ഷാജി ഷൂപ്പറാണ്! - അഭിജിത്ത് രാധാകൃഷ്ണന്‍ എഴുതിയ കഥ

ഷാജി ഷൂപ്പറാണ്! - അഭിജിത്ത് രാധാകൃഷ്ണന്‍ എഴുതിയ കഥ
Updated on

രാഗിണിയമ്മയ്ക്ക് വയസ്സെഴുപത്തിയഞ്ച് കഴിഞ്ഞു. റിട്ടയേര്‍ഡ് യു പി സ്‌കൂള്‍ ടീച്ചറാണ്. കണക്ക് തൊട്ട് മലയാള സാഹിത്യം വരെ പഠിപ്പിച്ചിട്ടുണ്ട്. പഴയ പിള്ളേരുടെ ടെറര്‍ ടീച്ചര്‍. അടിച്ച് തുടയിലെ തൊലി പൊളിഞ്ഞാലും അടിച്ചുകൊണ്ടേയിരിക്കും.

'എന്തവായാലും പൊട്ടിയില്ലിയോ, പിന്നെന്തോയിനാ നിര്‍ത്തുന്നെ? വേദന പോയാലും പാട് പോവരുത്. പാട് പോയാ എന്തിനാ കിട്ടിയേന്ന് മറക്കും' എന്ന് പറഞ്ഞ് പിള്ളേരുടെ നിക്കര്‍ വലിച്ച് പിടിച്ച് നല്ലെണ്ണ പുരട്ടി പരുവപ്പെടുത്തിയ ചൂരലിന് പെടയ്ക്കുന്ന അസ്സല്‍ സൈക്കോ. ഇപ്പോഴാണെങ്കില്‍ ജയില്‍വാസം സുനിശ്ചിതം. പണ്ടത്തെ പിള്ളേരും അപ്പനമ്മമാരും 'ചില്ലായത്' കൊണ്ട് മാത്രം ഇതുപോലെ കുറേയെണ്ണം സേഫ് ആയി പെന്‍ഷന്‍ പറ്റിയിരുപ്പുണ്ട്.

പുല്ലാട്ടുള്ള തറവാട്ടു വീട്ടിലാണ് താമസമെങ്കിലും ഗോവിന്ദന്‍കുട്ടി സാര്‍ മരിച്ചതില്‍ പിന്നെ ഇടയ്ക്കിടെ ഒറ്റമകളായ ശ്രീദേവിയുടെ കോട്ടയത്തെ വീട്ടില്‍ വന്നു നില്‍ക്കാറുണ്ട്. എന്നുമില്ല, മാസത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രം. ആള്‍ക്ക് പുല്ലാടാണ് പത്യം — മുന്‍കാലപ്രാബല്യം ഒന്നുകൊണ്ട് മാത്രം ഭയഭക്തിബഹുമാനം വാരിക്കോരി കൊടുക്കുന്ന നാട്ടുകാര്‍, പണിക്കാര്‍, പഴയ ശത്രുക്കള്‍ (സ്റ്റുഡന്റ്‌സ് എന്നും പറയാം), ന്യൂസ് ബുള്ളറ്റിനായ കറവക്കാരി ഓമന... അങ്ങനെ ഒരുപാടാളുകള്‍. കുറച്ച് 'ടീച്ചര്‍സേച്ചി, നാളെ കാം ഉണ്ടോ?' ടീംസിനെ മാറ്റിനിര്‍ത്തിയാല്‍ അവിടെ എല്ലാം പഴയതുപോലെ തന്നെ. ടീച്ചര്‍ക്ക് ഹിന്ദി മാത്രം വശമില്ല. അതുകൊണ്ട് അതിഥിതൊഴിലാളികളെ കണ്ടുകൂടാ.

'ഇച്ചിര നീങ്ങി നിക്ക്യരുതോ കൊച്ചേ?' പതിനൊന്നിലോ പന്ത്രണ്ടിലോ പഠിക്കുന്ന, മുടിയില്‍ കാപ്പിക്കളറടിച്ച ഒരു പെണ്‍കുട്ടിയുടെ പുത്തന്‍ വൈല്‍ഡ്ക്രാഫ്ടില്‍ കൈമുട്ടുകൊണ്ടിടിച്ച്, കൊച്ചിനെ ദൂരേക്ക് തള്ളി, ടീച്ചര്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തി.

മകള്‍ ശ്രീദേവിയുടെ ഭര്‍ത്താവ് സുരേഷ് ഏറെക്കാലം ഖത്തറിലായിരുന്നു. കഴിഞ്ഞ രണ്ടു കൊല്ലമായി നാട്ടിലുണ്ട്. അവര്‍ക്കും ഒറ്റ മകനാണ്, കിരണ്‍ (വിളിപ്പേര് കിച്ചു). സ്വന്തമായി സോഫ്ട്‌വെയര്‍ ബിസിനസാണ്. ആള്‍ ഈയിടെയാണ് വിവാഹിതനായത്. ഭാര്യ ഗായത്രി (വിളിപ്പേര് അമ്മു) എം. എ. ഇംഗ്ലീഷ് കഴിഞ്ഞ് യു.ജി.സി നെറ്റിന് തയ്യാറെടുക്കുന്നു. രാഗിണിയമ്മക്ക് അവളെ അത്രയങ്ങ് പിടിച്ചില്ലെന്ന മട്ടാണ്. പുതുപെണ്ണ് ഏതു നേരവും ഫോണിലാണെന്ന പരാതി കുറേവട്ടം മകളോട് പറഞ്ഞതുമാണ്. അപ്പോഴെല്ലാം ശ്രീദേവി, 'പോട്ടമ്മേ, പുതിയ പിള്ളാരല്ലിയോ. അവരടെ പടിത്തമെല്ലാം ഈനാത്താ. അമ്മൂനാന്നേ ഒത്തിരി പടിക്കാനുമൊണ്ട്' എന്ന് പറഞ്ഞ് ഒഴിയും.

'ശ്രീദേവിയോട് പറഞ്ഞിട്ട് യാതോരു വിശേഷോമില്ലടീ ഓമനേ,' മെയ് മാസത്തിലെ പൊറുതി കഴിഞ്ഞ് മടങ്ങിയെത്തപ്പോള്‍ ടീച്ചര്‍ ഓമനയോടായി അടക്കം പറഞ്ഞു. പശുവിന്റെ അകിടില്‍ ആഞ്ഞു വലിച്ചുകൊണ്ട് ഓമനചേച്ചി ഈ വാര്‍ത്തയെല്ലാം വലിച്ചെടുത്തു. കൊച്ചു മരുമകളുടെ കുറ്റമെല്ലാം കേട്ടു മനസിലാക്കിയശേഷം, രണ്ടുപാടും നോക്കി, മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തി, ഓമന മന്ത്രിച്ചു, 'ഇച്ചേയിക്ക് ആ കൊച്ചനോട് പറയരുതോ?' അമ്മിണിപ്പശു പോലും കേള്‍ക്കില്ലെന്ന് ഉറപ്പിച്ചിട്ടാണെന്നു തോന്നുന്നു അവര്‍ ഇത് മൊഴിഞ്ഞത്; നിശബ്ദത പോലും ചമ്മിപ്പോയ നിമിഷമായിരുന്നു അത്.

'പറേണം. അടുത്തറാവിശം അവനോട് എന്തവായാലും പറേം.'

അങ്ങനെ ജൂണ്‍ മാസമായി. പെന്‍ഷന്‍ ഒക്കെ കിട്ടി, കൊടവച്ചേരിയുടെ കടയില്‍ പോയി നാലു കാഡ്ബറീസും ഒരു കൂട് ബ്രിട്ടാനിയ ക്രീം ബിസ്‌കറ്റും സോഫ്ട്‌വെയര്‍ മുതലാളിയായ കൊച്ചുമകന് വേണ്ടി പൊതിഞ്ഞു വാങ്ങി കോട്ടയത്തേക്കുള്ള ബസ്സ് പിടിച്ചു.

സ്റ്റാന്‍ഡില്‍ നിന്ന് പുത്തനുടുപ്പിന്റെയും ബാഗിന്റെയും മറ്റും നറുമണവുമായി കുറച്ച് സ്‌കൂള്‍ പിള്ളേര്‍ കയറി. ജൂണാണല്ലോ.

'ഇച്ചിര നീങ്ങി നിക്ക്യരുതോ കൊച്ചേ?' പതിനൊന്നിലോ പന്ത്രണ്ടിലോ പഠിക്കുന്ന, മുടിയില്‍ കാപ്പിക്കളറടിച്ച ഒരു പെണ്‍കുട്ടിയുടെ പുത്തന്‍ വൈല്‍ഡ്ക്രാഫ്ടില്‍ കൈമുട്ടുകൊണ്ടിടിച്ച്, കൊച്ചിനെ ദൂരേക്ക് തള്ളി, ടീച്ചര്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തി. കൊച്ച് അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങിയിട്ടുപോലും രാഗിണിയമ്മയുടെ പുരികങ്ങള്‍ കലിപ്പില്‍ തുടര്‍ന്നു.

ബസ്സിലും എല്ലാവരും ഫോണില്‍ തന്നെ. പലക പോലുള്ള സ്മാര്‍ട്ട്‌ഫോണ്‍. ടീച്ചര്‍ക്ക് ദേഷ്യം വന്നു. തന്റെ ഹാന്‍ഡ്ബാഗിന്റെ രണ്ടാമത്തെ കള്ളിയിലും ഫോണുണ്ട്. നോക്കിയയുടെ ഒരു കുഞ്ഞ് അടയ്ക്കാ മോഡല്‍. കോള്‍ ചെയ്യാന്‍ മാത്രം ഉപയോഗിക്കും. അല്ലാതെ ഇതുപോലെ ഇരുന്ന് ഞോണ്ടാറില്ല. അമിതമായ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിന്റെ ദൂഷ്യങ്ങളെ കുറിച്ച് കഴിഞ്ഞയാഴ്ചത്തെ ആരോഗ്യമാസികയില്‍ വായിച്ചതാണ്. സര്‍ഗാത്മകത കൈമോശം വരുമത്രേ!

തോണ്ടടീ തോണ്ട്... തോണ്ടി നശിക്ക്! കമ്പിയില്‍ പിടിച്ചു നിന്നുകൊണ്ട് വളരെ ബുദ്ധിമുട്ടി മറ്റെ കൈ കൊണ്ട് ഫോണില്‍ പരതുന്ന ഒരു പെണ്‍കുട്ടിയെ നോക്കിക്കൊണ്ട് ടീച്ചര്‍ മനസില്‍ പറഞ്ഞു.

കോട്ടയം സ്റ്റാന്‍ഡിലിറങ്ങി ഓട്ടോ പിടിച്ചു. ശ്രീദേവിയുടെ വീട് കോടിമതയിലാണ്. രണ്ട് കിലോമീറ്റര്‍ ദൂരമുണ്ട്. ഓട്ടോയുടെ ഹാന്‍ഡിലിനടുത്തായി ഒരു ഹുക്കില്‍ പലക ഫോണ്‍ ഘടിപ്പിച്ചിരുന്നത് ടീച്ചറുടെ ശ്രദ്ധയില്‍പെട്ടു. ഇടയ്ക്കിടെ കിണികിണിയടിക്കുമ്പോള്‍ അവന്‍ അതില്‍ എന്തോ ചെയ്യുന്നുമുണ്ട്.

'റോഡി നോക്കുന്നില്ലിയോ?' സഹികെട്ട് ടീച്ചര്‍ ചോദിച്ചു.

പയ്യന്‍ ഒന്നും മിണ്ടിയില്ല. അല്പം അരിശത്തോടെ ഒന്നു തിരിഞ്ഞ് നോക്കുക മാത്രം ചെയ്തു.

ശ്രീദേവിയുടെ വീടെത്തി. അവര്‍ രാവിലത്തെ പാചക തിരക്കുകളിലായിരുന്നു.

'അമ്മയ്‌ക്കൊരു കാര്‍ പിടിച്ചിങ്ങ് പൊന്നാ പോരാരുന്നോ? ഇതറിഞ്ഞാരുന്നേല്‍ ഞാനാ ചന്ദ്രനെ വിളിച്ച് എടപെടുത്തിയേനേം. ചുമ്മാ ബസ്സേലെല്ലാം വലിഞ്ഞ് കേറണ്ട വല്ല കാര്യോമൊണ്ടോ?' ദോശ ചുടലിനിടെ മകള്‍ അമ്മയെ ശകാരിച്ചു. വരുന്ന കാര്യം ഒന്നും മുന്‍കൂട്ടി അറിയിക്കുന്ന പതിവ് ടീച്ചര്‍ക്കില്ലായിരുന്നു.

'ഓ... ചുമ്മാ പൈസാ കളയാന്‍.'

ശ്രീദേവി പിന്നെയൊന്നും മിണ്ടിയില്ല. മിണ്ടിയാല്‍ 1976-79 കാലഘട്ടത്തില്‍ പുല്ലാട്ടുനിന്ന് മൂന്ന് വണ്ടി മാറിക്കയറി ആലപ്പുഴ സ്‌കൂളില്‍ ജോലിക്ക് പോയിരുന്നതിനെ പറ്റി 4579ാമതും കേള്‍ക്കേണ്ടി വന്നേനെ. ഇതൊക്കെ ഇവര്‍ക്കിടയിലെ പതിവു സംഭാഷണങ്ങളാണ്.

'എണീറ്റില്ലിയോ?' ടീച്ചര്‍ രഹസ്യമായി ചോദിച്ചു.

'അവള് വെളുപ്പിനെഴുനേക്കും. പടിക്കാനൊണ്ടല്ലോ.' ശ്രീദേവി ഉത്സാഹത്തോടെ പറഞ്ഞു.

'പടുത്തം കൂടുന്നൊണ്ട്,' ടീച്ചര്‍ ഒന്നിരുത്തിമൂളിക്കൊണ്ട് പറഞ്ഞു. ശ്രീദേവി അത് കേട്ടതായി ഭാവിച്ചില്ല.

ഹാന്‍ഡ്ബാഗില്‍ നിന്നും പലഹാരപ്പൊതിയെടുത്ത് അടുക്കള പാതകത്തില്‍ വെച്ചുകൊണ്ട് ടീച്ചര്‍ കൊച്ചുമകനെ തിരക്കി, 'അവനിവിടില്ലിയോ? ഞായറാഴ്ചയായിട്ടും?'

'സുരേട്ടന്‍ രാവിലെ ഒരു കമ്മറ്റിക്ക് പോയി' ഭര്‍ത്താവ് സുരേഷിനെയാണ് അമ്മ തിരക്കിയതെന്നു കരുതി ശ്രീദേവി പറഞ്ഞു.

'ഹാ! അവനല്ല, കിച്ചുട്ടന്‍ എന്തിയേന്നാ ചോയിച്ചേ.' പുരികങ്ങള്‍ വീണ്ടും കലിപ്പിലായി. പറയാന്‍ മറന്നു; മരുമകനെയും ടീച്ചര്‍ക്കത്ര താല്‍പര്യമില്ലായിരുന്നു. ഇപ്പോഴൊന്നുമല്ല, പണ്ട്, അവന്‍ ശ്രീദേവിയെ പെണ്ണ് കാണാന്‍ വന്നതുമുതല്‍. കാരണം വേറെയൊന്നുമല്ല. ടീച്ചര്‍ക്ക് തീരെയിഷ്ടമില്ലായിരുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ഛായയായിരുന്നു അവന്. 'ഹൊ! കടുവാക്കുഞ്ഞച്ചന്റെ മോന്‍ അന്തോണിയടെ തനിപ്പകര്‍പ്പാ ആ ചെര്‍ക്കന്‍. പല്ലും ചിറിയും എല്ലാം അതുപോലതന്നാ. നമ്മക്കിത് വേണ്ട!' പെണ്ണ് കണ്ട് പോയതിന്റെ പിന്നാലെ ഭര്‍ത്താവ് ഗോവിന്ദന്‍ സാറിനോട് രാഗിണിയമ്മ പറഞ്ഞതാണ്.

'നിനക്ക് എന്തവാടി?! നല്ലോരു ചെര്‍ക്കന്‍. പഠിപ്പും ജോലീം ഒണ്ട്. അവക്കും ഇഷ്ടപെട്ടെന്ന് തോന്നുന്നു. ഇത് ഒറപ്പിക്കാം!' അങ്ങനെ അത് നടന്നു. 93ലായിരുന്നു ആ വിവാഹം. 95ല്‍ കിരണ്‍ ജനിച്ചു.

96ല്‍ സുരേഷ് നാട്ടിലെ സര്‍ക്കാര്‍ ജോലി വേണ്ടെന്നു വെച്ച് കടല്‍ കടന്നു. ഖത്തറിലെ ഒരു വലിയ കമ്പനിയില്‍ അക്കൗണ്ടന്റ് ആയി ജോലി നേടി. ആദ്യത്തെ കൊല്ലം ലീവിന് വന്നപ്പോള്‍ അമ്മായിയമ്മയ്ക്ക് പ്രത്യേകമായി പിസ്ത, ബദാം, ക്വാളിറ്റി സ്റ്റ്‌റീറ്റ് ചോക്ലേറ്റ്, ടൈഗര്‍ ബാം എല്ലാം സമ്മാനിച്ചു. കൂട്ടത്തില്‍ ഒരു ചെറിയ ബോട്ടില്‍ വിലകൂടിയ അത്തറും ഉണ്ടായിരുന്നു. അതാണ് പണി പറ്റിച്ചത്.

'നീയെന്നാടാ ചെര്‍ക്കാ ഉദ്ദേശിച്ചേ... എന്നെ നാറുന്നെന്നാന്നോ! ഇത് നീ തന്നെ പൂശിക്കോ!' ചിരിച്ചുകൊണ്ട്, എന്നാല്‍ നല്ലപോലെ കൊള്ളിച്ച് തന്നെയായിരുന്നു രാഗിണിയമ്മ മരുമകനോട് ഇത് പറഞ്ഞത്. ഗോവിന്ദന്‍ സാര്‍ ഇരുന്നു നീറി; മരുമകനെ നോക്കി, പാതി ചവച്ച ബദാമും കാട്ടിക്കൊണ്ട് ഇളിഞ്ഞ ഒരു ചിരി ചിരിച്ചു, എന്നിട്ട് ഭാര്യയെ നോക്കി, 'എഴുതാപ്പുറം വായിക്കാതെടീ' എന്ന് പറഞ്ഞ് എഴുന്നേറ്റുപോയി.

അതില്‍പ്പിന്നെ സുരേഷ് അമ്മായിയമ്മയോട് അധികം മിണ്ടാന്‍ പോയിട്ടില്ല. സമ്മാനം കൊടുക്കാനും ധൈര്യപ്പെട്ടില്ല. 'അമ്മയ്‌ക്കെന്നാടീ എന്നോടിത്ര കെറു?' അയാള്‍ ശ്രീദേവിയോട് ചോദിച്ചു.

'അമ്മയങ്ങനായേട്ടാ, ആരോടും എന്തുംമ്പറയും. കാര്യമാക്കണ്ട.'

ഷാജി ഷൂപ്പറാണ്! - അഭിജിത്ത് രാധാകൃഷ്ണന്‍ എഴുതിയ കഥ
Poem | മൂന്നു, നാലു പേര്‍.. ഉണ്ണിക്കൃഷ്ണന്‍ മുതുകുളം എഴുതിയ കവിത

കാലമെത്ര കഴിഞ്ഞു. പ്രളയം വന്നു വീട്ടില്‍ വെള്ളം കയറിയിട്ടും, കോവിഡ് വന്ന് രണ്ടാഴ്ച കിടന്നിട്ടും ഒന്നും രാഗിണിയമ്മ മാറിയില്ല. എല്ലാത്തിനോടും പോരെടുക്കും. ഇപ്പോഴിതാ തന്നേക്കാള്‍ പത്തന്‍പത്തിയാറ് വയസ്സ് ഇളയ ഒരു കുട്ടിയോട് യുദ്ധം ചെയ്യാനുള്ള പദ്ധതിയുമായിട്ടാണ് വന്നിരിക്കുന്നത് — കാഡ്ബറീസും ബ്രിട്ടാനിയയും കൊടുത്ത് കൊച്ചുമകനെ മയക്കി അവളില്‍ നിന്നകറ്റാന്‍. അപ്പോഴതാ അവനും വീട്ടില്ലില്ല. കൂട്ടുകാരന്റെ വീടിന്റെ പാലുകാച്ചിന് പോയിരിക്കുന്നു. അതും എറണാകുളത്ത്. വരാന്‍ വൈകുമെന്ന് പറഞ്ഞിട്ടാണ് പോയതെന്ന് പുതുപെണ്ണ് അമ്മൂമ്മയെ അറിയിച്ചു. പഠിക്കാനൊരുപാടുള്ളത് കൊണ്ട് അവള്‍ കൂടെ പോയില്ലത്രേ. അഹങ്കാരി. അവളുടെ പഠിത്തം. അവളുടെ കൈയിരിക്കുന്ന കുന്ത്രാണ്ടത്തിലേക്ക് രാഗിണിയമ്മ അറപ്പോടെ നോക്കി. പാതി കടിച്ച ആപ്പിളിന്റെ പടവും, പൊതിച്ച തേങ്ങയുടേത് പോലെ മൂന്ന് കറുത്ത വട്ടവും.

'താങ്ക്യൂ അമ്മുമ്മേ!' ഡെയറി മില്‍ക്ക് ഒരെണ്ണം പൊട്ടിച്ചു കഴിച്ചുകൊണ്ട് അവള്‍ പറഞ്ഞു.

'അവന് മേടിച്ചതാ' ടീച്ചര്‍ കനത്തില്‍ പറഞ്ഞു. 'നീ പോയിരുന്ന് പടി.'

'ഹ ഹ! അമ്മയിങ്ങനാ അമ്മൂ. പിള്ളാരെപ്പഴും പടിച്ചോണം. പഴേ ടീച്ചറല്ലിയോ, അതിന്റെയാ.' അമ്മൂമ്മ കലിപ്പാണെന്ന് മരുമകള്‍ക്ക് മനസ്സിലകരുതേയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ശ്രീദേവി പറഞ്ഞു. ദോശ ഒരെണ്ണം ഈ ഗ്യാപ്പില്‍ കരിഞ്ഞും പോയി.

സംഗതി വിജയിച്ചു. അത് പക്ഷെ കൂടുതല്‍ കുഴപ്പമായി. 'ചോക്കലേറ്റ് നല്ലാണമ്മൂമ്മേ... മെമ്മറി ഒക്കെ ഇംപ്രൂവാവും. നെറ്റില്‍ കണ്ടതാ.' ഇതും പറഞ്ഞ് അവളാ പാക്കറ്റുമായി മുറിയിലേക്ക് പോയി. രാഗിണിയമ്മ നിന്ന് ജ്വലിച്ചു; പൊട്ടിത്തെറിക്കുമെന്ന് ശ്രീദേവി ഭയന്നെങ്കിലും 'അഹങ്കാരി' എന്നൊരാത്മഗതത്തില്‍ അത് ഒടുങ്ങി.

നേരം അല്പം കഴിഞ്ഞ് ബ്രേക്ക്ഫാസ്റ്റ് ആയപ്പോഴാണ് കൊച്ചുമരുമകള്‍ മുറിയ്ക്ക് പുറത്ത് വന്നത്. കൈയ്യില്‍ ഫോണില്ലായിരുന്നു. അമ്മൂമ്മയുടെ സംശയം മനസ്സിലായെന്നവണ്ണം ഒരു കള്ളച്ചിരിയോടെ അവള്‍ പറഞ്ഞു, 'ചാര്‍ജ്ജിനിട്ടേക്കുവാ.'

രാഗിണിയമ്മ ഒന്നും മിണ്ടിയില്ല.

'സുരേട്ടന്‍ വെരാന്‍ താമസിക്കുവെന്നുമ്പറഞ്ഞ് വാട്‌സാപ്പ് അയച്ചു,' ശ്രീദേവി പറഞ്ഞു. അമ്മായിയമ്മ വന്ന വിവരം എങ്ങനെയെങ്കിലും അറിഞ്ഞതുകൊണ്ടാകും പാവം സുരേഷ് വരാതിരുന്നത്. ശ്രീദേവി തന്നെ വിളിച്ച് പറഞ്ഞതായിരിക്കാം. ചിലപ്പോള്‍ പുള്ളി പടിക്കല്‍ വരെ വന്നിട്ട്, തള്ളയുടെ നീലയും കറുപ്പും കലര്‍ന്ന വി.കെ.സി ചെരുപ്പ് കണ്ട് ഭയന്നോടിയതുമാകാം; ഇടയ്‌ക്കെപ്പോഴോ ഒരു സ്‌കൂട്ടറിന്റെ ശബ്ദം രാഗിണിയമ്മയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഭക്ഷണം കഴിഞ്ഞ് ശ്രീദേവി ടിവിക്ക് മുന്നിലേക്കും അമ്മു മുറിയിലേക്കും രാഗിണിയമ്മ വരാന്തയിലെ ചൂരല്‍ കസേരയിലേക്കും ചേക്കേറി. ശ്രീദേവിയുടെ വീട്ടില്‍ വരുമ്പോഴെല്ലാം ടീച്ചര്‍ അവിടെയാണ് ഇരിക്കുക. ഇടയ്ക്ക് കിച്ചുവും കൂടെ കൂടും. അവനെ ഇഷ്ടമാണ്. അമ്മുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ രണ്ട് പേരും നല്ല 'സിങ്ക്' ആണ്. കിച്ചുവുണ്ടാകാന്‍ കാരണക്കാരനായതിന്റെ പേരില്‍ മാത്രമാണ് തന്നെ തള്ള തട്ടിക്കളയാത്തതെന്ന് സുരേഷ് തമാശ രൂപേണ ശ്രീദേവിയോട് പറയാറുണ്ട്. ആ കിച്ചുവിന് ഒരു മുട്ടന്‍ പണികിട്ടിയാല്‍ അവനെ കരകയറ്റാന്‍ അവന്റെ പൊന്നമ്മൂമ്മയല്ലാതെ മറ്റാരുണ്ട്?

പിടികിട്ടിയില്ലല്ലേ? പറഞ്ഞുതരാം.

എന്താണെന്ന് വെച്ചാല്‍, രാഗിണിയമ്മ ഭയങ്കരമായ ഒരു സംഗതി കണ്ടുപിടിച്ചു. നാല് മാസം മുന്‍പ് തന്റെ കൊച്ചുമകന്‍ വിവാഹം കഴിച്ച അമ്മുവിന് മറ്റൊരാളുമായി അടുപ്പമുണ്ട്! അതും കഴിഞ്ഞ കുറേ കാലമായിട്ട്. രാഗിണിയമ്മയ്ക്ക് തല ചുറ്റുന്നതുപോലെ തോന്നി. എന്താ ചെയ്യുക? അവനിതറിഞ്ഞാല്‍ തകര്‍ന്നുപോകും. തീര്‍ച്ച.

അവള് പറഞ്ഞതൊക്കെ ഞാങ്കേട്ടു — രാത്രി ഒന്നരമണിക്കെങ്ങാണ്ട് അവക്ക് ഏതാണ്ട് ഏനക്കേട് വന്നെന്നോ, നീയൊറങ്ങുവായോണ്ട് പെതുക്കെ ഫോണെടുത്ത് ഷാജി ഡോക്ടര്‍ക്കയച്ചെന്നോ, അവമ്മരുന്ന് പറഞ്ഞ് കൊടുത്തെന്നോ ഒക്കെ. പൊറത്ത് പറയാങ്കൊള്ളാവുന്ന ഏനക്കേടല്ലന്നൊറപ്പാ മോനേ

അവളുടെ അമിതമായ ഫോണ്‍ ഉപയോഗം കണ്ടപ്പോള്‍ തന്നെ എന്തോ പന്തികേട് തോന്നിയിരുന്നു. സുരേഷ് മണ്ടനും ശ്രീദേവി പൊട്ടിയും ആണ്. കിച്ചു ജോലിയില്‍ മിടുക്കനാണെങ്കിലും ഈ വക കാര്യങ്ങളില്‍ ഒരു ശിശുവാണ്. അതുകൊണ്ടാണ് അവള്‍ ഇതുവരെ ആര്‍ക്കും പിടികൊടുക്കാതെ രക്ഷപെട്ടത്. പക്ഷേ ഇനിയത് നടപ്പില്ല. അമ്മൂമ്മയ്ക്ക് കാഞ്ഞ ബുദ്ധിയാണ്. അതുകൊണ്ടല്ലേ ഇത് വളരെ എളുപ്പത്തില്‍ കണ്ടുപിടിച്ചത്.

(ഈ വിസിറ്റിന്റെ അഞ്ചാം ദിവസമാണ് കാര്യങ്ങള്‍ക്ക് ഒരു വ്യക്തതയുണ്ടായത്. ആദ്യമായാണ് രാഗിണിയമ്മ രണ്ടില്‍ കൂടുതല്‍ ദിവസം ഇവിടെ തങ്ങുന്നത്. ആദ്യ ദിവസം തൊട്ടുണ്ടായ സംശയങ്ങളുടെ കുരുക്കഴിക്കാനാണ് ഈ ദിവസങ്ങളത്രയും ഇവിടെ കഴിച്ചുകൂട്ടിയത്.)

അഞ്ചാം നാള്‍; സമയം വൈകീട്ട് ഏഴുമണി. കിച്ചു എത്തിയിട്ടില്ല, ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ അല്പം വൈകുമെന്ന് രാവിലെ പറഞ്ഞിരുന്നു. അവന്‍ കൂടി വന്നിട്ട് എല്ലാവരെയും അറിയിക്കാമെന്ന് കരുതി രാഗിണിയമ്മ കാത്തിരുന്നു. സുരേഷ് ടിവിയുടെ മുന്നിലിരുന്ന് ഫോണ്‍ നോക്കിക്കൊണ്ടിരുന്നു. ശ്രീദേവി ബാലരമ വായിച്ചുകൊണ്ടിരുന്നു; കുഞ്ഞിലേ തൊട്ടുള്ള ശീലമാണ്. അമ്മുവിന്റെ നെറ്റ് പരീക്ഷ അടുത്ത ദിവസമായതിനാല്‍ ആലപ്പുഴയിലെ സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയാണ്. പരീക്ഷാകേന്ദ്രം അവിടെയടുത്താണത്രേ. ഒക്കെ നുണയായിരിക്കും. അവളും ഷാജിയും കൂടി കറങ്ങാനോ മറ്റോ പോയതായിരിക്കും. ആളൊരു ഡോക്ടറോ നഴ്‌സോ ആണ്. ഈ വിരുതന്റെ മുഴുവന്‍ പേര് രാഗിണിയമ്മയ്ക്ക് അറിയാമായിരുന്നു. അവള്‍ തന്നെ ആരോടോ ഫോണില്‍ പറയുന്നത് കേട്ടതാണ്. ഇപ്പോള്‍ പെട്ടെന്ന് മറന്നു; ടെന്‍ഷന്‍ കാരണമാകും. പോട്ടെ സാരമില്ല, ഇത്രയൊക്കെ കണ്ടുപിടിച്ചല്ലോ.

പുറത്ത് പരിചിതമായ കാറിന്റെ ശബ്ദം. കിച്ചുവാണ്!

'പൊന്നുമോനേ!' അവന്‍ അകത്തേക്ക് കാലെടുത്ത് വെച്ചതും രാഗിണിയമ്മ ബഹളം വക്കാന്‍ തുടങ്ങി. എല്ലാവരും ഞെട്ടിത്തരിച്ചു പോയി. ഫോണ്‍ നോക്കി നോക്കി പാതി മയക്കത്തിലേക്ക് പോയ സുരേഷ് കിടുങ്ങിയെഴുന്നേറ്റു.

'ആ പന്നപെണ്ണ് നമ്മളെ ചതിച്ചെടാ മോനേ.'

അവര്‍ കഥപറയാന്‍ തുടങ്ങി.

ഞാംവന്നന്നുതൊട്ട് അവളെ സ്രദ്ധിക്കുന്നൊണ്ട്. ഏത് നേരോം അവടെയൊരു ഫോണിക്കളി. നിന്റയീ തള്ളയോട് ഞാനെത്രറാവിശം പറഞ്ഞതാ അവളെ വെലക്കാന്‍. ങ്ങേ... ഹേ... കേട്ട ഭാവം നടിച്ചില്ലാരും.

ഒന്നാന്തി നീയുവിടില്ലാരുന്നല്ലോ, എറണാവളത്തെങ്ങാണ്ട് പോയേക്കുവല്ലാരുന്നോ. ഇവനും ഇവിടില്ലാരുന്നു. നിന്റമ്മ അപ്പറത്തെ വീട്ടി കരിയാപ്പെല പറിക്കാമ്പോയ നേരത്ത് പെണ്ണിനൊരു ഫോണ് വന്നു. അവള് പറഞ്ഞതൊക്കെ ഞാങ്കേട്ടു — രാത്രി ഒന്നരമണിക്കെങ്ങാണ്ട് അവക്ക് ഏതാണ്ട് ഏനക്കേട് വന്നെന്നോ, നീയൊറങ്ങുവായോണ്ട് പെതുക്കെ ഫോണെടുത്ത് ഷാജി ഡോക്ടര്‍ക്കയച്ചെന്നോ, അവമ്മരുന്ന് പറഞ്ഞ് കൊടുത്തെന്നോ ഒക്കെ. പൊറത്ത് പറയാങ്കൊള്ളാവുന്ന ഏനക്കേടല്ലന്നൊറപ്പാ മോനേ... അതു ഞാമ്പോട്ടന്ന് വെച്ചു. പിറ്റേ ദെവസം ദാണ്ട് പിന്നേം ഫോണിക്കൂടെ ഷാജിയടെ കത വെളമ്പുന്നു. ഇപ്പ വാട്ട്‌സാപ്പ് വഴിയാ സ്ഥിരം മിണ്ടാറൊള്ളതെന്ന്. ഇതൊക്കെയാരോടാ പറേന്നേന്നറിയാമ്മയ്യ, ഇതുപോലതന്നൊള്ള ഏതേലും തൊകപെഴച്ച ജന്തുവാരിക്കും.

ഏതാണ്ട് കാര്യം കിച്ചൂനോട് ചോയികാന്‍ മടിയാ, ഷാജിയാവുമ്പ കൊഴപ്പമില്ലല്ലോന്നൊക്കെ അവള് പറയുന്ന കേട്ടു. അവനോട് മിണ്ടിയാ നേരം പൊന്നതറിയത്തേയില്ലന്ന്, പടിച്ച് പടിച്ച് മടുത്തപ്പഴവനവളെ ആശസിപ്പിച്ചെന്ന്. എളുപ്പത്തില്‍ ഏതാണ്ടൊക്കെ ചെയ്യാനൊള്ള വിദ്യ പറഞ്ഞുകൊടുത്തെന്നുമ്പറഞ്ഞ് ചിരിയോട് ചിരി. കേട്ടടത്തോളം പണ്ടുതൊട്ടൊള്ള പരിചയമാ; അവടെ എല്ലാ കാര്യോം അവനാ ചെയ്ത് കൊടുപ്പെന്നാ എനിക്ക് തോന്നുന്നേ. നീയെന്തിന് നടക്കുവാടാ കാലാപെറക്കീ...? അവമ്മെല്യ ഡോക്ടര്‍, നീ ചുമ്മാ കടിച്ചാപ്പിളിന്റെ പടമൊള്ള കമ്പ്യൂട്ടറും തൂക്കി തേരാപാരാ നടക്കുവേം ചെയ്യുന്നു. പെണ്ണല്ലേ... മറുകണ്ടം ചാടും. നീ നോക്കിക്കോ.

രാഗിണിയമ്മ നിര്‍ത്തി. ബാക്കി മൂന്നുപേരും സ്തബ്ധരായി നില്‍ക്കുകയാണ്. എന്തുചെയ്യുമെന്നറിയാതെ.

'അവക്കെന്നാടാ അസുഖം?' സുരേഷ് സംശയത്തോടെ ചോദിച്ചു.

'എനിക്കറിയില്ലച്ഛാ. കൊറേ പഠിച്ചിട്ടൊള്ള ടെന്‍ഷനല്ലാതെ വേറൊന്നുമൊള്ളതായി—' അവന്‍ സോഫയിലേക്കു ചാഞ്ഞിരുന്ന് ഫോണെടുത്ത് ഡയല്‍ ചെയ്തു. ബാക്കിയുള്ളവര്‍ അക്ഷമരായി കാത്തുനിന്നു. നല്ല കനമുള്ള നിശബ്ദത. അമ്മു ഫോണ്‍ എടുത്തില്ല.

'അസുഖം പോട്ട്... ഇപ്പഴത്തെ പിള്ളാര്‍ക്ക് എല്ലാര്‍ക്കും ഒള്ളതാ ഈ ആധിയും ഡിപ്രഷനുമൊക്കെ,' ശ്രീദേവി അഭിപ്രായപ്പെട്ടു. 'അതല്ലല്ലോ നമ്മട പ്രശ്‌നം. നിനക്കറിയാമോ ഈ ഷാജിയെ? ഈ പാതിരായിക്കൊക്കെ അവളെന്തിനാ ഓരോത്തര്‍ക്ക് വാട്‌സാപ്പ് അയക്കുന്നെ?

'എനിക്കറിയില്ലമ്മേ. അവള്‍... അവളൊന്നും പറഞ്ഞിട്ടില്ല.'

'തൊട്ടടുത്ത് കേടന്ന് ഇതൊക്കെയൊപ്പിച്ചിട്ട് നീ അറിഞ്ഞില്ലിയോ? ഇത് നല്ല കൂത്ത്! ഇവളിവിടെ കാല്കുത്തിയന്ന് അമ്മ പറഞ്ഞതാ ഇവള് ശരിയല്ലെന്ന്. അന്ന് ഞാസമ്മയിച്ചില്ല. ഈ തൊകപെഴച്ചതിനെത്തന്നെ വെച്ചിരുന്നല്ലോ എന്റെ കിച്ചൂന്.'

'ഒന്ന് മിണ്ടാതിരിയെടീ!' സുരേഷ് ഭാര്യയോട് അപേക്ഷിച്ചു. 'എടാ അവക്കൊരമ്മാവനില്ലേ, മില്‍ട്രീലേ ഡോക്ട്രറാരുന്ന ഒരു കക്ഷി? അയടെ പേര് ഷാജിയെന്നോ സജിയെന്നോ മറ്റോ ആരുന്നല്ലോ? അയാള്‍ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.

'ഏയ്, അതല്ലച്ഛാ. പുള്ളിയടെ പേര് വേറെ ഏതാണ്ടാ. ഷാജിയെന്നല്ല ഏതായാലും.' അവന്‍ വീണ്ടും ഫോണിലേക്ക് നോക്കി. 'അവള് തിരിച്ച് വിളിക്കട്ട്, നോക്കാം.'

ശ്രീദേവി മേശയില്‍ തല്ലി. 'നോക്കാനൊന്നുമില്ല, നാളെ നമ്മക്കങ്ങ് കേറിച്ചെല്ലാം. അവടെ തള്ളയോടെനിക്ക് രണ്ട് പറേണം. കോളേജ് കഴിഞ്ഞാ ലൈബ്രറി, അതുകഴിഞ്ഞാ വീട് എന്നൊക്കെപ്പറഞ്ഞാ അതിനെ ഇവന്റെ തലേല്‍ കെട്ടിവെച്ചത്. എന്നിട്ടിപ്പം... നാണക്കേട്!'

കിച്ചുവിന്റെ കണ്ണുകള്‍ നിറഞ്ഞു. സുരേഷ് എന്തു ചെയ്യണമെന്നറിയാതെ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

ഈ നേരമത്രയും രാഗിണിയമ്മ ഷാജിയുടെ ഫുള്‍നെയിം ഓര്‍ത്തെടുക്കാനുള്ള തത്രപ്പാടിലായിരുന്നു. 'ഇന്നലെ രാവിലെ നീ പോയേന്റെ പൊറകെ അവളെന്റെ നേരെ ഒരു ചാട്ടം! ഷുഗറിനെന്നാ മരുന്ന് കഴിക്കാത്തേന്നും ചോയിച്ചോണ്ട്. നിന്റമ്മ ഓതിക്കൊടുത്തതാരിക്കും. അവന്‍ പറഞ്ഞെന്ന്, മരുന്ന് മൊടക്കാതെ കഴിക്കണമെന്ന്. അവനാരാ എനിക്ക് പറഞ്ഞു തരാന്‍! അയ്യോടിയേ, അവന്റെ മുഴുവന്‍ പേരെന്തവാരുന്നു. നാക്കിന്റെ തുമ്പത്തൊണ്ട്... ഷാജി...?'

'സുരേട്ടാ, അവടെ വീടിലെ നമ്പരില്‍ ഒന്ന് വിളി,' ശ്രീദേവി ഭര്‍ത്താവിനോടു പറഞ്ഞു.

'ഷാജി പി.ടി.!' രാഗിണിയമ്മ ഉറക്കെ വിളിച്ച് പറഞ്ഞു. 'അവന്തന്നെ പുള്ളി!'

നവവധുവിലുള്ള വിശ്വാസം നഷ്ടപ്പെട്ട്, അവള്‍ തിരിച്ചു വിളിക്കാത്തതിനെ അവളുടെ കള്ളത്തരമായി വ്യാഖ്യാനിച്ച്, ഡിവോഴ്‌സ് ഫോര്‍മാലിറ്റികള്‍ എന്തൊക്കെയാണെന്ന് ചാറ്റ്ജിപിറ്റിയില്‍ പരതിക്കൊണ്ടിരുന്ന കിച്ചു ഒരു ഞെട്ടലോടെ അമ്മൂമ്മയെ നോക്കി. സുരേഷിനും ശ്രീദേവിക്കും കത്താന്‍ രണ്ട് മിനിട്ടെടുത്തു.

പേരു കണ്ടുപിടിച്ചതിലുള്ള സന്തോഷത്തില്‍ രാഗിണിയമ്മ ഞെളിഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com