
'അമ്മേ... ഏതു കുപ്പായമാ ഇടേണ്ടത്..?'
രണ്ടുമൂന്നുപ്രാവശ്യം ചോദിച്ചിട്ടും ഉത്തരം കിട്ടാത്തതുകൊണ്ട് അവള്‍ റൂമിലേക്ക് ഓടിച്ചെന്നു.
'അമ്മേ.. പറയ് ഞാനേതാ ഇടേണ്ടത്?'
മറുപടിക്കായി അമ്മയെ നോക്കിനിന്ന അവള്‍ക്ക് ഒരു സംശയം തോന്നി. നേരം പുലരുന്നതിനുമുമ്പേ വിളിച്ചെഴുന്നേല്പിച്ചു റെഡിയാകാന്‍ പറഞ്ഞിട്ട് അമ്മ കരയുന്നോ?
''അമ്മ എന്ത്‌നാ കരേന്നെ?'
മറുപടി പറയാതെ അമ്മ കുറെ നേരം അവളെത്തന്നെ നോക്കിനിന്നു. അല്ലെങ്കിലും താന്‍ കരയുന്നതെന്തിനാ? സങ്കടങ്ങളെല്ലാം ഇല്ലാതാവുകയാണല്ലോ. കുറെ കാലങ്ങളായുള്ള കണ്ണീരിന് ഇന്ന് അവസാനമാകും. കരയാന്‍ ഇഷ്ടമില്ലായിരുന്നു. ചിരിപ്പെട്ടിയെന്നാ ചെറുപ്പത്തില്‍ എല്ലാരും വിളിക്കുക. ജീവിതാവസാനം വരെ കൂടെച്ചിരിക്കാന്‍ കൂട്ടായി ഒരാള്‍ വരുമെന്നറിഞ്ഞത് മുതല്‍, കതിര്‍മണ്ഡപത്തില്‍ കയറുന്നതുവരെയും ചിരി കൂടെയുണ്ടായിരുന്നു. എല്ലാം മാഞ്ഞുപോയത് പെട്ടെന്നായിരുന്നു. താലി ചാര്‍ത്തുന്ന സമയത്തു മുല്ലപ്പൂഗന്ധത്തേക്കാള്‍ മദ്യത്തിന്റെ വാടയായിരുന്നു അവിടം മുഴുവന്‍. കാലുകള്‍ നിലത്തുറയ്ക്കാത്തയാളുടെ കൈപിടിച്ച് കതിര്മണ്ഡപം ചുറ്റുമ്പോള്‍ കെട്ടുപോയതാ മുഖത്തെ തെളിച്ചം.
പിന്നീടൊരിക്കലും ചിരിക്കാന്‍ പറ്റിയിട്ടില്ല. അതുവരെ മനസ്സില്‍ താലോലിച്ചതൊന്നുമായിരുന്നില്ല ജീവിതമെന്ന് മനസ്സിലാകുമ്പോഴേക്കും വൈകിപ്പോയിരുന്നു. ശാരീരികപീഡനത്തെക്കാളേറെ മനസികപീഡനമായിരുന്നു അസഹനീയം. മദ്യം മണക്കാതെ, പേടിക്കാതെ, തെറി കേള്‍ക്കാതെ, അടികൊള്ളാതെ ഒരു രാത്രിയെങ്കിലും ഉറങ്ങാന്‍ കൊതിച്ചിട്ടുണ്ട്. പലപ്പോഴും ആത്മഹത്യ ചെയ്യാനായി ഒരുങ്ങിയതാ. മക്കളുടെ മുഖം മാത്രമായിരുന്നു തടസ്സം. മദ്ധ്യസ്ഥ ചര്‍ച്ചകളും പൊലീസും കേസും, എല്ലാം വിഫലമായപ്പോള്‍ വിവാഹമോചനത്തിനായി ശ്രമിച്ചിട്ടും അതും തരാതെ നരകിപ്പിക്കുകയാണ്. ഒരുപാട് സഹിച്ചു. എന്നിട്ടും ഇതുവരെ മക്കള്‍ക്കുവേണ്ടി ജീവിച്ചു. ഇനി..
'അമ്മേ വേഗം പറയ് ഏതിടണോന്ന്'
അമ്മയുടെ മറുപടിക്കായി അവള്‍ കാത്തു നില്ക്കുന്നുണ്ടായിരുന്നു. പതുക്കെ മകളുടെ അടുത്തേയ്ക്കു ചെന്ന് വാരിപ്പുണര്‍ന്നു കവിളില്‍ തുരുതുരാ മുത്തം നല്‍കി. ഉമ്മയ്ക്ക് ഉപ്പുരസമായിരുന്നു. ഇപ്പൊള്‍ അമ്മ കരയേണ്ട ആവശ്യം എന്താ! കാരണം മനസിലായില്ലെങ്കിലും അവള്‍ അമ്മയോട് ചോദിക്കാന്‍ നിന്നില്ല. ചോദിച്ചാല്‍ ചിലപ്പോ ദേഷ്യപ്പെടും.
'വാവയ്ക്കു ഏറ്റവും ഇഷ്ടമുള്ളത് ഇട്ടോ'.
'ന്നാ പെറന്നാളിന് വാങ്ങിയ ഫ്രോക്കിട്ടാലോ? ആ വെള്ളേല് ചൊമന്ന പൂക്കളുള്ളത്.'
അമ്മ സമ്മതഭാവത്തില്‍ തലയാട്ടി. സന്തോഷം സഹിക്കാനാവാതെ അവള്‍ തുള്ളിച്ചാടി. കണ്ണിലെ ഉറക്കച്ചടവുകള്‍ മാഞ്ഞു. ആദ്യായിട്ടാ അമ്മ ഇഷ്ടമുള്ളത് ഇട്ടോ എന്ന് പറയുന്നേ. അവള്‍ അലമാരയില്‍ നിന്നു ഡ്രസ്സ് തപ്പിയെടുത്തു കണ്ണാടിയുടെ മുന്നില്‍ ചെന്ന് ദേഹത്തു വെച്ചുനോക്കി. ചുവന്ന പൂക്കള്‍ കാണാന്‍ നല്ല ഭംഗിയുണ്ട്. ആ കുഞ്ഞു കണ്ണുകളില്‍ സന്തോഷം അലയടിച്ചു. ഇനി സിബ്ബ് ഇടണോല്ലോ. ചേച്ചിയോട് പറഞ്ഞാല്‍ വല്യ ഡിമാന്‍ഡ് ആക്കും. മേക്കപ്പാക്കുന്ന തിരക്കിലായിരിക്കും. ഇടയ്ക്കു ചെന്ന് എന്തെങ്കിലും സഹായം ചോദിച്ചാല്‍ ഒന്ന് പോയ്തരുവോ എന്ന് പറയും. അതാ പറയാന്‍ മടി.
എന്തായാലും പറഞ്ഞുനോക്കാം. അവള്‍ ചേച്ചിയെ നോക്കി. പുറത്തു എവിടെയും കാണുന്നില്ല. അമ്മയുടെ റൂമില്‍ നിന്നു എന്തോ സംസാരം കേള്‍ക്കുന്നുണ്ട്.
'വേണ്ടമ്മേ.. വേണ്ട. എനിക്ക് പേടിയാവുന്നു. അമ്മയ്ക്ക് ഞങ്ങളില്ലേ. അച്ഛന്‍ എന്തുവേണമെങ്കിലും ചെയ്യട്ടെ. നമുക്ക് എങ്ങനെയെങ്കിലും ജീവിക്കാം.. അമ്മെ..'. ചേച്ചി അമ്മയോട് എന്തോ പരാതി പറയുകയാണ്.
'നീ വരുന്നില്ലെങ്കില്‍ വരേണ്ട. ഞാനും വാവയും പോകും. ഞാനതു തീരുമാനിച്ചതാ. അതിനു മാറ്റമില്ല. എത്രകാലമായി ഇങ്ങനെ തോറ്റു തോറ്റു ജീവിക്കുന്നെ. അമ്മയും മക്കളും പോയ് ചാവാനല്ലേ പറഞ്ഞെ. ഒന്നും ചെയ്തു തന്നില്ലേലും കുഴപ്പമില്ല. ജീവിക്കാനും അനുവദിക്കില്ലെന്ന് വെച്ചാ. ഇത്രയും കാലം പറഞ്ഞതേയുള്ളു. ഇനി ചെയ്തുകാണിക്കാം?'. അമ്മയുടെ ശബ്ദം ഗൗരവത്തില്‍ ആയിരുന്നു.
എന്താ സംഭവം എന്ന് അറിയണമെന്നുണ്ടായിരുന്നു അവള്‍ക്ക്. പക്ഷെ ചോദിച്ചാല്‍ അമ്മ ചിലപ്പോ ചേച്ചിയോട് പറഞ്ഞപോലെ നീയും വരേണ്ട എന്ന് പറഞ്ഞാലോ. വേണ്ട. ചോദിക്കേണ്ട. അവള്‍ മനസ്സില്‍ കരുതി.
'ചേച്ചി ഈ സിബ്ബോന്നു ഇട്ടുതരുമോ?'
അവളുടെ ചോദ്യം ഗൗനിക്കാതെ ചേച്ചി അമ്മയെത്തന്നെ നോക്കി നില്‍ക്കുന്നുണ്ട്. ചേച്ചിയും കരയുകയാണോ? അതൊരിക്കലും അവള്‍ക്കു സഹിക്കാനാവില്ല. അടിപിടികൂടുമെങ്കിലും ചേച്ചിയാണ് അവളുടെ എല്ലാം. നാലുവയസ്സിന്റെ വ്യത്യാസമേ ഉള്ളുവെങ്കിലും ഭാവത്തില്‍ അമ്മയെക്കാളും മൂത്തപോലെയാ പെരുമാറുന്നെ. ചിലപ്പോഴൊക്കെ ദേഷ്യം തോന്നാറുണ്ട്.
അവള്‍ ചേച്ചിയുടെ അടുത്ത് ചെന്ന് സിബ്ബ് ഇട്ടുതരാമോ എന്ന് ആംഗ്യം കാണിച്ചു.
പതിവ് തെറ്റിച്ചു ചേച്ചി ഇന്നൊന്നും പറഞ്ഞില്ല. കുറച്ചു നേരം അടുത്തുപിടിച്ചു നിര്‍ത്തി സിബ്ബിട്ടുകൊടുത്തു. മുടിയൊക്കെ മാടിയൊതുക്കി നെറ്റിയില്‍ ഒരു ഉമ്മ വെച്ചു. ആ കണ്ണുകളില്‍ ഒളിപ്പിച്ചുവെച്ച ഒരുതുള്ളി കണ്ണീര്‍ കവിളിലൂടെ ഉരുണ്ട് അവളുടെ മുഖത്തേയ്ക്കു വീണു.
ചേച്ചി ഒരുങ്ങിയിട്ടൊന്നും ഇല്ലല്ലോ. ഡ്രസ്സ് പോലും മാറ്റിയിട്ടില്ല. അല്ലേല്‍ വീട്ടിലെ എല്ലാ കണ്ണാടിയുടെ മുമ്പിലും കാണുമായിരുന്നു. എന്താ പറ്റിയെ എല്ലാര്‍ക്കും! എന്തായാലും ചേച്ചിയോട് ചോദിച്ചുനോക്കാം. കാരണം അറിയാത്തതുകൊണ്ട് അവള്‍ക്കു സമാധാനം കിട്ടിയില്ല.
'ചേച്ചി.. നമ്മോ എങ്ങോട്ടാ പോന്നെ? എന്തിനാ നിങ്ങള് കരയുന്നെ?'
ഉത്തരം പറയുന്നതിന് മുമ്പേ അമ്മ കണ്ണുകൊണ്ട് പറയരുതെന്ന് ആംഗ്യം കാട്ടി. ഒന്നും പറയാതെ ചേച്ചി അവളെ കെട്ടിപ്പിടിച്ചു നിന്നു. പിടിച്ചുവെച്ച തേങ്ങല്‍ അടക്കാന്‍ നന്നേ ബുദ്ധിമുട്ടുന്നതായി അവള്‍ക്കു തോന്നി.
'വാവയ്ക്കു പേടിയുണ്ടോ അമ്മേടെ കൂടെ വരാന്‍? നമ്മള് ഇവിടന്നു പോവുകയാ. ദൈവത്തിന്റെ അടുത്തേക്ക്. ഈ നരകത്തിന്നു എന്റെ മക്കളെ രക്ഷിക്കാന്‍ അതെ വഴിയുള്ളു. മോള് പേടിക്കേണ്ടട്ടോ. അമ്മയും ചേച്ചിയും വാവയും കൂടി ഒന്നിച്ചുപോകും. അവിടെ നമ്മക്ക് സന്തോഷത്തോടെ കഴിയാം. ആരും ചീത്ത പറയില്ല. ആരും പേടിപ്പിക്കാനും വരില്ല. പെട്ടെന്ന് ഒരുങ്ങ്. നേരം വെളുക്കുന്നേനു മുമ്പ് ഇവിടുന്നു പോണം.'
ദൈവത്തിനെ ഇതുവരെ കണ്ടിട്ടുപോലുമില്ല. മോളിലുള്ള ദൈവത്തിന്റെ അടുത്തേക്ക് എങ്ങനെ പോകാനാ!! എന്തോ.. കാര്യം അത്ര നല്ലതല്ല എന്ന് ഒരു ബോധ്യം അവള്‍ക്കു വന്നു. അല്ലെങ്കില്‍ ചേച്ചി തടയില്ലായിരുന്നു. എങ്കിലും ആരും പേടിപ്പിക്കാന്‍ വരില്ലല്ലോ. ചില ദിവസങ്ങളില്‍ ആരൊക്കയോ വന്നു അമ്മയെ ചീത്തപറയുന്നതുകാണുമ്പൊ പേടിയാകും. ഉറക്കം പോലും വരാറില്ല. കുടിച്ചിട്ട് വന്നു അച്ഛനും വഴക്കുകൂടും. അതൊന്നും ഉണ്ടാകില്ലല്ലോ.
'അമ്മേ... വാവയെയെങ്കിലും ഓര്‍ത്തൂടെ. ഞങ്ങോ അമ്മ പറേന്നപോലെ കേക്കാം. വേണ്ടമ്മേ..' അതും പറഞ്ഞു ചേച്ചി അമ്മയെ വട്ടം പിടിച്ചു.
'അമ്മേടെ മുമ്പില് വേറെ വഴിയില്ല മോളെ. എന്റെ മക്കളെ ഓര്‍ത്തു നല്ലോണം സഹിച്ചു. എത്രാന്നുവെച്ചാ ഇങ്ങനെ നാണംകെട്ടു ജീവിക്കുന്നെ. എന്റെ കുട്ട്യോള്‍ക്ക് വയറുനിറച്ചു എന്തെങ്കിലും തരാന്‍ പോലും പറ്റുന്നില്ല. ഇപ്പൊ കടക്കാരും വീട്ടിലേക്കു വരാന്‍ തൊടങ്ങി. എനിക്ക് താങ്ങാന്‍ പറ്റുന്നില്ല മക്കളെ.. നിങ്ങളെ തനിച്ചാക്കി പോകാനും പറ്റുന്നില്ല. ആര് നോക്കാനാ. മനസ്സമാധാനത്തോടെ ജീവിക്കാന്‍ അയാള് സമ്മതിക്കില്ല. അയാളെ ഞാനൊരു പാഠം പഠിപ്പിക്കും'.
ചേച്ചി മറുത്തൊന്നും പറഞ്ഞില്ല. അമ്മയെയും അനിയത്തിയേയും മാറി മാറി നോക്കി. എത്ര നോക്കിയിട്ടും മതിവരാത്തപോലെ കൊതിയോടെയുള്ള നോട്ടം.
'പറഞ്ഞു നില്ക്കാന്‍ സമയം ഇല്ല. ഞാന്‍ പോവുകയാ.. അമ്മേടെ കൂടെ വരുന്നവര്‍ക്ക് വരാം. ഇല്ലെങ്കില്‍ അച്ഛന്റെ കൂടെ പോകാം.'
അത് അവസാനവാക്കായിരുന്നു. അച്ഛന്‍ എന്ന് വിളിച്ചിട്ടുതന്നെ കുറേക്കാലമായി. ഓര്‍മ്മവെച്ചതുമുതല്‍ കണ്ട ഭയപ്പെടുത്തുന്ന രൂപങ്ങള്‍ക്കൊപ്പം അച്ഛനും ഉണ്ടായിരുന്നു. അയാളുടെ കൂടെ പോകാനായാല്‍? ഇല്ല. എവിടേക്കാണെങ്കിലും അമ്മയുടെ കൂടെ ഞാനുണ്ട് എന്ന് ഉറപ്പിച്ചു അവള്‍ അമ്മയുടെ കൈപിടിച്ചു. സംഭവിക്കാന്‍ പോകുന്ന കാര്യത്തിന്റെ ഭീകരത മനസിലാക്കിയ ചേച്ചി അവസാനമായി ദയനീയമായി അമ്മയെ നോക്കി. അല്പം അലിവ് തോന്നിയെങ്കില്‍, എങ്ങനെയെങ്കിലും ജീവിക്കാം നമുക്ക് എന്ന് ഒരു തോന്നല്‍ വന്നിരുന്നുവെങ്കില്‍. ഇല്ല.
'ചേച്ചി.. വാ. പോവാലോ'.
നടക്കാന്‍ തുടങ്ങിയ അമ്മയുടെ കൈപിടിച്ച് നിര്‍ത്തി അവള്‍ ചേച്ചിയോട് പറഞ്ഞു. അനുസരണയുള്ള കുട്ടിയെപ്പോലെ ചേച്ചിയും അവളുടെ പിറകെ നടന്നു. പ്രതീക്ഷയറ്റ ആ കണ്ണുകള്‍ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടുതുടങ്ങി. വാതിലടച്ചു മുറ്റത്തേക്കിറങ്ങി. ചുറ്റുവട്ടത്തൊന്നും ഒരു അനക്കവും ഇല്ല. എല്ലാവവരും സുഖനിദ്രയിലായിരിക്കും.
'വേഗം വാ..' അമ്മ ശാസന പോലെ പറഞ്ഞു.
'അമ്മെ.. ഞങ്ങളെ കൊല്ലരുതമ്മെ.. നമ്മക്ക് ചാവണ്ട...'.
റോഡിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ചേച്ചി അമ്മയെ കെട്ടിപ്പിടിച്ചു കരയുന്നതു കണ്ടപ്പോഴാണ് അവള്‍ക്കു കാര്യം മനസിലായത്. അപ്പൊ കൊല്ലാന്‍ കൊണ്ടുപോവുകയാണോ? ഇതിനാണോ ഇഷ്ടമുള്ള ഡ്രസ്സ് ഇട്ടൊന്ന് പറഞ്ഞെ. ദൈവത്തിന്റെ അടുത്തേക്ക് എന്ന് പറഞ്ഞത് ചാവാനാണോ? ചത്താല്‍ പിന്നെ ആരെയും കാണാന്‍ പറ്റില്ലല്ലോ. അമ്മയെയും ചേച്ചിയെയും ആരെയും.
അവളുടെ കുഞ്ഞുമനസ്സില്‍ ഭയം മുളപൊട്ടി. ശാലിനിടീച്ചര്‍ സ്‌കൂള്‍ വാര്‍ഷികത്തിന് അവതരിപ്പിക്കാനുള്ള ഡാന്‍സ് നാളെ പേടിപ്പിക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഡാന്‍സ് ഗ്രൂപ്പിന്റെ ലീഡര്‍ ഞാനാണല്ലോ. പോരാത്തതിന് മഞ്ജിമ അച്ഛന്‍ കൊണ്ടുവന്ന ചോക്ലേറ്റ് കൊണ്ടുത്തരാമെന്നു പറഞ്ഞിട്ടുണ്ട്.. ചത്താല്‍ പിന്നെ എങ്ങനെ ഫ്രണ്ട്‌സിനെയെല്ലാം കാണും?'.
അടുത്ത നിമിഷം, നടക്കാന്‍ തുടങ്ങിയ അമ്മയുടെ കൈ വിട്ടു അവള്‍ ഒരടി പിറകോട്ടുമാറി.
'അമ്മെ നമ്മോ ചാവാന്‍ പോവാന്നോ..? എനിക്ക് പേടിയാണമ്മേ.. ഇങ്ങോട്ടു വാ..പോകേണ്ട'
അവള്‍ അമ്മയെ തിരിച്ചു വിളിച്ചു. അമ്മ അതൊന്നും കേട്ടതേയില്ല..
'നിങ്ങള്ക്ക് ഞാന്‍ വേണോ അതോ..'
'അമ്മയെ മതി.'
'എന്ന എന്റെ കൂടെ വാ. ഞാന്‍ പോകുന്ന്. എനിക്ക് നിങ്ങളെ തനിച്ചാക്കി പോകാന്‍ ആവില്ല.'
മടിച്ചു നില്‍ക്കുന്ന അവളെ പിടിച്ചുവലിച്ചുകൊണ്ട് അമ്മ നടന്നു. പിറകെ ചേച്ചിയും. അവളുടെ കണ്ണുകള്‍ ചുറ്റിലും പരതി. ആരെങ്കിലും ഒന്ന് കണ്ടിരിന്നുവെങ്കില്‍. എവിടെക്കാ പോകുന്നെന്ന് ചോദിച്ചിരുന്നുവെങ്കില്‍ അവരോട് പറയാമായിരുന്നു. ആരും ഇല്ല. എല്ലാരും ഉറങ്ങുകയാ. ആരും അറിയുന്നില്ലല്ലോ ഒന്നും. ഓരോ ചുവടുവെക്കുമ്പോഴും പ്രതീക്ഷയോടെ അവള്‍ ചുറ്റിലും നോക്കി. വഴിവിളക്കിന്റെ അരണ്ട വെളിച്ചത്തിലൂടെ ഇടവഴികള്‍ കടന്നു റയില്‍വേ പാളത്തിലേക്ക് കുത്തനെ കയറുമ്പോള്‍ അവള്‍ക്കു കാര്യം ഉറപ്പായി. ചാവാന്‍ തന്നെ വന്നതാ. അവള്‍ കുതറി മാറാന്‍ നോക്കി.
'വേണ്ടമ്മെ.. ചേച്ചി പറയ് അമ്മയോട്. പറയ് ചാവണ്ടന്ന്' അവള്‍ കരയാന്‍ തുടങ്ങി. ചേച്ചി ഒന്നും മിണ്ടിയില്ല
'കരഞ്ഞു ഒച്ചവെച്ചാ ഇനി നിനക്കു അമ്മയെ കാണില്ല. അമ്മയില്ലാതെ നിങ്ങള്‍ ജീവിക്കേണ്ടിവരും. നിങ്ങള്‍ പോകുന്നുണ്ടെങ്കില്‍ പൊയ്‌ക്കോ.. പോ.. നിങ്ങളെ തനിച്ചാക്കി പോകാന്‍ പറ്റാത്തോണ്ടാ. അല്ലേല്‍ ഞാന്‍ അന്നേ ചെയ്‌തേനെ..'
അവര്‍ മുഖംപൊത്തി കരഞ്ഞുകൊണ്ട് പാളത്തിനു നടുവില്‍ തളര്‍ന്നിരുന്നു. അമ്മയുടെ കരച്ചില്‍ കണ്ടു സഹിക്കാനാവാതെ രണ്ടുപേരും അടുത്തുചെന്നു കെട്ടിപ്പിടിച്ചു. പതിയെ അമ്മയുടെ മാറോടു പറ്റിച്ചേര്‍ന്നിരുന്നു. മരണഭയം കൊണ്ടോ അതോ അമ്മ വിട്ടുപോകുമെന്ന പേടികൊണ്ടോ, അമ്മയെ കോര്‍ത്തുപിടിച്ച കുഞ്ഞു കൈകള്‍ക്കു വല്ലാത്ത മുറുക്കമുണ്ടായിരുന്നു. അമ്മയുടെ മടിയിലേക്കു അവള്‍ ചുരുണ്ടുകൂടി. അവളെ കെട്ടിപ്പിടിച്ചുകൊണ്ട് ചേച്ചിയും അമ്മയുടെ നെഞ്ചില്‍ തലചായ്ച്ചു. രണ്ടുപേരെയും ചേര്‍ത്തുപിടിച്ചു മാറിമാറി ചുംബിച്ചു അമ്മ ഏങ്ങിയേങ്ങിക്കരഞ്ഞു.
ദൂരെ നിന്ന് ട്രെയിനിന്റെ ചൂളം വിളി കേട്ടപ്പോള്‍ അവരൊന്നു പിടഞ്ഞു. മക്കളെ ഒന്നുകൂടി മുറുക്കി ചേര്‍ത്തുപിടിച്ചു. മരണത്തിനുപോലും വേര്‍തിരിക്കാനാവരുതെന്നപോലെ.
'അമ്മേ വേദനിക്കുവോ... ചേച്ചി പേടിയാവുന്നു..'
'ഇല്ല. മക്കളെ . നിങ്ങള്‍ വേദനിക്കാതിരിക്കാനാ ഞാന്‍ ഇത് ചെയ്യുന്നേ.. കണ്ണ് മുറുക്കി അടച്ചോ. ഒന്നും നോക്കേണ്ട നിങ്ങള്ക്ക് വേദനിക്കില്ല. അമ്മ കെട്ടിപ്പിടിച്ചോളാം.'
അവള്‍ ഒന്നുകൂടി അമ്മയെ മുറുക്കിപിടിച്ചു. ഒരു മുള്ളുകൊണ്ടെന്നറിഞ്ഞാല്‍ പോലും സഹിക്കാത്ത അമ്മയുടെ വാക്കുകളില്‍ അവള്‍ ആശ്വാസംകൊണ്ടു.
'അമ്മയോട് ദേഷ്യോണ്ടോ മക്കളെ. ഇങ്ങനെയൊരമ്മ വേണ്ടായിരുന്നുന്ന് തോന്നുന്നോ.. നിങ്ങക്ക് പോണോങ്കില് പൊയ്‌ക്കോ.. അമ്മ തടയില്ല'
'ഇല്ല.. അമ്മപോയാ ഞങ്ങള്‍ക്കാരാ ഉള്ളത്. അമ്മേടെകൂടെ ഞങ്ങളും വരും. അല്ലെചേച്ചി.' അവള്‍ പറഞ്ഞു. സങ്കടംകൊണ്ട് ചേച്ചിയുടെ മൂളല്‍ പുറത്തുവന്നില്ല..
'ഏയ് മക്കളെ.. എന്താ ചെയ്യുന്നേ.. അവിടന്ന് ഇറങ്ങിവാ ട്രെയിന്‍ വരുന്നുണ്ട്.'
ആരോ വിളിക്കുന്നതുപോലെ അവള്‍ക്കു തോന്നി. ആരോ വന്നിട്ടുണ്ട്? ഇനി ചാവേണ്ടിവരില്ലല്ലോ. അവള്‍ അമ്മയുടെ നെഞ്ചില്‍ പൂഴ്ത്തിവെച്ചിടത്തുനിന്നും പതുക്കെ തലയുയര്‍ത്തി നോക്കി. ഇരുട്ടത്ത് ആരെയും കാണുന്നില്ല. എങ്കിലും അമ്മയെ ചുറ്റിവരിഞ്ഞ കൈ എടുത്ത് പുറത്തേക്കു നീട്ടി ഇരുട്ടിലേക്കുനോക്കി മാടിവിളിച്ചു..
'വേഗം വാ. വേഗം..'
'അരുണ്‍.. താനെന്താ സ്വപ്നം കാണുന്നോ? കുറെ നേരായല്ലോ അവിടെതന്നെ കുത്തിയിരിക്കുന്നെ?'
മേലുദ്യോഗസ്ഥന്റെ ചോദ്യം കേട്ടപ്പോഴാണ് അയാള്‍ക്ക് പരിസരബോധം വന്നത്. അവിടവിടെയായി കൂടിനിന്നിരുന്ന ആള്‍ക്കാര്‍ അയാളെ തന്നെ നോക്കി നില്‍ക്കുന്നുണ്ട്. കുറെ നേരമായിട്ടുണ്ടാകണം. അപ്പൊള്‍ താന്‍ കണ്ടത്...?
'സോറി സര്‍, ഞാന്‍...
'മൊത്തം സെര്‍ച്ച് ചെയ്‌തോ? എവിടേലും ഒന്നും ബാക്കിയായില്ലല്ലോ? വല്ല പൂച്ചയോ പട്ടിയോ കടിച്ചുകൊണ്ടുപോയാല്‍ പിന്നെ പറയേണ്ടല്ലോ.'
അതും പറഞ്ഞുകൊണ്ട് ഇന്‍സ്‌പെക്ടര്‍ അരുണിന്റെ അടുത്തേക്ക് ചെന്നു.
'എന്താ എന്തെങ്കിലും ഉണ്ടോ അവിടെ.?'
'സര്‍, ദാ അവിടെ ആ കമ്പിന്റെ മോളില്‍.. '
തറനിരപ്പില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന പാളത്തിന്റെ കിഴക്കുവശത്തായുള്ള ചെരിവില്‍, ഇലകള്‍ കൊഴിഞ്ഞുപോയ കാരമുള്ളിന്റെ കമ്പുകള്‍ക്കിടയില്‍ കറുത്ത ചരടുകെട്ടിയ ഒരുകുഞ്ഞു കൈ ആരെയോ മാടിവിളിക്കുന്നപോലെ. അതില്‍ നിന്നും മണ്ണിലേക്ക് ഇറ്റുവീണ ചോരയുടെ കറുപ്പിലേക്ക് ഉറുമ്പുകള്‍ നിരയിടുന്നുണ്ട്. തൊട്ടടുത്തായി ചോരയില്‍ കുതിര്‍ന്ന ചുവന്ന പൂക്കളുള്ള വെളുത്ത കുപ്പായത്തിന്റെ ഒരു കഷണം.
'താന്‍ ഒരു കാര്യം ചെയ്യ് ഒന്ന് താഴോട്ട് ഇറങ്ങി നോക്കിക്കോ. ചിലപ്പോ ഇതുപോലെ എവിടെയെങ്കിലും എന്തെങ്കിലും തെറിച്ചുവീണിട്ടുണ്ടെങ്കിലോ. ഒന്നും വിട്ടുപോകരുത്.'
പാളത്തില്‍ മീറ്ററുകളോളം ദൂരത്തില്‍ തെറിച്ചുവീണ ചതരഞ്ഞ മൂന്നുശരീരങ്ങള്‍. ചോരകൊണ്ട് നിറം പിടിച്ച ജില്ലിക്കല്ലുകള്‍ക്കിടയില്‍ മനുഷ്യ ശരീരങ്ങളാണെന്നു തിരിച്ചറിയാന്‍ പറ്റാത്തത്ര വികൃതമായ മാംസക്കഷണങ്ങള്‍ പറ്റിപ്പിടിച്ചു കിടക്കുന്നു. കണ്ടുകിട്ടിയ ചതഞ്ഞരഞ്ഞ കൈകാലുകളുടെ ഉറപ്പില്‍ മാത്രം മൂന്നുപേരുണ്ടെന്നു മനസ്സിലാകും. അവിടവിടെയായി പറ്റിപ്പിടിച്ചിരിക്കുന്ന വസ്ത്രഭാഗങ്ങള്‍ ഒരുതെളിവുപോലെ ബാക്കിയുണ്ട്. ആകെ മനസ്സ് മരവിക്കുന്ന ഒരു കാഴ്ച.
'കണ്ടുനില്‍ക്കാന്‍ പറ്റുന്നില്ല സര്‍, ജോലിയില്‍ കയറിയതുമുതല്‍ ഒരുപാട് സീന്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇത്.. ആ കുഞ്ഞുമോളെ ഞാനിപ്പോ കണ്ടു. എന്റെ അടുത്തു വന്നു എല്ലാം പറഞ്ഞു. സാറ് ചോദിച്ചില്ലേ സ്വപ്നം കാണുന്നതാണൊന്ന്. സ്വപ്നമായിരുന്നില്ല സര്‍.. അവള്‍ വന്നതാ.. ദാ ആ കൈ മാടി വിളിക്കുന്നത് കണ്ടോ? മരിക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല ആ മക്കള്‍ക്ക്. ഒന്നും സംഭവിക്കില്ലെന്നു കരുതി അവള്‍ ഏറ്റവും സുരക്ഷിതമെന്നു കരുതിയ അമ്മയുടെ മടിയിലിരുന്നാ ചിതറിത്തെറിച്ചു പോയത്. മരണമെത്തുന്ന നേരം വരെയും ആ കണ്ണുകളില്‍ പ്രതീക്ഷയുണ്ടായിരുന്നു. ഒരു പിന്‍വിളി തങ്ങളെ കൂട്ടികൊണ്ടുപോകുമെന്ന്. മരണം ഇത്രഭീകരമായി അടുത്തുവരുന്നുണ്ടെന്നു അവള്‍ക്കു അറിയില്ലായിരുന്നു. അമ്മയെ പിരിയാന്‍ പറ്റാത്തതുകൊണ്ട് പോകുമ്പോള്‍ കൂടെ പോയി. അത്രയേയുള്ളൂ സര്‍.'
'താന്‍ ഓരോന്ന് ചിന്തിച്ചുകൂട്ടി ഇങ്ങനെ ഇമോഷണല്‍ ആവരുത്. അറ്റ്‌ലീസ്‌റ് ഒരു പൊലീസുകാരന്‍ ആണെന്ന ബോധം വേണ്ടേ. കുറെ നേരമായി ഞാന്‍ തന്നെ ശ്രദ്ധിക്കുന്നേ. താന്‍ ഈ ലോകത്തൊന്നും ആയിരുന്നില്ല. ഇതൊക്കെ നമ്മുടെ ജോലിയുടെ ഭാഗമല്ലേ.' എസ് ഐ അയാളുടെ ചുമലില്‍ തട്ടി പറഞ്ഞു.
'സോറി സര്‍..'
'ഇറ്റ്‌സ് ഓക്കേ. താനും ആ വോയിസ് ക്ലിപ്പ് കേട്ടതല്ലേ. സഹിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ടല്ലോ. മാറിത്താമസിച്ചിട്ടും അയാള്‍ മനസമാധാനം കൊടുത്തിട്ടുണ്ടാവില്ല. ദിവസവും പോയിച്ചത്തോന്നു പറഞ്ഞു പരിഹസിക്കുമ്പോള്‍ ആകെ കൈവിട്ടു നില്‍ക്കുന്ന ഒരാള്‍ക്ക് അതു മതിയാകും. എവിടെയെങ്കിലും ജയിക്കണമെന്നു തോന്നിക്കാണും. അമ്മയും രണ്ടു മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. അത്രയേയുള്ളൂ. ഇപ്പൊ താന്‍ ആ സാധനം എടുത്ത്, അവിടെ കളക്ട് ചെയ്തു വെച്ചതിന്റെ ഒപ്പം കൊണ്ട് വെയ്ക്കൂ. സമയം കളയേണ്ട. ഇന്ന് തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.' എസ് ഐ അയാള്‍ക്ക് നിര്‍ദേശം നല്‍കി.
എങ്ങനെയാണു അത് ആത്മഹത്യയാകുന്നത് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു അയാള്‍ക്ക്. മരണം സ്വയം തിരെഞ്ഞുടുക്കുന്നതാണ് ആത്മഹത്യ. മക്കളുടെ തെരെഞ്ഞെടുപ്പായിരുന്നില്ലല്ലോ മരണം. പിന്നെങ്ങനെ അവര്‍ ആത്മഹത്യ ചെയ്തു എന്ന് പറയുന്നത്. ആത്മഹത്യ ചെയ്ത അമ്മയ്‌ക്കൊപ്പം ആത്മഹത്യയായി മാറിയ കൊലപാതകം. അതല്ലേ. ആത്മഹത്യയും കൊലപാതകവും ചേര്‍ന്നതിനെ എന്താ വിളിക്കുക?. ഒരുവശത്തു സ്‌നേഹവും സ്വാര്‍ത്ഥതയും മറുവശത്തു പൈശാചികതയും ലഹരിയും. ആര് ജയിക്കുമെന്നതുമാത്രമായിരുന്നു പ്രശ്‌നം. മക്കളുടെ ഗതിയെന്തായിരിക്കുമെന്ന ആദിയായിരിക്കുമോ അതോ മനുഷ്യത്വം മറന്നുപോയവന് നല്‍കിയ ശിക്ഷയായിരിക്കുമോ ഇത്?. ജീവിതം മടുത്തവര്‍ക്കു മരണം ഒരു അനുഗ്രഹമായിരിക്കാം. പക്ഷെ ജീവിച്ചു തുടങ്ങിയിട്ടില്ലാത്തവര്‍ക്കോ?
കാഴ്ചകാണാന്‍ ആള്‍ക്കാര്‍ കൂടിവരുന്നുണ്ട്. പലരും പകുതിവഴിവെച്ചു മടങ്ങുന്നു. ഇനിയുമെത്ര കാഴ്ചകള്‍ കാണേണ്ടിവരും.. കണ്ണുകള്‍ അടയ്ക്കുക. ഹൃദയം കല്ലാക്കുക. ചിന്തകള്‍ക്ക് അതിരിടുക. ഓര്‍മ്മകളെ ഉണര്‍ത്താതിരിക്കുക. അയാള്‍ ചുറ്റും നോക്കി. സമയം കടന്നുപോകുന്നു. കാരമുള്ളിന്റെ തണ്ടുകള്‍ വകഞ്ഞുമാറ്റി അയാള്‍ ആ കുഞ്ഞുകൈ കയ്യിലെടുത്തു. ഒരു മുള്ളുപോലും കൊള്ളാതെ, നെഞ്ചോട് ചേര്‍ത്തുപിടിച്ചുനടന്നു പാളത്തിന്റെ ഓരത്തായി പായകൊണ്ടുമൂടിയ മറ്റുശേഷിപ്പുകള്‍ക്കിടയിലേക്കു വെച്ചു.
കുഞ്ഞേ മടങ്ങുക. നിനക്കേറെ പ്രീയപെട്ടവരോടൊപ്പം. മാപ്പ്... നീ വീശിയ കൈകള്‍ കാണാതെ പോയതിന്.
malayalam short story, literature
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates