
വാതിലിനരികിലെ അനക്കം ഇപ്പോഴും നിന്നിട്ടില്ല. ജാലകച്ചില്ലിലൂടെ മുറിയിൽ മങ്ങിയ വെളിച്ചം കടന്നുവരുന്നുണ്ട്. തലപിളർന്ന്, ചോരയൊലിപ്പിച്ച് താൻ ചത്തുകിടക്കാൻ പോകുന്ന സ്ഥലം ഒരിക്കൽക്കൂടി കണ്ണുനിറയെ കാണണമെന്നു വിവിയാൻ റോഡ്രിഗിസിനു അപ്പോൾ തോന്നി. കെട്ടിടത്തിലും അയൽ പ്രദേശങ്ങളിലും വാർത്തകളിലും കേട്ട, കള്ളന്മാരുടെ ചെയ്തികളെല്ലാം ഒരാന്തലോടെ അവന്റെ തലച്ചോറിലേക്ക് മിന്നൽ വേഗത്തില്‍ ഉണർന്നുവന്നു.
പത്തുവർഷം മുമ്പാണ് ഈ ഫ്ലാറ്റിലേക്ക് മാറിയത്. ഒരാഴ്ചയായിക്കാണും, മുകളിലെ നിലയിലെ ഫ്ലാറ്റിൽ കള്ളൻ കയറി. അതൊരു ഓഫീസ് ആയിരുന്നു. കമ്പ്യൂട്ടറുകളെല്ലാം പോയി. അടുത്തദിവസം ബാങ്കിൽ അടയ്ക്കാൻ വെച്ചിരുന്ന ലക്ഷങ്ങളും അവർ കൊണ്ടുപോയി. അന്നേരം അവിടെ ആരുമില്ലാതിരുന്നത് നന്നായെന്ന് കെട്ടിടത്തിലുള്ളവർ പറഞ്ഞു. അല്ലെങ്കിൽ, കെട്ടിടത്തിൽ ഒരു കൊലപാതകം നടന്നേനെ!!
അത്യാവശ്യഘട്ടങ്ങളിലല്ലാതെ ആ ഫ്ളാറ്റിൽ ആരും താമസിക്കാറില്ലായിരുന്നു. പൊലീസ് വന്നു, അവരുടെ മണം പിടിക്കുന്ന നായ് വന്നു, വിരലടയാള വിദഗ്ധർ വന്നു. എന്നിട്ടും ഒരു തുമ്പുമുണ്ടായില്ല.
അന്ന് ആ ഓഫിസുകാർ വാതിലിലെ പൂട്ട് കാണാൻ വിവിയാന്റെ ഫ്ലാറ്റിൽ വന്നിരുന്നു. പൂട്ടിന്റെ പ്രത്യേകതയെക്കുറിച്ച് ലാൻഡ് ലോഡ് അവരോട് പറഞ്ഞതാണത്രേ. മുകളിലും താഴെയുമായി രണ്ട് കൂറ്റൻ പൂട്ടുകൾ. ഓരോന്നിനും മൂന്ന് ലോക്കുകൾ വീതം. ഇന്ന് അതിൽ ഒരെണ്ണം കേടാണ്. അത് ഉപയോഗത്തിലില്ല. രണ്ടാമത്തേതിനുമുണ്ട് പ്രശ്നങ്ങൾ. അന്ന് ലാൻഡ് ലോഡ് വാഴ്ത്തിയത് പോലെ അത്ര സുരക്ഷിതമല്ല ഇന്ന്.
വാതിലിന് അരികിലെ അനക്കം നിന്നിട്ടില്ല. പൂട്ടിന്റെ നോബ് കണ്ടെത്താനുള്ള ശ്രമമാണോ എന്ന ഒരു ഉൾപ്പേടി വിവിയാനിൽ വീണ്ടും മിന്നി. വാതിൽ വിടവിലൂടെ ടോർച്ചിന്റെയോ മറ്റോ വെളിച്ചം കടന്നുവരുന്നുണ്ടോ? അയാൾ സൂക്ഷിച്ചുനോക്കി. ഉണ്ടെന്നോ ഇല്ലെന്നോ ഇപ്പോഴും അറിയാനായില്ല.
പുലരാൻ നേരമാണ് ഫ്ലാറ്റുകളിൽ കള്ളന്മാർ വരികയെന്ന് നഗരത്തിലെത്തിയ നാൾതൊട്ട് വിവിയാൻ കേൾക്കുന്നതാണ്. നഗരം ആഴ്ന്നുറങ്ങുന്നത് അന്നേരത്താണല്ലോ. അധികപേരും തിരക്കുകൾ കഴിഞ്ഞ് ഒരു ദിവസത്തെ ആഹാരം മുഴുവൻ കഴിക്കുന്നത് അത്താഴത്തിനാകും. അതും അർദ്ധരാത്രിയോടടുക്കുമ്പോൾ. പിന്നെ വെബ്സീരീസും സിനിമ കാണലും ചാറ്റുമെല്ലാമായി പാതിരാ കഴിയും, ഒന്ന് കിടക്കയിൽ വീഴാൻ.
കെട്ടിടചുമരുകളിൽ ഒട്ടിനിൽക്കുന്ന പൈപ്പുകളിലൂടെ സർക്കസ്സുകാരെ പോലെ പലനിലകളിലും വലിഞ്ഞുകയറി, കാറ്റുകൊണ്ട് ഉറങ്ങാൻ തുറന്നിട്ട ജനലുകൾ വഴി അകത്തുകടക്കുന്ന വിദഗ്ധരുണ്ടത്രേ. പരിശീലിപ്പിക്കപ്പെട്ട കുരങ്ങന്മാരെ ഉപയോഗിച്ച് മോഷ്ടിക്കുന്നവർ വേറെയും.
ഈയിടെ പത്രത്തിൽ വായിച്ചതാണ് മറ്റൊരു ഉഗ്ര വിഭാഗത്തെക്കുറിച്ച് - മല്ലന്മാർ!!! ചെറുത്തുനിൽക്കാൻ സാധിക്കില്ല. കൊല്ലുന്നത് ഹരമായി കാണുന്നവർ. രക്തം തെറിച്ചു വീഴുന്നത്, പിടഞ്ഞു പിടഞ്ഞമരുന്നത് കണ്ട് ആസ്വദിക്കുന്നവർ. സ്ത്രീകളെ പീഡിപ്പിക്കാവുന്നതിലപ്പുറവും പീഡിപ്പിക്കുന്നവർ.
അന്ന് പുലർച്ചെ മൂന്ന് മൂന്നര ആയിക്കാണും, നല്ല ഉറക്കത്തിനിടയിൽ ഒരു ദുഃസ്വപ്നം കണ്ടു ഞെട്ടിയുണരുകയായിരുന്നു വിവിയാൻ റോഡ്രിഗ്സ്. വാതിലിനപ്പുറം കാര്യമായി എന്തോ നടക്കുന്നുണ്ടെന്ന് ഒരു മരവിപ്പോടെയാണ് അവനറിഞ്ഞത്.
തൊട്ടുമുന്നിലെ ഫ്ലാറ്റിലെ ഒരാൾപൊക്കമുള്ള ഷൂ റാക്ക് മോഷണംപോയത് ദിവസങ്ങൾക്കു മുമ്പാണ്. പുറത്ത് വാതിലിനരികെ വെച്ചതായിരുന്നു, അവർ. മോഷണംനടന്നിട്ടും അവരാരും പരാതി കൊടുക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ല. പരാതികൊടുത്തില്ലെങ്കിൽ കൂടുതൽ അപകടമാകുമെന്ന് എല്ലാവരും അവരോട് പറഞ്ഞതാണ്.
ഒരാൾപ്പൊക്കമുള്ള ഷൂ റാക്ക്, ഒരാളും അറിയാതെ, ഒച്ചയോ മറ്റ് അടയാളങ്ങളോ ഉണ്ടാക്കാതെ സ്റ്റെപ്പിറക്കി എങ്ങനെ കൊണ്ടുപോകാനായി എന്നത് കൗതുകമാണ്. ആരായിരിക്കും അങ്ങനെ ചെയ്തിട്ടുണ്ടാവുക? ഓരോരുത്തരുടെ വായിൽ നിന്നും സംശയങ്ങൾ പലതായി നിരന്നു. ചായ കൊണ്ടുവരുന്നവരാകാമെന്ന് ഒരാൾ. കൊറിയറുകാരേയും സൂക്ഷിക്കണമെന്ന് മറ്റൊരാൾ. കച്ചറ കൂമ്പാരങ്ങളിൽ നിന്നും പഴയതു പെറുക്കി നടക്കുന്നവരുമുണ്ട്. അവരുമാകാം. ചാലുകൾ കോരി വൃത്തിയാക്കുന്ന നഗരസഭ ജീവനക്കാരേയും സംശയനിഴലിലാക്കി.
അവരെല്ലാം മനുഷ്യരാണ്. അവരവരുടെ ജീവിതത്തെ അവരുടേതായ തൊഴിലിടങ്ങളിലൂടെ പോറ്റിപ്പോരുന്നവർ. അവരിലുമുണ്ടാകും മറ്റുള്ള സമൂഹങ്ങളിലുമുള്ളതുപോലെ എല്ലാ തരത്തിലുമുള്ളവർ. ആർത്തികൊണ്ട് മോഷ്ടിക്കുന്നവരും വിശപ്പുകൊണ്ട് മോഷ്ടിക്കുന്നവരും ഒരുപോലെ അല്ലെങ്കിലും നിയമത്തിനു മുന്നിൽ കള്ളൻ കള്ളൻ തന്നെ.
ആ ഷൂ റാക്ക് വൈരുദ്ധ്യമായി തോന്നിയിട്ടുണ്ട്, വിവിയാന്. ഫ്ലാറ്റിന്റെ പരിധിയിൽ ആയിരുന്നില്ല അവരത് വെച്ചത്. അവരാരും ചെരിപ്പോ ഷൂവോ അതിനകത്ത് അഴിച്ചുവെച്ചിരുന്നുമില്ല. മറ്റുള്ളവർക്കും ശല്യമാകും വിധം ഷൂ റാക്കിന് ചുറ്റും ചിതറിയായിരുന്നു അവരുടെ ഷൂവും ചെരുപ്പുകളും എപ്പോഴും കിടന്നിരുന്നത്. അതിലേ നിത്യം കടന്നുപോകുന്ന ആരോ, ഉപയോഗശൂന്യമായി കിടക്കുന്നത് എന്ന തോന്നലിൽ പാതിരാ നേരത്ത് എടുത്തുകൊണ്ടു പോയതാകാം. ആ റാക്കിൽ എന്നോ അഴിച്ചുവെച്ച് മറന്നുപോയ പഴയ ഒരു ജോഡി ഷൂ പുറത്തെടുത്തുവെച്ചാണ് അവരത് കൊണ്ടുപോയത്.
ഷൂ റാക്ക് മോഷണം പോയതിൽ പിന്നെ ആ ഫ്ലാറ്റിലെ ചെരുപ്പുകളും ഷൂകളും പുറത്തങ്ങനെ കാണാറില്ല. അഥവാ അപൂർവ്വമായി കണ്ടാൽ, പരിധിവിടാതെ ചിട്ടയോടെയുള്ള അഴിച്ചുവെപ്പ്. അജ്ഞാതനായ കള്ളൻ പഠിപ്പിച്ച പാഠം!!
പിന്നെയും കെട്ടിടത്തിൽ കള്ളൻ വന്നിട്ടുണ്ട്. ഒന്നാം നിലയിലെ മലയാളി ബഷീർക്കയാണ് അത് പറഞ്ഞത്. ഒരിക്കൽ പുലരാൻ നേരം മൂത്രമൊഴിക്കാൻ എഴുന്നേറ്റതാണ് മൂപ്പർ. ഗ്രൗണ്ട് ഫ്ലോറിലെ ഇലക്ട്രോണിക് കടയുടെ ഷട്ടർ മൂപ്പരുടെ വാതിൽക്കൽ നിന്നും കാണാം. വാതിൽ തുറന്നു പുറത്തിറങ്ങിയ ബഷീർക്ക കാണുന്നത് ഒരാൾ ഷട്ടറിന്റെ പൂട്ടുപൊളിക്കാൻ ശ്രമിക്കുന്നതാണ്. വേറൊരാൾ അയാൾക്ക് കാവലും. പെട്ടെന്ന് ഒച്ചവെക്കാനുള്ള ശ്രമം തൊണ്ടയിൽ കുരുങ്ങി ഇടുങ്ങിയ മറ്റെന്തോ ശബ്ദം പുറപ്പെടുവിച്ചു. പെട്ടെന്നാണ് ഒരാൾ മുകളിലത്തെ നിലയിൽ നിന്നും ഓടി ഇറങ്ങി ബഷീർക്കയെ ഒരു തട്ടുകൊടുത്ത് പാഞ്ഞിറങ്ങിപ്പോയത്. അവർ ഒരേ സംഘമായിരുന്നു. ആരൊക്കെയാണെന്ന് തിരിച്ചറിയും മുമ്പേ ഗലി വിട്ട് മറഞ്ഞു.
വാതിൽക്കലെ അനക്കങ്ങൾ ഒന്നടങ്ങിയപോലെ. ഉള്ളിൽനിന്നും അതിനു കുറ്റിയില്ല. ലോക്ക് തന്നെയാണ് ഉള്ളിൽനിന്നും പൂട്ടുന്നതും. കള്ളനെന്ന് ഉറക്കെ നിലവിളിച്ചിട്ട് കാര്യമില്ല. ആരും കേൾക്കില്ല. എല്ലാവരും ഉറക്കത്തിന്റെ ആഴങ്ങളിലായിരിക്കും. പെട്ടെന്നാണ് വിവിയാന് മൊബൈൽ ഓർമവന്നത്. അത് കൈയെത്തും ദൂരത്ത് തന്നെ ഉണ്ടായിരുന്നു. മരവിപ്പിൽ നിന്നുണർന്ന് കൈകാലുകൾക്ക് ജീവൻവെച്ചു.
മൊബൈൽ എടുത്തതും വാതിൽ തുറന്ന് മൂന്ന് രൂപങ്ങൾ അകത്തുകയറിയതും ഒരുമിച്ച്. അതിലൊരാളുടെ ടോർചിന്റെ വെളിച്ചത്തിൽ വിവിയാന്റെ ഉരുണ്ട കണ്ണുകൾ തിളങ്ങി. ഒന്ന് അനങ്ങാനോ ഒച്ച വെക്കാനോ അവനായില്ല. അവർ വാതിലടച്ചു. ഒരാൾ വിവിയാന്റെ കൈകൾ പിന്നിലേക്കാക്കി പിടിച്ചുവച്ചു. മറ്റൊരാൾ വായിൽ എന്തോ തിരുകി. മൂന്നാമൻ ടോർച്ചടിച്ച് സ്വിച്ച് ബോർഡ് കണ്ടെത്തി ലൈറ്റിട്ടു. വെറും ശെഡ്‌ഡിയും ബനിയനും ധരിച്ച മൂന്നുപേർ. കൈകാലുകളിൽ പിടി വീഴാതെ വഴുതി പോകാൻ എന്തോ തേച്ചിരിക്കുന്നു. ആളെ തിരിച്ചറിയാൻ കഴിയാത്ത വിധം മുഖത്ത് എന്തോ ചായവും പുരട്ടിയിരിക്കുന്നു.
അവർ വിവിയാനെ കസേരയിൽ ഇരുത്തി. രണ്ടുപേർ വീടാകെ തിരച്ചിലായി. മൂന്നാമൻ കൈകൾ പുറകിലാക്കി കസേരയിൽ വിവിയാനെ കെട്ടിയിട്ടു.
കണ്ടുകിട്ടുന്നതെല്ലാം അവർ തീൻമേശമേൽ നിരത്തി വച്ചു. പേഴ്സിലെ എടിഎം, ക്രെഡിറ്റ് കാർഡുകളൊന്നും അവർക്ക് വേണ്ട. പണം എടുത്തു. ലാൻഡ് ലോഡിന് നൽകാനും ഫ്ലാറ്റിലെ അറ്റകുറ്റപ്പണികൾക്കായും മാറ്റിവെച്ച നോട്ടുകെട്ട് അലമാരയിലെ വസ്ത്രങ്ങൾക്കിടയിൽ നിന്നും അവർ കണ്ടെടുത്തു. അതും തീൻമേശയിൽ നിരത്തി.
ഒടുവിൽ അവർ അടുക്കള ഭാഗത്തെത്തി. ഒരാൾ ചായയിട്ടു. മറ്റൊരാൾ ഗ്ലാസുകൾ കഴുകി. മൂന്നാമൻ രാജാസ് റസ്ക്ക് പാക്കറ്റും കാരിയുടെ ഡബ്ബയും തീൻമേശയിൽ കൊണ്ടുവെച്ചു. കൈകൾ അഴിച്ച്, വായിൽ തിരുകിയത് എടുത്തുമാറ്റി വിവിയാനെയും തീൻ മേശക്ക് അരികിലെ കസേരയിൽ ഇരുത്തി. ഒരു ഗ്ലാസ് ചായ അവനു മുമ്പിലേക്ക് നീക്കിവെച്ചു.
ഒരുത്തൻ റസ്ക്ക് പാക്കറ്റും കാരി ഡബ്ബയും തുറന്ന് അതിലുള്ളത് എണ്ണിനോക്കി. പത്ത് റസ്കും പത്ത് കാരിയും. ഈരണ്ടു വീതം അവർ നാലുപേർക്കായി വീതിച്ചു. ബാക്കി വന്ന രണ്ടു കാരിയിൽ നിന്നൊരെണ്ണം അവർ അവനു നൽകി. ഒരു കാരിയും രണ്ട് റെസ്ക്കും അവർ വീതിച്ചെടുത്തു.
ഇത് അവസാനത്തെ അത്താഴമാണെന്ന തിരിച്ചറിവിൽ അതു കഴിക്കാൻ വിവിയാന് മനസ്സുവന്നില്ല.
"എല്ലാം നിങ്ങൾ കൊണ്ടുപോയ്ക്കൊള്ളൂ. എനിക്ക് എന്റെ ജീവിതം തിരിച്ചു തരണം. എന്നിൽ ചാരി ഒരു കുടുംബം പുലരുന്നുണ്ട്. അതിൽ ഒരു പിഞ്ചു കുഞ്ഞുമുണ്ട് "- വിവിയാന് തൊണ്ടയിടറി.
'തു ആദി ചാഹ് പീ'. നീയാദ്യം ചായ കുടി എന്ന് കൂട്ടത്തിൽ ഒരുവന്റെ കനത്തശബ്ദം. അയാളുടെ കൈയിലെ ഇരുമ്പുദണ്ഡ് തീൻമേശമേൽവെച്ചു. പകച്ചുനിന്ന അവനോട് അയാൾ ആഗ്യം കാണിച്ചു - കുടിക്ക്.
അവനൊന്നു മോന്തി. നല്ല മധുരം. ഇഞ്ചിയും ഏലക്കയും രുചിക്കുന്നു.
" ഖാണേ.. സങ്കോച് കരുനകാ". മടിച്ചിരിക്കാതെ കഴിക്കാൻ മറ്റൊരുവന്റെ മുരൾച്ച.
വിവിയാൻ അവർ ചെയ്യുന്നതുപോലെ റസ്കും കാരിയും ചായയിൽ മുക്കി കഴിച്ചുതുടങ്ങി. ചായ കുടിച്ചു തീരും വരെ അവരാരും ഒന്നും മിണ്ടിയില്ല.
ദൈവമേ, പൊടുന്നനെ വാതിൽ തുറന്നു ആരെകിലും കടന്നു വരേണമേ- എന്നവൻ ഉള്ളാൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ജീവന്റെ അവസാനമിടിപ്പുകളിലൂടെയാണ് ചുടുചായ ഇറങ്ങിപ്പോകുന്നതെന്ന് തോന്നി. ഉഗ്രൻ ആയുധമാണ് അവരുടെ കൈകളിൽ. തീൻമേശമേലിരിക്കുന്ന ഇരുമ്പു ദണ്ഡിലേക്ക് ഒന്നുനോക്കി.
പണം, മുന്തിയ വസ്ത്രങ്ങൾ, വാച്ചുകൾ, ഷൂ-ചെരിപ്പുകൾ, ഗിഫ്റ്റ് കിട്ടിയ സ്പ്രേകൾ, മൊബൈൽ, ലാപ്ടോപ്, ടിവി എല്ലാം തീൻമേശമേൽ നിരന്നു കിടക്കുന്നു. അതൊക്കെ അവർ കൊണ്ടുപോകും. തലക്ക് ഇരുമ്പുദണ്ഡുകൊണ്ട് ആഞ്ഞടിച്ച് ചുമരിലേക്കും നിലത്തേക്കും തെറിച്ചു വീഴുന്ന ചോര കണ്ട് ആസ്വദിക്കും. പിടഞ്ഞു പിടഞ്ഞു തീരുന്നത് കണ്ട് അവർ ആഹ്ലാദിക്കും. ഒടുവിൽ ശവം ഇവിടെയിട്ട് അവർ മറയും. പൊലിസ്, പിന്നെ അവരെ പിടിച്ചാലും ഇല്ലെങ്കിലും, നീതി നടപ്പായാലും ഇല്ലെങ്കിലും ചത്തവനെന്ത്. ഒരു കോടതിക്കും ജീവൻ തിരിച്ചു നൽകാനാകില്ലല്ലോ. രക്തസാക്ഷിയായി ദൈവത്തിന്റെ അടുക്കലെത്താമെന്ന മതബോധം അവനെ തഴുകി.
ഏതു നിമിഷവും തലക്കൊരടി വീഴുമെന്നു പ്രതീക്ഷിച്ചാണ് ഇരിപ്പ്. അരികിൽ ഇരിക്കുന്ന ആളുടെ കൈയിൽ ഇരുമ്പുദണ്ഡുണ്ട്. അതുവരെ തീൻമേശമേൽ ആയിരുന്ന ഇരുമ്പുദണ്ഡ് അയാൾ എപ്പോഴാണ് കൈയിലെടുത്തത്?? ശരീരമാകെ വിറയൽ. അവസാന നിമിഷങ്ങളിലേക്കാണ് ചുമരിലെ ക്ലോക്കിന്റെ സൂചികൾ നീങ്ങുന്നതെന്ന് അവൻ ഉറപ്പിച്ചു. അയാൾ ദണ്ഡിൽ പിടിമുറുക്കുന്നത് അവൻ കണ്ടു.
കണ്ണ് അമർത്തിയടച്ച്, തലപിളർന്ന് ചോര തെറിക്കാൻപോകുന്നുവെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് പെട്ടെന്ന് പിടലിയിൽ അടിവീണത്. മരവിച്ചു പോയതുകൊണ്ടാകണം നേരിയ വേദന മാത്രം. ചുടു ചോര ചുമരിലേക്ക് തെറിച്ച് അവിടെ ഒരു ചിത്രം രൂപപ്പെട്ടിണ്ടുണ്ടാകും എന്നവൻ കരുതി. അവസാനമായി ഫ്ലാറ്റ് കൺനിറയെ കാണാനുള്ള കൊതിയാൽ കൺതുറന്നു.
ഇല്ല, ചോരതെറിച്ചിട്ടില്ല!! തല പിളർന്നിട്ടില്ല!!! ഇരുമ്പുദണ്ഡല്ല, കൈകൊണ്ട് പിടലിയിൽ തട്ടിയതാണ്. ജീവൻ തിരിച്ചുകിട്ടിയ പോലെ ഞെട്ടിയുണർന്നു.
അപ്പോഴേക്കും മേശമേലിരിക്കുന്ന സാധനങ്ങൾ അവർ മൂന്നായി ഭാഗിച്ചുവെച്ചിരിക്കുന്നു.
"യാ പെയ്കി ഏക് തുംച്യാസാഠി. ദൂസര ആംച്യാസാഠി ആഹെ. തീസര മ്ഹൺജെ ആപ്ല്യാ ദേവാലാ". ഇതിലൊന്ന് നിനക്ക്. രണ്ടാമത്തെത് ഞങ്ങൾക്കുള്ളത്. മൂന്നാമത്തെത് ദൈവത്തിനുള്ളത് എന്നാണ് അവരിലെ മൂപ്പൻ പറഞ്ഞത്.
ആദ്യം ആശ്വാസമാണ് തോന്നിയത്. ജീവൻ തിരിച്ചു കിട്ടുന്നു. കൊണ്ടുപോകട്ടെ, എല്ലാം കൊണ്ടുപോകട്ടെ. കുറച്ചെങ്കിലും ബാക്കിവെച്ചല്ലോ.
ഏറെ കൊതിമൂത്ത് ഈയിടെ ഓൺലൈനിൽ വരുത്തിയ രണ്ട് ഡെനിം ജീൻസുകളിൽ ഒരെണ്ണം തന്റെ വിഹിതത്തിൽ അവൻ കണ്ടു. അരഡസൻ സ്പ്രേകളിൽ ഒന്നു മാത്രമാണ് തനിക്കുള്ളത്. ഒരു ഷൂവും ഒരു ചെരിപ്പും ബാക്കി വെച്ചിട്ടുണ്ട്. ആ ചെരിപ്പിലേക്ക് അവൻ നോക്കി. അവൾക്കുവേണ്ടി ഒരാഴ്ച മുമ്പ് വാങ്ങി വച്ചതാണ്. ഷൂ റാക്ക് കളവ്പോകും മുമ്പ് മുന്നിലെ ഫ്ലാറ്റിന് മുമ്പിൽ ആരോ അഴിച്ചിട്ടത് കണ്ടു ആകർഷിച്ച ചെരിപ്പാണ്. ചെരിപ്പ് മാർക്കറ്റ് വഴി പോകുമ്പോൾ കണ്ടമുറയ്ക്ക് വാങ്ങിയതാണ്. അവൾക്ക് അത് നന്നായി ചേരുമെന്ന് തോന്നി. വേറെ എവിടെയും അതങ്ങനെ കണ്ടിട്ടില്ല. അവരത് തനിക്ക് മാറ്റിവെച്ചതിൽ അവന് സന്തോഷം തോന്നി.
ഏറ്റവും പ്രിയപ്പെട്ട കോട്ടൻ വേൾഡിന്റെ ഷർട്ടുകളും പാന്റ്സും അവരുടെയും ദൈവത്തിന്റെയും ഓഹരികളിൽ വേറിട്ടു കിടക്കുന്നത് അവനെ നൊമ്പരപ്പെടുത്തി. അതൊക്കെ അവളുടെ സെലക്ഷനുകൾ ആയിരുന്നു. ആദ്യമായി കണ്ടപ്പോൾ അണിഞ്ഞിരുന്ന അതേ ഷർട്ടും പാന്റും എക്കാലത്തും ഉണ്ടാവണമെന്നത് അവളുടെ ആഗ്രഹമായിരുന്നു. അന്ന് അണിഞ്ഞത് പിന്നിയും നിറംമങ്ങിയും ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് ഒരുപാട് നാളത്തെ തിരച്ചിലിനും കാത്തിരിപ്പിനും ഒടുവിൽ കിട്ടിയതാണ് ആ ഷർട്ടുകളും പാന്റ്സും. തൊണ്ടയിൽ കുമിളകൾ രൂപപ്പെടുന്നതായി അവനു തോന്നി.
പെട്ടെന്നാണ് തിരിച്ചറിവുണ്ടായത്; മൊബൈൽ ഫോൺ ദൈവത്തിന്റെ ഓഹരിയിലും, ലാപ്ടോപ്പ് അവരുടെ ഓഹരിയിലുമാണ്. മൊബൈലും ലാപ്ടോപ്പും പോയാൽ ജീവച്ഛവമായിപോകുമെന്ന പേടി അവനിൽ ഉണർന്നു. വിവിയാൻ അവയിലേക്ക് മാറിമാറി നോക്കി. കണ്ണുകൾ നിറഞ്ഞു. എഴുത്തും വരയും വായനയും സൗഹൃദങ്ങളും ഇടപാടുകളും പ്രണയവും കാമവും എല്ലാം ആ മൊബൈലിലാണ്. ആയിരത്തിൽ പരം പിഡിഎഫ് പുസ്തകങ്ങളുണ്ട് ലാപ്ടോപ്പിൽ. അവർ തന്നെ ശൂന്യതയിലേക്ക് വലിച്ചെറിയുകയാണെന്ന് അവന് തോന്നി.
ദയനീയതയോടെ അവൻ മൂപ്പനെ നോക്കി. അതുവരെ അവനെ ശ്രദ്ധിക്കുകയായിരുന്ന മൂപ്പൻ കണ്ണുകൾ പെട്ടെന്നു പിൻവലിച്ചു.
"ചലാ "- അയാൾ കനത്ത ശബ്ദത്തിൽ കൂട്ടാളികളോട് കല്പിച്ചു.
കണ്ണൊന്ന് അടച്ചു തുറക്കുമ്പോഴേക്കും, അവരുടെ ഓഹരിയും ദൈവത്തിന്റെ ഓഹരിയും വെവ്വേറെ ഭാണ്ഡങ്ങളിലാക്കി വാതിൽകടന്ന് അവർ ഇരുട്ടിലേക്ക്...
ജീവച്ഛവമായി കസേരയിലേക്ക് വീണ വിവിയാൻ റോഡ്രിഗ്സ് അവർ തനിക്കായി ബാക്കിവെച്ച ഓഹരിയിലേക്ക് ഒന്നുകൂടി നോക്കി. ആ കാഴ്ചയിൽ, പെടുന്നനെ ജീവൻ നിറഞ്ഞ് അവന്റെ സിരകളിലൂടെ പതഞ്ഞൊഴുകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ