'ഒരു മരതകപ്പച്ചിലക്കാട്ടിലെന്‍ മരണശയ്യ വിരിക്കൂ സഖാക്കളേ!

'ഒരു മരതകപ്പച്ചിലക്കാട്ടിലെന്‍ മരണശയ്യ വിരിക്കൂ സഖാക്കളേ!

''ഞാന്‍ മരിക്കാന്‍ പോവുകയാണ്. തെറ്റിദ്ധാരണ വേണ്ട, പ്രേമ നൈരാശ്യമോ കടബാധ്യതകളോ ഒന്നുമല്ല കാരണം. ഞാനിപ്പോള്‍ സന്തോഷവാനാണ് എന്നതു മാത്രം.''

പഴയൊരു മലയാള സിനിമയില്‍ നായക കഥാപാത്രം പറയുന്നതാണ്. വേണു നാഗവള്ളി എഴുതി, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അര്‍ഥം എന്ന പടത്തിലെ ഓപ്പണിങ് സീന്‍ തന്നെ, നായകനായ മമ്മൂട്ടിയുടെ നരേന്ദ്രന്‍ തീവണ്ടിക്കു മുന്നില്‍ തലവച്ച് മരിക്കാനൊരുങ്ങുന്നതാണ്. അല്ലെങ്കിലും വേണു നാഗവള്ളി നിനച്ചിരിക്കാത്ത നേരത്ത് മരണത്തെ ഇറക്കിക്കളിക്കുന്നയാളാണ്, 'സുഖമോ ദേവി'യിലും 'സ്വാഗത'ത്തിലുമൊക്കെ നമ്മളത് കണ്ടിട്ടുണ്ട്. എന്നാലും ഒന്നാം രംഗത്തില്‍ തന്നെ മരണം, അതും സന്തോഷവാനായ നായകന്റെ ആത്മഹത്യ! ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് എന്ന, പൊതുഖജനാവില്‍ നിന്ന് കാശുമുടക്കി, നമ്മളെയെല്ലാം നന്നാക്കാനായി ഉണ്ടാക്കിയ പരസ്യം സ്വയം റദ്ദായിപ്പോവുന്നതായി തോന്നുന്നില്ലേ?

ഇന്ത്യയുടെ ആദ്യകാല ഫുട്‌ബോള്‍ പരിശീലകന്‍ സയിദ് അബ്ദുല്‍ റഹിമിന്റെ ജീവിതകഥ പറയുന്ന 'മൈതാന്‍' കണ്ടപ്പോഴാണ്, ഒരു കാര്യവുമില്ലാതെ, പഴയ വേണു നാഗവള്ളിപ്പടം ഓര്‍മ വന്നത്. അങ്ങനെ ഓര്‍ക്കാന്‍ മാത്രം ഒരു ബന്ധവുമില്ല, ഈ സിനിമകള്‍ തമ്മില്‍. രണ്ടും രണ്ടു രീതിയില്‍ കാണേണ്ട, ആസ്വദിക്കേണ്ട പടങ്ങള്‍. ഇന്ത്യന്‍ സിനിമയില്‍ വന്നിട്ടുള്ള മികച്ച സ്‌പോര്‍ട്‌സ് ബയോപിക്കുകളില്‍ ഒന്നാണ്, അജയ് ദേവ്ഗണ്‍ മുഖ്യ വേഷത്തില്‍ അഭിനയിച്ച മൈതാന്‍. കാന്‍സര്‍ ബാധിതനായി, മരണം തൊടാവുന്ന അകലത്തില്‍ വന്നു നില്‍ക്കുമ്പോള്‍, എസ്എ റഹീം ഇന്ത്യയുടെ ഫുട്‌ബോള്‍ ജയം എന്ന സ്വപ്നത്തെ എത്തിപ്പിടിക്കുന്നതാണ് സിനിമയുടെ ക്ലൈമാക്‌സ്. അതിന് അയാള്‍ക്കു പ്രചോദനമാവുന്നതാവട്ടെ, ഭാര്യയുടെ 'മോട്ടിവേഷന്‍ ക്ലാസും. രോഗബാധിതനായി, മരണത്തിന്റെ വരവിനായി കാത്ത് വീട്ടില്‍ ചടഞ്ഞുകൂടിയ അയാളോട് ഒരല്‍പ്പം പരുഷമായിത്തന്നെ ഭാര്യ ഉപദേശിക്കുകയാണ്; 'നിങ്ങളുടെ സ്വപ്നത്തെ പിന്തുടരൂ, അതിനുള്ള ശ്രമമെങ്കിലും നടത്തൂ, സമാധാനമായി മരിക്കുകയെങ്കിലും ചെയ്യാമല്ലോ'. ഇവിടെ വച്ചാവണം, ഓര്‍മയിലേക്ക് വേണു നാഗവള്ളിപ്പടം കയറിവന്നത്. ഒടിടിയില്‍ സിനിമ കാണുമ്പോള്‍ അങ്ങനെ പല സൗകര്യങ്ങളാണ്, പുസ്തകം വായിക്കും പോലെ ഇടയ്ക്കിടെ അടച്ചുവച്ച് ചിന്തകളെ തുറന്നു വിടാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജമന്തിപ്പൂക്കളുടെ വിരിഞ്ഞുപൊട്ടലാണ് വസൂരി എന്നെഴുതിയിട്ടുണ്ട് ഖസാക്കില്‍ ഒവി വിജയന്‍, മരണവും വ്യര്‍ഥതയും ചുമന്നുകൊണ്ടുള്ള ബഹിരാകാശ സഞ്ചാരിയുടെ കപ്പലോട്ടമാണ് അര്‍ബുദമെന്നും

ആളുകള്‍ സമാധാനമായി, അല്ലെങ്കില്‍ സന്തോഷത്തോടെയൊക്കെയാവുമോ മരിക്കുന്നത്? മരണത്തിന്റെ ഏറ്റവും വലിയ പോരായ്മ അതിന്റെ ഫീല്‍ എന്താണെന്ന് ജീവിച്ചിരിക്കുന്ന ആര്‍ക്കും അറിയില്ലെന്നതാണ്. ചിത്രം ഫ്രീസ് ആയിപ്പോവുന്ന ടെലിവിഷന്‍ സ്‌ക്രീന്‍ പോലെയാണോ മരണം?അവസാനം കാണുന്നതിനെ അതേപടി നിര്‍ത്തി, അവസാനം കേട്ടതിനെ വീണ്ടും വീണ്ടും കേള്‍പ്പിച്ച്? അതുകൊണ്ടാണോ മരിക്കാന്‍ കിടക്കുന്നവര്‍ക്കു ചുറ്റും നാം കൂട്ടം കൂടുന്നത്? അതുകൊണ്ടാണോ മരണമെത്തുന്ന നേരത്ത് എന്ന കവിത അത്രമേല്‍ ആസ്വാദ്യമാവുന്നത്?

മരിച്ചു കഴിഞ്ഞും കുറച്ചു നേരം കൂടി പ്രവര്‍ത്തനശേഷിയുണ്ടാവുമത്രേ, കണ്ണുകള്‍ക്ക്. ചുറ്റും കൂടി നില്‍ക്കുന്നവരുടെ ചിത്രങ്ങള്‍ പിടിച്ചെടുത്ത് അവ തലച്ചോറിലേക്ക് അയയ്ക്കുന്നുണ്ടാവണം. ഒരിക്കലും ഡീകോഡ് ചെയ്യപ്പെടാതെ, ശ്മശാനത്തിലെ ചിത്രശലഭങ്ങളെപ്പോലെ ആ പ്രകാശ സന്ദേശങ്ങള്‍ മരിച്ചവരുടെ തലച്ചോറില്‍ ചുറ്റിത്തിരിയുന്നുണ്ടാവണം. അങ്ങനെയെങ്കില്‍ ഫ്രീസ് ആയ ടെലിവിഷന്‍ സ്‌ക്രീന്‍ സിഗ്‌നല്‍ മുറിഞ്ഞുപോവുമ്പോഴുള്ള, ഭസ്മ നിറത്തുള്ളികളുടെ മഹാകുംഭമേളയിലേക്ക് മാറുന്നുണ്ടാവണം. ആര്‍ക്കറിയാം!

ശാസ്ത്രം ഇത്രയൊക്കെ വളര്‍ന്നില്ലേ? ജീവന്‍ എന്നത് ഒരു രാസ, ജൈവ പ്രതിഭാസം എന്നു തന്നെ വയ്ക്കുക. അതില്ലാതാവുന്ന ഘട്ടത്തിലെ 'ഫീല്‍' രേഖപ്പെടുത്താനുള്ള യന്ത്രം നിശ്ചയമായും വേണ്ടതല്ലേ? ഇസിജിയൊക്കെ പോലെ ഒരു മരണാനുഭവ രേഖ. മരണശാസ്ത്ര വിദഗ്ധര്‍ക്ക് അതു നോക്കി പറയാനാവണം; 'കൊള്ളാം, ഇയാള്‍ സന്തോഷത്തോടെയാണ് മരിച്ചത്,നമ്മള്‍ക്കു കാണാന്‍ കഴിയാതെ പോയ ഒരു ചിരിയുണ്ടായിരുന്നു, അയാളുടെ ഉള്ളില്‍'. താന്‍ അറിയാത്ത സ്ത്രീകള്‍ ഉളവാക്കിയ ദുര്‍ബലമായ ലൈംഗികോത്തേജനത്തില്‍ മരിക്കുന്ന കഥാപാത്രമുണ്ട്, എന്‍എസ് മാധവന്റെ 'വിലാപങ്ങളി'ല്‍.

പ്ലേഗ് പിടിച്ചു മരിച്ചവരുടെ ശരീരങ്ങള്‍ ഭൂമധ്യരേഖയില്‍ നിരത്തിവച്ചാല്‍, ആകാശക്കാഴ്ചയില്‍ ഭൂമി മരണത്തിന്റെ രാജകീയ മോതിരം പോലെ തോന്നിക്കും എന്ന മേതിലിന്റെ വാക്കുകളില്‍ തെളിയുന്നതാണ് മരണത്തെക്കുറിച്ച് ഞാന്‍ കണ്ട ഏറ്റവും നല്ല പെയിന്റിങ്ങ്. സംഗീതം ഒരു സമയകലയാണ് എന്ന കഥയിലാണത്. മരണത്തെക്കുറിച്ച് മാത്രമല്ല, മരണത്തിലേക്ക് നീളുന്ന രോഗങ്ങളെക്കുറിച്ച് എഴുതുമ്പോഴും അക്ഷരങ്ങള്‍ തലയില്‍ ചുട്ടി കുത്തിയ ഗോത്രത്തലവന്‍മാരെപ്പോലെ വല്ലാത്ത കരുത്തോടെ നൃത്തം ചവിട്ടും. ജമന്തിപ്പൂക്കളുടെ വിരിഞ്ഞുപൊട്ടലാണ് വസൂരി എന്നെഴുതിയിട്ടുണ്ട് ഖസാക്കില്‍ ഒവി വിജയന്‍, മരണവും വ്യര്‍ഥതയും ചുമന്നുകൊണ്ടുള്ള ബഹിരാകാശ സഞ്ചാരിയുടെ കപ്പലോട്ടമാണ് അര്‍ബുദമെന്നും.

'ഒരു സ്‌തെതസ്‌കോപ്പിന്‍ ഞരമ്പിലൂടന്ത്യ ചലനവുമെന്നെ വെടിഞ്ഞു പോവുമ്പോള്‍ ഒരു തലയോട്ടി നിറയെ വീഞ്ഞുമായ്

വരിക

ശവമുറിയില്‍ നിന്നെന്നെ വിളിച്ചുണര്‍ത്തുവാന്‍ ' എന്ന് 'മരണ വാര്‍ഡി'ല്‍ ചുള്ളിക്കാട്.

'ഒരു മരതകപ്പച്ചിലക്കാട്ടിലെന്‍ മരണശയ്യ വിരിക്കൂ സഖാക്കളേ!
അക്ബര്‍ അവസാനമായി പറഞ്ഞു: എടാ, ഞങ്ങളുടെ 'ഉംറ'യുടെ കാര്യം മറക്കണ്ട...

യക്ഷ പ്രശ്‌നത്തില്‍ യുധിഷ്ഠിരന്റേത് ശരിക്കും മരണ മാസ് ഉത്തരമാണ്. 'ലോകത്തെ ഏറ്റവും അദ്ഭുതകരമായ കാര്യം ഏതാണ്?'

'അനുനിമിഷമെന്നോണം ചുറ്റിലും സഹജീവികള്‍ മരിച്ചുവീഴുമ്പോഴും മരണം തനിക്കു ബാധകമായ കാര്യമല്ലെന്ന് കരുതാനുള്ള മനുഷ്യന്റെ ശേഷിയാണ് ഒന്നാമത്തെ ലോകാദ്ഭുതം.'

മരിച്ചത് ഞാനല്ലല്ലോ എന്ന സന്തോഷം ഓരോ മരണവും ഉത്പാദിപ്പിച്ചു വിടുന്നുണ്ട് എന്ന തിയറിയിലേക്ക് യുധിഷ്ഠിരനില്‍ നിന്ന് ഒരു കോണിയുണ്ട്.

കൊല്ലലും മരിപ്പിക്കലും രണ്ടാണ്. കൊന്നാല്‍ കേസുണ്ട്, മരിപ്പിച്ചാല്‍ ഇല്ല. മരിപ്പിക്കല്‍ പഴയൊരു നാട്ടുവഴക്കമാണ്, ഐപിസിക്കും ഇപ്പോള്‍ ഭാരതീയ ന്യായ സംഹിതയ്ക്കും പുറത്തുള്ളത്. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന എംടി സിനിമയില്‍ അതുണ്ട്. കിരിയാത്തന്‍ - ആളുകളെ മരിപ്പിക്കുന്ന ഒരാള്‍, മരണം കാത്തു കിടക്കുന്നവരെ ജീവിതത്തില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ട് പോവാനുള്ള നിയോഗം അയാള്‍ക്കാണ്. അയാള്‍ക്കൊരു പക്ഷേ അറിയാമായിരിക്കും, മരണമെത്തുന്ന നേരത്തെ തോന്നലുകള്‍. കുതിരവട്ടം പപ്പുവാണ് ആ വേഷം ചെയ്ത്.

സന്തോഷമില്ലാത്തതുകൊണ്ട് ജീവിതം മതിയാക്കുന്ന അവര്‍ സന്തോഷത്തോടെയാവുമോ മരിക്കുന്നുണ്ടാവുക?

ഒന്നിലും സന്തോഷം തോന്നുന്നില്ല, അതുകൊണ്ട് മരിച്ചുകളഞ്ഞാലോ എന്ന് ആലോചിക്കുന്നു എന്ന് പറയുന്ന ഒരു സുഹൃത്ത് നിങ്ങള്‍ക്കുണ്ടോ? വെറുതെ ചുറ്റിലും നോക്കുക. ചിലപ്പോള്‍ അതവര്‍ നിങ്ങളോട് പറയാത്തതാവും. കുടുംബ പ്രശ്‌നമില്ലാതെ, സാമ്പത്തിക പ്രശ്‌നമില്ലാതെ, ആരോഗ്യപ്രശ്‌നമില്ലാതെ, നമുക്കു കാണാവുന്ന പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ മരണം തെരഞ്ഞെടുക്കുന്നവര്‍. വേണു നാഗവള്ളിപ്പടത്തിലെ നരേന്ദ്രനെപ്പോലെ സന്തോഷവാനായതുകൊണ്ടല്ല, ഒന്നിലും സന്തോഷം കണ്ടെത്താനാവാത്തതുകൊണ്ട് ജീവിതയാത്ര പാതിവഴിയില്‍ നിര്‍ത്തുന്നവര്‍. സന്തോഷമില്ലാത്തതുകൊണ്ട് ജീവിതം മതിയാക്കുന്ന അവര്‍ സന്തോഷത്തോടെയാവുമോ മരിക്കുന്നുണ്ടാവുക? 'ഒരുമരതകപ്പച്ചിലക്കാട്ടിലെന്‍

മരണശയ്യ വിരിക്കൂ സഖാക്കളേ!

വസുധയോടൊരു വാക്കു ചൊന്നിട്ടിതാ

വരികയായി ഞാന്‍...' എന്നു പാടിക്കൊണ്ടാവുമോ അവര്‍ ജീവിതത്തിന്റെ പൂമുഖത്തു നിന്നിറങ്ങിപ്പോവുന്നത്?

*തലക്കെട്ടില്‍ ചങ്ങമ്പുഴയുടെ വരികള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com