
"ഈ യന്ത്രം നിർത്തിയാൽ ആ സ്ക്രീനിൽ കാണുന്ന 197 എന്ന അക്കം പൂജ്യത്തിലെത്തും."
യുവഡോക്ടർ വിശദീകരിച്ചു.
വൃദ്ധനായ കവിയുടെ ഉയർന്നുതാഴുന്ന നെഞ്ചിൽ ഭും ഭും ശബ്ദത്തോടെ പ്രവർത്തിക്കുന്ന ആ ഹൃദയരക്ഷായന്ത്രത്തെ സ്തോഭത്തോടെ ഞാൻ നോക്കിനിന്നു. ആ കാഴ്ച കാണാതിരിക്കാൻ ഐ.സി.യു വിനു പുറത്തുനിന്നു വിങ്ങിപ്പൊട്ടുന്ന മകളെയും മകനെയും ഓർത്തു.
ഡോക്ടർ യന്ത്രത്തിന്റെ പ്രവർത്തനം നിർത്തി.
സ്ക്രീനിലെ അക്കം പൊടുന്നനെ പൂജ്യത്തിലെത്തി.
രംഗം നിശ്ശബ്ദമായി.
ഐ.സി.യു.വിലെ അണുപ്രപഞ്ചം നിശ്ചലമായി.
അര നൂറ്റാണ്ട് മലയാളചലച്ചിത്രലോകത്തെ ഗാനസാന്ദ്രമാക്കിയ ഒരു ഗന്ധർവ്വജീവിതത്തിന് തിരശ്ശീല വീണു.
അടുത്തുള്ള രോഗശയ്യകളിലെ അത്യാസന്നരോഗികൾ ആ സ്തബ്ധശൈത്യത്തിൽ ആണ്ടു പോയി.
അന്ത്യസാക്ഷ്യത്തിന്റെ ക്ഷീണത്തോടെ ഞാൻ പുറത്തെ സായാഹ്നത്തിലേക്കു നടക്കുമ്പോൾ മനസ്സ്
വാർത്ത വായിച്ചു:
" പ്രശസ്ത കവിയും ഗാനരചയിതാവുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു."
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക