'ഏകകക്ഷി ഭരണം പ്രളയകാലം വരെ നിലനില്‍ക്കില്ല'
ദേശീയ രാഷ്ട്രീയത്തിലെയും സംസ്ഥാന രാഷ്ട്രീയത്തിലെയും ഗതിവിഗതികളെപ്പറ്റിയും സാഹിത്യത്തിലെ രാഷ്ട്രീയ ഇടപെടലിനെപ്പറ്റിയും ആരോഗ്യപ്രശ്‌നങ്ങള്‍ തന്നെ ദുഃഖിപ്പിക്കുന്നതിനെപ്പറ്റിയുമൊക്കെ സി അനൂപുമായുള്ള ഈ സംഭാഷണത്തില്‍ വിശദമാക്കുന്നു, ഇഎംഎസ്. 1997 മെയ് 16 ലക്കത്തില്‍ ഇപ്പോള്‍ നല്ല ഭരണമാണ് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച അഭിമുഖം.
ദേശീയ രാഷ്ട്രീയവും കേന്ദ്രഭരണവും അസ്ഥിരവും താല്‍ക്കാലിക നിലനില്പ് ലക്ഷ്യംവെച്ചുള്ളതുമാണെന്ന തോന്നല്‍ ജനങ്ങള്‍ക്കുമിടയില്‍ ശക്തമായിട്ടുണ്ട്. ഇതിനു കാരണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ദുര്‍ബ്ബലമായതല്ലേ? ഈ സാഹചര്യം തുടര്‍ന്നുപോയാല്‍ അത് പ്രയോജനപ്പെടുത്തുന്നത് ബി.ജെ.പി ആയിരിക്കില്ലേ? കേന്ദ്രഭരണത്തില്‍ നേരിട്ട് പങ്കാളികളാകാതെ നിയന്ത്രണശക്തിയായി നിലനില്‍ക്കുന്ന സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ നിലപാട് ഭാവിയില്‍ ദോഷകരമായി ഭവിക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ഈ ചോദ്യത്തിനു പിന്നിലുള്ള പ്രേരണ ഏകകക്ഷി ഭരണം പ്രളയകാലം വരെ നിലനില്‍ക്കുമെന്ന കണക്കുകൂട്ടലാണ്. ആ സ്ഥിതിവിശേഷം മാറാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളോളം ആയിരിക്കുന്നു. 1957-ല്‍ തന്നെ കേരളത്തില്‍ ഒരു കോണ്‍ഗ്രസ് - ഇതര ഗവണ്‍മെന്റ് നിലവില്‍ വന്നു. ഒരു പതിറ്റാണ്ട് കഴിഞ്ഞപ്പോഴേക്ക് ഒരു ഡസനോളം സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് അധികാരം നഷ്ടപ്പെട്ടു. വീണ്ടും ഒരു പതിറ്റാണ്ട് കഴിഞ്ഞപ്പോഴേക്ക് കേന്ദ്രത്തില്‍ തന്നെ താല്‍ക്കാലികമായെങ്കിലും കോണ്‍ഗ്രസ് അധികാരഭ്രഷ്ടമായി. ഇപ്പോഴിതാ കോണ്‍ഗ്രസ്സിനു ഭരണം നഷ്ടപ്പെടുക മാത്രമല്ല, ആ പാര്‍ട്ടിയാകെ തകര്‍ച്ചയിലേക്കു നീങ്ങുകയാണ്. ഈ സ്ഥിതിവിശേഷത്തോട് പൊരുത്തപ്പെടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറല്ല. അവരുടെ മനോഭാവമാണ് നിങ്ങളുടെ ചോദ്യത്തില്‍ പ്രതിഫലിച്ചു കാണുന്നത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏകകക്ഷി ഭരണമോ, ബഹുകക്ഷി ഭരണമോ എന്ന പ്രശ്‌നം തന്നെ ഉദിക്കുന്നില്ല. ബഹുകക്ഷിഭരണം ഇന്നൊരു യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഏതെല്ലാം പാര്‍ട്ടികള്‍ എന്നതുമാത്രമാണ് പ്രശ്‌നം.
നിങ്ങള്‍ സൂചിപ്പിച്ചതുപോലെ ഈ കുഴഞ്ഞുമറിഞ്ഞ സ്ഥിതിയില്‍നിന്ന് മുതലെടുക്കാന്‍ ബി.ജെ.പി ശ്രമിക്കും എന്നത് ശരിയാണ്. പക്ഷേ, അതു തടഞ്ഞു നിര്‍ത്താന്‍ കഴിയുമെന്ന് ദേവഗൗഡ ഗവണ്‍മെന്റും ഗുജ്‌റാള്‍ ഗവണ്‍മെന്റും തെളിയിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ്സിന്റെ പിന്തുണകൊണ്ടുകൂടി ഭരിക്കുന്ന ദേശീയമുന്നണി ഗവണ്‍മെന്റിന് ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടി നിലനില്‍ക്കാന്‍ കഴിയുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? ഈ കൂട്ടു ഗവണ്‍മെന്റിലൂടെ സ്വന്തം നേതാക്കളുടെ അഴിമതിക്കേസുകള്‍ മറച്ചുവയ്ക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയില്ലേ?
കോണ്‍ഗ്രസ്സിന് പങ്കാളിത്തമില്ലാത്തതെങ്കിലും, കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ നിലനില്‍ക്കുന്ന കൂട്ടുകൃഷി ഗവണ്‍മെന്റ് അനിവാര്യമാണെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാനാണ് എന്റെ പാര്‍ട്ടിയടക്കം ഇടതുപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. മറ്റുള്ള സംശയങ്ങള്‍ ഇന്നത്തെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ്. അതിന് ഞങ്ങള്‍ ഒരുക്കമല്ല.
ദേവഗൗഡയ്ക്കു ശേഷം ഐ.കെ. ഗുജ്‌റാള്‍ പ്രധാനമന്ത്രിയായി. ഈ നേതൃമാറ്റം യഥാര്‍ത്ഥത്തില്‍ ഗുണപരമാണെന്ന് താങ്കള്‍ക്കു തോന്നുന്നുണ്ടോ? ഒരുതരത്തില്‍ കോണ്‍ഗ്രസ്സിനോട് അടിയറവുപറഞ്ഞുകൊണ്ടുള്ളതായിരുന്നില്ലേ ഈ നേതൃമാറ്റം?
ദേവഗൗഡയായാലും ഗുജ്‌റാളായാലും കോണ്‍ഗ്രസ്സിന്റേതല്ലാത്ത ഒരു ഗവണ്‍മെന്റാണ് വന്നത്. ഇത് ഒരുതരത്തില്‍ 'കോണ്‍ഗ്രസ്സിനോട് അടയറവുപറഞ്ഞുകൊണ്ടുള്ള'തായിരുന്നു എന്ന് ധരിക്കാം. ശരിയാണിത്. കോണ്‍ഗ്രസ്സിന് പങ്കാളിത്തമില്ലാത്ത, ഐക്യമുന്നണി ഗവണ്‍മെന്റിന് പിന്തുണ നല്‍കാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ട കോണ്‍ഗ്രസ്സിന് ഐക്യമുന്നണിയോട് അടിയറവുപറയേണ്ടി വന്നു എന്നതാണ് യഥാര്‍ത്ഥത്തില്‍ ശരി.
കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരമേറ്റിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഈ ഘട്ടത്തില്‍ സംസ്ഥാനഭരണത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?
എല്ലാം തികഞ്ഞ ഒരു ഭരണമാണിതെന്ന് ഇടതുപക്ഷ മുന്നണി അവകാശപ്പെടുന്നില്ല. പക്ഷേ, പരിമിതികള്‍ക്കു വിധേയമായി നല്ല ഭരണം കാഴ്ചവെയ്ക്കാന്‍ ഈ ഗവണ്‍മെന്റിനു കഴിയുന്നുണ്ട്. മന്ത്രിമാര്‍ അഴിമതിക്കാരല്ലെന്നെങ്കിലും പറയാന്‍ എതിരാളികള്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നില്ലേ.
മുല്ലപ്പെരിയാര്‍ സംഭവം വി.എസ്. അച്യുതാനന്ദനാണ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത് സി.പി.എമ്മിനുള്ളിലെ ഗ്രൂപ്പ് സംഘര്‍ഷത്തിന്റെ സൂചനയായി കാണാമോ?
സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തിതര്‍ക്കം, ജലവിഭവങ്ങളുടെ ഉപയോഗം മുതലായവയുടെ കാര്യത്തില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ തമ്മില്‍ കൂടിയാലോചന നടത്തുകയാണ് വേണ്ടതെന്നതാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ഇന്ന് സി.പി.ഐ.എമ്മിന്റേയും നിലപാട്. ആ അടിസ്ഥാനത്തിലാണ് ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തമിഴ്നാടുമായി ചില ധാരണകളില്‍ എത്തിയത്. അത് തികച്ചും ശരിയായിരുന്നെന്ന് ഇന്നും ഞാന്‍ വിശ്വസിക്കുന്നു. ആ സമീപനത്തോട് മുല്ലപ്പെരിയാര്‍ പ്രശ്‌നവും ഇരു സംസ്ഥാന ഗവണ്‍മെന്റുകളും തമ്മിലുള്ള സംവാദത്തിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതില്‍ 'സി.പി.ഐ.എമ്മിനുള്ളിലെ സംഘര്‍ഷത്തിന്റെ സൂചന' കാണുന്നത് 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം' എന്ന മനോഭാവത്തിന്റെ പ്രകടനമാണ്.
പ്രീഡിഗ്രി ബോര്‍ഡിനെ സി.പി.ഐ.എമ്മും പോഷക സംഘടനകളും ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, പ്ലസ് ടുവിനോട് ഇന്നവര്‍ ശക്തമായി അനുകൂലിക്കുന്നു. ഈ രണ്ടുതരം നിലപാടുകള്‍ ഭരണപക്ഷത്തിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴുമുള്ള കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണെന്നതിന്റെ തെളിവല്ലേ?
പ്രീഡിഗ്രി ബോര്‍ഡ് മുന്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്താന്‍ ശ്രമിച്ചത് വിദ്യാഭ്യാസ രംഗം വിവിധ ജാതിമത വിഭാഗങ്ങളില്‍പ്പെട്ട സ്വകാര്യമാനേജുമെന്റുകള്‍ക്ക് പങ്കുവെയ്ക്കുന്നതിനു വേണ്ടിയായിരുന്നു. ഇപ്പോഴത്തെ പ്ലസ് ടുവിലാകട്ടെ വിദ്യാഭ്യാസ മേഖലയില്‍ കോളേജുകളും സ്‌കൂളുകളും തമ്മിലുള്ള ബന്ധത്തിന്റെ അലകും പിടിയും മാറ്റാനുള്ള ശ്രമമാണ്. സ്‌കൂള്‍ നിലവാരത്തില്‍ തൊഴില്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് കോളേജ് വിദ്യാഭ്യാസം ഗവേഷണ പ്രധാനമാക്കാന്‍ നടത്തുന്ന ശ്രമമാണ് പ്ലസ് ടു എന്ന് ഞാന്‍ കരുതുന്നു.
പ്ലസ് ടു നടപ്പാക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ സ്വകാര്യ മാനേജ്‌മെന്റിനെ സംതൃപ്തിപ്പെടുത്തുകയല്ലേ ഗവണ്‍മെന്റിന്റെ ലക്ഷ്യം. വിദ്യാഭ്യാസരംഗത്തെ ഇത്തരം പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന രാഷ്ട്രീയ പ്രേരിതമായ നിലപാട് ഭാവിയുടെ ദുരന്തത്തിലേക്കല്ലേ വിരല്‍ചൂണ്ടുന്നത്?
പ്രത്യേകിച്ചാരേയും സംതൃപ്തിപ്പെടുത്താനൊന്നും ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് ലക്ഷ്യമിടുന്നില്ല. പ്ലസ് ടുവിന്റെ കാര്യം യഥാര്‍ത്ഥ ലക്ഷ്യം സ്‌കൂള്‍തലത്തിലെ പുസ്തക പ്രധാനമായ അദ്ധ്യാപനത്തിനു പകരം തൊഴില്‍ പരിശീലന പ്രധാനമായ അദ്ധ്യാപനം തുടങ്ങിവെക്കാനാണ്. ആ നീക്കത്തിന്റെ ഉദ്ദേശത്തെപ്പറ്റി എന്തെല്ലാം ദുരാരോപണം നടത്തിയാലും വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തുന്നതിന്റെ തുടക്കമാണിത്. ഇതില്‍ യാതൊരു സംശയത്തിന്റേയും ആവശ്യമില്ല.
ജനകീയാസൂത്രണയത്‌നത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? ഈ ശ്രമം രാഷ്ട്രീയ പ്രേരിതമായിട്ടുണ്ടെന്നും, ചിലരെ അവഗണിച്ചിട്ടുണ്ടെന്നും കുറച്ചുനാള്‍ മുന്‍പ് സ്പീക്കര്‍ എം. വിജയകുമാര്‍ പറഞ്ഞിരുന്നു. ഇങ്ങനെയാണെങ്കില്‍ ജനകീയാസൂത്രണത്തിന് ജനകീയ പങ്കാളിത്തമുണ്ടെന്ന് പറയാനാകുമോ? ഇവിടെ സി.പി.എം പങ്കാളിത്തമല്ലേ ഉണ്ടാകൂ?
ജനകീയാസൂത്രണയത്‌നത്തിന്റെ ഫലമായി പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ഇതേവരെയില്ലാത്ത അധികാരവും ധനവിഭവങ്ങളും കിട്ടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതവര്‍ക്കു കിട്ടുന്നതിനെ എതിര്‍ക്കുന്നവര്‍ മാത്രമേ ജനകീയാസൂത്രണത്തെക്കുറിച്ച് അപവാദം പറഞ്ഞുപരത്തുകയുള്ളു. എല്ലാ പാര്‍ട്ടികളും പങ്കെടുക്കുന്ന പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും അധികാരവും ധനവിനിയോഗവും കിട്ടുന്നത് സി.പി.എം പങ്കാളിത്തമാണെന്ന് പറയുന്നത് വിചിത്രമാണ്.
പൊതുഖജനാവില്‍നിന്നും പണമുപയോഗിച്ച് മന്ത്രിമാരും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും നടത്തുന്ന വിദേശയാത്രകളുടെ ഫലമെന്തെന്ന് ജനങ്ങളറിയും വിധം പരസ്യപ്പെടുത്തുന്നതു നല്ലതല്ലേ?
വിദേശയാത്രകള്‍ മുഴുവന്‍ ഉല്ലാസയാത്രകളാണെന്ന ധാരണ ശരിയല്ല. ഇപ്പോള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതില്‍ പിന്നീട് മന്ത്രിമാര്‍ നടത്തിയ വിദേശയാത്രകളുടെ ഫലമെന്തെന്ന് ആ യാത്രകള്‍ നടക്കുമ്പോള്‍ തന്നെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഇപ്പോള്‍ നടത്തുന്ന വിദേശയാത്രയെ സംബന്ധിച്ച കാര്യങ്ങള്‍ പത്രങ്ങളില്‍ വരുന്നുണ്ട്. കേരളത്തിന്റെ താല്പര്യങ്ങളില്‍ സംരക്ഷിക്കാന്‍ പറ്റുന്ന പലതും നടക്കുന്നുണ്ടെന്നും പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ തന്നെ കാണാം.
സാഹിത്യപ്രവര്‍ത്തക സഹകരണസംഘം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതായി തകഴിയും മുട്ടത്തു വര്‍ക്കിയും പറഞ്ഞിരിക്കുന്നു. ഇത് ശരിയല്ലേ. സാഹിത്യം പോലെ സര്‍ഗ്ഗാത്മകമായ മേഖലകളില്‍ രാഷ്ട്രീയ ഇടപെടല്‍ ഗുണത്തെക്കാളേറെ ദോഷമല്ലേ ക്ഷണിച്ചുവരുത്തുക? താങ്കള്‍ തകഴിയുടേയും മുട്ടത്തു വര്‍ക്കിയുടേയും പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുന്നു?
'സാഹിത്യം പോലെ സര്‍ഗ്ഗാത്മകമായ മേഖലകളില്‍ രാഷ്ട്രീയമായ ഇടപെടല്‍' ആരിഷ്ടപ്പെട്ടാലും ആര്‍ക്കിഷ്ടക്കേടുണ്ടായാലും സമൂഹത്തില്‍ നടക്കും. എന്തുകൊണ്ടെന്നാല്‍ ആശയപ്രപഞ്ചത്തിന്റെ ഭാഗമാണ് സാഹിത്യം. ആശയപ്രപഞ്ചമാകട്ടെ ഓരോ സമൂഹത്തിലും ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും രൂപപ്പെടുത്തുന്ന 'ആശയങ്ങളുടെ സംഘടനത്തിനുള്ള വേദിയാണ്. രാഷ്ട്രീയത്തിന്നതീതമായ സാഹിത്യത്തെക്കുറിച്ചും മറ്റും പുരപ്പുറത്തു കയറിനിന്നു പ്രസംഗിക്കുന്നവര്‍ ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തെ സാഹിത്യത്തില്‍ ഇടപെടുവിക്കുകയാണ് ചെയ്യുന്നത്.
കെ.ആര്‍. നാരായണന്‍ രാഷ്ട്രപതിയാകുന്ന സന്ദര്‍ഭത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?
കഴിഞ്ഞ തവണ ശങ്കര്‍ദയാല്‍ ശര്‍മ്മയെ പ്രസിഡന്റും, നാരായണനെ വൈസ് പ്രസിഡന്റുമാക്കി നിശ്ചയിച്ചപ്പോള്‍ തന്നെ ഇത്തവണ നാരായണനെ പ്രസിഡന്റാക്കുമെന്ന ധാരണയുണ്ടായിരുന്നു. ആ ധാരണയും മറികടക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ലെന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
സഖാവ് പൊതുവേദികളിലെത്തുന്നത് കുറച്ചിരിക്കുകയാണല്ലോ. ഇത് മാനസികമായി സംതൃപ്തിയോ അസംതൃപ്തിയോ നല്‍കുന്നത്?
പ്രായവും രോഗങ്ങളും നിമിത്തം മുന്‍കാലത്തെപ്പോലെ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതില്‍ തീര്‍ച്ചയായും എനിക്കു ദുഃഖമുണ്ട്. പക്ഷേ, ഇന്നു ചെയ്യുന്നതു പോലെ പൊതുവേദികളിലെത്താതെ തന്നെ ജനസേവനം നടത്തിക്കൊണ്ട് ഏതാനും വര്‍ഷം കൂടി ജീവിക്കാന്‍ കഴിഞ്ഞാല്‍ അതില്‍ ഞാന്‍ സംതൃപ്തനാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക