Asha Workers strike |ജയിച്ച ചരിത്രം കേട്ടിട്ടില്ല

Asha Workers strike |ജയിച്ച ചരിത്രം കേട്ടിട്ടില്ല

Published on

ന്ന് പേടിക്കാന്‍ വേണ്ടതൊക്കെ ആവശ്യത്തിലധികം ഉള്ള നഗരമാണ് തിരുവനന്തപുരം. മൃഗശാലയിലെ പല്ല് കൊഴിഞ്ഞ കടുവയെയോ മുടന്തി നടക്കുന്ന പുലിയേയൊ അല്ല. അതിലധികം പേടിക്കാന്‍ ആവശ്യത്തിലധികം ഈ പുണ്യപുരാതന നഗരത്തിലുണ്ട്. എത്ര തറവാടുകള്‍ കുളം കുത്തിയിരിക്കുന്നു, എത്ര ചോര ഒഴുകി, തിരുവിതാംകൂറിലെ നാടോടിക്കഥകളിലും ചരിത്ര ആഖ്യായികകളിലും ഒളിച്ചിരിക്കുന്ന എത്രയോ കള്ളിയങ്കാട്ട് നീലിമാര്‍... തുറക്കാന്‍ ഭയപ്പെടുന്ന ബി നിലവറ. അതുകൊണ്ട് തന്നെ ഇവിടെ, പ്രത്യേകിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ എന്തെങ്കിലും പടപുറപ്പാടിന് ഇറങ്ങുംമുന്‍പ് വാസ്തു, ജാതകം, രാഹുകാലം എന്നിവയൊക്കെ നോക്കിയ ശേഷം ഇറങ്ങി പുറപ്പെടുന്നതാകും നല്ലത്, അത് സാക്ഷാല്‍ സനല്‍ ഇടമറുകാണെങ്കിലും.

അങ്ങനെ വിധി പ്രകാരമല്ലാതെ സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്നവരും കൊടികുത്തിയവരുമെല്ലാം അനുഭവിച്ചേ എഴുന്നേറ്റ് പോയിട്ടേയുള്ളൂ. വെറുതെയല്ല. ഈ 21 ാം നൂറ്റാണ്ടില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് കേള്‍ക്കുന്ന മുദ്രാവാക്യം 'ജയിച്ച ചരിത്രം ഞങ്ങള്‍ കേട്ടിട്ടില്ല...' എന്നായി മാറിയത്. സംശയമുള്ളവര്‍ക്ക് ഇന്നത്തെ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി പിണറായി വിജയനോട് തന്നെ ചോദിക്കാവുന്നതേയുള്ളൂ. അന്ന് അദ്ദേഹം ഒറ്റച്ചങ്കുമായി സിപിഎം സംസ്ഥാന സെക്രട്ടറിയായി പരിലസിക്കുന്ന കാലം. പുള്ളിക്കൊരു പൂതി വന്നു. ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ ഭരണകൂടത്തെ അട്ടിമറിക്കാമെന്ന്. അങ്ങനെയാണ് കേരളം കണ്ട ഏറ്റവും വലിയ സമര പ്രഖ്യാപനം നടന്നത്. സോളാര്‍ സമരത്തിന്റെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കും വരെ സെക്രട്ടേറിയറ്റ് വളയല്‍ പ്രഖ്യാപിച്ചു. 2013 ഓഗസ്റ്റ് 12 ന് ആരംഭിച്ച സമരത്തില്‍ പങ്കടുക്കാന്‍ സ്വാതന്ത്ര്യ സമരകാലത്ത് ജനിക്കാത്ത കേട് തീര്‍ക്കാനുള്ള തയ്യാറെടുപ്പുമായാണ് സഖാക്കള്‍ വടക്ക് നിന്ന് ഹാരാര്‍പ്പണം ഏറ്റുവാങ്ങി തെക്കോട്ട് എടുത്തത്. അടുത്ത ദിവസം സഖാവ് തോമസ് ഐസക്ക് സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ പ്രസംഗിക്കുമ്പോള്‍, സമരം ആരംഭിച്ച് 24 മണിക്കൂര്‍ ആയിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ രാജി സ്വപ്നം കണ്ട് സാമ്പത്തിക വൈദ്യരുടെ പ്രസംഗം മുന്നേറുമ്പോള്‍ ഓഗസ്റ്റ് 13 ന് രാവിലെ 11 മണിയോടെ എകെജി സെന്ററില്‍ നിന്ന് സമരം പിന്‍വലിക്കാന്‍ തീരുമാനം ടെലിവിഷനുകളില്‍ എഴുതിക്കാണിക്കപ്പെട്ടു. സമരം പൊളിഞ്ഞതിന്റെ സൂത്രവാക്യം ഒക്കെ ഇപ്പോള്‍ പാട്ടാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം, മൂര്‍ത്തമായ നിമിഷങ്ങളിലെ മൂര്‍ത്തമായ തീരുമാനം എന്നൊക്ക ഗോവിന്ദന്‍ മാഷ് പറയുമെങ്കിലും കാര്യം ജാവ സിമ്പിളാണ്, ബട്ട് പവര്‍ഫുള്‍ എന്ന പറഞ്ഞ പോലെയാണ്. ഭരണകൂടത്തിന് എതിരായ സമരങ്ങള്‍ക്കെല്ലാം ഒരു ഗതിയാണ്. അധോഗതി. ബുദ്ധിയും ചരിത്രബോധമുള്ളവരും രാഷ്ട്രപിതാവായ ഗാന്ധിജിയെ നോക്കിയാല്‍ മതി. പുള്ളി സമരം നടത്തും, നിരാഹാരം കിടക്കും. സത്യഗ്രഹം പ്രഖ്യാപിക്കും, ഉപ്പ് വാരും. പക്ഷേ കൃത്യം സമയത്ത് പിന്‍വലിക്കും. ഇതാണ് ഏത് സമരത്തിന്റെയും ആധാരമായ ലളിതമായ തത്വം.

നമ്മുടെ ഭരണകൂടത്തിന്റെ പേടിസ്വപ്നമായ സര്‍ക്കാര്‍ ജീവനക്കാര്‍ പോലും തോറ്റമ്പിയ സമര ചരിത്രമാണ് സെക്രട്ടേറിയറ്റിനുള്ളത്. 2001 ല്‍ എകെ ആന്റണി സര്‍ക്കാറിന് എതിരായി നടത്തിയ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ഐതിഹാസികമായി വീരചരമം അടയുകയാണുണ്ടായത്. പ്രീഡിഗ്രി ബോര്‍ഡ്, വിളനിലം, സ്വാശ്രയ കോളജ് തുടങ്ങി രക്തരൂക്ഷിത സമരവുമായി ഭരണകൂടത്തെ നേരിട്ട എസ്എഫ്‌ഐ സഖാക്കളുടെ വിധിയും മറിച്ചായിരുന്നില്ല. ഇനിയും ഉണ്ട് ചരിത്രത്തിന്റെ താളുകളില്‍ വാളയാര്‍ സമരം, കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം. ആന്റണിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ ആദിവാസി ഭൂമിക്കായി സമരം ചെയ്ത് പിന്നിട് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരം മാറ്റിയ സികെ ജാനുവിന്റെ പ്രശസ്തമായ കുടില്‍കെട്ടി സമരത്തിന് എന്ത് സംഭവിച്ചുവെന്നത് ചരിത്രമാണ്. കൊട്ടും കുരവയുമായി കരാര്‍ ഒപ്പിട്ട് അവസാനിച്ച സമരം ഒടുവില്‍ കലാശിച്ചത് ഒരു ആദിവാസിയുടെയും പൊലീസുകാരന്റെയും ദാരുണ അന്ത്യത്തിലായിരുന്നു. സര്‍ക്കാര്‍ കാര്യം മുറപോലെ ആയതിനാല്‍ ആദിവാസികള്‍ക്ക് ഭൂമി മാത്രം കിട്ടിയില്ല.

ഈ ചരിത്രമൊക്കെ പറഞ്ഞത് ആര്‍ക്കും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങാം, പക്ഷേ തുടങ്ങും മുന്‍പ് കുറഞ്ഞത് ഒരു കാര്യമെങ്കിലും മനസില്‍ ഉണ്ടാവണം. സമരം അത് എങ്ങനെ ഏത് സമയത്ത് എവിടെ അവസാനിപ്പിക്കണമെന്ന്. സമരം ചെയ്യാന്‍ പോകുന്നവര്‍ മിനിമം വായിക്കേണ്ടതാണ് പൂന്താനത്തിന്റെ 'ജഞാനപ്പാന'. 'കണ്ടാലൊട്ടറിയുന്നു ചിലരിത്/ കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ/ മുമ്പേ കണ്ടറിയുന്നിത് ചിലര്‍ ' എന്ന് കവി എഴുതിയത് വെറുതെയല്ല. ചുരുക്കി പറഞ്ഞാല്‍ ആനകൊടുത്താലും സമരം ചെയ്യാന്‍ വരുന്നവര്‍ക്ക് ആശ കൊടുക്കരുത്. ഇപ്പോഴെന്താണ് ഇതൊക്കെ എന്ന് ചോദിച്ചാല്‍ ആശമാരുടെ നിരാശ കണ്ട് പറഞ്ഞു പോയതാണ്.

തിരുവനന്തപുരത്ത് രണ്ട് മാസത്തോളമായി ഒരു വിഭാഗം ആശ വര്‍ക്കര്‍മാരുടെ സമരത്തിന് തേര് തെളിക്കുന്നവരെ കണ്ടതുകൊണ്ടാണ്. ഇടപെടലാണ് ഇവരുടെ മെയിന്‍. ഇന്ത്യയിലെ ഒരയോരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെതെണെന്ന് 50 പേജില്‍ കുറയാത്ത ഒരു പ്രബന്ധം ഇവര്‍ തൊഴിലാളി വര്‍ഗത്തിന്റെ ശ്രദ്ധക്കായി നല്‍കിയിട്ടുണ്ട്. കാര്യങ്ങള്‍ വ്യഖ്യാനിച്ച് വ്യാഖ്യാനിച്ച് സൂചി കടക്കുന്നിടത്തുടെ തൂമ്പ കേറ്റാനും മടിക്കാത്തവരാണ് ഇവരെന്ന് ശത്രുക്കള്‍ പറഞ്ഞ് പരത്തുന്നുണ്ടെങ്കിലും പാവങ്ങളാണ്. വിപ്ലവം വരുന്നതെങ്ങാനും അറിയാതെ പോകരുതെന്നുള്ളതു കൊണ്ട് ദേശീയ നേതാക്കള്‍ മുതല്‍ വെറും മെമ്പര്‍ വരെ രാത്രി കിടത്തം പോലും വീടിന് പുറത്ത് കട്ടിലിട്ടാണ്. വിപ്ലവം തങ്ങളെ കാണാതെ നടന്ന് പോയാലോ എന്ന് പേടിച്ച് ഉറക്കം വരാതിരിക്കാനായി മാത്രം ഒരേ ഒച്ചയില്‍ പാട്ട കിലുക്കിയും ഒരേ വരയില്‍ ചുവരെഴുതുയും ചെയ്യും.

ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അവശ്യം വേണ്ട ഒരു കാര്യമുണ്ട്. സാമാന്യബുദ്ധി. പക്ഷേ, അതിവിപ്ലവത്തില്‍ അത് ആവശ്യമില്ലെന്നാണ് ഇക്കൂട്ടരുടെ നിലപാട്. അത് വട്ടപ്പൂജ്യം ആയാല്‍ പിന്നെ മൂലധനവും കമ്മ്യൂണിസറ്റ് മാനിെഫസ്‌റ്റോയും വായിച്ചിട്ട് എന്തുകാര്യം. പഴയ തറവാടുകളിലെ അന്യം നിന്ന കാരണവരുടെ റോളിലാണ് ഇവരിന്ന് അവതരിക്കുന്നത്. കേട്ടപാതി കേള്‍ക്കാത്ത പാതി വിഷയത്തിലിടപെടും, എതിരഭിപ്രായം പറയും. പിന്നാലെ സമര സമിതി രൂപീകരിക്കും. പിന്നെ അതിന് പിന്നാലെ പായലായിരിക്കും. പലപ്പോഴും വീര്യം മൂത്ത് ഇവരൊഴികെയുള്ള സമരക്കാര്‍ പിന്നെ പുലിപ്പുറത്ത് കയറിയ അവസ്ഥിയിലാകും.

ഇവര്‍ ചെറിയ പുള്ളികളൊന്നുമല്ല, ഇന്ത്യയുടെ മോചനത്തിനായി ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ആദര്‍ശവീര്യം പേറുന്നവരാണ്. അങ്ങ് ബംഗാളില്‍ ഉദയം കൊണ്ട ഇക്കൂട്ടര്‍ കേരളത്തില്‍ ഒരപൂര്‍വ്വ വര്‍ഗമാണ്. കേരളത്തിന് പുറത്ത് സി പി എമ്മിനെയും സി പി ഐയെയുമൊക്കെ പോലെ. കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാല്‍, ഏതാണ്ട് ആര്‍ എസ് പിയുടെ കുട്ടിപ്പതിപ്പ്. പണ്ട് ആണ്ടിലൊരിക്കല്‍ തിരുവനന്തപുരത്ത് ഗാന്ധിപാര്‍ക്കില്‍ കൃഷ്ണ ചക്രവര്‍ത്തിയെന്ന വിപ്ലവ സിംഹം പ്രസംഗിക്കുമ്പോഴാണ് തിരുവനന്തപുരത്തുകാര്‍ വീടുകളിലെ പുതുവര്‍ഷ കലണ്ടര്‍ തൂക്കുന്നത്. അദ്ദേഹത്തിന്റെ മരണശേഷം കാലാനുവര്‍ത്തി ആകാന്‍ തലസ്ഥാന നിവാസികള്‍ ഏറെ പ്രായസപെട്ടു. പലര്‍ക്കും കലണ്ടര്‍ വര്‍ഷം തന്നെ നഷ്ടപ്പെട്ട് പഴയ ഓര്‍മ്മകളിലാണിപ്പോഴും. ഗതികെട്ട നാട്ടുകാരും പൗര പ്രമുഖരും മറ്റൊരു നേതാവിനെ വര്‍ഷം തോറും കണികാണാന്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് പാട്ടക്കണക്കിന് നിവേദനം പോലും നല്‍കി. സ്ഥിരമായി തങ്ങളെ തോല്‍പ്പിക്കുന്ന നാട്ടുകാരെ പാഠംപഠിക്കാനായി കടുപിടുത്തത്തിലാണ് പാര്‍ട്ടിയെന്നാണ് കിംവദന്തി. എന്നാലും പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം വരുന്നത് വരെ കാത്തിരിക്കയാണ് തിരുവനന്തപുരം പൗരാവലി. വഴങ്ങിയില്ലെങ്കില്‍ അടുത്ത വര്‍ഷം ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഈ ആവശ്യമുന്നയിച്ച് നഗരം മൊത്തം പൊങ്കാലയിടാനും ആലോചിക്കുന്നുണ്ട്.

Asha Workers strike |ജയിച്ച ചരിത്രം കേട്ടിട്ടില്ല
എന്തുകൊണ്ടാവും കോണ്‍ഗ്രസും സിപിഎമ്മും കത്തോലിക്കാ സഭയുടെ തീട്ടൂരം പുല്ലു പോലെ തള്ളിയത്?

കേരളത്തില്‍ രൂപം കൊണ്ടതുമുതല്‍ ഇന്ന് വരെ അങ്ങിങ്ങ് മാത്രം കാണപ്പെട്ടുന്ന ഈ മണ്ണില്‍ വേരുപിടിക്കാത്ത ജനിതകമാറ്റം സംഭവിച്ച അപൂര്‍വ ഇനം വിപ്ലവവിത്താണ്. പക്ഷേ, അന്ന് മുതല്‍ വിപ്ലവത്തിനായി അടുപ്പ് കൂട്ടിക്കൊണ്ടിരിക്കുകയാണ്. വിഷയങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ല. എവിടെ ലൈബോയ് ഉണ്ടോ അവിടെ ആരോഗ്യമുണ്ട് എന്ന പരസ്യവാചകം പോലെ എവിടെ സമരമുണ്ടോ അവിടെ സൂസിയുണ്ട് എന്നൊരു ചൊല്ല് തന്നെ കേരളത്തിലുണ്ട്. സമരകാരണം എന്താണെന്നുമൊന്നുമില്ല. എന്തിലും ഇടപെട്ടുകളയും എന്നതാണ് ലൈന്‍. ഈ സൂസി ആരാ? എന്താ? എന്നൊന്നും ആര്‍ക്കുമറിയില്ല. എങ്കിലും സൂസി എന്ന പേര് കേരളത്തിലറിയാം. വെറും പേര് മാത്രം പോരാ എന്ന് തോന്നിയപ്പോളവര്‍ ബ്രാക്കറ്റില്‍ (സി) എന്നൊരു ഇനിഷ്യല്‍ കൂടെ കൊടുത്തു. അങ്ങനെ ഇപ്പോള്‍ സൂസി സിയായി.

ദേശീതപാത, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങി സമീപകാല സമരചരിത്രത്തില്‍ അവരുടെ ദേഹണ്ഡം ഇവിടെയൊക്കെയായിരുന്നു. ഇതിനൊക്കെ ആവോളം തിയറിയും തീയും നല്‍കി. പക്ഷേ ഒത്തില്ല. വിപ്ലവത്തിന്റെ ഘട്ടങ്ങളില്‍ ശത്രുവിന് എതിരായി കോമ്പ്രദോര്‍ ബൂര്‍ഷ്വാസിയുമായും വര്‍ഗ ശത്രുവുമായും കൈകോര്‍ക്കാമെന്ന അടവ് നയ പ്രകാരം വിദ്യാഭ്യാസ മേഖലവഴി ബിജെപിക്കാരനായ ഗവര്‍ണ്ണറെ മുന്‍നിര്‍ത്തി വിപ്ലവം കടത്തികൊണ്ടുവരാനായി പിന്നീട് ശ്രമം. പക്ഷേ, അതും ഈ വിപ്ലവകാരികളെ സേവ് ചെയ്തില്ല. അപ്പോഴാണ് പാര്‍ട്ടി ബുദ്ധി ജീവികള്‍ ആശാ വര്‍ക്കര്‍മാരുടെ ദുരിത ജീവിതത്തിലേക്ക് ഇവരുടെ ശ്രദ്ധ ക്ഷണിച്ചത്.

പ്രതിപക്ഷവും മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ വിപ്ലവത്തിന് വഴിയൊരുങ്ങി. വാര്‍ത്ത വിതരണ ശൃംഖലകള്‍ പിടിച്ചെടുക്കുന്നതിന്റെ തുടക്കമായി ചാനലുകളുടെ െ്രെപംടൈം പിടിച്ചെടുത്തു. ആശമാരുടെ ഓണറേറിയവും ഇന്‍സെന്റീവും വര്‍ധിപ്പിക്കണമെതില്‍ ആര്‍ക്കും സംശയമില്ല. രണ്ട് മന്ത്രിമാര്‍ തന്നെ മൂന്ന് വട്ടം ചര്‍ച്ചയ്ക്ക് വിളിച്ചു. മൂന്ന് വട്ടം ചര്‍ച്ചയും പുല്ല് പോലെ പൊളിച്ച് കൊടുത്തു. 'ഓ മൈ സൂസി, സൂസി സ്വപ്നത്തിന്‍ കൂടിനെത്ര വാതില്‍ ഒരേ ഒരേ ഒരു വാതില്‍' എന്ന തരളിതഗാനവും പാടി നില്‍പ്പാണ് സമരനേതൃത്വം.

അനങ്ങാ പിണറായി നയത്തിന് മുന്നില്‍ അതിവിപ്ലവകാരികള്‍ തളര്‍ന്നില്ല, കാരണം അവര്‍ ജയിച്ച ചരിത്രം കേട്ടിട്ടില്ലല്ലോ. പക്ഷേ, ഇപ്പോള്‍ രണ്ട് മാസമാകുന്ന സമരം എങ്ങനെയും തീര്‍ക്കാന്‍ സര്‍ക്കാര്‍ വഴങ്ങുന്നില്ലെന്നാണ് പരാതി. അക്കാദമിക് പണ്ഡിതരും സാഹിത്യകാരും സാംസ്‌കാരിക പ്രഭൃതികളും വരെ രംഗത്തിറങ്ങി. എന്നിട്ടും രക്ഷയില്ല. ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നിലൂടെ പോകുമ്പോള്‍ കാതോര്‍ത്താല്‍

'ആശ തന്‍ തേനും നിരാശ തന്‍ കണ്ണീരും

അധികാരദാഹങ്ങളും പങ്കുവെക്കാം ഇനി

സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം

ദുഃഖഭാരങ്ങളും പങ്കുവെക്കാം' ഇങ്ങനെയൊരു പാട്ട് കേള്‍ക്കാം. പേടിക്കണ്ട സമരത്തിന് നേതൃത്വം നല്‍കുന്നവരുടെ മാത്രമല്ല ഈ ഗാനം, ആശവര്‍ക്കര്‍മാരെ സന്നദ്ധ പ്രവര്‍ത്തകരാക്കി അവതരിപ്പിച്ച കോണ്‍ഗ്രസ് നേതാക്കളുടെയും അതുപോലെ തന്നെ അവരെ കൊണ്ടുപോകുന്ന ബി ജെ പിനേതാക്കളുടെയുമൊക്കെ സ്വരം ഇതിലുണ്ടെന്ന് ശ്രദ്ധിച്ചു കേട്ടവര്‍. സംശയമുള്ളവര്‍ക്ക് വേണമെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉറച്ചു നില്‍ക്കുന്ന മാധവരായരോട് ചോദിക്കാം.

മാസം രണ്ടായി എന്നിട്ടും സര്‍ക്കാരും സമരനേതൃത്വവും നിന്നിടത്തു നില്‍ക്കുന്നു. അങ്ങനെ നിന്നാല്‍ സമരം അവസാനിക്കുമോ എന്ന് അറിയാന്‍ പാഴുര്‍ പടിക്കല്‍ പോകണ്ട, പക്ഷേ അതിവിപ്ലവകാരികള്‍ക്ക് സാമാന്യബുദ്ധി പറ്റില്ലലോ. അതിവിപ്ലവകാരികള്‍ക്കൊപ്പം വിപ്ലവത്തിനിറങ്ങുന്നത് ആത്മഹത്യാ കുറിപ്പ് എഴുതി ആമയിഴഞ്ചാന്‍ ആറ്റില്‍ ചാടുന്നതിന് തുല്യമാണെന്ന് പാവം ആശാ വര്‍ക്കര്‍മാര്‍ക്കറിയില്ലല്ലോ.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സമരത്തിന് നേതൃത്വം നല്‍കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നുണ്ടെങ്കിലും ഒരു കാര്യത്തില്‍ സമാനതയുണ്ട്. അവരുടെ ആസ്ഥാനങ്ങളില്‍ ചെന്നാല്‍ ഒരേ പടങ്ങള്‍ ചില്ലിട്ട് വച്ചിരിക്കുന്നത് കാണാം. അതിന്റെ മുന്നില്‍ നിന്ന് വിളിക്കുന്ന 'മുദ്രാച്ചാരണ'വും ഒന്ന് തന്നെ. ഒരുകൂട്ടര്‍ ചക്കരക്കുടത്തില്‍ കൈയിട്ടു ജീവിക്കുന്നു, മറ്റേ കൂട്ടര്‍ ആ ചക്കരക്കുടം സ്വപ്നംകണ്ട് ജീവിക്കുന്നു അത്രയേയുള്ളൂ വ്യത്യാസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com