ദി ലൂപ്പ് - ശാലിനി സികെ എഴുതിയ കഥ

ദി ലൂപ്പ് - ശാലിനി സികെ എഴുതിയ കഥ
Updated on

'ഭൂമി ഉരുണ്ടതാണെന്ന് കണ്ടുപിടിച്ചതാര്?

ഗലീലിയോ'

പോക്കറ്റ് റോഡ് കടന്ന് വിപിന ബസ് സ്‌റ്റോപ്പിലെത്തുമ്പോഴേയ്ക്കും ഉണ്ണിക്കുട്ടന്റെ വായനയുടെ ആവൃത്തി നേര്‍ത്തു വന്നു.

പട്ടണത്തിലേക്കോടുന്ന ബസിനെ കാത്തു നില്‍ക്കുന്ന കൂട്ടത്തിലൊരാളായി അവളും.

'ബസ് വരാറായോ?'

സംബോധനയില്ലാത്ത ചോദ്യത്തിന് പരിചയമുള്ളൊരാള്‍ മറുപടി പറഞ്ഞു.

'അഞ്ചു മിനിറ്റ് കൂടിയുണ്ട് .'

ലൈസന്‍സ് ഉണ്ടെങ്കിലും കാറോടിക്കാന്‍ വിപിനയ്ക്ക് ധൈര്യമില്ല. ക്ലച്ചും ഗിയറും തമ്മില്‍ ചവിട്ടും തൊഴിയുമുള്ള പശുവും കറവക്കാരനുമായുള്ള ബന്ധമാണ്. സന്തത സഹചാരിയായ വെസ്പ പണിയും മുടക്കി.

സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ ഓഫ് റോഡ് സവാരിയും ഓപിയിലെ ഇരിപ്പും തീയേറ്ററിലെ നില്‍പ്പും വാര്‍ഡിലെ നടപ്പും കൂടി നടുവും കാലും തകരാറിലായി തുടങ്ങിയിട്ടുണ്ട്. രോഗികളെക്കാള്‍ മോശം അവസ്ഥയുള്ള ഡോക്ടര്‍.

'സുരേഷേട്ടാ '

ഉച്ചത്തിലുള്ള വിളിക്കൊപ്പം സ്‌പ്ലെന്‍ഡറിന്റെ ബ്രേക്ക് ഉരഞ്ഞ ശബ്ദവും ടയര്‍ കരിഞ്ഞ മണവും.

ചിലന്തി വലയുടെ ചിത്രമുള്ള വെളുത്ത ടീഷര്‍ട്ടിന് മുന്നില്‍ കറുത്ത കണ്ണാടി തൂക്കിയിട്ട ട്രൗസറുകാരന്‍, മധ്യവയസ്‌ക്കന്‍, ബേക്കറിക്കുള്ളില്‍ നിന്ന് ടിഷ്യു ഉപയോഗിച്ച് മുഖം തുടച്ചുകൊണ്ട് ഇറങ്ങി വന്നു.

' നിങ്ങളെന്തിനാ നെല്ലിക്കലെ ചെക്കനെക്കുറിച്ച് തിരക്കിയത് ?'

സ്‌പ്ലെന്‍ഡറുകാരന്‍, രാധാകൃഷ്ണന്‍, നാട്ടിലെ ലൊട്ടുലൊടുക്ക് വകുപ്പുകള്‍ മൊത്തത്തില്‍ കൈകാര്യം ചെയ്യുന്ന മനുഷ്യന്‍. അയാള്‍ സുരേഷേട്ടാ എന്ന് സംബോധന ചെയ്തയാളെ വിപിനക്ക് പരിചയമില്ല. വെടി പൊട്ടുന്ന ശബ്ദത്തിലേ വര്‍ത്തമാനം പറയൂ എന്നതൊഴിച്ചാല്‍ രാധാകൃഷ്ണനൊരു ഉപകാരിയാണ്.

ഇയാളെങ്ങനെയാവും തന്റെ ഭാര്യയോട് സ്വകാര്യം പറയുകയെന്ന് വിപിന പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അങ്ങനെയൊന്ന് അവര്‍ക്കിടയിലുണ്ടാകുമോ?

സുരേഷ് പറഞ്ഞത് അവിടെ നിന്ന ആരും കേട്ടില്ല. പക്ഷേ, രാധാകൃഷ്ണന്റെ മറുപടി വ്യക്തമായിരുന്നു.

'കന്നിച്ചാവിന്റെ ശാപമൊള്ള വീടാ. അങ്ങോട്ട് പെണ്ണിനെ കെട്ടിച്ചു വിടാന്‍ നിങ്ങക്ക് ഭ്രാന്തൊണ്ടോ? '

തനിക്ക് സുരേഷിനോടുള്ള പരിചയത്തിന്റെ വര്‍ഷങ്ങളുടെ എണ്ണം, സ്‌നേഹത്തിന്റെ അളവ്, കടപ്പാടിന്റെ കടുപ്പം എന്നിവയും പിന്നാലെയെത്തി. പ്രേമം റീലും ജീവിതം റിയാലിറ്റിയുമാണെന്ന മോഡേണ്‍ തത്വവും ഡെലിവര്‍ ചെയ്ത്, സംഭാഷണമവസാനിപ്പിച്ച്, ബൈക്കിന്റെ കിക്കറിലേക്ക് രാധാകൃഷ്ണന്‍ അരിശം തീര്‍ക്കുമ്പോള്‍ വിപിനയ്ക്കുള്ള ബസ് വന്നു.

ഏകാന്ത സഞ്ചാരങ്ങളോടാണ് ഏറ്റവുമിഷ്ടമെന്ന് അന്നേ പറഞ്ഞതുമാണ്. എവിടേക്ക് പോയാലും അവളിലേക്ക് മടങ്ങിയെത്തുമെന്നും.

നെല്ലിക്കലെ കന്നി ചാവിന്റെ കഥ രഹസ്യമൊന്നുമല്ല. ആ കുടുംബത്തിലെ പെണ്ണുങ്ങള്‍, കെട്ടിക്കൊണ്ട് വന്നതായാലും, കെട്ടി പോയതായാലും, ആദ്യത്തെ സന്താനം ചാപിള്ളയായിരിക്കുമത്രേ. ഏതോ ശാപമാണ് പോലും!

ജനനവും മരണവും ഒരേ നദിയുടെ ഇരു കരകളാണെന്ന് യുട്യൂബില്‍ മെഡിറ്റേഷന്‍ ക്ലാസ്സെടുക്കുന്ന ഗുരുജി ആവര്‍ത്തിക്കുന്നത് വിപിന കേള്‍ക്കാറുള്ളതാണ്. ജനനത്തിനും മരണത്തിനുമിടയിടയില്‍ ജീവിതമെന്ന ദൂരമുണ്ട്.

ആ നടവഴിയുടെ നാലിലൊന്ന് ദൂരം പോലും നടന്നു തീര്‍ക്കാത്തവള്‍ക്ക് അതെങ്ങനെയെന്നതിനെക്കുറിച്ച് ധാരണ പോരാ.

ഉണ്ണിക്കുട്ടന്റെ വായന സ്മൃതിയില്‍ മുഴങ്ങി. ഭൂമി ഉരുണ്ടതാണെന്ന് കണ്ടുപിടിച്ചത് ഗലീലിയോ ആണെന്ന ചരിത്രം വിപിനയും പഠിച്ചിട്ടുണ്ട്. ഭൂമി മാത്രമല്ല, ഭൂമിയിലെ സകലതും ഉരുണ്ടതാണെന്ന് പഠിച്ചു തീര്‍ത്ത സൈക്കിളുകള്‍ ഓര്‍മ്മിപ്പിച്ചു.

വയറ് വേദനിക്കുന്നുണ്ട്. ആര്‍ത്തവചക്രം പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു. അടിവയറു പൊട്ടിയൊഴുകാന്‍ സമയവുമായി. രാവിലെ വിസ്പറെടുത്ത് ബാഗില്‍ വയ്ക്കാന്‍ അമ്മയാണ് ഓര്‍മ്മിപ്പിച്ചത്.

ഈ സമയത്തെ മൂഡ് സ്വിങ്‌സിനെ മറികടക്കാന്‍ അനൂപ് ഒപ്പമുണ്ടായിരുന്നെങ്കില്‍ എളുപ്പമായേനെ. ഒന്ന് സംസാരിച്ചിട്ടു തന്നെ മൂന്ന് ദിവസമായി.

മുന്നൂറ്റി പതിനഞ്ചില്‍ അഡ്മിറ്റായ പുതിയ രോഗിയെ കാണാന്‍ ഒപിയില്‍ നിന്നിറങ്ങിയപ്പോള്‍ അനൂപിന്റെ വാട്‌സാപ്പിലേക്ക് വിപിനയൊരു വോയിസ് കോളിന് ശ്രമം തുടങ്ങി.

കടല്‍ത്തിര തഴുകുന്ന മുറ്റമുള്ളൊരു വീട്ടില്‍ അനൂപിനതൊരു ഉണര്‍ത്താലാറമായി. ഉറക്കം പുരണ്ട ശബ്ദത്തില്‍ അവള്‍ക്ക് സുപ്രഭാതം ആശംസിച്ചു. ഒന്നരമാസം മുന്‍പാണ് അനൂപ് വീട്ടില്‍ നിന്ന് പോയത്. ജോലി സംബന്ധമായ യാത്ര.

അല്ലെങ്കിലും അവനൊരു ഭ്രാന്തന്‍ സഞ്ചാരിയാണ്.

അര്‍ദ്ധരാത്രി പൊട്ടിയൊഴുകിയ ഉരുള്‍ ഉറ്റവരെയൊന്നാകെ കൊണ്ടുപോയി, തനിച്ച്, മരവിച്ച് നിന്നവള്‍ക്ക് മുന്നിലേക്ക് ഒപ്പം കൂടിക്കോ എന്നും പറഞ്ഞ് കൈ നീട്ടിയവനാണ്.

ഏകാന്ത സഞ്ചാരങ്ങളോടാണ് ഏറ്റവുമിഷ്ടമെന്ന് അന്നേ പറഞ്ഞതുമാണ്. എവിടേക്ക് പോയാലും അവളിലേക്ക് മടങ്ങിയെത്തുമെന്നും.

അവന്റെ കണ്ണിലെപ്പോഴോക്കെയോ തുറന്നു പറഞ്ഞിട്ടില്ലാത്ത പ്രണയത്തിന്റെ ചെറിയൊരു മിന്നലൊളി വിപിന കണ്ടിട്ടുമുണ്ടായിരുന്നു.

'ഹലോ, വിപീ കേള്‍ക്കുന്നില്ലേ ? ഹലോ' അനൂപിന്റെ ശബ്ദം വിപിനയെ വര്‍ത്തമാനകാലത്തിലേക്ക് വിളിച്ചു കൊണ്ടുവന്നു.

'അങ്ങനെ വീണ്ടും നാട്ടിലേക്ക്, ഭൂമി മാത്രമല്ല എന്റെ ലോകവും ഉരുണ്ടതാണ്, നിന്നെപ്പോലെ !' അനൂപിന്റെ പൊട്ടിച്ചിരി മുഴുവനും ഇപ്പുറമെത്തും മുന്‍പ് കോള്‍ മുറിഞ്ഞു. വിപിനയുടെ പൊക്കമില്ലായ്മയെയും അല്പം ഉരുണ്ട ശരീര പ്രകൃതിയെയും കളിയാക്കുകയാണ്.

സ്വന്തമായതൊക്കെ പെട്ടിയിലെടുക്കുമ്പോള്‍ വിപിനയ്ക്ക് സമ്മാനിക്കാന്‍ കുപ്പിച്ചില്ലു ചിതറുന്ന ചിരിയും തേരട്ട പോലെ ചുരുണ്ട മുടിയും ഒരു മന്ത്രവാദിനിയുടെ പെരുമാറ്റ രീതികളുമുള്ള ഇവാനിയ എന്ന തന്റെ ആതിഥേയയുടെ കഥ, ഏറ്റവുമടിയില്‍ ഡയറിത്താളുകളില്‍ അനൂപ് സുരക്ഷിതമായി വച്ചു.

ദി ലൂപ്പ് - ശാലിനി സികെ എഴുതിയ കഥ
ബ്രെക്‌സിറ്റ് - സൗബിന്‍ നാഥ് എഴുതിയ കവിത

അന്നേരം, മുന്നൂറ്റി പതിനഞ്ചില്‍, എഴുപത്തിയൊന്‍പതുകാരി ഉര്‍ശ്ശി വിപിനയുടെ കയ്യില്‍ മുറുക്കിപ്പിടിച്ച് രഹസ്യം പറഞ്ഞു.

'ജനലിന്റപ്പറത്ത് അങ്ങേര് വന്നു നിപ്പൊണ്ട്. എന്നെ കൊണ്ടുപോകാനാ!'

സംസാരത്തിനൊപ്പം അവരുടെ വായില്‍ നിന്നും ബഹിര്‍ഗമിക്കുന്ന ദുര്‍ഗന്ധം, കാലപ്പഴക്കമുള്ളൊരു ഓര്‍മ്മത്തുരുത്തിലേക്ക് വിപിനയെ തള്ളിയിടാന്‍ ശ്രമിച്ചു.

അതിനെ തോല്‍പ്പിക്കാന്‍ മാസ്‌ക് ശരിയായി ധരിച്ച്, ഉര്‍ശ്ശിക്കു നേരെ അവളൊരു ചോദ്യത്തെ തള്ളിയിട്ടു.

'അങ്ങേരുടെ പേരെന്താ ?'

'അലക്‌സാണ്ടര്‍' ദീന നയങ്ങളില്‍ നാണത്തിന്റെ മിന്നാമിന്നികള്‍.

അടച്ചിട്ട ജനലിന്റെ ചില്ലുപാളികള്‍ കാഴ്ചകളെ തടയുകയും വെളിച്ചത്തെ മാത്രം കടത്തി വിടുകയും ചെയ്യുന്നു. ആ പ്രകാശ ധൂളികളില്‍, പടച്ചട്ടയണിഞ്ഞ്, വാളേന്തി, ബ്യൂസെഫാലസിന്റെ മുകളില്‍ അലക്‌സാണ്ടറിരിക്കുന്നുണ്ടെന്ന് വിപിനയ്ക്കും തോന്നി.

ചുളിഞ്ഞും കുഴിഞ്ഞും പോയ കവിള്‍ത്തടത്തില്‍ മെല്ലെയൊന്ന് തട്ടി, കൂടെ നില്‍ക്കുന്നവരോട് പറഞ്ഞു;

'ആ ജനലൊന്ന് തുറന്നിടൂ. കാറ്റും വെളിച്ചവും കയറട്ടെ.'

അവള്‍ക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. ലിറില്‍ സോപ്പിന്റെ, കുട്ടിക്കൂറ പൗഡറിന്റെ, കുന്തിരിക്കത്തിന്റെ, പേര് മറന്നുപോയൊരു സാമ്പ്രാണിപ്പുകയുടെ ഗന്ധങ്ങള്‍.

കിടപ്പുരോഗിയുടെ വയറൊഴിഞ്ഞെത്തിയ ഉദാരമാലിന്യത്തിന്റെ ദുര്‍ഗന്ധം അപ്പോഴും അന്തരീക്ഷത്തില്‍ തങ്ങി നില്‍പ്പുണ്ട്. നിത്യശൗചമവസാനിപ്പിച്ച ദന്തങ്ങള്‍ക്കിടയില്‍ നിന്നും വാക്കുകള്‍ക്കൊപ്പം പുറത്തേക്ക് മുറിഞ്ഞു വീഴുന്നതും നാറ്റത്തിന്റെ കഷ്ണങ്ങള്‍ തന്നെ.

നീണ്ടൊരിടനാഴിയും നാലു നില ദൂരം ലിഫ്റ്റും നീളന്‍ വരാന്തയും കഴിഞ്ഞിട്ടും ആ ഗന്ധസമന്വയം വിപിനയെ പൊതിഞ്ഞു നിന്നു.

കയ്യും മുഖവും പലവട്ടം കഴുകിയിട്ടും വിട്ടുപോകാതെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഭൂതകാല ഗന്ധതന്മാത്രകള്‍. ഡിസെക്ഷന്‍ ഹാളിലെ കഡാവറില്‍ നിന്നുള്ള ഫോര്‍മാലിന്‍ ഗന്ധം, എന്തൊക്കെ ചെയ്തിട്ടും വിട്ടുമാറാതെ ദിവസങ്ങളോളം കൂടെനിന്ന് തലവേദനയുണ്ടാക്കിയതാണ്.

മൈെ്രെഗന്‍ തലച്ചോറിലെ അജ്ഞാതമായൊരു ബിന്ദുവില്‍ നിന്നും വേദനയുടെ വള്ളികളെ കണ്ണിനുള്ളിലേക്ക് വലിച്ചു കെട്ടുന്നു.

'ഭാസ്‌കരാ, നാടാത്തി മരിച്ചു.' തലവേദനയിരുട്ടിലേക്ക് ഒരു ലൈറ്റര്‍ മിന്നിക്കത്തി.

ആ വെളിച്ചത്തില്‍ കാതുവള്ളിയില്‍ ഞാന്നു കിടക്കുന്ന ഭീമന്‍ തോട എനിക്ക് തരാമോയെന്ന് ചോദിക്കുന്ന പെണ്‍കുട്ടിയോട്, ഏന്‍ സാവ്ക്കപ്പുറം നീയേ എടുത്തുക്കൊ എന്ന് പറയുന്ന, ബ്ലൗസിടാത്ത, തൂങ്ങിയാടുന്ന ശുഷ്‌കിച്ച അമ്മിഞ്ഞകളെ തോര്‍ത്ത് കൊണ്ടു മറച്ച, നിറം മങ്ങിയ വെള്ളമുണ്ടുടുത്ത, നരച്ച, തൊലി ചുളിഞ്ഞ, മുന്നില്‍ മൂന്ന് പല്ലു മാത്രമുള്ള, മുട്ടു ചിരട്ട പൊട്ടിയതുകൊണ്ട് മടങ്ങാത്തൊരു കാലുള്ള മെല്ലിച്ച രൂപം തെളിഞ്ഞു വന്നു.

പോയകാലത്തിരശ്ശീലയില്‍ വിപിനയവരെ വല്ലി എന്ന് വിളിച്ചു.

മലയാളവും തമിഴും അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ ഗ്രാമത്തില്‍ നിന്നും നിയമം വേലിക്കൊന്നകള്‍ നാട്ടുന്നതിനും മുന്‍പ് കുടുംബത്തോടെ മലനാട്ടിലേക്ക് കുടിയേറിയവര്‍, നല്ലതമ്പി നാടാരുടെ ഭാര്യ, നാടാത്തി എന്ന് നാടാകെ അറിയപ്പെട്ടു.

അവരുടെ പേര് നാട്ടിലാര്‍ക്കെങ്കിലും അറിയുമായിരുന്നോ?

പ്രിഫിക്‌സായി വീട്ടുപേര് കൂടെ ചേര്‍ത്തിരിക്കുന്ന ചേടത്തിമാരുടെ നാടായിരുന്നു അത്.

അതിമര്‍ദ്ദം ഉച്ചിക്കകത്തൊരു ചോര ഞരമ്പിനെ പൊട്ടിച്ചു കളഞ്ഞപ്പോള്‍ നിലംപൊത്തിപ്പോയ വല്ലി നിശ്ചലമായ വാമഭാഗവും നിദ്രയിലാണ്ട സ്വബോധവുമായി ആശുപത്രി മുറിയില്‍ കിടന്നത് മുപ്പത്തഞ്ചു ദിവസമാണ്. അതിനിയും നീണ്ടിട്ട് കാര്യമില്ലെന്ന് ഡോക്ടര്‍ തന്നെ പറഞ്ഞപ്പോള്‍, വീട്ടില്‍, മുന്‍വശത്തെ മുറിയൊരെണ്ണം വല്ലിക്കായി ഒരുങ്ങി.

കഴുത്ത് തിരിക്കാനാകുന്നൊരു ഫാന്‍ മേശപ്പുറത്തിടം പിടിച്ചു. മേശത്താഴെയുള്ള മണ്‍ചട്ടിയില്‍ കാലത്തും വൈകിട്ടും കുന്തിരിക്കം പുകഞ്ഞു. പാലില്‍ കലക്കിയ ഹോര്‍ലിക്‌സിനും മാള്‍ട്ടോവയ്ക്കുമൊപ്പം ഉപ്പിട്ട കഞ്ഞിവെള്ളവും മൂക്കില്‍ നിന്ന് വയറിലേക്കിട്ട കുഴലിലൂടെയൊഴുകി വല്ലിയെ ജീവിപ്പിച്ചു.

കട്ടില്‍ത്താഴെ മഞ്ഞ ദ്രാവകം ഊറി വരുന്നൊരു ചില്ലു സഞ്ചി തൂങ്ങി.

ഇടതടവില്ലാതെ സാമ്പ്രാണി പുകഞ്ഞിട്ടും ഡെറ്റോളും മറ്റേതോ ദ്രാവകങ്ങളും പുരണ്ട തുണി തറയാകെയോടിയിട്ടും മൂക്കിനെ ചുളിപ്പിക്കുന്നൊരു നാറ്റം ഇടയ്ക്കിടെ മുറിയില്‍ മുളച്ച് പൊന്തി. മുതുകില്‍ പൊട്ടിയ കുമിളയിലേക്ക് സ്പിരിറ്റില്‍ മുക്കിയ പഞ്ഞി ചേര്‍ന്നപ്പോള്‍ ശ്ശ് എന്നെരിവ് വലിച്ചു. കുട്ടിക്കൂറ പൌഡര്‍ മുതുകിനെ വെളുപ്പിച്ചു, മുറിവ് മണത്തിനെ കെട്ടിപ്പിടിച്ചു.

നിയന്ത്രണം വിട്ട് ഒഴുകിക്കൊണ്ടിരുന്ന ഉദരത്തെ തടയാന്‍ മുണ്ടും സാരിയും മുറിഞ്ഞ് അണത്തുണികളായി മൂലയിലെ കൂടയില്‍ ഇടംപിടിച്ചു. അഞ്ഞൂറ്റൊന്ന് തോറ്റുപോയ മുഷിപ്പന്‍ മണത്തെ ജയിക്കാന്‍ അലക്കുകല്ലില്‍ ലിറില്‍ സോപ്പുകള്‍ ഉരഞ്ഞലിഞ്ഞു.

ബന്ധുമിത്രാദി സന്ദര്‍ശനം അര്‍ദ്ധരാത്രിയിലേക്കും നീണ്ട ആദ്യ ദിവസങ്ങളില്‍ ചായയ്ക്കും കാപ്പിക്കും നാരങ്ങാവെള്ളത്തിനും അടുക്കളയില്‍ അനവധി പിറവികളുണ്ടായി. കണ്ണുചിമ്മി തുറക്കും മുന്‍പ് ആളൊഴിഞ്ഞ പൂരപ്പറമ്പില്‍ അലുക്കുകളടര്‍ന്ന് ചായം മങ്ങിയൊരു കെട്ടുകാഴ്ചയായി വല്ലി.

മൂക്കിലെ ട്യൂബ് പറിച്ചെറിയാന്‍ സാദാ ശ്രമിക്കുന്ന വല്ലിക്ക് വിപിനയെ കവലിരുത്തി പമ്പരം കറങ്ങുന്നതിലും വേഗം അമ്മ പണിയെടുത്തു.

പെരുവയറി പശുവിന് പച്ച കൊത്താന്‍ അമ്മ കുന്നില്‍ പോയ സായാഹ്നത്തില്‍ കുറുക്കിക്കലക്കിയ കാപ്പി പോലെയെന്ന് കക്കി, ഒരെക്കിളിനൊപ്പം വല്ലി നിശ്ചലമായി. അത്രമേലടുത്ത് ആദ്യമായി കാണുന്ന മരണം. വല്ലി മരിച്ചെന്ന തിരിച്ചറിവ് ചങ്കില്‍ പേടിയുടെ ഡും ഡും മുഴക്കത്തിന്റെ ആക്കം കൂട്ടി. നിരന്തരമൊഴുകുന്ന ഈത്തയൊപ്പാന്‍ തലയ്ക്കല്‍ വച്ചിരുന്ന തോര്‍ത്തെടുത്ത് വല്ലീമുഖം തുടച്ചു. ചോരക്കറുപ്പില്‍ നിന്ന് കുമകുമാന്ന് പൊന്തിയ മരണത്തിന്റെ മണം.

അടുത്ത വീട്ടിലേക്കോടും മുന്‍പ് രണ്ടുപേരെത്തി. പരിചിതരെല്ലാം മണിച്ചേച്ചിയെന്ന് വിളിക്കുന്ന ലീലാമണിയും ഭര്‍ത്താവും. അമ്മയെത്തും മുന്‍പ് അയല്‍ക്കാരറിയും മുന്‍പ് കീറിയെടുത്തൊരു വെള്ള നാടയില്‍ കയ്യും കാലും താടിയും ബന്ധിച്ച് മരണച്ചമയങ്ങള്‍ ചാര്‍ത്തി, തലയ്ക്കല്‍ നിലവിളക്ക് കൊളുത്തി, മണിച്ചേച്ചി വല്ലിയുടെ ദേഹം സ്വസ്ഥമാക്കി. പേടിക്കുളിര്‍ അരിച്ചു കയറിക്കരഞ്ഞു തുടങ്ങിയ വിപിനയെ സമാധാനിപ്പിച്ചു.

നാടും നാട്ടാരും മരണമറിഞ്ഞു. പഴങ്കഥകളുടെ കെട്ടുകളഴിച്ചവരില്‍ നിന്ന് നാടാത്തിയെന്ന വാക്ക് പലവുരു കാതില്‍ വീണു.

വല്ലിയുടെ പേര് ഈ നാട്ടിലാര്‍ക്കുമറിയില്ലേ?

വളരുകയെന്നാല്‍ ബാല്യത്തിലെന്നോ രൂഢമൂലമായ ഭയങ്ങളെ തുരത്താന്‍ പ്രാപ്തമാവുകയാണെന്ന അബദ്ധം ആരു പറഞ്ഞുണ്ടാക്കിയതാണ്?

യാത്രയുടെ മടുപ്പും മരണത്തിന്റെ നിലവിളിയുമായി പെണ്മക്കള്‍ തിരക്കിലായപ്പോള്‍ വല്ലിയെ ലീലാമണി കുളിപ്പിച്ചു. അപ്പോഴും അവസാനിക്കാത്ത പണികളില്‍ തളര്‍ന്നു വീഴാറായ അമ്മയ്‌ക്കൊപ്പം വേണ്ടാ വിലക്കിയിട്ടും വിപിനയത് കണ്ടുനിന്നു.

ദീര്‍ഘചതുരത്തിലാളിയ അഗ്‌നിക്കൊപ്പം ഉടലൊടുങ്ങിയിട്ടും ചിലതെല്ലാം വല്ലി ബാക്കിവച്ചു. തികച്ചും യാദൃശ്ചികമായി തന്നെ സ്പര്‍ശിച്ച ആ ഗന്ധങ്ങളില്‍ വിപിന വല്ലിയെ ഓര്‍ത്തെടുത്തു.

വളരുകയെന്നാല്‍ ബാല്യത്തിലെന്നോ രൂഢമൂലമായ ഭയങ്ങളെ തുരത്താന്‍ പ്രാപ്തമാവുകയാണെന്ന അബദ്ധം ആരു പറഞ്ഞുണ്ടാക്കിയതാണ്?

പേടി ഉടല്‍ വളരുന്നതിനൊപ്പം വളര്‍ന്നു, അതു കടന്നും വളര്‍ന്നു. പന്തലിച്ചൊരു വന്മരമായി. ഒറ്റപ്പെടല്‍ സകല ഭയങ്ങളേയും നീരൂട്ടി വളര്‍ത്തുകയും ചെയ്തു.

ജീവിതം, മനുഷ്യനെ മരണത്തിലേക്ക് കുരുക്കാന്‍ കാലനെറിയുന്ന രോഗങ്ങളെന്ന ചൂണ്ടയില്‍ കുടുങ്ങിയവരുടെ നടുവിലായിട്ടും വിട്ടു പോകാത്ത ഭയത്തിന്റെ തന്മാത്രകളെ പൊതിഞ്ഞു വച്ച് അവളെപ്പോഴും ധൈര്യമഭിനയിച്ചു.

അനൂപ് കൈപിടിച്ച് അവന്റെ ജീവിതത്തിലേക്ക് ചേര്‍ത്തപ്പോള്‍ വിപിന മണിച്ചേച്ചിയുടെ അയല്‍ക്കാരിയും ബന്ധുവുമായി.

മരണവീടുകളില്‍ പോകാനും മൃതദേഹം കാണാനുമുള്ള വിപിനയുടെ ഭയത്തെ ഇല്ലാതാക്കാന്‍ അനൂപ് ശ്രമിച്ചില്ല. ഭൂമിയിലെ ഏറ്റവും സത്യമായവയില്‍ ഒന്നാണ് മരണം. അതിനെ ഒഴിവാക്കി ഒരാള്‍ക്ക് ജീവിക്കാനാവില്ല എന്നു മാത്രം ചിലപ്പോഴൊക്കെ ആരോടോ എന്നോണം പറഞ്ഞു.

മണിച്ചേച്ചിക്ക് ശ്വാസം മുട്ടലുണ്ടായിരുന്നു. മകന്‍, ശ്യാം വീട്ടിലില്ലാത്തപ്പോഴൊക്കെ നെബുലൈസറില്‍ മരുന്ന് നിറയ്ക്കാന്‍ അവര്‍ വിപിനയെ വിളിച്ചു.

ആസ്മ തല്ലിക്കൊഴിക്കാറായ ഉടലിലെ ചുളിവുകളെയും പാടുകളെയും കുറിച്ച്, കൊഴിഞ്ഞു കൊഴിഞ്ഞ് ഏതാനും നാരുകള്‍ മാത്രം ബാക്കിയായ തലയോട്ടിയുടെ വസന്തകാലത്തെക്കുറിച്ച്, മരുന്നുകള്‍ കഴിച്ചു കഴിച്ച് രുചി പടിയിറങ്ങിപ്പോയ നാവിനെക്കുറിച്ച്, എസിയിലിരിക്കാന്‍ സാധിക്കാത്തതുകൊണ്ട് നഷ്ടമാകുന്ന കൊട്ടകയിഷ്ടത്തെക്കുറിച്ച്, വര്‍ഷങ്ങള്‍ക്ക് മുന്‍പെന്നോ പോയൊരു ഡല്‍ഹി യാത്രയെക്കുറിച്ച് അവരവളോട് നിര്‍ത്താതെ മിണ്ടി. ആഞ്ഞു വലിക്കുന്ന ശ്വാസത്തിന്റെ തള്ളലില്‍ വാക്കുകള്‍ നെഞ്ചില്‍ കുരുങ്ങി പലപ്പോഴും കണ്ണ് തുറുപ്പിച്ചു. എപ്പോഴും ഫ്‌ലാസ്‌കില്‍ ചൂടോടെ സൂക്ഷിക്കുന്ന ഇഞ്ചിയും കറിവേപ്പിലയുമിട്ട് തിളപ്പിച്ച വെള്ളം ചിലപ്പോഴൊക്കെ നെഞ്ചില്‍ കുരുങ്ങിപ്പോയ വാക്കിന്റെ കെട്ടറുത്തു.

അനൂപ് അടുത്ത യാത്രയ്ക്കിറങ്ങുകയാണ്. ഒരു സുഹൃത്ത്, തന്റെ ഭാര്യയ്ക്ക് നല്‍കാനായി അനൂപിന്റെ കൈവശം ഏല്‍പ്പിച്ച പൊതിയുമായി വയനാടന്‍ ചുരം കയറാന്‍ ബുള്ളറ്റിനെ കൂട്ടുപിടിച്ചിറങ്ങിയപ്പോള്‍ രാത്രിയിരുട്ടിന് മീതെ സൂര്യന്‍ ലൈറ്റിട്ടതേ ഉണ്ടായിരുന്നുള്ളു. പകല്‍ സന്ധ്യയോട് സന്ധി ചെയ്യുവോളം തിരക്കിനൊപ്പം അവളും പാഞ്ഞു. പിന്നെ കൂടണഞ്ഞു. കിടക്ക തട്ടിക്കുടഞ്ഞ് വിരിച്ചുകൊണ്ടിരുന്നപ്പോഴാണ് 'യേ രാത്തെ മോസം നദീ കാ കിനാരാ' എന്ന് സോനം പുരിയുടെ ശബ്ദത്തില്‍ മുഴങ്ങിയ പാട്ടിനൊപ്പം വിഭുവിനെ കയ്യിലെടുത്തു നില്‍ക്കുന്ന ശ്യാമിന്റെ ചിത്രം മൊബൈല്‍ സ്‌ക്രീനില്‍ തെളിഞ്ഞത്.

കാതില്‍ വീണ കിതപ്പേറിയ ശബ്ദം ഇടറി മുറിയുന്നു.

'വിപീ അമ്മ അനങ്ങുന്നില്ല. നീയൊന്ന് ഓടി വരാമോ?'

അച്ഛന്‍ തെളിച്ചു പിടിച്ച പഴയ ടോര്‍ച്ച് ലൈറ്റ് നിലത്തു തീര്‍ത്ത പ്രകാശ വൃത്തത്തിലേക്ക് കണ്ണു നട്ട് വേഗം നടന്നു.

'നീയിങ്ങനെ അവനെ കയറൂരി വിടരുത്.' അച്ഛന്റെ വാക്കുകളില്‍ കരുതല്‍.

' അമ്മയും പറഞ്ഞു.' അവള്‍ ചിരിച്ചു.

അവന്റെ സ്വാതത്ര്യം, അതവനോടുള്ള സ്‌നേഹമാണ്. അവനെ അവനായിരിക്കാന്‍ അനുവദിക്കുക എന്നതില്‍ കൂടുതല്‍ ഒരാളെ എങ്ങനെയാണ് സ്‌നേഹിക്കുക.

ശ്യാം സിറ്റൗട്ടില്‍ തന്നെ നില്‍ക്കുന്നുണ്ട്. ഫോണില്‍ ധൃതിലെന്തോ പരതുന്നു. തോളുയര്‍ത്തി മുഖം തുടയ്ക്കുന്നു. തൊട്ടടുത്ത് താമസിക്കുന്ന ദേവസിച്ചേട്ടന്‍ മുറ്റത്ത് നില്‍പ്പുണ്ട്. ചേട്ടനും ആരെയോ വിളിക്കാനുള്ള ശ്രമത്തിലാണ്. ദിവ്യ വിഭുവിനെയും ഒക്കത്തു വച്ച് ഹാളില്‍ നിന്നും കിടപ്പു മുറിയിലേക്കുള്ള വാതില്‍ക്കല്‍ നില്‍ക്കുന്നു. വിപിന അകത്തേക്കു കയറിയപ്പോള്‍ ദിവ്യ വഴിയൊഴിഞ്ഞു.

അറ്റു പോയ നാഡീചലനം, പുറപ്പെട്ടു പോയ പ്രാണന്‍, വെളിച്ചത്തിന് വഴി മറാത്ത കണ്‍മറ, തണുപ്പില്‍ പുതഞ്ഞു പോയ ഉടല്‍പ്പരപ്പ്.

കൂട്ടുകാരി മരണത്തിനൊപ്പം ഒളിച്ചോടിയെന്നത് വിശ്വസിക്കാനാവാതെ നിന്ന സാറാച്ചേടത്തിയാണ് ആദ്യം മരവിപ്പില്‍ നിന്നും പുറത്തു കടന്നത്.

വിളക്കു വച്ച്, നാമം ചൊല്ലി, ക്ഷീണം തോന്നുന്നുവെന്ന് പറഞ്ഞ്, കഴിക്കാന്‍ വിളിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ച് കിടന്നതാണ്. അങ്ങനെയൊരു കിടപ്പ് പതിവുള്ളതല്ല. അന്ന് കിടന്നു, അവസാനമായി.

ചാനലുകളിലെ അന്തിച്ചര്‍ച്ചകള്‍ വട്ടമെത്തുമ്പോഴാണ് അവിടെ അത്താഴം. അവരെപ്പോഴാണ് അവസാനിച്ചതെന്ന് ചാനല്‍ ബഹളങ്ങള്‍ ആരേയും അറിയിച്ചില്ല.

'മോളേ, മൊബൈല്‍ മോര്‍ച്ചറി കൊണ്ടുവന്നിട്ടുണ്ട്. ഒന്നു കുളിപ്പിച്ച്, ഡ്രസ്സ് മാറ്റിക്കിടത്തിയാല്‍ അതിലേക്ക് വയ്ക്കാം. ഒത്തിരി അസുഖങ്ങളൊക്കെ ഉണ്ടായിരുന്നതല്ലേ.'

അച്ഛനാണ്. വിപിന ഞെട്ടി. ഇതൊക്കെ എപ്പോഴാണ് സംഭവിച്ചത്? ശബ്ദമൊന്നും കേട്ടില്ലല്ലോ. ദിവാന്‍ കോട്ടൊഴികെ മറ്റെല്ലാം മാറ്റിയ ഹാളില്‍ മൂന്നാല് പേര്‍ മരണത്തണുപ്പിനെ പിന്നെയും തണുപ്പിക്കാന്‍ സ്ഫടിക ശീതീകരണി സ്ഥാപിക്കുന്നു. ഇന്ദ്രിയങ്ങള്‍ തെല്ലു നേരം വിപിനയെ വിട്ടു നിന്നു. മരണത്തോളം പോന്ന നിര്‍വികാരത. അല്ലെങ്കില്‍ നിമിഷങ്ങള്‍ മാത്രം നീണ്ടൊരു മരണം. ഓരോ മനുഷ്യനും ജീവിത ചക്രത്തിന്റെ ദിനരാത്രാവര്‍ത്തനങ്ങള്‍ക്കിടയില്‍ അത്തരം എത്രയോ മരണങ്ങളെ കടന്നു പോകുന്നുണ്ടാവും.

ചെറു ചൂടുവെള്ളത്തില്‍ ഡെറ്റോളോഴിച്ച ബക്കറ്റും പഴക്കമില്ലാത്തൊരു തോര്‍ത്തുമായി സാറാച്ചേട്ടത്തി വന്നു. വിഭു ദിവ്യയെ മുറുകെ പിടിച്ചിരിക്കുകയാണ്. അന്ന് സായാഹ്നത്തില്‍ കൂടി വിഭുവിനെ പിടിച്ചു നടത്തിയ കൈകളാണ് മരവിച്ചു ചലനമറ്റ് കിടക്കുന്നത്. അവള്‍ക്കായിരം കഥകള്‍ പറഞ്ഞു കൊടുത്ത, അവള്‍ പറഞ്ഞ കഥകളൊക്കെയും കേട്ട, കൂടെക്കളിച്ച, ഊട്ടിയ, ഉറക്കിയ, ഉമ്മകള്‍ കൊടുത്ത ശരീരമൊന്ന് നിശ്ചലമായി നിമിഷങ്ങള്‍ പിന്നിടും മുന്‍പ് ഭയമുണ്ടാക്കുന്നൊരു വസ്തു മാത്രമായി മാറിയിരിക്കുന്നു. മരണമെന്തെന്ന് തിരിച്ചറിയാന്‍ പ്രായമാകാത്തൊരു ശിശുവിന്റെയുള്ളില്‍ ഭയത്തിന്റെ വിത്തു മുളച്ച് വേരാഴ്ത്തി ചില്ല പൊടിച്ചു തുടങ്ങുന്ന നിമിഷമാണ് മുന്നില്‍. മറ്റൊരു വിപിനയുടെ ജനനം.

മണിച്ചേച്ചിയുടെ നെറ്റിയില്‍ നിന്ന് വട്ടത്തിലുള്ള സ്റ്റിക്കര്‍ പൊട്ട് അടര്‍ത്തി മാറ്റി, സന്ധ്യക്ക് വരച്ച ഭസ്മക്കുറി മായിച്ചു. ആഭരണങ്ങള്‍ ഊരി ദിവ്യയെ ഏല്‍പ്പിച്ചു. വലതു കയ്യില്‍ ഒരു വളയും ഒരു മോതിരവും ഇടതു കയ്യില്‍ മൂന്ന് വളകളും രണ്ടു മോതിരവുമുണ്ടായിരുന്നതാണ്. ഇപ്പോള്‍ ഇടതു കയ്യില്‍ ഒരു വളയും ഒരു മോതിരവും വലതു കയ്യില്‍ ഒരു മോതിരവും മാത്രമേയുള്ളു.

'ബാക്കി വളയും മോതിരവുമൊക്കെ എവിടെ?'

സാറാച്ചേടത്തി ദിവ്യയുടെ മുഖത്തേയ്ക്ക് നോക്കി.

'അമ്മയതൊക്കെ ഊരി വച്ചിരുന്നു. അമ്മേടെ അലമാരയിലായിരിക്കും.' ദിവ്യയുടെ മുഖത്ത് കിണ്ണം കട്ട ഭാവം.

തന്റെ കാലശേഷം മകള്‍ സവിതയുടെ കുഞ്ഞിന് എന്ന് ലീലാമണി പറഞ്ഞു വച്ചിരുന്ന ആഭരണങ്ങള്‍. സവിത വാങ്ങി കൊടുത്തത് തന്നെയാണ് പലതും. മിനിഞ്ഞാന്ന് രാത്രി കൂടി ഇടതു കയ്യിലെ ചളുങ്ങിയ വള കാണിച്ച് അതൊന്നു മാറ്റി വാങ്ങണമെന്ന് പറഞ്ഞതാണ്. വനിതാ മാസികയില്‍ കണ്ട, ഇഷ്ടപ്പെട്ട ഡിസൈനിന്റെ ചിത്രം കീറിയെടുത്ത് മേശയ്ക്കുള്ളില്‍ വച്ചിരുന്നതെടുത്ത് കാണിച്ചപ്പോള്‍ കണ്ണില്‍ തെളിഞ്ഞ കൊതിയെ വിപിന കളിയാക്കിയതുമാണ്. പുച്ഛരസം സാറാച്ചേടത്തിയുടെ ചുണ്ടുകളെയൊന്ന് വക്രിപ്പിച്ചത് വിപിന മാത്രം കണ്ടു.

വശങ്ങളിലേക്ക് ചെരിച്ചു കിടത്തി വസ്ത്രങ്ങളഴിച്ചെടുത്തപ്പോള്‍ വല്ലിയുടെ ദീന കിടക്കയില്‍ നിന്നും ഇടയ്ക്കിടെ പൊന്തിയിരുന്ന അതേ മലിനഗന്ധം മൂക്കിലേക്കാര്‍ത്തു കയറി. അതിനെ തട്ടി തെറിപ്പിക്കാന്‍ തലയൊന്ന് കുടഞ്ഞു

.അനുവാദം ചോദിക്കാതെ പുറപ്പെട്ടു പോയ പ്രാണന്‍ അപാനനെയും ഒപ്പം ചേര്‍ത്തപ്പോള്‍ ഉടലിനോടുള്ള യാത്ര പറച്ചിലിന്റെ അതിമര്‍ദ്ദം താങ്ങാനാവാതെ അടിവയറു പൊട്ടിയൊഴുകിയിരിക്കുന്നു. അമേധ്യം വെളുത്ത അടിപ്പാവാടയിലും നേര്യതിലുമായി കരിപുരണ്ടു കിടന്നു.അതേ നേര്യതു ചുരുട്ടി ദേഹത്തു പുരണ്ടിരുന്നത് തുടച്ചെടുത്തു. വയറൊന്നാകെയുരുണ്ട് മേലേക്കുന്തിയ ഓക്കാനത്തെയടക്കാന്‍ വാതിലിന് വെളിയിലേക്ക് തല നീട്ടി ശ്വാസം വലിച്ചെടുത്തു. ജനലുകള്‍ തുറന്ന് ഫാനിട്ടു. തുണി മുക്കി പിഴിഞ്ഞ് ദേഹം തുടച്ചെടുക്കുമ്പോള്‍ വിരലുകള്‍ വിറച്ചു തുള്ളി. ശരീരമനങ്ങുമ്പോള്‍ തെറിക്കുന്ന ദുര്‍ഗന്ധച്ചീളുകളെ പുറത്താക്കുന്നതില്‍ കാറ്റ് പരാജയപ്പെട്ടു.

മരവിച്ചു തുടങ്ങിയൊരുടലിനെ വസ്ത്രത്തടവിലാക്കാന്‍ എന്തൊരു പ്രയാസമാണ്. ബുദ്ധിമുട്ടിയാണെങ്കിലും പുതിയൊരു സെറ്റും മുണ്ടും ഉടുപ്പിച്ചു.

സാറാച്ചേടത്തി ഇടംകയ്യിലേക്ക് കുടഞ്ഞിട്ടിട്ട് രണ്ടു കയ്യും കൂട്ടിത്തട്ടി മണിച്ചേച്ചിയുടെ മുഖത്തിട്ട പൗഡറിന്റെ വാസന കുട്ടിക്കൂറയുടേതാണെന്ന് നാസിക പറഞ്ഞു.

'എപ്പോഴും ഒരുങ്ങി നടക്കാന്‍ വല്യയിഷ്ടമായിരുന്നവള്‍ക്ക്.'

ഒരു നെടുവീര്‍പ്പ് കൊഴിഞ്ഞു.

മരിച്ചവളിലെ ചമയങ്ങള്‍ അഴിച്ചു മാറ്റുന്നതെന്തിനാണ്? കണ്ണെഴുതി, പൊട്ടു തൊട്ട്, പൂ വച്ച്, ആഭരണങ്ങളണിയിച്ച്, ഏറ്റവും ചന്തത്തില്‍ വേണ്ടേ അവസാന യാത്രയ്ക്ക് അവളെ തയ്യാറാക്കാന്‍, ഒരു വധുവിനെപ്പോലെ. ഒരുങ്ങി നടക്കാന്‍ ഇഷ്ടമുള്ള ആളാണെങ്കില്‍ പ്രത്യേകിച്ചും. അങ്ങനെ ചിന്തിച്ചവരാകും പിരമിഡുകളും ശവകുടീരങ്ങളും കെട്ടിപ്പൊക്കിയത്.

മരിച്ചവളിലെ ചമയങ്ങള്‍ അഴിച്ചു മാറ്റുന്നതെന്തിനാണ്? കണ്ണെഴുതി, പൊട്ടു തൊട്ട്, പൂ വച്ച്, ആഭരണങ്ങളണിയിച്ച്, ഏറ്റവും ചന്തത്തില്‍ വേണ്ടേ അവസാന യാത്രയ്ക്ക് അവളെ തയ്യാറാക്കാന്‍, ഒരു വധുവിനെപ്പോലെ. ഒരുങ്ങി നടക്കാന്‍ ഇഷ്ടമുള്ള ആളാണെങ്കില്‍ പ്രത്യേകിച്ചും. അങ്ങനെ ചിന്തിച്ചവരാകും പിരമിഡുകളും ശവകുടീരങ്ങളും കെട്ടിപ്പൊക്കിയത്.

മരണം പോയി മരവിപ്പിനെ കൂട്ടിക്കൊണ്ടു വരും മുന്നേ മോഷണം പോയ ലീലാമണിയുടെ ആഭരണങ്ങളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ വിപിനയില്‍ ഒരു ചിരി മുളച്ചു.

ടൗണിലെ വമ്പന്‍ ഇവന്റ് മാനേജ്മന്റ് കമ്പനികള്‍ക്ക് മൃതദേഹത്തെ ഒരുക്കാന്‍ മാത്രം പ്രത്യേക വിഭാഗമുണ്ടത്രേ! പുരികവും മീശയും താടിയുമൊക്കെ ആകൃതി വരുത്തി, ഭംഗിയായി മേയ്ക്കപ്പിട്ട്, വീട്ടുകാരുടെ ആസ്തിക്കനുസരിച്ച് വിലയുള്ള പൂക്കള്‍ കൊണ്ടലങ്കരിച്ച് പ്രദര്‍ശനത്തിന് തയ്യാറാക്കുന്നവര്‍. സംസ്‌കാര സമയത്ത് കുടുംബാംഗങ്ങള്‍ക്കണിയാന്‍ ഒരേ പാറ്റേണിലുള്ള വസ്ത്രം വരെ റെഡിയാക്കി കൊടുക്കും. വീഡിയോയിലും ഫോട്ടോയിലുമൊക്കെ സംഗതി കളറാകണ്ടേ!

വെള്ള മുണ്ടൊരെണ്ണം കീറിയെടുത്ത് കയ്യിലും കാലിലും താടിയിലും കെട്ടുകള്‍ മുറുക്കി. എസിയുടെ തണുപ്പ് ഇഷ്ടമേയല്ലാത്ത ലീലാമണി ചില്ലു കൂടിന്റെ തണുപ്പ് വേണ്ടന്ന് പറയുന്നുണ്ടോ?

നോക്കി നോക്കി നില്‍ക്കുമ്പോള്‍ ചുണ്ടുകളും കണ്ണും അനങ്ങുന്നതു പോലെ. നെഞ്ചിന്‍കൂട് ഉയരുകയും താഴുകയും ചെയ്യുന്നുണ്ടോ?

തോന്നലുകള്‍ സൃഷ്ടിക്കുന്ന സമസ്യകള്‍ പൂരിപ്പിക്കാന്‍ ചിന്തകളെ അഴിച്ചു വിട്ടാണ് ജീവിതത്തിന്റെ നല്ലൊരു ശതമാനവും പാഴാക്കുന്നത്.

അച്ഛനെ കൂട്ടിനു വിളിച്ച് വിപിന വീട്ടിലേക്ക് നടന്നു. പുത്തനൊരു ചന്ദ്രികാ സോപ്പ് പൊട്ടിച്ചെടുത്ത് മൂന്നു വട്ടം ഉരച്ചു തേച്ചു കുളിച്ചു.

കൈകള്‍ വീണ്ടും വീണ്ടും മണത്തു നോക്കി. ഭൂതകാലത്തിന്റെ ശിഥിലമായ ഏടുകളില്‍ നിന്നിറങ്ങി വന്ന തീവ്ര ഗന്ധങ്ങള്‍ക്ക് ഉടുമ്പിന്റെ ശക്തി. ശവക്കച്ചയില്‍ വരെ കണക്കുകള്‍ എഴുതപ്പെട്ടിരിക്കുന്നു. വല്യമ്മ വാങ്ങിയത് കൊച്ചുമകളാണ് തിരിച്ചു കൊടുക്കേണ്ടി വന്നത്.

പുറത്തെവിടെയോ പുള്ള് ചിറകടിക്കുന്ന ശബ്ദം. ഒന്നിലധികം നായകള്‍ ഒരുമിച്ച് കാലം കൂവുന്നു. മരണം അറിഞ്ഞു കഴിഞ്ഞല്ലോ. അതോ ഇനിയുമുണ്ടോ ചിത്രഗുപ്തന്‍ വെട്ടിക്കളഞ്ഞ പേരുകള്‍ ഈ രാത്രിയുടെ ലിസ്റ്റില്‍.

ലീലാമണിയുടെ വിയോഗം അറിയിക്കാന്‍ അനൂപിനെ വിളിച്ചു. ഫോണ്‍ ബെല്ലടിച്ചു കട്ടായി. വാട്‌സാപ്പില്‍ മെസേജ് അയച്ചു.

എങ്ങോട്ടെങ്കിലും പോയാല്‍ പിന്നെ പോയേടം വഴി ചെന്നേടം പി ഒ എന്നൊരു മട്ടാണ്. അച്ഛനും അമ്മയും പറയുന്നതുപോലെ ഒരു മൂക്ക് കയറു വേണോ?

അയച്ചിട്ട മെസ്സേജില്‍ നീല വരകള്‍ വീണത് പുലര്‍ച്ചെയെപ്പോഴോ ആണ്.

അന്ന് തിരിച്ചെത്താനാവുമെന്ന് തോന്നുന്നില്ലെന്നും കഴിവതും വേഗം മടങ്ങി വരുമെന്നും ആവര്‍ത്തിച്ചു പറയുന്ന ശബ്ദ സന്ദേശം മറുപടിയായി വന്നിരുന്നു. ഇടയ്ക്ക് തിരുകിയ സോറികളും ഉമ്മകളും വിപിന കേട്ടില്ലെന്നു നടിച്ചു.

തെക്കേ മുറ്റത്ത് സ്ഥാപിച്ച ക്രിമിറ്റോറിയത്തില്‍ ഗ്യാസ് സിലിണ്ടറുകളിലെ ദ്രാവകം കത്തിയാളി ലീലാമണിയെ ഒരു കുടത്തില്‍ കൊള്ളുമാറ് ഭസ്മീകരിക്കാന്‍ തുടങ്ങിയപ്പോള്‍ സ്ലിങ് ബാഗില്‍ നിശബ്ദമാക്കിയിട്ട മൊബൈലിന്റെ ഉടല്‍ തെരുതെരെ വിറച്ചു. ഒരുവന്‍ സഞ്ചരിച്ച വഴികളെ അടയാളപ്പെടുത്തിയ വീഡിയോകളും , ചെന്നിടവും നിന്നിടവും ചിത്രങ്ങലാക്കിയതും വാട്‌സാപ്പില്‍ നിറഞ്ഞു. അതാവുമെന്ന് ഊഹിച്ചെങ്കിലും ഔചിത്യബോധം മൊബൈല്‍ തുറക്കുന്നതില്‍ നിന്നും വിപിനയെ വിലക്കി.

കാലത്തു മുതല്‍ ചിണുങ്ങി നിന്ന മഴ കനത്തിട്ടുണ്ട്.

അന്ന് രാത്രിയിരുട്ടില്‍ മഴത്തണുപ്പില്‍ ഉറക്കം കണ്ണുകളെ മയക്കുമ്പോള്‍ ചെവിയോരമിരുന്ന ഫോണിന്റെ മറുവശത്ത് അനൂപൊരു തമിഴ് പാട്ട് നേര്‍ത്തു മൂളി.

'കണ്ണേ കലൈമാനേ.'

പിറ്റേന്ന് കാലത്തെഴുന്നേല്‍ക്കാന്‍ വൈകി.

അനൂപിനെ വിളിച്ചു. സ്വിച്ച് ഓഫ്.

വാര്‍ത്താ ചാനലുകള്‍ തലേന്നു രാത്രി വയനാടന്‍ മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ നാമാവശേഷമാക്കിയ ഹോം സ്‌റ്റേയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അതേ ഹോം സ്‌റ്റേയുടെ മുറ്റത്ത്, ചിറക് വിരിച്ചു നില്‍ക്കുന്ന പരുന്തിന്റെ പ്രതിമയ്ക്ക് മുന്നില്‍ നില്‍ക്കുന്നൊരുവന്റെ ഫോട്ടോ അപ്പോഴും ഡൗണ്‍ലോഡ് ചെയ്യപ്പെടാതെ വിപിനയുടെ വാട്‌സാപ്പില്‍ മോക്ഷം കാത്തു കിടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com