
കുന്നിറങ്ങി വന്ന
മഴയെന്നോട് ചോദിച്ചു
നിൻറെ കവിളിലെന്തേ
മഴ പൂക്കാലം ..
നിസ്സഹായതയിൽ
കുന്നുകയറിയ പ്രണയം..
വെറുതെ
തിരിഞ്ഞുനോക്കി...
ചത്ത കുഞ്ഞിൻറെ കണ്ണു കൊത്തിയെടുത്ത്.
പറക്കുന്ന
കഴുകൻ കാലുകൾ ..
കൂർത്ത
കാലുകളിൽ ഇനിയു
മെത്ര കുഞ്ഞുങ്ങൾ
നൊന്തു മരിക്കും ...
ബലിയർപ്പിക്കപ്പെട്ട
മനസ്സ് പീഡിപ്പിച്ചു
കൊണ്ടേയിരുന്നു.. ആബേലിനെയോർത്ത്..
വാക്കുകളെങ്കിലും കൂടെയിരിക്കുമെന്ന് നിനച്ചു..
കുത്തിനോവിക്കാത്ത
വാക്കുകളത്രേ
കാത്തുവെച്ചു
വേരുകളിൽ തിരിഞ്ഞ സൗരയൂഥങ്ങൾ..
പൊള്ളിയടർന്ന വാക്കുകൾ
എങ്ങും ചേരാത്ത
കണ്ണാടി ത്തുണ്ട് പോലെ
നോവിച്ചു കൊണ്ടേയിരിക്കും..
സൗഹൃദത്തിന്റെ
മടിയിൽ ചേർത്ത
അവൽ പൊതി
വിങ്ങി വിങ്ങി കരഞ്ഞു ..
നിരത്തിൽ ചിതറി
കിടന്നവയെ
കാക്ക പോലും
തിരിഞ്ഞുനോക്കിയില്ല ..
കവിയെ ഞാൻ
കണ്ടതേയില്ല ..
നുണ പറയുന്നു
എന്ന വാക്കിൻറെ
വള്ളിയിൽ
കവി കുരുങ്ങിക്കിടന്നു...
നാളെകൾ.. ചരിത്രങ്ങളില്ലാത്ത
പുഴയെ പ്രസവിക്കും..
മീനുകൾ ചത്തൊടുങ്ങും
നന്മ മരിച്ചുവീഴും..
നാളേക്കായി കാത്തുവെക്കാൻ എന്നിൽ ഒന്നുമില്ല ..
വാക്കുകളെ..
നിങ്ങൾ കുന്നിറങ്ങി
മഴയിലേക്കലിയൂ..
പ്രണയമേ,
നീ കടലിൻറെ ഇരുളാണ്ട
താളുകളിൽ ചേരൂ
രക്തമേ..
നീയെൻറെ അവസാനത്തുള്ളിയും
വീഞ്ഞാക്കി മാറ്റൂ..
സൗഹൃദമേ..
നീയെൻറെ അവൽ പൊതിയെ
കടലിൽ കുഴിച്ചിടൂ..
ഹൃദയമേ
നീയെൻറെ
അവസാനശ്വാസത്തെയും
മേഘങ്ങളിലൊളിച്ചിരുന്ന
യക്ഷന്റെ നിശ്വാസമാക്കൂ..
എന്നിലെ കറുത്ത
അധ്യായങ്ങളെ ,,,
നിങ്ങളെൻറെ
കലണ്ടറിലെ
ചെമന്ന അക്കങ്ങളിലേക്ക്
ചേക്കേറൂ..
ഓർമ്മകൾക്കന്ന് അവധി കൊടുക്കാനുള്ളതാണ്...
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക