
സര്‍വൈശ്വര്യ ദായിനിയായ കണിയൊരുക്കി ഒരു വിഷു കൂടി വന്നുചേര്‍ന്നിരിക്കുന്നു. മലയാളക്കരയാകെ, മനസ്സിനും കണ്ണിനും സന്തോഷം പകരുന്ന കൊന്നപ്പൂക്കളുടെ വസന്തം.
കഴിഞ്ഞുപോയ നല്ല നാളുകളുടെ ഓര്‍മ്മപ്പെടുത്തലാണ് ഓണവും വിഷുവും. മാനവരാശി ഏതു പ്രതിസന്ധിയില്‍ കൂടി കടന്നുപോകുമ്പോഴും നമ്മുടെയൊക്കെ ഉള്ളില്‍ സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പൊന്‍കതിരുകള്‍ നിറഞ്ഞുനില്‍ക്കുന്നു. ആഘോഷിച്ച ആ നല്ല നാളുകളുടെ ഓര്‍മ്മകളാണ് ഇന്നും ഏറെ മോഹത്തോടെ നാമെല്ലാവരും ആഘോഷിക്കുന്നത്. അപ്രതീക്ഷിതമായ വേര്‍പാടുകളുടെ നൊമ്പരം ഏറെയുണ്ടെങ്കിലും നമ്മള്‍ ശീലിച്ച മൂല്യങ്ങളും വിശ്വാസങ്ങളും ഭൂതകാല സമൃദ്ധിയുടെ ഓര്‍മ്മകളുടെ പൂന്തോട്ടങ്ങളിലേക്ക് നമ്മെ കൈപിടിച്ച് ആനയിക്കുന്നു.
ചില ഓര്‍മ്മകള്‍ അണയാത്ത നാളങ്ങളായി നമ്മുടെ മനസ്സില്‍ ജ്വലിച്ചുകൊണ്ടേയിരിക്കും. ചെറുപ്പം മുതലേ നാം കേട്ടു വളര്‍ന്ന ഗാനമാണ് ജാനകി പാടിയ 'കേശാദിപാദം തൊഴുന്നേന്‍'. ഇന്നും ആ ഗാനം ഓര്‍ക്കാത്ത, ഏറ്റുപാടാത്ത ഒരു മലയാളിയും ഉണ്ടാവില്ല എന്നു തോന്നുന്നു. വിഷുക്കണി കണ്ടുകഴിഞ്ഞ്, മുന്‍പെല്ലാം പലരും ജാനകിയുടെ ആ പാട്ടു പാടുമായിരുന്നു.
വിഷുവിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ബാല്യകാല സ്മരണകളും ഗ്രാമ ജീവിതവും ഒക്കെയാണ് മനസ്സിലേക്കു വരിക. അതുതന്നെയാണ് വൈലോപ്പിള്ളി 'വിഷുക്കണി' എന്ന കവിതയില്‍ ഏറെ സ്‌നേഹത്തോടെ പറഞ്ഞിട്ടുള്ളത്.
'മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും'
വിഷുക്കാലത്തിന്റെ ആഗമനം സൂചിപ്പിക്കുന്ന കൊന്നപ്പൂക്കള്‍ നാടിനും മനസ്സിനും പ്രകൃതിക്കും കുളിരേകുന്നു. ഐശ്വര്യപ്രദമായ അന്തരീക്ഷം ഒരുക്കുന്നു. അയ്യപ്പപ്പണിക്കരുടെ 'കണിക്കൊന്ന' എന്ന കവിതയിലെ ചില വരികള്‍ ഓര്‍ത്തുപോകുന്നു.
'എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍
എനിക്കാവതില്ലേ കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ പൂക്കാതിരിക്കാന്‍'
കൊന്നമരങ്ങളില്‍ സ്വര്‍ണം വിളയുന്ന പുണ്യകാലമാണ് വിഷുദിനങ്ങള്‍ എന്നാണ് കവി അക്കിത്തം എഴുതിയിട്ടുള്ളത്.
പഴയ ആചാരങ്ങളും ഈരടികളും ഗ്രാമഭംഗി പകര്‍ന്നു തരുന്ന ശാലീന സൗന്ദര്യത്തിന്റെ കുളിരേകുന്ന ഓര്‍മ്മകളും മലയാളക്കരയില്‍ ജീവിച്ച ആര്‍ക്കും മറക്കാവുന്നതല്ല. ബാല്യകാലസ്മരണകള്‍ ഓടിക്കളിക്കുന്ന മനസ്സുകളില്‍ ആ വസന്തകാലങ്ങളുടെ ഈണവും മേളവും അലയടിച്ചു കൊണ്ടേ യിരിക്കും. വര്‍ണ്ണനാതീതമായ ആ സുവര്‍ണ്ണ കാലങ്ങള്‍ ഒരുക്കിയ ആഘോഷങ്ങളും കൂടെ കടിഞ്ഞൂല്‍ പ്രണയത്തെ കുറിച്ചുള്ള മധുര സങ്കല്‍പ്പങ്ങളും മറക്കാനാവാത്ത ബന്ധങ്ങളും എല്ലാം എല്ലാം... ആ വിഷുക്കാലങ്ങളുടെ നല്ല ഓര്‍മ്മകള്‍ മനസ്സിന്റെ പൂമുറ്റത്ത് നിറഞ്ഞു നില്‍ക്കുന്നു.
ചുറ്റും കൂട്ടായി എപ്പോഴും ഉണ്ടായിരുന്ന മുത്തശ്ശിമാര്‍, മുന്‍കോപക്കാരായ കാരണവന്മാര്‍, ഇരുട്ടു പരന്ന ഇടനാഴികളില്‍ പായ വിരിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ യക്ഷിക്കഥകള്‍ പറഞ്ഞു പേടിപ്പിച്ച സഹോദരങ്ങള്‍ ഇങ്ങനെ എത്രയെത്ര ഓര്‍മകള്‍. ആരും കാണാതെ തൊടിയില്‍ കറങ്ങി നടന്ന്, പച്ചമാങ്ങ പറിച്ച് ഉപ്പും മുളകും കൂട്ടി തിന്നാറുള്ള ഉച്ചനേരങ്ങള്‍. വിഷുക്കണി കാണാനായി പുലര്‍ച്ചെ അമ്മ വിളിച്ചുണര്‍ത്തി രണ്ടു കണ്ണും പൊത്തിപ്പിടിച്ച്, പൂജാമുറിയുടെ മുന്നിലേക്കു കൊണ്ടുപോയ ഓര്‍മ.
വൈലോപ്പിള്ളി 'വിഷുക്കണി' എന്ന കവിതയില്‍ പറയുന്നു;
' കനകകിങ്ങിണി, വള കൈമോതിര
മണിഞ്ഞു വായുണ്ണി കണി കാണാന്‍
കതിരവന്‍ കിഴക്കുദിക്കുമ്പോള്‍
പഴയൊരീരടി കരളില്‍ മൂളി ഞാന്‍ '
പോയ കാലത്തിന്റെ പൂക്കൂട മനസ്സിന്റെ പടിപ്പുരയില്‍ തുറന്നു വെച്ച് എങ്ങോ പറന്നു പോയ ഓര്‍മ്മപ്പക്ഷികള്‍.. വിഷുക്കാലമായി എന്ന് അവയ്ക്കറിയാം. അവയോരോന്നും മനസ്സിന്റെ വാതായനങ്ങളില്‍ വന്നെത്തി നോക്കുകയാണ്.. ആ സുവര്‍ണ്ണ കാലങ്ങളെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചുകൊണ്ട്..
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക