
നിലവിലുള്ള നിയമങ്ങളെ അവഗണിച്ചുകൊണ്ട്, നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ച് കൊല്ലും എന്ന തീരുമാനം ജനപ്രതിനിധിസഭകള്‍ എടുത്താല്‍ എന്തു ചെയ്യും? അത്തരം പ്രസ്താവനകള്‍ പലയിടങ്ങളില്‍ നിന്നായി അടുത്തിടെ ഉണ്ടായിരുന്നുവെങ്കിലും നിയമസംരക്ഷണ ബാധ്യതയുള്ള ജനപ്രതിനിധിസഭകള്‍ക്ക് അത് ചെയ്യുന്നതില്‍ പരിമിതിയുണ്ട്. എന്നാല്‍ അടുത്തിടെ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതി അങ്ങനെയൊരു തീരുമാനം എടുത്തു. സംഭവം നടപ്പാക്കാന്‍ വേണ്ടി ഇരുപതംഗ ഷൂട്ടര്‍മാരുടെ പാനലും ഒരാഴ്ചയ്ക്കുള്ളില്‍ പഞ്ചായത്ത് ഉണ്ടാക്കി. ഭരണസമിതിയുടെ തീരുമാനം വന്നതുമുതല്‍ ഇതിന്റെ നിയമപ്രശ്‌നങ്ങളും ഭരണഘടനാപരമായ പ്രശ്‌നങ്ങളും സാമൂഹ്യപ്രശ്‌നങ്ങളും ചര്‍ച്ചയായി. എങ്കിലും പഞ്ചായത്തും പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലും പിന്മാറാതെ തീരുമാനം നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോയി. വനംമന്ത്രിയും വനംവകുപ്പും ഇതിലെ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയെങ്കിലും പഞ്ചായത്ത് ഇതൊരു വെല്ലുവിളിയായി തന്നെ ഏറ്റെടുത്ത് വരുന്നിടത്ത് വെച്ച് കാണാം എന്ന നിലപാടിലാണ്.
പേരാമ്പ്ര ബ്ലോക്കിന് കീഴില്‍ വരുന്ന ചക്കിട്ടപ്പാറ വയനാടുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്താണ്. വനവുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശം. വന്യജീവി ആക്രമണത്തിന്റെ പ്രശ്‌നം രൂക്ഷമാണ്. പതിനഞ്ച് വാര്‍ഡില്‍ പത്തും വനഭൂമിയോട് ചേര്‍ന്നാണുള്ളത്. ഇവിടെ സി.പി.എമ്മാണ് ഭരണകക്ഷി. മൃഗങ്ങളെ വെടിവെച്ച് കൊല്ലുക എന്ന തീരുമാനം ആദ്യമായല്ല പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മുമ്പ് തെരുവുനായ ശല്യം രൂക്ഷമായ സമയത്തും നായ്ക്കളെ വെടിവെച്ച് കൊല്ലുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ പ്രഖ്യാപനം ഉണ്ടായിരുന്നു. ഇത്തവണ അതില്‍ ആനയും പുലിയും കടുവയും കാട്ടുപോത്തും തുടങ്ങി എല്ലാ ജീവികളെയും ഉള്‍പ്പെടുത്തി. നിലവില്‍ അക്രമകാരികളായ കാട്ടുപന്നികളെ വെടിവെക്കാന്‍ മാത്രമാണ് പഞ്ചായത്തിന് അനുമതിയുള്ളത്. വിവാദ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കിയ ഓണററി വെല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി എടുത്തുമാറ്റാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വെടിവെച്ച് കൊല്ലാനുള്ള തീരുമാനം വൈകാരികമല്ല എന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം. തീരുമാനത്തില്‍ നിയമവിരുദ്ധതയുണ്ടെങ്കിലും ജനങ്ങളുടെ താത്പര്യത്തിനാണ് മുന്‍ഗണനയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഓണററി പദവി എടുത്ത് മാറ്റാനുള്ള വനംവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധവും മാര്‍ച്ചും നടത്താനാണ് പരിപാടി.
ഒരു ഭരണഘടനാസ്ഥാപനത്തിന് എങ്ങനെയാണ് നിയമത്തെ വെല്ലുവിളിക്കാന്‍ കഴിയുന്ന ഒരു തീരുമാനം പാസാക്കാന്‍ കഴിയുന്നത് എന്നാണ് ഇതിലെ പ്രശ്‌നം. ഇങ്ങനെയൊരു തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വന്യമൃഗത്തെ വെടിവെച്ച് കൊന്നാല്‍ ആരായിരിക്കും ഉത്തരവാദി, ആരായിരിക്കും നിയമനടപടി നേരിടേണ്ടിവരിക? ഇറങ്ങിപ്പുറപ്പെടുന്ന ഷൂട്ടര്‍മാരെങ്കിലും ഇത് ചിന്തിക്കേണ്ടേ? 1972 ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് കേരളസര്‍ക്കാരും ആവശ്യപ്പെടുന്നുണ്ട്. കൂടുതല്‍ അധികാരം സംസ്ഥാന സര്‍ക്കാറിനും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും വേണം എന്നാണ് നിയമത്തിനെതിരെ വാദിക്കുന്നവരുടെ പക്ഷം.
വെടിവെച്ച് കൊല്ലലാണ് ഏറ്റവും നല്ല പരിഹാര മാര്‍ഗം എന്ന് ചിന്തിക്കുന്നത് തെറ്റാണ്. മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ആഴത്തിലുള്ള പഠനങ്ങളും ശാസ്ത്രീയമായ രീതികളും അതിനായി പ്രത്യേകമായ വകുപ്പുകളും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതിനാണ് ഭരണകൂടങ്ങള്‍ ഊന്നല്‍ നല്‍കേണ്ടത്. വൈകാരികവും ജനങ്ങളെ കൈയ്യിലെടുക്കുന്നതുമായ പ്രഖ്യാപനങ്ങളും തീരുമാനങ്ങളും സംഘര്‍ഷങ്ങളെ ഒഴിവാക്കാന്‍ പര്യാപ്തമല്ല. ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം.
കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാന്‍ അധികാരം നല്‍കിയതിന് ശേഷം അയ്യായിരത്തോളം കാട്ടുപന്നികളെ വെടിവെച്ചുകൊന്നു എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നിട്ട് കാട്ടുപന്നിശല്യം കുറഞ്ഞതായി കേരളത്തില്‍ എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ? ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനം ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താനും പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്താനുമുള്ള ആലോചനകള്‍ക്ക് കളമൊരുക്കട്ടെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates