ഏകാന്തതയുടെ മഹാതീരത്തില്‍; ബഷീറിനെ അനുസ്മരിച്ച് എംടി നടത്തിയ പ്രസംഗം

അര്‍ത്ഥമില്ലാത്ത വാക്കുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് അദ്ദേഹം പുതിയ പലതും ഉണ്ടാക്കാറുണ്ട്.
mt vasudevan nair
എംടി വാസുദേവന്‍ നായര്‍ഫയല്‍
Updated on
3 min read

ഷീറിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നു എന്നറിഞ്ഞപ്പോള്‍ അദ്ഭുതം തോന്നി. അയല്‍സംസ്ഥാനത്തില്‍ നിന്നുള്ള ഒരു സംഘടനയാണ് ആദ്യം എന്നെ വിളിക്കുന്നത്. 'കൃത്യമാണോ?' ഞാന്‍ ചോദിച്ചു. അവര്‍ കോഴിക്കോട്ട് ബഷീറിന്റെ വീട്ടില്‍ പോകുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു. ശരിയാണ്. മറ്റുപലരെയും പോലെ ബഷീറിന്റെ പുസ്തകങ്ങളില്‍ ജീവചരിത്രകുറിപ്പുകള്‍ ഒന്നും വിശദമായി കാണുകയില്ല. അദ്ദേഹത്തിന് താല്പര്യമില്ലാത്തതുകൊണ്ട് കൊടുക്കുക പതിവില്ല. അതുകൊണ്ടുണ്ടായ സംശയമാണ് എന്റെ ആ ചോദ്യത്തിന് കാരണമായത്. എന്നെ സംബന്ധിച്ചിടത്തോളം ഇന്നലെ കടന്നുപോയ ഒരു അനുഭവമായിരുന്നു ബഷീറിന്റെ ചരമം.

കേരളത്തിനുപുറത്തും ഇന്ത്യയുടെ പുറത്തും അറിയപ്പെടുന്ന വളരെയധികം പേരുടെ ആരാധനയ്ക്കു പാത്രമായിരുന്ന ഒരു മലയാളി എഴുത്തുകാരന്‍ ബഷീര്‍ മാത്രമായിരുന്നു. അദ്ദേഹത്തിന്റെ മൊത്തം സാഹിത്യകൃതികളും നിരത്തിവച്ചാല്‍ വളരെ കുറച്ചുമാത്രമേ ഉള്ളൂ എന്നായിരിക്കും നമുക്ക് ആദ്യം തോന്നുക. കാരണം, അതുപോലെ തന്നെയാണ് ഓരോ കാലഘട്ടത്തിലും അദ്ദേഹം വളരെ നീണ്ട നിശ്ശബ്ദതകള്‍ക്ക് ഒരു വിരാമമായിട്ട് അനുപമമായ, സൗന്ദര്യമുള്ള ഒരു കൃതിയുമായി പുറത്തുവരുന്നു. അദ്ദേഹത്തിനു മാനസിക രോഗമായിരുന്നു എന്നു നാം കേള്‍ക്കുന്നു.

എവിടെയോ ചികിത്സ നടക്കുന്നു എന്നും അറിയാന്‍ കഴിയുന്നു. അതുകഴിഞ്ഞ് അദ്ദേഹത്തെ കാണുന്നത് ഏറ്റവും വിശിഷ്ടമായ കൃതികളില്‍ ഒന്നായ 'പാത്തുമ്മയുടെ ആടു'മായി പുറത്തുവരുന്നതാണ്. മലയാളികള്‍ മനപ്പാഠമായി മനസ്‌സില്‍ കൊണ്ടുനടന്നിരുന്ന 'പ്രേമലേഖനം' ബഷീര്‍ ശിക്ഷാകാലത്ത് കൂടെയുണ്ടായിരുന്ന തടവുപുള്ളികളെ രസിപ്പിക്കാന്‍ വേണ്ടി ഒരു തമാശക്കഥ പറഞ്ഞതായിരുന്നു എന്നാണ് അറിയുന്നത്. തമാശകള്‍ എന്ന് അദ്ദേഹം വിളിച്ചിരുന്ന 'പ്രേമലേഖനം' തമാശയാണ്, വേദനയാണ്, ദുഃഖമാണ്.

ആ ചെറിയ, വലിയ കഥ എത്രകാലം കഴിഞ്ഞിട്ടും വീണ്ടും വീണ്ടും അതിലൂടെ കടന്നുപോകുമ്പോള്‍ നമ്മെ അദ്ഭുതപ്പെടുത്തുന്നു. ഓരോ വായനയിലും പുതിയ തലങ്ങളും പുതിയ അര്‍ത്ഥങ്ങളും കണ്ടെത്താന്‍ കഴിയുന്നു. അത് നമ്മെ അമ്പരപ്പിക്കുന്നു. അത്തരം കൃതികളെയാണ് നാം ക്‌ളാസ്‌സിക്കുകള്‍ എന്നു വിളിക്കുന്നത്. ആദ്യവായനയില്‍ എന്തോ ചില അംശങ്ങള്‍ തെളിയുകയും പക്ഷേ, വീണ്ടുംവീണ്ടും അതിലേക്ക് കടന്നുചെല്ലാന്‍ നമ്മെ പ്രേരിപ്പിക്കുകയും പുതിയ ചില അര്‍ത്ഥതലങ്ങള്‍ തുറന്നു തരികയുംചെയ്യുന്നു. ബഷീറിന്റെ ഹാസ്യം, നര്‍മ്മം എന്നൊക്കെ പറയുന്നത് അനുപമമാണ്. ആര്‍ക്കും അനുകരിക്കാന്‍ പറ്റാത്തതാണ്.

അര്‍ത്ഥമില്ലാത്ത വാക്കുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് അദ്ദേഹം പുതിയ പലതും ഉണ്ടാക്കാറുണ്ട്. അത്തരം ഹാസ്യം അദ്ദേഹത്തിന്റെ ജീവിതമാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതകഥ മൊത്തമായി നോക്കുകയാണെങ്കില്‍, ആദ്യകാലത്തെ അലഞ്ഞുനടക്കല്‍, അതുകഴിഞ്ഞ് ജയിലനുഭവങ്ങള്‍ തുടങ്ങി ആ ജീവചരിത്രം പഠനവിധേയമാക്കുമ്പോള്‍ അനുഭവപ്പെടുന്നത് അദ്ദേഹം ഒരിക്കലും ഒരു പ്രൊഫഷണല്‍ എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചിട്ടില്ല എന്നാണ്. അദ്ദേഹത്തിന്റെ ആദ്യകാല സൃഷ്ടികളെല്ലാം രാഷ്ട്രീയരചനകളായിരുന്നു. ഈ നാടിന്റെ ദുരോഗ്യത്തെപ്പറ്റിയും ദിവാന്‍ ഭരണത്തെക്കുറിച്ചും അന്നത്തെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുന്ന നിലയിലുള്ള ലേഖനങ്ങള്‍, ഇതൊക്കെയാണ് ബഷീര്‍ നിര്‍വ്വഹിച്ചിരുന്നത്.

നമുക്ക് ഇന്ന് അദ്ഭുതം തോന്നും. കാരണം, ആ പുസ്തകങ്ങളില്‍ ചിലതൊക്കെ നിരോധിച്ചിരുന്നവയാണ്. 'ബാല്യകാലസഖി', 'പ്രേമലേഖനം', 'കതിരുകള്‍' എന്നീകൃതികള്‍ 'കറുത്ത ലിസ്റ്റില്‍' പെട്ടവയായിരുന്നു. ഇതെന്തിനാണെന്നു ചോദിച്ചാല്‍ നിരോധിച്ചവര്‍ക്കുപോലും അറിയില്ല; കാരണം. പക്ഷേ, പുസ്തകം നിരോധിച്ചിരിക്കുന്നു. അങ്ങനെ ചിലര്‍ സ്വതന്ത്രമായി ചിന്തിക്കുകയും സ്വതന്ത്രമായി എഴുതാനും പാടില്ല എന്ന 'കു'ബുദ്ധിയോടുകൂടി, വാശിയോടുകൂടിയായിരിക്കണം അക്കാലത്ത് നിരോധനം ഏര്‍പ്പെടുത്തിയത്.

അത്തരം നിയന്ത്രണങ്ങള്‍ ഏറ്റുവാങ്ങുകയും ജയിലനുഭവങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുള്ള ബഷീര്‍ വെറും രസത്തിനുവേണ്ടിയിട്ട് ചിലപ്പോള്‍ ചിലകഥകള്‍ എഴുതിയിട്ടുണ്ട്. അതിലദ്ദേഹമെഴുതിയത് ഇപ്പോള്‍ എനിക്ക് വേദനയോടുകൂടി മന്ദഹസിക്കാമെന്നായിരുന്നു. വേദനയോടെയുള്ള മന്ദഹാസം അദ്ദേഹത്തിന്റെ മൊത്തം ജീവിതത്തിന്റെ ഒരുപ്രതിഫലനമായി തോന്നും. ആ തീവ്രവേദന മറച്ചുകൊണ്ടുള്ള ഒരു മന്ദഹാസം. ബഷീറിന്റെ അന്ത്യകാലത്തു അനാരോഗ്യത്താല്‍ കഷ്ടപ്പെട്ടുപോലും ഈ നര്‍മ്മം നിറഞ്ഞ മന്ദഹാസം ഒരിക്കലും അദ്ദേഹത്തെ വിട്ടുപിരിഞ്ഞിട്ടില്ലായിരുന്നു.

അദ്ദേഹത്തിന്റെ കൃതികളില്‍ കാണുന്നത് വേദനയോടുകൂടെയുള്ള ഒരു മന്ദഹാസമായിരുന്നു. ജീവിതത്തിന്റെ ക്രൗര്യങ്ങള്‍ക്കു നേരെ നോക്കി വേദനയോടുകൂടി മന്ദഹസിക്കുന്ന കാഴ്ച. എനിക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയില്ല അതുകൊണ്ട് മന്ദഹസിക്കുന്നു, അത്തരത്തില്‍ കുറച്ചുകൃതികള്‍ എഴുതി എക്കാലത്തെയും വലിയ കഥാകാരനായി വൈക്കം മുഹമ്മദ് ബഷീര്‍ നിലനില്‍ക്കുകയാണ്. താരതമ്യേന കഥകളുടെയും നോവലുകളുടെയും എണ്ണം കുറവാണെങ്കിലും വീണ്ടും വീണ്ടും കാലത്തിന്റെ ആക്രമണത്തില്‍ നഷ്ടപ്പെട്ടുപോകാതെ, നിലനില്‍ക്കുകയാണ്.

എന്റെ ചെറുപ്പകാലത്ത് ബ്രിട്ടീഷ് എഴുത്തുകാരുടെ കൃതികള്‍ കണ്ടിരുന്ന കൂട്ടത്തില്‍ ഒരു ആന്‍ഗസ് വില്‍സന്‍ ഉണ്ടായിരുന്നു. അദ്ദേഹം ഇന്ത്യയിലും സിലോണിലുമൊക്കെ സഞ്ചരിച്ച് യാത്രാവിവരണ സദൃശ്യങ്ങളായ ചില കൃതികള്‍ രചിച്ചിട്ടുണ്ട്. കുറെ കഴിഞ്ഞപ്പോള്‍ ആന്‍ഗസ് വില്‍സന്‍ ജീവിച്ചിരുന്ന കാലത്തു തന്നെ ആ എഴുത്തുകാരനെക്കുറിച്ച് ബ്രിട്ടീഷ് വായനാസമൂഹം മറക്കുകയാണുണ്ടായത്. അത്തരം അവസ്ഥാവിശേഷം മറ്റു പലയിടങ്ങളിലും സംഭവിച്ചിട്ടുണ്ട്. കൃതികള്‍ എഴുതിയിട്ടുള്ള ആള്‍ ജീവിച്ചിരിക്കുന്ന കാലത്തു തന്നെ വിസ്മരിക്കപ്പെടുന്ന അവസ്ഥ. ബഷീറി

നെ സംബന്ധിച്ചിടത്തോളം വളരെക്കുറവ് എഴുതുകയും എക്കാലത്തും നിലനില്‍ക്കുകയും വീണ്ടും വീണ്ടും തലമുറകള്‍ അവയിലേക്ക് കടന്നുചെല്ലുകയുംചെയ്യുന്നു. മുസ്‌ളിം അനാചാരത്തിനെതിരെ എഴുതിയ കഥാകാരന്‍ എന്നു തുടങ്ങിയ കള്ളികളില്‍ ബഷീറിനെ ഉള്‍പ്പെടുത്താന്‍ കഴിയില്ല. മാനവരാശിയുടെ വേദനയോടെയുള്ള പുസ്തകം മുഴുവന്‍ പകര്‍ത്തിയതാണ് അദ്ദേഹത്തിന്റെ കഥകള്‍. അതിനു യോജിച്ച വാക്കുകള്‍ അദ്ദേഹത്തിന് എവിടെ നിന്നു ലഭിച്ചു എന്നു നാം അദ്ഭുതപ്പെടുന്നു. ഈ വാക്കുകളെ എങ്ങനെ അദ്ദേഹത്തിന് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞു എന്നു നമ്മള്‍ അന്തംവിട്ടുപോകുന്നു. അങ്ങനെ അപൂര്‍വ്വമായൊരു പ്രതിഭ നമ്മുടെ പരിസരത്തുണ്ടായിരുന്നു. വളരെ സാധാരണക്കാരനായി ജീവിക്കുകയും അതിസാധാരണമായ ഭാഷയില്‍ എഴുതുകയും ചെയ്ത് അത്യദ്ഭുതങ്ങളായ ശില്പങ്ങളും ഗോപുരങ്ങളുമൊക്കെ നിര്‍മ്മിക്കാന്‍ സാധിച്ചതാണ് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന എഴുത്തുകാരന്റെ ഏറ്റവും വലിയ നേട്ടം. അദ്ദേഹത്തെ നാം വീണ്ടും വീണ്ടും ഓര്‍ക്കുന്നത് അദ്ദേഹം സാഹിത്യത്തില്‍ നിര്‍മ്മിച്ച മഹാ സൗധങ്ങളിലൂടെയായിരിക്കും. ആ കൃതികളിലൂടെ ഉള്ളില്‍ വേദനയോടുകൂടിയ മന്ദഹാസങ്ങളുടെ അനേകം അനേകം പൂക്കള്‍ അദ്ദേഹം വിടര്‍ത്തുന്നുണ്ട്. ചെന്നൈയിലെ ബഷീര്‍ അനുസ്മരണ സെമിനാറില്‍ സംസാരിക്കുമ്പോള്‍ ഒരു സ്ത്രീ എന്നോടു ചോദിച്ചു: 'ബഷീറിന്റെ മാനവികതയെക്കുറിച്ച് നിങ്ങള്‍ പറയുന്നുണ്ടല്ലോ പക്ഷേ, എനിക്ക് വായിച്ചപ്പോള്‍ അദ്ദേഹം ഏകാകിയായിരുന്നു എന്നാണ് തോന്നിയത്.' അതുശരിയാണ് കാരണം ഏകാന്തതയുടെ മഹാതീരത്തിലൂടെയാണ് ബഷീര്‍ സഞ്ചരിച്ചിരിക്കുന്നത്. ആ മഹാസാഗര തീരത്തുകൂടി സഞ്ചരിച്ചുകൊണ്ടു തന്നെയാണ് അദ്ദേഹം പലതും പെറുക്കി എടുത്തത്. ഒരര്‍ത്ഥത്തില്‍ എവിടെയും കലാകാരന്‍ എന്നും ഏകാകിയാണ്. നമ്മുടെ കാലഘട്ടത്തില്‍ അനേകം കഥകള്‍ പറഞ്ഞുതരികയും ആ കഥകള്‍ വായിച്ച് നമ്മള്‍ വിസ്മയഭരിതരാവുകയും ഇങ്ങനെ എഴുതാന്‍ പറ്റിയവാക്കുകള്‍ എവിടെ നിന്നു ലഭിച്ചു എന്നു നമുക്ക് പലപ്പോഴും തോന്നുകയും ഓരോ വായനയിലും നമ്മെ അദ്ഭുതപ്പെടുത്തിക്കൊണ്ട്, തൊട്ടുമുന്‍പുള്ള കാലഘട്ടത്തില്‍ നമ്മുടെ കൂട്ടത്തില്‍നിന്നും വിട്ടുപോയ ആളാണ് ബഷീര്‍. അദ്ദേഹം മാനവികതയുടെ വക്താവായിരുന്നു. അതുകൊണ്ട് മുസ്‌ളിം സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്ന പേരു വിളിക്കുന്നതില്‍ ഒരുഅര്‍ത്ഥവുമില്ല.

ബഷീര്‍ ആദ്യകാലത്ത് എഴുതിയത് ഗദ്യകവിതകളായിരുന്നു. പ്രപഞ്ചത്തിന്റെ വ്യാപ്തിയെക്കുറിച്ചും ഈശ്വര ചൈതന്യത്തെക്കുറിച്ചുമുള്ള ഗദ്യകവിതകള്‍. അക്കാലത്തെ ചെറുപ്പക്കാര്‍ക്ക് അവ കാണാപ്പാഠമായിരുന്നു; എന്നെപ്പോലെയുള്ള ആളുകള്‍ക്ക്. 'നീയും ഞാനുംഎന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നും നീമാത്രം അവശേഷിക്കാന്‍ പോകുകയാണ്. യാത്രയ്ക്കുള്ള സമയമടുത്തു' എന്ന അദ്ദേഹത്തിന്റെ ഗദ്യകവിതകള്‍ വീണ്ടും വീണ്ടും വായിച്ച് മനപ്പാഠമാക്കിയവര്‍ ധാരാളമുണ്ട്. അത്തരം അനുഭവസങ്കേതമാണ് അദ്ദേഹത്തിന്റെ കഥകളിലേക്ക് വീണ്ടും വീണ്ടും കടന്നുപോകാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും. ആ വായനക്കാരനെ അദ്ദേഹം ചിരിപ്പിക്കുന്നു ചിന്തിപ്പിക്കുന്നു, 'വിസ്മയിപ്പിക്കുന്നു', വളരെ നിഗൂഢമായി കരയിപ്പിക്കുകയും ചെയ്യുന്നു.'പാത്തുമ്മയുടെ ആട്' ചിരിക്കുവേണ്ടി മാത്രമുള്ളതാണ്. അതില്‍ ആ കുടുംബത്തിലെ ഉമ്മയുടെ, സഹോദരങ്ങളുടെ, അടുത്ത വീട്ടിലുള്ളവരുടെ, ആടിനെ തെളിച്ചുകൊണ്ടുവരുന്ന പാത്തുമ്മയുടെ യാത്രാപഥങ്ങളില്‍ ഒരു വല്ലാത്ത വേദനയുടെ, ദുഃഖത്തിന്റെ ഒരു അന്തര്‍ധാര പ്രവഹിക്കുന്നത് കാണാന്‍കഴിയും. അത്തരം അകകണ്ണുകളുടെ കാഴ്ചയുമായി ഒരു കഥാകാരന്‍ നമ്മുടെ അയല്‍വാസിയായി താമസിക്കുകയും നമ്മോട് കഥ പറയുകയും പലപ്പോഴും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള ആ മഹാനായ എഴുത്തുകാരന്റെ ജന്മശതാബ്ദിവേളയില്‍, രചനയില്‍ അദ്ദേഹത്തിന്റേതായ സംഭാവനകള്‍ ഇനിയും കണ്ടെത്താന്‍ പലതുമുണ്ട്. ആ അന്വേഷണത്തിന് പുതിയ ഉള്‍ക്കാഴ്ചകളുമായി കടന്നുചെല്ലാന്‍ ഇത്തരം ആഘോഷങ്ങള്‍ വഴിയൊരുക്കും എന്നാണ് എന്റെ വിശ്വാസം. അചഞ്ചലമായ ഒരു ഗിരിശൃംഗംപോലെ അദ്ദേഹം നമ്മുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ബിംബമാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിലെ അഗാധതകളിലേക്ക് കടന്നുപോകാന്‍, ആ മനുഷ്യനിലേക്ക് കടന്നുചെല്ലാന്‍, മാനവികതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്പങ്ങളെക്കുറിച്ച് വീണ്ടും സമകാലീന സമൂഹത്തെ ഓര്‍മ്മിപ്പിക്കാനുമൊക്കെ ജന്മശതാബ്ദി അനുസ്മരണങ്ങള്‍ അവസരമൊരുക്കുന്നു.

(തുഞ്ചന്‍പറമ്പില്‍ നടന്ന ബഷീര്‍ അനുസ്മരണപ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപം- സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com