കേരള രാഷ്ട്രീയവും കോണ്‍ഗ്രസ്സും വര്‍ഗീയതയും: 'ടെംപസ്റ്റിലെ' സ്റ്റെഫാനോ-കാലിബന്‍ ബിംബങ്ങള്‍

വില്യം ഷേക്‌സ്പിയറുടെ 'ദ ടെംപസ്റ്റ്' എന്ന നാടകം കേവലം ഒരു കലാസൃഷ്ടി മാത്രമല്ല, അധികാരബന്ധങ്ങളെയും ദൗര്‍ബല്യങ്ങളെയും വ്യാഖ്യാനിക്കാന്‍ സഹായകമാകുന്ന ഒരു ബിംബകല്‍പ്പന കൂടിയാണ്
the tempest
കോൺ​ഗ്രസ് ചിഹ്നം, 'ദ ടെംപസ്റ്റ്' നാടകം ( the tempest)image credit: Wikimedia Commons
Updated on
2 min read

വില്യം ഷേക്‌സ്പിയറുടെ 'ദ ടെംപസ്റ്റ്' ( the tempest) എന്ന നാടകം കേവലം ഒരു കലാസൃഷ്ടി മാത്രമല്ല, അധികാരബന്ധങ്ങളെയും ദൗര്‍ബല്യങ്ങളെയും വ്യാഖ്യാനിക്കാന്‍ സഹായകമാകുന്ന ഒരു ബിംബകല്‍പ്പന കൂടിയാണ്. 90കളില്‍ കേരളക്കരയാകെ ആഞ്ഞുവീശിയ കൊടുങ്കാറ്റായ 'ടെംപസ്റ്റ്' എന്ന നാടകത്തിന്റെ ഈ രീതിയിലുളള ആഖ്യാനം മായാ തോങ്‌ബെര്‍ഗ് എന്ന വിഖ്യാത നാടകസംവിധായകയുടേതായുണ്ട്. ഇങ്ങനെ ഈ നാടകത്തിന്റെ കൊളോണിയല്‍ വിരുദ്ധ വായന ഏറെ പ്രബലമാണെങ്കിലും അതിലെ ചില കഥാപാത്രബന്ധങ്ങളെ കേരള രാഷ്ട്രീയത്തിലെ സമകാലീന സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുന്നത് കൗതുകകരമാണ്.

പ്രോസ്‌പെറോയുടെ മാന്ത്രികവലയത്തില്‍ നിന്ന് മോചനം സ്വപ്നം കണ്ട് നടക്കുന്ന, കീഴ്‌പെട്ട് ജീവിക്കേണ്ടിവരുന്ന അധികാരതൃഷ്ണയുള്ള പ്രതിലോമശക്തിയുടെ പ്രതീകമായിട്ട് കാലിബന്‍ എന്ന കഥാപാത്രത്തെ നമുക്ക് സങ്കല്‍പിക്കാം. ഉള്ളില്‍ വര്‍ഗീയതയും അധികാരമോഹവും ഒളിച്ചുവെച്ചിരിക്കുന്ന ഒരു സംഘടിത രാഷ്ട്രീയശക്തിയെ നമുക്കിവിടെ കാലിബനു പകരംവെയ്ക്കാം . ടെംപസ്റ്റില്‍, ദ്വീപിലെത്തുന്ന സ്റ്റെഫാനോ എന്ന മദ്യപാനിയായ അനുചരന്‍, തനിക്ക് യാതൊരു കഴിവുകളുമില്ലെങ്കിലും ഒരു രാജാവാകാന്‍ മോഹിക്കുന്നുണ്ട്. തന്റെ കയ്യിലുള്ള മദ്യത്തിന്റെ 'മാന്ത്രികശക്തി'യില്‍ ആകൃഷ്ടനായ കാലിബന്‍, സ്റ്റെഫാനോയെ തന്റെ രക്ഷകനായി കാണുകയും ചെയ്യുന്നു. പ്രോസ്‌പെറോയെ വകവരുത്തി സ്റ്റെഫാനോയെ രാജാവാകാന്‍ കാലിബന്‍ പ്രേരിപ്പിക്കുന്നു. സ്റ്റെഫാനോ ആകട്ടെ, ഒരു അടിമയെ ലഭിച്ചതിലുള്ള താല്‍ക്കാലിക സന്തോഷത്തില്‍ കാലിബന്റെ കുതന്ത്രങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു. എന്നാല്‍, പ്രോസ്‌പെറോയുടെ യഥാര്‍ത്ഥ ശക്തിക്ക് മുന്നില്‍ ഇവരുടെയെല്ലാം ഗൂഢാലോചനകള്‍ നിഷ്പ്രഭമാകുന്നുണ്ട്.

കേരള രാഷ്ട്രീയത്തിലെ സമകാലീന സന്ദര്‍ഭത്തില്‍, ഈ ബന്ധങ്ങളെ സസൂക്ഷ്മം ചേര്‍ത്തു വെയ്ക്കാം. കേരളത്തിലെ കോണ്‍ഗ്രസ്സിനെ സ്റ്റെഫാനോയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാം. അനുദിനം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയാണത്. സംഘടനാപരമായ കെട്ടുറപ്പില്ലായ്മ, നയപരമായ അവ്യക്തത, ശക്തമായ നേതൃത്വത്തിന്റെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ്സിനെ ദുര്‍ബലമാക്കുന്നുണ്ട്. ഒരു മതനിരപേക്ഷ പാര്‍ട്ടിയായി സ്വയം പ്രഖ്യാപിക്കുമ്പോഴും, വര്‍ഗീയ ശക്തികളെ ഫലപ്രദമായി നേരിടുന്നതില്‍ അവര്‍ക്ക് വീഴ്ച പറ്റുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.

അതേസമയം, കാലിബന്റെ സ്ഥാനത്ത് കേരളത്തിലെ മതരാഷ്ട്രവാദി-വര്‍ഗീയ കക്ഷികളെ സങ്കല്‍പിക്കാം. ഒരു പ്രത്യേക മതവിഭാഗത്തെ കേന്ദ്രീകരിച്ച്, വിഭാഗീയത വളര്‍ത്തിയും വിദ്വേഷ പ്രചാരണം നടത്തിയും രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യുന്നവരെ. നിലവിലുള്ള മതനിരപേക്ഷ കാഴ്ചപ്പാടുകളോട് വെറുപ്പ് സൂക്ഷിക്കുകയും, അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയും പാശ്ചാത്യമെന്ന് ആക്ഷേപിച്ച് തള്ളിക്കളയുകയും ചെയ്യുന്നവരാണ് ഇവര്‍. സമൂഹത്തിലെ അതൃപ്തികളെയും അരക്ഷിതാവസ്ഥകളെയും തന്ത്രപരമായി ഇവര്‍ മുതലെടുക്കുകയും ചെയ്യുന്നു.

ഒരു തരത്തില്‍ സ്റ്റെഫാനോ-കാലിബന്‍ ബന്ധമാണ് വര്‍ഗ്ഗീയശക്തികളും കോണ്‍ഗ്രസ്സിനുമിടയ്ക്ക് കൂട്ടുകെട്ടുകളില്‍ ഉണ്ടാകുന്നത്. ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സിന്, ചിലപ്പോള്‍ ഈ വര്‍ഗീയ കക്ഷികളുടെ താല്‍ക്കാലിക പിന്തുണ തേടേണ്ടി വന്നേക്കാം. സ്റ്റെഫാനോ മദ്യമുപയോഗിച്ച് കാലിബനെ വശീകരിച്ചതുപോലെ, കോണ്‍ഗ്രസ്സ് താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചില വര്‍ഗീയ കക്ഷികളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുകയോ അവരുമായി ഒത്തുതീര്‍പ്പിലെത്തുകയോ ചെയ്‌തേക്കാം. എന്നാല്‍, അപ്പോള്‍ വര്‍ഗീയ കക്ഷികളുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റുകയല്ല, മറിച്ച് തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ അവര്‍ക്ക് ഒരു വേദി ഒരുക്കുക മാത്രമാണ് ഈ സ്റ്റെഫാനോ ചെയ്യുന്നത്.

നാടകത്തില്‍ സ്റ്റെഫാനോക്ക് കാലിബനെ യഥാര്‍ത്ഥത്തില്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. കാലിബനാകട്ടേ, സ്റ്റെഫാനോയെ തന്റെ മോഹങ്ങള്‍ സഫലമാക്കാനുള്ള ഒരു ഉപാധി മാത്രമായാണ് കാണുന്നതും. അതുപോലെ, ദുര്‍ബലമായ അവസ്ഥയിലുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് വര്‍ഗീയ കക്ഷികളുടെ വളര്‍ച്ചയെ തടയാനോ അവരുടെ നയങ്ങളെ തങ്ങളുടെ വരുതിയിലാക്കാനോ പരിപൂര്‍ണ്ണമായി കഴിഞ്ഞെന്ന് വരില്ല. തങ്ങളുടെ നിലനില്‍പ്പിനായി വര്‍ഗീയ കക്ഷികളുടെ ചില ആവശ്യങ്ങളെ അംഗീകരിക്കേണ്ടി വരുന്നത്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് കരുത്ത് പകരാനേ സഹായിക്കൂ.

നാടകത്തിലെന്നപോലെ, ഒരു പ്രോസ്‌പെറോയുടെ യഥാര്‍ത്ഥ മാന്ത്രികശക്തിക്ക് മാത്രമേ കാലിബനെ നിയന്ത്രിക്കാനൊക്കൂ. കോണ്‍ഗ്രസ്സ് പോലുള്ളൊരു പാര്‍ട്ടി മതേതര നിലപാടുകളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ വിശ്വാസ നഷ്ടമുണ്ടാകുന്നു. വര്‍ഗീയ ശക്തികള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ മേല്‍ക്കൈ നേടാന്‍ അത് ഇടവരുത്തുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്റ്റെഫാനോയെപ്പോലെ ദുര്‍ബലരും കാഴ്ചപ്പാടുകളില്ലാത്തവരുമാകുമ്പോള്‍, കൂടെ കൂട്ടുന്ന വര്‍ഗീയതയുടെ ശക്തികളെ ഫലപ്രദമായി നിയന്ത്രിക്കുക എന്നത് ഏറെ ശ്രമകരമായിരിക്കുകയും ചെയ്യും .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com