
പതിവുപോലെ അന്നും ദിയക്ക് ഇഷ്ട്ടപ്പെട്ട കടകളിലും അതിനു ശേഷം ഉച്ചഭക്ഷണത്തിനായി മെക്സിക്കന്‍ റെസ്റ്റ്റന്റായ ‘കുഡോബാ’യിലേക്കും പോകാമെന്നായിരുന്നു ആദ്യം കരുതിയത്.
എന്‍റെ കൂടെ പോരുമ്പോള്‍ മാത്രമാണ് അവള്‍ക്കവിടെ പോകാന്‍ പറ്റുക.
അവളുടെ അമ്മയ്ക്ക് മെക്സിക്കന്‍ ഭക്ഷണമൊന്നും അത്ര ഇഷ്ട്ടമല്ല. അവര്‍ പോകാറുള്ളത് ഇറ്റാലിയന്‍ ഭക്ഷണവും മെഡിറ്ററെനിയന്‍ വിഭവങ്ങളും വിളമ്പുന്ന ‘ഒലിവു ഗാര്‍ഡന്‍’ പോലുള്ള കടകളിലാണ്.
പക്ഷെ ദിയയെ അവളുടെ അമ്മയുടെ വീട്ടില്‍ നിന്നും കൂട്ടുമ്പോള്‍ അവള്‍ പറഞ്ഞത് വേറെയെങ്ങും പോകേണ്ട അപ്പയുടെ വീട്ടില്‍ പോയാല്‍ മതിയെന്നാണ്.
“അപ്പോള്‍ മോള്‍ക്കിന്നു എന്താണ് കഴിക്കാന്‍ വേണ്ടത് ?”
“അപ്പ എന്തെകിലും കുക്ക് ചെയ്താല്‍ മതി. വേറൊന്നും വേണ്ട”
മിക്കവാറും എല്ലാ ആഴ്ചയിലും ഒരുദിവസം ഞങ്ങളൊരുമിച്ചു പുറത്തു പോകുമായിരുന്നു. എന്‍റെ കയ്യില്‍ പിടിച്ചുകൊണ്ട് കടകളില്‍ കയറിയിറങ്ങി ഓരോന്നും നോക്കിയും കണ്ടും നടക്കുന്നതാണ് അവള്‍ക്കിഷ്ട്ടം. ഇടയ്ക്കൊക്കെ എന്‍റെ വീട്ടില്‍ വരണമെന്ന് പറയും. എന്‍റെ വീടെന്നു പറയുന്നത് ഞാനും സുഹൃത്തായ ഹമീദ് ചൌധരിയും കൂടി പങ്കിടുന്ന ചെറിയൊരു അപ്പാര്‍ട്ട്മെന്റാണ്. വീട്ടില്‍ വന്നാല്‍ അവള്‍ക്കു വേറൊന്നും ചെയ്യേണ്ട കുറച്ചുനേരം അവിടെയുള്ള എന്‍റെ സാധനങ്ങളിലും വസ്ത്രങ്ങളിലും തൊട്ടും തലോടിയും നടക്കും. ഞാനും അവളും ചേര്‍ന്നിരിക്കുന്ന ഫോട്ടോകള്‍ കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കും. ഇരുളുന്നതിനു മുന്‍പായി അവളുടെ അമ്മയുടെ വീട്ടില്‍ കൊണ്ടുചെന്നാക്കണം. അതുവരെ വാള്‍മാര്‍ട്ടിലോ ഡോളര്‍കടയിലോ ചുറ്റിത്തിരിഞ്ഞു നടക്കുമായിരുന്നു.
വണ്ടി ഓടിക്കുന്നതിനിടയില്‍ നാട്ടില്‍ നിന്നും അമ്മയുടെ ഫോണ്‍ വന്നു.
“മോനെ നീ അവിടെ നിന്നും പോന്നില്ലെങ്കില്‍ നിന്നെ അറസ്റ്റു ചെയ്യുമോ? അങ്ങിനെയൊക്കെയാണല്ലോ ഇവിടെ പറഞ്ഞുകേള്‍ക്കുന്നത്?”
അമ്മയുടെ സ്വരത്തില്‍ ആശങ്ക നിറഞ്ഞു നിന്നിരുന്നു
“ഇല്ലമ്മേ അങ്ങനെയൊന്നും ഉണ്ടാവില്ല. ഞാൻ തിരികെ പോകുന്നുവെന്ന് അവരോടു പറഞ്ഞിട്ടുണ്ട്. അതിനുള്ള കടലാസ് കിട്ടാന്‍ അപേക്ഷ കൊടുത്തിട്ടുണ്ട്.”
“അല്ല മോനെ നിന്‍റെ മോള്‍ അവിടെ ജനിച്ചതല്ലേ, അതുകൊണ്ട് അവൾക്ക് അവളുടെ അപ്പനെ അവിടെ വേണമെന്നു പറഞ്ഞാല്‍ പോരെ?”
“അമ്മേ, അവൾ ചെറിയ കുട്ടിയല്ലേ, അവർക്ക് 18 വയസ്സ് കഴിഞ്ഞു സ്വന്തമായി വരുമാനമൊക്കെ ഉണ്ടാകുമ്പോള്‍ അവൾക്കെന്നെ തിരിച്ചുകൊണ്ടുപോകാം. അതൊന്നും ഇപ്പോൾ നടക്കുന്ന കാര്യമല്ല”
“സാരമില്ല മോനെ നീ ഇങ്ങോട്ട് പോര് ബാക്കിയെല്ലാം നമുക്ക് പിന്നെ ആലോചിക്കാം”
ഫോണ്‍ വച്ചു കഴിഞ്ഞപ്പോള്‍ ദിയ എന്‍റെ നേര്‍ക്ക് നോക്കി.
“അപ്പ, അപ്പയിനി തിരിച്ചു വരില്ലേ. അപ്പയെ ഇനി എനിക്കു കാണാന്‍ പറ്റില്ലേ ?”
“അതിനിപ്പെയെന്നാ, മോള്‍ക്ക് എപ്പോള്‍ വേണമെങ്കിലും നാട്ടില്‍ വരാല്ലോ.
അവിടെ വന്നു അപ്പയുടെ കൂടെ ഇഷ്ടംപോലെ താമസിക്കാം വേണമെങ്കില്‍ അവിടെ കോളജിൽ പഠിക്കുകയും ചെയ്യാം”
അതുകേട്ടപ്പോള്‍ അവള്‍ക്കു സന്തോഷമായി.
വൈകുന്നേരം ദിയയുമായി റസ്റ്റോറന്റിൽ പോയി. അവിടെ നിന്നും ഇറങ്ങിയപ്പോൾ സന്ധ്യയായി. അപ്പോഴേക്കും അവളുടെ അമ്മയുടെ വിളിവന്നു. അവളെ അമ്മയുടെ വീടിൻറെ ഡ്രൈവ് വേയില്‍ ഇറക്കി.
“ഗുഡ് നൈറ്റ് അപ്പ”
“ഗുഡ് നൈറ്റ് മോളെ”
അവള്‍ വീടിനകത്തേക്ക് കയറിപ്പോയി.
മിസ്റ്റർ. നിക്ക് വീട്ടുവാതുക്കൽ നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം കൈവീശി ‘ഗുഡ് നൈറ്റ്’ പറഞ്ഞു.
പതിനഞ്ചു വർഷങ്ങള്‍ക്കുമുമ്പ് ഒരു സന്ധ്യാസമയത്ത് ആ വീടിന്‍റെ വാതില്‍ക്കല്‍ ആദ്യമായി ചെന്നിറങ്ങിയപ്പോള്‍ ഞാൻ ഒറ്റയ്ക്കായിരുന്നില്ല. ദീപയും അവളുടെ നാലു വയസ്സുള്ള മകൻ സിദ്ധാര്‍ത്ഥും കൂടെയുണ്ടായിരുന്നു.
തുടക്കത്തിലേ കല്ലുകടികളുമുണ്ടായിരുന്നു. രണ്ടു ജീവിതസാഹചര്യങ്ങളിൽ വളർന്നുവന്നവർ, കുറച്ചുകാലം കഴിയുമ്പോള്‍ അമേരിക്കൻ ജീവിതം എനിക്കും കൂടി പരിചിതമാകുമ്പോൾ എല്ലാം ശരിയാകുമെന്നുകരുതി. അമേരിക്കയിലെത്തി ഒരു വർഷത്തിനകം ദിയ ജനിച്ചു. പിന്നീട് അവളെ വളര്‍ത്തലും വീട്ടുകാര്യങ്ങള്‍ നോക്കലുമായിരുന്നു എൻറെ ജോലി. അങ്ങിനെ രണ്ടുവർഷം വലിയ കുഴപ്പങ്ങളില്ലാതെ കഴിഞ്ഞുപോയി.
തമ്മിൽ തീര്‍ത്തും ഒത്തുപോകില്ലന്നു ബോധ്യമായപ്പോള്‍ ദീപ തന്നെയാണ് ഒരു പാകിസ്ഥാൻകാരന്റെ ഗ്യാസ് സ്റ്റേഷനിൽ ജോലി ഏർപ്പാടാക്കി തന്നത്. ചില സുഹൃത്തുക്കളും ദീപയുടെ ചില ബന്ധുക്കളും ഒത്തുതീർപ്പിനായി ശ്രമിച്ചിരുന്നു.
‘അയാളുടെ മാത്രം കുഴപ്പമൊന്നുമല്ല. ഞങ്ങൾതമ്മിൽ ഒത്തു പോകില്ല. പിന്നെന്തിനാ വെറുതെ രണ്ടുപേരും ഒരുമിച്ച് താമസിച്ചു വഴക്ക് കൂടുന്നത്. മോള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ എന്‍റെ കൂടെ നില്‍ക്കട്ടെ പിന്നീടു അവള്‍ക്കു സ്വന്തം കാര്യങ്ങള്‍ തീരുമാനിക്കാം.’
ചോദിച്ചവരോടൊക്കെ ദീപ പറഞ്ഞത് അങ്ങനെയായിരുന്നു.
വേറിട്ടു താമസിച്ചുതുടങ്ങി കുറച്ചുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിവാഹ മോചനത്തിനായി കോടതിയില്‍ ജോയിന്റ് പെറ്റിഷന്‍ കൊടുക്കണമെന്ന് ദീപ ആവശ്യപ്പെട്ടപ്പോള്‍ കൂടുതലായൊന്നും ആലോചിച്ചില്ല അവളുടെ തീരുമാനം ശരിയെന്നു തോന്നി.
പതിയെ എല്ലാത്തിനോടും സമരസപ്പെട്ടു. എന്‍റെ ലോകമെന്നത് ആ ചെറിയ പട്ടണത്തിലെ ഗ്യാസ് സ്റ്റേഷനും അപ്പാര്‍ട്ട്മെന്റിലെ ഇടുങ്ങിയ മുറിയുമായി. മറ്റൊന്നും വേണമെന്നും തോന്നിയില്ല. നാട്ടിലേക്കു തിരികെപോകാന്‍ തോന്നിയില്ല. പോയാല്‍ മകളെ എന്നെന്നേക്കുമായി നഷ്ട്ടപ്പെടുമോന്ന പേടിയായിരുന്നു.
കൂടെ താമസിക്കുന്ന ഹമീദ് ചൌധരിക്കു അമേരിക്കയില്‍ തങ്ങാനുള്ള രേഖകള്‍ ഒന്നുമില്ല. സന്ദര്‍ശന വിസയില്‍ വന്നുകൂടിയിട്ടു ഏറെക്കാലമായി. കുറച്ചു കഴിയുമ്പോള്‍ തിരികെ നാട്ടിലേക്ക് പോകണമെന്ന് എന്നോടു പറയാന്‍ തുടങ്ങിയിട്ടുതന്നെ പന്ത്രണ്ടു കൊല്ലങ്ങളായി. പെഷവാറില്‍ വീടും തോട്ടവും ഒക്കെ വാങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത് പക്ഷെ ഇതുവരെ അതൊന്നും പോയി കണ്ടിട്ടില്ല. പോയാല്‍ തിരികെ വരാന്‍ പറ്റില്ല. അതുകൊണ്ടുതന്നെയാണ് യാത്ര നീണ്ടുപോകുന്നത്
“ ഭായി നിങ്ങള്‍ ചെറുപ്പമല്ലേ. ഒരു വിവാഹം കഴിച്ചു ജീവിച്ചുകൂടെ?
ഇടയ്ക്കിടെ ചൌധരി ചോദിക്കും
“ ഭായി എനിക്കൊരു മകളുണ്ട്. അതുമതി. ഇനിവേറെയാരും വേണ്ട”
“അതിനെന്താണ്. മകള്‍ വലുതാകുമ്പോള്‍ അവളുടെ വഴിക്കു വിടണ്ടേ? അവസാനം ഭായി ഒറ്റയ്ക്കാവും ഓര്‍ത്തോ”
ചൌധരി ഇടയ്ക്കിടെ ഓര്‍മിപ്പിക്കും.
രണ്ടുമാസം മുന്‍പ് ചൌധരി തിരിച്ചുപോയി.
“ഇവിടെ കാര്യങ്ങള്‍ കുഴപ്പത്തിലാകുന്ന മട്ടാണ് ഭായി, തന്നെയുമല്ല പ്രായമേറിയും വരുന്നു”
തിരികെ പോകാനുള്ള തീരുമാനം ചൌധരി അറിയിച്ചു.
വാഷിംഗ്‌ടണ്‍ ഡിസിയിലെ ഡാളസ് എയര്‍പോര്‍ട്ടില്‍ വച്ചു പിരിയുമ്പോള്‍ ചൌധരി വീണ്ടും ഓര്‍മ്മിപ്പിച്ചു.
“ഭായി ഇനിയും ഒറ്റയ്ക്ക് വേണ്ട. ഒരു തുണയൊക്കെ ആവാം. ”
ബോര്‍ഡിംഗ് പാസ് വാങ്ങുന്നയിടംവരെ ഞാനുമുണ്ടായിരുന്നു കൂടെ. രണ്ടു വലിയ പെട്ടിനിറയെ സാധനങ്ങുമായിട്ടാണ് യാത്ര. ഒരുപിടിയാളുകള്‍ അയാളുടെ വരവും കാത്തിരിക്കുന്നുണ്ടാവാം. കയ്യിലെ ബോര്‍ഡിംഗ് പാസ്സില്‍ നോക്കി എന്തോ ആലോചനയില്‍ മുഴുകിനിന്ന ചൌധരി എന്‍റെ മുഖത്തേക്കു കുറച്ചുനേരം നോക്കിനിന്നു. അയാളുടെ ചുണ്ടുകള്‍ വിതുമ്പുന്നത് കണ്ടു. ചൌധരി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. എനിക്കും കണ്ണുനീര്‍ അടക്കാനായില്ല കുറച്ചുനേരം ഞങ്ങള്‍ കരഞ്ഞു. മറ്റുയാത്രക്കാരില്‍ ചിലര്‍ ഞങ്ങളെ ശ്രദ്ധിച്ചു. പന്ത്രണ്ടുവര്‍ഷങ്ങള്‍ ഒരേമേല്‍ക്കൂരയുടെ കീഴിലായിരുന്നു ഞങ്ങള്‍. പരമ്പരാഗത വൈരികളായ രണ്ടു നാട്ടുകാര്‍ പരസ്പരം സ്നേഹിച്ചും സഹായിച്ചും സങ്കടങ്ങള്‍ പറഞ്ഞും ഇത്രയുംകാലം ജീവിച്ചു. ഒരിക്കലും പാകിസ്ഥാനില്‍ പോയി ചൌധരിയെ കാണാനോ അയാള്‍ക്ക് എന്നെവന്നു കാണുവാനോ കഴിയുകയില്ല. ഇവിടം വിടുന്നതോടെ ഞങ്ങള്‍ക്കിടയില്‍ പരമ്പരാഗതമായി സൂക്ഷിക്കേണ്ട വൈരത്തിന്റെ മതില്‍ വീണ്ടും ഉയര്‍ന്നുപൊങ്ങും. ഞാനും ചൌധരിയും തമ്മില്‍ ശത്രുക്കളായേ മതിയാകൂ, അതാണ് ഞങ്ങള്‍ രണ്ടുപേരുടെയും ദേശസ്നേഹത്തിന്റെ അളവുകോലും
എന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കേണ്ട കാലമായിരുന്നു. അതിനായി ചെന്നപ്പോഴാണ് കഴിഞ്ഞ പതിനഞ്ചുവര്‍ഷക്കാലമായി ജോലിചെയ്തും നികുതിയൊടുക്കിയും ജീവിച്ചുവരുന്ന നാട്ടിലെ അനധികൃത താമസക്കാരനാണ് ഞാനെന്ന കാര്യമറിഞ്ഞത്. എന്‍റെ പക്കല്‍ താമസത്തിനുള്ള മതിയായ രേഖകള്‍ ഒന്നും തന്നെയില്ല. എന്‍റെ ഗ്രീന്‍കാര്‍ഡു വര്‍ഷങ്ങള്‍ക്കു മുമ്പേ റദ്ദുചെയ്തു പോയിരുന്നു പോലും.
ഇനിയെന്തു ചെയ്യണമെന്നറിയാതെയിരിക്കെയാണ് ഫോണില്‍ നോക്കിയത്. അമൃതസര്‍ വിമാനത്താവളത്തില്‍ അമേരിക്കന്‍ സേനയുടെ വിമാനം ഇറങ്ങിയതിന്റെ വാര്‍ത്തകളും കുടിയേറ്റക്കാരെ കൊടുംകുറ്റവാളികളെപ്പോലെ ചങ്ങലയ്ക്കിട്ടു നാട് കടത്തിയതിലുമുള്ള പ്രതിഷേധവുമാണ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ഇന്ത്യക്കാര്‍ കൂടുതലായി ജോലി ചെയ്യുന്ന ഗ്യാസ് സ്റ്റേഷനുകളിലും ഭക്ഷണ ശാലകളിലും ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിന്റെ വാര്‍ത്തകളും വന്നുകൊണ്ടിരിക്കുന്നു. എന്‍റെ ജോലിസ്ഥലവും ഒട്ടും സുരക്ഷിതമല്ല. എപ്പോള്‍ വേണമെങ്കിലും ഞാനും പിടിയിലാകാം.
ഞാന്‍ അനധികൃതമായി വന്നതല്ല. എന്‍റെ ഗ്രീന്‍കാര്‍ഡു എന്‍റെതന്നെ നോട്ടപ്പിശക് മൂലം റദ്ദുചെയ്തു പോയതാണ്. ഇനി അതിനുള്ള പ്രതിവിധികള്‍ വല്ലതുമുണ്ടോന്നു നോക്കണം
‘മൂര്‍ത്തി ലോ ഫേം’ എന്ന പ്രശസ്തമായ ഇമ്മിഗ്രേഷന്‍ നിയമകാര്യ സ്ഥാപനത്തില്‍ വിളിച്ചുനോക്കി. ഭാഗ്യവശാല്‍ പിറ്റേദിവസത്തേക്കുതന്നെ അപ്പോയിന്റ്മെന്‍റ്റ് ലഭിച്ചു. തമിഴ്നാട്ടുകാരിയ ഷീലാ മൂര്‍ത്തി എന്ന അറ്റോര്‍ണിയുടെതാണ് സ്ഥാപനം.
പിറ്റേന്ന് അറ്റോര്‍ണി ഓഫീസില്‍ എത്തി. ഷാ എന്നുപേരായ ഒരാളായിരുന്നു എന്‍റെ കാര്യങ്ങള്‍ നോക്കാന്‍ ചുമതലപ്പെട്ടത്. എന്‍റെ കൈവശമുള്ള രേഖകള്‍ കാണിച്ചു. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് കാലഹരണപ്പെട്ട് പോയ ഗ്രീന്‍ കാര്‍ഡ് സര്‍ക്കാര്‍ രേഖകളില്‍ നിന്നുപോലും നീക്കംചെയ്തിരുന്നു. എന്നെ സംബന്ധിക്കുന്ന യാതൊരുവിധ രേഖകളും നിലവില്‍ ഇമിഗ്രേഷന്‍ വകുപ്പിലില്ല. നിയമത്തിന്‍റെ മുന്‍പില്‍ ഞാന്‍ രേഖയില്ലാത്ത അനധികൃത കുടിയേറ്റക്കാരന്‍മാത്രം.
സമയമെടുക്കുമെങ്കിലും വീണ്ടും അപേക്ഷ കൊടുക്കാമെന്നു അറ്റോര്‍ണി പറഞ്ഞതോടെ ഒരാശ്വാസമായി. പക്ഷെ അതുവെറും നൈമിഷികമായിരുന്നു. എന്‍റെ രേഖകള്‍ പ്രകാരം ‘ദമ്പതി വിസയില്‍’ വന്നിട്ട് മൂന്നുവര്‍ഷത്തിനിടയില്‍ ഞങ്ങള്‍ തമ്മിലുള്ള വിവാഹമോചനം പരസ്പരസമ്മതപ്രകാരം നടന്നതുകൊണ്ട് എന്‍റെ അപേക്ഷ തള്ളിപ്പോകാനാണ് സാധ്യത.
മറ്റൊരു പോംവഴിയുള്ളത് നാട് കടത്തിയാല്‍ അപരിഹാര്യമായ കഷ്ടപ്പാടുണ്ടാകും എന്ന വകുപ്പാണ് എന്നൊക്കെ പറഞ്ഞു ഹര്‍ ജികൊടുത്തു നോക്കാം. അതൊക്കെ സമയം വാങ്ങിക്കാനുള്ള ഉപായങ്ങളാണ്. വലിയ ഗുണമൊന്നും ഉണ്ടാകില്ല. പക്ഷെ അതിനൊക്കെ നല്ല പണച്ചെലവും വരും.
മറ്റെന്തു വഴി ?
“താങ്കള്‍ക്കൊരു അമേരിക്കന്‍ പൌരനെ വിവാഹം കഴിക്കാന്‍ സാധിച്ചാല്‍ നമുക്കെല്ലാം ശരിയാക്കാം”
അതായിരുന്നു അറ്റോര്‍ണിയുടെ പ്രായോഗികമായ ഉപദേശം.
ചൌധരി ഭായിയും പല പ്രാവശ്യം പറഞ്ഞിരുന്നതാണ് ഒരു വിവാഹം കഴിക്കാന്‍.
ഒരുപക്ഷെ അങ്ങനെ നടന്നിരുന്നെങ്കില്‍ ഇന്നിങ്ങനെ ഒരു അവസ്ഥയില്‍ എത്തില്ലായിരുന്നു.
ഇത്രയുംകാലം നാട്ടില്‍ പോകുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലായിരുന്നു. ഒരു പ്രാവശ്യമെങ്കിലും വന്നു പോകാന്‍ അമ്മ കരഞ്ഞു പറഞ്ഞതാണ് .
മരിക്കുന്നതിനു മുന്‍പ് നിന്‍റെ മോളെ എനിക്കൊന്നു കാണണമെന്നു അമ്മ പലപ്രാവശ്യം പറഞ്ഞതാണ്. അമ്മയെ കാണാന്‍ പറ്റാത്തത്തോര്‍ത്തു ഞാനും സങ്കടപ്പെടുമായിരുന്നു. എങ്കിലും തിരികെ നാട്ടില്‍ ചെല്ലുന്നതും എല്ലാവരെയും അഭിമുഖീകരിക്കുന്നതും ഓര്‍ക്കുമ്പോള്‍ നാട്ടില്‍ പോകാനുള്ള ആഗ്രഹം അവസാനിക്കും. ആളുകള്‍ കളിയാക്കുമെന്ന ഭയമായിരുന്നു.
ഇരുപത്തഞ്ചു വയസോടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ജോലി അന്വേഷിച്ചു കുറച്ചുകാലം നടന്നു. വീട്ടുപറമ്പിലെ ചെറിയ പണികളൊക്കെ നോക്കി. അങ്ങനെ ദിവസങ്ങള്‍ തളളിനീക്കി. ഇതിനിടയില്‍ പ്രായം മുപ്പത്തിയഞ്ചായി. ജോലി, വിവാഹം എന്നിങ്ങനെയൊക്കെയുള്ള സ്വപ്‌നങ്ങള്‍ അവസാനിച്ചു നില്‍ക്കുമ്പോഴാണ് ദീപയുമായുള്ള ആലോചന വന്നത്. പ്രതീക്ഷകള്‍ അവസാനിച്ചു നില്‍ക്കുമ്പോള്‍ രക്ഷപ്പെടാനുള്ള വരവുമായി ഒരു ദേവത എത്തിയിരിക്കുന്നതായിട്ടാണ് അപ്പോള്‍ തോന്നിയത്. വിവാഹിതയാകാതെ, ഒരു കുട്ടിയുള്ള അമ്മയാണ് ദീപയെന്നു കേട്ടപ്പോള്‍ പലരും പലതും പറഞ്ഞു കളിയാക്കി. അവര്‍ക്കു പറഞ്ഞു ചിരിക്കാനായി അവര്‍ പലകഥകളും മെനഞ്ഞിരുന്നു.
ഈ ആളുകളുടെ ഇടയിലേക്ക് തിരികെപ്പോവുക ആളുകളുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കുക എന്നതൊന്നും ചിന്തിക്കാന്‍ കഴിഞ്ഞില്ല.
ഇനി അതൊക്കെ ചിന്തിച്ചിട്ടെന്തു കാര്യം. വീണ്ടുമൊരു വിവാഹം കഴിക്കാന്‍ ഭയമായിരുന്നു. എന്‍റേത് ഇപ്പോഴും നാടന്‍ രീതിയാണ്. സ്ത്രീകളുടെ മനോഗതം മനസ്സിലാക്കാന്‍ തനിക്കാവില്ല. എനിക്കെന്തോ കുറവുണ്ടെന്ന വിചാരം എടുത്തു മാറ്റാനാവുന്നില്ല. മറ്റൊരു വിവാഹം കഴിച്ചാല്‍ മകളെ നഷ്ട്ടമാകുമോന്ന ഭയം, അവളെ ഇപ്പോള്‍ സ്നേഹിക്കുന്നതുപോലെ സ്നേഹിക്കാന്‍ ആവാതാകുമോ, അവള്‍ തന്നില്‍ നിന്നും അകലുമോ?
ഭയങ്ങള്‍ പിന്നോട്ടടിച്ചു. എന്‍റെയീ ഭയം ഇല്ലാതിരുന്നെങ്കില്‍ ഒരുപക്ഷെ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. ഞാന്‍ എന്നെത്തന്നെ സ്നേഹിക്കാന്‍ മറന്നുപോയി. ജോലി, അപ്പാര്‍ട്ട്മെന്റ്, ആഴ്ചയില്‍ ഒരിക്കല്‍ ദിയയുമായി കുറച്ചുനേരം. കഴിഞ്ഞപോയ കാലങ്ങള്‍ മുഴുവന്‍ ഇതായിരുന്നു ജീവിതം.
ഒരു പക്ഷെ എന്നെ അന്വേഷിച്ചൊരാളും വരില്ലായിരിക്കും. പക്ഷെ ഓരോ നിമിഷവും ഇവിടെ ആവശ്യമില്ലാത്ത ഒരാളെന്ന നിലയില്‍ കഴിയേണ്ടിവരുന്നതു ചിന്തിക്കാനാവില്ല.
“ഹലോ എന്തെടുക്കുന്നു?”
ഗ്യാസ് സ്റ്റേഷനിലെ പാര്‍ക്കിങ്ങില്‍ പുറത്ത് നിര്‍ത്തിയ കാറില്‍ നിന്നും മിസ്റ്റര്‍ നിക്ക് ഇറങ്ങിവന്നു. പിന്നിലെ വാതില്‍ തുറന്നു ദിയ ഇറങ്ങി വന്നു.
“ഹലോ മിസ്റ്റര്‍. നിക്ക്. എന്താണ് ഈ വഴിക്കു?”
“ഞങ്ങള്‍ ഈ വഴിക്കു വന്നപ്പോള്‍ ദിയക്ക് അപ്പയെ കാണണമെന്നു പറയുന്നു. അപ്പോള്‍ ആളിവിടെ ഉണ്ടോയെന്നു നോക്കാമെന്ന് കരുതി”
“ അപ്പ, എനിക്കു മുഴുവനും എ പ്ലസ് കിട്ടി”
സ്കൂളില്‍ നിന്നും കിട്ടിയ റിപ്പോര്‍ട്ട് നീട്ടികൊണ്ട് അതീവ സന്തോഷത്തോടെ അവള്‍ പറഞ്ഞു.
റിപ്പോര്‍ട്ട് കാര്‍ഡു എന്നെ കാണിക്കുവാനാണ് അവളപ്പോള്‍ വന്നതെന്ന് എനിക്കറിയാം
“ വൌ, കണ്ഗ്രാജുലെഷന്‍ സ്വീറ്റി ”
“താങ്ക്യൂ അപ്പ”
ഒരു ചെറിയ സോഡയും ചെറിയ പാക്കെറ്റ് ചിപ്സും അവള്‍ക്കു പതിവുള്ളതാണ്. അതെടുത്ത് കൊടുക്കുമ്പോള്‍, ഇനി എത്രദിവസം അവളെ കാണാനാവും എന്ന വിചാരമെന്നയുലച്ചു. കണ്ണുകള്‍ നിറയുന്നതു അവള്‍ കാണാതിരിക്കാന്‍ ശ്രമിച്ചു.
യാത്ര പറഞ്ഞിറങ്ങിയ അവര്‍ കാറില്‍ കയറാന്‍ വാതില്‍ തുറക്കവേ പുറകെ ചെന്നു ഞാന്‍ വിളിച്ചു,
“ മിസ്റ്റര്‍. നിക്ക് ഒരു നിമിഷം ഇങ്ങു വരാമോ?”
എന്താണ് കാര്യമെന്നറിയാന്‍ വന്ന അയാളോട് പറഞ്ഞു.
“ഞാന്‍ ഇവിടെനിന്നും പോവുകയാണ്. പോകുന്നതിനു മുന്‍പായി ഒരു ദിവസം മുഴുവനായും ദിയയെ എന്‍റെ കൂടെ വിടണമെന്നു ദീപയോടു പറയണം. വേറെയെങ്ങും പോകുന്നില്ല എന്‍റെ അപ്പാര്‍ട്ട്മെന്റില്‍ ഒരു ദിവസം ഞങ്ങള്‍ക്കായി…”
അയാള്‍ എന്‍റെ കയ്യില്‍ ബലമായി പിടിച്ചമര്‍ത്തി. പിന്നെ തിരിച്ചുപോയി കാറില്‍ കയറി.
§§§
ഇനി ഒരു രാത്രികൂടി മാത്രം. കൂട്ടിയും കിഴിച്ചും നോക്കി നഷ്ടങ്ങള്‍ കണക്കാക്കിയില്ല. ഇതാണ് ജീവിതം. ഇതാണ് സത്യവും.
രാവിലെ തന്നെ ദിയയെ കൂട്ടാന്‍ പോയി. അവളെയും കൂട്ടി ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ പോകാമെന്നാണ് കരുതിയിരുന്നത്. ഞാന്‍ ചെല്ലുന്നതും കാത്ത് മിസ്റ്റര്‍. നിക്ക് വീടിന്‍റെ വാതില്‍ക്കല്‍ തന്നെയുണ്ടായിരുന്നു. അയാളെന്നെ വീടിന്‍റെ അകത്തേക്ക് ക്ഷണിച്ചു. ദീപ മേശയില്‍ ഭക്ഷണം എടുത്തു വയ്ക്കുന്നുണ്ടായിരുന്നു.
ഞങ്ങള്‍ക്കിടയില്‍ യാതൊന്നും സംഭവിച്ചില്ലായെന്ന മട്ടില്‍ ദീപ എന്നെനോക്കി ചിരിച്ചു.
മിസ്റ്റര്‍. നിക്ക് കുട്ടികളെ ഭക്ഷണം കഴിക്കാന്‍ വിളിക്കാനായി മുകളിലത്തെ നിലയിലേക്ക് പോയി.
ഞാന്‍ ഇരുന്നിരുന്ന സോഫയുടെ അരികില്‍ ദീപ വന്നിരുന്നു. എനിക്കു വല്ലാത്ത അസ്വസ്ഥത തോന്നി.
“പോവുകയാണല്ലേ”?
“അതേ”
കൂടുതലായൊന്നു പറയാനില്ലാതെ സോഫയില്‍ വെറുതെ കൈയ്യോടിച്ചുകൊണ്ടു അവളുമിരുന്നു.
“ഐയാം സോറി”
“ഏയ്, അതൊന്നും സാരമില്ല..”
പറയുമ്പോള്‍ തൊണ്ടയിടറിയത് അവള്‍ക്കും മനസ്സിലായി കാണണം.
മിസ്റ്റര്‍. നിക്കും കുട്ടികളും പടികള്‍ ഇറങ്ങി വരുന്ന ശബ്ദംകേട്ടു. ദീപ എഴുന്നേറ്റു തീന്മേശയുടെ അടുക്കലേക്കു നടന്നു.
ഭക്ഷണം കഴിക്കുന്നതിനിടയില്‍ മിസ്റ്റര്‍. നിക്ക് എന്‍റെ യാത്രയെക്കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു. ഞാന്‍ ഭക്ഷണം കഴിച്ചുവെന്നു വരുത്തി. എത്രയും പെട്ടന്നു അവിടെനിന്നും പുറത്തിറങ്ങണമെന്ന വിചാരമായിരുന്നു എനിക്കുണ്ടായിരുന്നത്.
അവിടെയിരിക്കുമ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം കൂട്ടിമുട്ടാതിരിക്കാന്‍ ദീപയും ഞാനും ശ്രദ്ധിച്ചിരുന്നു.
ദിയയെയും കൂട്ടി പുറത്തിറങ്ങി കാറില്‍ കയറി. ഡ്രൈവേ കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ വാതില്‍ക്കല്‍ മിസ്റ്റര്‍. നിക്കിനെ മാത്രം കണ്ടു.
“മോള്‍ക്ക് ഇന്നെവിടേക്കാണ് പോകേണ്ടത്? നമുക്ക് റിസര്‍വോയറില്‍ നീന്താന്‍ വരുന്ന താറാവുകളെ കാണാന്‍ പോയാലോ, ഇപ്പോള്‍ കുറെ കുഞ്ഞു താറാവുകളും അവിടെയുണ്ട് ?”
“വേണ്ട. നമുക്ക് അപ്പയുടെ വീട്ടില്‍ പോകാം. എനിക്കപ്പയെ മാത്രം കണ്ടാല്‍ മതി”
വീട്ടില്‍ എത്തിയപ്പോഴേക്കും അമ്മയുടെ ഫോണ്‍വിളി വന്നു.
ദിയയുമായി സംസാരിക്കാനായിരുന്നു അമ്മ വിളിച്ചത്
“മോളെ അമ്മച്ചി മരിക്കുന്നതിനു മുന്‍പ് ഒന്നു കാണാന്‍ ഭാഗ്യമുണ്ടാകുമോ?”
അമ്മ കരയാന്‍ തുടങ്ങി.
“കരയാതെ അമ്മച്ചി, ഞാന്‍ അമ്മച്ചിയെ കാണാന്‍ വരും.”
ദിയയുടെ കണ്ണുകളും നിറഞ്ഞു. അവളുടെ കണ്ണുനിറഞ്ഞപ്പോള്‍ എന്‍റെ കണ്ണുുകളും മനസ്സും ഒരുപോലെ നിറഞ്ഞു.
“അപ്പക്കു ഞാന്‍ ഒരു സാധനം കൊണ്ടുവന്നിട്ടുണ്ട്”
ഫോണ്‍വിളി കഴിഞ്ഞപ്പോള്‍ ബാഗു തുറന്നുകൊണ്ട് അവള്‍ പറഞ്ഞു.
ഒരു കട്ടിപേപ്പറില്‍ ‘ഐ ലവ് യു അപ്പ’ എന്നെഴുതിയതിനു കീഴെ എന്‍റെ ഫോട്ടോ ഒട്ടിച്ചുവച്ചിട്ട് അതിനു ചുറ്റും തിളങ്ങുന്ന പേപ്പറുകള്‍ ഒട്ടിച്ചും പൂക്കളുടെ പടങ്ങള്‍വരച്ചും മനോഹരമാക്കിയിരുന്നു.
അതുകണ്ടപ്പോള്‍ ഈ രാത്രിക്കൊടുവില്‍ അവളെ എങ്ങനെ പിരിയുമെന്നോര്‍ത്തു ഞാന്‍ വിമ്മിട്ടപ്പെട്ടു. അവള്‍ പതിവുപോലെ മുറിയില്‍ എന്‍റെ സാധങ്ങള്‍ തിരഞ്ഞു. ഒന്നുരണ്ടു വസ്ത്രങ്ങള്‍ മാത്രമേ അവിടെ കബോര്‍ഡില്‍ ഉണ്ടായിരുന്നുള്ളൂ. കൊണ്ടുപോകുവാനുള്ള സാധങ്ങള്‍ ഒരു പെട്ടിയില്‍ ഒതുക്കിവച്ചിരുന്നു. കുറച്ചു സാധങ്ങള്‍ കൊണ്ടുപോയി കളയാനായി ഒരു ബാഗില്‍ വച്ചിരുന്നു. അവള്‍ അതെല്ലാം എടുത്തു നോക്കി തിരിച്ചു വച്ചു.
“ അപ്പയ്ക്ക് ഒരു പെട്ടി മാത്രമുള്ളോ കൊണ്ടുപോകാന്‍”
പെട്ടിതുറന്നു അതിലൂടെ വിരല്‍ ഓടിച്ചുകൊണ്ട് അവള്‍ ചോദിച്ചു.
വേറെന്തുകൊണ്ടുപോകാന്‍? ഓര്‍മ്മകള്‍ പൊതിഞ്ഞുകെട്ടിപ്പോകുന്നതിനു ബാഗിന്‍റെ ആവശ്യമില്ലല്ലോ.
അന്നു രാത്രി വളരെവേഗത്തില്‍ വന്നു. അപ്പാര്‍ട്ട്മെന്റ് ബാല്‍ക്കണിയില്‍ രാത്രിയില്‍ കുറെനേരം ഞങ്ങളിരുന്നു വര്‍ത്താനം പറഞ്ഞു. ദൂരെയുള്ള റിസര്‍വോയറിലെ ജലം നിലാവില്‍ തിളങ്ങുന്നതു കാണാം.
“ അപ്പ, എനിക്ക് ഉറക്കം വരുന്നു”
അവള്‍ക്കായി വാങ്ങി വച്ചിരുന്ന പൂച്ചകളുടെ പടമുള്ള പതുപതുത്ത ഷീറ്റ് കിടക്കയില്‍ വിരിച്ചുകൊടുത്തു. കിടന്നപാടെ അവള്‍ ഉറങ്ങി. കിടക്കയുടെ അരികില്‍ അവളെയും ഉറ്റുനോക്കി കുറച്ചുനേരമിരുന്നു.
വിളക്കണച്ചു. അവളുടെ ഉറക്കത്തിനു ഭംഗം വരാതെ, ശബ്ദമുണ്ടാക്കാതെ ബാല്‍ക്കണിയുടെ വാതില്‍തുറന്നു അവിടെ പോയിനിന്നു. നിറഞ്ഞുനില്‍കുന്ന റിസര്‍വോയറിലെ ജലത്തിനുമീതെ മഞ്ഞിന്‍റെ ആവരണം പുതയുന്നതു കാണാമായിരുന്നു. അപ്പാര്‍ട്ട്മെന്റിനെ വലയം ചെയ്തു പോകുന്ന റോഡിലെ വിളക്ക് മരങ്ങളില്‍ കുടപോലെ വെളുത്ത മൂടല്‍മഞ്ഞ് പുതച്ചുനിന്നു, ആ മഞ്ഞിന്‍റെ തണുപ്പ് എന്‍റെ ഉള്ളിലേക്ക് അരിച്ചിറങ്ങുന്നതു ഞാനറിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates