കൊടി വെറും കൊടിയല്ല, സ്തൂപം വെറും സ്തൂപവുമല്ല!; പ്രബുദ്ധ കേരളത്തിലെ 'കൊടികെട്ടിയ' രാഷ്ട്രീയാവസ്ഥകള്‍

kannur politics
കൊടി വെറും കൊടിയല്ല, സ്തൂപം വെറും സ്തൂപവുമല്ല kannur politics
Updated on

ണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്തിനടുത്ത് മലപ്പട്ടം എന്ന സ്ഥലത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച പ്രതിമ സി.പി.എം. പ്രവര്‍ത്തകര്‍ തകര്‍ത്തു. തകര്‍ത്തത് ഗാന്ധിപ്രതിമ. എന്നാല്‍ തകര്‍ത്തത് ഗാന്ധിപ്രതിമയല്ല, ഗാന്ധിയുടെ ചിത്രം പതിച്ച സ്തൂപം ആയിരുന്നു എന്ന് സി.പി.എം. കോണ്‍ഗ്രസിന്റെ ഒരു സ്തൂപം, അതില്‍ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്തുവെന്നേയുള്ളൂ. സിംപിള്‍. ഗാന്ധിപ്രതിമയൊക്കെ ഞങ്ങള്‍ തകര്‍ക്കുമോ എന്ന് നിഷ്‌കളങ്കതയോടെ സി.പി.എം പ്രവര്‍ത്തകരുടെ ചോദ്യം. എന്തായാലും ഒരുകാര്യം ശരിയാണ്. അവിടെ കോണ്‍ഗ്രസ് സ്ഥാപിച്ച ഒരു സ്തൂപം തകര്‍ക്കപ്പെട്ടു. അതില്‍ ഗാന്ധിയാണോ നെഹ്രു ആണോ എന്നൊന്നും നോക്കേണ്ട കാര്യം തകര്‍ത്തവര്‍ക്കില്ല. ആരാണ് സ്ഥാപിച്ചത് എന്നതാണ് പ്രധാനം. പ്രത്യേകിച്ച്, ഒരു പാര്‍ട്ടിക്ക് പൂര്‍ണ സ്വാധീനമുള്ള ഗ്രാമത്തിലാകുമ്പോള്‍.

മഹാത്മാഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ചിത്രങ്ങളും അവരുടെ വാക്കുകളും ആലേഖനം ചെയ്ത കോണ്‍ക്രീറ്റ് സ്തൂപമായിരുന്നു മലപ്പട്ടത്തുണ്ടായിരുന്നത്. കോണ്‍ഗ്രസുകാര്‍ക്കറിയാമല്ലോ ഗാന്ധിയുടെയും നെഹ്‌റുവിന്റെയുമൊന്നുമല്ലെങ്കില്‍ സ്തൂപമായാലും പ്രതിമയായാലും വെച്ചതേ ഓര്‍മയുണ്ടാകൂ. അപ്പഴേക്കും കാണാതായിട്ടുണ്ടാകും.

ഇതൊക്കെ സാധാരണയല്ലേ, ഇതിലെന്താണിത്ര പുതുമ എന്നായിരിക്കും ഒരു കണ്ണൂരുകാരന്‍ ചോദിക്കുക? കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലും രാഷ്ട്രീയ സംഘര്‍ഷമുള്ള ഇടങ്ങളിലുമെല്ലാം കൊടിയെന്നാല്‍ വെറുമൊരു തൂണൂം പാറിക്കളിക്കുന്ന ചെറിയ തുണിയുമല്ല. അതൊരു അധികാരവും അസ്തിത്വവും ഒക്കെ സ്ഥാപിക്കുന്നതുപോലെയാണ്. ഒരു സ്ഥലത്ത് ഏതൊക്കെ കൊടികളുണ്ട് എന്നു നോക്കിയാണ് ആ സ്ഥലത്തെ ആളുകളുടെ സ്വഭാവവും ഇടപെടലുമൊക്കെ മനസിലാക്കാന്‍. അതൊരു പ്രധാനപ്പെട്ട സൂചനയാണ്. പല പാര്‍ട്ടികളുടെ കൊടികള്‍ ഉള്ള സ്ഥലം പോലെയായിരിക്കില്ല ഏതെങ്കിലും ഒരുപാര്‍ട്ടിയുടെ കൊടിമാത്രമുള്ള സ്ഥലങ്ങള്‍. അത്തരം പ്രദേശങ്ങളില്‍ മറ്റൊരു പാര്‍ട്ടിയുടെ കൊടിവന്നുവെന്നറിഞ്ഞാല്‍ അതുണ്ടാക്കുന്ന അസ്വാരസ്യം ചില്ലറയായിരിക്കില്ല. അടിയും കൊലയും വരെ നടന്നേക്കും.

kannur politics
'നിങ്ങളുടെ പുച്ഛവും പരിഹാസവും എനിക്കു മനസ്സിലാവും; പക്ഷേ എനിക്കത് എന്റെ ജീവിതമായിരുന്നു'

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ Kannur politics ഏത് നിമിഷവും പൊട്ടാന്‍ സാധ്യതയുള്ള വെടിമരുന്നോ ബോംബോ പോലെയാണ് കൊടിയും കൊടിമരവും സ്തൂപവും. പാര്‍ട്ടികള്‍ അവരുടെ സാന്നിധ്യവും ശക്തിയും തെളിയിക്കുന്നതിന്റെ ഭാഗമായാണ് കൊടിമരങ്ങള്‍ നടുന്നത്. അതിനു പുറമെ, വല്ലപ്പോഴും പൊങ്ങുന്ന മറ്റുപാര്‍ട്ടികളുടെ കൊടികള്‍ പിഴുതെറിയുക എന്നതും സ്വാധീനമുള്ള പാര്‍ട്ടിയുടെ ഉത്തരവാദിത്തമുള്ള പ്രവര്‍ത്തകരുടെ കര്‍മമാണ്. ഇനി പല പാര്‍ട്ടികളുടെ കൊടികള്‍ ഉള്ള സ്ഥലങ്ങളാണെങ്കില്‍, ഒരു സംഘര്‍ഷം ഉണ്ടാക്കാന്‍ ആദ്യം ചെയ്യേണ്ടത് വേറൊരു പാര്‍ട്ടിയുടെ കൊടി നശിപ്പിക്കുകയാണ്. ഒരു പ്രതീകാത്മക അക്രമം. കണ്ണൂരിന്റെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ചരിത്രത്തോളം പ്രാധാന്യമുണ്ട് ഈ കൊടിപറിക്കല്‍, സ്തൂപം തകര്‍ക്കല്‍ പോലുള്ള കലാപരിപാടികള്‍ക്ക്.

കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെയും സംഘര്‍ഷങ്ങളുടെയും മൂലകാരണം അന്വേഷിച്ച് പോയാല്‍ പലതും ചെന്നെത്തുക കൊടിയേയോ സ്തൂപത്തെയോ സ്മാരകത്തെയോ സംബന്ധിച്ച തര്‍ക്കങ്ങളായിരിക്കും. അത് വെറും തൂണും കോണ്‍ക്രീറ്റും തുണിയുമല്ല, വൈകാരിക നിര്‍മിതികളാണ്. സംഘര്‍ഷമുണ്ടാക്കാന്‍ പ്ലാന്‍ ചെയ്യുന്ന പാര്‍ട്ടികള്‍ സ്വന്തം കൊടിയും സ്തൂപവും കേടുവരുത്തി മറുപാര്‍ട്ടി ചെയ്തു എന്ന മട്ടില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുന്ന ശൈലിയുമുണ്ട്.

രാഷ്ട്രീയ സംഘര്‍ഷത്തില്‍ രക്തസാക്ഷികളായവരുടെയും ബലിദാനികളായവരുടെയും സ്മാരകങ്ങളാണ് കണ്ണൂരിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ അധികവും. വലിയ അക്ഷരത്തില്‍ ഇന്നയാളുടെ ഓര്‍മ്മയ്ക്ക് എന്ന് എഴുതി വെച്ചിട്ടുണ്ടാകും. പാര്‍ട്ടികള്‍ ബലാബലം നില്‍ക്കുന്ന സ്ഥലമാണെങ്കില്‍ ഒരു സ്റ്റോപ്പില്‍ തന്നെ അടുത്തടുത്ത് രണ്ട് വെയിറ്റിങ് ഷെഡുകളും ഉണ്ടാകും. സംഘര്‍ഷങ്ങളെ ഭയക്കുന്ന ഒരാളെ അസ്വസ്ഥമാക്കാന്‍ ഈ കാഴ്ചകള്‍ മതി. ഒരു കാലത്ത് ഈ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ തകര്‍ത്ത് കളയുന്നതായിരുന്നു രാഷ്ട്രീയ സംഘര്‍ഷത്തിലെ പ്രധാന ഐറ്റം. അന്നൊക്കെ ബസില്‍ യാത്ര ചെയ്താല്‍ പലയിടങ്ങളിലും തകര്‍ക്കപ്പെട്ട കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കാണാമായിരുന്നു. ഇപ്പോള്‍ അത് കുറഞ്ഞിട്ടുണ്ട്. 'ഇരിക്കുന്ന ബസ് സ്‌റ്റോപ്പ്' തന്നെ മുറിച്ചാല്‍ നാട്ടുകാര്‍ ഇടപെടും എന്നതുകൊണ്ടായിരിക്കാം.

മറുപാര്‍ട്ടികളോടുള്ള വെറുപ്പും അസഹിഷ്ണുതയും പലപ്പോഴും പുറത്തുവരുന്നത് ഇത്തരം തകര്‍ക്കലുകളിലൂടെയാണ്. കോഴിക്കോട് ജില്ലയിലെ വടകര ഭാഗം കൂടി ഉള്‍പ്പെടുന്നതാണ് കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ഭൂമിക. വടകര വള്ളിക്കാട്ട് ടി.പി. ചന്ദ്രശേഖരന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ച സ്തൂപം നാല് തവണയാണ് തകര്‍ക്കപ്പെട്ടത്. പിന്നീട് സ്തൂപത്തിന് പൊലീസ് കാവലേര്‍പ്പെടുത്തേണ്ടി വന്നു. പൊലീസിന്റെ സംരക്ഷണത്തില്‍ സ്തൂപം കഴിയുന്നതിനിടെയാണ് ചന്ദ്രശേഖരന്‍ വെട്ടേറ്റുവീണ സ്ഥലം ആര്‍.എം.പി. വാങ്ങുന്നതും അവിടെ ടി.പി. രക്തസാക്ഷി സ്‌ക്വയര്‍ എന്ന പേരില്‍ സ്മാരക മന്ദിരം പണിയുന്നതും. കൊല്ലപ്പെടുന്ന സമയത്ത് അദ്ദേഹം ഉപയോഗിച്ചിരുന്ന ബൈക്ക്, കണ്ണട, വാച്ച്, ബാഗ് എന്നിവയെല്ലാം ഉള്‍പ്പെടുത്തി ഒരു മ്യൂസിയവും ഇപ്പോള്‍ ഇവിടെയുണ്ട്.

ടി.പി. കേസിലെ മൂന്നാം പ്രതിയാണ് കൊടി സുനി. അദ്ദേഹത്തിന് ആ പേരു വരാനുള്ള കാരണവും ഇടയ്ക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതും കൊടിപറിക്കലുമായി ബന്ധപ്പെട്ടാണ്. എതിര്‍പ്പാര്‍ട്ടിയുടെ കൊടികള്‍ എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടാല്‍ അതപ്പോള്‍ തന്നെ പിഴുതുകളയുന്ന സി.പി.എം അനുഭാവിയായിരുന്നു, സുനിയുടെ പിതാവ് സുരേന്ദ്രന്‍ എന്നതാണ് അതിനു പിന്നിലെ കഥ. അതോടെ നാട്ടുകാര്‍ കൊടി സുരേന്ദ്രന്‍ എന്നു വിളിപ്പേരിട്ടു. പിന്നീട് മകന്‍ സുനില്‍കുമാറിനും നാട്ടുകാര്‍ ഈ പേര് ഇട്ടുകൊടുത്തു എന്നാണ് പറയപ്പെടുന്നത്.

കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വിഷയമാക്കി ചോരപ്പുഴകള്‍ എന്ന നോവലെഴുതിയ ടി.കെ. അനില്‍കുമാര്‍ ഒരിക്കല്‍ ഇത്തരം സംഭവങ്ങളെ കുറിച്ച് പറഞ്ഞതോര്‍മ വരുന്നു: 'ലോകത്തിലെ മഹാപാതകങ്ങളില്‍ ഒന്നായാണ് കൊടി കീറിയതിനെ ആളുകള്‍ കാണുന്നത്. ഒരിക്കല്‍ ഒരു സ്‌കൂള്‍ കുട്ടി ഒരു പാര്‍ട്ടിയുടെ കൊടികീറി. പെട്ടെന്ന് തന്നെ ആളുകള്‍ കൂടി, അടി തുടങ്ങി. ഒരു ചെറിയ കുട്ടിയാണ് എന്നു നോക്കി അവഗണിക്കാവുന്നതേയുള്ളൂ. പക്ഷേ അതൊരിക്കലും ഇവിടെയുണ്ടാവില്ല. ലോക്കല്‍ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസിന്റെ കൊടി കീറിയതൊക്കെയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നം'. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സംസാരത്തിനിടെ അദ്ദേഹം പങ്കുവെച്ച അനുഭവമാണിത്.

നാദാപുരത്ത് ഈയടുത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൊടിമരം തകര്‍ത്ത് പകരം അവിടെ ഒരു വാഴ വെച്ചു. കേരള രാഷ്ട്രീയത്തില്‍ ഈ പാവം വാഴ എന്തുപിഴച്ചു? രാഷ്ട്രീയ പാര്‍ട്ടികളുടെ താഴെ തട്ടിലുള്ള അണികളെ ആശയങ്ങളോ പ്രത്യയശാസ്ത്രമോ അല്ല രൂപപ്പെടുത്തുന്നത്. പ്രത്യയശാസ്ത്രം മനസിലാക്കിയിട്ടല്ല ആളുകള്‍ പാര്‍ട്ടിയില്‍ ചേരുന്നത് എന്ന് രാഷ്ട്രീയ നരവംശശാസ്ത്ര ഗവേഷകനായ നിസ്സാര്‍ കണ്ണങ്കര നിരീക്ഷിക്കുന്നുണ്ട്. വൈകാരികതയാണ് അണികള്‍ക്കിടയില്‍ എല്ലായ്‌പോഴും നിലനിര്‍ത്തേണ്ടത്. കൊടിയും സ്തൂപവും സ്ഥാപിക്കുന്നതും തകര്‍ക്കുന്നതും ഒരു വൈകാരികതയിലൂന്നിയാണ്. കണ്ണൂരിലൂടെ സഞ്ചരിക്കുമ്പോള്‍ റോഡരികില്‍ കാണുന്ന സ്തൂപങ്ങളും കൊടിമരങ്ങളും അണിയെ ആവേശഭരിതനാക്കും. പക്ഷേ തകര്‍ക്കപ്പെടാനും സംഘര്‍ഷ സാധ്യതയുണ്ടാക്കാനുള്ള ഒരു സാഹചര്യം അത് നമ്മളെ ഓര്‍മ്മപ്പെടുത്തികൊണ്ടേയിരിക്കും.

kannur politics
ആത്മാഭിമാനം നഷ്ടപ്പെട്ടപ്പോള്‍ പൊലീസുകാര്‍ ചെയ്തത്

മലപ്പട്ടത്ത് രണ്ട് തവണ കോണ്‍ഗ്രസിന്റെ സ്തൂപം തകര്‍ക്കപ്പെട്ടു. ഇതിനുശേഷമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ ഇവിടെ പദയാത്ര നടത്തിയത്. അതും സംഘര്‍ഷം വര്‍ധിപ്പിച്ചു. തുടര്‍ന്നുണ്ടായ വാര്‍ത്തകളും നാം കണ്ടുകൊണ്ടിരിക്കുകയാണ്. സ്തൂപം വീണ്ടുമുയര്‍ത്തും എന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇനി അവിടെയൊരു സ്തൂപം നിര്‍മ്മിക്കാന്‍ മെനക്കെടേണ്ട എന്നതാണ് സി.പി.എം. ജില്ലാ നേതാവിന്റെ മറുപടിയും. ഈ നാടകം തുടരും. ഇതാണ് പ്രബുദ്ധ കേരളത്തിലെ 'കൊടികെട്ടിയ' രാഷ്ട്രീയത്തിന്റെ അവസ്ഥ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com