കപ്പല്‍ കയറിവരുന്ന കശുവണ്ടിയും അദൃശ്യരായ ആ സ്ത്രീകളും

കൊല്ലത്തെ കശുവണ്ടി ഫാക്ടറികളും സ്ത്രീകളുടെ ജീവിതത്തില്‍ അതുണ്ടാക്കിയ മാറ്റങ്ങളും
a woman works in cashew factory
തകര്‍ച്ചയുടെ അവസാന പടിയില്‍ നില്‍ക്കുന്ന കശുവണ്ടി വ്യവസായവും കൊല്ലത്തെ കശുവണ്ടി തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ആത്മഹത്യകളും ഗൗരവമായ ഇടപെടലുകള്‍ ആവശ്യപ്പെടുന്നുണ്ട cashew industry in kollamfile
Updated on
3 min read

രാവിലെ ഏഴ് മണിയുടെ റെജിയ ബസ് പെരുമണ്ണില്‍ നീന്നും കണ്ടച്ചിറ, മാങ്ങാട് കറങ്ങി കിളികൊല്ലൂര്‍ കഴിഞ്ഞു കടപ്പാക്കട വഴിയാണ് കൊല്ലത്ത് എത്തുക. കശുവണ്ടിയാപ്പീസുകളിലേക്കു പോകുന്ന സ്ത്രീകളാണ് മുഴുവനും. അവരോടൊപ്പം ടൂറ്റോറിയലികളിലേക്ക് പോകുന്ന കുട്ടികളും ആശുപത്രികളിലെ മോര്‍ണിങ് ഷിഫ്റ്റിനുള്ള നഴ്‌സുമാരും ഒക്കെയുണ്ടാവും. വൈകുന്നേരം അഞ്ചരയുടെ റജിയയില്‍ വിയര്‍പ്പിന്റെ മണമുള്ള, കശുവണ്ടിക്കറയുടെ മണമുള്ള അവരെ കാണാമായിരുന്നു. ഇപ്പൊ അങ്ങനെയൊരു കാഴ്ചയില്ല.

കുണ്ടറയിലെ ഭൂരിഭാഗം കശുവണ്ടി ആപ്പീസുകളും ഒന്നുകില്‍ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ ലോണില്‍ ആയിരിക്കും. അല്ലെങ്കില്‍ പുത്തൂരും പവിത്രേശ്വരത്തും കണ്ടപോലെ ഒരു കാലഘട്ടത്തിന്റെ അവശേഷിപ്പുകളായി കാടുകയറി നില്‍ക്കുന്നുണ്ടാകും. എങ്കിലും ആഫ്രിക്കയില്‍ നിന്ന് കശുവണ്ടി ഇറക്കി ഇപ്പോഴും കച്ചവടം പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന മനുഷ്യരുടെ ആപ്പീസുകള്‍ രാവിലത്തെയോ വൈകുന്നേരത്തേയോ സൈറണ്‍ പോലും ഇല്ലാതെ എങ്ങനെയോ പ്രവര്‍ത്തിക്കുന്നുണ്ട്.

വളരെ വേഗത്തില്‍ കശുവണ്ടിയുടെ തോട് പൊട്ടിച്ചിരുന്ന കൊല്ലത്തെ സ്ത്രീകള്‍ കശുവണ്ടി വ്യവസായത്തിന്റെ നട്ടെല്ലായിരുന്നു. ആയാസം നിറഞ്ഞ അണ്ടിയാപ്പീസിലെ പണികള്‍ക്കായി ഫാക്ടറിയില്‍ എത്തിയിരുന്ന സ്ത്രീകള്‍ക്ക് ഫാക്ടറി പുറം ലോകത്തേക്കുള്ള വാതിലായിരുന്നു. തൊഴിലിടത്തെ ചൂഷണത്തെയും കശുവണ്ടിക്കറ നല്‍കിയ ആരോഗ്യ പ്രശ്‌നങ്ങളെയും സീസണ്‍ കണക്കാക്കി വന്നിരുന്ന തൊഴില്‍ അരക്ഷിതാവസ്ഥകളെയും നേരിട്ട് സ്ത്രീകള്‍ ഒരു തൊഴില്‍ സ്വഭാവം രുപീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കശുവണ്ടി വ്യവസായം ഇതര സംസ്ഥാന തൊഴിലാളികളുടെ കൈകളിലേക്ക് എത്തി. കണ്ടെയ്‌നറുകളില്‍ നിന്നും കശുവണ്ടി ഇറക്കി ശേഖരിച്ച്, ഉണക്കി, തോട് പൊളിച്ചൊക്കെ ഫാക്ടറികളിലെ പണികള്‍ ചെയ്യുന്നത് ഇതര സംസഥാന തൊഴിലാളികളായി മാറി. സ്ത്രീകളില്‍ നിന്നും പുരുഷന്മാരിലേക്ക് എത്തിയ കശുവണ്ടി വ്യവസായത്തിന്റെ എക്കോ സിസ്റ്റം, ഇതര സംസ്ഥാന തൊഴിലാളികളുടെ കുറഞ്ഞ കൂലി, തൊഴില്‍ സംസ്‌കാരം ഇവയെല്ലാം എങ്ങനെയാണ് കശുവണ്ടി വ്യവസായത്തെ മാറ്റിയത്? കശുവണ്ടി വ്യവസായം ഇല്ലാതായപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട വലിയൊരു വിഭാഗം സ്ത്രീകള്‍ അപ്രത്യക്ഷരായത് എങ്ങനെ? കേരളത്തിന്റ സാമൂഹ്യ പരിസരത്ത് അവര്‍ എങ്ങോട്ടാണ് അദൃശ്യരായത്?

a woman works in cashew factory
വെള്ളത്തിലും ഭക്ഷണത്തിലും ശരീരത്തിന് അകത്തുമുണ്ട്, പ്ലാസ്റ്റിക്!

കപ്പലുകയറി ആഫ്രിക്കയിലെ കശുവണ്ടി തോട്ടങ്ങളില്‍ നിന്നും കൊല്ലത്തെ കശുവണ്ടി ആപ്പീസുകളില്‍ എത്തി അവിടെ നിന്നും കൊല്ലത്തിന്റെ പേരും സ്വീകരിച്ച് അന്താരാഷ്ട്ര വിപണികളില്‍ എത്തുന്ന കശുവണ്ടിയുടെ യാത്ര ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. കൊല്ലത്തിന്റെ പ്രതാപകാലത്തിനെ അടയാളപ്പെടുത്തിക്കൊണ്ട് അവിടവിടെയായി കശുവണ്ടിയാപ്പീസുകള്‍ ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ അപ്പോഴും ആഫ്രിക്കയും കേരളവും കശുവണ്ടിയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ അദൃശ്യമാണ്.

അന്താരാഷ്ട്ര വിപണിയെ വിയറ്റ്‌നാം കീഴടക്കുന്നതിന് മുന്‍പ് എങ്ങനെയാണ് കേരളത്തിലെ ഒരു കൊച്ചു പട്ടണം ലോകവിപണിയില്‍ കശുവണ്ടി വ്യാപാരത്തെ നിയന്ത്രിച്ചിരുന്നത്? അതിന്റെ സാമ്പത്തിക ചരിത്രം, കശുവണ്ടി തൊഴില്‍ മേഖല വ്യവസായം എന്ന നിലയില്‍ അതിന്റെ വിവിധ അടരുകള്‍ പഠനത്തിന് വിധയമായിട്ടുണ്ട്. അന്ന ലിന്‍ഡബെര്‍ഗ് കശുവണ്ടി മേഖലയെ കുറിച്ച് പഠിച്ചതിനു ശേഷം ഗൗരവ സ്വഭാവമുള്ള പഠനങ്ങള്‍ കശുവണ്ടി മേഖലയെ കുറിച്ച് വന്നിട്ടില്ല. കശുവണ്ടി മേഖലയിലെ സ്ത്രീകള്‍, സമരങ്ങള്‍, തൊഴില്‍ നിയമങ്ങള്‍ ഇവയൊക്കെ ഗവേഷണ പ്രബന്ധങ്ങള്‍ ആയി വന്നിരുന്നു. എങ്കിലും കശുവണ്ടി വ്യവസായത്തിന്റെ വളര്‍ച്ചയെയും തകര്‍ച്ചയെയും വേണ്ടവിധം രേഖപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട് ഉടലെടുത്ത, മാറ്റത്തിന് വിധേയമായ കൊല്ലത്തിന്റെ സാമൂഹ്യ പരിസരങ്ങള്‍ പ്രത്യേകിച്ചും സ്ത്രീകളുടെ സോഷ്യല്‍ ലൊക്കേഷന്‍ എത്ര മാത്രം പഠിക്കപ്പെട്ടിട്ടുണ്ട് എന്ന അന്വേഷിക്കുമ്പോള്‍ കിട്ടുന്ന ഉത്തരം നിരാശജനകമാണ്.

കശുവണ്ടി വ്യവസായത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട, കശുവണ്ടിയുടെ ആഫ്രിക്കയുമായുള്ള ബന്ധം വളരെ അധികം സൂക്ഷമതയോടെ പഠിക്കേണ്ട മേഖലയാണ്. തിരുവിതാംകൂര്‍ പ്രിന്‍സിപ്പാലിറ്റിയുടെ ഭാഗമായിരുന്ന കൊല്ലം പട്ടണം, സ്വാതന്ത്ര്യത്തിനു മുന്‍പും ശേഷവും അമേരിക്കന്‍ കമ്പനികളുടെ പ്രാതിനിധ്യമുള്ള ഒരു വ്യവസായിക പട്ടണമായിരുന്നു. കൊല്ലത്തെ കമ്പനികളുടെ ഓഫീസുകള്‍ ന്യൂയോര്‍ക്കിലുമുണ്ടായിരുന്നു.

a woman works in cashew factory
'ഈ ടൈറ്റിലുകളുടെ കീഴില്‍ നിന്റെ പേരും ഒരു ദിവസം എഴുതിവരും, തീര്‍ച്ച'

കശുവണ്ടിയുടെ വ്യവസായിക ചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍, മംഗലാപുരത്ത് നിന്നും കൊല്ലത്ത് എത്തി ജനറല്‍ ഫുഡ്‌സിലൂടെ തദ്ദേശീയരായ വ്യവസായികളുടെ കൈയിലെത്തുമ്പോഴേക്കും കേരളത്തിന്റെ വ്യവസായിക ചരിത്രത്തിന്റെ വലിയ ഒരു പരിണാമ ദിശയാണ് കടന്നു പോകുന്നത്. കേരള ചരിത്രത്തിലെ വ്യാപാരത്തിന്റെ ചരിത്രത്തില്‍ കൊല്ലം നില്‍ക്കുന്നത് മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിന്റെ മുഖമായി മാത്രമല്ല. ക്ലേ ഇന്‍ഡസ്ടറി, ആലിന്‍ഡ് ഫാക്ടറി, പാര്‍വതി മില്‍സ്, ശ്കതികുളങ്ങളര നീണ്ടകര കേന്ദ്രമായ മത്സ്യ മേഖല, പുനലൂര്‍ പേപ്പര്‍മില്‍, മലയോര മേഖലയിലെ കുരുമുളകും സുഗന്ധ വ്യഞ്ജനങ്ങളും എന്നിങ്ങനെ കൊല്ലത്തെ വ്യവാസായിക ചരിത്രം അന്തരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. രേഖീയമല്ലാത്ത ഈ വ്യവസായിക ചരിത്രത്തിന്റെ ചിത്രം ഇത് വരെ നമുക്ക് അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.

പോര്‍ട്ടുഗീസുകള്‍ ബ്രസീലില്‍ തദ്ദേശീയരായ ഗോത്ര വിഭാഗങ്ങളില്‍ നിന്നാണ് കശുവണ്ടി സ്വീകരിച്ചതെന്ന് പറയപ്പെടുന്നു. അവിടെ നിന്നും കപ്പലുകയറി വന്ന കശുവണ്ടി അങ്ങനെ പറങ്കിയണ്ടി എന്നും അറിയപ്പെടുന്നു. പ്രത്യേക പരിപാലനം ഒന്നും വേണ്ടാത്ത കശുമാവിന്റെ വേരുകള്‍ക്ക് മണ്ണൊലിപ്പ് തടയാന്‍ കഴിയുമെന്ന് പോര്‍ട്ടുഗീസുകാര്‍ വിശ്വസിച്ചിരുന്നു. പോര്‍ച്ചുഗീസുകാരുടെ കീഴിലുണ്ടായിരുന്ന തീരപ്രദേശങ്ങളില്‍ എല്ലാം കശുമാവുകള്‍ കാണാം. കൊളോണിയല്‍ കാലഘട്ടത്തിലെ ബൊട്ടാണിക്കല്‍ ട്രസ്‌റന്‍ഫെറിന്റെ ഭാഗമായി കശുവണ്ടിയെ കാണാം. ബ്രസീലില്‍ നിന്നും പോര്‍ടുഗീസുകാരിലൂടെ ആഫ്രിക്ക വഴി ഇന്ത്യയില്‍, കേരളത്തില്‍ എത്തുന്ന ആഡംബര ഭക്ഷ്യ വസ്തുവായ കശുവണ്ടിയുടെ യാത്ര ഇന്ത്യന്‍ മഹാസമുദ്രത്തിലെ കൊളോണിയല്‍ സര്‍ക്കുലേഷന് ഉദാഹരണമാണ്. അങ്ങനെ പോര്‍ട്ടുഗീസുകാര്‍ കൊണ്ടു വന്ന കശുവണ്ടി വളര്‍ന്നു തോട്ടം വിളയായി, ആഡംബര ഭക്ഷണ വിഭമായി മാറി

എന്നാല്‍ കശുവണ്ടിയെ തോട്ടംവിളയില്‍ നിന്നും ഉദ്യാന വിളയായി മാറ്റിയതോയതോട് കൂടി കേരളത്തിന്റെ കാര്‍ഷിക ഭൂപടത്തില്‍ നിന്നും കശുവണ്ടി തോട്ടങ്ങള്‍ ഇല്ലാതെയായി. എന്നാല്‍ 'കൊല്ലം' ബ്രാന്‍ഡ് കശുവണ്ടിക്ക് അന്തരാഷ്ട്ര വിപണിയില്‍ വലിയ ആവശ്യമാണ് ഉണ്ടായിരുന്നത്. ആ ആവശ്യത്തെ നിറവേറ്റുന്നതിനുവേണ്ടിയാണ് ആഫ്രിക്കയില്‍ നിന്നും 1920 കള്‍ക്ക് ശേഷം തന്നെ കശുവണ്ടി ഇറക്കുമതി ചെയ്തു കൊണ്ടിരുന്നത്. 2025 ലും നമ്മള്‍ കശുവണ്ടിക്കു വേണ്ടി ആശ്രയിക്കുന്നത് ആഫ്രിക്കയിലെ രാജ്യങ്ങളെ തന്നെയാണ്. ആഫ്രിക്കയുമായുള്ള ബന്ധം കേരളത്തിന് അടിമത്തവുമായുള്ള ബന്ധത്തില്‍ അല്ല തുടങ്ങുന്നത്. ആഫ്രിക്കയില്‍ നിന്നുള്ള വ്യാപാര ബന്ധങ്ങള്‍ക്ക് കൊളോണിയല്‍ക്കാലത്തിനു മുന്‍പും ശേഷവുമുള്ള തുടര്‍ച്ചയുണ്ട്. അത് യൂറോപ്യന്‍ കണ്ണുകള്‍ കൊണ്ട് നോക്കും പോലെയാവില്ല കൊല്ലത്ത് നിന്നും നോക്കി കാണുന്നത്.

കൊല്ലത്ത് നിന്നും കശുവണ്ടി ശേഖരിക്കുവാനും കേരളത്തില്‍ എത്തിക്കുവാനും ആളുകള്‍ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലേക്ക് 2025 ലും പോകുന്നുണ്ട്. ആഫ്രിക്കയുമായി ബന്ധപ്പെട്ടു കിടക്കുന്ന ആ തൊഴില്‍ ചരിത്രം കേരളത്തിന്റെ തൊഴില്‍ ചരിത്രവുമായും ഇടകലര്‍ന്നു കിടക്കുകയാണ്. സാമ്രജ്യത്വം, തോട്ടം മേഖല, തൊഴിലാളി സമരങ്ങള്‍, തുറമുഖങ്ങള്‍, കയറ്റുമതി ഇറക്കുമതി കണക്കുകള്‍, സ്ത്രീകള്‍ , ആഫ്രിക്കന്‍ തീരം എന്നിങ്ങനെ ഗൗരവ പൂര്‍ണമായ പല വിഷയങ്ങളിലും ഇടകലര്‍ന്നു കിടക്കുന്നതാണ്.

തകര്‍ച്ചയുടെ അവസാന പടിയില്‍ നില്‍ക്കുന്ന കശുവണ്ടി വ്യവസായവും കൊല്ലത്തെ കശുവണ്ടി തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ആത്മഹത്യകളും ഗൗരവമായ ഇടപെടലുകള്‍ ആവശ്യപ്പെടുന്നുണ്ട്. കശുവണ്ടിയുടെ ചരിത്രം ചികയുമ്പോള്‍, രണ്ടാം ലോക മഹായുദ്ധ കാലത്ത് കശുവണ്ടിയുടെ തോടില്‍ നിന്നും ഉല്പാദിപ്പിക്കുന്ന എണ്ണ ഉപയോഗിച്ചിരുന്നതായി പറയുന്നുണ്ട്. ലോകവിപണയില്‍ വിലയേറിയ കശുവണ്ടിയുടെ തോടില്‍ നിന്നുമുള്ള എണ്ണ നമ്മുടെ തകര്‍ന്ന കശുവണ്ടി ആപ്പീസുകള്‍ പുനരുജീവിക്കാന്‍ കാരണമാകുമോ?

Summary

decline of cashew industry in kollam and its effects in the life of woman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com