
പൂത്തുനില്‍ക്കുന്ന
എള്ളിന്‍പാടംനിറഞ്ഞ ഗ്രാമം
ഇവിടെ വളര്‍ന്നവരാണ്
ചിത്രാംഗദനും ഉബൈദും
കൂട്ടുകച്ചവടക്കാരിവര്‍
ഒരു ബൈക്കില്‍ സഞ്ചരിച്ചവര്‍
കഴുകന്മാര്‍ വിരുന്നു വന്നപ്പോള്‍
ഒരാള്‍ ഖബറിലും
ഒരാള്‍ വീട്ടുവളപ്പിലും
കാവലാളായി മാറി!
അവിടെ നിറയെ വെളുത്ത
ചെമ്പക പുഷ്പങ്ങള്‍
ചിരിക്കുന്നുണ്ട്.
അവരുടെ മക്കള്‍ മുറ്റത്ത്
ഓടിക്കളിക്കുന്നു.
അവരൊന്നുമറിഞ്ഞതേയില്ല
ചുമരിലെ ഫോട്ടോ നോക്കി
അമ്മ കരയുന്നതു
കണ്ടു നില്‍ക്കും!
മുറ്റത്ത് തൊപ്പിക്കിളികള്‍
കൂടുവെച്ച ഇലഞ്ഞിമരം
നിറയെ
പൂക്കള്‍ പൊഴിച്ചു നില്‍ക്കും
രണ്ടു പേരും ഇപ്പോഴും
കൂട്ടുകാരാണ്
അടുത്ത ഗ്രാമത്തിലെ
പ്രാവുകള്‍കുറുകുന്ന
വീട്ടിലെ
അച്ചായന്റെ വാഹനം
എനിക്കവര്‍ വാങ്ങിത്തന്നു.
അച്ചായന്‍ ഇപ്പോഴൊരു
സെമിത്തേരിയിലെ
കല്ലറയിലാണ് വിശ്രമം!
അവിടെ നിറയെ കാശച്ചെടികള്‍
പൂത്തുനില്‍ക്കും.
സ്വര്‍ഗ്ഗവാതില്‍പ്പക്ഷി
വിരുന്നുവന്നപ്പോള്‍
ഒന്നൊന്നായിമൂന്നു പേരും
ഗ്രാമം വിട്ടുപോയിരിക്കുന്നു
ഇപ്പോഴും അവര്‍
കൂട്ടുകാരാണ്
ഇപ്പോള്‍ എന്റെ വീടിന്റെ
ചുമരിലും
ഒരു ചിത്രം തൂങ്ങുന്നു
ഞങ്ങള്‍ നാലു പേര്‍
കണ്ടുമുട്ടുന്നു,
ചീറിപ്പാഞ്ഞ
വാഹനമില്ലാതെ
പരലോകത്ത്
അവിടെ നിറയെ കാപ്പിച്ചെടികള്‍
പൂത്തു നിന്നിരുന്നു!
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക