ഒരു പുകവലി നിര്‍ത്തലിന്റെ അനുഭവ സാക്ഷ്യം
By പി ആര്‍ ഷിജു | Published: 14th March 2023 12:53 PM |
Last Updated: 14th March 2023 12:56 PM | A+A A- |

'നിങ്ങള്‍ നര്‍ത്തകിയും നടിയുമാണ്. അതുകൊണ്ടു തന്നെ നിങ്ങള്‍ക്കിത് വളരെ എളുപ്പമായിരിക്കും. കാര്യങ്ങളെ സങ്കല്‍പ്പിച്ചെടുക്കുക എന്നതാണ് ഇതില്‍ പ്രധാനം. കലാകാരിയല്ലേ, നിങ്ങള്‍ക്ക് നല്ല ഭാവനാ ശക്തിയുണ്ടാവും' - പുകവലി നിര്‍ത്തുന്നതിനായി ഉപദേശം തേടി ചെന്നപ്പോള്‍ ഡോക്ടറുടെ ആദ്യ പ്രതികരണം ഇതായിരുന്നുവെന്നാണ് മല്ലിക സാരാഭായി ഓര്‍ത്തെടുക്കുന്നത്. 1982 ല്‍ അമേരിക്കയില്‍ വച്ചായിരുന്നു അത്. ദിവസം 40 സിഗരറ്റ് വരെ വലിച്ചിരുന്ന കാലം.
വീട്ടിലോ അടുത്ത ബന്ധുക്കളിലോ ആരുമുണ്ടായിരുന്നില്ല പുകവലിക്കാര്‍. അതിനോട് ഒരു ഭ്രമം തോന്നിയിട്ടുമില്ല. പരിഷ്‌കാരിയെന്ന് കാണിക്കാന്‍ പോലും ഒരു പുകയെടുക്കാന്‍ മുതിര്‍ന്നിട്ടില്ല. പത്തൊന്‍പതാം വയസ്സില്‍ അഹമ്മദാബാദ് ഐഎംഎമ്മില്‍ ചേരുന്നതുവരെ താന്‍ ഇങ്ങനെയായിരുന്നുവെന്ന് മല്ലിക. 200 ആണ്‍കുട്ടികളും 9 പെണ്‍കുട്ടികളുമുള്ള ക്ലാസ്. അസൈന്‍മെന്റുകള്‍ ഓരോരുത്തരെയല്ലാതെ ഗ്രൂപ്പുകളെ ഏല്‍പ്പിക്കുകയാണ് അവിടുത്തെ രീതി. പത്തോ പന്ത്രണ്ടോ ആണ്‍കുട്ടികള്‍ക്കൊപ്പം ഒരു പെണ്‍കുട്ടിയും അടങ്ങുന്ന പഠന ഗ്രൂപ്പുകള്‍. അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കാന്‍ മണിക്കൂറുകളോളം, ചിലപ്പോഴൊക്കെ രാത്രി വൈകും വരെ ഒരു മുറിയില്‍ ചെലവഴിക്കേണ്ടിവരും. വളരെ ചുരുക്കം പേരൊഴിച്ച് എല്ലാവരും പുകവലിക്കാര്‍, പലരും ചെയിന്‍ സ്‌മോക്കര്‍മാര്‍. ഓരോ തവണ പഠന പ്രവര്‍ത്തനം കഴിഞ്ഞു പുറത്തു വരുമ്പോഴും തന്റെ ഉടുപ്പുകള്‍ക്കു മാത്രമല്ല, മുട്ടറ്റം നീളമുണ്ടായിരുന്ന മുടിയില്‍ വരെ സിഗരറ്റ് മണമായിരുന്നുവെന്ന് ഓര്‍ക്കുന്നുണ്ട്, മല്ലിക സാരാഭായി.
ആദ്യമൊക്കെ ഇഷ്ടക്കേടായിരുന്നു. പിന്നെപ്പിന്നെ ആ മണം ആസ്വദിക്കാന്‍ തുടങ്ങി. അവിടുന്നങ്ങോട്ട് ഒരു പുകയെടുത്തു നോക്കുകയെന്ന ആദ്യ പടിയിലേക്ക് വലിയ ദൂരമൊന്നുമില്ലായിരുന്നു. ഏതാനും മാസങ്ങള്‍ കൊണ്ടു തന്നെ താനൊരു നല്ല വലിക്കാരിയായെന്ന് തുറന്നുപറയുന്നു, മല്ലിക. പുകവലിക്കാര്യം വീട്ടില്‍ നിന്ന് മറച്ചു പിടിച്ചൊന്നുമില്ല. അവിടെ ആര്‍ക്കും അതത്ര ഇഷ്ടമല്ലെങ്കിലും പരസ്യമായിട്ടായിരുന്നു വലി. അമ്മ മാത്രം കാണുമ്പോള്‍ മൂക്കു ചുളിക്കും. പുകവലിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ഇന്നത്തെയത്ര വിവരമൊന്നുമില്ലാതിരുന്നതു കൊണ്ട് എതിര്‍പ്പ് വല്ലാതെയുണ്ടായില്ല.
ബെന്‍സന്‍ ആന്‍ഡ് ഹെഡ്ജസ് ആയിരുന്നു ഇഷ്ട ബ്രാന്‍ഡ്. അഹമ്മദാബാദില്‍ കിട്ടാനില്ലാത്തതിനാല്‍ പ്രയാസപ്പെട്ടാണ് അത് സംഘടിപ്പിച്ചിരുന്നത്. എഴുപതുകളുടെ അവസാനം ആയപ്പോഴേക്കും ഡണ്‍ഹില്ലിലേക്കു മാറി. വലിക്കുന്നതിനു പിന്നാലെ സൂപ്പാരി ചവയ്ക്കും, അതും ഒരു ശീലമായി വളര്‍ന്നു. പാന്‍ ചവച്ചില്ലെങ്കില്‍ സിഗരറ്റിന്റെ രസം മുഴുവനായി കിട്ടിയില്ലെന്ന് തോന്നും. അതുകൊണ്ടു തന്നെ സൂപ്പാരി പെട്ടി എപ്പോഴും കൈയില്‍ കരുതുമായിരുന്നു.
സിഗരറ്റിന്റെ എണ്ണം വല്ലാതെ കൂടിയപ്പോള്‍, ദിവസം 40 വരെയൊക്ക ആയപ്പോള്‍ വലി നിര്‍ത്തുന്നതിനെക്കുറിച്ച് ഇടയ്‌ക്കൊക്കെ ആലോചിച്ചു. ആ ആലോചന പെട്ടെന്നു തന്നെ നിര്‍ത്തുകയും ചെയ്തു. താന്‍ നര്‍ത്തകിയാണ്, ഒരു കിതപ്പുമില്ലാതെ നൃത്തം ചെയ്യാനാവുന്നുണ്ട്. പിന്നെന്താ? പുകവലി വിശപ്പു കുറയ്ക്കുന്നുണ്ടെന്ന് വ്യക്തം. മെലിഞ്ഞിരിക്കാന്‍ അതു സഹായിക്കുന്നുണ്ട്. തടിച്ചിയായി ജീവിക്കണോ അതോ മെലിഞ്ഞവളായി മരിക്കണോ? ഇങ്ങനെയൊക്കെയാണ് അന്നു ചിന്ത പോയത്. ഗര്‍ഭിണികളിലെ പുകവലി കുഞ്ഞിനെ ദോഷമായി ബാധിക്കും എന്ന അറിവ് അന്നേയുണ്ട്. 'അതിനെന്താ? കുഞ്ഞാവാന്‍ നേരം, ഒരു വര്‍ഷം മുമ്പോ മറ്റോ, നിര്‍ത്തിയാല്‍ പോരേ? '
1982 ല്‍ ന്യൂയോര്‍ക്കില്‍ വച്ച് ഒരാളെ കണ്ടുമുട്ടുകയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും കുടുംബവും കുട്ടികളുമൊക്കെ ആലോചനയിലേക്ക് വരികയും ചെയ്തപ്പോഴാണ് പുകവലി നിര്‍ത്തുന്നതിനെക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കുന്നത്. അവിടത്തെ ഒരു സുഹൃത്താണ് ഡോ. നഥാന്‍ ഫ്‌ലെയ്ഷറെക്കുറിച്ച് പറഞ്ഞത്. ഹിപ്‌നോട്ടിസ്റ്റ് ആണ്. പുകവലി നിര്‍ത്തുന്നതില്‍ സ്‌പെഷലിസ്റ്റ്. സാധാരണ ഗതിയില്‍ അപ്പോയിന്റ്‌മെന്റ് കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കണം. ഒരു സുഹൃത്തുവഴി അവള്‍ അതു സംഘടിപ്പിച്ചു തന്നു.
ഇരുന്നൂറ് ഡോളറാണ് ഡോക്ടറുടെ ഫീസ്. അത് കാബിനിലേക്ക് കയറും മുമ്പു തന്നെ വാങ്ങി. അത്ര ചെറുതല്ലാത്ത തുകയാണ്. കാശു പോയല്ലോ എന്ന മൗഢ്യത്തില്‍, ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ഡോക്ടറുടെ മുന്നിലിരുന്നത്. ഭാവനയുള്ളവര്‍ക്ക് ഇതൊക്കെ സിംപിളാണ് എന്ന തുടക്കത്തിനു ശേഷം ഡോക്ടര്‍ ചെയ്ത് ഹാന്‍ഡ് ബാഗ് തുറക്കുകയാണ്. പൊട്ടിക്കാത്ത രണ്ടു പാക്കറ്റ് ഡണ്‍ഹില്‍ ഉണ്ടായിരുന്നു, അതില്‍. അയാള്‍ അതെടുത്ത് തറയിലിട്ട് ചവിട്ടി. 'ഇനി ഇതിന്റെ ആവശ്യമില്ല'. ഇരുന്നൂറ് ഡോളറിനൊപ്പം ഇതു കൂടി; നഷ്ടം പെരുകുകയാണല്ലോയെന്ന് മനസ്സിലോര്‍ത്തു.
'ഞാന്‍ അഞ്ചു മുതല്‍ പിറകോട്ട് എണ്ണും, ഒന്നില്‍ എത്തുമ്പോഴേക്കും നിങ്ങള്‍ ഹിപ്‌നോട്ടൈസ് ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കും ' - ഡോക്ടര്‍ പറഞ്ഞു. നടന്നതു തന്നെ എന്നു ചിന്തിച്ചു കൊണ്ട് കണ്ണുകള്‍ അടച്ചു. പിന്നെ സ്വപ്നത്തില്‍ നിന്നെന്ന പോലെ ഡോക്ടറുടെ മൃദുവായ ശബ്ദം കേട്ടു. അഞ്ച്, നാല്, മൂന്ന്, രണ്ട് ഒന്ന്. 'നിങ്ങളിപ്പോള്‍ പൂര്‍ണമായും എന്റെ നിയന്ത്രണത്തിലാണ്. ഒരു കുന്നും പുല്‍പ്പരപ്പും ഇളങ്കാറ്റും സങ്കല്‍പ്പിച്ചു നോക്കൂ. ഇപ്പോള്‍ നിങ്ങള്‍ ആ കുന്നിന്റെ മുകളിലേക്ക് ഓടിക്കയറുകയാണ്. നിങ്ങളുടെ ശ്വാസകോശം ശുദ്ധമാണ്, വലിയ കിതപ്പൊന്നും ഇല്ലാതെ നിങ്ങള്‍ക്ക് മുകളിലേക്ക് ഓടിയെത്താനാവുന്നുണ്ട്. നിങ്ങള്‍ ഊര്‍ജസ്വലയാണ്. ഓടുക, ആസ്വദിച്ച് ഓടുക'
ഞാന്‍ കേള്‍ക്കുകയായിരുന്നു, ഉണര്‍ന്നുകൊണ്ടു തന്നെ. എന്താണ് ഡോക്ടര്‍ പറഞ്ഞു വരുന്നതെന്ന് എനിക്കു മനസ്സിലാവുന്നുണ്ട്. പുകവലി എന്റെ ശ്വാസകോശത്തെ വല്ലാതെയൊന്നും ബാധിച്ചിട്ടില്ല, കിതപ്പില്ലാതെ എനിക്ക് ഓടാം. ഛെ, എന്തൊരു അബദ്ധമാണിത്. ഇതു കേള്‍ക്കാനാണോ ഇങ്ങോട്ടു വന്നത്? വെറുതെ കാശു കളഞ്ഞു, രണ്ട് പായ്ക്കറ് സിഗരറ്റും. ആ കാശുകൊണ്ട് വേറെ എന്തൊക്കെ ചെയ്യാമായിരുന്നു. ചിന്ത ഇങ്ങനെയൊക്കെ പോവുന്നതിനിടെ വീണ്ടും ഡോക്ടറുടെ ശബ്ദം കേട്ടു. ഇത്തവണ അര്‍ബുദമുള്ള ഒരു വായ് സങ്കല്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം; വ്രണങ്ങള്‍ നിറഞ്ഞത്, വേദനയും ദുരിതവുമുള്ളത്. ഞാനതെല്ലാം ഭാവനയില്‍ കണ്ടു, ഒപ്പം എന്നോടുതന്നെ പറയുകയും ചെയ്തു, 'മല്ലിക, നീയൊരു നടിയാണ്, നീ ചെയ്യുന്നതെല്ലാം - ഹിപ്‌നോ ട്ടൈസ് ചെയ്യപ്പെട്ടു എന്നു തോന്നിപ്പിക്കുന്നതു പോലും - നാട്യമാണ്'
ഡോക്ടര്‍ വീണ്ടും അഞ്ചു മുതല്‍ ഒന്നു വരെ എണ്ണി. അഗാധമായ മായിക നിദ്രയില്‍ നിന്ന് ഉണരുന്ന മട്ടില്‍ ഞാന്‍ കണ്ണു തുറന്നു. വിലാസം കുറിച്ച കാര്‍ഡ് തന്ന്, ആവശ്യമുണ്ടെങ്കില്‍ വിളിക്കു എന്ന ഉപസംഹാരത്തോടെ ഡോക്ടര്‍ പുറത്തേക്കുള്ള വാതില്‍ തുറന്നു. ആ കൂടിക്കാഴ്ച അങ്ങനെ അവസാനിച്ചു. 'പുറത്തിറങ്ങി റസ്റ്ററന്റ് ലക്ഷ്യമാക്കി നടക്കുമ്പോള്‍ അടുത്തെങ്ങാനും ഡണ്‍ഹില്‍ സിഗററ്റ് വില്‍ക്കുന്ന കടയുണ്ടോയെന്ന് കണ്ണുകള്‍ പരതിക്കൊണ്ടിരുന്നു. പുക വലിക്കണമെന്നുള്ള ആ തോന്നലില്ലേ, ഉള്ളില്‍ നിന്നു വരുന്ന അദമ്യമായ ഒന്ന്, അതിനായി ഞാന്‍ കാത്തു നിന്നു. അത് വന്നതേയില്ല; അന്നു മാത്രമല്ല, പിന്നീടിതുവരെ.'
(മല്ലിക സാരാഭായിയുടെ ഇന്‍ ഫ്രീ ഫാള്‍, മൈ എക്‌സ്പിരിമെന്റ്‌സ് വിത്ത് ലിവിങ്ങിനെ അവലംബിച്ച് എഴുതിയത്)
ഈ ലേഖനം കൂടി വായിക്കൂ
'കാന്‍സര്‍ രോഗി; അതില്‍ ചെറുപ്പക്കാരന്‍, പ്രായമായ ആള്‍ എന്നൊന്നുമില്ല'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ