
കാണാപ്പുറത്തിനുമപ്പുറം ഇരുണ്ട ഭൂമി,
ചാഞ്ഞുപോയ ഒറ്റമരത്തിന്റെ അവസാന ഇലയുടെ ഞരക്കം,
ഒഴിഞ്ഞ കിളിക്കൂടില്‍ ഉറുമ്പിന്‍കൊട്ടാരം,
പകലടര്‍ന്ന് വീണ സന്ധ്യ ഇരുട്ടിനെ പേടിക്കുന്നു.
നനഞ്ഞൊട്ടിയ വാക്കുകളുടെ തണുപ്പ്,
ഓര്‍മ്മകളുടെ പുതപ്പില്‍ ചുരുണ്ടുകൂടുന്ന ചങ്കിന്റെ നേരിയ താളം,
വേദന ചുരത്തുന്ന മുറിവുകളുടെ കുത്തിവരകള്‍,
ചിന്തകളുടെ പടിവാതിലിനപ്പുറത്ത് ഓടിക്കയറാന്‍ ശൂന്യത കാത്തുനില്‍ക്കുന്നു.
വായിച്ച കല്ല്യാണി, അറിഞ്ഞ ദാക്ഷായണി,
പുതിയ പേരുകള്‍ തേടുന്ന പുസ്തകത്താളുകള്‍,
ചൊറിഞ്ഞു മാന്തിയ നാക്കിന്‍ത്തുമ്പുകള്‍ തറച്ച പാടുകള്‍,
കിനാവൊഴിഞ്ഞ ഉറക്കം
വായിച്ച വരികളുടെ അര്‍ത്ഥം തേടുന്നു.
പെണ്ണിന് മണ്ണിന്റെ നനവ്,
ഉടലടയാളങ്ങളില്‍ പെണ്‍ഭൂപടങ്ങള്‍,
അടയാളപ്പെടുത്താത്ത കടലുകള്‍,
പെയ്‌തൊഴിയാന്‍ വെമ്പുന്ന ആകാശത്തിന്റെ കറുത്ത കുട,
വേരുറച്ച പെണ്ണത്തത്തെ അറിയാന്‍
ഇനിയുമൊരു ലോകം ജനിക്കണം.
malayalam poem, poetry, literature
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates