
ഒരു വ്യക്തിയെ സംബന്ധിച്ച് ജീവിതസ്വപ്നങ്ങളിൽ ഏറ്റവും മുന്നിലുള്ള ഒന്നാണ് സ്വന്തമായൊരു ഭവനം എന്നുള്ളത്. വീടെന്ന ആ സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഭൂരിഭാഗം ആളുകളും കൈയ്യിലുള്ള നീക്കിയിരിപ്പുകൾ മുഴുവനായും ഉപയോഗപ്പെടുത്തുകയും വായ്പക്കായി ബാങ്കുകളെ സമീപിക്കുകയും ചെയ്യാറുള്ളത് പതിവാണ്. ഇവിടെ, ബാങ്ക് വായ്പകൾ സ്വീകരിക്കുമ്പോൾ ഒരുപിടി നൂലാമാലകളിലേക്ക് കൂടി ആ വ്യക്തി പ്രവേശിക്കുകയായി.
അതായത്, വായ്പ തുക കൃത്യമായി അടച്ചില്ലെങ്കിലും തിരിച്ചടവ് മുടങ്ങിയാലും ബാങ്കുകാർ വിളി തുടങ്ങും. തുടർന്ന് അത് ഭീഷണി, ജപ്തിയും സ്വത്ത് കണ്ടുകെട്ടൽ ഉൾപ്പടെയുള്ള നടപടിക്രമങ്ങളിലേക്കും നീങ്ങും. അതേസമയം മറുവശത്ത്, വായ്പ തിരിച്ചടവ് കൃത്യമായി നടത്തിപ്പോരുന്ന വ്യക്തികളെ സംബന്ധിച്ചും ആശങ്കകൾ ഏറെയാണ്.
വിലപ്പെട്ട രേഖകൾ ബാങ്കിന് മുൻപാകെ സമർപ്പിച്ചാവും പലരും വായ്പ തരപ്പെടുത്തി എടുക്കുന്നത്. ഓരോ മാസവും ചിലവുകൾ ചുരുക്കി കൊണ്ട് ഓരോ രൂപയും വായ്പയിനത്തിലേക്ക് നീക്കിവച്ചുകൊണ്ട്, വായ്പയുടെ ഭാരം കുറയ്ക്കുകയാണ് ഈ ഓരോരുത്തരും ചെയ്യാറുള്ളത്. അത്തരത്തിൽ തുക മുഴുവൻ അടച്ച് തീർത്തുകൊണ്ട് വായ്പക്കായി ഈടായി നൽകിയ രേഖകൾ തിരികെ വാങ്ങുന്നത്തിനായി ബാങ്കുകളെ സമീപിക്കുമ്പോഴാവും പലപ്പോഴും “ആ രേഖകൾ നഷ്ടമായി" എന്ന മറുപടി കേട്ട് പലരും അന്തംവിട്ട് നിന്നുപോവുക. കാരണം, ഏതാനും കടലാസ്സുകൾ എന്നതിലുപരി അവർ ഒരു ആയുഷ്കാലം മുഴുവൻ സാമ്പാദിച്ചതിന്റെയും നേടിയെടുത്തതിന്റെയും രേഖകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇനി എന്ത് ചെയ്യാനാവും? മുന്നിലുള്ള വഴികൾ എന്തെല്ലാമാണ്? എവിടെ നിന്നാണ് നീതി ലഭ്യമാവുക? തുടങ്ങി നീണ്ടനിര ചോദ്യങ്ങളാവും അവർക്ക് മുന്നിൽ പിന്നീട് എത്തുക.
എന്നാൽ ആ വ്യക്തിയെ സംബന്ധിച്ച് ആശ്വസിക്കാൻ വകയുണ്ട്. അതായത്, രേഖകൾ നഷ്ടമാക്കിയ ബാങ്കിനെതിരെ അദ്ദേഹത്തിന് ഉപഭോക്‌തൃ കോടതിയിലേക്ക് നീങ്ങുകയും തക്കതായ നഷ്ടപരിഹാരത്തിനായി നിയമയുദ്ധം നടത്തുകയും ചെയ്യാം.
അടുത്തിടെ നടന്ന ഒരു സംഭവത്തിലേക്ക് കണ്ണോടിച്ചാൽ, സമാനമായ സാഹചര്യത്തിൽ മലയാറ്റൂർ സ്വദേശിയായ ജോളി മാത്യുവിന് ബാങ്കിൽ ഈടുനൽകിയ വായ്പ രേഖകൾ നഷ്ടമാകുന്നു. ഇതോടെ ബാങ്കിനെതിരെ കോടതിയെ സമീപിക്കാൻ അവർ തീരുമാനിച്ചു. ഇതോടെ ഹൗസിംഗ് ലോൺ അടച്ച ശേഷം ആധാരം തിരികെ നൽകാതിരുന്ന ഫെഡറൽ ബാങ്ക് അങ്കമാലി ബ്രാഞ്ചിന്റെ നടപടി ‘സേവനത്തിലെ പിഴവ്’ ആണെന്ന് പരാതിപ്പെട്ടാണ് ജോളി ഉപഭോക്‌തൃ കോടതിയിലെത്തിയത്.
സംഭവം ഇങ്ങനെ :
ബാങ്കിൽ നിന്നുള്ള ഹൗസിംഗ് ലോൺ, പലിശ ഒഴിവാക്കി ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 2021 ഡിസംബറിൽ അവർ അടച്ച് തീർക്കുകയായിരുന്നു. എന്നാൽ, ലോണിന് ഈടായി നൽകിയ ഭൂമിയുടെ ഒറിജിനൽ ആധാരം തിരികെ നൽകാൻ ബാങ്കിന് കഴിഞ്ഞില്ല. ഇതിനിടെ പരാതിക്കാരിക്കെതിരെ പറവൂർ സബ് കോടതിയിൽ ബാങ്ക് സ്വകാര്യ അന്യായവും നൽകിയിരുന്നു. അതിനോടൊപ്പം പരാതിക്കാരന്റെ ആധാരവും കോടതിയിൽ ഹാജരാക്കി. നിർഭാഗ്യവശാൽ കാലഹരണപെട്ട കോടതി രേഖകൾ നശിപ്പിക്കപ്പെട്ടതിനൊപ്പം ഈ രേഖകളും നഷ്ട്ടപെട്ടു. ബാങ്കിന്റെ അനാസ്ഥ കാരണമാണ് തനിക്കു ഈ നഷ്ടമുണ്ടായതെന്നായിരുന്നു അവരുടെ വാദം. തനിക്കുണ്ടായ നഷ്ടത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
ബാങ്കിന്റെ വാദം:
പരാതിക്കാരൻ ഫെഡറൽ ഹൗസിംഗ് ലോണും വിദ്യാഭ്യാസ ലോണും എടുത്തിരുന്നു. എന്നാൽ രണ്ട് വായ്പകളും തിരിച്ചടവ് മുടങ്ങിയതിനാൽ റിക്കവറി കേസുകൾ ഫയൽ ചെയ്യാൻ ബാങ്ക് നിർബന്ധിതരാവുകയായിരുന്നു. മാത്രമല്ല, രേഖകൾ നഷ്ടമായെങ്കിലും പരാതിക്കാരന് സാമ്പത്തിക നഷ്ടമോ, മാനസിക വ്യഥയോ ഉണ്ടായിട്ടില്ല. നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം അടിസ്ഥാനരഹിതമാണ്. കോടതിയുടെ സാക്ഷ്യപ്പെടുത്തലോടെ, ആധാരത്തിന്റെ സർട്ടിഫൈഡ് കോപ്പി പരാതിക്കാരന് ലഭ്യമാക്കിയിട്ടുണ്ട്. അത് വായ്പ അപേക്ഷ ഉൾപ്പടെയുള്ള എല്ലാത്തരം ഇടപാടിനും നിയമപരമായി ഉപയോഗിക്കാമെന്നും ബാങ്ക് വാദിച്ചു.
കോടതിയുടെ കണ്ടെത്തൽ:
രേഖകൾ നഷ്ടപ്പെട്ടത് മൂലം ഉപഭോക്താവ് നേരിട്ട സാമ്പത്തിക, മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരടങ്ങുന്ന എറണാകുളം ഉപഭോക്‌തൃ കോടതി ബെഞ്ച് വ്യക്തമാക്കി. അതായത്, ഉപഭോക്താവ് സമർപ്പിക്കുന്ന രേഖകളുടെ സംരക്ഷണ ഉത്തരവാദിത്വം ബാങ്കിനാണ്. കേസ് നടപടികൾക്ക് ശേഷം രേഖ തിരിച്ചു നൽകേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമായിരുന്നു. സർട്ടിഫൈഡ് കോപ്പി മാത്രമല്ല, ഒറിജിനൽ ആധാരവും നഷ്ടപ്പെടുന്നത് വൻ സാമ്പത്തിക പ്രത്യാഘാതങ്ങൾക്കും സ്വത്ത് ഇടപാടുകൾ തടസ്സപ്പെടുന്നതിനും കാരണമാകുന്നതാണെന്നും കോടതി വിലയിരുത്തി. ആയത് പരിഗണിച്ച് 8 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവിനായി 10,000 രൂപയും 45 ദിവസത്തിനകം ബാങ്ക് ഉപഭോക്താവിന് നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
അതായത്, ബാങ്കുമായുള്ള ഇടപാടും ഉപഭോക്താവിന്റെ നിർവചനത്തിൽ വരും. അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടായാൽ, ആർക്കും ബാങ്കിനെതിരെ കോടതിയെ സമീപിക്കാവുന്നതാണെന്ന് ഈ കോടതി വിധി അടിവരയിടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക