
അവളോട് പ്രണയം പറഞ്ഞതിൻ്റെ
അഞ്ചാം നാള്,
അവളെന്നേം കൂട്ടി
പുഴവക്കത്തേക്ക് നടന്നു.
അവളൊരു വഴുക്കലുള്ള പാറമേലിരുന്നു
ഞാൻ പേടിച്ചുപേടിച്ചവളുടെ പിന്നിലും
അവൾ ചൂണ്ട ചുഴറ്റി പുഴേലേക്കെറിഞ്ഞു
കാത്തിരിന്നു
അവൾ മാത്രമല്ല,
പുന്നമരച്ചില്ലേലൊരു നീലപ്പൊന്മാനും.
ഓരോ മീൻ വെട്ടലിലും,
പൊന്മാനവളെ പകയോടെ നോക്കി
അവൾ, അവളുടെ ഉപ്പാനെ കുറിച്ച്
വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു
ഉപ്പാൻ്റെ മീൻവേട്ടകഥകൾ
അവളുടെ കയ്യിലെ ചൂണ്ട
പിതൃസ്വത്താണ്
എനിക്കാണെങ്കിൽ വെള്ളം പേടിയാണ്
വഴുക്കലുള്ള പറമേൽ നിന്നവൾ
പുഴയെ നോക്കുന്ന നേരത്ത്,
ഞാനവളുടെ ടീ ഷർട്ടിൽ പിടുത്തമിട്ടു.
“പേടിത്തൂറി!” അവളെന്നെ കളിയാക്കി
നല്ല തെളിച്ചമുള്ള വെള്ളം
നല്ല തെളക്കമുള്ള മീനുകൾ
പുഴയും മീനും രണ്ടല്ല
പുഴ + മീൻ = പുഴമീൻ
പുഴ പ്രാണനും
മീനുകൾ ശരീരവുമാണ്
ഓരോ ശരീരവും
കെണിയിൽ വീഴുകതന്നെചെയ്യും
അന്നേരം ശരീരം,
ചൂണ്ടക്കൊളുത്തിനെ
പ്രാണൻ്റെ പരമാവധി ആഴത്തിലേക്ക്
വലിച്ചു കൊണ്ടുപോകും
ചൂണ്ടക്കാരൻ/ കാരിയുടെ
ചങ്കിനും മീൻ്റെ ചുണ്ടിനുമിടയിൽ
ദയാരാഹിത്യത്തിൻ്റെയൊരു
ടങ്കൂസ് വലിഞ്ഞു മുറുകും!
അവളുടെ ചൂണ്ടയിലെ റീൽ കറങ്ങുന്നു
ടീഷർട്ടിലെ എൻ്റെ പിടുത്തം
അവൾ തട്ടിമാറ്റുന്നു
നല്ല തെളിച്ചമുള്ള പുഴ
നല്ല വഴുക്കലുള്ള പാറ
നീലപ്പൊന്മാൻ പുഴയിലേക്ക് പറന്നിറങ്ങി
അവളും
ജലസസ്യങ്ങൾക്കിടയിൽ
അവളും മീനുകളും
നീന്തുന്നത്,
ശ്വസിക്കുന്നത്,
ഒരു ടങ്കൂസിൻ്റെ തുമ്പത്തെന്നപോലെ
വലിഞ്ഞു മുറുകുന്നത്,
ഞാനും പൊന്മാനും നോക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ