
കരടിയോട് ചെസ് കളിക്കുന്ന പോലെ എന്നൊരു ചൊല്ലുണ്ട്, നാട്ടില്‍. ചെസ് കളിക്കാനുള്ള ഐ ക്യു പോയിട്ട്, ആ കരുക്കള്‍ കണ്ടാല്‍ പോലും എന്തെന്ന് തിരിച്ചറിയാനുള്ള വകതിരിവ് കരടിക്കില്ലെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. പിന്നെ കരടിയോട് കളിക്കാനുള്ള അപാര ധൈര്യവും വേണമല്ലോ. അഥവാ ഇനി മൃഗ സ്‌നേഹികളുടെയും മേനകാ ഗാന്ധിയുടെയും കണ്ണുവെട്ടിച്ച് കാട്ടില്‍ നിന്ന് ഒരു കരടിയെ പിടിച്ചു ചെസ് കളി പഠിപ്പിക്കുന്നുവെന്ന് കരുതുക. സാക്ഷാല്‍ മാഗ്‌നസ് കാള്‍സണിന്റെ കീഴില്‍ വര്‍ഷങ്ങള്‍ നീണ്ട കടുത്ത പരിശീലനമൊക്കെ കഴിഞ്ഞ് കരടിയെ ചെസ് ബോര്‍ഡിന് മുന്നില്‍ കളിക്കാന്‍ ഇരുത്തുന്നു. നിങ്ങള്‍ക്ക് പിന്നില്‍ പുരുഷാരം. വെളുത്ത കരുക്കള്‍ നീക്കി കളി തുടങ്ങാന്‍ കരടിയോട് നിര്‍ദ്ദേശിച്ചു. കരടി കൂര്‍ത്ത നഖങ്ങള്‍ നീട്ടി കൈകൊണ്ട് ചെസ് ബോര്‍ഡിന് കുറുകെ ഒരു വീശല്‍. ഇപ്പുറത്തിരിക്കുന്ന രാജ്ഞിയും രാജാവും എല്ലാം ഒരൊറ്റ നീക്കത്തില്‍ കളത്തിന് പുറത്ത്. കരടി ഏകപക്ഷീയമായി ജയം പ്രഖ്യാപിക്കുന്നു. മുന്നില്‍ ഇരിക്കുന്നത് കരടിയാണ് എന്ന ഉത്തമ ബോധ്യമുള്ള നിങ്ങള്‍ അപ്പോള്‍ ആരായി? ഇതാണ് ഒറ്റ ബുദ്ധികളോട് ഏറ്റുമുട്ടാന്‍ പോയിട്ട് തര്‍ക്കിക്കാനോ ഉപദേശത്തിനോ നില്‍ക്കരുതെന്ന് അറിവുള്ളവര്‍ പറയുന്നത്.
ഒറ്റബുദ്ധിയെന്ന് പറഞ്ഞാല്‍ ഈ നാട്ടില്‍ ഒന്‍പതെന്നും പറയും. ഇത്തരക്കാരുടെ യുക്തി സാക്ഷാല്‍ മുഴുത്ത യുക്തിവാദിയായ ജോസഫ് ഇടമറുകിനെ പോലും തോല്‍പ്പിക്കുന്നതാണ്. പണ്ട് സിപിഎമ്മുകാര്‍ക്കാണ് ഇത്തരം ഒറ്റ ബുദ്ധി യുക്തി ഉണ്ടായിരുന്നത്. 'മിസ്റ്റര്‍ ബുഷ് നിങ്ങള്‍ ഇറാഖിനെ ആക്രമിക്കുന്നതില്‍ നിന്ന് ഉടന്‍ പിന്‍മാറണമെന്ന് ഞാന്‍ ആവശ്യപെടുന്നു' എന്ന് തമ്പാനൂരില്‍ സ്‌റ്റേജ് കെട്ടി കാഥികന്‍ സാംബശിവന്റെ സ്വരത്തിലും ഭാവത്തിലും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ പ്രസംഗിക്കുമായിരുന്നു. പക്ഷേ കാലം പോക പോകേ അവര്‍ക്കും മണ്ടയില്‍ ബുദ്ധി ഉദിച്ചു. 'ഇപ്പോ വിപ്ലവം ഒക്കെ നിര്‍ത്തിയാടേ സദാശിവാ നിങ്ങടെ പാര്‍ട്ടി' എന്ന് അയല്‍പക്കത്തെ വര്‍ഗശത്രു ചോദിച്ചാല്‍ പറയാന്‍ മാത്രമായി എംവി ഗോവിന്ദന്‍ എന്ന ഒരൊറ്റ പീസിനെ മാത്രമായി നിര്‍ത്തിയിരിക്കുകയാണ്.
മഹത്തായ സോവിയറ്റ് സ്വപ്നം തകരുകയും ചൈനക്കാര്‍ സോഷ്യലിസ്റ്റ് മുതലാളിത്തത്തിലേക്ക് കളം മാറുകയും ചെയ്തതോടെ വിപ്ലവം പപ്പും പൂടയുമൊക്കെ കൊഴിഞ്ഞ് അന്താരാഷ്ട്രത്തില്‍ നിന്ന് വെറും ലോക്കലായി. പാവം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍!
പക്ഷേ, കേരളം ഒരു വിചിത്ര നാടാണ്. ഒരേ വായിലുടെ വിപ്ലവവും ആത്മീയതയും വില്‍ക്കാന്‍ മലയാളിയെ കവിഞ്ഞേ ഭൂമി മലയാളത്തില്‍ ആളുള്ളൂ. അങ്ങനെയുള്ള ഈ നാട്ടില്‍ ഇന്നും ഒറ്റ ബുദ്ധിയില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത ഒരു കൂട്ടരുണ്ട്. ആഗോള ഇസ്‌ലാമിന്റെ മൊത്തക്കച്ചവടക്കാരായ ജമാഅത്തെ ഇസ്‌ലാമിയാണ് ഈ ഒറ്റ ബുദ്ധി വിസ്മയം.
സമൂഹത്തില്‍ കുത്തിത്തിരിപ്പും ഭിന്നതയും വിദ്വേഷവും വിസ്മയം പോലെ പരത്തുന്നതില്‍ പ്രവൃത്തിയിലും ചിന്തയിലും സമാനമനസ്‌ക്കരാണെങ്കിലും ഹിന്ദുത്വ ഫാസിസ്റ്റുകളാണ് ഇക്കൂട്ടരുടെ ആഭ്യന്തര ശത്രു. സിയോണിസവും അമേരിക്കന്‍ സാമ്രാജ്യത്വവുമാണ് അന്തര്‍ദേശീയ തലത്തിലെ കൊടിയ ശത്രുക്കള്‍. ഈ മൂന്ന് കൂട്ടരുടെയും ചെയ്തികള്‍ നിരീക്ഷിച്ച് ഇക്കൂട്ടര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും ലോകവ്യാപകമായ പ്രത്യാഘാതമാണ് വരുത്തിവെക്കുന്നത്. ഒരിക്കല്‍ ഇന്നാട്ടില്‍ നിന്ന് കൊക്കകോള ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നടത്തി ഇവര്‍. ഒടുവില്‍ രഹസ്യമായി അര്‍ദ്ധരാത്രി കുടയും പിടിച്ച് ആഗോള കുത്തക മുതലാളി ഇവിടെ വന്ന് കാല് തിരുമ്മി വയറ്റിപിഴപ്പിന്റെ കണ്ണീര്‍കഥ പറഞ്ഞ് രക്ഷപെട്ട കഥ ബിസിനസ് സ്കൂളുകളില്‍ ഇപ്പോള്‍ പാഠപുസ്തകമാണ് 'ഹൗ ദേ ബാനിഷ്ഡ് ദി കോര്‍പ്പറേറ്റ് ജയന്റ് 'എന്ന പേരില്‍. കുട്ടികള്‍ക്ക് പഠിക്കാനായി ക്യൂബയിലും വടക്കന്‍ കൊറിയയിലും സചിത്ര കഥാപുസ്തകമായി ഇത് ഇറക്കിയട്ടുമുണ്ടത്രെ. മറ്റൊരിക്കല്‍ കുത്തക ടൂത്ത് പേസ്റ്റ് ബഹിഷ്‌കരിച്ച് ഇന്ത്യ മുഴുവന്‍ ഉമിക്കരി കമ്പനികള്‍ കൂണു പോലെ പൊട്ടി മുളക്കാന്‍ ഇടയാക്കിയത് ചലച്ചിത്രം ആക്കാന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസേയും ഫ്രാന്‍സിസ് കപ്പേളയും വരെ ശ്രമിച്ചിട്ടും കുത്തകകള്‍ ആയതിനാല്‍ സമ്മതിച്ചില്ലത്രെ.
വിപ്ലവകാരികളായതിനാല്‍ തന്നെ ഉത്തമ വിപ്ലവകാരി ലക്ഷണമുള്ള കുട്ടികളെ കുട്ടിക്കാലത്തു തന്നെ കണ്ടെത്താനും മിടുക്കരാണ്. ഒറ്റബുദ്ധിയാവാന്‍ ചില സവിശേഷ ഗുണഗണങ്ങള്‍ വേണം. ആര്‍ക്കും അങ്ങനെ പെട്ടെന്ന് ആവാന്‍ പറ്റില്ല. വര്‍ഷങ്ങള്‍ ചിലപ്പോള്‍ ദശാബ്ദങ്ങള്‍ നീളുന്ന പരിശീലനം വേണം. ഇവരുടെ വിദ്യാര്‍ഥി സംഘടനയായ സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ തന്നെ എടുക്കാം. പിതൃസംഘടനയെ പോലെ വിശേഷപ്പെട്ടതാണ്. ചുവരില്‍ സ്‌റ്റൈലായി എഴുതി വരുമ്പോള്‍ SIO എന്നാണെങ്കിലും 510 എന്നാണ് അവിശ്വാസികള്‍ പറയാറ്. ഇന്നലെകള്‍ വരെ അതൊക്കെ ഒരു സ്‌പോര്‍ട്‌സ്മാന്‍ സപിരിറ്റിലെ അവര്‍ എടുത്തിട്ടുള്ളൂ. സംശയമുണ്ടെങ്കില്‍ 501 ല്‍ നിന്ന് 510 ലേക്കുള്ള ദൂരം എത്രയെന്ന് ചോദിക്കൂ? അവര്‍ കൃത്യമായി പറയും ഒന്‍പതെന്ന്. അതാണ് വിശേഷ ബുദ്ധി.
ബഹിഷ്‌ക്കരണമാണ് പിതൃസംഘടനയുടെ ആയുധമെന്നരിക്കെ ഇവരുടെ ജനനവും ഒരു ബഹിഷ്‌കരണത്തിലൂടെയായി എന്നതും ഒട്ടും യാദൃച്ഛികമാവാന്‍ ഇടയില്ല. സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ എന്നാണ് പേരെങ്കിലും സംഘടനയില്‍ പെണ്‍കുട്ടികള്‍ക്ക് അംഗത്വമില്ല. അവര്‍ സ്റ്റുഡന്‍സില്‍ ഉള്‍പെടില്ലത്രെ. അവര്‍ക്ക് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഉണ്ട്. അത്രയ്ക്കാണ് ബഹിഷ്‌കരണത്തിലെ പ്രത്യയശാസ്ത്ര വ്യക്തത. ഇപ്പോള്‍ ഇവരുടെ പുതിയ ബഹിഷ്‌ക്കരണ പ്രഹരമേറ്റ ടാറ്റ മുതലാളി മുട്ടിടിയലും പരവേശത്തിലുമാണ്.
സിയോണിസ്റ്റ് രാജ്യമായ ഇസ്രയേലുമായി പങ്കു കച്ചവടത്തിന് പോയ ടാറ്റയുടെ 'സുഡിയോ' ബഹിഷ്‌കരിച്ചുകൊണ്ടാണ് എസ് ഐ ഒ യുടെ പുതിയ ഫത്‌വ. എവിടെ എസ്ഐഒ ഉണ്ടോ അവിടെ ജമാഅത്തുമുണ്ട് എന്നാണല്ലോ ചൊല്ല്. കല്ലേ പിളര്‍ക്കുന്ന ബഹിഷ്‌ക്കരണ ആഹ്വാനമായതിനാല്‍ ടാറ്റ മുതലാളി ലേ ഔട്ട് പ്രഖ്യാപിക്കാതിരിക്കാന്‍ പഴവങ്ങാടി ഗണപതി അമ്പലത്തില്‍ തേങ്ങയുടച്ച് പ്രാര്‍ത്ഥിക്കുകയാണ്.
അപ്പോ ടാറ്റയുടെ ബസ്, കാര്‍ തുടങ്ങി ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങളും ബഹിഷ്‌കരിക്കണ്ടേയെന്ന ചോദ്യം ചില കുത്തക ശിങ്കടിമാര്‍ ചോദിക്കുന്നുണ്ട്. കുറഞ്ഞ പക്ഷം ഇപി ജയരാജന്‍ സഖാവിനെ പോലെ, ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനവും ഉപേക്ഷിക്കണ്ടേയെന്നും ചിലര്‍ മൂപ്പിക്കുന്നുണ്ട്. പക്ഷേ മാവോയിസ്റ്റുകളെ പോലെ അപ്രായോഗികവാദികളല്ല വിസ്മയക്കാര്‍. എന്ത് നടിക്കണം എപ്പോള്‍ നടിക്കരുതെന്ന് ഓതിക്കൊടുക്കാന്‍ ആളുണ്ട്. പക്ഷേ, അപ്പോഴും ഇന്ത്യക്ക് എതിരെ അതിര്‍ത്തി കടന്ന് ഭീകരവാദം നടത്തി, നിഷ്‌കളങ്കരായ മനുഷ്യരുടെ ജീവന്‍ കവര്‍ന്ന പാകിസ്ഥാന് മറുപടി കൊടുത്തപ്പോള്‍ ആ പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്ക് എതിരെ ബഹിഷ്‌കരണമൊന്നും ഇല്ലേയെന്ന് ചോദിക്കരുത്. എല്ലാത്തിനും അതിന്‍റേതായ ന്യായമുണ്ട് ഉസ്താദേ.
പണ്ട് താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തപ്പോള്‍ 'വിസ്മയമായി താലിബാന്‍' എന്ന തലക്കെട്ട് നല്‍കാന്‍ കൊടുത്ത ധൈര്യത്തെയെങ്കിലും നിങ്ങള്‍ മാനിക്കണം ഹേ. തുര്‍ക്കിയില്‍ ഹാദിയ സോഫിയ കത്തീഡ്രല്‍ മുസ്‌ലീം ആരാധനാലയം ആക്കിയപ്പോഴും അസാമാന്യ ധൈര്യമാണ് പ്രകടിപ്പിച്ചത്. ഇന്ത്യയിലെയും കേരളത്തിലെയും മതേതരവാദികള്‍ അതിന് മുന്നില്‍ മലര്‍ന്നടിച്ച് വീഴുകയായിരുന്നു. തുര്‍ക്കിയിലെ മുസ്‌ലീം ബ്രദര്‍ഹുഡിനോടാണ് പ്രത്യയശാസ്ത്ര ചായ്‌വ് എന്നൊക്കെ കരക്കമ്പിയുണ്ടെങ്കിലും വികൃതി അതൊന്നും കാര്യമാക്കുന്നില്ല. മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ് ദോഷൈകദൃക്കുകളേ പ്രധാനം. അത് മറക്കരുത്. വേണമെങ്കില്‍ നിങ്ങള്‍ ഈ നാണയത്തിന്റെ മറുവശമായ സംഘപരിവാറിനോട് ചോദിച്ചാല്‍ മതി. പോരെങ്കില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ആയാലും മതി, അതും നിങ്ങളുടെ ഒരു വിശ്വാസത്തിന്.
അന്താരാഷ്ട്ര വ്യവഹാരങ്ങളില്‍ കുത്തിമറിയുന്ന കാരണമാവാം എല്ലാ പ്രവൃത്തിയിലും ഒരു അന്തര്‍ദേശീയ ചുവ വരുന്നത്. പാവങ്ങള്‍, മനഃപൂര്‍വ്വമല്ല. അല്ലെങ്കില്‍ പൗരത്വ ഭേദഗതി പ്രതിഷേധത്തില്‍ മുസലിം ബ്രദര്‍ഹുഡ് സഹോദരങ്ങളുടെ ഫോട്ടോ വരുന്നത് എങ്ങനെ? പലസ്തീന്‍ ഐക്യദാര്‍ഡ്യ പരിപാടിയില്‍ ഹമാസ് നേതാവ് വീഡിയോയില്‍ പ്രസംഗിക്കുന്നത് മാലോകരെ മുഴുവന്‍ കാണിക്കുന്നത് എങ്ങനെ? നമ്മളിങ്ങനെയാണെന്ന് അല്ലാതെ എന്ത് പറയാന്‍? ശുദ്ധന്‍ ദുഷ്ടന്റെ ഫലവും ചെയ്യുമല്ലോ.
അങ്ങനെയുള്ള കരടിയുമായി ചെസ് കളിക്കാനാണ് ഇപ്പോള്‍ യുഡിഎഫ്, പ്രത്യകിച്ച് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. മുമ്പ് പിണറായി സഖാവ് ഒന്നു കളിച്ചതാണ്. പിന്നീടാണ് അറിഞ്ഞത് ഉത്തരത്തിലിരുന്നത് മാത്രമല്ല, കക്ഷത്തിലിരുന്ന വോട്ട് കൂടി പോയെന്ന്. സഖാവിന് പിന്നെ എവിടെ, എപ്പോള്‍ കച്ചവടം നടത്തണമെന്നും നിര്‍ത്തണമെന്നും അറിയാമെന്നതിനാല്‍ വലിയ തടികേട് കൂടാതെ കഴിച്ചിലാക്കി. പക്ഷേ, വിഡി സതീശന്‍ എന്ന കപ്പിത്താന്‍ അങ്ങനെയല്ല. അല്ലെങ്കില്‍ തന്നെ ഇടത് പാര്‍ട്ടികള്‍ ഒന്നുമില്ലെന്ന ക്ഷീണമുണ്ട്. പിന്നെ വലത് മുന്നണിയെന്ന ചീത്തപ്പേരും. പാര്‍ട്ടി ഓഫീസ് മുറിയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുന്ന സിഎംപിയും ആര്‍എംപിയും ദേശീയ ഇടതനായ ഫോര്‍വേര്‍ഡ് ബ്ലോക്കും ഒന്നും ഒരു ഗും അല്ലെന്ന് കപ്പിത്താന് അറിയാം. റിസ്‌ക് എടുക്കുന്നവനുള്ളതാണല്ലോ കപ്പ്. അപ്പോള്‍, തന്നെ പോലെ പരന്ന ലോക വീക്ഷണവും ഉല്‍പ്പതിഷ്ണുതയുമുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ മുഖം(മൂടി) ആയ വെല്‍ഫയര്‍ പാര്‍ട്ടിക്ക് കൈകാടുത്താല്‍ എന്താ? നിലമ്പൂര്‍ ഒരു ടെസ്റ്റ് ഡോസ്. ഒന്ന് നാറിയാല്‍ പോകാനേയുള്ളതുള്ളൂ ഈ ദുര്‍ഗന്ധമൊക്കെ, കിട്ടാനുള്ളതോ മുഖ്യമന്ത്രിക്കസേര.
ഡല്‍ഹിയില്‍ തുറന്നിരിക്കുന്ന ആളും തിരക്കുമില്ലാത്ത സ്‌നേഹത്തിന്റെ കടയൊന്നും ഒരു പ്രശ്‌നമല്ല. പട്ടിണി കിടക്കുന്ന സിംഹത്തിന് എന്ത് ഹലാല്‍ ഇറച്ചി? പണ്ടേക്ക് പണ്ടേ കാവിക്കൊടി ഏന്തിയ ഭാരത മാതാവിന്റെയും മുന്‍ സര്‍സംഘചാലകിന്റെയും ഫോട്ടോയ്ക്ക് മുന്നില്‍ വിളക്ക് കത്തിച്ച അനുഭവം സതീശന് ഉള്ളതിനാല്‍ രണ്ടുണ്ട് ഗുണം എന്ന് ജമാഅത്തിനും അറിയാം. ആഭ്യന്തര ശത്രുവിന്റെ ഉള്ളുകളികള്‍ തരാതരം പോലെ ചോദിച്ചറിയാം. അതിനിനി കിതാബ് വായിച്ചും മറ്റ് ബുദ്ധി ജീവികളുടെ വാചകമടിയും കേള്‍ക്കേണ്ട. എനിക്ക് നീയും നിനക്ക് ഞാനും. ദൈവം പാതി നീ പാതി എന്നും പറയാം. എന്തായാലും വരാനിരിക്കുന്നത് വണ്ടി പിടിച്ചെങ്കിലും വരാതിരിക്കില്ല.
udf, welfare party cooperation in Nilambur By election, political satire
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates