
അവയവ മാറ്റം ഇപ്പോള്‍ ഒട്ടുമിക്ക ആശുപത്രികളിലും ചെയ്യുന്നുണ്ട്. ഇപ്പോഴതൊരു വാര്‍ത്തയേയല്ല. എന്നാല്‍ അതിലൂടെ കടന്നുപോയവര്‍ക്കുമാത്രമേ അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ബോധ്യമാവൂ. അടുത്ത ബന്ധുക്കളില്‍ നിന്ന് അവയവം ലഭ്യമായില്ലെങ്കില്‍ പലവിധ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ദാനം ചെയ്യാന്‍ ആരെങ്കിലും തയ്യാറായാല്‍ത്തന്നെ സംശയത്തിന്റെ പേരു പറഞ്ഞ്, 1994 ലെ മാനുഷ്യാവയവങ്ങളുടെ മാറ്റിവെയ്ക്കല്‍ നിയമപ്രകാരം, നിയമപരമായി രൂപീകരിക്കപ്പെട്ട അധികാരികള്‍ക്ക് സമ്മതം നല്‍കാതിരിക്കാം. കാത്തിരിപ്പേറുന്ന അവയവക്കൈമാറ്റത്തില്‍ കേരള ഹൈക്കോടിയുടെ നിര്‍ണായക ഇടപെടലുണ്ടായത് ഈ സാഹചര്യത്തിലാണ്; അതിലേക്ക് വഴിവെച്ചത് ഇരുപതു വയസ്സുകാരന്റെ നിയമപോരാട്ടവും. ജീവിക്കാനുള്ള അവകാശത്തിനും ആഗ്രഹത്തിനും വേണ്ടിയുള്ള ഒരു തുറന്ന പോരാട്ടം. ഈ ഇടപെടലിന്റെ ഗുണഭോക്താക്കള്‍ ഒട്ടനവധിയാണ്.
കേസിന്റെ പശ്ചാത്തലം
മലപ്പുറം സ്വദേശിയായ ഉവൈസ് മുഹമ്മദിന്റെ ജീവിതം ദുരന്തങ്ങളുടെ തുടര്‍ച്ചകൊണ്ട് തളര്‍ത്തുന്നതായിരുന്നു. വൃക്കരോഗം ബാധിച്ച്, ജീവിതത്തോട് മല്ലടിക്കുന്ന 20 വയസ്സുള്ള ഉവൈസ് മുഹമ്മദ്. ഉവൈസിന്റെ പിതാവും വൃക്ക രോഗിയായിരുന്നു. പിതാവ് ഇപ്പോള്‍ ജീവിതം മുന്നോട്ടു നീക്കുന്നത് ഭാര്യയുടെ വൃക്ക സ്വീകരിച്ചതിലൂടെയാണ്. അതുകൊണ്ടു തന്നെ ഉവൈസിനു വൃക്ക നല്കാന്‍ അടുത്ത ബന്ധുക്കള്‍ ആരുമില്ല. കുടുംബം മുഴുവന്‍ രോഗം പിടിമുറുക്കുന്ന സാഹചര്യത്തിലാണ് ഉവൈസ് വൃക്ക ദാതാവിനെ തേടി അലയുന്നത്. ഉവൈസിന്റെ ദുരിത ജീവിതം കേട്ടറിഞ്ഞ 30 കാരിയായ ഒരു യുവതി വൃക്കദാനത്തിനു തയാറായി. വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ഇളയ സഹോദരനെ നഷ്ടപ്പെട്ട ആ യുവതി ഉവൈസിന് താങ്ങായി എത്താന്‍ തീരുമാനിച്ചു. അവിടെയാണ് നിയമത്തിലെ കടുത്ത വ്യവസ്ഥകള്‍ ഉവൈസിനുമുന്നില്‍ തടസ്സങ്ങളുണ്ടാക്കിയത്. തളരരുത് തകരരുത് എന്ന് ഉവൈസ് ജീവിതംകൊണ്ട് എഴുതിച്ചേര്‍ത്തു. ഉവൈസിന്റെ പോരാട്ടം ഇവിടെ തുടങ്ങുകയായി.
മാനുഷ്യാവയവങ്ങളുടെ മാറ്റിവെയ്ക്കല്‍ നിയമം (The Transplantation of Human Organs and Tissues Act,1994) അനുസരിച്ചു രണ്ടുപേരും ചേര്‍ന്ന് ഓതറൈസേഷന്‍ കമ്മിറ്റിക്ക് (District Level Authorization Committee for Transplantation of Human Organs) അപേക്ഷ നല്‍കിയെങ്കിലും ജില്ലാ പൊലീസ് മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന പേരില്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന്, സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ അപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടെങ്കിലും, ഫലമുണ്ടായില്ല. പിന്നീട് ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വൃക്ക നല്‍കാന്‍ യുവതി സ്വമേധയാ സമ്മതിച്ചതാണെന്നും സംശയകരമായ ഒന്നുമില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ പരിഗണിക്കാമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും അനുമതി ലഭിച്ചില്ല. തുടര്‍ന്നാണ് കേസ് വീണ്ടും കോടതിയിലെത്തിയത്.
നിയമം പറയുന്നത്
നിയമത്തിലെ വകുപ്പ് 2 പ്രകാരം 'അടുത്ത ബന്ധുക്കളെ' ഭാര്യ, മകന്‍, മകള്‍, പിതാവ്, 'അമ്മ, സഹോദരന്‍, സഹോദരി, മുത്തച്ഛന്‍, മുത്തശ്ശി, കൊച്ചുമകന്‍ അല്ലെങ്കില്‍ കൊച്ചുമകള്‍ എന്നിങ്ങനെ നിര്‍വചിക്കുന്നു. ബന്ധുക്കള്‍ അല്ലാത്തവര്‍ക്കിടയില്‍ അവയവദാനത്തിനു ഓതറൈസേഷന്‍ കമ്മിറ്റി അംഗീകരിക്കണം. അതിനുള്ള നിയമത്തിലെ വ്യവസ്ഥകള്‍ ഇവയൊക്കെയാണ്: ദാനം നിസ്വാര്‍ത്ഥമാണെന്നും സാമ്പത്തിക ഇടപാടുകളുടെ അടിസ്ഥാനത്തിലല്ലെന്നും കമ്മിറ്റി ഉറപ്പാക്കണം. സ്വീകര്‍ത്താവും ദാതാവും തമ്മില്‍ വാണിജ്യപരമായ ഇടപാടുകളുണ്ടോയെന്നും ദാതാവിന് പണം നല്‍കിയിട്ടുണ്ടോയെന്നും, ദാതാവിനോ മറ്റേതെങ്കിലും വ്യക്തിക്കോ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടോയെന്നും വിലയിരുത്തണം; അവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രസ്തുത വാഗ്ദാനത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും വിശദീകരണം തയ്യാറാക്കണം; ദാതാവ് ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കണം; ബന്ധത്തിന്റെ രേഖാമൂലമുള്ള തെളിവുകള്‍ പരിശോധിക്കണം. ഉദാഹരണം: അവര്‍ ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നതിന്റെ തെളിവ് മുതലായവ; ഇതില്‍ ഇടനിലക്കാരനോ ദല്ലാളോ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വിലയിരുത്തണം; കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ അവരുടെ തൊഴിലിന്റെയും വരുമാനത്തിന്റെയും ഉചിതമായ തെളിവുകള്‍ നല്കാന്‍ ആവശ്യപ്പെടുന്നതിലൂടെ സ്വീകര്‍ത്താവിന്റെ സാമ്പത്തിക നില വിലയിരുത്തുകയും വാണിജ്യ ഇടപാട് തടയുകയെന്ന ലക്ഷ്യത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടിന്റെയും അവസ്ഥ തമ്മിലുള്ള മൊത്തത്തിലുള്ള അസമത്വം വിലയിരുത്തുകയും വേണം; ദാതാവ് മയക്കുമരുന്നിന് അടിമയല്ലെന്ന് ഉറപ്പാക്കണം; ദാതാവിന്റെ അടുത്ത ബന്ധുവുമായോ അല്ലെങ്കില്‍ അടുത്ത ബന്ധു ലഭ്യമല്ലെങ്കില്‍ രക്തബന്ധത്തിലൂടെയോ വിവാഹത്തിലൂടെയോ ദാതാവുമായി ബന്ധപ്പെട്ട ഏതെങ്കിലും മുതിര്‍ന്ന വ്യക്തിയുമായോ, അവയവം ദാനം ചെയ്യാനുള്ള അവന്റെ അല്ലെങ്കില്‍ അവളുടെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള അവബോധത്തെക്കുറിച്ചും, ദാതാവും സ്വീകര്‍ത്താവും ബന്ധത്തിന്റെ ആധികാരികതയും, അവയവദാനത്തിനുള്ള കാരണങ്ങളും സംബന്ധിച്ച് അഭിമുഖം നടത്തുന്നുവെന്ന് ഉറപ്പാക്കണം. മാത്രമല്ല പ്രസ്തുത കുടുംബാംഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകളോ ശക്തമായ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അത് രേഖപ്പെടുത്തുകയും വേണം.
കോടതിയുടെ നീരീക്ഷണം
നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം അവയവ ദാനം മാനുഷിക പരിഗണനകളിലാണോ എന്ന് അധികാരികള്‍ പരിശോധിക്കേണ്ടതുണ്ട്. ഒരു അവയവദാനം മാനുഷിക പരിഗണനകളാലാണോ, അതോ, അതൊരു വാണിജ്യപരമായ ഇടപാടാണോ എന്ന് നിര്‍ണ്ണയിക്കാന്‍ കൃത്യമായ സൂത്രവാക്യങ്ങളൊന്നുമില്ല. എന്നിരുന്നാലും, നിലവിലുള്ളതുപോലുള്ള നാമമാത്രമായ കേസുകളില്‍, അവയവദാനത്തിനുള്ള അംഗീകാരം നല്‍കുന്നതും നിരസിക്കുന്നതും തമ്മിലുള്ള വ്യത്യാസം ഒരു ഇടുങ്ങിയ രേഖയാല്‍ വേര്‍തിരിക്കപ്പെടുന്നു. അവയവക്കൈമാറ്റത്തിലെ വാണിജ്യ ഇടപാടുകള്‍ നിരോധിക്കുക, ദുര്‍ബലരായ വ്യക്തികളെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുക എന്നിവയാണ് പ്രസ്തുത നിയമത്തിന്റെ പ്രശംസനീയമായ ഉദ്ദേശ്യം. അനുകമ്പയുള്ള ചില വ്യക്തികള്‍ ഒരു കുടുംബാംഗത്തിനോ സുഹൃത്തിനോ ഒരു പുതിയ ജീവിതം നല്‍കുന്നതിനായി അവരുടെ അവയവങ്ങള്‍ നിസ്വാര്‍ത്ഥമായി ദാനം ചെയ്യാന്‍ തയ്യാറാണെന്നത് മറക്കരുത്. അതിനാല്‍, ബന്ധുക്കളല്ലാത്തവര്‍ തമ്മിലുള്ള ഓരോ അവയവമാറ്റവും സൂക്ഷ്മപരിശോധന നടത്തുകയോ അത്തരം സംക്ഷിപ്ത നടപടികളില്‍ അവയെ സംശയത്തോടെ കാണുകയോ ചെയ്യുന്നത് അപ്രായോഗികമായിരിക്കും.
സ്വന്തം പിതാവും ഒരു വൃക്ക രോഗിയായിട്ടുള്ള 20 വയസ്സുള്ള ഒരു ആണ്‍കുട്ടിയാണ് ഉവൈസ് എന്ന കാര്യം ഓര്‍മ്മിക്കേണ്ടതാണ്. അവന്‍ സാമ്പത്തികമായി മെച്ചപ്പെട്ട പശ്ചാത്തലത്തില്‍ നിന്നുള്ളയാളാണെന്നും അവയവം വാങ്ങാന്‍ കഴിയുമെന്നും കാണിക്കുവാന്‍ ഒരു തെളിവും ഇല്ല. അതേ രോഗം ബാധിച്ച് മരിച്ച യുവതിയുടെ മരിച്ചുപോയ സഹോദരനെ ഓര്‍മ്മിക്കുന്നതിനാലാണ്, ഉവൈസിന്റെ ജീവന്‍ രക്ഷിക്കുവാന്‍ മാനുഷിക പരിഗണനകളാലാണ് വൃക്ക ദാനം ചെയ്യുന്നതെന്ന യുവതിയുടെ വാദം വിശ്വസനീയവുമാണ്. എന്നാല്‍ വ്യാപാരം നടന്നിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരുടെ അപേക്ഷ നിരസിച്ചതെന്ന് വ്യക്തമാകും. മാത്രമല്ല നാം ഒരു പ്രധാന വസ്തുത കൂടി പരിഗണിക്കേണ്ടതുണ്ട്. ഹര്‍ജിക്കാര്‍ക്ക്, ഒരു സത്യവാങ്മൂലത്തിലൂടെ വാണിജ്യപരമായ ഘടകങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രസ്താവിക്കാന്‍ മാത്രമേ കഴിയൂ. ഹര്‍ജിക്കാരുടെ പ്രസ്താവനയുടെ സത്യസന്ധതയെക്കുറിച്ച് അംഗീകാര സമിതിക്ക് സംശയം ഉണ്ടായിരുന്നെങ്കില്‍, അവര്‍ ഹര്‍ജിക്കാരില്‍ നിന്ന് വ്യക്തത തേടുകയോ അവരുടെ സംവിധാനത്തിലൂടെ അന്വേഷണം ആരംഭിക്കുകയോ ചെയ്യണമായിരുന്നു.
ഒരു വാണിജ്യ ഘടകം സ്ഥാപിക്കുന്നതിന് വ്യക്തമായ വിവരങ്ങള്‍ ഇല്ലെങ്കില്‍ വൃക്ക ദാനത്തിനുള്ള അനുമതി നിരസിക്കാന്‍ കഴിയില്ല. അവയവദാനം പൂര്‍ണ്ണമായും മാനുഷിക പരിഗണകളാലാണെന്ന് ദാതാവ് ഉറപ്പിച്ച് പറയുമ്പോള്‍, നേരെമറിച്ച് വിശ്വസിക്കാന്‍ മതിയായ തെളിവുകളില്ലെങ്കില്‍, ആ പ്രസ്താവനയെ അംഗീകരിക്കേണ്ടതാണ്. മാനുഷിക പരിഗണനകളാല്‍ അവയവങ്ങളോ കോശങ്ങളോ ദാനം ചെയ്യാന്‍ അടുത്ത ബന്ധുക്കളല്ലാത്ത മനുഷ്യരും തയാറാകുമെന്നുള്ള ശുഭാപ്തിവിശ്വാസം നമുക്കുണ്ടായിരിക്കണം.
വിഷയം വീണ്ടും പരിഗണിക്കുന്നതിനായി അതോറിറ്റിക്ക് കൈമാറുന്നത് വിവേകശൂന്യമായിരിക്കും. കാരണം സമയം പ്രധാനമാണ്. കൂടുതല്‍ കാലതാമസം ഉണ്ടായാല്‍ അത് യുവാവിന്റെ ജീവിതത്തെ അപകടത്തിലാക്കും. 'ഇത് ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ചോദ്യമാണ്. ഇത് ജീവിതത്തിന്റെ അര്‍ത്ഥത്തെ കുറിച്ചുള്ള ചോദ്യമാണ്,' ലിയോ ടോള്‍സ്‌റ്റോയിയുടെ വാക്കുകള്‍ ഉദ്ധരിച്ച കോടതി, അവയവമാറ്റ നടപടിക്രമത്തിന് അനുമതി നല്‍കാന്‍ അധികാരികളോട് നിര്‍ദ്ദേശിച്ചു.
ഈ വിധി ഹര്‍ജിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക മാത്രമല്ല, സമാനമായ സാഹചര്യങ്ങളിലുള്ള എണ്ണമറ്റ മറ്റുള്ളവര്‍ക്ക് അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു. അവയവമാറ്റത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക്, ഈ തീരുമാനം പ്രതീക്ഷയുടെ കിരണമാണ്. പ്രതീക്ഷകളാണ്, പ്രത്യാശകളാണ് ഏതൊരു രോഗിയുടെയും ആദ്യത്തെ മരുന്ന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates