ഓര്‍ക്കുക, ആ മനുഷ്യനും അടിയന്തരാവസ്ഥയുടെ വേദനകള്‍ പേറിയിട്ടുണ്ട്

ആ വിഭാഗീയതാ നാളുകളില്‍, ചരിത്രത്തിന്റെ അനിവാര്യതപോലെ, മന്ദസ്മിതത്തിന്റെ രാഷ്ട്രീയം കോടിയേരി ഉയര്‍ത്തിപ്പിടിച്ചു.
ഓര്‍ക്കുക, ആ മനുഷ്യനും അടിയന്തരാവസ്ഥയുടെ വേദനകള്‍ പേറിയിട്ടുണ്ട്

ചില കാലങ്ങളില്‍ ചില മനുഷ്യര്‍ക്ക് അവരുടേതായ അസാമാന്യമായ വ്യക്തിഗത പ്രകടനങ്ങള്‍ കാഴ്ചവെയ്‌ക്കേണ്ടിവരും. കലുഷമായ വിഭാഗീയ രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ സി.പി.എമ്മിനകത്തെ ഉള്ളുരുക്കങ്ങള്‍ പരിഹരിക്കാന്‍ എല്ലാവരും വിശ്വസ്തനായ മധ്യസ്ഥനായി കണ്ടത് കോടിയേരി ബാലകൃഷ്ണനെയാണ്. കോടിയേരി സി.പി.എം ചരിത്രത്തിന്റെ നാള്‍വഴിപ്പുസ്തകത്തില്‍ ഓര്‍ക്കപ്പെടുക വ്യക്തികള്‍ക്കിടയില്‍ സമന്വയത്തിന്റെ പാലം തീര്‍ത്ത ഒരാള്‍ എന്ന നിലയിലായിരിക്കും.

വിഭാഗീയതയുടെ വടക്കന്‍/തെക്കന്‍ കാറ്റുകള്‍ പാര്‍ട്ടിയിലുണ്ടായിരുന്ന കാലം. അത്, വ്യക്തികളുടേയും അത്രതന്നെ പ്രത്യയശാസ്ത്രത്തിന്റേയും പ്രശ്നമായിരുന്നു. പാര്‍ട്ടി, അതിന്റെ മാറ്റമില്ലാത്ത ഇരുമ്പുലക്കാ ചട്ടക്കൂട്ടില്‍നിന്ന് പുതിയ കാലത്തിന്റെ പ്രശ്നങ്ങള്‍ എങ്ങനെ അഭിമുഖീകരിക്കും എന്ന പ്രശ്നമുണ്ടായിരുന്നു. ആ വിഭാഗീയതാ നാളുകളില്‍, ചരിത്രത്തിന്റെ അനിവാര്യതപോലെ, മന്ദസ്മിതത്തിന്റെ രാഷ്ട്രീയം കോടിയേരി ഉയര്‍ത്തിപ്പിടിച്ചു.

എന്നാല്‍, അത് മറ്റൊരു വിധത്തില്‍, കണ്ണൂരിന്റെ ഒരു രാഷ്ട്രീയ അടവ് നയം കൂടിയായിരുന്നു. പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ മുഖങ്ങള്‍ എന്നും കണ്ണൂരായിരുന്നു. ഇടത്തോട്ടു ചാഞ്ഞു നില്‍ക്കുന്നവരുടെ ഇടയില്‍ തന്നെയുണ്ടായിരുന്ന ഇടഞ്ഞുനില്‍പ്പുകള്‍ പരിഹരിക്കേണ്ട ഇടം എന്ന പ്രത്യേകതയും കണ്ണൂരിനുണ്ടായിരുന്നു. ഉദാഹരണത്തിന്, എം.വി. രാഘവന്‍ ബദല്‍ രേഖയുമായി പാര്‍ട്ടിയെ വലിയ ധര്‍മ്മസങ്കടത്തിലാക്കിയ കാലം. ജനകീയതകൊണ്ടും പ്രസംഗത്തിലെ നര്‍മ്മോക്തികള്‍കൊണ്ടും വലിയൊരു അനുയായി വൃന്ദം രാഘവനോടൊപ്പം പോകുന്നതിനെ തടയാന്‍ കോടിയേരിയുടെ സാന്നിദ്ധ്യം കൊണ്ട് സാധിച്ചിരുന്നു. 

പാര്‍ട്ടിയുടെ വക്താക്കളുടെ മുഖത്തു പലപ്പോഴും കാണാറുള്ള അയവില്ലാത്ത ശൈലി കോടിയേരി അത്രകണ്ട് ആരോടും കാണിച്ചിരുന്നില്ല. അതുകൊണ്ട് മുട്ടുവിറയില്ലാതെ ആ സഖാവിനു മുന്നില്‍ ആര്‍ക്കും കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കുമായിരുന്നു. കീഴ്ഘടകങ്ങളിലെ പ്രവര്‍ത്തകര്‍ക്കും സമീപസ്ഥനായ ഒരു നേതാവായിരുന്നു.

കോടിയേരിയെ സി.പി.എം സെക്രട്ടറി, പൊളിറ്റ്ബ്യൂറോ മെമ്പര്‍, മുന്‍ ആഭ്യന്തരമന്ത്രി തുടങ്ങിയ പദവികളില്‍നിന്നു മാറ്റിനിര്‍ത്തി ആലോചിക്കുമ്പോള്‍, അദ്ദേഹം അടിയന്തരാവസ്ഥയില്‍ തടവനുഭവിച്ചിരുന്നു. സ്വാതന്ത്ര്യം തടവിലായിരുന്ന ആ കാലത്ത് തടവനുഭവങ്ങളിലൂടെ കടന്നുപോയവര്‍ നിര്‍ഭയതയുടെ പ്രതീകങ്ങള്‍ കൂടിയാണ്.

വി.എസിനും പിണറായിക്കുമിടയില്‍ നിലനിന്നിരുന്ന അതിരൂക്ഷമായ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍, കോടിയേരി എടുത്ത നിലപാടുകളാണ് വി.എസ് ഇപ്പോഴും ഈ പാര്‍ട്ടിയില്‍ തുടരുന്നതിന്റെ കാരണം. പിണറായിയുടെ നിഴലാണ് എന്നതേക്കാള്‍, കോടിയേരി പാര്‍ട്ടിയുടെ നിഴലായിരുന്നു. എന്താണ് യഥാര്‍ത്ഥത്തില്‍ സി.പി.എം  അഭിമുഖീകരിക്കുന്ന പ്രശ്നമെന്ന് കോടിയേരി നന്നായി മനസ്സിലാക്കിയിരുന്നു. 

അത് വികസനത്തിന്റേയും മന്ദഗതിയുടേയും പ്രശ്നങ്ങള്‍ കൂടിയായിരുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പുതിയ ലോകക്രമം, നഗരക്രമം കൂടിയാണ്. വേഗതകൊണ്ടും ഫാഷന്‍കൊണ്ടും പുതിയ തൊഴില്‍ സാധ്യതകള്‍കൊണ്ടും അനുദിനം പുതുതായിക്കൊണ്ടിരിക്കുന്ന കാലത്ത്, മധ്യവര്‍ഗ്ഗ മലയാളികളുടെ നവീനമായ അഭിരുചികള്‍ കൂടി പാര്‍ട്ടിക്കു പരിഗണിക്കേണ്ടതുണ്ടായിരുന്നു. കര്‍ഷക പാര്‍ട്ടിയായി മാത്രമായുള്ള അവതരണങ്ങള്‍ പാട്ടിലും മുദ്രാവാക്യത്തിലുമാകാം, പ്രായോഗിക തലങ്ങളില്‍ അവയുടെ പ്രകാശനത്തിന് ഏറെ പരിമിതികളുണ്ടായിരുന്നു. അത്തരം കാലവും വേഗവും പുതിയ മനുഷ്യരുടെ മോഹങ്ങളും ഒക്കെ ഉള്‍ച്ചേര്‍ന്ന അവതരണങ്ങളില്‍ , പഴയ മനുഷ്യര്‍ക്ക് പലതരം മോഹഭംഗങ്ങളുമുണ്ടായി.

'സഹോദര തുല്യനല്ല'- സഹോദരന്‍ തന്നെയെന്ന പിണറായിയുടെ അനുശോചനക്കുറിപ്പിലെ വരികള്‍, അവര്‍ തമ്മിലുള്ള ആത്മബന്ധത്തെ നിര്‍വ്വചിക്കുന്നു. പിണറായിയുടെ വക്താവ്/പാര്‍ട്ടിയെ പിണറായി വിജയന്റെ രാഷ്ട്രീയ മോഹങ്ങള്‍ക്കനുസരിച്ച് 'നിഷ്‌ക്രിയ പാര്‍ട്ടി'യാക്കി എന്ന വിമര്‍ശനത്തില്‍ ശരിയും തെറ്റുമുണ്ട്. ആ വിമര്‍ശനത്തിലെ ശരി, പിണറായിയെ തിരുത്തുന്ന ഒരു സെക്രട്ടറിയായിരുന്നില്ല, കോടിയേരി. പിണറായിയെ എന്തിനു തിരുത്തണം എന്ന ചോദ്യവും അവിടെ സന്നിഹിതമാകാനിടയുണ്ട്. എന്നാല്‍, കോടിയേരി നിശ്ശബ്ദനാകാന്‍ പാടില്ലാത്ത ചില സന്ദര്‍ഭങ്ങളെങ്കിലുമുണ്ട്. ഉദാഹരണം, സില്‍വര്‍ലൈന്‍ സമരനാളുകളില്‍ സ്ത്രീകളും കുടുംബങ്ങളും സമരവഴിയിലിറങ്ങുമ്പോള്‍, അവര്‍ക്കു മുന്നില്‍നിന്ന് സമവായത്തിന്റേയോ സമാശ്വാസത്തിന്റേയോ സ്വരത്തില്‍ സംസാരിക്കാന്‍ കോടിയേരിക്കു സാധിച്ചില്ല. എല്ലാം പിണറായിയുടെ ഹിതം പോലെ നടക്കട്ടെ എന്ന മട്ടില്‍ മാറിനിന്ന് മൗനമായി അതു കാണുന്ന കോടിയേരിയെയാണ് കേരളം കണ്ടത്. 'കാണി' എന്ന നിലയില്‍ കോടിയേരി അതെല്ലാം, സ്‌ക്രീനില്‍ തെളിയുന്ന ചിത്രം പോലെ കണ്ടു. കേന്ദ്രഗവണ്‍മെന്റിന്റെ നിലപാടുകള്‍ക്കെതിരെ സ്റ്റാലിന്‍ കാണിക്കുന്ന കരുത്തുള്ള പ്രതികരണങ്ങള്‍, മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിയുടെ ഭാഗത്തുനിന്നുമുണ്ടാകാറില്ല. എന്നാല്‍, കോടിയേരി, മുഖ്യമന്ത്രിയുടെ മൗനത്തെ എതിര്‍ശബ്ദം കൊണ്ട് ലംഘിക്കാതിരിക്കാന്‍ സദാ ജാഗ്രത കാണിച്ചു. എന്നാല്‍, ഏറ്റവും ഒടുവില്‍ നടത്തിയ പ്രസംഗത്തില്‍ ആര്‍.എസ്.എസ്സിനേയും കേന്ദ്രഗവണ്‍മെന്റിനേയും പേരെടുത്തു പറഞ്ഞുകൊണ്ടുതന്നെ കോടിയേരി വിമര്‍ശിച്ചു.

കോടിയേരി ആത്മകഥ എഴുതാതെയാണ് വിട പറയുന്നത്. കോടിയേരിയെക്കുറിച്ചുള്ള ജീവചരിത്ര പുസ്തകങ്ങളും ഇല്ല. എന്നാല്‍, കേരള രാഷ്ട്രീയത്തില്‍ ഇത്രയധികം ആത്മരഹസ്യങ്ങള്‍ അറിയാവുന്ന വേറൊരാള്‍ ഉണ്ടാകാനിടയില്ല. പാര്‍ട്ടിയുടെ ഉള്ളിലൊതുക്കേണ്ട മനസ്സാക്ഷി രഹസ്യങ്ങള്‍, കൈവിട്ട വാക്കായിപ്പോലും ഒരിക്കല്‍ പോലും ആ നാവില്‍നിന്ന് പുറത്തുവന്നുമില്ല. അത് വ്യക്തിഗതമായ വിശ്വാസമായി  അദ്ദേഹം നിലനിര്‍ത്തി.

കുടുംബനാഥന്‍ എന്ന നിലയില്‍ കോടിയേരി എല്ലായ്പോഴും വിമര്‍ശനവിധേയമായി. ഒരര്‍ത്ഥത്തില്‍, കോടിയേരി വാത്സല്യമുള്ള അച്ഛനായിരുന്നു. ആര്‍ദ്രതയുള്ള മനുഷ്യര്‍ കുടുംബത്തിനും മക്കള്‍ക്കും വാഗ്ദാനം ചെയ്യുന്ന മൂല്യമാണ് ഫ്രീഡം. ഒരു രാഷ്ട്രീയ കുടുംബമാകുമ്പോള്‍ അതീവ ദുഷ്‌കരമായി നടക്കേണ്ട നൂല്‍പ്പാലം കൂടി രൂപപ്പെടുന്നുണ്ട്. അത് സമൂഹത്തിന്റെ മുന്നിലെപ്പോഴും ദൃഷ്ടിഗോചരമായ പാലം കൂടിയാണ്. കുടുംബത്തെ മാധ്യമ വാര്‍ത്തകള്‍ എന്നും മുന്നില്‍ത്തന്നെ നിര്‍ത്തി. അവര്‍ പാര്‍ട്ടിയുടേയോ ഗവണ്‍മെന്റിനേയോ തിരഞ്ഞെടുക്കപ്പെട്ട ഒരു പദവിപോലും വഹിച്ചിരുന്നില്ല. 

സൂക്ഷ്മതയുടേയും വ്യക്തിഗതമായ ജാഗ്രതയുടേയും തലം കൂടി രാഷ്ട്രീയ കുടുംബങ്ങള്‍ പാലിക്കേണ്ടതുണ്ട് എന്നത് ഒരു വശത്തുണ്ട്. എന്നാല്‍, എപ്പോഴും നിയന്ത്രണവിധേയമായ അച്ചടക്കത്തോടെ കൊണ്ടുപോകാന്‍ കുടുംബം പാര്‍ട്ടിക്കമ്മിറ്റിയല്ല എന്ന മറുവശവുമുണ്ട്. അതായത്, പാര്‍ട്ടിയില്‍ അച്ചടക്കനടപടിക്കു വിധേയമായി പുറത്താക്കുന്നതുപോലെ, കുടുംബ ബന്ധങ്ങളില്‍ സാധിക്കില്ല. പാര്‍ട്ടി ആശയവും ജീവിതം ജൈവികവുമാണ്. ഒന്ന് പ്രത്യയശാസ്ത്രവും മറ്റൊന്ന് ജീവിതവുമാണ്. പ്രത്യയശാസ്ത്രത്തിന്റെ ഒരു മാറ്റുരക്കല്‍ കേന്ദ്രമല്ല കുടുംബം.

മറ്റൊന്ന്, മുമ്പൊരു ലേഖനത്തില്‍ സൂചിപ്പിച്ചതുപോലെ, കമ്യൂണിസ്റ്റു കുടുംബങ്ങള്‍ കാറില്‍ പോകുമ്പോള്‍ അസ്വസ്ഥമാകുന്ന അസൂയനിറഞ്ഞ സാമൂഹ്യബോധവുമുണ്ട്. ഇന്നു ദിനേശ് ബീഡി പാര്‍ട്ടിയുടെ പ്രതീകമല്ല. പരിപ്പുവടയും കട്ടന്‍ ചായയുമല്ല. എന്നാല്‍, കമ്യൂണിസ്റ്റുകാരെ പരിഹസിക്കാനുള്ള പ്രതീകങ്ങളായി അവയുണ്ട്. ഈ പരിഹാസങ്ങള്‍ കോടിയേരിയും സാമൂഹ്യ തലത്തില്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.

അടിയന്തരാവസ്ഥയില്‍ തടവറയില്‍ കിടന്ന ആ മനുഷ്യനാണ് പൊലീസ് സേനയില്‍ പല നവീകരണങ്ങള്‍ കൊണ്ടുവന്നത്. മര്‍ദ്ദനമേറ്റുവാങ്ങിയ ആള്‍, പൊലീസ് വകുപ്പിനെ സര്‍ഗ്ഗാത്മകമായി നിര്‍വ്വചിക്കാന്‍ ശ്രമിച്ചു. 
കോടിയേരി സി.പി.എം ചരിത്രത്തിന്റെ ദീര്‍ഘകാലങ്ങളില്‍ ഓര്‍ക്കപ്പെടുക, ആദ്യമേ പറഞ്ഞതുപോലെ, വിഭാഗീയതയുടെ ഒരു കാലഘട്ടത്തില്‍ പാര്‍ട്ടിയെ രക്ഷിച്ച കപ്പിത്താന്‍ എന്ന നിലയിലായിരിക്കും. പാര്‍ട്ടിയില്‍ വി.എസിനേയും പിണറായിയേയും ഏകാകികളായി വിട്ടുകൊണ്ട്, അവര്‍ രണ്ടു പേരുടേയും എത്രയോ ഓര്‍മ്മകള്‍ എഴുതപ്പെടാത്ത ആത്മകഥയായി ചിതയിലൊടുങ്ങി. കേരളത്തിലെ എത്രയോ രാഷ്ട്രീയ നേതാക്കളെ അഭിമുഖം ചെയ്യാന്‍ ഈ ലേഖകനോട് എഡിറ്റര്‍മാര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ആ ലിസ്റ്റില്‍ കോടിയേരിയുടെ പേരുണ്ടാവാറില്ല. കോടിയേരിയെ സംബന്ധിക്കുന്ന മുന്‍വിധികളില്‍നിന്ന് എഡിറ്റര്‍മാരും മുക്തരായിരുന്നില്ല. ഓര്‍ക്കുക, ആ മനുഷ്യനും അടിയന്തരാവസ്ഥയുടെ വേദനകള്‍ പേറിയിട്ടുണ്ട്.

വ്യക്തികള്‍, ഒടുവില്‍, ആള്‍ക്കൂട്ടത്തിലായിരിക്കുമ്പോഴും ഏകാകികളാണ്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com