'അവിടെയാണ് ഫ്രാന്‍സ് ഒരു വിശാല ബോധമാവുന്നത്, അര്‍ജന്റീന ആ നിലയില്‍, ആ രാജ്യത്തുള്ളവരുടെ മാത്രം ആവാസ കേന്ദ്രമാണ്' 

അര്‍ജന്റീന ജയിച്ചത്, 'മെസ്സിക്കൊരു കപ്പ്' എന്ന വൈകാരികമായ ഊന്നലിലാണ് എല്ലാവരും അവതരിപ്പിക്കുന്നത്. കെ-റെയില്‍ 'മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതിയാണ്' എന്ന അവതരണം പോലെ
'അവിടെയാണ് ഫ്രാന്‍സ് ഒരു വിശാല ബോധമാവുന്നത്, അര്‍ജന്റീന ആ നിലയില്‍, ആ രാജ്യത്തുള്ളവരുടെ മാത്രം ആവാസ കേന്ദ്രമാണ്' 

ര്‍ജന്റീന ജയിച്ചത്, 'മെസ്സിക്കൊരു കപ്പ്' എന്ന വൈകാരികമായ ഊന്നലിലാണ് എല്ലാവരും അവതരിപ്പിക്കുന്നത്. കെ-റെയില്‍ 'മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതിയാണ്' എന്ന അവതരണം പോലെ. ലോകകപ്പ് മെസ്സിയുടെ ഒരു സ്വപ്നപദ്ധതിയായി അവതരിപ്പിച്ചതില്‍ ഫിഫയുടെ ഔദ്യോഗിക ഭാരവാഹികളുമുണ്ട്. എന്നാല്‍, എന്തുകൊണ്ട് ഫ്രാന്‍സ് എന്നൊരു ചോദ്യമുന്നയിക്കുമ്പോള്‍ പോലും, 'മലയാളീ അര്‍ജന്റീനിയന്‍ ഫാന്‍സ്' അസ്വസ്ഥരാവും.

ഫ്രാന്‍സ് ഇത്തവണ കപ്പ് നേടിയില്ലെങ്കിലും യഥാര്‍ത്ഥത്തില്‍  'ആഫ്രിക്ക' കൂടിയാണ്  അവരിലൂടെ പ്രകാശിപ്പിക്കപ്പെട്ടത്.  എസ്.കെ. പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങളിലൂടെ നാം ബാല്യത്തില്‍ വായിച്ചു മോഹിച്ച, ആ അത്ഭുതകര ആഫ്രിക്ക ഒരു വന്‍കരയുടെ പേര് മാത്രമല്ല, ആധുനികപൂര്‍വ്വ സമൂഹത്തിന്റെ വംശ/ഗോത്രസ്മൃതികള്‍ പേറുന്ന ആദിമ ജനതയുടെ പോരാട്ടത്തിന്റേയും അതിജീവനത്തിന്റേയും പേരാണ്. മലയാള കവിതയില്‍ കടമ്മനിട്ട കൊണ്ടുവന്ന ആ താളം,  കാല്‍പന്തുകളിയില്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍, ഫ്രാന്‍സിന്റെ പ്രതിരോധപ്പാട്ടായി,  മൊറോക്കോയുടെ ചാരുതയാര്‍ന്ന ആ മുന്നേറ്റങ്ങളെ തടഞ്ഞത് ഫ്രാന്‍സിന്റെ 'നെഗ്രിറ്റിയൂഡ്' എന്നു വിശേഷിപ്പിക്കാവുന്ന പ്രതിരോധത്തിന്റെ 'കിരാത നൃത്ത'മാണ്. അതുകൊണ്ട് മൊറോക്കോയേക്കാള്‍ ആഫ്രിക്കന്‍ മനുഷ്യരുടെ നിറവുകള്‍ ഫ്രാന്‍സിലാണുള്ളത്. ആ കരുത്തും കാവലും.

അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ പ്രവചനാ തീതമായ മത്സരമായി മാറി, രണ്ടാം പകുതിയില്‍.  അര്‍ജന്റീന ആരാധകരുടെ ആരവങ്ങളില്‍ കപ്പെടുക്കും മുന്‍പേ 'കപ്പെ'ടുത്തിരിക്കുന്ന പ്രതീതി ജനിപ്പിച്ചിരുന്നു. ഇത്തരം പ്രതീതികള്‍ ലോകത്തെ ഏറ്റവും വലിയ 'റിയാലിറ്റി ഷോ'യില്‍ വാസ്തവമായി പുലരണമെന്നില്ല. എങ്കിലും ഒടുവില്‍ ലോകം തന്നെ അതാഗ്രഹിച്ചതുപോലെ അര്‍ജന്റീന കപ്പു നേടി. ഫ്രാന്‍സിന് 'ആഫ്രിക്ക'യുടെ വംശബോധം സിരകളില്‍ പടര്‍ന്ന കളിക്കാരുടെ അപ്രതിരോധ്യമായ ആ കാവലുണ്ടായിരുന്നിട്ടും.

ഫ്രാന്‍സിന്റെ സെമിഫൈനല്‍ ജയത്തിനു ശേഷം ടീമംഗങ്ങള്‍ മൊറോക്കോ കളിക്കാരെ സാന്ത്വനിപ്പിക്കുകയും ചേര്‍ത്തുപിടിക്കുകയും ചെയ്തത് നാം കണ്ടതാണ്.  ഒലിവിയര്‍ ഗിറൗഡ് മൊറോക്കോ കോച്ചിനെ ആശ്ലേഷിച്ചു, ഇത് ജയത്തിന്റെ നേരങ്ങളില്‍ കാണുന്ന അപൂര്‍വ്വ കാഴ്ചകളാണ്. വിജയത്തിന്റെ ആ നിമിഷങ്ങളില്‍ ഫ്രാന്‍സ് താരങ്ങള്‍ സംയമികളായി. പല വന്‍കരകളില്‍നിന്ന് സംയോജിക്കപ്പെട്ട മനുഷ്യരുടെ ആവാസകേന്ദ്രം കൂടിയാണ് ഫ്രാന്‍സ്. മൊറോക്കോയാണ് വിജയിച്ചതെങ്കില്‍ 'പ്രകടനപരതകളുടെ പ്രാര്‍ത്ഥനാ'സ്ഥലമായി മൈതാനം മാറുമായിരുന്നു. പ്രാര്‍ത്ഥിക്കാന്‍ എല്ലാ മനുഷ്യര്‍ക്കും അവരുടേതായ കാരണങ്ങളുണ്ട്. ഉമ്മമാരെ ചേര്‍ത്തുപിടിച്ച ആ ആനന്ദനിമിഷങ്ങളൊക്കെ ആരുടെ ഉള്ളിലുമുണ്ടാക്കിയത് ആഹ്ലാദകരമായ അനുഭവമാണ്. പക്ഷേ, കുടിയേറ്റ മനുഷ്യരോടുള്ള സമീപനത്തിലാണ് രാജ്യങ്ങളുടെ മാനുഷികമായ ഉള്‍ഘടനകള്‍ മാറ്റുരച്ചു നോക്കപ്പെടുന്നത്. അവിടെയാണ് ഫ്രാന്‍സ് ഒരു വിശാല ബോധമാവുന്നത്. അര്‍ജന്റീന ആ നിലയില്‍, ആ രാജ്യത്തുള്ളവരുടെ മാത്രം ആവാസ കേന്ദ്രമാണ്. മറഡോണ എന്ന മനുഷ്യന്‍ നടത്തിയ വിമോചകധര്‍മ്മങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, അതിവൈകാരികമായ സങ്കുചിത താല്പര്യങ്ങളുടെ ഒരു രാജ്യം. 'അവരുടേതല്ലാത്ത ആരും' 'അവരില്‍' ഇല്ല. മുഴുവന്‍ വെളുത്തവര്‍. എവിടെ കറുത്തവര്‍? 

അതുകൊണ്ട് ഫ്രാന്‍സിനുവേണ്ടി  കയ്യടിക്കാനും 'ദുആ' ചെയ്യാനും ചങ്ങാതിമാരോടു പറഞ്ഞു. അവര്‍ കയ്യടിച്ചാലുമില്ലെങ്കിലും അര്‍ജന്റീന ജയിച്ചു. ജയത്തിന്റെ നിമിഷങ്ങളില്‍  ഫ്രാന്‍സ് കാണിച്ച ചങ്ങാത്ത മനോഭാവത്തിന്റെ ഉദാത്തമായ അനുഭവം മറ്റാരെങ്കിലും തരുമായിരുന്നോ കാണികള്‍ക്ക്?  
ഫ്രാന്‍സ്-അര്‍ജന്റീന ഫൈനലില്‍ അര്‍ജന്റീന ജയിച്ചുവെങ്കിലും നമുക്ക് ആഫ്രിക്കന്‍ കരയിലെ മനുഷ്യരെ, ലോകകപ്പ് മൈതാനത്ത് ഇനിയും കാണാം. എല്ലാ മനുഷ്യരേയും തൊട്ടൊഴുകുന്ന ഒരു നദിയുടെ പേരാണ്, ഫ്രാന്‍സ്. 

അര്‍ജന്റീന ആ നിലയില്‍ ഒരു വിശാല മാനവികത പേറുന്നില്ല. എന്നാല്‍, എല്ലാവരുടെ ഉള്ളിലും മെസ്സിയോടുള്ള ഇഷ്ടമുണ്ടാവാം. പ്രതിഭകള്‍ക്ക് അതിര്‍ത്തികള്‍ ഇല്ല. അര്‍ജന്റീനയല്ല, മെസ്സി കപ്പെടുക്കണം എന്നാഗ്രഹിക്കുമ്പോള്‍, അര്‍ജന്റീന ഒരു രാജ്യമെന്ന നിലയില്‍ അവരുടെ ആരാധകരെപ്പോലും പ്രചോദിപ്പിക്കുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്.

വര്‍ഗ്ഗീയതയ്ക്കെതിരെ'അതേ' കുഞ്ഞിമംഗലത്ത് നിന്ന്  ഒരു പുതുവര്‍ഷ സന്ദേശം

'അന്യമതസ്ഥര്‍ക്ക് പ്രവേശനമില്ല' എന്ന് എഴുതിയ ബോര്‍ഡ് ക്ഷേത്രമുറ്റത്ത് ഉത്സവനാളില്‍ പ്രദര്‍ശിപ്പിച്ച കുഞ്ഞിമംഗലത്ത് നിന്നുവന്ന പുതിയ വാര്‍ത്ത, 'മൈത്രി' എന്ന അനുഭവത്തെ അഗാധമായി പ്രകാശിപ്പിക്കുന്നു. വാസ്തവത്തില്‍ മൈത്രിയുടെ തിരുപ്പിറവികള്‍ അവസാനിക്കുന്നില്ല. ഇസ്ലാമിന്റെ വിശ്വാസപ്രകാരം, ഇസ്റാഫീല്‍ എന്ന മാലാഖ 'സൂര്‍' എന്നു പേരുള്ള കാഹളത്തില്‍ ഊതുമ്പോള്‍ ലോകം അവസാനിക്കും. ചില മുസ്ലിം മതപ്രഭാഷകരുടെ 'മൈക്ക്' ആണ് സൂര്‍ എന്ന കാഹളം എന്ന്  ചിലപ്പോള്‍ തോന്നാറുണ്ട്. 'തുല്യത' എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ചില പണ്ഡിതന്മാര്‍ക്ക് ഹാലിളകി കാഹളമെടുക്കും. മൈത്രിയെ ഖുര്‍ആനും പ്രവാചകനും പ്രചോദിപ്പിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, മുസ്ലിം മതമൗലികവാദികള്‍ക്ക് അത്തരം പ്രചോദനങ്ങള്‍ ഇല്ല. വള്ളിപുള്ളി തെറ്റാതെ 'അ'കാരത്തിലും 'ഇ'കാരത്തിലും അവര്‍ ആരൊക്കെ 'കാഫിറു'കളാകും എന്ന ഗവേഷണത്തിലാണ്. ഹിന്ദു വര്‍ഗ്ഗീയവാദികളും അന്യമത വിദ്വേഷത്തിന്റെ ഗവേഷണപ്പുരയില്‍ പാര്‍പ്പു തുടങ്ങിയിട്ട് കാലമേറെയായി.

ഇതെല്ലാം ഓര്‍മ്മിപ്പിക്കേണ്ടിവരുന്നത്, 'മൈത്രി' എന്ന അനുഭവത്തെ ഗാഢമായി പുണര്‍ന്നവരാണ് മലബാര്‍ മാപ്പിളമാരും ഹിന്ദുക്കളും. തദ്ദേശീയതയില്‍നിന്നുള്ള ഊര്‍ജ്ജ പ്രവാഹങ്ങളില്‍ രൂപപ്പെട്ട 'മലബാര്‍ മുസ്ലിം' കള്‍ച്ചറുണ്ട്. ആ മനോഹരമായ ഹിന്ദു-മുസ്ലിം മൈത്രിക്ക് കുഞ്ഞിമംഗലം ദേശം സാക്ഷ്യം വഹിച്ചു. ടാഗോറിന്റെ മിസ്റ്റിക് കവിതയില്‍ വായിച്ചതു പോലെ ''നാഥാ, എത്ര ലളിതമാണ് അങ്ങയുടെ ഭാഷണം, എന്നാല്‍ മനുഷ്യര്‍ എല്ലാം സങ്കീര്‍ണ്ണമാക്കി.'' കാലവും മനുഷ്യരും സങ്കീര്‍ണ്ണമാക്കിയ വിശ്വാസത്തേയും സാഹോദര്യത്തേയും  കുഞ്ഞിമംഗലത്തെ കുറേ അയ്യപ്പഭക്തരും പള്ളി ഇമാമും വീണ്ടും, ദൈവം ആഗ്രഹിച്ചതുപോലെ, ലളിതമാക്കി. 

സംഭവമിതാണ്: കുഞ്ഞിമംഗലം കൊയപ്പാറയില്‍ ഹൈദ്രോസ് പള്ളിമുറ്റത്ത്, വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞപ്പോള്‍, ശബരിമലയില്‍ പോകാന്‍ വ്രതമെടുത്ത ചില അയ്യപ്പഭക്തന്മാര്‍ മുസ്ലിം വിശ്വാസികള്‍ക്ക് പായസം വിളമ്പി. ചെറുതാഴം ഹനുമാരമ്പലം, കൊവ്വപ്പുറം ഉദയപുരം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ കേന്ദ്രമാക്കി ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനു പോകുന്ന സ്വാമിമാരാണ് മുസ്ലിം വിശ്വാസികള്‍ക്ക് പായസം വിളമ്പിയത്. സ്വാമിമാരായ പാണച്ചിറ സുനിയും  രാമകൃഷ്ണന്‍ ചെറുതാഴവും പായസവിതരണത്തിനു നേതൃത്വം നല്‍കി. പള്ളി ഖത്തീബ് അശ്റഫ് ബാഖവിയും മഹല്ല് പ്രസിഡന്റ് അബ്ദുല്‍ ഖാദറും സ്വാമിമാരെ സ്വീകരിച്ചു. ഓണത്തിനും പെരുന്നാളിനും പൂര്‍വ്വികര്‍ അന്യോന്യം പകര്‍ന്ന സ്നേഹത്തെക്കുറിച്ച് അശ്റഫ് ബാഖവി നമസ്‌കാരത്തിനു ശേഷം പ്രസംഗിക്കുകയും അയ്യപ്പഭക്തരുടെ സാഹോദര്യത്തെ പ്രശംസിക്കുകയും ചെയ്തു. കുഞ്ഞിമംഗലത്തുനിന്നുള്ള ഈ നല്ല വാര്‍ത്തയാണ്,  മലയാളികള്‍ക്കു നല്‍കാവുന്ന  പുതുവര്‍ഷ സന്ദേശം. പ്രപഞ്ചത്തിലെ എല്ലാ വെളിച്ചവും കെട്ടുപോകുമ്പോള്‍ സ്വയം പ്രകാശിക്കുന്ന മണ്‍ചെരാതുകളെക്കുറിച്ച് എഴുതിയതും ടാഗോര്‍ തന്നെയാണ്.

അയ്യപ്പഭക്തര്‍ക്കും അശ്റഫ് ബാഖവിക്കും അബ്ദുല്‍ ഖാദറിനും മുന്നില്‍ കാലം കൂടുതല്‍ വെളിച്ചമുള്ളതായി മാറുന്നു. ഇതാണ് മലബാര്‍ കള്‍ച്ചര്‍. ഓണത്തിന് സദ്യയുണ്ണുന്നത് 'ശിര്‍ക്കാ'ണ് എന്നു പറയുന്നവര്‍ അവരുടെ പാട്ടിനു പോകട്ടെ. അന്യോന്യമുള്ള മധുരമാകാനും മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും കഴിയും. ഈ സാഹോദര്യത്തില്‍ എല്ലാ വര്‍ഗ്ഗീയതകളും തുലഞ്ഞുപോകട്ടെ.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com