
കവിതയുടെ സര്‍ഗാത്മകതലങ്ങളെക്കുറിച്ച് പഠനംനടത്തിയിട്ടുള്ള ഒരാളല്ല ഞാന്‍. എന്നാല്‍, കവിതയുടെ വികാസ പരിണാമങ്ങളെക്കുറിച്ച് എന്റെ വായനയിലൂടെ ഞാന്‍ മനസ്‌സിലാക്കിയിട്ടുണ്ട്. കവിത എനിക്ക് ഇഷ്ടമാണ്. കവിത വായിക്കാറുണ്ട്. ഏത് തരത്തിലുള്ള ഭാവനയുടെയും ആത്മാവിന്റെയുള്ളില്‍ നിലകൊള്ളുന്നത് കവിതയാണ്. എല്ലാ സാഹിത്യരൂപങ്ങളിലും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. കവിതയിലും കാലോചിതമായ മാറ്റങ്ങള്‍സംഭവിച്ചുകൊണ്ടിരിക്കുന്നു. ആദ്യകാലത്ത് ഞാനടക്കമുള്ള ആളുകള്‍ എഴുതിത്തുടങ്ങിയത് കവിതകളാണ്. പിന്നീടാണ് ഓരോരുത്തരും അവരവരുടെ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയത്. അന്നൊക്കെ ഉദയത്തെക്കുറിച്ച്, ചന്ദ്രോദയത്തെക്കുറിച്ച്, അസ്തമനത്തെക്കുറിച്ച്, ചിലപ്പോള്‍ ഒരു താമരക്കുളത്തെപ്പറ്റി, ഉദ്യാനങ്ങളെപ്പറ്റി, പൂക്കളെപ്പറ്റി കവിതകള്‍എഴുതപ്പെട്ടിട്ടുണ്ട്. ഉദ്യാനത്തെക്കുറിച്ച്മലയാളിക്ക് ഒരു സങ്കല്പമുണ്ടാകുന്നത്തന്നെ ബ്രിട്ടീഷ് ഭരണത്തിനുശേഷമാണ്. എന്നാല്‍, പ്രകൃതിയിലെ ചില ഭാവങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ളകവിതകള്‍ക്കുശേഷം, അതില്‍നിന്നുംമാറി ആഖ്യാന പ്രധാനമായ കവിതകള്‍നിലവില്‍വന്നു. ചുറ്റുമുള്ള സുന്ദരവസ്തുക്കളെക്കുറിച്ച് മാത്രമല്ല കവിതകളുണ്ടായത്. മനസ്‌സിനെ ആഹ്‌ളാദിപ്പിക്കുന്ന, മധുരമായ അസ്വാസ്ഥ്യമുണ്ടാക്കുന്ന പ്രകൃതിദൃശ്യങ്ങള്‍തന്നെ മാഞ്ഞുപോയപ്പോള്‍ ഇനിയെങ്ങനെ കവിതയെഴുതുമെന്നായിരുന്നു കവികള്‍ ചിന്തിച്ചത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്പിലുണ്ടായിട്ടുള്ള കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചവര്‍ അനവധിയാണ്. ധാരാളം കവികളുമുണ്ടായിരുന്നു. ഇതാണ് സ്ഥിതിയെങ്കില്‍ ഇനിയെങ്ങനെ കവിതയെഴുതുമെന്ന് പലകവികളും ചോദിക്കുകയുണ്ടായി. ലക്ഷക്കണക്കിനു ആളുകളെ ഗ്യാസ്‌ചേമ്പറില്‍ അടച്ചുകൊന്ന സ്ഥലംഞാന്‍ കണ്ടിട്ടുണ്ട്. നമ്മളെങ്ങനെ നിലനില്‍ക്കുന്നുവെന്ന് നമ്മെ അദ്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങളായിരുന്നു അവിടെ. കൃത്യമായ ഒരു സ്ഥലത്തുനിന്ന് ശവശരീരങ്ങള്‍ വരുന്നു. മറ്റൊരിടത്തുനിന്ന് അതിന് ജീവനുണ്ടോയെന്ന് തട്ടിനോക്കുന്നു. സ്വര്‍ണപ്പല്ലുകളുണ്ടോയെന്ന് പരിശോധിക്കുന്നു. അവിടെനിന്ന് ഒരു കണ്‍വേയര്‍ ബല്‍റ്റിലൂടെ സഞ്ചരിച്ച് അവസാനം വെറുംഭസ്മമായി മാറ്റപ്പെടുന്നു. കൊടും തണുപ്പുള്ള സമയത്ത് ഈകോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍എത്തിപ്പെട്ട ആളുകള്‍ക്ക് ശരിക്കുള്ള പാദരക്ഷകള്‍പോലും ഉണ്ടായിരുന്നില്ല. മരത്തില്‍ കുഴിച്ചുണ്ടാക്കിയ പാദരക്ഷകളായിരുന്നു അവര്‍ ഉപയോഗിച്ചത്. ഇത്തിരിപ്പോന്ന ഷൂസുകളുടെ മാതൃക. കുട്ടികള്‍ക്കായുള്ളത്. അതൊക്കെ അവിടെ കൂട്ടിയിട്ടത് കാണുമ്പോള്‍ നമുക്കുണ്ടാകുന്ന മാനസികാവസ്ഥയെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഭക്ഷണം കഴിക്കാനോ കൂടെയുള്ള ആളുകളോട് സംസാരിക്കുവാനോ എനിക്ക് കഴിഞ്ഞില്ല. ഇങ്ങനെയൊരു മാനസികാവസ്ഥയില്‍പ്പെട്ടുപോയത് കൊണ്ടായിരിക്കാം പില്‍ക്കാലത്ത് പല കവികളും ഇനിയെങ്ങനെ കവിതയെഴുതുമെന്ന് ചോദിച്ചുപോയത്. ചില കവികളെയൊക്കെ സച്ചിദാനന്ദന്‍ ഇവിടെ ഉദ്ധരിച്ചിട്ടുണ്ട്. എന്തുതന്നെയായാലും കവിത എഴുതിക്കൊണ്ടിരിക്കും. നമ്മുടെ അച്ചടിഭാഷയില്‍, അറിയപ്പെടുന്ന ഭാഷയില്‍ കവിതകള്‍ എഴുതപ്പെട്ടതുപോലെതന്നെപല ഭാഷകളിലും വാമൊഴിയായി മാത്രം നിലനില്‍ക്കുന്ന കവിതകളും ഉണ്ടായിട്ടുണ്ട്. കര്‍ണാടകത്തില്‍ വാമൊഴിയായി പല രാമായണങ്ങളുമുണ്ടായിരുന്നുവെന്ന് കവിയും വിമര്‍ശകനും വിവര്‍ത്തകനുമായ എ.കെ. രാമാനുജം പറഞ്ഞിട്ടുണ്ട്. അവരാരും തന്നെ വാത്മീകി രാമായണം വായിച്ചവരുമായിരുന്നില്ല. വാത്മീകിരാമായണത്തെ അവലംബമാക്കിയുള്ള പല രാമായണങ്ങളും കര്‍ണാടകത്തില്‍ നിലനിന്നിരുന്നു. അവയിലൊന്ന് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. രാമന്‍ കാട്ടില്‍ പോകുമ്പോള്‍ സീതയോട് പറയുകയാണ്. 'കാട് വളരെമോശമാണ്. നീ മൃദുവായ ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്നവളാണ്. ഒരിക്കലും വരരുത്. അച്ഛനെ പരിചരിച്ച് ഇവിടെയിരിക്കുക.' അവസാനം സീത പറയുകയാണ് ഞാന്‍ കേട്ട രാമായണത്തിലൊന്നും ഇങ്ങനെയല്ലല്ലോ. സീത കാട്ടില്‍ പോകുന്നുണ്ടല്ലോ. നിങ്ങളെന്താ എന്നോട് വരരുത് എന്നു പറയുന്നത്?' ഇങ്ങനെയുള്ള വാമൊഴി രൂപങ്ങള്‍ പലയിടത്തും ധാരാളമായുണ്ട്.
മരുഭൂമിയിലൂടെ ഒറ്റയ്ക്ക് ഒട്ടകത്തെ നയിച്ചുകൊണ്ടുപോകുന്ന ഇടയന്മാര്‍ (കുട്ടികളടക്കം) അപ്പപ്പോള്‍ പാട്ടുകളുണ്ടാക്കിചൊല്ലിയിരുന്നു. ബര്‍ഗ്മാന്റെ കാമുകി ലിവ് ഉള്‍വാന്‍ അവരുടെ ആത്മകഥയില്‍ ഈ പാട്ടുകളെക്കുറിച്ചു പറയുന്നുണ്ട്. ആരാണ് ഈ പാട്ടെഴുതിയതെന്നു ചോദിച്ചപ്പോള്‍ ഇടയന്മാരാണെന്നും സ്വരം മാറ്റിപ്പാടുന്നവരികള്‍ ഒട്ടകങ്ങളുടേതാണെന്നും അവര്‍ പറയുന്നു. ഇനിയെങ്ങനെ കവിതയെഴുതും എന്ന ഒരു അവസ്ഥ ഉണ്ടാകുമ്പോള്‍പോലും കവിത നമ്മളില്‍നിന്ന് അകന്നുപോകുന്നില്ല. കവിത നമ്മുടെകൂടെത്തന്നെ നില്‍ക്കുന്നു. രൂപത്തിലും ഭാവത്തിലും ഏറെ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്നുമാത്രം .ജീവിതത്തിലെ കാര്‍ക്കശ്യങ്ങള്‍, കാലുഷ്യങ്ങള്‍, തിക്താനുഭവങ്ങള്‍... കവിതയെഴുതിയാല്‍ ഇതിനൊക്കെ ഒരു പരിഹാരമാകുമോ എന്നു ചോദിച്ചാല്‍ നമുക്ക് ഉത്തരമില്ല. പക്ഷേ, ഈ കാര്‍ക്കശ്യങ്ങളും ക്രൂരതകളുമൊക്കെയുണ്ടാവുന്നത് മനുഷ്യമനസ്സിലാണ്. അതിനുള്ളപ്രതിരോധമുണ്ടാകേണ്ടതും ഈ മനസ്സില്‍ തന്നെയാണ്. ആ പ്രതിരോധം വാക്കുകളിലൂടെയാണ് രൂപംകൊള്ളുന്നത്. ആ വാക്കുകളാണ് നമ്മുടെ മുന്നിലേക്ക് കവിതയായി എത്തിക്കൊണ്ടിരിക്കുന്നത്.
കവിതയെപ്പറ്റിയുള്ള ചര്‍ച്ചയ്‌ക്കൊന്നും ഞാനില്ലെന്നും കവിത സ്വയം സംസാരിക്കുമെന്നും ഈ സമാഹാരത്തിലെ ആദ്യ കവിതയില്‍തന്നെ ശിവദാസ് പറയുന്നുണ്ട്. ചില ആത്യന്തികമായ സത്യങ്ങള്‍- ഇവയൊക്കെ നമുക്ക് മറ്റൊരുതരത്തില്‍ തോന്നിയതാണെങ്കിലും-വളരെ ഒതുക്കിയ രൂപത്തില്‍ ശിവദാസ് നമുക്ക് മുന്നിലേക്ക് കൊണ്ടുവരുന്നു. 'ചരിത്രത്തില്‍ അഥവാ പുസ്തകമുറിയില്‍ സംഭവിക്കുന്നത്' എന്ന കവിതനോക്കുക. വായനശാലയില്‍, വായനാമുറിയില്‍ പുസ്തകങ്ങള്‍ തലതിരിഞ്ഞുവരുന്നു. ഇതില്‍ തിരഞ്ഞപ്പോള്‍ പണ്ടുവായിച്ച ചരിത്രത്തിലെ പലതും മാഞ്ഞുപോയിരിക്കുന്നു. എല്ലാം തലതിരിഞ്ഞിരിക്കുന്നു. ഇത് ഒരു ഫലിതമായി കരുതേണ്ടതല്ല. ഈ വരികള്‍ തീരുമ്പോള്‍ നമ്മുടെ ചരിത്രത്തില്‍, രാഷ്ട്രങ്ങളുടെ ചരിത്രത്തില്‍, ഭാഷയുടെ ചരിത്രത്തില്‍, തത്ത്വശാസ്ത്രങ്ങളുടെ ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ള പല മാറ്റങ്ങളെയും പറ്റിഒന്നുകൂടി ആലോചിക്കാനുള്ള പ്രേരണനല്‍കുന്നു. ഇതുവരെ നാം കണ്ടിട്ടുള്ളതിനുമപ്പുറത്തേക്ക് കാണുന്നവയാണ് ശിവദാസിന്റെ മിക്ക കവിതകളും. കടല്‍ക്കരയില്‍ ഒരു ശവം കണ്ടു. അത് അവളല്ലാതിരിക്കട്ടെ. റയില്‍ പാളത്തിലും മോര്‍ച്ചറിയിലുമൊക്കെ അന്വേഷിക്കുമ്പോള്‍ അത് അവളല്ലാതിരിക്കട്ടെ എന്നുതന്നെയാണ് പ്രാര്‍ത്ഥന. പക്ഷേ, ഇതു പറയുമ്പോള്‍ എങ്ങനെയെങ്കിലും അത് അവള്‍തന്നെയാകട്ടെയെന്ന നിഗൂഢമായ ഒരു പ്രാര്‍ത്ഥന ഉള്ളിലൊളിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതാണ് ഈകാലഘട്ടത്തിന്റെ ക്രൗര്യം. ആ ക്രൗര്യമാണ് ശിവദാസ് പുറമേരി കവിതകളില്‍കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. നമ്മുടെ പഴയ സങ്കല്പങ്ങളെല്ലാംമാറി. മധുരങ്ങളായ പദാവലികളും മാറി. കാരണം, ജീവിതത്തിന്റെ എല്ലാ മാധുര്യങ്ങളും നമുക്ക് നഷ്ടമായിരിക്കുന്നു. നമ്മള്‍ കാണുന്നത് തിക്തതകളും കയ്പുകളും മാത്രമാണ്. ക്രൗര്യങ്ങള്‍ മനുഷ്യമനസ്‌സിലുണ്ടാവുന്നു. അതിനെതിരെയുള്ള പ്രതിരോധങ്ങള്‍ മനസ്‌സുകളിലുണ്ടാവണമെന്ന് നിശ്ശബ്ദമായി ഓര്‍മ്മപ്പെടുത്തുകയാണ് കവി എന്നും ചെയ്യുന്നത്. വെറും രസിപ്പിക്കലല്ല. ചിന്തകളെ തത്ത്വചിന്താപരമായി ഉണര്‍ത്തലുമല്ല. അതിനുമപ്പുറത്ത് പരുഷമായ ജീവിതസത്യങ്ങളെപ്പറ്റി നമ്മെ ഓര്‍മ്മിപ്പിക്കുവാനുള്ള ശ്രമമാണ് ശിവദാസിന്റെ കവിതകളില്‍ ഞാന്‍ കാണുന്നത്. അവ നമ്മെ നടുക്കുന്നു. ചിലപ്പോള്‍ ഞെട്ടിപ്പിക്കുന്നു. നമ്മുടെ നിസ്സഹായാവസ്ഥയെപ്പറ്റി ബോധ്യപ്പെടുത്തുന്നു. ഇതിനെല്ലാം ഉത്തരവാദിയായ മനുഷ്യന്‍. ആമനുഷ്യന്റെ ഉള്ളിലേക്കാണ് തന്റേതായപ്രതിരോധം എന്ന നിലയ്ക്ക് കവിതയിലെ ഓരോ വാക്കും കവി സന്നിവേശിപ്പിക്കുന്നത്. ഇത് വളരെ പ്രാധാന്യമുള്ള ഒരു കവിതാ സമാഹാരമാണ്. അനേകം കവിതകളും സമാഹാരങ്ങളുംപുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. പക്ഷേ, അവയില്‍ ചിലത് നമ്മെ പിടിച്ചിരുത്തുന്നു. ഇതെങ്കിലും ചെയ്യണമേയെന്ന് തോന്നിപ്പിക്കുന്ന കവിതകള്‍. ഇതാണ് നമ്മുടെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യം.
(2000 ജനുവരി ലക്കത്തില്‍ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates