നോ സ്‌മോക്കിങ്, നോട്ട് ഈവന്‍ അബ്ലുല്ല. അബ്ദുല്ല സിഗരറ്റിന്റെ പ്രസിദ്ധമായ പരസ്യ വാചകം കേട്ടിട്ടില്ലേ? അതെഴുതിയത് ഒരു ബ്രിട്ടിഷുകാരന്‍ തന്നെയാവണം. ട്യൂബ് റെയില്‍വേയില്‍ പുകവലി വിലക്കിയപ്പോള്‍ പ്രതിഷേധം കൊണ്ട് ആ തീരുമാനത്തെ തിരുത്തിയെഴുതിച്ചിട്ടുണ്ട്, ഇംഗ്ലീഷുകാര്‍. ചെറിയ തിരുത്തല്ല, ട്രെയിനിന്റെ ഒടുക്കത്തിലും തുടക്കത്തിലും ഓരോ കംപാര്‍ട്ട്‌മെന്റ് പുക വലിക്കാത്തവര്‍ക്ക്, ബാക്കി മുഴുവന്‍ പുകവലിക്കാര്‍ക്കും. എഴുപതുകളിലോ മറ്റോ വലിയൊരു തീപിടിത്തമുണ്ടാകും വരെ, ഇങ്ങനെ പുക തുപ്പിയായിരുന്നു ലണ്ടന്‍ ട്യൂബ് തീവണ്ടിയുടെ യാത്ര. അവര്‍ക്കു വേണ്ടിയുള്ളതാണ് ആ പരസ്യവാചകം; ഒരു പുകയെടുക്കാന്‍ വെമ്പിനില്‍ക്കുന്ന സമൂഹം അതില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്.
പരസ്യം ചെയ്യാനുള്ള ഇംഗ്ലീഷുകാരുടെ മിടുക്ക് കാണിക്കുന്ന ഒരു കഥ പറയുന്നുണ്ട് എസ് കെ പൊറ്റക്കാട്ട്, ലണ്ടന്‍ നോട്ട് ബുക്കില്‍. ലണ്ടനിലെ ഒരു തെരുവില്‍ ഒരാള്‍ തയ്യല്‍ക്കട തുടങ്ങുന്നു. ഇംഗ്ലണ്ടിലെ ഏറ്റവും നല്ല തയ്യല്‍ക്കട എന്നാണ് അതിന്റെ പരസ്യം. അതേ തെരുവില്‍ രണ്ടാമതൊരു തയ്യല്‍ക്കട വരുന്നു. അവരുടെ പരസ്യം ഇങ്ങനെ: ലണ്ടനിലെ ഏറ്റവും നല്ല തയ്യല്‍ക്കട. മൂന്നാമതും വന്നു, ഒരു തയ്യല്‍ക്കട. പരസ്യം ഈ തെരുവിലെ ഏറ്റവും നല്ല തയ്യല്‍ക്കട. സ്ലേറ്റില്‍ ഒരു വര വരച്ചിട്ട് തൊടാതെ ഇതിനെ ചെറുതാക്കാമോയെന്ന വെല്ലുവിളിയെ, തൊട്ടടുത്ത് കുറച്ചു കൂടി വലിയ വര വരച്ച് തോല്‍പ്പിച്ചുകളയുന്ന കുട്ടിക്കാല കുസൃതി ഓര്‍മ വരുന്നുണ്ടോ?
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പരസ്യങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് ഇടിച്ചു കയറാത്ത കാലത്തും, നാട്ടിന്‍പുറങ്ങളില്‍ പോലും ഹിറ്റ് ആയിരുന്നു ലൈബോയ് സോപ്പിന്റെ പരസ്യവാചകം. ലൈബോയ് എവിടെയോ അവിടെയാണാരോഗ്യം. വാസന സോപ്പ് കുളി ആഡംബരമായിരുന്ന അക്കാലത്ത് ലൈബോയുടെ എതിരാളി ചന്ദ്രികയാണ്. ചന്ദ്രികയ്ക്കു പക്ഷേ, പരസ്യവാചകം ഇല്ല. പേരു തന്നെയാണ് അതിന്റെ പരസ്യം. നാമം മാത്രം ധാരാളം എന്ന് ഖേതാന്‍ ഫാനിന്റെ പരസ്യത്തില്‍ പറയും പോലെ. രമണനും ചന്ദ്രികയും കേരളക്കരയില്‍ നിറഞ്ഞോടിയ കാലത്താണ് കേശവന്‍ വൈദ്യര്‍ ചന്ദ്രിക സോപ്പ് തുടങ്ങുന്നത്. ചന്ദ്രികയുടെ പേരിടലിന് പിന്നില്‍ ആ പേരിന്റെ ജനകീയത ഉപയോഗപ്പെടുത്താനുള്ള കച്ചവട സാധ്യതയും ഉണ്ടാകാം എന്നൊക്കെ പറയുന്ന രസികന്‍ ലേഖനമെഴുതിയിട്ടുണ്ട്, അഷ്ടമൂര്‍ത്തി. ചന്ദ്രിക ആക്ടിവ് ആയുര്‍വേദ എന്ന ടാഗ് ലൈനോടെ റീ ബ്രാന്‍ഡ് ചെയ്ത സമയത്താണ് അതുവന്നത്. ആക്ടിവ് ആയുര്‍വേദ പക്ഷേ, ഏറ്റില്ല. ചന്ദ്രിക ചന്ദ്രികയായിത്തന്നെ തുടര്‍ന്നു.
അല്ലെങ്കിലും ബ്രാന്‍ഡിങ്ങില്‍ നമുക്ക് വ്യക്തി നാമങ്ങളോടാണ് പ്രിയം. ചിറമ്മല്‍ ഗോള്‍ഡ് എന്നൊക്കെ പേരിട്ടാലും അരി പ്രാഞ്ചീടെ സ്വര്‍ണക്കട എന്നേ പറയൂ. ഇതു മനസിലാക്കിയിട്ടാവണം മുമ്പൊക്കെ നാട്ടില്‍ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയിരുന്നവര്‍ സ്വന്തം പേര്, അതും ഇനിഷ്യല്‍ സഹിതം, ആണ് എഴുതിത്തൂക്കിയിരുന്നത്. നമ്മുടെ പട്ടണങ്ങളിലെ പഴയ അങ്ങാടികളിലൂടെ കണ്ണോടിച്ചാല്‍ ഇപ്പോഴും കാണാം കെ കെ കുഞ്ഞിപ്പാലു ജ്വല്ലറിയും കെ കെ മേനോന്‍ മോട്ടോഴ്‌സും സിഇ ചാക്കുണ്ണി ആന്‍ഡ് കമ്പനിയുമൊക്കെ. സി വിദ്യാധരന്‍, മഞ്ജുള ബേക്കറി, മുല്ലയ്ക്കല്‍, ആലപ്പുഴ എന്നു കേട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ ചരിത്രത്തില്‍ ഒരു തുള വീണിരിക്കുന്നു എന്നാണര്‍ഥം. സൈക്കിളിലും പ്രിമിയര്‍ പദ്മിനി കാറുകളിലും പിടിപ്പിച്ച, മൂക്കടപ്പ് ബാധിച്ച കുഞ്ഞു മെഗാ ഫോണുകളിലൂടെ കേരളത്തിലെ ഗ്രാമ, ഗ്രാമാന്തരങ്ങള്‍ കേട്ട പേരാണത്.
ആകാശവാണി പരസ്യങ്ങള്‍ നല്‍കിത്തുടങ്ങിയതിന് ശേഷവും രാമാനന്ദ സാഗറിന്റെ രാമായണവുമായി ദൂരദര്‍ശന്‍ ജനകീയമായതോടെയുമാണ് പരസ്യങ്ങള്‍ ഇത്രമേല്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായത്. അകത്ത് അതിവിശാലമായ ഷോറൂം എന്ന കോട്ടയം അയ്യപ്പാസിന്റെ ആകാശവാണി പരസ്യമാവണം, മലയാളത്തിലെ ആദ്യത്തെ ഹിറ്റ് ടാഗ് ലൈന്‍. രാമായണകാലത്തെ ടെലിവിഷന്‍ പരസ്യങ്ങള്‍ പലതും പിന്നീട് നൊസ്റ്റു റിങ് ടോണുകളായി വന്നു. മിലേ സ്വര് മേരാ തുമാര പോലെ തന്നെയായിരുന്നു അന്നത്തെ ടെലിവിഷന്‍ പ്രേക്ഷകന് നിര്‍മ വാഷിങ് പൗഡറും. പരന്തുവില്‍ നിന്ന് പരന്തുവിലേക്കള്ള ഇടവേളകളില്‍ നമ്മളെ നോക്കി പാടിയ, ഫ്രില്ലു വച്ച വെളുത്ത ഉടുപ്പിട്ട പെണ്‍കുട്ടിയുടെ അതേ നിര്‍മ. ആ പരസ്യത്തിന്റെ കൂടി പിന്‍ബലത്തിലാണ് ഗുജറാത്തില്‍ ഡോര്‍ ടു ഡോര്‍ കച്ചവടം നടത്തിയിരുന്ന ഒരു ഡിറ്റര്‍ജന്റ് കമ്പനി ഹിന്ദുസ്ഥാന്‍ ലിവറിന്റെ സര്‍ഫിനെ പിന്തള്ളി നാഷണല്‍ ബ്രാന്‍ഡ് ആയി മാറിയത്. നിര്‍മ സ്ഥാപകന്‍ കര്‍സന്‍ ഭായ് പട്ടേലിന്റെ മകള്‍ നിരുപമ ആയിരുന്നു ആ പെണ്‍കുട്ടി. അപകടത്തില്‍ മരിച്ച നിരുപമയുടെ ഗ്രാഫിക്കല്‍ റെപ്രസന്റേഷന്‍ ആയിരുന്നു, പരസ്യത്തിലും നിര്‍മയുടെ കവറിലും.
ബക്കറ്റില്‍ കലക്കിയുണ്ടാക്കിയ ഡിറ്റര്‍ജന്റ് സൈക്കിളില്‍ കൊണ്ടു നടന്നു വിറ്റിരുന്ന ഒരാള്‍ ഹിന്ദുസ്ഥാന്‍ ലീവറിനെപ്പോലൊരു ഭീമനെ പിന്നിലാക്കി കുതിച്ച, ബിസിനസ് ചരിത്രത്തിലെ തിളക്കമാര്‍ന്ന കഥയാണ് നിര്‍മയുടേത്. ആ കുതിപ്പിലെ നിര്‍ണായക പടിയായിരുന്നു, വാഷിങ് പൗഡര്‍ നിര്‍മ എന്ന ജിംഗിളും ആ ടെലിവിഷന്‍ പരസ്യവും. അതിനെ നേരിടാന്‍ ഹിന്ദുസ്ഥാന്‍ ലീവര്‍ രൂപം നല്‍കിയ പ്രൊജക്ട് സ്റ്റിന്റ് (സ്ടാറ്റജി റ്റു ഇന്‍ഹിബിറ്റ് നിര്‍മാസ് ഗ്രോത്ത്) ഇന്ത്യന്‍ ബ്രാന്‍ഡിങ് രംഗത്തെ അസാധാരണ അധ്യായങ്ങളിലൊന്നാണ്. ഗ്രാമങ്ങള്‍ക്കും വില കുറഞ്ഞ ഡിറ്റര്‍ജന്റ് വേണ്ടവര്‍ക്കുമായി ഹിന്ദുസ്ഥാന്‍ ലീവര്‍ വീല്‍ എന്ന ബ്രാന്‍ഡുമായി വരുന്നത് അങ്ങനെയാണ്. അതേസമയം പ്രിമിയം കാറ്റഗറിയില്‍ അവര്‍ സര്‍ഫിനെ അതേപടി നിലനിര്‍ത്തി. അതിനായി ലളിതാജി എന്നൊരു കഥാപാത്രത്തെ ഇറക്കി; ടെലിവിഷന്‍ പരസ്യത്തിലൂടെ തന്നെ. വില കുറഞ്ഞതെല്ലാം വിശേഷപ്പെട്ടതല്ലെന്ന ലളിതാജിയുടെ വാക്കുകളിലൂടെ സര്‍ഫ് അതിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിച്ചു.
ഒരു സുപ്രഭാതത്തില്‍ പുതുപുത്തന്‍ കാറുവാങ്ങി എല്ലാവരേയും ഞെട്ടിക്കുകയും അതേ സുപ്രഭാതത്തില്‍ത്തന്നെ തെരുവിലെ പച്ചക്കറി വില്‍പ്പനക്കാരോട് രണ്ടു രൂപയ്ക്കു വേണ്ടി വിലപേശുകയും ചെയ്യുന്ന സ്വന്തം അമ്മയാണ് ലളിതാജിക്കു മാതൃകയായതെന്ന് പറഞ്ഞിട്ടുണ്ട്, ആ പരസ്യത്തിന്റെ സ്രഷ്ടാവായ അലീഖ് പദംസി. കൊടുക്കുന്ന പൈസയ്ക്ക് മൂല്യം തിരിച്ചു കിട്ടണം. മൂല്യമുണ്ടെങ്കില്‍ അല്‍പ്പം വില കൂടുതലുമാകാം. ഇതായിരുന്നു ലളിതാജിയുടെ സന്ദേശം. സ്ത്രീകളുടെ പ്രായോഗിക ബുദ്ധിയെ ആ പരസ്യം മറ്റെന്തിലും മുകളില്‍ നിര്‍ത്തി. അല്ലെങ്കില്‍ത്തന്നെ പരസ്യങ്ങളിലെ സ്ത്രീകള്‍ തന്നെയാവണം സാമൂഹ്യമാറ്റത്തില്‍ ജീവിതത്തിലെ സ്ത്രീകളേക്കാള്‍ മുന്നേ നടന്നതെന്നു പറയുന്നുണ്ട്, പദംസി. അതിനദ്ദേഹം ചൂണ്ടിക്കാട്ടുന്ന ഒന്നാമത്തെ ഉദാഹരണം ലിറില്‍ ഗേളിന്റേതാണ്. ഹിറ്റ് പരസ്യങ്ങളുടെ പിന്നാമ്പുറക്കഥ പറയുന്ന 30 സെക്കന്‍ഡ് ത്രില്ലേഴ്‌സ് എന്ന പുസ്തകത്തിലാണത്.
എണ്‍പതുകളുടെ തുടക്കത്തില്‍, സോപ്പ് വെറും സോപ്പ് മാത്രമായിരുന്ന കാലത്ത്, സോപ്പിന്റെ പരസ്യത്തില്‍ ഒരു പെണ്‍കുട്ടി നേര്‍ത്തൊരു വെള്ളച്ചാട്ടത്തിന് കീഴില്‍, ബിക്കിനിയിട്ടു നിന്ന് സര്‍വം മറന്ന് തുള്ളിക്കളിക്കുക. എടുത്തു പറയാന്‍ പ്രത്യേകിച്ചൊന്നുമില്ലാത്ത ഈ പരസ്യം കാലത്തെ മറികടന്ന ഹിറ്റ് ആയതെങ്ങനെയെന്ന ചോദ്യത്തിന്,പദംസിയുടെമറുപടി ഇങ്ങനെ: 'ഇന്ത്യന്‍ സ്ത്രീകള്‍ ദിവസം മുഴുവന്‍ ചെലവഴിക്കുന്നത് മറ്റുള്ളവര്‍ക്കു വേണ്ടിയാണ്, അവര്‍ അവര്‍ക്കു വേണ്ടി ജീവിക്കുന്നത് കുളിമുറിയിലെ 15 മിനിറ്റ് മാത്രം'.സ്ത്രീകളാണ് ആ പരസ്യം ആഘോഷിച്ചത്, അവരുടെ ഫാന്റസിയാണത്രേ, അത്.
ടൈഗര്‍ പട്ടൗഡിയും ഷര്‍മിള ടഗോറും കൈകോര്‍ത്തു പിടിച്ചു നടന്ന, ഗ്വാളിയോര്‍ സ്യൂട്ടിങ്‌സിന്റെ പരസ്യമാണ് ഇന്ത്യയിലെ ആദ്യ ടെലിവിഷന്‍ കൊമേഴ്‌സ്യല്‍. ലളിതാജിയായി കവിതാ ചൗധരിയും ലിറില്‍ ഗേള്‍ ആയി കരണ്‍ ല്യൂണലും വരുന്നതിനും ഒന്നര പതിറ്റാണ്ടു മുമ്പാണത്. ക്രിക്കറ്റ് പിച്ചില്‍ ഇംഗ്ലിഷുകാരെപ്പോലും വിസ്മയിപ്പിച്ച ഫാറൂഖ് എന്‍ജിനിയര്‍ ബ്രില്‍ക്രീമിന്റെ പരസ്യത്തില്‍ വന്നത് എഴുപതുകളിലാണ്. അതിനും ഏറെക്കഴിഞ്ഞാണ് ഗാവസ്‌കറെ നമ്മള്‍ ദിനേഷ് മില്‍സിന്റെ ടെലിവിഷന്‍ പരസ്യത്തില്‍ കണ്ടത്. ഇതിനൊക്കെ പതിറ്റാണ്ടുകള്‍ മുന്‍പേ ലക്‌സിന്റെ കവറില്‍ ചിരിച്ചു നിന്നിരുന്നു ലീല ചിട്‌നിസ്. അവരാവണം ഇന്ത്യയിലെ ആദ്യ 'പരസ്യ താരം'.
കട്ട് കളറില്‍ അച്ചടിച്ച തെളിച്ചമില്ലാത്ത സിനിമാ നോട്ടീസില്‍ നിന്ന് വെട്ടിയെടുത്ത് നമ്മള്‍ ജയഭാരതിയെ ഒട്ടിച്ച അതേ ചുവരില്‍ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു, ഷര്‍മ്മിള ടഗോര്‍. ഷര്‍മ്മിളയോളം നീളമുണ്ടെന്നു തോന്നിച്ച ആ ബോംബെ ഡയിങ് കലന്‍ഡറില്‍. ഓര്‍ക്കുക, അങ്ങനെയൊരു കലന്‍ഡറില്‍ നിന്നാണ് മേനക സഞ്ജയിന്റെ മനസിലേക്കും ഇന്ദിരയുടെ കലഹത്തിലേക്കും പിന്നെ ഇന്ത്യയുടെ അധികാര ശ്രേണിയിലേക്കും നടന്നു കയറിയത്. അതൊരു ടവ്വലിന്റെ പരസ്യമായിരുന്നു, പിന്‍കഴുത്തില്‍ ചുണ്ടമര്‍ത്തുമ്പോള്‍ അഴിഞ്ഞുവീഴുന്ന വസ്ത്രമെന്ന് ചിത്രഹാറുകള്‍ നമ്മെ പ്രലോഭിപ്പിച്ച അതേ ടവ്വല്‍. ബോംബെ ഡയിങ് നമുക്ക് നുസ്ലി വാഡിയയോ ധീരുഭായ് അംബാനിയോ പോളിയസ്റ്റര്‍ യുദ്ധമോ അല്ല, ശ്വാസഗതിക്ക് അര മാത്രയുടെ അധിക വേഗം വരുമ്പോള്‍ ഏതു സമയവും ഊര്‍ന്നുപോകാവുന്ന ടവ്വല്‍ ചുറ്റിയ ലിസ റായ് തന്നെയാണ്.
സീനത്ത് അമന്‍ ഒരു ഫ്രഞ്ച് പെര്‍ഫ്യൂമാണ്. 'ലൈല ഓ ലൈല' പുരുഷ സിരകളെ ചൂടുപിടിപ്പിച്ച കാലത്ത് ഏതോ പടിഞ്ഞാറന്‍ വിപണന ബുദ്ധിയില്‍ വിരിഞ്ഞത്. അതൊരു മാദകമായ ബുദ്ധിയാണ്. പെര്‍ഫ്യൂമുകള്‍ ഗന്ധ സൗന്ദര്യത്തിന്റെ അനുപാത നിയമങ്ങളെ നിര്‍ദാക്ഷിണ്യം തെറ്റിച്ചുകളയുന്നെന്ന് കരുതുന്നവരെപ്പോലും ഘ്രാണ തൈലങ്ങളിലേക്ക് കൊളുത്തി വലിക്കും അത്. എന്തായിരിക്കും സീനത്ത് അമന്റെ മണം?
ഗാന്ധിജിയുടെ ഇഷ്ട സോപ്പ്; വേണമെങ്കില്‍ അങ്ങനെയൊരു പരസ്യം ഇറക്കാമായിരുന്നു, അര്‍ദേശിര്‍ ഗോദ്‌റെജിന്. ലോകത്തെ തന്നെ ആദ്യ വെജിറ്റബിള്‍ ഓയില്‍ സോപ്പ് ഗോദ്‌റെജ് പുറത്തിറക്കിയപ്പോള്‍ പരസ്യമായി പിന്തുണച്ചു വന്നിട്ടുണ്ട് മഹാത്മാ ഗാന്ധി. ഗാന്ധിജി മാത്രമല്ല, ആനി ബസന്റ്, രാജഗോപാലാചാരി തുടങ്ങി ദേശീയ പ്രസ്ഥാനത്തിന് മുന്‍നിരയിലുണ്ടായിരുന്ന പലരും അതിനെ പിന്തുണച്ചു. ചാവി എന്നായിരുന്നു ആ സോപ്പിന് പേര്‍. അതിന്റെ പരസ്യം പത്രങ്ങളില്‍ വന്നപ്പോള്‍ ഒപ്പമുണ്ടായ പടം സാക്ഷാല്‍, രബീന്ദ്രനാഥ ടഗോറിന്റേതായിരുന്നു. സെലിബ്രിറ്റി എന്‍ഡോഴ്‌സ്‌മെന്റിന്റെ ചരിത്രത്തിലെ ഒരു ഗോള്‍ഡന്‍ മോമന്റ്.
കവര്‍ ഫോട്ടോ/ എഎഫ്പി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ