ബീഫ് വേവുന്ന മണം വരുമ്പോള്‍ വെറുതെ കണ്ണടച്ചിരിക്കുക. പ്രാചീനമായ ഏതോ ഞായറാഴ്ചയുടെ ഉച്ചയിലാണ് നമ്മളെന്നും ആകാശവാണിയുടെ പ്രാദേശിക വാര്‍ത്തകള്‍ ഇപ്പോള്‍ തുടങ്ങുമെന്നും ചോറു വിളമ്പട്ടെയെന്ന് അമ്മ വിളിച്ചു ചോദിക്കുമെന്നും തോന്നുന്നുണ്ടോ? നെയ്ചാള വറുക്കുന്ന കടും മണമടിക്കുമ്പോള്‍ ഇതൊരു നവംബര്‍ രാത്രിയാണെന്നും വിക്കൊ വജ്രദന്തിയുടെ പരസ്യം കഴിഞ്ഞു വരുന്ന ചിത്രഹാറിലേക്ക് ജുമ്മാ ചുമ്മാ ദേ ദേ എന്ന പാട്ടുമായി അമിതാഭ് ബച്ചനും കിമി കാത്കറും കയറി വരുമെന്നും തോന്നുന്നുണ്ടോ?
എല്ലാ മനുഷ്യരുടെ ഉള്ളിലും മണങ്ങളുടെ ഒരു ലൈബ്രറിയുണ്ടാവണം. ഏതൊക്കെയോ സംഭവങ്ങളിലേക്കും സാഹചര്യങ്ങളിലേക്കും കൊളുത്തിയിട്ട ഹൈപ്പര്‍ ലിങ്കുകള്‍. കാഴ്ചയോ കേള്‍വിയോ സ്പര്‍ശമോ അല്ല, മണം തന്നെയാണ് മനുഷ്യന്റെ ഓര്‍മയെ സ്പഷ്ടമായി തുറക്കുന്ന താക്കോലുകള്‍. അതില്‍ത്തന്നെ ബാല്യത്തിലെ ഗന്ധാനുഭവങ്ങള്‍ക്ക് വ്യക്തതയേറുമത്രെ. പ്രൂസ്റ്റ് ഫിനോമന്‍ എന്നു സെര്‍ച്ച് ചെയ്താല്‍ കാണാം വിവരങ്ങള്‍. ചായയില്‍ മുക്കിയെടുത്ത ടീകേക്കിന്റെ മണത്തില്‍ നിന്ന് ഓര്‍മകളെ വിരിയിച്ചെടുക്കുന്ന കഥാപാത്രമുണ്ട്, മാര്‍സല്‍ പ്രൂസ്റ്റിന്റെ നോവലില്‍. വിഷച്ചെടികളെയും ശത്രു ജീവികളെയും തിരിച്ചറിയാന്‍ മണമായിരുന്നു ആദിമ മനുഷ്യന്റെ ആയുധം. അവിടുന്നു വളര്‍ന്നു വന്നതാകാം ഓര്‍മയും ഗന്ധവും തമ്മിലുള്ള അനുപാത ബന്ധമെന്നു പറയുന്നുണ്ട് ചില സാമൂഹ്യ ശാസ്ത്രജ്ഞര്‍.
അമ്മയുടെ മണമെന്ന് സിനിമയിലും അമ്മയുണ്ടാക്കുന്ന സാമ്പാറിന്റെ മണമെന്ന് പരസ്യത്തിലും എത്രയോ വട്ടമാണ് നമ്മള്‍ കേട്ടത്.ഈയടുത്ത് ഇറങ്ങിയ '8 എഎം മെട്രോ'യിലുമുണ്ട് അങ്ങനെയൊരു രംഗം. ഗര്‍ഭിണിയായ മകള്‍ക്ക് ലേബര്‍ റൂമില്‍ കയറും മുമ്പ് ആശുപത്രിയില്‍ കൂട്ടായി വേണ്ടത് അമ്മയുടെ സാരിയാണ്. അതു കൈയില്‍ കിട്ടുമ്പോള്‍ അവളൊന്ന് ആഞ്ഞു മണക്കുന്നു. ആ മണം അവളുടെ ധൈര്യമാണ്. വെറുതെ ഒന്നു ശ്രമിച്ചു നോക്കൂ, ഓര്‍ത്തെടുക്കാനാവുന്നുണ്ടോ അമ്മയുടെ മണം?
കാലങ്ങള്‍ക്കു ശേഷം ജന്മനാട്ടില്‍ വണ്ടിയിറങ്ങിയപ്പോള്‍ അമ്മയുടെ മണം അനുഭവിക്കുന്ന കഥാപാത്രമുണ്ട്, അശോകന്‍ ചരുവിലിന്റെ കഥയില്‍. 'സ്‌റ്റേഷനില്‍ ഇറങ്ങിയ പാടേ പലതരം ഗന്ധങ്ങള്‍ അയാളെ തേടിയെത്തി. അമ്മയുടെ പുടവയുടെ മണം. തണുപ്പിനായി അച്ഛന്റെ നെഞ്ചില്‍ പുരട്ടിയ ചന്ദനത്തിന്റെ മണം. ചന്ദനത്തിരിയുടെ മരണ ഗന്ധം. ഈറന്‍ മുടിത്തുമ്പിലെ പാതി വിടര്‍ന്ന ചെമ്പകത്തിന്റെ മണം. ഗന്ധങ്ങളില്‍ നിന്ന് ഗന്ധങ്ങളിലേക്ക് കടന്ന് തണുത്തും വിയര്‍ത്തും അയാളിരുന്നു''. പരിചിത ഗന്ധങ്ങള്‍ എന്നാണ് ആ കഥയ്ക്ക് പേര്. ഇഷ്ടിക ച്ചുളകളില്‍ നിന്നുള്ള മണം വരുമ്പോള്‍, മണ്ണും മനുഷ്യനും കത്തുമ്പോള്‍ ഒരേ മണമാണ് എന്നോര്‍ത്തെടുക്കുന്നുണ്ടയാള്‍.
ഗന്ധമില്ലെങ്കില്‍ പിന്നെന്തു ജീവിതം എന്ന് ചോദിച്ചത് ജിആര്‍ ഇന്ദുഗോപനാണ്. ജീവിതത്തിലൂടെ കടന്നു പോയ ഗന്ധങ്ങള്‍ ചേര്‍ത്തു വച്ച് ആത്മകഥാ ഭാഗം എഴുതിയിട്ടുണ്ട്, ഇന്ദുഗോപന്‍; വാസന. പുസ്തകങ്ങളുടെ വായനാനുഭവം ചേര്‍ത്ത് വച്ച് വ്യത്യസ്തമായ ആത്മകഥയെഴുതിയത് കെപി അപ്പനാണ്. ഏതാണ്ട് അതിനോട് ചേര്‍ന്നുനില്‍ക്കും ഇന്ദുഗോപന്റെ വാസന. 'അമ്മയുടെ ഗര്‍ഭജലത്തിന്റെ മണമാണ് എല്ലാ കുഞ്ഞുങ്ങള്‍ക്കും. അവരുടെ പ്രപഞ്ചത്തില്‍ നിന്ന് ആ ഗന്ധം പെട്ടെന്ന് വിട്ടുമാറില്ല. തുടച്ചെടുത്ത് അടുത്ത നിമിഷം വീണ്ടും ആ ഗന്ധം അവരില്‍ തിരികെ വരും. അത് ഇല്ലാതാകാന്‍ സമയമെടുക്കും. അതൊരു സുഖകരമായ ഗന്ധമാണ്, സൂക്ഷ്മമായ ഒന്ന്. പ്രകൃതിയുടെ, സ്ഫുടം ചെയ്ത മണ്ണിന്റെ, ശുദ്ധി ചെയ്ത ലോഹത്തിന്റെ, ജീവന്റെ, ഉണര്‍വിന്റെ ഗന്ധം'
കുഞ്ഞുങ്ങളുടെ ശൈശവ ഗന്ധത്തെ എങ്ങനെ കാത്തുവയ്ക്കാം? ശാസ്ത്രകൗതുകങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമില്‍ കുറേ മുമ്പേ കേട്ട ഒരു ചോദ്യമാണിത്. കുഞ്ഞുങ്ങളുടെ ഗന്ധമടിക്കുമ്പോള്‍ താന്‍ റിഫ്രഷ്ഡ് ആവുന്നുവെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ അമ്മയാണ് ആ ചോദ്യമുന്നയിച്ചത്. കുറേക്കഴിയുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ആ ഗന്ധം നഷ്ടപ്പെടും, ഒരു പെര്‍ഫ്യൂം പോലെ അതെങ്ങനെ റിക്രിയേറ്റ് ചെയ്യാം എന്നതായിരുന്നു ആ അമ്മയുടെ ചോദ്യം. അതൊരു വലിയ സാധ്യതയാണ്. അങ്ങനെയെങ്കില്‍ എന്തെല്ലാം എന്തെല്ലാം മണങ്ങളുണ്ടായേനെ നമ്മുടെ സ്വകാര്യ ശേഖരത്തില്‍! പെര്‍ഫ്യൂം സ്‌റ്റോറി ഒഫ് എ മര്‍ഡറര്‍ എന്ന ജര്‍മന്‍ സിനിമ ഓര്‍മ വരുന്നില്ലേ? സുന്ദരികളുടെ വിയര്‍പ്പുഗന്ധങ്ങളില്‍ നിന്ന് സുഗന്ധലേപനങ്ങളുടെ മായാ മിശ്രിതം സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ച കൊലപാതകിയുടെ കഥ?
അച്ഛന്‍ അയയ്ക്കുന്ന കത്തുകളിലെ തുറമുഖങ്ങളുടെ മണം. അതായിരുന്നു, എന്‍എസ് മാധവന്റെ 'കപ്പിത്താന്റെ മകള്‍'ക്ക് അച്ഛന്‍. ആ മണം അവളെ ത്രസിപ്പിച്ചിരുന്നു. ഓരോ തുറമുഖങ്ങള്‍ക്കും ഓരോ മണമായിരിക്കണം. തുറമുഖങ്ങള്‍ക്കു തന്നെയല്ല, ഓരോ നാടിനു തന്നെയും ഓരോ മണമായിരിക്കണം. തിരിച്ചുവരവുകളില്‍ നമ്മെ വരവേല്‍ക്കുന്ന പരിചിത ഗന്ധങ്ങള്‍. 'നെല്ലിന്‍ തണ്ടു മണക്കും വഴികള്‍, എള്ളിന്‍ നാമ്പു കുരുക്കും വയലുകള്‍...'എന്ന് കടമ്മനിട്ട. പരിചിത ഗന്ധങ്ങള്‍ എല്ലാം പക്ഷേ, സുഖദായകമാണോ? നഗരനര്‍ത്തകിയായിരുന്ന അമ്മയ്‌ക്കൊപ്പം കുട്ടിക്കാലം ചെലവഴിച്ച,കാമാത്തിപുരയുടെ ഓരത്തേക്ക് ഒരിക്കല്‍ നടത്തിയ തിരിച്ചു ചെല്ലലിനെക്കുറിച്ചെഴുതിയിട്ടുണ്ട്, മനീഷ് ഗെയ്ക്ക്വാദ്. ദ ലാസ്റ്റ് കോര്‍ട്ടിസാന്‍ എന്ന അമ്മയുടെ 'ആത്മകഥ'യെഴുതിയ മകന്‍. 'നനഞ്ഞു ദ്രവിച്ച ഗോവണികള്‍; പച്ചപ്പായലിന്റെ കനത്ത ഗന്ധമായിരുന്നു അവയ്ക്ക്. അത് എന്റെ ഭൂതകാലത്തിന്റെ മണമാണ്. ഓര്‍മകള്‍ കുത്തിയൊഴുകി വരാന്‍ തുടങ്ങിയതോടെ, ഇനിയും മുന്നോട്ടു പോവാനാവാതെ ഞാന്‍ നിന്നു. തിരിച്ചു നടന്നപ്പോള്‍ വല്ലാത്ത ആശ്വാസം തോന്നി.' ചില ഗന്ധങ്ങള്‍ അലിയുന്നില്ല. അവ മൂക്കിന് മുന്നില്‍ ഒരു ഓര്‍മ കൊണ്ട് ഉന്തിയിടാവുന്ന മട്ടില്‍ കാത്തുനില്‍ക്കുകയാണ് എന്ന്, ഇന്ദുഗോപന്‍. ആര്‍ക്കറിയാം, ഏത് ഗര്‍ത്തങ്ങളിലേക്കാണ് അവ നമ്മെ തള്ളിയിടുന്നതെന്ന്!
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഭോപ്പാലിനെ ചാവു നിലമാക്കിയ മീഥൈല്‍ ഐസോ സയനേറ്റിന് പുഴുങ്ങിയ കാബേജിന്റെ മണമായിരുന്നുന്നു. ഡൊമിനിക് ലാപ്പിയറും ഹാവിയര്‍ മൊറോയും ചേര്‍ന്നെഴുതിയ ഫൈവ് പാസ്റ്റ് മിഡ്‌നൈറ്റ്ഇന്‍ ഭോപ്പാലില്‍ ഒരധ്യായത്തിന്റെ പേര് അതാണ്. സ്‌മെല്‍ ഒഫ് ബോയില്‍ഡ് കാബേജ്. അങ്ങനെയെങ്കില്‍ എന്തായിരിക്കും ഹൈഡ്രജന്‍ സയനൈഡിന്റെ മണം? എക്‌സ്‌ടെര്‍മിനേഷന്‍ ക്യാംപുകളില്‍, കൊന്നൊടുക്കേണ്ടവരെ കുത്തിനിറച്ച ചേംബറുകളിലേക്ക് ഹിറ്റ്‌ലര്‍ ഒഴുക്കിവിട്ട ഹൈഡ്രജന്‍ സയനൈഡിന് കനച്ച ബദാമിന്റെ മണമായിരുന്നത്രേ. ഗ്യാസ് ചേംബറുകളില്‍ അടയ്ക്കപ്പെട്ടവരില്‍ ഒരുപാടുണ്ടായിരുന്നു, കുട്ടികള്‍. ഇരുട്ടില്‍ ബദാമിന്റെ മണം പരന്നപ്പോള്‍ എന്തായിരുന്നിരിക്കും അവര്‍ക്ക് ഓര്‍മ വന്നിരിക്കുക? ഏതോ സുഖദമായ ഓര്‍മയിലേക്ക് കൊളുത്തി വച്ച ബദാം മണത്തിന്റെ ഹൈപ്പര്‍ ലിങ്ക് അവരെ മരണത്തിന് ഒറ്റുകൊടുത്തിരിക്കണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക