
അവൾ,
ഒറ്റയ്ക്ക്
ഒരു മരത്തിൽ
ഒരാണിയിൽ
തറഞ്ഞു കിടന്നു.
നിലത്തിറങ്ങാൻ
കൊതിയോടെ
കാലനക്കി
ഒച്ചകൂട്ടി;
കണ്ടതായി
ആരും
ഭാവിച്ചില്ല.
അവളും
മുഖം തിരിഞ്ഞ്
ചോര പൊടിഞ്ഞ്
മിണ്ടാതെ
ഇമ വെട്ടാതെ.
നിലത്തു മുട്ടാത്ത
കാലുകൾ
വീർപ്പു മുട്ടി
ചീർത്തു.
നീണ്ടു വളർന്ന
കനം തൂങ്ങി
വളഞ്ഞു.
ഇല കൊഴിയു-
ന്നതവൾ കേട്ടു.
ഇമയനങ്ങു-
ന്നതവളറിഞ്ഞു.
വേണ്ടാത്ത കേഴ്‌വിയും
അരുതായറിവുകളും;
അവൾക്ക്
ഉറക്കം ചത്തു.
തുരുമ്പ് തിന്ന്
ആണി ദ്രവിച്ച്
അവളുടെ
ചോര
കൊഴുത്തു ചുവന്നു.
തുറന്നു വച്ചൊരു
പെട്ടിയിൽ
അടക്കപ്പെടാൻ
അവൾ
കൊതിച്ചു.
ദുരന്തമായും
പ്രഹസനമായും
മിത്തായും
മഠയത്തമായും
അവൾ.
നാടകമായും
സിനിമയായും
കഥയായും
അവൾക്ക്
മടുത്തു.
ആൺ കവിതകൾ
ഒച്ചയില്ലാതെ
അഴിഞ്ഞുലഞ്ഞി-
ഴഞ്ഞൊഴുകുന്ന
വഴിയിൽ
ഒരു ചോദ്യം
കാത്തുവച്ചവള്‍;
ഒറ്റയ്ക്ക്
ഒരു മരത്തിൽ
ഒരാണിയിൽ
അനേകരാവുകൾ
തറഞ്ഞുറഞ്ഞു
കിടന്നു.
Malayalam Poem, Poetry, literature
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates