
അംഗേള്‍സിയില്‍ നിന്നും അവളെയുംകൂട്ടി
തിരികെ കാര്‍ഡിഫിലേക്ക് വരുന്ന വഴി
മനസിനേക്കാള്‍ അനിശ്ചിതമായ
വെല്‍ഷ് പകലുകള്‍ക്ക്
വിപരീതമായി
കത്തിപ്പടരുന്ന വെയിലിലും
തണുപ്പൊഴിയാതെ നിന്നു.
നിശ്ചിതമായ,
ഏറെക്കുറെ പരിചിതമായ
തിരിവുകളിലില്‍ ഒന്നിനുമുന്‍പ്
അവള്‍ പറഞ്ഞു.
'നമുക്ക് ലലന്‍ബെറിസ്
വഴി പോകേണ്ട!'
ഞാന്‍ ആദ്യമൊന്ന് ആശ്ചര്യപ്പെട്ടു.
കോവിഡിന് ശേഷം
അംഗേള്‍സിയിലെ കെയര്‍ഹോമില്‍
സോഷ്യല്‍ വര്‍ക്കര്‍ ആയതില്‍പ്പിന്നെ
പതിമൂന്നാം തവണയാണ് ഞാന്‍
അവളെകൂട്ടാന്‍ കാറുമായി വരുന്നത്.
എത്ര കഠിനമായ കാലാവസ്ഥയായാലും
ഞങ്ങള്‍ ലലന്‍ബെറിസില്‍നിന്നും ചുരം കേറും.
മലഞ്ചെരിവുകളില്‍ ചെമ്മരിയാടുകള്‍ മേയുന്നതും
ഓരോ മലമടക്കിലും പ്രകൃതി
പുതിയ പുതിയ സ്‌റ്റോറീസ്
അപ്‌ലോഡ് ചെയ്യുന്നതും നോക്കി
മാറിമാറി ഞങ്ങള്‍ ഡ്രൈവ് ചെയ്യും.
നാന്റ് പെരിസില്‍ ഒരു പാര്‍ക്കിംഗ് സ്‌റ്റേഷനുണ്ട്,
അവിടെയിറങ്ങി താഴ്‌വാരത്തോട്ട് നടക്കും.
മലയില്‍നിന്നും അരിച്ചിരിറങ്ങുന്ന
അരുവികളില്‍ ഒന്നില്‍നിന്നും
അവള്‍ വെള്ളം കുടിക്കും.
എണ്ണമറ്റ മഴകള്‍
മിനുസപ്പെടുത്തിയ കല്ലുകളിലൊന്നില്‍
ഞങ്ങള്‍ കെട്ടിപ്പിടിച്ചിരിക്കും.
അപ്പോഴൊക്കെ
പരാജയപ്പെടില്ലന്ന് ഉറപ്പുള്ള
ഒരു റഫറണ്ടംപോലെ
അവള്‍ പ്രഖ്യാപിക്കും
'ഈ നാട് നമുക്ക് വേണ്ട.
നിന്റെ നാട്ടിലേക്ക് പോകാം
ക്രാക്കഫില്‍ നമുക്ക് ജീവിതം തുടങ്ങാം.
നഗരചത്വരത്തില്‍ കുതിരവണ്ടി
ഓടിക്കുന്ന ജോലി നിനക്കും
പൂക്കള്‍കൊണ്ട് നഗരമലങ്കരിക്കുന്ന
ജോലി എനിക്കും.
എനിക്ക് പൊളാന്‍സ്‌കി
രക്ഷപെട്ട ഘെറ്റോ കാണണം.
ഓഷ്‌വിച്ചില്‍ ഇന്നും അവസാനിക്കാത്ത
ആത്മാക്കളുടെ അലമുറകളില്‍
സഖ്യം ചേരണം.
ഇടക്ക് കുന്ദേരയുടെ
ഉയിരടയാളങ്ങളില്‍
മുങ്ങി നിവരാന്‍
പ്രാഗിലേക്ക് പോകണം.'
താഴ്‌വാരത്തില്‍നിന്നും മടങ്ങുംവഴി
അടുത്തുള്ള പബ്ബില്‍ കയറി അവള്‍
ആപ്പിള്‍ സൈഡര്‍ കുടിക്കും,
അവിടെ ഒരു പൂച്ചയുണ്ട്, വുള്‍ഫ്.
അവള്‍ വരുമ്പോള്‍
അത് അവളുടെ
ചെല്‍സി ബൂട്ടില്‍മാത്രം
മുഖമുരച്ചിരിക്കും.
പബ്ബിലെ മധ്യവയസ്‌കയോട്
അവള്‍ വെല്‍ഷില്‍ സംസാരിക്കുന്നത്
ഞാന്‍ നോക്കിയിരിക്കും.
മലയിറങ്ങിയിറങ്ങി ഞങ്ങള്‍
കാര്‍ഡിഫ് ബേയില്‍ എത്താനായി.
വണ്ടിയില്‍ 'സം വണ്‍ ലൈക് യു'
കുരുങ്ങി കിടക്കുന്നു.
ഞാന്‍ കഴിയുന്നത്ര
നിര്‍വികാരത അഭിനയിച്ച്
അവളോട് ചോദിച്ചു:
'ഇനിയും കുറച്ച് ദിവസങ്ങളേയുള്ളു,
നീ വരുന്നില്ലേ?'
കയറിയപ്പോഴേ ധരിച്ച
ഫേസ് മാസ്‌കിനടിയിലൂടെ
ഞാന്‍ ഉത്തരം കാത്തിരുന്നു.
അവള്‍ സണ്‍ഗ്ലാസ് എടുത്ത് ധരിച്ച്
ബ്രിസ്റ്റള്‍ ചാനല്‍ നോക്കിയിരുന്നു.
ഞാന്‍ വൈകാതെ
ക്രാക്കഫിലേക്ക് മടങ്ങി.
അവള്‍ അംഗേള്‍സിയില്‍ സ്ഥിരതാമസമാക്കി.
ഞങ്ങളുടെ കാര്‍ഡിഫിലെ വീട്ടില്‍
രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
താമസിക്കാന്‍ കരാറായി.
രണ്ടായിരത്തി ഇരുപത്തിരണ്ട്
ജനുവരി ഇരുപത്തിയേഴിന്
അവള്‍ അവളുടെ സുഹൃത്തിനോടൊപ്പം
ക്രാക്കഫിലേക്ക് വന്നു.
എന്റെ കുതിരവണ്ടിയില്‍ കയറി.
വണ്ടി നീങ്ങുമ്പോള്‍ അവള്‍
അയാളോട് പറയുന്നത് കേട്ടു
'ഈ ചത്വരംമാത്രേയുള്ളു
ക്രാക്കഫ് ഒരു ദരിദ്ര നഗരമാണ്.'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക