'ഫെമിനിസത്തിലും ആക്ടിവിസത്തിലുമല്ല, എനിക്കു വിശ്വാസം വുമണിസത്തില്‍'; ശ്രീകുമാരി രാമചന്ദ്രന്‍ അഭിമുഖം

പക്ഷേ ചരിത്രം അദ്ദേഹത്തിന് ഒരു കറുത്ത ചായം പുരട്ടിയ ഇമേജാണ് നൽകിയിട്ടുള്ളത്.
Sreekumari Ramachandran
ശ്രീകുമാരി രാമചന്ദ്രൻ
Published on
Updated on

"വായന പല ലോകങ്ങളിലും നമ്മെ കൊണ്ടെത്തിക്കും, അത് പല ജീവിതങ്ങളുടേയും ഉൾപ്പിരിവുകൾ തുറന്നു കാണിക്കും"- എന്ന് പറഞ്ഞു കേട്ടിട്ടില്ലേ. 20 വർഷത്തോളം ഒന്നും ചെയ്യാതെ കൂട്ടിലടയ്ക്കപ്പെട്ട കിളിയെ പോലെ ജീവിച്ച്, പിന്നീട് വായനയും പുസ്തകങ്ങളും മാത്രം കൂട്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രന്. ഭർത്താവിന്റെ ലൈബ്രറി തട്ടുകളിൽ ഇടം പിടിച്ച പുസ്തകങ്ങളായിരുന്നു ശ്രീകുമാരി രാമചന്ദ്രന് മുന്നിൽ വായനയുടെ വലിയൊരു ലോകം തുറന്നിട്ടത്.

വളരെ വൈകിയാണ് എഴുത്തിന്റെ ലോകത്തേക്ക് കടന്നതെങ്കിലും ഇന്നിപ്പോൾ‌ അക്ഷരങ്ങളെ, വാക്കുകളെ തേടിയുള്ള യാത്ര നീണ്ട മുപ്പത് വർഷത്തിൽ എത്തി നിൽക്കുന്നു. ഇതിനുള്ളിൽ ചെറുകഥകളും നോവലുകളും ജീവചരിത്രങ്ങളും പരിഭാഷകളുമുൾപ്പെടെ നിരവധി കൃതികൾ ശ്രീകുമാരി രാമചന്ദ്രനിൽ നിന്ന് പിറവിയെടുത്തു. ഈ വർഷം അവസാനം മൂന്ന് പുസ്തകങ്ങളാണ് ശ്രീകുമാരി രാമചന്ദ്രന്റേതായി പുറത്തിറങ്ങുന്നത്. എഴുത്തിനെക്കുറിച്ചും പുതിയ രചനകളെക്കുറിച്ചും ശ്രീകുമാരി രാമചന്ദ്രൻ സംസാരിക്കുന്നു.

എഴുത്തിലേക്ക്

ചെറുകഥകളാണ് ആദ്യം എഴുതി തുടങ്ങിയത്. കുട്ടിക്കാലം മുതലേ പാട്ടും നൃത്തവുമൊക്കെ പഠിച്ച ആളാണ് ഞാൻ. എന്നാൽ വിവാഹം കഴിഞ്ഞ് 20 വർഷത്തോളം പാട്ടും നൃത്തവുമൊന്നുമില്ലാതെ ഇരുന്നു. അന്നൊക്കെ ഭർത്താവിന്റെ ലൈബ്രറിയിലെ പലതരം പുസ്തകങ്ങളായിരുന്നു ആശ്വാസം. വായിക്കാനും ഏറെ താല്പര്യം ചെറുകഥകൾ തന്നെയായിരുന്നു. അങ്ങനെയാണ് എഴുതി തുടങ്ങിയപ്പോഴും ചെറുകഥയിൽ നിന്ന് തന്നെ തുടങ്ങുന്നത്.

തൂലികാ നാമത്തിൽ പല മാസികകളിലും കോളങ്ങളുമൊക്കെ എഴുതിയിരുന്നു. 1994 ലാണ് നിർമാല്യം എന്ന പേരിൽ സ്വന്തം കഥാസമാഹരം പുറത്തിറങ്ങുന്നത്. പിന്നെയും കുറേ നാൾ എഴുത്തും വായനയുമൊക്കെയായി നീങ്ങി. കാല് ശരിക്കും ഉറപ്പിച്ചു എന്ന് പറയാവുന്നത് 97 ഓടെയാണ്, പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 2009 ലാണ് ഐതിഹ്യമാല ഇം​ഗ്ലീഷിലേക്ക് സമ്പൂർണമായി പരിഭാഷപ്പെടുത്തുന്നത്. അതാണ് ജീവിതത്തിൽ വഴിത്തിരിവായി മാറിയത്.

പിന്നീട് പരിഭാഷകൾ ചെയ്യാനുള്ള അവസരം ഒരുപാട് വരാൻ തുടങ്ങിയതോടെ അത് തല്ക്കാലത്തേക്ക് നിർത്തി. ഒരു പരിഭാഷക എന്ന നിലയിലേക്ക് കൂടുതൽ ബ്രാൻഡ് ചെയ്യപ്പെടുന്നുവെന്ന് തോന്നിത്തുടങ്ങി. അന്നൊക്കെ പല വേദികളിലും എന്നെ അങ്ങനെ പരിചയപ്പെടുത്തിയിട്ടുണ്ട്. പരിഭാഷക എന്നതിനോട് മതിപ്പ് കുറവൊന്നുമില്ല, പക്ഷേ ഞാൻ അതു മാത്രമല്ലല്ലോ. ഞാനൊരു ക്രിയേറ്റീവ് എഴുത്തുകാരി കൂടിയാണ്. അതുകൊണ്ടാണ് തത്ക്കാലത്തേക്ക് പരിഭാഷ വേണ്ട എന്ന് തീരുമാനിച്ചത്.

ഹൈമവതഭൂവിൽ‌ പരിഭാഷയെക്കുറിച്ച്

ഐതിഹ്യമാല കൂടാതെ എംപി വീരേന്ദ്ര കുമാറിന്റെ ഹൈമവതഭൂവിൽ‌ പരിഭാഷയും ഒരു വഴിത്തിരിവായിരുന്നു. ഹിമാലയൻ തീർഥയാത്ര ഞാൻ സ്വയം നടത്തിയതു പോലെയായിരുന്നു അത് പരിഭാഷപ്പെടുത്തിയപ്പോൾ തോന്നിയത്. എന്റെ ജീവിതത്തിൽ ഒരു ബോധോദയം ഉണ്ടാക്കാൻ ആ കൃതിക്കു കഴിഞ്ഞു. ആത്മീയമായൊരു ലോകം എനിക്ക് മുൻപിൽ അനാവരണം ചെയ്യപ്പെടുകയാണുണ്ടായത്.

Sreekumari Ramachandran
ശ്രീകുമാരി രാമചന്ദ്രൻ

പുതിയ കൃതികൾ

മൂന്ന് കാലഘട്ടത്തിൽ എഴുതിയ പുസ്തകങ്ങളാണിപ്പോൾ പുറത്തിറങ്ങാൻ പോകുന്നത്. പത്ത് ദിവസത്തിന്റെ വ്യത്യാസത്തിലാണ് മൂന്ന് പുസ്തകങ്ങളും കൈയ്യിൽ കിട്ടുന്നത്. ഒരു മിഠായിമലയുടെ മുൻപിലെത്തിയ കുട്ടിയുടെ മനോനിലയായിരുന്നു അപ്പോൾ. അതിന്റെ സന്തോഷത്തിലും ത്രില്ലിലുമാണിപ്പോൾ. മൂന്ന് പുസ്തകങ്ങളിലെ വിഷയങ്ങളും എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒന്നാണ്.

ദ് എവർ​ഗ്രീൻ ലെജൻഡ്സ് ഓഫ് കേരള

'ടെയ്ൽസ് ഓഫ് മലബാർ' എന്നൊരു പുസ്തകം ഞാൻ മുൻപ് ചെയ്തിരുന്നു. ഈ പുസ്തകത്തിൽ നിന്ന് ഒരുപാട് മാറ്റം വരുത്തിയാണ് എവർ​ഗ്രീൻ ലെജൻഡ്സ് ഓഫ് കേരള എഴുതിയിരിക്കുന്നത്. കേരളത്തിലെ ലെജൻഡ്സിനേക്കുറിച്ച് തന്നെയാണ് ഇതിലും പറയുന്നത്. ഐതിഹ്യമാലയിൽ ഉള്ളതും ഇല്ലാത്തതുമെല്ലാം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ശക്തൻ തമ്പുരാൻ ദ് ലയൺ ഓഫ് കൊച്ചി

ചെറുപ്പം മുതൽ എനിക്ക് ആരാധന തോന്നിയിരുന്ന വ്യക്തിത്വമാണ് ശക്തൻ തമ്പുരാൻ. വളരെ വ്യക്തിപ്രഭാവം ഉള്ള ആളാണെന്ന് അന്നേ തോന്നിയിട്ടുണ്ട്. കൊച്ചി രാജകുടുംബവുമായുള്ള സമ്പർക്കം, യാത്രകൾ, തൃശൂരുമായുള്ള സമ്പർക്കമൊക്കെ അദ്ദേഹത്തേക്കുറിച്ച് കൂടുതൽ അറിയാൻ വഴിയൊരുക്കി. അദ്ദേഹത്തേക്കുറിച്ച് അധികം പുസ്തകങ്ങളൊന്നും പുറത്തു വന്നിട്ടില്ല. പുത്തേഴത്ത് രാമന്‍ മേനോന്റെ ഒരു പുസ്തകം മാത്രമേ വന്നിട്ടുള്ളൂ.

പിന്നെ ഒരു കൊച്ചു പുസ്തകം എന്റെ ഭർത്താവിന്റെ ലൈബ്രറിയിൽ ഉണ്ടായിരുന്നു. ഈ രണ്ട് പുസ്തകങ്ങളും വായിച്ചുള്ള അറിവും, അതുപോലെ അദ്ദേഹം ജനിച്ച സ്ഥലത്തൊക്കെ പോയതോടെയാണ് ഇത്രയും വിനയവും സിംപിളുമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് മനസിലാകുന്നത്. കുറ്റം ചെയ്തവരെ മാത്രം നന്നായി ശിക്ഷിക്കുന്ന ആളാണ് അദ്ദേഹം, കുറ്റം ചെയ്യാത്തവരെ ഒരു കാലത്തും അദ്ദേഹം ശിക്ഷിച്ചിട്ടില്ല. പക്ഷേ ചരിത്രം അദ്ദേഹത്തിന് ഒരു കറുത്ത ചായം പുരട്ടിയ ഇമേജാണ് നൽകിയിട്ടുള്ളത്. അതിപ്പോൾ വാമൊഴി ചരിത്രമായാലും എഴുത്തിലാണെങ്കിലും അങ്ങനെ തന്നെ.

അദ്ദേഹത്തിന് നൽകിയിട്ടുള്ള ആ ഇമേജ് ഒന്ന് മാറ്റിയെടുക്കണമെന്ന് തോന്നി, കാരണം അങ്ങനെയൊരു ആളല്ല അദ്ദേഹം. അദ്ദേഹത്തിന്റെ ഛായാചിത്രങ്ങൾ പോലും പലയിടങ്ങളിലും മോശമായിട്ടുള്ളതാണ് ഞാൻ കണ്ടിരിക്കുന്നത്. തൃപ്പൂണിത്തുറ രാജകുടുംബത്തിലായിരുന്നുവെങ്കിലും തൃശൂർക്കാരാണ് അദ്ദേഹത്തോട് കൂടുതൽ ആദരവ് കാണിച്ചു പോരുന്നത്. കൊച്ചി രാജ്യത്തിന്റെ വളർച്ചയ്ക്ക് അടിത്തറ നൽകിയത് ശക്തൻ തമ്പുരാനാണ്. കൊച്ചിയാണ് ശക്തൻ തമ്പുരാന്റെ കഥ പറയുന്നത്. 'ഐ ആം കൊച്ചി...' എന്ന് പറഞ്ഞാണ് തുടങ്ങുന്നത് തന്നെ. ഈ പുസ്തകത്തോട് എനിക്ക് വൈകാരികമായി ഒരടുപ്പവും കൂടുതലാണ്.

രാമായണ ഫോർ യങ് റീഡേഴ്സ്

യുവ വായനാക്കാർക്ക് വേണ്ടിയാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. വെറുതെ അങ്ങ് കഥ പറഞ്ഞു പോകുന്ന രീതിയിൽ അല്ല ഇത് എഴുതിയിരിക്കുന്നത്. രാമായണത്തിൽ നിന്ന് പഠിക്കാവുന്ന പാഠങ്ങളും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

യാത്രകൾ

യാത്രകൾ നല്ലതുപോലെ എഴുത്തിനെ സ്വാധീനിക്കാറുണ്ട്. ഞാൻ ജനിച്ചു വളർന്നത് മട്ടാഞ്ചേരിയിലാണ്. ഒരുപാട് സംസ്കാരങ്ങൾ ഒത്തുചേരുന്ന ഇടം കൂടിയാണവിടം. അതുകൊണ്ട് തന്നെ രണ്ട് മൂന്ന് ഭാഷകളൊക്കെ ‍ഞാൻ‌ കൈകാര്യം ചെയ്യുമായിരുന്നു. മ‌ട്ടാഞ്ചേരിയിലിപ്പോഴും ഒരു പ്രത്യേക ജനത തന്നെയാണ്, അവിടെ ജാതിയും മതവുമൊന്നുമില്ല.

എന്നാലും വായന തന്നെയാണ് എഴുത്തിൽ കൂടുതലും സ്വാധീനിച്ചിരിക്കുന്നത്. യാത്ര ചെയ്യുമ്പോൾ അതിന് വ്യത്യസ്തമായൊരു മാനം ഉണ്ടായി എന്നു മാത്രം. മീരയുടെ ബയോ​ഗ്രഫി എഴുതുമ്പോൾ‌ ഞാൻ രാജസ്ഥാനിൽ പോയിട്ടില്ല. അത് കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ അവിടേക്ക് യാത്ര നടത്തുന്നത്. ഞാൻ എഴുതിയിരുന്ന സംഭവങ്ങൾ തന്നെയാണ് എനിക്ക് അന്നവിടെ കാണാൻ കഴിഞ്ഞത്.

കേരള സംസ്കാരത്തിൽ ആണോ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്

ചെറുകഥകൾ ഇപ്പോഴും എഴുതാറുണ്ട്. ഏറ്റവും ആസ്വദിച്ച് എഴുതാറുള്ളതും ചെറുകഥകളാണ്. പക്ഷേ ഞാനെന്റെ ദൗത്യമായി എടുത്തിരിക്കുന്നത് നമ്മുടെ കേരള സംസ്കാരമാണ്. ഐതിഹ്യമാല ചെയ്തപ്പോഴാണ് എനിക്കത് മനസിലായത്. സ്കൂളുകളിലും കോളജുകളിലുമൊക്കെ പരിപാടികൾക്ക് പോകുമ്പോൾ കുട്ടികൾ ഐതിഹ്യമാല പരിഭാഷപ്പെടുത്തിയതിനേക്കുറിച്ച് സംസാരിക്കാറുണ്ട്.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 'ഐതിഹ്യമാല'യിലെ ഭാഷ കുറച്ച് കടുപ്പമേറിയതാണ്. അത് ഏറ്റവും ലളിതമായാണ് ഞാൻ അവതരിപ്പിച്ചത്. ഒരുപക്ഷേ ഇന്നായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ ഈ ഭാഷ ആയിരിക്കില്ല ഉപയോ​ഗിക്കുക, കുറച്ച് കടുപ്പമുള്ള ഭാഷയാകും. നമ്മൾ കൊടുക്കുന്നതാണ് നമ്മുടെ കുട്ടികൾ വായിക്കുക.

അങ്ങനെയാണ് നമ്മുടെ സംസ്കാരത്തേക്കുറിച്ച് അവർ അറിയണ്ടേ എന്നൊരു ചിന്ത വരുന്നത്. 'ടെയ്ൽസ് ഓഫ് മലബാർ', 'ശക്തൻ തമ്പുരാൻ', 'എവർ​ഗ്രീൻ ലെജൻഡ്സ്' ഒക്കെ എഴുതുന്നത് ആ ചിന്തയിൽ നിന്നാണ്. 1300 വർഷം മുൻപത്തെ കേരളത്തിന്റെ ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു നോവലിന്റെ പണിപ്പുരയിലാണിപ്പോൾ.

Sreekumari Ramachandran
ശ്രീകുമാരി രാമചന്ദ്രൻ

അനുഭവങ്ങൾ എഴുത്താകുമ്പോൾ

എഴുത്തിലേക്ക് അനുഭവങ്ങൾ കടന്നുവരാറുണ്ടെങ്കിലും സമൂഹത്തിനെ വെല്ലുവിളിക്കാനും ധിക്കരിക്കാനുമൊന്നും ഞാൻ ആളല്ല, അതിനോട് എനിക്ക് താല്പര്യവുമില്ല. ഞാൻ വിശ്വസിക്കുന്നത് വുമണിസത്തിലാണ്. ഫെമിനിസം, ആക്ടിവിസം എന്നിവയിൽ ഒന്നും എനിക്ക് വിശ്വാസമില്ല. സ്വന്തം അനുഭവമെഴുതുമ്പോൾ എന്റെ കുടുംബത്തിലുള്ളവരെയും അല്ലെങ്കിൽ വേണ്ടപ്പെട്ടവരെയൊന്നും വേദനിപ്പിക്കുന്നതിനോട് താല്പര്യമില്ല. 'ഓർമ്മകളുടെ കൊളാഷ്' എന്ന പേരിൽ ഒരു ബ്ലോ​ഗ് ഉണ്ട്. അതിൽ എന്റെ അനുഭവങ്ങളാണ് പങ്കുവയ്ക്കാറുള്ളത്. എങ്കിലും അതിലും കുറച്ച് സെൻസർ ചെയ്യാറുണ്ട്.

പുരാണ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള പുതിയ കാല എഴുത്തുകളേക്കുറിച്ച്

മിത്തോളജിയെ ഒക്കെ വേറൊരു ആങ്കിളിലൂടെ കാണുന്നത് വേണോ എന്ന് ഞാനിപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാറുണ്ട്. കാരണം ഇത്തരം കൃതികൾ വായിക്കുന്ന ചിലരെങ്കിലും കൃഷ്ണൻ ഇങ്ങനെയാണ് അല്ലെങ്കിൽ രാമൻ ഇങ്ങനെയാണ് എന്നൊക്കെ ചിന്തിച്ചു പോയേക്കാം. നമ്മുടെ മിത്തോളജിയെ മോശമായി അല്ലെങ്കിൽ നെ​ഗറ്റീവായി കാണിക്കുന്നതിനോട് എനിക്കത്ര യോജിപ്പില്ല.

വേറെയാരും ചെയ്യാത്ത ഒന്നാണത്. അന്നത്തെ കാലത്തെ നിയമങ്ങളെക്കുറിച്ചു സാമൂഹിക വ്യവസ്ഥിതികളെപ്പറ്റിയൊന്നും നമുക്കറിയില്ല. അതിൽ എത്രത്തോളം യുക്തി ഉണ്ടെന്നുള്ളതാണ്. ഞാൻ കാണാത്ത അല്ലെങ്കിൽ എനിക്കറിയാത്ത ഒരു സംസ്കാരത്തെക്കുറിച്ച് എത്ര ചെയ്താലും അത് ശരിയാകില്ല. ചരിത്രാതീതം എന്നല്ല, അതിനും മുൻപത്തെ കാര്യങ്ങളാണ് അതൊക്കെ.

മലയാളത്തിൽ നിന്ന് മാറി ഇം​ഗ്ലീഷിലേക്ക് പോയതിന് കാരണമെന്താണ്

എനിക്കറിയാവുന്ന വിവരങ്ങൾ യുവ തലമുറയിലേക്ക് എത്തിക്കുക എന്നതാണ് എന്റെ നിയോ​ഗം. അറിയാത്ത കാര്യങ്ങൾ പുതു തലമുറയിലേക്ക് എത്തിക്കുക എന്നത് മണ്ടത്തരമായിരിക്കും. രാമായണവും മഹാഭാരതവുമൊക്കെ എനിക്ക് ഹൃദിസ്ഥമാണ്. പുരാണങ്ങളും കുറച്ചൊക്കെ അറിയാം. പക്ഷേ യുവതലമുറ വായിക്കണമെങ്കിൽ ഇം​ഗ്ലീഷിൽ തന്നെ വേണം. അവരെ മലയാളത്തിൽ നിന്നകറ്റിയത് എന്നെപ്പോലെയുള്ളവരാണ്.

ഞങ്ങൾ മക്കളെ ഇം​ഗ്ലീഷ് മീഡിയത്തിൽ ചേർത്തു. അതേസമയം ഇം​ഗ്ലീഷും ഹിന്ദിയുമൊന്നുമില്ലാതെ ഇന്നത്തെ കാലത്ത് ജീവിക്കാൻ പറ്റില്ല. ​ഗ്ലോബൽ ലാങ്വേജായ ഇം​ഗ്ലീഷ് അറിഞ്ഞിരിക്കണം, പക്ഷേ അതിനൊപ്പം മലയാളവും കൂടി പഠിപ്പിക്കേണ്ടതായിരുന്നു. മാത്രവുമല്ല മലയാളത്തിൽ എഴുതുമ്പോൾ വായനക്കാരേക്കാൾ കൂടുതൽ നിരൂപകരെ തൃപ്തിപ്പെടുത്താനാകില്ല. അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മളെ വളരെ തൃപ്തിപ്പെടുത്തിയ എഴുത്തായിരിക്കും അവർ ചിലപ്പോൾ വിലോമമായി കാണുന്നത്.

മറിച്ച് ഇം​ഗ്ലീഷിൽ അങ്ങനെയല്ല. അവിടെ നിരൂപകരെ തൃപ്തിപ്പെടുത്താൻ ബുദ്ധിമുട്ടില്ല. പിന്നെ കേരള സംസ്കാരത്തിനും യുവതലമുറയ്ക്കും ഇടയിൽ ഒരു ചാനലായി പ്രവർത്തിക്കുക എന്നതാണ് ഞാനിപ്പോൾ ചെയ്യുന്നത്. അതിലെനിക്ക് പരിപൂർണ സംതൃപ്തിയുണ്ട്. നെറ്റിലൂടെയായാലും പുസ്തകങ്ങൾ വാങ്ങിച്ചാണെങ്കിലും വായിക്കുക എന്നാണ് യുവതലമുറയോട് പറയാനുള്ളത്.

പക്ഷേ എന്ത് ഉൾക്കൊള്ളണം എന്ത് തള്ളിക്കളയണം എന്നൊരു വിവേകം ഉണ്ടാകണമെന്ന് മാത്രം. അവനവന്റെ നന്മയ്ക്കും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്ക് അതാവശ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com