മാലിന്യത്തെ പഴങ്കഥയാക്കാം; ഇപ്പോള്‍ തുടങ്ങാം

പുറത്തേക്കു വരുമ്പോള്‍ത്തന്നെ ദുര്‍ഗന്ധവും അറപ്പും ഉളവാക്കുന്ന മനുഷ്യവിസര്‍ജ്ജ്യത്തിന്റെ സംസ്‌കരണത്തിന് ഓരോരുത്തരുടേയും വീട്ടകങ്ങളില്‍ത്തന്നെയാണ് തുടക്കമിടുന്നത്.
വികെ പ്രശാന്ത് എംഎല്‍എ
വികെ പ്രശാന്ത് എംഎല്‍എ

രുകാലത്ത് കേന്ദ്രീകൃത മാലിന്യസംസ്‌കരണ പ്ലാന്റിനെ മാത്രം ആശ്രയിച്ചാണ് തിരുവനന്തപുരം നഗരവും മുന്നോട്ടുപോയിരുന്നത്. നഗരവാസികള്‍ക്കും അതായിരുന്നു എളുപ്പം. മാലിന്യമെല്ലാംകൂടി കവറിലാക്കി രാവിലെ കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്പിക്കുന്നതോടെ അവരുടെ ഉത്തരവാദിത്വം കഴിയും. എന്നാല്‍, ആ മാലിന്യമത്രയും മറ്റൊരിടത്ത് പൊട്ടിത്തെറിക്കാവുന്ന ബോംബായി വളരുകയാണെന്ന കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ല. ഒരു സുപ്രഭാതത്തില്‍ ആ സംവിധാനം അടച്ചുപൂട്ടിയപ്പോള്‍ പ്രതിദിനം നഗരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന 350 ടണ്ണിലധികം വരുന്ന മാലിന്യം എന്തുചെയ്യണമെന്നറിയാതെ ആദ്യം ഒന്നു പകച്ചെങ്കിലും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും സജ്ജമാക്കിയ ബദല്‍ മാര്‍ഗ്ഗങ്ങളിലൂടെയും ഈ മാലിന്യത്തിന്റെ നല്ലൊരു പങ്കും കൈകാര്യം ചെയ്യാനാകുമെന്ന ഉറപ്പിലേക്ക് തിരുവനന്തപുരം നഗരം എത്തിച്ചേരുകയായിരുന്നു. നൂറുശതമാനം വിജയിച്ചുവെന്ന് അവകാശവാദമില്ല. എന്നാല്‍, കടുത്ത പ്രതിസന്ധികളും പ്രശ്നങ്ങളുമുണ്ടാകാതെ മുന്നോട്ടുപോകാനാകുന്നുണ്ടെന്നതില്‍ ഉറപ്പുണ്ടുതാനും.


ആ അനുഭവത്തില്‍നിന്നു പറയട്ടെ, ബ്രഹ്മപുരത്തുനിന്നുയരുന്ന പുകയെ തിരിച്ചറിവാക്കി ഇപ്പോള്‍ തുടങ്ങിയാല്‍ മാലിന്യമെന്നത് വിപത്തല്ല, വിഭവമാണെന്ന സത്യത്തിലേക്ക് എത്താന്‍ നമുക്ക് അധികദൂരം താണ്ടേണ്ടിവരില്ല. അതിന് എല്ലാവരുടേയും ഒരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നു മാത്രം. ശാസ്ത്രീയവും പരിസ്ഥിതിസൗഹൃദവും ചെലവുകുറഞ്ഞതുമായ ഉറവിട മാലിന്യ പരിപാലനത്തിലൂടെ ഭാവിയിലെങ്കിലും പ്രശ്നങ്ങളുണ്ടാകാതെ നോക്കാനും യുക്തിപൂര്‍വ്വമായ വിഭവവിനിയോഗത്തിനും സാധിക്കും.

ഉറവിട മാലിന്യപരിപാലനം

പുറത്തേക്കു വരുമ്പോള്‍ത്തന്നെ ദുര്‍ഗന്ധവും അറപ്പും ഉളവാക്കുന്ന മനുഷ്യവിസര്‍ജ്ജ്യത്തിന്റെ സംസ്‌കരണത്തിന് ഓരോരുത്തരുടേയും വീട്ടകങ്ങളില്‍ത്തന്നെയാണ് തുടക്കമിടുന്നത്. യാതൊരു അറപ്പും കൂടാതെ നാം അതു ചെയ്യുന്നു. അതിന് എത്ര പണം ചെലവാക്കാനും നമുക്ക് മടിയില്ല. സെപ്റ്റിക് ടാങ്കുകള്‍ നിറയുമ്പോഴല്ലാതെ ആരും ആശങ്കപ്പെടാറുമില്ല. അവിടെയാണ്, രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുശേഷം മാത്രം അഴുകി ദുര്‍ഗന്ധമുണ്ടാക്കുന്ന ഭക്ഷണാവശിഷ്ടങ്ങളുടെ പരിപാലനത്തിന് നാം റോക്കറ്റ് സാങ്കേതികവിദ്യ അന്വേഷിച്ചു നടക്കുന്നത്.  


ദുര്‍ഗന്ധമോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലാതെ ചെലവുകുറഞ്ഞ രീതിയില്‍ തികച്ചും സുരക്ഷിതമായി ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ പരിപാലിക്കുന്നതിനുള്ള സുരക്ഷിത സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്. അതിനായി മാനസികമായി സജ്ജമാകണമെന്നേയുള്ളു. മാലിന്യങ്ങളെ സംസ്‌കരണത്തിനും പുനരുപയോഗത്തിനും പുനഃചംക്രമണത്തിനുമുള്ള രീതികള്‍ക്കനുസൃതമായി ഉറവിടത്തില്‍തന്നെ തരംതിരിക്കുകയാണ് ആദ്യം വേണ്ടത്. വേര്‍തിരിക്കല്‍ എന്നു കേള്‍ക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കില്‍ വേര്‍തിരിക്കേണ്ട, കൂട്ടിക്കലര്‍ത്താതിരുന്നാല്‍ മതി. വീട്ടിലെത്തുന്ന സാധനങ്ങളില്‍ നമുക്കാവശ്യമുള്ളതെടുത്തിട്ട് ബാക്കി എല്ലാംകൂടി ഒരിടത്തു നിക്ഷേപിക്കാതെ ജൈവം, അജൈവം എന്നിങ്ങനെ വേര്‍തിരിച്ചു നിക്ഷേപിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലല്ലോ. അവിടെനിന്നാണ് മാലിന്യപരിപാലനത്തിന്റെ ഒന്നാംപാഠം തുടങ്ങുന്നത്.
കമ്പോസ്റ്റിംഗ് ഉപാധികളോ ബയോഗ്യാസ് പ്ലാന്റുകളോ ആണ് വീടുകളിലും ചെറുസ്ഥാപനങ്ങളിലും പ്രയോജനപ്പെടുത്താവുന്നത്. ലളിതവും ഉപഭോക്തൃസൗഹൃദവുമായ കമ്പോസ്റ്റിംഗ് മാതൃകയാണ് തിരുവനന്തപുരത്ത് കൂടുതലായി പ്രയോജനപ്പെടുത്തിയത്. മൂന്നു തട്ടുകളുള്ള, ദുര്‍ഗന്ധമുണ്ടാക്കാത്ത ബയോ കമ്പോസ്റ്റര്‍ ബിന്‍ അടുക്കളയ്ക്കകത്ത് ഉപയോഗിക്കാം. എലിശല്യത്തെ അതിജീവിക്കുന്ന ബക്കറ്റുകളാണ് ഇവ. കമ്പോസ്റ്റിംഗിനായി ഇനോക്കുലം കലര്‍ത്തിയ ചകിരിച്ചോറാണ് ഇതില്‍ ഉപയോഗിക്കുന്നത്. ബ്ലാക്ക് സോള്‍ജ്യര്‍ ഫ്‌ലൈയുടെ മുട്ട വിരിഞ്ഞ് പുഴുക്കള്‍ ഉണ്ടാകാനുള്ള സാധ്യത ആദ്യഘട്ടത്തില്‍ വെല്ലുവിളിയായിരുന്നെങ്കിലും ഇപ്പോള്‍ പുഴുക്കളുണ്ടാകാതെ കമ്പോസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഇനോക്കുലം വിപണിയില്‍ ലഭ്യമാണ്. ഇത്തരത്തില്‍ സ്വന്തമായി മാലിന്യം കൈകാര്യം ചെയ്യാന്‍ തുടങ്ങുന്നതോടെ വീടിനു പുറത്തേക്കു തള്ളുന്ന മാലിന്യത്തിന്റെ തോത് കാര്യമായിത്തന്നെ കുറയും. തിരുവനന്തപുരം നഗരത്തില്‍ മൂന്നില്‍ രണ്ട് മാലിന്യവും ഇത്തരത്തിലാണ് പരിപാലിക്കപ്പെടുന്നത്.

ഓവര്‍ഫ്‌ലോ വേസ്റ്റ് മാനേജ്മെന്റ്

സാധാരണയായി, ഒരു നഗരത്തില്‍ അല്ലെങ്കില്‍ ഒരു സമൂഹത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന മുഴുവന്‍ മാലിന്യത്തേയും പരിപാലിക്കാന്‍ വമ്പന്‍ പ്ലാന്റുകളോ യന്ത്രസാമഗ്രികളോ ആണ് പലപ്പോഴും വിഭാവനം ചെയ്യപ്പെടാറുള്ളത്. ഉറവിടങ്ങളില്‍ പരിപാലിക്കപ്പെടാന്‍ കഴിയാതെ പോകുന്ന മാലിന്യങ്ങള്‍ക്കുവേണ്ടി മാത്രം മതി പ്ലാന്റുകള്‍.  അതും 250-500  വീടുകള്‍ക്ക് ഒരെണ്ണമെന്ന വിധത്തില്‍ പരമാവധി വികേന്ദ്രീകൃതമായി. മാലിന്യങ്ങളുടെ കേന്ദ്രീകരണവും അതിലൂടെയുണ്ടാകുന്ന ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളും ഒഴിവാക്കാനും ഒരു പ്ലാന്റ് കേടായാല്‍പോലും നഗരം മുഴുവന്‍ മാലിന്യത്തില്‍ മുങ്ങാതെ മറ്റൊരു പ്ലാന്റിന്റെ സഹായത്തോടെ പ്രശ്നം വളരെ വേഗത്തില്‍ പരിഹരിക്കാനും ഇതിലൂടെ കഴിയും. ഇതിന് പ്രത്യേകം സ്ഥലം കണ്ടെത്തേണ്ട ആവശ്യവുമില്ല. പുറമ്പോക്കുകളിലും വഴിവക്കിലുമെല്ലാം ഇത് സ്ഥാപിക്കാന്‍ കഴിയും. കൂടുതല്‍ സ്ഥലമുണ്ടെങ്കില്‍ പൂന്തോട്ടവും ഇരിപ്പിടവും വായനശാലയുമൊക്കെ ഒരുക്കി ഇത്തരം കേന്ദ്രങ്ങളില്‍ ജനങ്ങളുടെ ഇടപെടല്‍ പരമാവധി സാധ്യമാക്കാനും കഴിയും.


തുമ്പൂര്‍മുഴി മാതൃകയിലുള്ള ഏയ്റോബിക് ബിന്നുകളാണ് വികേന്ദ്രീകൃത ചെറുകിട പ്ലാന്റുകളായി ഇന്ന് കേരളത്തില്‍ കൂടുതലായി പ്രയോജനപ്പെടുത്തുന്നത്. ദുര്‍ഗന്ധം ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചെലവും തുച്ഛമാണ്. പ്ലാന്റുകളിലേയ്ക്ക് മാലിന്യം എത്തിക്കാനുള്ള ചെലവും ഇന്ധനത്തിന്റെ ദുര്‍വ്യയവും കേന്ദ്രീകൃത പ്ലാന്റിലേയ്ക്ക് മാലിന്യം കൊണ്ടുപോകുന്നതിലൂടെയുള്ള പ്രശ്നങ്ങളുമൊക്കെ ഒഴിവാകുകയും ചെയ്യും. ഇവിടെ ഉല്പാദിപ്പിക്കപ്പെടുന്ന കമ്പോസ്റ്റ് പച്ചക്കറി കൃഷിക്ക് പ്രയോജനപ്പെടുത്താനും കഴിയും. നഗരത്തില്‍നിന്ന് ശുചീകരണ തൊഴിലാളികള്‍ തൂത്തുവാരുന്ന കരിയിലകള്‍ ശേഖരിച്ച് ഈ പ്ലാന്റുകളില്‍ കമ്പോസ്റ്റിംഗ് മാധ്യമമായി ഉപയോഗിക്കാം. തിരുവനന്തപുരത്ത് കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചാണ് ഇത്തരത്തില്‍ കരിയിലകള്‍ ശേഖരിക്കുന്നത്. ഇതിനെ നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമാക്കുകയും കൂട്ടിയിട്ട് കത്തിക്കല്‍ പരമാവധി ഒഴിവാക്കുകയും ചെയ്യാം.

അജൈവമാലിന്യങ്ങളുടെ പരിപാലനം

ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന ഉല്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറച്ചാല്‍ അജൈവമാലിന്യങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കാം. ഗ്രീന്‍ പ്രോട്ടോക്കോള്‍ ശക്തമാക്കുന്നതിലൂടെയും നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിലൂടെയും ഇത് സാധ്യമാകും. അജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍നിന്നുതന്നെ പുനരുപയോഗത്തിനോ പുനഃചംക്രമണത്തിനോ കൈമാറിയാല്‍ ഏതെങ്കിലും കേന്ദ്രത്തില്‍ എത്തിച്ചുള്ള തരംതിരിക്കല്‍ ഒഴിവാക്കാം. അവ ശേഖരിക്കുന്നതിന് എയ്റോബിക് ബിന്നുകളോടനുബന്ധിച്ച് മെറ്റീരിയല്‍ കളക്ഷന്‍ സംവിധാനങ്ങള്‍ ഒരുക്കാം. കൃത്യമായ ഇടവേളകളില്‍ കളക്ഷന്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കുന്നത് ജനങ്ങളില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും മാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്താതെ ശേഖരിച്ചു സൂക്ഷിക്കുന്ന ശീലം വളര്‍ത്താനും സഹായിക്കും. അജൈവ മാലിന്യശേഖരണത്തിന് ഒരു കലണ്ടര്‍ തയ്യാറാക്കുന്നതും വളരെയേറെ ഗുണം ചെയ്യും. ഇത്തരത്തിലൊരു കലണ്ടര്‍ ഇന്ത്യയില്‍തന്നെ ആദ്യമായി തയ്യാറാക്കിയത് തിരുവനന്തപുരം നഗരസഭയായിരുന്നു. പുനരുപയോഗത്തിന് സാധ്യമായവ ആവശ്യക്കാര്‍ക്ക് കൈമാറുന്നതിനായി സ്വാപ്പ് ഷോപ്പുകളോ ഫ്ലീ മാര്‍ക്കറ്റുകളോ സംഘടിപ്പിക്കാവുന്നതാണ്. അവയ്ക്കൊപ്പം റിപ്പയറിംഗ് ഹബ്ബുകള്‍ കൂടി ഒരുക്കാനായാല്‍ ഏറെ ഗുണകരം.


വെറും വാക്കുകളല്ല, തിരുവനന്തപുരത്ത് പരീക്ഷിച്ച് വികസിപ്പിച്ച് വിജയിച്ച മാതൃകയാണിത്. ബ്രഹ്മപുരത്തെ പുകയില്‍ മുങ്ങിനില്‍ക്കുന്ന കൊച്ചിക്കു മാത്രമല്ല, കേന്ദ്രീകൃത മാലിന്യപ്ലാന്റുകള്‍ക്കായി കാത്തുനിന്ന് ബ്രഹ്മപുരങ്ങള്‍ ഉണ്ടാകാതെ നോക്കാന്‍ കേരളത്തിലെ ഓരോ നഗരത്തിനും ഗ്രാമത്തിനും പ്രാദേശികമായി ആവശ്യമായ ഭേദഗതികളോടെ ഇതു നടപ്പാക്കാനാകും. ശീലങ്ങളിലും ജീവിതശൈലിയിലുമെല്ലാം മാറ്റം വേണ്ട സംവിധാനമായതിനാല്‍ സന്നദ്ധപ്രവര്‍ത്തകരേയും വിദ്യാര്‍ത്ഥികളേയും സംഘടനകളേയും ഒപ്പംകൂട്ടി ശക്തമായ പ്രചാരണ പരിപാടികളോടെ മുന്നോട്ടുപോയാല്‍ മാലിന്യപ്രശ്നമെന്നത് പഴങ്കഥയാകുമെന്നതില്‍ സംശയം വേണ്ട.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com