Short Story |ഗാര്‍ഗി - മനോജ് കോടിയത്ത് എഴുതിയ കഥ

Short Story |ഗാര്‍ഗി - മനോജ് കോടിയത്ത് എഴുതിയ കഥ
Updated on

'ഗാര്‍ഗീ, നീയൊരു മലാഖയാണ് പെണ്ണേ.. '

ഫോണ്‍ ഡിസ്‌കണക്റ്റ് ചെയ്യുമ്പോള്‍ പുഞ്ചിരിച്ച് നില്‍ക്കുന്ന ഗാര്‍ഗിയുടെ മുഖം നീലിമയുടെ മനസ്സില്‍ തെളിഞ്ഞു. താന്‍ വീട്ടിലെത്താന്‍ ഇന്നും ഒരല്പം വൈകുമെന്ന വാട്ട്‌സാപ്പ് മെസേജിന്, 'ദീദീ.. ആപ് ചിന്താ മത് കരോ..' എന്ന മറുപടി കേട്ട്, വാക്കുകളാല്‍ നീലിമ നല്‍കിയ സ്‌നേഹാലിംഗനമായിരുന്നു അത്.

രണ്ടു വര്‍ഷത്തിനടുത്തായി ഗാര്‍ഗി നീലിമയുടെ ഫ്‌ലാറ്റില്‍ ജോലിക്ക് വരാന്‍ തുടങ്ങിയിട്ട്. അന്നൊരു ദിവസം, സ്ഥിരം ജോലിക്കാരിയായിരുന്ന കാഞ്ചന് പകരം വന്നതായിരുന്നു അവള്‍. ഏത് ജോലി ചെയ്യാന്‍ പറഞ്ഞാലും ഏറെ സന്തോഷത്തോടെ ചെയ്യുന്ന ഒരു പെണ്ണ്. മുംബൈയില്‍ അങ്ങനെയൊരു സഹായിയെ മഷിയിട്ട് നോക്കിയാല്‍ പോലും കിട്ടില്ല. കഷ്ടിച്ച് ഇരുപത്തിരണ്ട് വയസ്സ് പ്രായമുള്ള കറുത്ത് മെലിഞ്ഞ ഒരു സുന്ദരിപ്പെണ്ണ്. മാമ്പഴത്തിന്റെ നാട്ടുകാരിയുടെ ഭാഷയിലും ഉച്ചാരണത്തിലും രത്‌നഗിരിയുടെ മാമ്പൂമണം നിറഞ്ഞിരുന്നു. ആകര്‍ഷകമായി തിളങ്ങുന്ന മിഴികളുള്ള അവള്‍ സംസാരിക്കുമ്പോള്‍ ഹൃദ്യമായി പുഞ്ചിരിക്കുമായിരുന്നു.

'ആയീ ആണി ദോണ്‍ ബഹിണി.. വടീല്യാണ്‍ചേ നിധണ്‍ ജ്ജാലേ...' വീട്ടിലാരൊക്കെയുണ്ടെന്ന ചോദ്യത്തിന് അമ്മയും രണ്ട് സഹോദരിമാരുമെന്ന് മറുപടി പറയുകയായിരുന്നു ഗാര്‍ഗീ. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു പോയി.

'ഗാര്‍ഗീ.. തൂ ഖൂബ് സുന്ദര്‍ ആഹേ' താനൊരു സുന്ദരിയാണെന്ന് തന്റെ മാതൃഭാഷയില്‍ കേട്ടപ്പോള്‍ ഏതൊരു പെണ്‍കുട്ടിയേയും പോലെ അവളുടെ മുഖവും പ്രകാശമാനമായി.

'ചന്ദ്രകാന്ത് പണ്‍ മലാ ഹേ സാംഗത് അസ്‌തോ''. ചന്ദ്രകാന്തും എന്നും ഇതുതന്നെ പറയുമെന്ന് പറയുമ്പോള്‍ അവള്‍ നാണിച്ചു.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രകാന്തുമായുള്ള വിവാഹശേഷമാണ് ഗാര്‍ഗി ആദ്യമായി ഗ്രാമത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നത്. കാഞ്ചൂര്‍മാര്‍ഗില്‍ റിക്ഷ ഡ്രൈവറാണ് ചന്ദ്രകാന്ത്. യുപിക്കാരന്‍ അസ്ലംഭായ്യുടെ റിക്ഷ പകല്‍സമയം ഓടിക്കുക ചന്ദ്രകാന്താണ്.

'മേരാ വോ ഹേനാ.. ചന്ദ്രകാന്ത്, ഉസ്‌കോ മുജ്‌സേ ബഹുത് പ്യാര്‍ ഹേ'. രണ്ട് മാസം കൊണ്ട് അവള്‍ നന്നായി ഹിന്ദി പഠിച്ചു. വീട് ശുചിയാക്കുന്നതും പാത്രം കഴുകുന്നതും മാത്രമായിരുന്നു ഗാര്‍ഗിയുടെ ജോലി. അന്ന് മുംബൈയില്‍ ആദ്യമായി മഴ പെയ്ത ദിവസം, നീലിമ ഇതുപോലെ വൈകുമെന്നറിയിച്ച ദിവസമാണ് ഗാര്‍ഗി, തന്റെ ജോലിയല്ലെങ്കില്‍ പോലും, അവര്‍ക്കായി ഭക്ഷണമുണ്ടാക്കുന്നത്.

'യേ ഗ്യാ.. രത്‌നഗിരീച്ചാ സ്‌പെഷല്‍' വിശന്നെത്തിയ നീലിമയ്ക്ക് മുന്നിലേക്ക് ചൂടുള്ള മിസല്‍ പാവും മസാല ചായയും വെച്ച് ഗാര്‍ഗി പറഞ്ഞു.

അന്നു മുതല്‍ ഗാര്‍ഗിയുടെ കൈപ്പുണ്യം അവരുടെ രസമുകുളങ്ങളെ ലാളിച്ചുകൊണ്ടിരുന്നു. ക്രമേണ അവള്‍ നീലിമയുടെ ഫ്‌ലാറ്റില്‍ പകല്‍ മുഴുവനും ജോലി ചെയ്യാന്‍ ആരംഭിച്ചു. വളരെ പെട്ടെന്നാണ് ഗാര്‍ഗി ഏവര്‍ക്കും പ്രിയങ്കരിയാവുന്നത്. ഇഷാന് മൂന്ന് മൂന്നോ നാലോ മാസം പ്രായമുള്ളപ്പോഴാണ് ഗാര്‍ഗി അവര്‍ക്കൊപ്പം ചേരുന്നത്. ഇപ്പോള്‍ ഇഷാനാണെങ്കില്‍ ഗാര്‍ഗിയില്ലാതെ പറ്റില്ലെന്നായിട്ടുണ്ട്. ഗാഗ്ഗീ എന്ന് വിളിച്ച് പിന്നാലെ കൂടും ഇഷാന്‍. കുളിപ്പിക്കാനും ഭക്ഷണം കൊടുക്കാനും ഉറക്കാനുമെല്ലാം ഗാര്‍ഗി തന്നെ വേണം ഇഷാന്.

'ബാലാ ജോ ജോ രേ.. കുല്‍ബൂഷണാ.. ദശരഥ്‌നന്ദനാ..

നിദ്രാ കരീ ബാല മന്‍മോഹനാ.. രാമലക്ഷ്മണാ..

ബാലാ ജോ ജോ രേ.. '

ഗാര്‍ഗിയുടെ ശ്രുതിമധുരമായ താരാട്ട് കേട്ട് ഇഷാന്‍ വേഗം ഉറങ്ങും. അപ്പോഴെല്ലാം അവള്‍ അറിയാതെ അവളുടെ മിഴികള്‍ നനയും.

ആര്‍ത്തവത്തിന്റെ നാളുകളില്‍ ഗാര്‍ഗി ആളാകെ മാറും. വളരെ കുറച്ചേ സംസാരിക്കൂ, ഇഷാനോടൊപ്പം മാത്രം അവള്‍ ഏറെ സന്തോഷവതിയാവും

ആര്‍ത്തവത്തിന്റെ നാളുകളില്‍ ഗാര്‍ഗി ആളാകെ മാറും. വളരെ കുറച്ചേ സംസാരിക്കൂ, ഇഷാനോടൊപ്പം മാത്രം അവള്‍ ഏറെ സന്തോഷവതിയാവും. വൈകുന്നേരങ്ങളില്‍ ഗാര്‍ഡനില്‍ ഏതെങ്കിലും ഒരു പെണ്‍കുഞ്ഞെങ്ങാനും തെന്നിവീണാല്‍ അവളുടെ മനസ്സ് പിടയും. കുഞ്ഞിനെ ഓടിച്ചെന്ന് എടുത്ത് അവളുടെ കരച്ചില്‍ മാറ്റും.

'ഗാര്‍ഗീ, പെണ്ണേ നീ ചെറുപ്പമല്ലേ.. കുട്ടികളുണ്ടാവാന്‍ ധാരാളം സമയമുണ്ടല്ലോ ' അവളുടെ മൂഡ് സ്വിങ്‌സ് കണ്ട് നീലിമ പറയും. മറുപടിയായി ഗാര്‍ഗി ആദ്യം പുഞ്ചിരിക്കുക മാത്രം ചെയ്യും. പിന്നെയൊരു ദീര്‍ഘനിശ്വാസമെടുത്ത് ഇപ്രകാരം പറഞ്ഞു.

'അവനും പറയും, അച്ഛനാവുക അവന്റെയും സ്വപ്നമാണെന്ന്. അവന്റെ മാസിക്കും മരിക്കുന്നതിന് മുമ്പ് ചെറുമകന്റെ കുഞ്ഞിനെ കാണണമത്രേ..' തന്നെ പോലെ എത്രപേരാണ് തനിക്കൊരു ഒരു കുഞ്ഞുണ്ടാകാന്‍ ആഗ്രഹിക്കുന്നതെന്ന് അവള്‍ ഓര്‍ത്തു.

'അതിനാണ് അവനെന്നെ ആ പൂനം ഡോക്ടറുടെ ക്ലിനിക്കില്‍ എല്ലാ മാസവും കൊണ്ടുപോവുന്നത്.'

'ഇന്‍ഫേര്‍ട്ടിലിറ്റി ക്ലിനിക്കിലോ! ' നീലിമ അതിശയപ്പെട്ടു.

'ആ പത്ത് ദിവസങ്ങളില്‍ അവന് എന്നോടുള്ള സ്‌നേഹത്തിന് കണക്കില്ല... 'എന്ന് പറയുമ്പോള്‍ അവള്‍ വല്ലാതെ നാണിക്കുകയും അവളുടെ കവിളുകള്‍ തുടുക്കുകയും ചെയ്തു.

പക്ഷേ, ചന്ദ്രകാന്തിന്റെ പുതിയ ചങ്ങാത്തങ്ങളും അവര്‍ക്കൊപ്പമുള്ള മദ്യപാനവും അലസതയും കാരണം ജോലി നഷ്ടപ്പെടുത്തിയതും തന്നെ എത്രമാത്രം അലട്ടുന്നുവെന്ന് അപ്പാേഴാണ് ഗാര്‍ഗി ആദ്യമായി പറയുന്നത്. എങ്കിലും അവന്‍ തന്നെ വളരെയധികം സ്‌നേഹിക്കുന്നുവെന്ന് അവള്‍ ആവര്‍ത്തിച്ചു. അവന്റെ മനസ്സ് എന്നെങ്കിലും മാറുമെന്ന ശുഭാപ്തിവിശ്വാസം അവളുടെ വാക്കുകളില്‍ നിറഞ്ഞു.

ഒരു ദിവസം ഇഷാനെ തന്റെ മടിയില്‍ ഉറക്കിയ ശേഷം ഗാര്‍ഗി നീലിമയോട് ചോദിച്ചു.

'മോന്റേത് സുഖപ്രസവമായിരുന്നോ ദീദീ ?'

നീലിമ അത് കേട്ട് ഉറക്കെ ചിരിച്ചു. 'വേദനയുടെ പെരുക്കപ്പട്ടികയ്ക്ക് ആരാണാവോ സുഖപ്രസവമെന്ന് പേരിട്ടത്. നോവിന്റെ തീവ്രതരംഗങ്ങളില്‍, എത്ര നേരമെന്നറിയാതെ, തനുവിലെ ഒരോ അണുവിന്റേയും പിടച്ചിലാണത്; വേദനയുടെ ചുഴലിയില്‍ ജീവനും മൃത്യുവിനും ഇടയിലെ അദൃശ്യരേഖയില്‍ തൊട്ടുള്ള മടക്കയാത്രയാണത്, 'അബലകള്‍' പൊരുതുന്ന ഒറ്റയാള്‍യുദ്ധം.'

നീലിമയെ കേട്ട് ഗാര്‍ഗി ശിരസ്സ് ചുമരില്‍ ചാരി, ധ്യാനത്തിലെന്ന പോലെ കണ്ണുകളടച്ചു. ശാന്തമായ അവളുടെ മുഖത്ത് ഒരു ചെറുമന്ദഹാസം വിരിഞ്ഞു.

'എന്റെ അമ്മ പറയും, ആ വേദനയനുഭവിക്കുക എന്നത് മഹനീയമായ സൗഭാഗ്യമാണ്. ഈ പ്രപഞ്ചം ചിട്ടപ്പെടുത്തിയ രാഗസംഗമമാണതെന്ന്. ആത്മാവിന്റെ യാത്രയെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നെയ്‌തെടുക്കലാണെന്ന്. ജീവന്റെ വരവിനെ പ്രഖ്യാപിച്ച് സ്‌നേഹപൂര്‍വ്വമായ നൃത്തമാടലാണെന്ന്. '

അവളുടെ കണ്ണുകളില്‍ ആനന്ദാശ്രു നിറഞ്ഞു. അവള്‍ ഇപ്രകാരം മന്ത്രിച്ചു. 'ദീദീ..ഞാനിതാ എന്റെ മകളെ പ്രസവിച്ചു കഴിഞ്ഞു. അവള്‍ക്ക് ഞാന്‍ കേത്കി എന്ന് പേരിടും '

****

അമ്മയോര്‍മ്മകളില്‍ മനം പിടഞ്ഞ ദിവസങ്ങളിലൊന്നില്‍ ചന്ദ്രകാന്ത് വിലക്കിയിട്ടും ഗാര്‍ഗി ഗ്രാമത്തിലേക്ക് യാത്രതിരിച്ചു. ഒരാഴ്ച അമ്മയോടൊപ്പം കഴിഞ്ഞ് തിരികെ വന്നപ്പോള്‍ നീലിമയ്ക്ക് സമ്മാനമായി കരുതിയത് ഒരു പെട്ടി അല്‍ഫോന്‍സോ മാമ്പഴം. ജാഗിര്‍ദാറിന്റെ മാമ്പഴതോട്ടത്തില്‍ ജോലി ചെയ്തതിന് കൂലിയായി മാമ്പഴം തന്നെ വാങ്ങിയത് ദീദിക്ക് സമ്മാനിക്കാനാണെന്ന് ഗാര്‍ഗി പറഞ്ഞു.

'കുഞ്ഞുനാളില്‍ അമ്മയുടെ കൂടെ ഞാനും കൂലിവേലയ്ക്ക് പോവുമായിരുന്നു.' പെട്ടിയില്‍ നിന്നും മാമ്പഴമെടുത്ത് കഴുകുമ്പോള്‍ ഗാര്‍ഗി തന്റെ കുട്ടിക്കാലം ഓര്‍ത്തെടുത്തു.

'അന്നൊക്കെ ഞങ്ങള്‍ ജാഗിര്‍ദാറിന്റെ പാടത്ത് വിളവെടുപ്പ് ദിവസത്തിനായി കാത്തിരിക്കും. പ്രത്യേകിച്ച് തണ്ണിമത്തന്‍ വിളവെടുക്കുന്ന ദിവസം. അന്ന് ഗ്രാമവാസികള്‍ക്കായി പല പല മത്സരമങ്ങളുണ്ടാവും. പട്ടം പറത്തലും, ഗുസ്തിയും അങ്ങനെ പലതും. തണ്ണിമത്തന്‍ തീറ്റയായിരുന്നു പ്രധാന മത്സരം. തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ വിത്തുകള്‍ ഒരു പാത്രത്തില്‍ ശേഖരിക്കണം. ഏറ്റവുമധികം വിത്തുകള്‍ ഈ വിധം ശേഖരിക്കുന്ന ആള്‍ക്ക് സമ്മാനം കിട്ടും.'

'കൊള്ളാലോ മത്സരം, ധാരാളം തണ്ണിമത്തന്‍ കഴിക്കാലോ.. ' നീലിമ പറഞ്ഞു

'പിന്നില്ലാതെ, ഞാനെത്ര തവണ ജയിച്ചിട്ടുണ്ടെന്നറിയാമോ. ആദ്യ വിളവെടുപ്പിലെ ഏറെ മധുരമുള്ള തണ്ണിമത്തനാണ് ജാഗിര്‍ദാര്‍ മത്സരത്തിനായി തരിക. അടുത്ത വര്‍ഷത്തേക്ക് ഏറ്റവും നല്ല വിത്തുകള്‍ ശേഖരിക്കാന്‍. പിന്നീടെന്ത് സംഭവിച്ചുവെന്നറിയണോ ദീദീ..! '

'എന്ത് സംഭവിച്ചു?!' നീലിമയ്ക്ക് കൗതുകമായി.

'ആ വര്‍ഷം വിളവെടുപ്പിന് തൊട്ട് മുമ്പാണ് ജാഗിര്‍ദാര്‍ മരിച്ചത്. ഞാന്‍ വയസ്സറിയിച്ച സമയമായിരുന്നു. ജാഗിര്‍ദാറിന്റെ മകന്‍, ഉത്സവം നടത്താതെ, വിത്തുകള്‍ ശേഖരിക്കാതെ തണ്ണിമത്തനെല്ലാം അധികം കാശിന് വിറ്റു.

ഞങ്ങള്‍ക്കെല്ലാം സങ്കടമായി. അവസാനത്തെ വിളവെടുപ്പിലെ വിത്തുകള്‍ അധികവും അടുത്ത കൊല്ലം മുളച്ചില്ല. മുളച്ചവയിലൊന്നും നല്ല തണ്ണിമത്തനുണ്ടായതുമില്ല. ഏറ്റവും മധുരമുള്ള തണ്ണീര്‍മത്തന് പേരുകേട്ട പാടങ്ങളില്‍ പിന്നീട് അയാള്‍ കൃഷി ചെയ്തതേയില്ല.

അവസാനത്തെ വിളവെടുപ്പിലെ വിത്തുകള്‍ അധികവും അടുത്ത കൊല്ലം മുളച്ചില്ല. മുളച്ചവയിലൊന്നും നല്ല തണ്ണിമത്തനുണ്ടായതുമില്ല. ഏറ്റവും മധുരമുള്ള തണ്ണീര്‍മത്തന് പേരുകേട്ട പാടങ്ങളില്‍ പിന്നീട് അയാള്‍ കൃഷി ചെയ്തതേയില്ല

പ്രതീക്ഷിച്ചതിലും വൈകിയെത്തിയ നീലിമ, ഗാര്‍ഗിയെ വിളിച്ച് താഴേക്ക് വരാന്‍ പറഞ്ഞു. നേരമധികം വൈകിയതുകൊണ്ട് വീടുവരെ താന്‍ കൊണ്ടുവിടാമെന്ന് പറഞ്ഞപ്പോള്‍ ഗാര്‍ഗി നിരസിച്ചു. എങ്കിലും നീലിമയുടെ നിര്‍ബന്ധത്തിന് അവള്‍ക്ക് വഴങ്ങേണ്ടി വന്നു. ഗാര്‍ഗിയോട് ക്ഷമ ചോദിച്ച നീലിമ, നിസര്‍ഗയില്‍ നിന്നും വാങ്ങിയ ഭക്ഷണം, 'ഇത് കൊണ്ടു പോകൂ, അവിടെ ചെന്ന് ഇനി ഭക്ഷണമുണ്ടാക്കലും കൂടി ആവുമ്പോള്‍... ' എന്ന് പറഞ്ഞ് ഗാര്‍ഗിക്ക് നല്‍കി.

ശാസ്ത്രി റോഡിലെ ട്രാഫിക് പുതുമയല്ലെങ്കില്‍ പോലും നീലിമയെ അലോസരപ്പെടുത്തി. പതിയെ നീങ്ങുന്ന വാഹനങ്ങള്‍ക്കിടയിലൂടെ കാല്‍നടക്കാര്‍ വീടണയാനുള്ള വ്യഗ്രതയില്‍ ക്രമമില്ലാതെ നടന്നു.

'സ്ഫടികജാറില്‍ മണല്‍ത്തരികളെന്ന പോലെ മനുഷ്യര്‍ വന്നുവീഴുന്ന ഈ നഗരം.. എന്തൊരത്ഭുതമാണല്ലേ !' നീലിമ പറഞ്ഞു. ഗാര്‍ഗി അപ്പോള്‍ വളരെ അസ്വസ്ഥയായി കാണപ്പെട്ടു. ഇന്ന് ഇത്രയും വൈകിയതാവുമോ അതിന് കാരണമെന്ന് നീലിമ സംശയിച്ചു. താന്‍ മൂലമാണല്ലോ വൈകിയത് എന്ന ചിന്ത നീലിമയില്‍ കുറ്റബോധമുണ്ടാക്കി.

ഭാണ്ടൂപ്പ് സ്‌റ്റേഷനടുത്തെ സിഗ്‌നലില്‍ അവരുടെ വാഹനം ഏറെ നേരം കിടന്നു. വലത് ഭാഗത്തെ കെട്ടിടത്തില്‍ ഡോ.പൂനംസ് ഇന്‍ഫേര്‍ട്ടിലിറ്റി ക്ലിനിക്കിന്റെ ബോര്‍ഡിലേക്ക് നോക്കിയിരുന്ന ഗാര്‍ഗി കൂടുതല്‍ അസ്വസ്ഥയായി. അവളുടെ മുഖത്ത് സങ്കടവും ക്രോധവും മിന്നിമറഞ്ഞു.

'എന്റെ കുട്ടീ, എന്തിനാ ഇങ്ങനെ വിഷമിക്കുന്നേ. അതൊക്കെ ശരിയാവും' നീലിമ ഗാര്‍ഗിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഗാര്‍ഗി പുഞ്ചിരിക്കാന്‍ ശ്രമിച്ചു. 'ദീദിയോട് ഒരു കാര്യം പറയാനുണ്ട്. അല്ലെങ്കില്‍ വേണ്ട, ഞാനത് നാളെ പറയാം, ഇപ്പോ ഏറെ വൈകിയല്ലോ'

മംഗത്‌റായ് പെട്രോള്‍സ്‌റ്റേഷന് സമീപം താന്‍ ഇറങ്ങിക്കോളാമെന്ന് ഗാര്‍ഗി പറഞ്ഞു. റൂമിലേക്ക് ഏറെ ദൂരമുണ്ടാവില്ലേ അതുകൊണ്ട് താന്‍ അവിടം വരെ വിടാമെന്ന് നീലിമ പറഞ്ഞു.

'പ്രതാപ്നഗര്‍ റോഡില്‍ സൂചി കുത്താന്‍ സ്ഥലമുണ്ടാവില്ല. വഴിവാണിഭക്കാരും കാല്‍നടക്കാരും അഴിച്ചുവിട്ട കുറേ പശുക്കളും, ആകെ ബഹളമാണ്. ദീദി വന്നാല്‍ പെട്ട് പോകും '

'എത്ര ദൂരമുണ്ട് നടക്കാന്‍..!' നീലിമ ചോദിച്ചു

'ഈ തിരക്ക് കാരണമാണ്, അല്ലെങ്കില്‍ ഒരു പത്ത് മിനുറ്റ്. ഹനുമാന്‍നഗര്‍ കഴിഞ്ഞാല്‍ ഇടത്ത് ഭാഗത്ത് ജയ്ഭീമിന്റെ കൊടിമരമുണ്ട്. വലത് ഭാഗത്ത് ഒരു ചെറിയ പള്ളി. പിന്നെയാണ് മഗ്ബൂല്‍ ചാല്‍. അതിലാണ്...'

തിരികെയുള്ള ഡ്രൈവില്‍ നീലിമയുടെ ചിന്ത ഗാര്‍ഗിയെക്കുറിച്ചായിരുന്നു. തന്നോട് പറയാനുണ്ടെന്ന് പറഞ്ഞ കാര്യമെന്തായിരിക്കുമെന്നതിനെക്കുറിച്ചായിരുന്നു.

തിരികെയുള്ള ഡ്രൈവില്‍ നീലിമയുടെ ചിന്ത ഗാര്‍ഗിയെക്കുറിച്ചായിരുന്നു. തന്നോട് പറയാനുണ്ടെന്ന് പറഞ്ഞ കാര്യമെന്തായിരിക്കുമെന്നതിനെക്കുറിച്ചായിരുന്നു

Short Story |ഗാര്‍ഗി - മനോജ് കോടിയത്ത് എഴുതിയ കഥ
പേക്രോം പേക്രോം - വിനോദ് കാര്യാട്ടുപുറം എഴുതിയ കവിത

ഫ്‌ലാറ്റിന്റെ ചാവി പതിവ് പോലെ സെക്യൂരിറ്റിയില്‍ ഏല്‍പ്പിച്ച്, നീലിമ ഇഷാനെ പ്ലേസ്‌കൂളില്‍ വിടാനായി തിരിച്ചു. ഡ്രൈവിനിടയില്‍ തന്റെ അക്കൗണ്ടന്റിന് ഫോണ്‍ ചെയ്ത് റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നതിക്കുറിച്ച് ആരാഞ്ഞു. ഡോക്ടര്‍ നയന ശര്‍മ്മയുടെ ക്ലിനിക്കില്‍ വിളിച്ച് മാമ്മോഗ്രാമിന് അപ്പോയ്ന്റ്‌മെന്റെടുത്തു. ഓഫീസിലെത്തി ടീം മീറ്റിംഗ് കഴിഞ്ഞ് വാട്‌സപ്പ് മെസേജുകള്‍ നോക്കി. 'ദീദി ഞാന്‍ എത്തി' എന്ന ഗാര്‍ഗിയുടെ സ്ഥിരം മെസേജ് പക്ഷേ കണ്ടില്ല. ഗാര്‍ഗിയുടെ വാട്ട്‌സാപ്പില്‍ 'ലാസ്റ്റ് സീന്‍' സമയം രാവിലെ ആറുമണിയായിരുന്നു. ഉടനെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയി കാണപ്പെട്ടു. സെക്യൂരിറ്റിയെ വിളിച്ച് ഗാര്‍ഗി വന്നുവോ എന്ന് തിരക്കി നിരാശയായി. ഇഷാനെ പ്ലേസ്‌കൂളില്‍ നിന്നും ദിവസവും കൂട്ടിവരിക ഗാര്‍ഗിയാണ്. ഗാര്‍ഗിയെ വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. അത് നീലിമയെ അത്യധികം വ്യാകുലയാക്കി.

പ്ലേസ്‌കൂളില്‍ ചെന്ന് ഇഷാനെയും കൂട്ടി ഫ്‌ലാറ്റിലേക്ക് ചെല്ലാതെ നീലിമ, ഗാര്‍ഗിയുടെ താമസസ്ഥലത്തേക്ക് പുറപ്പെട്ടു. തലേ ദിവസം ഗാര്‍ഗി പറഞ്ഞ അടയാളങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. വാഹനക്കുരുക്കില്‍ അവള്‍ ഇഷാനോട് സംസാരിച്ച് തന്റെയുള്ളിലെ വിനാശചിന്തകളെ തടയാന്‍ ശ്രമിച്ചു.

ഭാണ്ടൂപ്പില്‍ ഗതാഗതക്കുരുക്ക് വിണ്ടും രൂക്ഷമായി. അല്പം അകലെ സിഗ്‌നലിന് സമീപം ഡോക്ടര്‍ പൂനം ഇന്‍ഫേട്ടിലിറ്റി ക്ലിനിക്കിന്റെ ബോര്‍ഡില്‍ നീലിമയുടെ കണ്ണുകളുടക്കി. ഇന്നലെ വൈകുന്നേരം, അതേ ബോര്‍ഡില്‍ നോക്കി ഗാര്‍ഗി അസ്വസ്ഥയായത് അവള്‍ ഓര്‍ത്തു.

വാഹനങ്ങള്‍ക്കിടയിലൂടെ പത്രങ്ങള്‍ വില്‍ക്കുന്ന ഒരാണ്‍കുട്ടി നടന്നടുത്തു. അവന്‍ ഒരു പത്രം ഉയര്‍ത്തിക്കാണിച്ച് എന്തോ വിളിച്ച് പറയുന്നുണ്ട്. നീലിമിയമുടെ ഭാഗത്തെ വിന്റോയില്‍ അവന്‍ ആ പത്രം ചേര്‍ത്തുവെച്ചു.

''മിഡ്‌ഡേ വാങ്ങൂ' അവന്‍ ഉച്ചത്തില്‍ പറഞ്ഞു.

വേണ്ടെന്ന് പറയാന്‍ ശ്രമിക്കുമ്പോള്‍ പത്രത്തിലെ തലക്കെട്ട് നീലിമയുടെ ശ്രദ്ധയില്‍പ്പെട്ടു.

'ആസിഡ് അറ്റാക്ക് ഭാണ്ടൂപ്പില്‍ ''

അതിന് താഴെ ചേര്‍ത്ത ചിത്രം കണ്ട് അവളുടെ നെഞ്ച് പൊള്ളി. ഗാര്‍ഗീ എന്ന ശബ്ദം അവളുടെ തൊണ്ടയില്‍ കുരുങ്ങി. വിന്റോ തുറന്ന് ആ പത്രം പിടിച്ച് വാങ്ങി, വാര്‍ത്തയിലൂടെ കണ്ണോടിച്ചു. ആദ്യത്തെ വരി കഴിഞ്ഞുള്ള അക്ഷരങ്ങള്‍ക്ക് സ്വയം തീയിലമര്‍ന്നു. ചിത്രത്തില്‍ ഗാര്‍ഗി തീയേറ്റ് പിടഞ്ഞു. അവള്‍ നീലിമയെ നോക്കി അലറി.

'ദീദീ... എന്നെ രക്ഷിക്കൂ '

ഇടത് ഭാഗത്തെ കെട്ടിടത്തിലെ ഹോഡിങില്‍ ഡോക്ടര്‍ പൂനമിന്റെ പൂര്‍ണ്ണകായ ചിത്രം അവളെ നോക്കി പുഞ്ചിരിച്ചു..

മഗ്ബൂല്‍ ചാലില്‍, പത്ത് അടി നീളവും വീതിയുമുള്ള പല മുറികളുടെയും വാതിലുകള്‍ അടഞ്ഞ് കിടന്നു. ഒരു മുറിയില്‍ നിന്നും കുട്ടിയുടെ കരച്ചിലും അമ്മയുടെ ശകാരവും ഉയര്‍ന്ന് കേള്‍ക്കാം. അലസമായി സാരിയുടുത്ത, ചുവന്ന വട്ടപ്പൊട്ട് ധരിച്ച ഒരു സ്ത്രീ മുന്നിലൂടെ ഓടി വരുന്നത് നീലിമ കണ്ടു. അവരുടെ നെറ്റി മുതല്‍ മൂര്‍ദ്ധാവ് വരെ ഓറഞ്ച് നിറത്തില്‍ കുങ്കുമമിട്ടിരുന്നു. മദ്ധ്യത്തിലെ മുറിയുടെ അടഞ്ഞ വാതിലില്‍ കൊട്ടി, അവര്‍ ഇപ്രകാരം വിളിച്ച് പറഞ്ഞു.

'ഓ... ഷാസിയാ ബഹന്‍... പാനി ആയി ഹേ'

ധൃതിയില്‍ തിരികെ നടക്കാനാെരുങ്ങിയ സ്ത്രീയെ വിളിച്ച് നീലിമ ആ പത്രം കാണിച്ചു. പരിഭ്രമിച്ച അവര്‍ തനിക്കൊന്നുമറിയില്ല എന്ന് പറഞ്ഞ് മുഖം തിരിച്ചു. രണ്ടടി നടന്ന് തിരികെ വന്ന് അവര്‍ നീലിമയോട് ഇപ്രകാരം പറഞ്ഞു.

'പാവം പെണ്ണ്. അതെത്ര വേദന തിന്നണം ഭഗവാനേ. . എന്തിനാ ആ ദുഷ്ടന്‍ ഈ കടുംകൈ ചെയ്തതെന്ന് അറിയില്ല. യൂസുഫ്ഭായുടെ മുറിയില്‍ വാടയ്ക്ക് താമസിക്കുകയായിരുന്നു. അവരെയും അടുത്ത മുറിയിലെ യാദവിനെയും പൊലീസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോയിട്ടാണുള്ളത്'

'എന്തിനാണ് അയാള്‍..?!'

'അറിയില്ല. അവനൊരു പാവമാണെന്നാ ഞങ്ങളെല്ലാം കരുതിയത്. ഇന്നലെ രാത്രി ആദ്യമായി അവര്‍ തമ്മില്‍ വഴക്കിട്ടെന്ന് കേട്ടു. അത് കഴിഞ്ഞ് പതിവില്ലാതെ അവന്‍ പുറത്ത് പോയീന്ന്. ഇന്ന് രാവിലെ, ഏഴു മണിയായിക്കാണും; ആ കൊച്ചിന്റെ അലര്‍ച്ച കേട്ട് യാദവ്ഭായിയാണ് ആദ്യം ഓടിചെന്നത്. എന്താ സംഭവിച്ചതെന്ന് കേട്ടപ്പോഴേ എന്റെ പ്രാണന്‍ പോയി. ആ മുറിയിലാകെ ആസിഡിന്റെയും കത്തിയ മാംസത്തിന്റെയും മണമായിരുന്നുന്ന്, പുകയും; അതിനിടയില്‍ ആ പച്ചജീവന്‍ പിടഞ്ഞുകൊണ്ടിരുന്നു. തൊടുന്ന ഇടത്തെ മാംസം ഇളകി... ; എന്റെ ദൈവമേ. ' അവര്‍ വിതുമ്പി.

ആ മുറിയിലാകെ ആസിഡിന്റെയും കത്തിയ മാംസത്തിന്റെയും മണമായിരുന്നുന്ന്, പുകയും; അതിനിടയില്‍ ആ പച്ചജീവന്‍ പിടഞ്ഞുകൊണ്ടിരുന്നു

'നീലിമ വന്നത് നന്നായി. അല്ലെങ്കില്‍ ഗാര്‍ഗിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളറിയാന്‍ ഞാന്‍ വിളിപ്പിച്ചേനേ 'ഇന്‍സ്‌പെക്ടര്‍ വിദ്യാ കദം പറഞ്ഞു.

' ഗാര്‍ഗീ..?!' തന്റെ സങ്കടവും ഉത്കണ്ഠയുമൊളിപ്പിച്ച് നീലിമ ചോദിച്ചു.

'സയണ്‍ ഹോസ്പിറ്റലിലാണ്. ആ കുട്ടി എത്രയും പെട്ടെന്ന് തീരണേ എന്നാണ് എന്റെ പ്രാര്‍ത്ഥന. അത്ര ദാരുണമാണ് അവസ്ഥ. സ്‌നേഹം നടിച്ച് അവന്‍ അവളെ വിവസ്ത്രയാക്കിയിരിക്കണം. അല്ലാതെ ദേഹം മുഴുവന്‍ ഈ വിധം. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ക്രൂരമായ ആസിഡ് അറ്റാക്ക്, അതും ഒരാള്‍ സ്വന്തം ഭാര്യയോട്..'

തന്റെ ഹൃദയത്തില്‍ ആരോ അമ്ലം ചൊരിയുന്ന വേദനയില്‍ നീലിമയുടെ മനസ്സ് പിടഞ്ഞു.

'അവന്‍ ഒളിവിലാണ്. ഒരു സ്‌റ്റേറ്റ്‌മെന്റ് എടുക്കാനുള്ള സ്ഥിതിയിലല്ല ആ പെണ്‍കുട്ടിയും.' ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

പൊലീസ് സ്‌റ്റേഷനില്‍ നിന്നുമിറങ്ങി സയണ്‍ ഹോസ്പിറ്റലിലേക്കുള്ള ഡ്രൈവിനിടയില്‍ നീലിമ പത്രത്തിലേക്ക് വീണ്ടും നോക്കി. 'ദീദീ ഒരു കാര്യം പറയാനുണ്ടായിരുന്നു. ഇനിയത് പറ്റില്ലല്ലോ' എന്ന് ഗാര്‍ഗി തന്നോട് പറയുന്നത് പോലെ അവള്‍ക്ക് തോന്നി. ഡോക്ടര്‍ പൂനത്തിന്റെ ക്ലിനിക്കടുത്തെത്തിയപ്പോള്‍ ഇന്നലെ ഗാര്‍ഗിയിലുണ്ടായ ഭാവമാറ്റം അവള്‍ ഓര്‍ത്തു. ക്ലിനിക്കില്‍ ചെന്ന് ഗാര്‍ഗിയുടെ ചികിത്സയെക്കുറിച്ച് തിരക്കാന്‍ നീലിമ തീരുമാനിച്ചു.

'ഡോക്ടര്‍ പൂനമിനെ കാണണം' റിസപ്ഷനിലിരുന്ന യുവാവിനോട് നീലിമ പറഞ്ഞു.

'ഡോക്ടര്‍ ഇനി വൈകീട്ടേ വരൂ.. ' അയാള്‍ കീബോര്‍ഡില്‍ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.

'ഈ കുട്ടി ഡോക്ടര്‍ പൂനമിന്റെ പേഷ്യന്റല്ലേ.. ' പത്രത്തിലെ ഗാര്‍ഗിയുടെ ചിത്രം മാത്രം കാണിച്ച് അക്ഷമയായി നീലിമ ചോദിച്ചു.

'പേഷ്യന്‍സിനെക്കുറിച്ചുള്ള വിവരങ്ങള്‍ പറയാന്‍ സാദ്ധ്യമല്ല ' അയാള്‍ കടുപ്പിച്ച് പറഞ്ഞു.

ഒരു നിമിഷം നീലിമ അയാളെ തുറിച്ച് നോക്കി. പിന്നെ, മിന്നല്‍ വേഗത്തില്‍ അയാളുടെ ടൈയ്യില്‍ പിടിച്ച് വലിച്ചു.

'ഇവള്‍ എടുത്ത ട്രീറ്റ്‌മെന്റ് എന്താണ്? എനിക്കതറിഞ്ഞേ പറ്റൂ.. ' അവളുടെ അലര്‍ച്ചയില്‍ ചുറ്റുമുള്ളവര്‍ സ്തബ്ധരായി. ശബ്ദം കേട്ട് നേഴ്‌സുമാരും മറ്റു സ്റ്റാഫും റിസപ്ഷനിലേക്ക് വന്നു.

സെക്യൂരിറ്റി വന്ന് ക്ലിനിക്കില്‍ നിന്നും പുറത്ത് പോകാന്‍ നീലിമയോട് പറഞ്ഞു. പിന്നീട് വന്ന് ഡോക്ടര്‍ പൂനമിനെ കാണൂ, അല്ലാതെ ഇവിടെ സ്റ്റാഫ് ആരും നിങ്ങളോട് സംസാരിക്കില്ല എന്ന് അയാള്‍ തറപ്പിച്ച് പറഞ്ഞു

ലിഫ്റ്റിന് കാത്ത് നില്‍ക്കുമ്പോള്‍ ഒരു നേഴ്‌സ് വന്ന് നീലിമയെ ഫയര്‍ എക്‌സിറ്റിലേക്ക് കൂട്ടികൊണ്ടു പോയി.

'ഞാന്‍ ആ വാര്‍ത്ത ടിവിയില്‍ കണ്ടു. പാവം പെണ്‍കുട്ടി.. എനിക്ക് അതിയായ ദുഃഖം തോന്നുന്നു. കുറ്റബോധവും '

നീലിമ അവരെ ചോദ്യരൂപേണ നോക്കി.

'ഞാനിവിടെ പുതിയതാണ്. ഗാര്‍ഗി എന്റെ ഗ്രാമത്തിനടുത്താണെന്ന് പരിചയപ്പെട്ടപ്പോള്‍ മനസ്സിലായി. അങ്ങനെയാണ് അവളോട് ഞാന്‍ കൂടുതല്‍ സംസാരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ ഞാന്‍ അവളോട് ചില കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു '

എന്താണതെന്ന് നീലിമ ചോദിച്ചു.

അവര്‍ ചുറ്റും നോക്കി, ആരും വരുന്നില്ലെന്ന് ഉറപ്പ് വരുത്തി.

'നോക്കൂ.. ഗാര്‍ഗി ഡോക്ടര്‍ പൂനമിന്റെ അടുത്ത് നിന്നും ഇന്‍ഫേര്‍ട്ടിലിറ്റ് ട്രീറ്റ്‌മെന്റ് എടുത്തിട്ടേയില്ല.. '

'പിന്നെ..?'

'ഗാര്‍ഗി ഇവിടെ വരുമായിരുന്നു. ടു ഡൊണേറ്റ് ഹേര്‍ എഗ്‌സ്; ഇന്‍ ഫാക്റ്റ് ടു സെല്‍ ഹേര്‍ എഗ്‌സ് '

'എക്‌സ്യൂസ് മീ..' നീലിമയ്ക്ക് താന്‍ കേട്ടത് വിശ്വാസം വന്നില്ല.

'അവളെ ട്രീറ്റ്‌മെന്റിന്റെ പേരില്‍ അവളുടെ ഭര്‍ത്താവ് ഇവിടെ കൊണ്ടുവന്നത് അവള്‍ അറിയാതെ തന്റെ അണ്ഡം വില്‍ക്കാനായിരുന്നു.. '

'എന്ത് ഭ്രാന്താണീ പറയുന്നത്. ദാറ്റ്‌സ് ഇല്ലീഗല്‍ '

'ഈ രാജ്യത്ത് എന്താണ് നിയമവിരുദ്ധമല്ലാത്തത്. നിയമങ്ങളുണ്ടാക്കുന്ന സര്‍ക്കാര്‍ പോലും നിയമവിരുദ്ധമായല്ലേ ഉണ്ടാവുന്നത് '

'ആ കുട്ടിയുടെ സമ്മതം ? '

'ടെക്‌നിക്കലി ഉണ്ട്. അണ്ഡം സംഭാവന ചെയ്യുന്ന സമ്മതപത്രമെല്ലാം ഒപ്പിട്ട് വാങ്ങിയിട്ടുണ്ട് ഇവര്‍. പണം എണ്ണി വാങ്ങുന്ന ഭര്‍ത്താവിന് മാത്രമേ വില്‍പനയാണെന്നറിയൂ, കഴിഞ്ഞ മാസം, ഇത്രയും നാള്‍ ചികിത്സിച്ചും ഗര്‍ഭിണി ആയില്ലെന്ന് എന്നോട് സങ്കടം പറഞ്ഞു. അപ്പോഴാണ് ഞാന്‍ അവളോട് സത്യാവസ്ഥ എന്താണെന്ന സൂചന കൊടുത്തത് . '

'എത്ര തവണ വന്നിട്ടുണ്ട് അവള്‍.. !'

'റിക്കോഡ് പ്രകാരം ഒരു ഡസന്‍ തവണയെങ്കിലും.. '

'എന്റീശ്വരാ.. ' നീലിമയുടെ ചുണ്ടുകള്‍ വിറയ്ക്കുകയും മിഴികള്‍ നിറയുകയും ചെയ്തു.

'ബാലാ ജോ ജോ രേ.. കുല്‍ബൂഷണാ.. ദശരഥ്‌നന്ദനാ.. നിദ്രാ കരീ ബാല മന്‍മോഹനാ.. രാമലക്ഷ്മണാ.. ബാലാ ജോ ജോ രേ.. '

സയണ്‍ ഹോസ്പിറ്റലിന്റെ ഐസിയുവിന് മുന്നില്‍ ഒരു വനിതാ പൊലീസ് കാവലുണ്ടായിരുന്നു. ആര്‍ക്കും അകത്തേക്ക് പ്രവേശനമില്ലെന്നും നിങ്ങള്‍ക്കവളെ കാണാനുള്ള മനക്കരുത്തുണ്ടാവില്ലെന്നും അവര്‍ നീലിമയോട് പറഞ്ഞു.

ഐസിയുവിന് മുന്നിലെ ബഞ്ചില്‍ അവള്‍ തളര്‍ന്നിരുന്നു. നിറഞ്ഞൊഴുകിയ കണ്ണുകളടച്ച് ഗാര്‍ഗിയുടെ മരണത്തിനായി പ്രാര്‍ത്ഥിച്ചു.

തത്സമയം, തൂവെള്ള വസ്ത്രം ധരിച്ച് പൂര്‍ണ്ണ ഗര്‍ഭിണിയായ ഗാര്‍ഗി അവളുടെ മുന്നില്‍ പുഞ്ചിരി തൂകി നിന്നു. കാണക്കാണെ അവള്‍, പേറ്റുനോവില്‍ പുളയുന്ന ഒരു ഡസന്‍ പെണ്ണുടലുകളായി. ഉച്ഛസ്ഥായിലായ അവരുടെ നിലവിളി സഹിക്കാനാവാതെ നീലിമ ചെവികളടച്ചു. മെല്ലെ ഉടല്‍ തളര്‍ന്ന് പന്ത്രണ്ട് സ്ത്രീകളും നിശ്ശബ്ദരായി. ശേഷം, പന്ത്രണ്ട് ഇളംപൈതലുകളുടെ ആദ്യത്തെ കരച്ചിലിന്റെയും അവരുടെ അമ്മമാരുടെ ആദ്യത്തെ താരാട്ട് പാട്ടിന്റേയും സിംഫണിയുയര്‍ന്നു.

'ബാലാ ജോ ജോ രേ.. കുല്‍ബൂഷണാ.. ദശരഥ്‌നന്ദനാ..

നിദ്രാ കരീ ബാല മന്‍മോഹനാ.. രാമലക്ഷ്മണാ..

ബാലാ ജോ ജോ രേ.. '

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com