ്പമുള്ള കാര്യമായിരുന്നില്ല. കുടുതല്‍ സമയം ജോലിയെടുക്കേണ്ടിവന്നു. ഒപ്പം തന്നെ കലാസമിതി പ്രവര്‍ത്തനങ്ങളും. അച്ഛന്‍ കോടതിയില്‍നിന്ന് വരുന്നതും കാത്ത് ഒരു പറ്റം സഹൃദയര്‍ കൃഷ്ണപ്പണിക്കര്‍ വായനശാലയുടെ വരാന്തയില്‍ കാത്തിരിക്കുന്നുണ്ടാവും. അവരെ നിരാശരാക്കാന്‍ വയ്യ. നാടക റിഹേഴ്‌സലുകള്‍ ഉണ്ടാവും. അച്ഛന്റെ എല്ലാ നാടകങ്ങളും അവതരിപ്പിച്ചിരുന്നത് ഈ സുഹൃദ്‌സംഘമായിരുന്നു. പൊതുപ്രവര്‍ത്തനം പോക്കറ്റ് കാലിയാക്കുന്ന പരിപാടിയായിരുന്നു. ഓരോ സമ്മേളനവും നാടകോത്സവവും കഴിഞ്ഞാലും കുറേ നഷ്ടങ്ങളുണ്ടാവും. സഹപ്രവര്‍ത്തകരുടെ കാര്യവും തദൈവ. ഒരിക്കല്‍ എ.വി. ഹൈസ്‌കൂളില്‍ വെച്ച് ഒരു നാടകോത്സവം അരങ്ങേറി. ടിക്കറ്റുവെച്ചായിരുന്നു പ്രവേശനം. അച്ഛന്റെ സ്വഭാവമറിയാമായിരുന്ന സ്‌നേഹിതന്‍ വള്ളത്തോള്‍ ബാലചന്ദ്രമേനോന്‍ മാസ്റ്റര്‍ (എ.വി. ഹൈസ്‌കൂള്‍) പണത്തിന്റെ കാര്യങ്ങള്‍ മുഴുവന്‍ ഏറ്റെടുത്തു. അദ്ദേഹം പണത്തിന്റെ കാര്യത്തില്‍ വളരെ കണിശമുള്ള ആളായിരുന്നു. ഒരു പൈസ കിട്ടിയാലും ചെലവാക്കിയാലും കണക്കുവയ്ക്കും. നാടകത്തിനു തൊട്ടുമുന്‍പ് അച്ഛന്റെ ഒരു മരുമകന്‍ കുറ്റിപ്പുറത്തുനിന്നു വന്ന് നാടകം കാണണമെന്ന് ആവശ്യപ്പെട്ടു. അച്ഛന്‍ ഉടനെ പോക്കറ്റില്‍നിന്നു പണമെടുത്ത് മുമ്പിലിരിക്കുന്ന ബാലചന്ദ്രമേനോന്‍ മാസ്റ്ററുടെ കയ്യില്‍ കൊടുത്ത് ടിക്കറ്റ് ആവശ്യപ്പെട്ടു. മാസ്റ്റര്‍ ഒന്നും പറയാതെ ടിക്കറ്റ് മുറിച്ചുകൊടുക്കുകയും ചെയ്തു. മാസ്റ്റര്‍ക്കു വേണമെങ്കില്‍ പറയാമായിരുന്നു, സ്വന്തം ആളല്ലെ ടിക്കറ്റില്ലാതെ അകത്തു കയറി ഇരുന്നോട്ടെ എന്ന്. ഒരു തെറ്റ് കൂടുതല്‍ തെറ്റുകള്‍ക്കു കടന്നുവരാനുള്ള വാതില്‍ തുറക്കുമെന്ന് അച്ഛനെപ്പോലെ നന്നായി അറിയാവുന്ന ധര്‍മ്മിഷ്ഠനായ ബാലചന്ദ്രമേനോന്‍ മാസ്റ്റര്‍ പണം വാങ്ങി ടിക്കറ്റു മുറിച്ചുകൊടുത്തു. നാടകോത്സവം കഴിഞ്ഞ ശേഷം അച്ഛന്‍ പറയുകയുണ്ടായി, കയ്യില്‍നിന്നു പണം നഷ്ടമാവാതെ ജീവിതത്തില്‍ ആദ്യമായി ഒരു പരിപാടി നടത്തിയത് ബാലചന്ദ്രമേനോന്‍ മാസ്റ്റര്‍ കാരണമാണെന്ന്.

അച്ഛന്‍ എന്നോട് സാഹിത്യത്തെപ്പറ്റി സംസാരിക്കുന്നത് അപൂര്‍വ്വമായതിനു കാരണം ഒരുപക്ഷേ, ഞാന്‍ വളരെ ചെറുപ്പത്തില്‍, സാഹിത്യം സംസാരിക്കാന്‍ മാത്രം വളരുന്നതിനുമുമ്പ് നാടുവിട്ടതുകൊണ്ടായിരിക്കണം. ഞാന്‍ കൊല്ലത്തിലൊരിക്കല്‍ വരുമ്പോള്‍ അച്ഛന്‍ എന്റെ അനുജന്മാരുമായി സാഹിത്യത്തെപ്പറ്റി സംസാരിക്കുന്നത് കേള്‍ക്കാറുണ്ട്. ഒരിക്കല്‍ കോഴിക്കോട് ദേവഗിരി കോളേജില്‍ പഠിച്ചിരുന്ന അനുജന്‍ ഉണ്ണി വന്നപ്പോള്‍ എന്‍.എന്‍. കക്കാടിന്റെ ''ലോറിക്കടിയില്‍ ചതഞ്ഞ തവളകള്‍പോലെ ശൂന്യതയില്‍ മലച്ചുകിടപ്പൂ നിമിഷങ്ങള്‍'' എന്ന വരി ഉദ്ധരിച്ച് ആധുനിക കവിതയെപ്പറ്റി ചര്‍ച്ച നടത്തുന്നത് കേട്ടിട്ടുണ്ട്. അച്ഛന്റെ നാടകങ്ങളില്‍ പലതിലും പങ്കെടുക്കാന്‍ എനിക്ക് അവസരം തന്നു എന്നതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ സാഹിത്യം ഞങ്ങളില്‍നിന്നു വളരെ ഉയര്‍ന്ന നിലയില്‍, ഞങ്ങള്‍ക്ക് അപ്രാപ്യമായി നിലകൊണ്ടു. ഒരു കവിത ജനിച്ചാലുടന്‍ അമ്മയെ കേള്‍പ്പിക്കാറുള്ള അച്ഛന്റെ ഈ നിലപാടുകൊണ്ട് ഞങ്ങള്‍ക്കു വളരെ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. വലുതായപ്പോള്‍ എനിക്കു മനസ്സിലായി ഒരു പരിധിവരെ അതു ഞങ്ങളുടെ പരിമിതി കാരണമാണെന്ന്. അച്ഛന്റെ കവിതകളെപ്പറ്റി സംസാരിക്കാനുള്ള നിലവാരത്തില്‍ ഞങ്ങള്‍ എത്തിയിരുന്നില്ല. സാഹിത്യത്തെപ്പറ്റിയുള്ള അറിവില്‍ അമ്മയുടെ നാലയലത്തുപോലും മക്കള്‍ നിന്നിരുന്നില്ല. കുട്ടികൃഷ്ണമാരാര്, ഉറൂബ്, അക്കിത്തം, എം. ഗോവിന്ദന്‍, അന്നു വിവാഹത്തെപ്പറ്റി ആലോചിക്കുകപോലും ചെയ്യാത്ത ഇടശ്ശേരി തുടങ്ങിയ മഹാരഥന്മാരുടെ സംസാരം 20-ാം വയസ്സില്‍ കേട്ടാസ്വദിക്കാനും ഇടയ്ക്ക് അവരുടെ ഉയര്‍ന്ന നിലവാരത്തിലുള്ള നര്‍മ്മസംഭാഷണങ്ങളില്‍ പങ്കുചേരാനും കഴിവുമുണ്ടായിരുന്ന അമ്മ എനിക്ക് എന്നും അസൂയയുണ്ടാക്കിയിരുന്നു. അച്ഛന്റെ വിവാഹം കഴിഞ്ഞത് 1938-ലാണ്. വിവാഹത്തിനു ശേഷം സ്വന്തം സാഹിത്യശ്രമങ്ങള്‍ ഉപേക്ഷിക്കുകയാണ് അമ്മ ചെയ്തത്. അതിനെപ്പറ്റി പിന്നീട് വിശദമായി എഴുതാം.

അച്ഛനെക്കുറിച്ചാലോചിക്കുമ്പോള്‍ മനസ്സില്‍ ഉയര്‍ന്നുവരുന്ന ചിത്രം ഒരു മാതൃകാഗൃഹനാഥന്റേതാണോ? അറിയില്ല. ജീവിതചിത്രത്തില്‍ ഒരു ഗൃഹനാഥന്‍ എന്ന ഫ്രെയിമില്‍ മാത്രമായി അച്ഛനെ ചുരുക്കിക്കൊണ്ടുവരാന്‍ പറ്റുമെന്നു തോന്നുന്നില്ല. അത് അദ്ദേഹത്തിന്റെ ബഹുമുഖ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു. വീട്ടുകാര്യങ്ങള്‍ മാത്രം നോക്കി അച്ഛനെ തളച്ചിടാന്‍ പറ്റില്ലെന്ന് അമ്മയും പിന്നീട് വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലായി മക്കളിലോരോരുത്തരും മനസ്സിലാക്കിയിരുന്നു. അദ്ഭുതകരമായ കാര്യം തിരക്കുകള്‍ക്കിടയിലും ഞങ്ങളിലോരോരുത്തരേയും എത്ര ശ്രദ്ധയോടെയാണ് അദ്ദേഹം വളര്‍ത്തിക്കൊണ്ടുവന്നത് എന്നതായിരുന്നു. ''എന്‍കുഞ്ഞുറങ്ങിക്കൊള്‍കെന്‍കുഞ്ഞുറങ്ങിക്കൊള്‍...'' എന്ന താരാട്ടു പാടി ഏറ്റവും താഴെയുള്ള കുട്ടിയെ മാറത്തു ചാച്ചു കിടത്തി രാത്രി ഉമ്മറത്തോ മുറ്റത്തോ ഉലാത്തുന്ന അച്ഛനെ നോക്കി 'എന്റേതിന്നലെവരെയാസ്വര്‍ഗ്ഗം!' എന്ന മട്ടില്‍ അസൂയയോടെ നോക്കിനില്‍ക്കാറുള്ള മുതിര്‍ന്നവര്‍ എന്റെ കുട്ടിക്കാലത്തെ ഓര്‍മ്മയാണ്. ഞാന്‍ എന്തായാലും അങ്ങനെ നോക്കിനിന്നിട്ടുണ്ട്. വീട്ടില്‍ എന്നും കുട്ടികളുണ്ടാവാറുണ്ട്. ഞങ്ങള്‍ എട്ടു മക്കളാണ്. അമ്മ 11 പ്രസവിച്ചെങ്കിലും മൂന്നു കുട്ടികള്‍, ഒരു പെണ്‍കുട്ടിയും രണ്ടാണ്‍കുട്ടികളും നേരത്തെ യാത്രയാവുകയാണുണ്ടായത്. മൂന്നാമതു യാത്രയായ കുട്ടിയെപ്പറ്റി എനിക്ക് ഓര്‍മ്മയുണ്ട്. ഒരു വയസ്സു തികഞ്ഞിട്ടുണ്ടായിരുന്നില്ല അവന്. തലേന്നുവരെ അസുഖം കാരണം അസ്വസ്ഥനായിരുന്ന അവന്‍ രാവിലെ നോക്കിയപ്പോള്‍ ഉറങ്ങിയപോലെ കിടക്കുന്നു. ഉറങ്ങുകയാണെന്നാണ് ഞങ്ങള്‍ കുട്ടികള്‍ ആദ്യം കരുതിയത്. അടുത്ത മുറിയില്‍ നിലത്തു വിരിച്ച പായില്‍ അമ്മ ബോധമില്ലാതെ കിടക്കുകയാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അച്ഛന്‍ 'പൂജാപുഷ്പം' എന്ന കവിതയെഴുതിയത്. '...പെറ്റവളസ്തപ്രജ്ഞമെന്‍കാല്‍ക്കല്‍ ഇടിയേറ്റ കാട്ടുവള്ളിയെപ്പോലെ തളര്‍ന്നു കിടക്കവേ, കാരിരുമ്പാക്കിത്തീര്‍ത്ത കരളോടെ ഞാന്‍ നിന്നു കാണവേ...'' എനിക്ക് പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോഴാണതു സംഭവിച്ചത്.
'പൂജാപുഷ്പം' എന്ന കവിത ഞാന്‍ പിന്നീട് കാസറ്റില്‍ ചേര്‍ത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. എസ്.പി. രമേശാണ് അതിനു സംഗീതം കൊടുത്ത് ആലപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com