വധശിക്ഷ വിധിക്കുന്ന, എഴുത്തുകാരുടെ വായടപ്പിക്കുന്ന 'ആയത്തുല്ലമാര്‍' എല്ലാ മതങ്ങളിലുമുണ്ട്

മൂന്നു പതിറ്റാണ്ടിനുശേഷം ഒരു 'ഫത്‌വ' കൊലക്കത്തിയായി വന്നതിനെക്കുറിച്ച്
വധശിക്ഷ വിധിക്കുന്ന, എഴുത്തുകാരുടെ വായടപ്പിക്കുന്ന 'ആയത്തുല്ലമാര്‍' എല്ലാ മതങ്ങളിലുമുണ്ട്

തവിമര്‍ശനം അതിന്റെ ഭ്രൂണാവസ്ഥയില്‍ മതം പ്രഭാവലയമായി നിലകൊള്ളുന്ന ആ കണ്ണീര്‍ താഴ്‌വരയുടെ വിമര്‍ശനമാണ് 
Karl Marx 

From 'A Cotnribution of to the Hegel's Philosophy of Right (1844).

1989 ഫെബ്രുവരി 14നാണ് ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല റൂഹൊല്ല ഖൊമൈനി സല്‍മാന്‍ റുഷ്ദിയേയും അദ്ദേഹത്തിന്റെ 1988ല്‍ പ്രസിദ്ധീകരിച്ച നോവലായ 'ദ സാത്താനിക് വേഴ്‌സസി'ന്റെ പ്രസാധകരേയും വധിക്കാന്‍ ഒരു ഫത്‌വ (മതവിധിന്യായം) ഇറാന്‍ റേഡിയോയിലൂടെ ആഹ്വാനം ചെയ്തത്. ആ 'വിധിന്യായം' ഇങ്ങനെയായിരുന്നു: 'നമ്മള്‍ അള്ളാവില്‍നിന്ന് വന്നവരാണ്. അള്ളാവിലേക്ക് തന്നെ തിരിച്ചുപോകും. സാത്താനിക് വേഴ്‌സിന്റെ ഗ്രന്ഥകര്‍ത്താവും അത് എഡിറ്റ് ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത എല്ലാവരും വധശിക്ഷയ്ക്ക് അര്‍ഹരാണ്. ലോകത്തിന്റെ ഏതു ദിക്കിലുമുള്ള ശൂരരും ധീരരുമായ മുസ്‌ലിങ്ങള്‍ ഇവരെ താമസംവിനാ കൊന്നുതള്ളാന്‍ പ്രതിജ്ഞാബദ്ധരാണ്. മുസ്‌ലിങ്ങളുടെ വിശുദ്ധ വിശ്വാസങ്ങളെ നിന്ദിക്കാന്‍ ഇനിമുതല്‍ ആരും ധൈര്യപ്പെടരുത്.' റുഷ്ദിയെ വധിക്കുന്നവര്‍ രക്തസാക്ഷികളായി നേരെ സ്വര്‍ഗ്ഗത്തിലേക്ക് പോകുമെന്നും ഖൊമൈനി കൂട്ടിച്ചേര്‍ത്തു. ഭൂപ്രദേശങ്ങളേയും രാജ്യങ്ങളേയും കവിഞ്ഞുനില്‍ക്കുന്ന ഈ അഭൂതപൂര്‍വ്വമായ ഈ വധാഹ്വാനം പാന്‍ ഇസ്‌ലാമിസ്റ്റ് മതോന്മാദവും വികാരവിജൃംഭിതത്വവും ആളിക്കത്തിക്കാനുള്ള ബോധപൂര്‍വ്വ ശ്രമമായിരുന്നു. റുഷ്ദിയുടെ നോവല്‍ പ്രസിദ്ധീകരിച്ച് ഒരു പതിറ്റാണ്ടിനുശേഷം പിറന്ന അമേരിക്കന്‍ പൗരനും ലബനന്‍ വംശജനുമായ ഒരു ഇരുപത്തിനാലുകാരന്‍, 33 വര്‍ഷം മുന്‍പ് പുറപ്പെടുവിച്ച ആ ഫത്‌വ കൊലക്കത്തിയേന്തി റുഷ്ദിയുടെ കഴുത്തിലും നെഞ്ചിലും വയറ്റിലുമായി ന്യൂയോര്‍ക്കില്‍ വെച്ച് കുത്തിയിറക്കി. പാന്‍ ഇസ്‌ലാമിസ്റ്റ് മതഭീകരവാദത്തിന് ഒരു ആഗോളമാനമുണ്ട് എന്നതിന്റെ സുവ്യക്തവും സ്പഷ്ടവുമായ നിദര്‍ശനമാണ് റുഷ്ദിയുടെ നോവല്‍ പ്രസിദ്ധീകരിച്ച് ഒരു ദശകത്തിനുശേഷം ജനിച്ച ഈ ലബനീസ് വംശജനായ അമേരിക്കന്‍ പൗരന്റെ വധോദ്യമം. വധശ്രമത്തിനു മുതിര്‍ന്ന വ്യക്തിയുടെ സമൂഹമാധ്യമ പോസ്റ്റുകളില്‍ ഖൊമൈനിഇറാന്‍ അനുകൂല പോസ്റ്റുകള്‍ ധാരാളമുണ്ടായിരുന്നു. ഇറാന്‍ പക്ഷേ, റുഷ്ദിക്കെതിരെ നടന്ന വധോദ്യമത്തേയോ അക്രമിയേയോ അപലപിച്ചില്ലെന്നു മാത്രമല്ല, 'മതനിന്ദകനും മതപരിത്യാഗിയുമായ 'പിഴച്ച' റുഷ്ദിയെ വകവരുത്താന്‍ ശ്രമിച്ച അക്രമിയെ ഭയരഹിതനും കര്‍ത്തവ്യബോധമുള്ളവനു'മായി ഉദ്‌ഘോഷിക്കുകയാണ് ചെയ്തത്. റുഷ്ദിയും അദ്ദേഹത്തെ പിന്തുണക്കുന്നവരുമാണ് ഇതിന് ഉത്തരവാദികള്‍ എന്നാണ് ഇറാന്റെ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. 1980'88 കാലത്ത് നടന്ന ഇറാന്‍ഇറാഖ് യുദ്ധത്തില്‍ തളര്‍ന്ന് ജീവച്ഛവമായി, രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും പണപ്പെരുപ്പവും മൂലം അസ്വസ്ഥരായ ഇറാനിലെ ജനങ്ങളുടെ നിത്യജീവിത ദുരിതങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള പിടിവള്ളിയായിരുന്നു ഖൊമൈനിയുടെ ഈ ഫത്‌വ. 

എന്നാല്‍, രണ്ട് വ്യാഴവട്ടം മുന്‍പ്, 1998ല്‍ ഇറാന്റെ വിദേശകാര്യമന്ത്രിയായിരുന്ന കമാല്‍ കറാസ്സി, ന്യൂയോര്‍ക്കില്‍വെച്ച് റുഷ്ദിയെ വധിക്കാന്‍ ഇറാന് പരിപാടിയില്ലെന്ന് പ്രസ്താവിച്ചിരുന്നു. അദ്ദേഹം പരിഷ്‌കരണവാദിയായ മുഹമ്മദ് ഖത്തമിയുടെ മന്ത്രിസഭയില്‍ അംഗമായിരുന്നു. ഈ പ്രസ്താവം പഴയ ഫത്‌വ അസാധുവാക്കുന്നതാണെന്ന് തീര്‍പ്പിലെത്തിയ ബ്രിട്ടന്‍ ഇറാനുമായുള്ള നയതന്ത്രബന്ധം സാധാരണനിലയിലാക്കി. എന്നാല്‍, രണ്ട് തവണ ഇറാന്റെ ഭരണം കൈയാളിയ ശേഷം 2005ല്‍ തീവ്രനിലപാടുള്ള ഷിയ ഇസ്‌ലാമിസ്റ്റുകള്‍ ഇറാനില്‍ പിടിമുറുക്കി. പിന്നീട് ഇറാന്റെ പരമോന്നത മതമേലദ്ധ്യക്ഷനായ ആയത്തുല്ല അലി ഖൊമൈനി 'റുഷ്ദി മതനിന്ദകനാണെന്നും ഇസ്‌ലാമിലെ അനുശാസനങ്ങള്‍ക്കനുസരിച്ച് വധിക്കപ്പെടേണ്ടവനാണെന്നും' വീണ്ടും ആവര്‍ത്തിച്ചു. 2019ലെ ഒരു ട്വിറ്റര്‍ പോസ്റ്റില്‍ ഈ രണ്ടാം ഖൊമൈനി പഴയ ഫത്‌വ 'സുദൃഢവും മാറ്റാനാകാത്തതു'മാണെന്ന് കുറിക്കുകയും ചെയ്തു. ഇത് റുഷ്ദിയുടെ ചുറ്റും ഉരുണ്ടുകൂടിയിരുന്ന കാളമേഘങ്ങളെ കനപ്പിച്ചെങ്കിലും അദ്ദേഹം എഴുത്ത് തുടര്‍ന്നു. ഒരു പതിറ്റാണ്ടുകാലം ഒളിവിലും പിന്നീട് കുറേയൊക്കെ സ്വതന്ത്രമായി പുറത്തും കഴിഞ്ഞ നാളുകളിലാണ് റുഷ്ദിയുടെ പല മികച്ച രചനകളും പുറത്തുവന്നത്. ബന്ധനസ്ഥരായ എഴുത്തുകാര്‍ക്ക് ഭാവനയ്ക്ക് ജന്മം കൊടുക്കാന്‍ കഴിയില്ലെന്ന് ജോര്‍ജ് ഓര്‍വെലിന്റെ തെറ്റായ പ്രമാണവാക്യത്തിനെതിരെയായിരുന്നു റുഷ്ദിയുടെ പിന്നീട് വന്ന സൃഷ്ടികള്‍. 2021ല്‍ പുറത്തുവന്ന 'ദ ലാംഗ്വേജസ് ഓഫ് ട്രൂത്ത്' ഒരുദാഹരണം. ഈ വധശ്രമത്തിന് ഒരാഴ്ച മുന്‍പ് ഇന്ത്യയിലെ ഫാസിസ്റ്റ് സമാന ഹിന്ദുത്വ ഭരണകൂടം നടത്തുന്ന മനുഷ്യാവകാശപൗരന്യൂനപക്ഷ വിരുദ്ധ വിധ്വംസകവൃത്തികളെ അപലപിച്ച് റുഷ്ദിയും സമാനമനസ്‌കരായ പ്രശസ്ത എഴുത്തുകാരും പുതിയ രാഷ്ട്രപതിക്ക് അവരവരുടെ വീക്ഷണങ്ങള്‍ ശക്തമായി വെവ്വേറെ അവതരിപ്പിച്ച് കത്ത് അയച്ചിരുന്നു. 

കമാൽ കറാസ്സി
കമാൽ കറാസ്സി

മതനിന്ദയെക്കുറിച്ചും മതപരിത്യാഗത്തെക്കുറിച്ചും ആഴത്തില്‍ അന്വേഷിച്ച ഇസ്‌ലാമിക പണ്ഡിതന്മാര്‍ മുന്നോട്ടുവെച്ച നിരീക്ഷണങ്ങള്‍ ഇത്തരുണത്തില്‍ പ്രസക്തമാണ്. താരീഖ് റമദാന്‍ 'ദ മീനിങ്‌സ് ഓഫ് ദ ലൈഫ് ഓഫ് പ്രോഫറ്റ് മുഹമ്മദ്' എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: 'പ്രവാചകനായ മുഹമ്മദ് അപ്രമാദിത്വം അവകാശപ്പെട്ടിരുന്നില്ല. വിമര്‍ശനങ്ങള്‍ക്കു താന്‍ അതീതനാണെന്ന് അദ്ദേഹം ഒരിക്കലും വാദിച്ചിരുന്നില്ല. അദ്ദേഹം മറ്റുള്ളവര്‍ പറയുന്നത് കേട്ടു. അവരുമായി സംവാദത്തിലേര്‍പ്പെട്ടു. അവരുടെ കാഴ്ചപ്പാട് മനസ്സിലാക്കാന്‍ പരിശ്രമിച്ചു. തന്റെ അപൂര്‍ണ്ണതയിലും വീഴ്ചകളിലും പ്രവാചകന്‍ ഇടവിടാതെ ജാഗ്രത പുലര്‍ത്തി. ദിവസേന തന്റെ കുറവുകളിലും ദോഷങ്ങളിലും നോട്ടപ്പിഴകളിലും മാപ്പ് തരാന്‍ അദ്ദേഹം ദൈവത്തോട് അഭ്യര്‍ത്ഥിച്ചു. അദ്ദേഹം സ്‌നേഹിച്ചു, അദ്ദേഹം പൊറുത്തു, മാപ്പു കൊടുത്തു. ഏതെങ്കിലും പുരുഷനോ സ്ത്രീയോ തങ്ങള്‍ക്ക് പിശക് പറ്റി എന്നു പറഞ്ഞ് പ്രവാചകനെ സമീപിച്ചാല്‍ ആ തെറ്റ് എത്ര ഗൗരവതരമായിരുന്നാലും അദ്ദേഹം അവരുടെ അന്തഃകരണത്തെ ഗ്രഹിക്കുകയും അവളേയോ അവനേയോ മാപ്പിന്റെ മാര്‍ഗ്ഗം കാണിക്കുകയും ചെയ്തു.' 

സൽമാൻ റുഷ്ദി
സൽമാൻ റുഷ്ദി

'ദ ഹൗസ് ഓഫ് ഇസ്‌ലാം: എ ഗ്ലോബല്‍ ഹിസ്റ്ററി' എന്ന ഗ്രന്ഥത്തില്‍ ഏദ് ഹുസൈന്‍ എഴുതുന്നു: വ്യഭിചാരികളെ കല്ലെറിഞ്ഞു കൊല്ലണമെന്ന പരാമര്‍ശം ഖുര്‍ആനിലില്ല. മതനിന്ദകരേയും മതപരിത്യാഗികളേയും വധിക്കണമെന്നോ സ്വവര്‍ഗ്ഗാനുരാഗികളെ ഉയരംകൂടിയ കെട്ടിടത്തില്‍നിന്ന് എറിഞ്ഞുകൊല്ലണമെന്നോ ഖുര്‍ആന്‍ പറയുന്നില്ല. പുരുഷന്മാര്‍ താടി വളര്‍ത്തണമെന്നോ സ്ത്രീകള്‍ മുടി ചുറ്റി പൊതിയണമെന്നോ ഖുര്‍ആനിലില്ല. ഇക്കാര്യങ്ങളെല്ലാം പ്രവാചകന്‍ പറഞ്ഞതായി ആരോപിതമായ ഹദീസുകളിലാണുള്ളത്. ഖുര്‍ആനുമായി പൊരുത്തപ്പെടാത്ത ഹദീസുകളെ ചോദ്യം ചെയ്യാനുള്ള ധൈര്യം പൊതുവെ മുസ്‌ലിങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു.' 

സൽമാൻ റുഷ്ദി
സൽമാൻ റുഷ്ദി

ശിക്ഷാവിധികളും വിലക്കുകളും

എസ്. ഇര്‍ഫാന്‍ ഹബീബ് ഇതേ കാര്യം ഇങ്ങനെ സംക്ഷേപിക്കുന്നു: 'ശരീഅത്ത് ആണ് മാറ്റത്തിനുള്ള ഏറ്റവും വലിയ തടസ്സം. ശരീഅത്ത് തത്ത്വങ്ങളുടെ നാല് സ്രോതസ്സുകളില്‍ ഒന്ന് ഖുര്‍ആനും മറ്റുള്ളവ ഖിയാസ് (മനുഷ്യ യുക്തിവിചാരം), ഇജ്മാത് (പൊതുസമ്മതം) സുന്നത്ത് (പ്രവാചക ചര്യകള്‍, ഉദീരണങ്ങള്‍) എന്നിവയാണ്. പ്രവാചക വചനങ്ങളില്‍ മിക്കവയും മുഹമ്മദ് നബിയുടെ മരണശേഷം 200 കൊല്ലം കഴിഞ്ഞ് എഴുതപ്പെട്ടതാണ്. അവയില്‍ പലതിനും ആധികാരികത്വമില്ല.'

അറബി ഭാഷയില്‍ ശരീഅത്ത് എന്നതിന്റെ അക്ഷരാര്‍ത്ഥം വഴി, മാര്‍ഗ്ഗം എന്നാണ്. കുടിവെള്ളമുള്ള ഇടത്തേക്ക് നയിക്കുന്ന പാത എന്നൊക്കെയായിരുന്നു ആ വാക്കിന്റെ അര്‍ത്ഥം. ഇസ്‌ലാം മതത്തിന്റെ ആവിര്‍ഭാവത്തിനുശേഷം മതാനുയായികള്‍ ഇസ്‌ലാമിക നിയമങ്ങളുടേയും ധാര്‍മ്മികതയുടേയും വഴിയായി അതിനെ കണ്ടു. അത് മാറ്റാന്‍ പറ്റാത്ത ദൈവത്തിന്റെ നിയമമായി നിഷ്‌കര്‍ഷിക്കപ്പെട്ടു. പക്ഷേ, സിയാവുദ്ദീന്‍ സര്‍ദാറിനെപ്പോലുള്ള ലിബറല്‍ മുസ്‌ലിം ചിന്തകര്‍ പറയുന്നത് ശരീഅത്ത് ഒരു ഖുര്‍ആന്‍ ആശയമല്ല എന്നാണ്. ഖുര്‍ആനില്‍ ഈ പദം രണ്ട് പ്രാവശ്യമേ വരുന്നുള്ളു. അത് ദ്യോതിപ്പിക്കുന്നത് പ്രവാചകന്‍മാരിലൂടെ എല്ലാ ജനതകള്‍ക്കും സമുദായങ്ങള്‍ക്കും ദൈവം നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശമായാണ്. ഇങ്ങനെ രണ്ടര്‍ത്ഥത്തിലും ശരീഅത്ത് എന്നത് കാലാതീതമായി മാറ്റമില്ലാതെ നിലനില്‍ക്കേണ്ട ക്രോഡീകൃത നിയമസംഹിതയല്ലെന്ന് 'റീഡിങ് ദ ഖുര്‍ആന്‍' എന്ന ഗ്രന്ഥത്തില്‍ സര്‍ദാര്‍ വിശദീകരിക്കുന്നുണ്ട്. താലിബാനേയും അല്‍ ഖയ്ദയേയും ഐ.എസ്സിനേയും പോലുള്ള രണോത്സുക ഇസ്‌ലാമിസ്റ്റുകള്‍ 'ശുദ്ധ ശരീഅത്തി'ലേക്ക് മടങ്ങണമെന്ന് ആഹ്വാനം ചെയ്യുന്നവരാണ്. ശരീഅത്ത് നിയമങ്ങള്‍ പല മുസ്‌ലിം രാജ്യങ്ങളിലും പരിഷ്‌കരണത്തിന് വിധേയമാക്കിയിട്ടുണ്ടെങ്കിലും, പ്രത്യേകിച്ച് സ്ത്രീ അവകാശങ്ങളുടെ കാര്യത്തില്‍, ഇന്ത്യയില്‍ ആ മേഖല ഇപ്പോഴും പ്രവേശനവിലക്കുള്ളതായി തുടരുന്നു. 

ഹ​സ്സൻ സുരൂർ
ഹ​സ്സൻ സുരൂർ

ഹസ്സന്‍ സുരൂര്‍ 'ഹു കില്‍ഡ് ലിബറല്‍ ഇസ്‌ലാം' (2019) എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: എന്താണ് യഥാര്‍ത്ഥ പ്രശ്‌നം? മുഴുവന്‍ പിഴവും ഇസ്‌ലാമിന്റെ വ്യാഖ്യാതാക്കളില്‍ മാത്രം ചുമത്തേണ്ടതല്ല. തങ്ങളുടെ തീവ്രവാദ നിലപാടുകള്‍ക്കനുസരിച്ച് കരുതിക്കൂട്ടി ദുര്‍വ്യാഖ്യാനിക്കുന്നവരും ഇവരില്‍ ഉള്‍പ്പെടും. ഇസ്‌ലാമിക ദൈവശാസ്ത്രത്തില്‍ തന്നെ ദുര്‍വ്യാഖ്യാനത്തിനും തെറ്റിദ്ധാരണയ്ക്കും വഴിവെക്കാന്‍ സാധ്യതയുള്ള പലതുമുണ്ട്. ഖുര്‍ആന്‍ പാഠം അനിശ്ചിതാര്‍ത്ഥങ്ങളുടെ, അവ്യക്തതകളുടെ ഒരു കുഴിബോംബ് പ്രദേശമാണ്. തീവ്രവാദികള്‍ക്ക് സന്ദര്‍ഭനിരപേക്ഷമായി തന്നിഷ്ടപ്രകാരം പെറുക്കിയെടുത്ത് താന്താങ്ങളുടെ ദുഷ്‌കൃത്യങ്ങളെ സാധൂകരിക്കാവുന്ന ആയത്തുകള്‍ (സൂക്തങ്ങള്‍) അതിലുണ്ട്. യഥാര്‍ത്ഥ സന്ദര്‍ഭത്തില്‍നിന്ന് പിഴുതുമാറ്റിയാണ് അവരത് ഉപയോഗിക്കുന്നത്. അതുപോലെ മുഹമ്മദ് നബിയുടെ വചനങ്ങളും പ്രബോധനങ്ങളുമായ ഹദീസുകളെ ഉപായങ്ങളാല്‍ വളച്ചൊടിക്കാനും പറ്റും. അവ ധാരാളമുണ്ട് എന്നതും പല സന്ദര്‍ഭങ്ങളില്‍ ഉണ്ടായതുമാണ് എന്നതും നബിയുടെ മരണശേഷം അനേക പതിറ്റാണ്ടുകള്‍ കഴിഞ്ഞ് ഉണ്ടായതാണെന്നതും മാത്രമല്ല കാരണം. അവ മിക്കപ്പോഴും യഥാതഥ സന്ദര്‍ഭത്തില്‍നിന്ന് ബാഹ്യമായി ഉദ്ധരിക്കപ്പെടുന്നു എന്നതാണ് പ്രധാന പ്രശ്‌നം. ആധികാരികത്വമോ പ്രാമാണ്യമോ ഇല്ലാത്ത ധാരാളം ഹദീസുകള്‍ പ്രവാചകന്റെ പേരില്‍ ചാര്‍ത്തപ്പെട്ടിട്ടുണ്ട്. പല ആധികാരിക ഹദീസുകള്‍ക്കും ദുര്‍വ്യാഖ്യാനത്താലും സാന്ദര്‍ഭികമായ പ്രമാദങ്ങളാലും ഊനം വരുത്തിയിട്ടുണ്ട്. 

എസ് ഹരീഷ്
എസ് ഹരീഷ്

ഗ്രന്ഥകാരന്‍മാര്‍ക്ക് വധശിക്ഷ വിധിക്കുകയോ പുസ്തകങ്ങള്‍ നിരോധിക്കുകയോ എഴുത്തുകാരുടെ വായടപ്പിക്കുകയോ ചെയ്യുന്ന 'ആയത്തുല്ലമാര്‍' എല്ലാ മതങ്ങളിലുമുണ്ട്. ഇന്ത്യയില്‍ കല്‍ബുര്‍ഗിയേയും ഗൗരി ലങ്കേഷിനേയും ഗോവിന്ദ് പന്‍സാരെയേയും നരേന്ദ്ര ധാബോല്‍ക്കറെയും പട്ടാപ്പകല്‍ വധിച്ചത് സംഘപരിവാറിന്റെ ഹിംസാത്മക പ്രത്യയശാസ്ത്രം അടിമുടി ഗ്രസിച്ച ഹിന്ദുത്വ നരാധമ സംഘങ്ങളാണ്. പെരുമാള്‍ മുരുകന്റെ 'മാതൊരു ഭാഗനെ'തിരേയും എസ്. ഹരീഷിന്റെ 'മീശ'ക്കെതിരേയും ചന്ദ്രഹാസമിളക്കി കലാപാന്തരീക്ഷം സൃഷ്ടിച്ചതും ഹിന്ദുത്വത്തിന്റെ പ്രഘോഷകരമായ ഇന്ത്യന്‍ ആയത്തുല്ലമാരാണ്. ഇങ്ങനെ ലോകമാകെ നിര്‍ഭാഗ്യവശാല്‍ പടരുന്ന ലിഖിതവും അലിഖിതവുമായ വധശാസനകളും ഗ്രന്ഥവിലക്കുകളും ലിബറല്‍ ഇടത്തെ അനുദിനം ശോഷിപ്പിക്കുന്നു എന്നുമാത്രമല്ല, ലിബറല്‍ എഴുത്തുകാര്‍ പോലും ഇത്തരം ഫത്‌വകളെ ആന്തരികവല്‍ക്കരിച്ച് സ്വയം സെന്‍സര്‍ഷിപ്പിനു മുതിരുന്ന അഭിശപ്ത കാലവുമാണിത്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com