
ബോംബെയിലേയ്ക്ക് വീണ്ടും ഒരു യാത്ര നിശ്ചയിച്ചപ്പോള്‍ ആമിയ്ക്ക് ഒരു കത്തെഴുതി. ഞാന്‍ വരുന്നുണ്ട്, വന്നു കാണുന്നുണ്ട്. കഴിഞ്ഞ യാത്രയില്‍ അവിടെ എത്തിയപ്പോഴാണ് വിളിച്ചത്. വീട്ടില്‍ ആരുമില്ല. അവര്‍ മഹാബലേശ്വരത്തേയ്ക്ക് പോയിരിക്കുകയായിരുന്നു. കത്തിന് മറുപടിയൊന്നും വന്നില്ല. മലയാളി അസോസിയേഷന്റെ പരിപാടി കഴിഞ്ഞ രാത്രിയില്‍ ഞാന്‍ ഫോണ്‍ ചെയ്തു. ദാസേട്ടനാണ് ഫോണെടുത്തത്. പിന്നെ ആമിയുമായി സംസാരിച്ചു. പകല്‍ രവിയേട്ടനെ (പി.കെ. രവീന്ദ്രനാഥ്) കാണാമെന്ന് പറഞ്ഞിട്ടുണ്ട്. ഒരുമിച്ചാണ് ഊണ്. 'വൈകുന്നേരം വന്നാലോ?' 'വരൂ...''സമയം...?''എപ്പോള്‍ വേണെങ്കിലും വരൂ. ബാങ്ക് ഹൗസ്, കൊളാബ. ഏതു ടാക്‌സിക്കാര്‍ക്കും അറിയും. 'മീറ്റിഗിന്റെ നടത്തിപ്പുകാരിലൊരാള്‍ എന്നെ കൊണ്ടുപോകാമെന്നു പറഞ്ഞു. ഭേദപ്പെട്ട ഒരു വ്യാപാരം നടത്തുന്നയാള്‍. എന്നെ വരുത്തിയ സംഘടനയുടെ ഖജാന്‍ജിയും അദ്ദേഹമാണ്. ദാസേട്ടന്‍ റിസര്‍വ്വ് ബാങ്കിലെ വലിയ ഉദ്യോഗസ്ഥനാണെന്നറിയാം. ബാങ്ക് ഹൗസ് വലിയ ഉദ്യോഗസ്ഥന്മാര്‍ മാത്രം താമസിക്കുന്ന സ്ഥലമാണ്. വരാന്തയിലേയ്ക്ക് കയറിയപ്പോള്‍ കെ.മാധവദാസ് എന്ന നെയിംബോര്‍ഡ് കണ്ടു. മറ്റൊരിടത്ത് കമലാദാസ് എന്ന നെയിം ബോര്‍ഡും. അതിന്റെ താഴെ വിസിറ്റേഴ്‌സിന്റെ സമയം എഴുതിയ ബോര്‍ഡുമുണ്ട്. അഞ്ചു പി.എം. റ്റു ആറ് പി.എം. ഞങ്ങള്‍ എത്തുമ്പോള്‍ അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. സംശയിച്ചു നില്‍ക്കുന്ന ഞങ്ങളെ ഹിന്ദി പറയുന്ന പരിചാരകന്‍ അകത്തേയ്ക്കു ക്ഷണിച്ചു. കൂടെ വന്നയാള്‍ സംശയിക്കുന്നു. ഞാന്‍ പറഞ്ഞു: 'വരൂ, പരിചയപ്പെടാമല്ലോ. 'അകത്തെ വലിയ സ്വീകരണമുറിയില്‍ അപ്പോള്‍ അഞ്ചുപേരുണ്ടായിരുന്നു. അവര്‍ ഒരുമിച്ച് വന്നവരല്ല. വിട്ടുവിട്ടാണ് ഇരിക്കുന്നത്. പരിചാരകന്‍ വെള്ളം കൊണ്ടുവന്നുതന്നു. പറയണോ? ഞാന്‍ ഫോണ്‍ ചെയ്തതാ... അപ്പോള്‍ വേറെയും രണ്ടുപേര്‍ വന്നു. പെണ്‍കുട്ടികള്‍. അകത്തുനിന്നും വന്ന ദാസേട്ടന്‍ വാതുക്കല്‍നിന്ന് പറഞ്ഞു: 'പ്‌ളീസ് വെയിറ്റ്. ഷീ വില്‍ ബി കമിങ് ഇന്‍ ഫൈവ് മിനുട്ട്‌സ്. 'ദാസേട്ടന്‍ എന്നെ കണ്ടില്ല. ശ്രദ്ധയാകര്‍ഷിക്കാന്‍ ഞാന്‍ ശ്രമിച്ചതുമില്ല.'വിസിറ്റേഴ്‌സിന്റെ സമയം... ഇതെന്താ രാജസദസ്സോ?' എന്റെ കൂടെ വന്നയാള്‍ രസിക്കാതെ പതുക്കെ പിറുപിറുത്തു. അതെ. രാജകുമാരിയുടെ സദസ്സ്്. അകത്തുനിന്ന് ആര്‍ഭാടങ്ങളൊന്നുമില്ലാത്ത വേഷത്തില്‍ ആമി കടന്നുവന്നു. 'ഗുഡ് ഈവനിങ്, ഗുഡ് ഈവനിങ്' ആരും എഴുന്നേറ്റ് ആദരം കാട്ടിയില്ല. പക്ഷേ, അവരുടെ മുഖങ്ങളില്‍ സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പുഞ്ചിരികള്‍ വിടര്‍ന്നു. അവരുടെ മനസ്സുകളില്‍ ആ രാജകുമാരിക്കും അവര്‍ മുമ്പേ പീഠമൊരുക്കിയിട്ടുണ്ട് എന്നു വ്യക്തം. പിന്നെയും സന്ദര്‍ശകര്‍...അപ്പോഴാണ് ആമി എന്നെ കാണുന്നത്. 'വാസു അപ്പുറത്തേക്ക് വരായിരുന്നല്ലോ.' 'ഇതു കഴിയട്ടെ. 'എന്നെ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തി. രണ്ടുപേര്‍ നാടകമെഴുതുന്നവരാണ്. മറാത്തിയിലും ഇംഗ്‌ളീഷിലും കവിതയെഴുതുന്ന ഒരാള്‍. ടൈംസില്‍ പത്രപ്രവര്‍ത്തന പരിശീലനം തുടങ്ങിയവരാണ് പെണ്‍കുട്ടികള്‍. ഒരു ഡോക്യുമെന്ററിഫിലിം മേക്കര്‍. ഈ ഒത്തുചേരല്‍ കുറേക്കൂടി വലുതാക്കാനുള്ള ആലോചനയാണ് പിന്നെ കുറച്ചുനേരം. ലഘുനാടകങ്ങള്‍ കളിക്കണം. വേഷവിധാനമൊന്നുമില്ലാതെ. എഴുതുന്ന കൃതികളിലെ ചില ഭാഗങ്ങള്‍ ചിലര്‍ വായിക്കണം. അദ്ധ്യക്ഷന്‍, സെക്രട്ടറി, സെന്‍സര്‍ഷിപ്പ് ഒന്നും വേണ്ട. പക്ഷേ, ഒരു പേരുവേണം. പല നിര്‍ദ്ദേശങ്ങളുംവന്നു. അവസാനം ആമി പറഞ്ഞ പേരുതന്നെ എല്ലാവര്‍ക്കും തൃപ്തിയായി. ബഹുരൂപി. ആളുകള്‍ പിരിയുന്ന കൂട്ടത്തില്‍ ഞാനും സുഹൃത്തും വരാന്തയിലിറങ്ങിനിന്നു. അക്ഷമയും അസ്വാരസ്യവുമായി ആരംഭിച്ച ആ സുഹൃത്ത് പിന്നീട് അവിടത്തെ സന്ദര്‍ശകരിലൊരാളായി. അദ്ദേഹം പില്‍ക്കാലത്ത് എന്നോടു പറഞ്ഞു: ആ ഒത്തുചേരലുകള്‍ കലയിലും സാഹിത്യത്തിലുമൊക്കെ താല്പര്യമുള്ള പല ഭാഷക്കാര്‍ക്കിടയിലും ചര്‍ച്ചാവിഷയമായി. വാര്‍ത്തകളോ പ്രസ് റിലീസുകളോ ഇല്ല. പക്ഷേ, അവിടെ ഒരു പുതിയ കവിത ചൊല്ലിയാല്‍ സംതൃപ്തി.
'എന്റെ കഥ'യുടെ ഇംഗ്‌ളീഷ് രൂപം പ്രസിദ്ധീകരിച്ച അബു സയ്യദിന്റെ 'കറന്റ്' കമലാദാസിന്റെ പേരില്‍ കേസു കൊടുത്തു. പുസ്തകമാക്കാന്‍ പത്രത്തിനാണ് അവകാശം, ഗ്രന്ഥകാരിക്കല്ല എന്നായിരുന്നു വാദം. കോടതി പുസ്തകം വില്‍ക്കുന്നത് തടഞ്ഞു. ഈ സായാഹ്ന സദസ്സുകളില്‍ പങ്കെടുക്കുന്നവര്‍ കറന്റിനു നേരെ പ്രക്ഷോഭം സംഘടിപ്പിച്ചു. കറന്റിന്റെ ബദ്ധവൈരിയായ 'ബ്‌ളിറ്റ്‌സ്' ഗ്രന്ഥകാരിയുടെ സഹായത്തിനായി ഒരു ഡിഫന്‍സ് കമ്മിറ്റിയുണ്ടാക്കി. അഖിലേന്ത്യാതലത്തില്‍ ഒച്ചപ്പാടുകളുണ്ടായി. ഡിഫന്‍സ് കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ മുല്‍ക്ക്‌രാജ്ആനന്ദായിരുന്നു. അവസാനം കറന്റ് കേസ് പിന്‍വലിച്ചു. ദാസേട്ടനുമായി ഒത്തുതീര്‍പ്പ് വ്യവസ്ഥകളുണ്ടാക്കി. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണിത്. മലയാളി സുഹൃത്തിനെ പരിചയപ്പെടുത്തി. ഊണു കഴിച്ച്‌പോയാല്‍ മതിയെന്ന് ആമിയും ദാസേട്ടനും നിശ്ചയിച്ചു. ചില തിരക്കുകളുടെ കാര്യം പറഞ്ഞെങ്കിലും സുഹൃത്തും സമ്മതിച്ചു. ഞങ്ങള്‍ വീടിന്റെ ശരിയായ സ്വീകരണമുറിയിലേയ്ക്ക് മാറി. അതിനിടയ്ക്ക് ആമി ഒന്നു വേഷം മാറി വന്നു. ഈ സന്ദര്‍ശകരുടെ കൂട്ടത്തില്‍ ചിലപ്പോള്‍ വലിയ പേരുള്ളവരും എത്താറുണ്ട്. നിസ്‌സിം എസികീല്‍, അദില്‍ ജസ്‌സാവാല-അവര്‍ ചില പേരുകള്‍ പറഞ്ഞു. അപ്പോള്‍ കുടുംബസുഹൃത്തായ ഒരു മലയാളി വന്നു. ഏതോഒരു വലിയ ബാങ്കിന്റെ കസ്‌റ്റോഡിയനാണ്. അദ്ദേഹം ദാസേട്ടനുമായി ഗൗരവമേറിയ കാര്യങ്ങള്‍ പതുക്കെ സംസാരിക്കാന്‍ തുടങ്ങി. കൂടെ വന്ന സുഹൃത്തിനും അതില്‍ താല്പര്യമുണ്ടായിരുന്നു. അടുത്തേയ്ക്ക് മാറിയിരുന്ന ആമി ചോദിച്ചു: 'വാസൂ, പുന്നയൂര്‍ക്കുളത്ത് പോകാറുണ്ടോ?' 'വല്ലപ്പോഴും.' 'വാസുവിന്റെ അച്ഛന്റെ വീടിന്റെ മുമ്പില് മാരാത്താട്കാരടെ ഒരു ചെറ്യേ വീടില്ലേ?. വാടകക്ക് കൊടുത്തിരുന്നത്?' 'ഉണ്ട്. ആരുടെയാണെന്നറിയില്ല.''അവടെ ഒരു ലേഡി ഡോക്ടറ് താമസിച്ചിരുന്നില്ലേ മുമ്പ്.' 'ഉവ്വ്. ഞാനോര്‍ക്കുന്നുണ്ട്.' 'അവിടെ ഒരു വയസ്സനുണ്ടായിരുന്നില്ലേ? ആ കുട്ടിയെ പഠിപ്പിച്ചിരുന്നതൊക്കെ അയാളാ. അയാളവരെ കല്യാണം കഴിച്ചതറിയ്വോ?' അധികവും പുറംനാടുകളില്‍ കഴിയുന്ന ആമി്ക്ക് എങ്ങനെയാണ് ഈ വാര്‍ത്തകള്‍ കിട്ടുന്നത്?' നാട്ടിലെ ഗോസിപ്പുകള്‍ കേള്‍ക്കാന്‍ നല്ല രസാണ്. ആമി്ക്കതൊക്കെ എത്തിച്ചുതരാന്‍ ചിലരുണ്ട്. ആലിന്റെ ചോട്ടിലെ പെങ്കുട്ട്യേപ്പറ്റി മുമ്പ് ഞാന്‍ വാസുനോട് പറഞ്ഞില്ലെ? അത് ശരിയല്ലട്ടോ. വെറുതെ ആളുകള് പറഞ്ഞുണ്ടാക്കിയതാണ്. ബംഗാളിലെ യാത്രയെപ്പറ്റിയും മറാത്തിയിലെ തമഷയെപ്പറ്റിയും കുറച്ചുമുമ്പ് ഈ ഫ്‌ളാറ്റിന്റെ മറ്റേ പകുതിയിലിരുന്ന് ഗൗരവമായി സംസാരിച്ചിരുന്ന ആളാണ് പുന്നയൂര്‍ക്കുളത്തുകാരുടെ ചിലസ്വകാര്യപ്രേമങ്ങളുടെ കഥകള്‍ രസത്തിലിരുന്ന് പറയുന്നത്.
'നമ്മളൊക്കെ എഴ്തണേല് നാട്ട്കാര്‍ക്ക് പ്രത്യേകിച്ച് സ്വന്തക്കാര്‍ക്ക് ദേഷ്യംണ്ടാവും ഇല്ലെ?' 'ആ ചിലപ്പോള്‍. ഞാനത്ര ശ്രദ്ധിക്കാറില്ല.' 'ഞാനും ഇപ്പൊ അങ്ങന്യാ വിചാരിക്കാറ്. ദേഷ്യം തോന്ന്‌ണോര്‍ക്ക് തോന്നിക്കോട്ടെ.' സംസാരത്തിനിടയ്ക്ക് പറഞ്ഞുവന്ന കാര്യം നിര്‍ത്തി പെട്ടെന്ന് മറ്റൊന്നിലേയ്ക്ക് കടക്കുന്നത് ആമിയുടെ പതിവാണ്, എല്ലാക്കാലത്തും. അതുകൊണ്ട് അടുത്ത ചോദ്യം കേട്ടപ്പോള്‍ അദ്ഭുതപ്പെട്ടില്ല. 'വാസു അമ്പലത്തില്‍ പോകാറുണ്ടോ?' 'ചിലപ്പോള്‍.' 'ഭക്തി- തീരെ ഇല്ലേ?' 'ഇല്ലാന്ന് പറഞ്ഞുകൂടാ.' 'അതേയ് ഞാനൊരു കാര്യം പറയാം. ദിവസേന ദേവീമാഹാത്മ്യം വായിക്ക്യാ. നല്ലതാ. ഞാനടുത്ത കാലത്താ തൊടങ്ങീത്. ശരിക്ക് ഫലംണ്ടാവും. ന്നാളൊരു ദിവസം മുണ്ടുപെട്ടിടെ അടീല് പഴേ സാരി മറച്ചിടുമ്പോള്‍ ഒരു നൂറുറുപ്പിക നോട്ട്! അദ്ഭുതല്ലേ?' ഞാന്‍ മനസ്സില്‍ അപ്പോള്‍ കുറിച്ചിട്ടത് മുണ്ടുപെട്ടി എന്ന വാക്കാണ്. ഷെല്‍ഫ്, അലമാര, വാര്‍ഡ് റോബ്, ട്രങ്ക്- ഒന്നുമല്ല. മുണ്ടുപെട്ടി! അടുത്ത ഫ്‌ളാറ്റുകൂടി കിട്ടാന്‍ ശ്രമിക്കുന്നുണ്ട്, ദാസേട്ടന്‍. എന്നാല്‍ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യമാണ്. കവിതവായന, ഏകാങ്കാഭിനയം. അതിനൊക്കെ ഒരമ്പതറുപത് പേര്‍ക്കിരിക്കാന്‍ സൗകര്യം വേണം. ഇപ്പോള്‍ അതില്‍ റിസര്‍വ്വ് ബാങ്കുമായി ബന്ധപ്പെട്ട ഒരു ആഫ്രിക്കക്കാരനാണ്. അയാളെ വാസൂവിന് കാണിച്ചുതരാം. എനിക്ക് തോന്നുന്നത് അയാളൊരു കാനിബല്‍ ആണെന്നാ. അതുകേട്ട ദാസേട്ടന്‍ ശബ്ദമുയര്‍ത്താതെ താഴ്മയായി വിളിച്ചു. 'ആമി, പ്‌ളീസ്!' 'സത്യാണ്. അയാള്‍ വരുമ്പോള്‍ ഒരു സ്ത്രീയുണ്ടായിരുന്നു. തൊട്ട് മഷിയെഴുതാം. അത്ര കറുപ്പ്. എന്നാലും നല്ല ഭംഗി. ഭാര്യയാണോ ഗേള്‍ഫ്രണ്ടാണോന്നൊന്നും ആര്‍ക്കും അറിയില്ല. ഇപ്പോള്‍ അതിനെ കാണണില്ല. കൊന്ന് തിന്നിട്ടുണ്ടാവും. അങ്ങനത്തെ ചില ട്രൈബ്‌സ് ഇപ്പഴും ആഫ്രിക്കയില്ണ്ട്, ഇല്ലേ?' ഞാന്‍ തര്‍ക്കിച്ചില്ല. ശരിവച്ചതുമില്ല. ആമിയോട് ഒരിക്കലും തര്‍ക്കിക്കാന്‍ വയ്യ. സങ്കല്പത്തില്‍ അവര്‍ ചില സംഭവങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നു. കേള്‍ക്കുന്നവര്‍ക്ക് എന്തു തോന്നും എന്ന സംശയമോ പരിഭ്രമമോ ഇല്ലാതെ പറയുന്നു. സാധാരണ സംഭാഷണത്തിനിടയില്‍ ഇങ്ങനെ ചില കഥകള്‍വരും. ചിലപ്പോള്‍ കവിതയുടെ തിളക്കമുള്ള വരികളും. ലാറ്റിനമേരിക്കന്‍ നാടുകള്‍ സന്ദര്‍ശിച്ചുവന്നശേഷം സംസാരത്തിനിടയിലും പറഞ്ഞു. 'റിയോഡി ജാനിറോ. അവിടത്തെ സ്ത്രീകള്‍ക്ക് നല്ല ഭംഗിയാണ്. രാത്രിയായാലേ അവര്‍ ശരിക്ക് വിടരൂ.' ഭക്ഷണം പുറത്തെവിടെയെങ്കിലുമാക്കണമെന്ന് പറഞ്ഞ് ബാങ്ക് കസ്‌റ്റോഡിയന്‍ ക്ഷണിച്ചു. 'അടുക്കളയില്‍ കുറച്ചൊക്കെയുണ്ട്. വേണമെങ്കില്‍ വല്ലതുംഫോണ്‍ ചെയ്ത് വരുത്താം ദാസേട്ടാ. കൊറച്ചൊക്കെ മതി. അങ്ങനെ ഒരു ശാപ്പാട്ടുരാമനൊന്ന്വല്ല ഈ വാസു.' എന്തെങ്കിലും കുടിക്കണ്ടെ എന്നായി പിന്നെ. ഞാന്‍ പറഞ്ഞു. 'വേണ്ട. ഒന്നും വേണ്ട.' 'അങ്ങനെ നല്ല കുട്ടി ചമയ്വൊന്നും വേണ്ട. നിയ്ക്ക് വിവരൊക്കെ അറിയും. ദാസേട്ടാ ബീറാ വാസൂന് ഇഷ്ടം. അത് കൊറച്ചധികം വേണ്ടിവരും.' ചിരിച്ച് എന്റെ ചുമലില്‍ പതുക്കെ ഒന്നടിച്ചു. പരിചാരകന്‍ ബിയര്‍ കുപ്പികള്‍ നിരത്തി. ആമി്ക്ക് ഉപ്പിട്ട നാരങ്ങവെള്ളം. 'വാസൂന് അദ്ഭുതാവ്ണ്‌ണ്ടോ? നാട്ടില് പലരും വിചാരിക്കണത് ഞാന്‍ ശരിക്കും കുടിക്കുംന്നാണ്. തീരെ കുടിക്കില്ലാന്നൊന്നും പറയില്ല. പക്ഷേ, അത്ര വലിയ ഇഷ്‌ടൊന്നും തോന്നീട്ടില്ല.' ബിയര്‍ ഗ്‌ളാസുകള്‍ ഒഴിയുകയും നിറയുകയും ചെയ്തപ്പോള്‍ എല്ലാവരും കുറേക്കൂടി ഉല്ലാസത്തിലായി. 'വാസു നാട്ടില് ഫെയ്മസ്‌സാണ് അല്ലെ?' 'അത്രയ്‌ക്കൊന്നൂംല്യ. അത്യാവശ്യം ആളുകള് വായിയ്ക്ക്ണ്ണ്ട്.' 'കാണാനാള് കൂട്വോ?' അപ്പോള്‍ ഞാന്‍ ശരിക്കും ചിരിച്ചു. 'ഹേയ്... അതിനൊരു ഫിലിം സ്റ്റാറാവേണ്ടേ?' 'അപ്പോള്‍ കാര്യമില്ല. ഞാനാലോചിക്കായിരുന്നു. ഞാന്‍ കൊച്ചിയിലെത്ത്വാ. വാസു ഒരു വലിയ കാറില് എന്നെ കൂട്ടി ചില ഗസ്റ്റ് ഹൗസിലും ഹോട്ടലിലുമൊക്കെ കേറി ഭക്ഷണം കഴിച്ച് ചായകുടിച്ച് വഴിക്കൊക്കെ നിര്‍ത്തി പതുക്കെ നമ്മള് പുന്നയൂര്‍ക്കുളത്തെത്ത്വാ. എന്തൊരു കോലാഹലായിരിയ്ക്കുംഅല്ലെ?' 'രക്ഷല്യ. അത്രയ്ക്കുള്ള സാഹസം ഒന്നും എനിക്കില്ല. ആമിയെ കാണാന്‍ ആള് കൂടും. അധികം കാണാന്‍ ചാന്‍സ് കിട്ടിയിട്ടില്ലല്ലോ.' 'ആഫ്രിക്കക്കാരന്റെ ഫ്‌ളാറ്റ് കിട്ടിയാല്‍ അവിടെ രണ്ട് നല്ല ഗസ്റ്റ് റൂമുകളുണ്ട്. ബോംബേല് വരുമ്പോ വാസൂന് അവിടെ താമസിക്കാം.
കമലാദാസിന്റെ ജീവചരിത്രത്തിലെ നിര്‍ണ്ണായകമായ ദിവസം. തലേന്ന് രാത്രിയില്‍ ഞാന്‍ തൃശൂരില്‍ കാസിനോ ഹോട്ടലില്‍ എത്തിയതായിരുന്നു. രാവിലെ ഏഴുമണിക്ക് ഞാന്‍ ചായ കുടിച്ചിരിക്കുമ്പോള്‍ റൂം ബോയ് വന്നു പറഞ്ഞു. 'സര്‍, കമലാദാസ് ഡൈനിംഗ് ഹാളിലുണ്ട്. സാറുണ്ടെന്ന് അറിഞ്ഞപ്പോള്‍ ബ്രെയ്ക്ക് ഫാസ്റ്റിന് താഴേയ്ക്കു വരാന്‍ പറഞ്ഞു. 'എന്റെ ബ്രെയ്ക്ക് ഫാസ്റ്റിന്റെ സമയമായിട്ടില്ല. എന്നാലും ഞാന്‍ ധൃതിയില്‍ ഡൈനിംഗ് ഹാളിലെത്തി. സഹായിയായി ഒരു സ്ത്രീകൂടെയുണ്ടായിരുന്നു. ബാത്ത് റൂമില്‍നിന്ന് പുറത്തുവന്ന ആമി പറഞ്ഞു: 'ഇന്‍ജെക്ഷന്‍.'ഇന്‍സുലിന്‍ പെന്‍ തുണക്കാരിയെ ഏല്പിച്ചു. 'എന്നെ ഇപ്പോള്‍ കാണാന്‍ എങ്ങനെണ്ട്.' 'നന്നായിരിക്കുന്നു. സത്യം. 'രണ്ടോ മൂന്നോ ദിവസമായി കോട്ടയ്ക്കലിനടുത്ത് ഒരു വലിയതറവാട്ടു വീട്ടില്‍ താമസിക്കുകയായിരുന്നു. നല്ല സ്ഥലം. രാവിലെ കാണുന്ന സൂര്യോദയം മനോഹരമാണ്. നേരത്തെ എഴുന്നേറ്റ് സൂര്യോദയം വീണ്ടും കണ്ട് പുറപ്പെട്ടതാണ്. 'എല്ലാരും പറേണ്ണ്ട് എനിക്ക് സൗന്ദര്യം കൂടീട്ടുണ്ട്ന്ന്. ഇല്ലെ?' ആമി തുണക്കാരിയോട് ചോദിച്ചു. അവര്‍ ഒതുക്കത്തില്‍ ചിരിച്ചു. അവര്‍ പറഞ്ഞത് ശരിയായിരുന്നു. എറണാകുളത്തെ ഫ്‌ളാറ്റില്‍ ഉണ്ണാന്‍ ചെന്നപ്പോള്‍ കാഴ്ചയ്ക്ക് ക്ഷീണമുണ്ടായിരുന്നു. ഇപ്പോള്‍ നല്ല പ്രസാദം. മുഖത്തെ ചുളിവുകളൊന്നുമില്ല. എനിക്ക് കഴിക്കാറായിട്ടില്ല. എന്റെ കുളിയും ഇന്‍ജക്ഷനും കഴിഞ്ഞിട്ടില്ല. അവര്‍ ലഘുവായി പ്രാതല്‍ കഴിച്ചു. പോകുമ്പോള്‍ ഞാന്‍ കാറിനടുത്തേയ്ക്ക് കൂടെ നടന്നു. വഴിയ്ക്കു നിന്ന് ചോദിച്ചു: 'ഞാന്‍ കല്യാണം കഴിച്ചാലോ വാസൂ?' മുമ്പ് വിദേശത്തുനിന്നു വന്ന ചില കല്യാണാലോചനകളെപ്പറ്റി പറഞ്ഞിട്ടുണ്ട്. അത്ര കാര്യമായി കണക്കാക്കിയതല്ല. പക്ഷേ, ഒരാലോചനയെപ്പറ്റി കുറച്ച് ഗൗരവമായി പറഞ്ഞിരുന്നു. 'മുമ്പ് പറഞ്ഞ ആ കനേഡിയന്‍ പ്രൊഫസര്‍?' 'അല്ല. ഇതുവേറെ.' കോട്ടയത്ത് മേരി റോയിയുടെ വീട്ടില്‍ താമസിക്കുമ്പോള്‍ എന്നെ കാണണമെന്ന് പറഞ്ഞയച്ചു. എന്റെ സ്ഥിരം തുണക്കാര്‍ ആരുമില്ലാതെ തനിച്ചുവരണം. ഒറ്റയ്ക്ക് സംസാരിക്കാനുണ്ട്. അതായിരുന്നു ആദ്യത്തെ കല്യാണക്കാര്യം. അതും വിദേശിയായിരുന്നു. 'ഞാന്‍ മേരിറോയിയുടെ വീട്ടില്‍ വന്നപ്പോള്‍ നമ്മള്‍ കല്യാണക്കാര്യം കുറേ സംസാരിച്ചതാണ്. ഓര്‍മ്മണ്ടോ?''ഉവ്വ്. ഉവ്വ്. വാസു അന്നെനിക്ക് ഒരു നല്ല പേന തന്നു.'ഞാന്‍ ചിരിച്ചു.'ഒന്നല്ല രണ്ട്.' 'അതൊക്കെ എവടെപ്പോയി ആവോ? മുന്തിയ പേന. അതൊന്നും ഞാനാര്‍ക്കും കൊടുത്തിട്ടില്ല. അന്നു ഞാന്‍ പറഞ്ഞത് ഓര്‍മ്മയുണ്ട്. ഒരു തുണവേണം, കൂട്ടുവേണം എന്നു തോന്നിയാല്‍ വിവാഹം കഴിക്കണം. ആരും തെറ്റു പറയില്ല. 'എന്റെ കൈ പിടിച്ച് അവര്‍ കാറില്‍ കയറി. പകല്‍ എനിക്ക് തൃശൂരില്‍ ചില ജോലികളുണ്ടായിരുന്നു. വീട്ടിലെത്തുമ്പോള്‍ ഏഴുമണി കഴിഞ്ഞിരുന്നു. മകള്‍ അശ്വതി പറഞ്ഞു: 'അറിഞ്ഞില്ലേ അച്ഛാ, മാധവിക്കുട്ടി മതം മാറി മുസ്‌ളിമായി.' 'ആരു പറഞ്ഞു?''ദാ എല്ലാ ടി.വി ചാനലിലും ഉണ്ട്.' 'ഞാനിന്ന് രാവിലെ കണ്ടതാണ്... അപ്പോള്‍- 'പിന്നീട് കുറച്ചു ദിവസങ്ങള്‍ മതംമാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പത്രങ്ങളിലും ചാനലുകളിലും നിരന്തരം വന്നുകൊണ്ടിരുന്നു. വളരെക്കാലത്തിനുശേഷം വീട്ടില്‍ മാംസഭക്ഷണമുണ്ടാക്കി അതിഥികളെ സല്‍ക്കരിച്ചത്, ഗുരുവായൂരപ്പനെ കൂടെ കൊണ്ടുപോന്നത്... അങ്ങനെ പലതും. ഒന്നര കൊല്ലത്തോളം പിന്നെ ഞാന്‍ ആമിയെ കണ്ടില്ല. പുന്നയൂര്‍ക്കുളത്തെ എന്റെ ജ്യേഷ്ഠത്തി കാര്‍ത്ത്യായനി ഓപ്പോള്‍ ആമിയുമായി ഇടയ്ക്കിടെ സംസാരിക്കാറുണ്ട്. അവര്‍ കുട്ടിക്കാലം മുതല്‍ക്ക് അടുപ്പമുള്ളവരാണ്. ഓപ്പ പറഞ്ഞു: 'ആമി വളരെ വെഷമായിട്ട് പറഞ്ഞു. വാസു വിളിക്കണ്‌ല്യ. കാണ്ണില്ല. ഒന്നു പോയി കാണൂ. 'ഒരാഴ്ചയ്ക്കകം ഞാന്‍ എറണാകുളത്തു പോയി. മുന്‍കൂട്ടി വിളിക്കാതെയും പറയാതെയുമാണ് പുതിയ ഫ്‌ളാറ്റ് കണ്ടുപിടിച്ച് എത്തിയത്. സെക്യുരിറ്റിക്കാരന്‍ സംശയിച്ചു. 'അങ്ങനെ ആരെയും മുകളിലേയ്ക്ക് വിടരുതെന്ന് പറഞ്ഞിട്ടുണ്ട്. 'എന്റെ കൂടെ സ്ഥലം കണ്ടുപിടിക്കാന്‍ വന്നവര്‍ സെക്യുരിറ്റിക്കാരനോട് സംസാരിച്ചു. അവരെ താഴെനിര്‍ത്തി ഞാന്‍ മുകളിലേയ്ക്കു പോയി. ജോലിക്കാരിക്ക് എന്നെ മനസ്സിലായി. 'ഇരിക്കൂ. അമ്മ റെഡിയാവുന്നേയുള്ളു. 'എത്ര അനാരോഗ്യമുണ്ടെങ്കിലും നല്ലപോലെ ഒരുങ്ങി മാത്രമേ ആമി സന്ദര്‍ശകരെ സ്വീകരിക്കുകയുള്ളു. ഏതു കാലത്തും അങ്ങനെയാണ്. ആമി കിടപ്പറയില്‍ തലയണകള്‍ അടുക്കിവച്ച് ചാഞ്ഞുകിടക്കുകയാണ്. അടുത്തുചെന്ന് കൈപിടിച്ചപ്പോള്‍ അവരുടെ കണ്ണുകള്‍ നനയുന്നുണ്ടായിരുന്നു. 'ഞങ്ങള്‍ ഒരമ്മ പെറ്റ മക്കളെപ്പോലെയാണെന്ന്' ആമി പലപ്പോഴും മറ്റുള്ളവരോട് പറയാറുണ്ടായിരുന്നു. ഒരിക്കല്‍ എഴുതുകയും ചെയ്തു. അതു വെറും വാക്കല്ല. വെറും വാക്കുകള്‍ വച്ച്കളിക്കാന്‍ ആമി ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നുമില്ല. കാഴ്ചയുടെ പ്രശ്‌നം വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. 'വാസു എന്നെ എന്തേ വിളിക്കാത്തത്? മതം മാറീന്നു് കേട്ടപ്പോള്‍ ഇനി ആമിയെ കാണണ്ടാന്ന് വെച്വോ?' 'അതല്ല.''നമുക്കൊക്കെ ഇനി എത്രകാലാ ഉള്ളത്? 'പുഴുക്കളോ തീയോ ഏറ്റെടുക്കുന്ന മനുഷ്യശരീരത്തിന്റെ ക്ഷണികതയെപ്പറ്റി എവിടെയോ ആമി മുമ്പും എഴുതിയിട്ടുണ്ട്.
ഞങ്ങള്‍ ഒരിക്കലും മറച്ചുപിടിച്ചുകൊണ്ട് സംസാരിച്ചിട്ടില്ല. തൃശൂര്‍ ഹോട്ടലില്‍ രാവിലെ കണ്ട് പലതും പറഞ്ഞത് ഞാനോര്‍മ്മിപ്പിച്ചു. 'ഉവ്വ്.' 'വൈകുന്നേരമായിരുന്നു അനൗണ്‍സ്‌മെന്റ്. രാവിലെ കുറേനേരം നമ്മള്‍ സംസാരിച്ചു. അപ്പോള്‍ ഒന്നും പറഞ്ഞില്ലല്ലോ. സൂചിപ്പിച്ചില്ലല്ലോ എന്നാലോചിച്ചപ്പോള്‍ വിഷമം തോന്നി. അത് സത്യാണ്. ഞാനെതിര്‍ക്കില്ല, തര്‍ക്കിക്കില്ല. ആമിയുടെ ഇഷ്ടം. എന്നാലും എന്നോട് പറയായിരുന്നു. 'അവര്‍ പിന്നെയും ആലോചിച്ചുകൊണ്ടിരുന്നു. 'ഞാനത് പറഞ്ഞാല്‍ വാസു എന്താ പറയ്വാന്നറിയില്ലല്ലോ. പിന്നെ എനിക്കൊരു വെഷമായാലോ... അപ്പോള്‍... ഒന്നും പറയണ്ടാന്ന് വിചാരിച്ചു.' പിന്നെ ആ മാനസികാവസ്ഥയില്‍ എത്തിച്ചേരാനുണ്ടായസാഹചര്യത്തെപ്പറ്റി കുറച്ചൊക്കെ പറഞ്ഞു. കളികള്‍ക്കും കുസൃതികള്‍ക്കുമിടയില്‍ വീണുരുണ്ടതും ചെറിയ മുറിവേറ്റതും കണ്ടുപിടിക്കപ്പെടുമ്പോള്‍, അമ്മയുടെ മുമ്പില്‍ശിക്ഷ ഏറ്റുവാങ്ങാന്‍ നില്‍ക്കുന്ന ഒരു കുട്ടിയുടെ ഭാവമായിരുന്നു അപ്പോള്‍. ശകാരങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അപ്പോള്‍ മറുപടി പറയാന്‍ ആമി ഒരിക്കലും മെനക്കെടാറില്ല. സാധാരണ സംഭാഷണങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്തചില വാചകങ്ങള്‍ ആളുകള്‍ മറുപടികള്‍പോലെ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ടാവും. തന്റെ എഴുത്ത്, സമൂഹം, ദൈവം,സദാചാരം, വിവാഹം എന്ന പ്രസ്ഥാനം, സ്ത്രീപുരുഷ ബന്ധങ്ങള്‍- അങ്ങനെ എല്ലാറ്റിനെപ്പറ്റിയും അവര്‍ വ്യക്തമായ അഭിപ്രായങ്ങള്‍ നേരത്തെ പറഞ്ഞുവച്ചിട്ടുണ്ട്. കുറ്റം കാണാന്‍ കാത്തിരിക്കുന്ന സമൂഹത്തെപ്പറ്റി അവര്‍ ഒരിക്കല്‍ എഴുതി.'നിഷ്‌കളങ്കരായവര്‍ പുറത്തു തണുപ്പില്‍ കിടക്കുമ്പോള്‍ കുറ്റവാളികളെയും നുണയരെയും വഞ്ചകരെയും കൊലപാതകികളെയും എല്ലാം തന്റെ കമ്പിളിപ്പുതപ്പിനുള്ളില്‍ സംരക്ഷിക്കുന്ന അശ്രീകരം പിടിച്ച ഒരു മുത്തിത്തള്ളയായിട്ടാണ് ഞാന്‍ സമൂഹത്തെ കാണുന്നത്. ആ പുതപ്പിനുള്ളില്‍ സുഖകരമായ ഒരുസ്ഥലം എനിക്കും കിട്ടുമായിരുന്നു. ഞാനെന്തല്ല, അതാണെന്ന് നടിച്ച് കഴിഞ്ഞിരുന്നുവെങ്കില്‍. പക്ഷേ, അപ്പോള്‍ ഞാനൊരു എഴുത്തുകാരിയാവില്ല.'
ശ്രോതാക്കള്‍ എപ്പോഴും വൈകി മാത്രം എത്തുന്ന ഒഴിഞ്ഞ ഓഡിറ്റോറിയത്തില്‍നിന്ന് സംസാരിക്കാന്‍ വിധിക്കപ്പെട്ടവരാണ് എഴുത്തുകാരന്‍/ എഴുത്തുകാരി എന്ന് ഒരിക്കല്‍ ആമി പറയുകയുണ്ടായി. മരിച്ചുവെന്ന് ഉറപ്പായാല്‍ ആഘോഷത്തില്‍ അവര്‍ തിക്കിത്തിരക്കി നേരത്തെ എത്തും എന്ന് ഇന്നാണെങ്കില്‍ അവര്‍ കൂട്ടിച്ചേര്‍ക്കുമായിരുന്നു. ആമീ, യാത്ര പറയുന്നില്ല. ചെന്നേടത്തെല്ലാം ജയിച്ചുവരൂ എന്ന പ്രാര്‍ത്ഥന എപ്പോഴും വാസുവിന്റെ മനസ്സിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates