
മുള്ള്, മുരിക്ക് മൂര്‍ഖന്‍ പാമ്പും രാജവെമ്പാലയും വാഴുന്ന കേരള രാഷ്ട്രീയത്തില്‍ മുനമ്പം ഭൂമി പ്രശ്‌നവും പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമവും സൃഷ്ടിക്കുന്ന രാഷ്ട്രീയ അലയൊലിയുടെ പങ്ക് ഏറിയും കുറഞ്ഞുമാണെങ്കിലും നാലു കൂട്ടര്‍ക്ക് അവകാശപ്പെട്ടതാണ്. കേരളത്തിലെ മൂന്ന് രാഷ്ട്രീയ മുന്നണികളും കത്തോലിക്കാ സഭയുമാണ് ആ നാലു പേര്‍.
ലളിതമായ ഒരു രാഷ്ട്രീയ വായനയില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ പാസാക്കിയ നിയമത്തിന്റെ നേര്‍ അവകാശികളായി കേരളത്തിലെ ബിജെപി ഉയര്‍ന്നു വന്നേക്കാം. കേരളാ കാത്തലിക്ക് ബിഷപ്പസ് കൗണ്‍സിലും (കെസിബിസി) കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും (സിബിസിഐ) ബില്ലിന് അനുകൂലമായി പാര്‍ലമെന്റില്‍ നിലപാട് സ്വകീരിക്കണമെന്ന് ആവശ്യപ്പെടുകയും അതിന് മുതിരാത്തവര്‍ തിക്ത ഫലം അനുഭവിക്കുമെന്ന മുന്നറിയിപ്പ് ഉറക്കെയും അല്ലാതെയും പറയുകയും ചെയ്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.
കത്തോലിക്ക സഭയുടെ സ്വാധീനം സംസ്ഥാന രാഷ്ട്രീയത്തില്‍ എന്നും നിര്‍ണ്ണായകമാണ്. അതിനാല്‍ അവരുടെ പിന്തുണ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും കൊതിക്കുന്നതുമാണ്. കേരളത്തിലെ ആകെ വരുന്ന 18 ശതമാനത്തോളം വരുന്ന ക്രൈസ്തവരില്‍ 10 ശതമാനവും കത്തോലിക്ക വിഭാഗത്തില്‍പ്പെട്ടവരാണ്. പരമ്പരാഗതമായി കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കുന്ന സഭാ നേതൃത്വവും അല്‍മായരും മധ്യ തെക്കന്‍ കേരളത്തില്‍ ആ പാര്‍ട്ടിക്ക് മേല്‍വിലാസം നല്‍കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. കേരളാ കോണ്‍ഗ്രസുകള്‍ക്ക് രാഷ്ട്രീയ പ്രതിസന്ധി നിമിഷങ്ങളില്‍ താങ്ങും കൈത്തിരിയും ആകുന്നതും സഭയാണ്. മലപ്പുറം ഒഴികെ ഒട്ടുമിക്ക ജില്ലകളിലും കത്തോലിക്കാ സാന്നിധ്യമുണ്ട്. തീരദേശത്തും മലനാടുകളിലും അവര്‍ പ്രബലരുമാണ്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കോണ്‍ഗ്രസിന്റെ കുതിപ്പിന്റെ ഗിയര്‍ സഭയുടെ അരമനയിലാണ്. സഭ തന്നെ അവകാശപ്പെടുന്നത് അനുസരിച്ചാണെങ്കില്‍ 40 ഓളം നിയമസഭാ മണ്ഡലങ്ങളില്‍ നിര്‍ണ്ണായക നിലപാട് സ്വീകരിക്കാനും അവര്‍ക്ക് കഴിയും.
കേരളത്തില്‍ ബിജെപി തുടരുന്ന ക്രിസ്ത്യന്‍ തലോടല്‍ നയത്തിന് വലിയ ഒരളവില്‍ പ്രോല്‍സാഹനം നല്‍കുന്നതാണ് കേന്ദ്രത്തിന്റെ വഖഫ് ഭേദഗതി നിയമം. തൃശൂരില്‍ സുരേഷ് ഗോപിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയത്തില്‍ വ്യക്തിഗത നേട്ടവും ഒന്നോ രണ്ടോ ശതമാനം ക്രിസ്ത്യന്‍ സമുദായ പിന്തുണയും ഒരു ഘടകമായിരുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വിജയത്തിന് വോട്ട് രാഷ്ട്രീയത്തില്‍ വിഘടിക്കപ്പെട്ട ഹിന്ദു സമുദായ വോട്ടുകള്‍ മാത്രം പോരാ, പുറത്ത് നിന്ന് ഒരു കൈ സഹായം ലഭിക്കണമെന്ന കണക്കുകൂട്ടലില്‍ നിന്നാണ് ക്രൈസ്തവ തലോടല്‍ നയം ആരംഭിക്കുന്നത്. മുനമ്പത്തെ നിലപാട് ക്രൈസ്തവ സമൂഹത്തില്‍ നിര്‍ണ്ണായക ശക്തിയായ കത്തോലിക്ക സമുദായത്തിന്റെ അരമന വാതില്‍ തുറക്കാന്‍ സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വം.
എന്നാല്‍, കത്തോലിക്ക സഭയുടെ ഭീഷണിക്ക് മുന്നില്‍ എന്തുകൊണ്ടാവും കോണ്‍ഗ്രസും സിപിഎമ്മും ഒരുപോലെ വഴങ്ങാത്തത്? കേരളത്തിലെ 'ഠാ' വട്ടത്തില്‍ കറങ്ങുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ ആശങ്കകള്‍ക്ക് മേലാണ് വിപ്പ് നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കാന്‍ തീരുമാനിച്ചത്. കേരളം സമ്മാനിച്ച 14 എംപിമാരെയും നാളെ കിട്ടിയേക്കാവുന്ന അധികാരത്തെയും മറികടന്ന് തന്ത്രപരമായ തീരുമാനം ഏറെ കാലശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിച്ചു. ഇന്ത്യാ സഖ്യത്തിലെ ഘടാഘടിയന്‍ കക്ഷികളായ തൃണമൂല്‍, ഡിഎംകെ., ആര്‍ജെഡി, എസ്പി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവരെ പിണക്കി ബില്ലിന്‍മേല്‍ അഴകൊഴമ്പന്‍ നയം എന്നത്തേതും പോലെ കോണ്‍ഗ്രസിന് എടുക്കാന്‍ കഴിഞ്ഞില്ലെന്നത് ഒരു യാഥാര്‍തഥ്യം. അതിനുംമേലെ, വരാനിരിക്കുന്ന ബിഹാര്‍, ബംഗാള്‍, കേരള, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാന തെരഞ്ഞെടുപ്പുകള്‍. എന്നിട്ടും കോണ്‍ഗ്രസ് ഒരു നിലപാട് എടുത്തുവെന്നതാണ് മറ്റെല്ലാവരെയും പോലെ കോണ്‍ഗ്രസുകാരെയും അത്ഭുതപ്പെടുത്തിയത്. അപ്പോഴും ലോക്‌സഭയിലെ ചര്‍ച്ചയില്‍ നിന്ന് ഒഴിഞ്ഞ് രാഹുല്‍ ഗാന്ധിയും ആ പരിസരത്തേക്ക് തിരിഞ്ഞ് നോക്കാതെ കേരളത്തില്‍ നിന്നുള്ള എംപി കൂടിയായ പ്രിയങ്കാ ഗാന്ധിയും കാണിച്ച മെയ്‌വഴക്കം തന്റെ മകന്റ പേര് നിര്‍ദ്ദേശിക്കാന്‍ സമയത്ത് മൂത്രശങ്ക തോന്നിച്ച ലീഡര്‍ കെ കരുണാകരനെ ഒര്‍മ്മിപ്പിക്കുന്നതായി. നാളെയൊരു കാലത്ത് സംഘപരിവാറിന് കോണ്‍ഗ്രസിന്റെ മേല്‍വിലാസം ആയ ഗാന്ധി കുടുംബം ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്ന് പാനിന്ത്യന്‍ സനാതനികളോട് എങ്ങനെ പറയാനാവും? പാര്‍ട്ടി നിലപാട് സ്വീകരിച്ചുവോന്ന് ചോദിച്ചാല്‍ സ്വീകരിച്ചെന്ന് പറയാം.
സിപിഎമ്മിനും സോഷ്യല്‍ എഞ്ചിനീയറിംഗില്‍ പിഴച്ചില്ല. സിപിഎമ്മിന്റെ കേരള കമ്മ്യൂണിസ്റ്റ് മാതൃകയില്‍ ഹിന്ദുത്വം ആക്ഷേപിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടി കൂടിയായി കെ രാധാകൃഷ്ണന്റെ കൃത്യതയാര്‍ന്ന മലയാളത്തിലുള്ള പ്രസംഗം. മറ്റുള്ള പാര്‍ട്ടികളിലെ കേരളാ നേതാക്കള്‍ വികെഎന്നിന്റ ഇട്ടൂപ്പ് വിവര്‍ത്തനങ്ങളെ സ്മരണയില്‍ എത്തിച്ചപ്പോള്‍ രാധാകൃഷ്ണന്‍ പാര്‍ട്ടി നയം പറഞ്ഞു. മുസ്‌ലീം ന്യൂനപക്ഷത്തിലെ മതേതര, യുവതയുടെ വോട്ടുകള്‍ കാംക്ഷിക്കുന്ന പാര്‍ട്ടിക്ക് നഷടമൊന്നും ഇല്ല.
പക്ഷേ കത്തോലിക്ക സഭയുടെ കാര്യമോ? മഹറോന്‍ ചൊല്ലുമെന്ന ഭീഷണി കണക്ക്, ബില്ലിന് എതിരെ വോട്ട് ചെയ്യാന്‍ തിട്ടൂരം ഇറക്കിയ സഭയുടെ വാക്കിന് പുല്ല് വില കല്‍പ്പിക്കുകയായിരുന്നു സിപിഎമ്മും കോണ്‍ഗ്രസും. ചില അംഗങ്ങള്‍ മുനമ്പം വിഷയം പ്രസംഗ മധ്യേ പറഞ്ഞത് ഒഴിച്ചാല്‍ ബില്ലിനെ നഖശിഖാന്തം എതിര്‍ത്തു. ബില്ല് പാസാവുന്നതും സഭ നിലപാട് മാറ്റുന്നതും രണ്ടാമത്തെ കാര്യം. എന്തുകൊണ്ടാവാം സഭ ഇത്തരമൊരു നാണക്കേടിലേക്ക് പതിച്ചത്? മുസ്‌ലീം ലീഗിനെയും മുസ്ലീം വോട്ടിനെയും ഭയന്നുവെന്ന പരിവാര്‍ സൂത്രവാക്യം സഭാ അധികൃതര്‍ രഹസ്യമായി ഉന്നയിക്കുന്നുണ്ട്. പക്ഷേ, അത് മാത്രമാണോ കാരണം?
കഴിഞ്ഞ കുറച്ച് നാളുകളായി ഇവര്‍ കോണ്‍ഗ്രസിന്റെ കെട്ടിവെച്ച വോട്ട് ബാങ്കല്ല എന്നതാണ് വസ്തുത. അതേസമയം, യാക്കോബായ ഇടതിനും ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രസിനും മാര്‍ത്തോമ ഇരു കക്ഷികള്‍ക്കും ഒപ്പമാണ്. സവര്‍ണ്ണ െ്രെകസ്തവര്‍ക്കിടയില്‍ മുനമ്പം ഒരു വൈകാരിക വിഷയം ആയിരുന്നുവോ? അതിനുമപ്പുറം തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന കുടിയേറ്റം, വൃദ്ധരുടെ വര്‍ധിക്കുന്ന എണ്ണം, മതേതരത്വത്തിനും ഭരണഘടനാ മുല്യങ്ങള്‍ക്കും ഏല്‍ക്കുന്ന പോറലുകള്‍ തുടങ്ങിയവ അല്ലേ അവരെ ആകുലപ്പെടുത്തുന്നത്? വിദ്യാഭ്യാസം ലഭിച്ച അകക്കാഴ്ചയുള്ള ചെറുപ്പക്കാര്‍ക്കിടയിലെ ചിന്ത എന്താണ്? ഇതായിരിക്കുമോ കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരുപോലെ കത്തോലിക്കാ സഭയുടെ തീട്ടുരത്തിനെ ആദരവോടെ തള്ളാന്‍ കെല്‍പ്പ് നല്‍കിയത്?
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളി നടേശന് ഒരു കാര്യത്തില്‍ ആശ്വസിക്കാം. തന്നെപ്പോലെ ലോകത്ത് ഒരാളല്ല ഉള്ളത്. താന്‍ പറയുന്നത് അവജ്ഞയോടെ തള്ളുന്ന ശ്രീനാരായണീയരുടെ തട്ടിലേക്ക് കത്തോലിക്കരും ഉയര്‍ന്നിട്ട് കാലം ഏറെ ആയില്ല. പക്ഷേ സഭയ്ക്ക് നേരം വെളുത്തില്ലെന്ന് മാത്രം. തങ്ങളുടെ കൂട്ടിലെ പുവന്‍ കോഴികളെ മുഴുവന്‍ കറിവെച്ച് തിന്നുകയും സാല്‍വദോര്‍ ദാലിയുടെ 1931 ലെ ഓര്‍മ്മയുടെ സ്ഥിരത എന്ന പ്രശസ്ത പെയിന്റിംഗിലെ ഘടികാരങ്ങളെ പോലെ അരമനയിലെ ഘടികാരങ്ങളെ രൂപാന്തരപ്പെടുത്തകയും ചെയ്തവരെ പോലെയായി ചില മനിതര്‍. സഭ തന്നെ വിലക്കപ്പെട്ട കനി കഴിക്കാന്‍ പോകുമ്പോള്‍ ഒരാശ്വാസം, 'ഒടുവില്‍ അവരന്നെ തേടിവന്നു...' എന്ന കവിത രചിച്ച മാര്‍ട്ടിന്‍ നിമോളറും ജര്‍മ്മനിയിലെ ലൂഥറന്‍ പാസറ്റര്‍ ആയിരുന്നുവെന്നും 1920 കളിലും 1930 കളുടെ ആദ്യവും നാസി പ്രത്യയശാസ്ത്രത്തിന്റെ ആരാധകനും ആയിരുന്നുവെന്നതുമാവാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക