
പുറത്തെ വരാന്തയില്‍ എന്തോ വന്നു വീഴുന്നതറിഞ്ഞ്, ഉണര്‍ന്നു കിടന്നിരുന്ന ഫ്രാങ്കോ പിടഞ്ഞെഴുന്നേറ്റു. ഇന്നത്തെ പത്രം തന്റെ മുറിയില്‍ കൊണ്ടുവന്നു തരണമെന്ന് ലോഡ്ജുടമ പാപ്പനോട് അയാള്‍ പറഞ്ഞിരുന്നു. വാതില്‍ തുറന്ന് ഏറെ ആകാംക്ഷയോടെ കയ്യിലെടുത്തെങ്കിലും അരിശത്തോടെ വലിച്ചെറിഞ്ഞു. ആകെ അലങ്കോലമായിക്കിടന്ന മേശപ്പുറത്ത് തലേന്ന് രാത്രി കുറച്ചെങ്കിലും അയാളെ ഉറങ്ങാന്‍ സഹായിച്ച ഒഴിഞ്ഞ മദ്യക്കുപ്പി നില തെറ്റി താഴേക്ക് വീണുരുണ്ടു. ആരോടെന്നില്ലാത്തൊരു തെറിയോടെ മുണ്ടഴിച്ചുടുത്ത ഫ്രാങ്കോ ഒരു ബീഡി കൊളുത്തി. മകളെ കൊന്ന അച്ഛന് കോടതി തൂക്കുകയര്‍ വിധി്ക്കാത്തതിന് കാരണം ഈ സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി ജഡ്ജി്ക്ക് തോന്നാത്തതാണത്രേ'. ഉള്ളം കയ്യിലേക്ക് കുറച്ചു ഹാന്‍സ് കുടഞ്ഞെടുത്ത് തിരുമ്മി ചുണ്ടിനടിയില്‍ വച്ചു. ബീഡിയുടെ പുക ഇടുങ്ങിയ ലോഡ്ജ് മുറിയില്‍ നിറയവെ തലേന്ന് രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയിലേക്ക് ജനലുകള്‍ തുറന്നു. കവലയിലേക്ക് പാളി നോക്കിക്കൊണ്ട് ഫ്രാങ്കോ നീട്ടിത്തുപ്പി. നനഞ്ഞു കുതിര്‍ന്ന മടുപ്പിക്കുന്ന ഗന്ധം അയാളെ പൊതിഞ്ഞു.
ലോഡ്ജിലെ ജോലിക്കാരന്‍ പയ്യന്‍ വാങ്ങിക്കൊണ്ടു വരുന്ന ഭക്ഷണവും കഴിച്ച് ഫ്രാങ്കോ മുറിയിലടച്ചിരിക്കാന്‍ തുടങ്ങിയിട്ട് പതിമൂന്നു ദിവസമായി. അയാളുടെ ജീവിതോപാധിയായ ഓട്ടോ ലോഡ്ജിന് അതിരിടുന്ന വെളിമ്പറമ്പില്‍ കിടക്കുകയാണ്. 'ഇങ്ങനെ ഒളിച്ചിരിക്കുന്നത് കണ്ടാല്‍ ആ കൊച്ചിനെ കൊല്ലാറാക്കിയത് നീയാണെന്ന് തോന്നുമല്ലോടാ' എന്ന് പാപ്പനിന്നലെ അയാളോട് പറഞ്ഞിരുന്നു. ഫ്രാങ്കോയെന്നും മിണ്ടിയില്ല. ഏഴു വര്‍ഷത്തിലൊരിക്കല്‍ പോലും വാടക മുടക്കാത്തതിനാല്‍ പാപ്പന്‍ കൂടുതലൊന്നും ചോദിച്ചില്ല. ഇന്ന് ഓട്ടോയെടുത്ത് കവലയിലേക്കിറങ്ങാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ഏറെ നാളായി കാത്തിരുന്ന കേസിന്റെ വിധി കീഴ്‌മേല്‍ മറിഞ്ഞത് അയാള്‍ക്ക് പിന്നെയുമൊരു ചടപ്പ് നല്‍കി.
തീയണയാതെ മറ്റൊരു ബീഡി കൊളുത്തിക്കൊണ്ട് ആ മുറിയില്‍ മേശയും കസേരയുമല്ലാതെ അവശേഷിക്കുന്ന ഒരേയൊരു ഉപകരണമായ കട്ടിലില്‍ ചെന്നിരുന്നു. ഉള്ളാകെ പുകവലയങ്ങള്‍ നിറയവെ മൊബൈല്‍ ചിലയ്ക്കാന്‍ തുടങ്ങി. എടുത്ത് നോക്കിയപ്പോള്‍ ഷാജിയുടെ പേര് കണ്ടതും അയാളുടെ നെഞ്ചൊന്ന് വിറച്ചു. യോഗിയെപ്പറ്റി എന്തെങ്കിലും പറയാനായിരിക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ വിയര്‍ക്കാനും തുടങ്ങി. അദ്ദേഹത്തെപ്പറ്റി ഇനിയൊന്നും തന്നെ അറിയാന്‍ താത്പര്യമില്ലെങ്കിലും അടക്കാനാവാത്ത എന്തോ ഒന്ന് ഫോണില്‍ വിരലമര്‍ത്താന്‍ അയാളെ നിര്‍ബന്ധിച്ചു. ഷാജിയുടെ സംസാരത്തിനൊപ്പം പുറത്ത് മഴയുടെ ഭാവം മാറിക്കൊണ്ടിരുന്നു. വല്ലാതങ്ങ് നേര്‍ത്തെങ്കിലും പെട്ടന്ന് ഒരു ഇടി വെട്ടിയതോടെ കാറ്റ് ആഞ്ഞു വീശാന്‍ തുടങ്ങി. ജനലുകള്‍ കൊട്ടിയടക്കപ്പെട്ടു. യോഗി നേരിടുന്ന കഷ്ടതകള്‍ പറഞ്ഞ് ഷാജി കരയുകയാണെന്ന് തോന്നിയപ്പോള്‍ ഫ്രാങ്കോ ഫോണ്‍ കട്ടാക്കി. അയാള്‍ക്ക് ദേഷ്യവും വിഷമവും തോന്നി. അമര്‍ഷവും അലിവും തോന്നി. പതിമൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു രാജാവിനെ പോലെ കഴിഞ്ഞിരുന്ന ഒരാള്‍ ഇന്ന് ജയിലില്‍.
പെട്ടന്ന് വാതിലില്‍ മുട്ട് കേട്ട് ചെന്ന് നോക്കിയപ്പോള്‍ ജോലിക്കാരന്‍ പയ്യനാണ്. നനഞ്ഞ് വിറക്കുന്നുണ്ടെങ്കിലും കയ്യിലൊരു പൊതി മുറുകെ പിടിച്ചിട്ടുണ്ട്. അവനെ അകത്തേക്ക് ക്ഷണിച്ച് ഒരു ബീഡി കൊടുക്കാമെന്ന് അയാള്‍ക്ക് തോന്നിയെങ്കിലും ചെയ്തില്ല. ചെറുക്കന്‍ ഒരു വായാടിയാണ്. ഇന്ന് നേരം വെളുത്തത് മുതല്‍ താന്‍ ചെയ്തതിനെപ്പറ്റിയെല്ലാം എണ്ണിയെണ്ണി വിവരിക്കാന്‍ തുടങ്ങും. തന്നെയുമല്ല യാതൊരു ഔചിത്യവുമില്ലാത്ത വിധം ചോദ്യങ്ങള്‍ തൊടുക്കാന്‍ അവന് മടിയില്ല. യോഗിയും ആശ്രമവും പൊലീസ് കേസുമൊക്കെ ആയിരിക്കും ഇന്നത്തെ വിഷയം. അതുകൊണ്ട് പൊതി വാങ്ങി നൊടിയിടയില്‍ ഫ്രാങ്കോ വാതിലടച്ചു. അല്പമൊന്ന് മടിച്ചു നിന്നതിനു ശേഷമാണ് പോയതെന്ന് അവന്റെ കാല്‍പ്പെരുമാറ്റം കൊണ്ട് മനസ്സിലായി. ഫ്രാങ്കോയ്ക്ക് ഇമ്മാനുവിനെ ഓര്‍മ്മ വന്നു. പല്ല് തേച്ചുവെന്ന് വരുത്തി, കഴിക്കാനായി പൊതിയഴിച്ച് ചെറിയ കവറില്‍ നിന്ന് സാമ്പാറും ചട്ണിയും ദോശയിലേക്ക് ഒഴിക്കുമ്പോഴാണ് ഫോണ്‍ വീണ്ടും ശബ്ദിച്ചത്.
മറുതലയ്ക്കല്‍ പിന്നെയും ഷാജിയായിരുന്നു. അയാള്‍ സംസാരിക്കാന്‍ തുടങ്ങിയതും പിടിച്ചു നിര്‍ത്തിയത് പോലെ മഴ മാറുന്നത് ഫ്രാങ്കോ കണ്ടു. ശബ്ദങ്ങളൊന്നാകെ നിലച്ച് താന്‍ ഈ ഭൂമിയില്‍ ഒറ്റയ്ക്കാണെന്ന് തോന്നി. ഫോണിലൂടെ കാതിലേയ്ക്ക് തുളച്ചു കയറുന്ന ഷാജിയുടെ ശബ്ദം മനസ്സിക്കാന്‍ കഴിയാത്ത ഏതോ വിചിത്രജീവിയുടെ കരച്ചില്‍ പോലെ. ആ നിമിഷം കഴിഞ്ഞു. താന്‍ കരയുകയാണോ എന്ന് സംശയിച്ചു കൊണ്ട് കവിളുകളില്‍ എച്ചില്‍ കൈ കൊണ്ട് തൊട്ടു. തനിക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടെന്ന പോലെ ധൃതിയില്‍ പുറത്തേക്കിറങ്ങി. ഫ്രാങ്കോയുടെ ഒരേയൊരു മകന്‍ ഇമ്മാനുവേലിന് ഒരു അപകടം പറ്റിയിരിക്കുന്നു. അമിതവേഗത്തില്‍ വന്ന് നനഞ്ഞ റോഡില്‍ നിരങ്ങിപ്പോയ ബൈക്ക് വഴിയരികിലെ മരത്തിലിടിച്ച് അവന്റെ തല തകര്‍ന്നു പോയിരിക്കുന്നുവെന്നാണ് ഷാജി പറഞ്ഞത്. ഹെല്‍മറ്റ് ധരിക്കുന്ന ശീലം അവനില്ലായിരുന്നു.
അയാള്‍ പടികളോടിയിറങ്ങി ഓട്ടോയ്ക്കരികിലെത്തി അത് സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങി. താക്കോലെടുത്തില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ ലോഡ്ജിലേക്ക് തിരിച്ചു. അതെവിടെയാണെന്ന് കൃത്യമായി ഓര്‍മ്മയില്ലെന്ന് തോന്നിയപ്പോള്‍ റോഡിലേക്കിറങ്ങി ആശുപത്രിയിലേക്കോടി. അപ്പോഴേക്കും മഴ വീണ്ടും പെയ്യാന്‍ തുടങ്ങി. അയാളുടെ ചെരുപ്പുകള്‍ കാലില്‍ നിന്ന് വഴുതിപ്പോയിരുന്നു.
നനഞ്ഞൊലിച്ച് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് കയറുമ്പോള്‍ അവിടെ മറ്റൊരു ദുരന്തം അരങ്ങേറുകയായിരുന്നു. വരിവരിയായി നിര്‍ത്തിയിരുന്ന വണ്ടികളില്‍ നിന്ന് ചോരയിലും മഴയിലും കുതിര്‍ന്നവരെ ഒന്നൊന്നായി അകത്തേയ്ക്ക് കയറ്റുന്നു. താന്‍ വന്നത് എന്തിനാണെന്ന് പോലും മറക്കും വിധം തല പൊളിയുന്ന അലമുറകള്‍ ആശുപത്രി ജീവനക്കാരുടെ ഒച്ചപ്പാടിനോടൊപ്പം അയാള്‍ കേട്ടു. അവര്‍ക്കിടയില്‍ തന്റെ മകനെ തിരഞ്ഞെങ്കിലും കാണാന്‍ കഴിഞ്ഞില്ല. ധൃതിയില്‍ മൊബൈല്‍ എടുക്കാന്‍ മറന്നിരുന്നു. കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്ന് പലരോടും ചോദിച്ചെങ്കിലും ആരുമയാളെ ഗൗനിച്ചില്ല. ഷാജി പറഞ്ഞത് സത്യമായിരിക്കില്ല എന്ന് വെറുതെ തോന്നി. ആ ചിന്തയുടെ സുഖം നുകര്‍ന്ന് എന്ത് വേണമെന്നറിയാതെ മുന്നില്‍ കിടന്ന കസേരയില്‍ അയാളിരുന്നു. എത്ര നേരമെന്ന് അറിയില്ല. പതിയെ യോഗിയുടെ മുഖം മനസ്സില്‍ തെളിഞ്ഞു.
തന്റെ ഒരേയൊരു മകനെ സ്വന്തം വീട്ടിലുപേക്ഷിച്ച് ആ നാട്ടിലാകെയുള്ള ലോഡ്ജില്‍ ഫ്രാങ്കോ താമസം തുടങ്ങിയ നാളുകളിലായിരുന്നു യോഗി അവിടേക്ക് എത്തിയത്. ഉത്തരേന്ത്യയിലെവിടെയോ സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ ആശ്രമം സര്‍ക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് അടച്ചു പൂട്ടിയതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ അതൊരു നാടുവിടല്‍ തന്നെയായിരുന്നു. ഇതില്‍ കൂടുതല്‍ ഒന്നും അയാള്‍ക്കറിയില്ല. അതുവരെ ബ്രോക്കറായിരുന്ന ഷാജി യോഗിയുമായുള്ള തന്റെ ഇടപാടോടെ ബാക്കിയെല്ലാം നിര്‍ത്തി അദ്ദേഹത്തോടൊപ്പം കൂടി. ആദ്യ മാസങ്ങളിലെല്ലാം ആശ്രമം ഒഴിഞ്ഞു തന്നെ കിടന്നുവെങ്കിലും പതിയെപ്പതിയെ ആളുകള്‍ അങ്ങോട്ട് ആകര്‍ഷിക്കപ്പെട്ടു. ഷാജി മുഖേന, അവിടേക്കാവശ്യമായ പച്ചക്കറിയും പലചരക്കും തന്റെ ഓട്ടോയില്‍ എത്തിക്കാനായിട്ടാണ് ഫ്രാങ്കോ ആശ്രമത്തില്‍ പോവാന്‍ തുടങ്ങിയത്. ഷാജിയുടെ നിര്‍ബന്ധപ്രകാരം ഒരു സന്ധ്യക്ക് അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ ചെന്നിരിക്കുന്നത് വരെ യോഗിയെന്നത് അയാള്‍ക്ക് വെറുമൊരു മുഴക്കം മാത്രമായിരുന്നു. ആ മുഖത്തെ പ്രശാന്തത ഫ്രാങ്കോയെ ആകര്‍ഷിച്ചു. അങ്ങനെയൊന്ന് തന്റെ ജീവിതത്തിലിതു വരെ അയാള്‍ കണ്ടിരുന്നില്ല.
ആ നോട്ടം തന്റെ കണ്ണുകളെയും കടന്ന് മറ്റെന്തോ തിരയുന്നത് പോലെ. ജനിച്ചത് മുതല്‍ ഇന്നുവരെ ചെയ്ത പാപങ്ങളെല്ലാം അദ്ദേഹം പൊറുക്കുന്നത് പോലെ. അതേ സമയം ഒരു ശവത്തിന്റേതു പോലെ നിശ്ചലവും. മറ്റാരോ സംസാരിക്കുന്നതിനനുസരിച്ച് ചുണ്ടുകള്‍ ചലിപ്പിക്കുന്നത് പോലെയായിരുന്നു വാക്കുകള്‍. ചോദ്യങ്ങള്‍ എന്ത് തന്നെയായാലും ഇഹലോകവുമായി ബന്ധമില്ലാത്ത ഒന്നിലൂന്നി മാത്രം അദ്ദേഹം ഉത്തരം നല്‍കി. ഫ്രാങ്കോയുള്‍പ്പെടെ ആര്‍ക്കും ഒന്നും മനസ്സിലായില്ലെങ്കിലും വീണ്ടും നുകരാന്‍ മോഹിപ്പിക്കുന്നൊരു ലഹരി അവര്‍ക്ക് കിട്ടിയിരുന്നു.
അയാളുടെ പ്രശ്‌നങ്ങളെല്ലാം അറിയാമായിരുന്ന ഷാജി വീണ്ടും യോഗിയെ കാണുവാന്‍ ഫ്രാങ്കോയെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ആ പ്രഭാഷണങ്ങള്‍ ഇമ്മാനുവേലിനോട് ക്ഷമിക്കാന്‍ അയാളെ സഹായിക്കുമെന്ന് പറഞ്ഞു കൊണ്ടിരുന്നു. ഉള്ളില്‍ തളം കെട്ടി കിടക്കുന്നൊരു തടാകത്തെ തൊട്ടറിയുവാനും അതിനെയൊരു അരുവിയായി പുറത്തേക്കൊഴുക്കാനുമാണ് യോഗി പറഞ്ഞു കൊണ്ടിരുന്നത്. പ്രായോഗിക ജീവിതത്തിലെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് ആ പ്രവൃത്തി എങ്ങനെയൊരു ആശ്വാസമാകുമെന്ന് ഫ്രാങ്കോയ്ക്ക് മനസ്സിലായില്ലെങ്കിലും എന്തോ ഒരു സന്തോഷം അയാള്‍ക്ക് കിട്ടാന്‍ തുടങ്ങി. പകലത്തെ ഓട്ടം കഴിഞ്ഞ് ശില്പ ബാറിലേക്കുള്ള പോക്ക് അയാള്‍ ആശ്രമത്തിലേക്കാക്കി. ചിലപ്പോഴെല്ലാം ലോഡ്ജിലേക്ക് പോലും പോകാതെ അവിടെ തന്നെ കിടന്നുറങ്ങി. എന്നിട്ടും ഇമ്മാനുവിനോട് ക്ഷമിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും അതിനു മാറ്റമുണ്ടായില്ല.
ഇതിനോടകം പല തവണ വിളിച്ചിട്ടും കിട്ടാത്തതിനാല്‍, പാപ്പന്‍ പറഞ്ഞതനുസരിച്ച് അയാളെ തിരഞ്ഞ ഷാജി ഒടുവില്‍ ഫ്രാങ്കോയെ അത്യാഹിത വിഭാഗത്തിലെ ആളൊഴിഞ്ഞ മൂലയില്‍ നിന്ന് കണ്ടെത്തി. ഇമ്മാനുവേല്‍ ഓപ്പറേഷന്‍ തിയേറ്ററിലായിരുന്നു. ഷാജിയുടെ നിര്‍ദ്ദേശപ്രകാരം ഒന്നിനും കാത്തു നില്‍ക്കാതെ ആശ്രമത്തിലെ പതിവുകാരനായ Dr. ദിവാകരന്‍ വേണ്ടതെല്ലാം ചെയ്തിരുന്നു. മരത്തില്‍ തലയിടിച്ച് പൊന്തയ്ക്കുള്ളിലേക്ക് മറിഞ്ഞ അവന്‍ മണിക്കൂറുകളോളം ആരാലും കാണപ്പെടാതെ ചോരയൊലിപ്പിച്ച് കിടന്നിരുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്.
ഏറെ നീണ്ട കാത്തിരിപ്പിന് ശേഷം നേഴ്‌സ് വന്നു പറഞ്ഞതനുസരിച്ച് ഇരുവരും ഓപ്പറേഷന് ശേഷം രോഗികളെ കിടത്തിയിരുന്ന വിഭാഗത്തിലേക്ക് നടന്നു. അണുബാധയുണ്ടാകാതിരിക്കാനുള്ള പ്രത്യേക ആവരണങ്ങള്‍ ധരിച്ചാണ് അവര്‍ ഉള്ളിലേക്ക് പ്രവേശിച്ചത്. ശീതീകരിണിയുടെ കുളിരില്‍ ഫ്രാങ്കോ കിടുങ്ങാന്‍ തുടങ്ങി. ബീപ്പ് ശബ്ദങ്ങള്‍ കാതിലേക്ക് തുളഞ്ഞു കയറി. ഇളം നീല തുണിയുടെ മറ കൊണ്ട് വേര്‍തിരിക്കപ്പെട്ട ബെഡിലൊന്നില്‍ അയാള്‍ ഡോക്ടറെ പിന്തുടര്‍ന്ന് ചെന്ന് നിന്നു. മുന്നില്‍ ട്യൂബുകളിലും വയറുകളിലും കുടുങ്ങിക്കിടക്കുന്നത് ഇമ്മാനുവാണെന്ന് വിശ്വാസം വന്നില്ല. അയാള്‍ ഷാജിയെ നോക്കി പിന്നെ ബെഡിലേക്കും.
അവന്റെ വായിലൂടെ ഒരു കുഴല്‍ കയറ്റിയിട്ടുണ്ട്. അത് ഒരു ടേപ്പ് വച്ച് കവിളിലേയ്ക്ക് ഒട്ടിച്ചിരിക്കുന്നു. തലയാകെ പൊതിഞ്ഞു കെട്ടിയിരിക്കുന്നു. മുഖം വല്ലാതെ വീങ്ങിയിട്ടുണ്ട്. വലതു കഴുത്തിലെ ഞരമ്പില്‍ ഇറക്കിയിരിക്കുന്ന ട്യൂബിലേയ്ക്ക് അരികിലുള്ള സ്റ്റാന്‍ഡിലെ വലിയ സിറിഞ്ചുകളില്‍ നിന്ന് മരുന്നുകള്‍ കയറുന്നു. മുകളില്‍ കാണുന്ന ചെറു മോണിറ്ററില്‍ നിന്ന് ചില വയറുകള്‍ നെഞ്ചിലേക്കും കൈ വിരലിലേക്കും പോയിട്ടുണ്ട്. വെളുത്തൊരു പ്ലാസ്റ്റിക് ഷീറ്റാണ് അവനെ പുതപ്പിച്ചിരിക്കുന്നത്. അതിന്റെ പുറത്തെ അറകളിലേയ്ക്ക് ചെറിയൊരു മെഷീനില്‍ നിന്ന് ചൂട് കാറ്റ് പ്രവഹിക്കുന്നുണ്ട്. ആശുപത്രിയിലേക്ക് കൊണ്ട് വരുമ്പോഴേക്കും അവന്‍ തണുത്ത് മരവിച്ചിരുന്നത്രെ. ഇമ്മാനുവിന് ജീവനുണ്ടെന്ന് തോന്നിപ്പിക്കുന്ന യാതൊന്നും ഫ്രാങ്കോയ്ക്ക് കാണാന്‍ കഴിഞ്ഞില്ല. ചെറുപ്പത്തില്‍ അമ്മയോടൊപ്പം ആദ്യമായി നെല്ല് കുത്തുന്ന യന്ത്രം കൗതുകത്തോടെ കണ്ടു നിന്നത് അയാള്‍ക്കോര്‍മ്മ വന്നു. കുറച്ചു നേരം ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയതിനു ശേഷം ഒരു മരവിപ്പോടെ പുറത്തേയ്ക്ക് നടന്നു. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അവസാനമായി ഫ്രാങ്കോ അവന്റെ മുഖത്തേയ്ക്ക് ഇങ്ങനെ നോക്കിയത്.
ലിസിയെ അടക്കം ചെയ്തിട്ട് സെമിത്തേരിയില്‍ നിന്ന് പുറത്തേയ്ക്ക് നടക്കവേ പള്ളിയുടെ മുറ്റത്ത് നില്‍ക്കുകയായിരുന്നു ഇമ്മാനുവേല്‍. അവന്റെ കൈകാലുകളിലെ മുറിവുകളില്‍ ചോര കട്ട പിടിച്ചിരുന്നു. പുതിയ ബൈക്ക് വാങ്ങിയ ദിവസം അമ്മയെയും കൊണ്ട് ടൗണിലേക്ക് ചീറിപ്പാഞ്ഞു പോയതായിരുന്നു അവന്‍. നിയന്ത്രണം വിട്ട ബൈക്കിന്റെ പിന്നില്‍ നിന്ന് അവള്‍ എതിരെ വന്ന ലോറിക്കടിയിലേക്ക് തെറിച്ചു വീണു. ചതഞ്ഞു വികൃതമായ അവസ്ഥയിലാണ് കിട്ടിയത്. ഇമ്മാനുവേലിനാകട്ടെ വലിയ പരിക്കുകളൊന്നും ഇല്ലായിരുന്നു. ശവമടക്ക് കഴിഞ്ഞ് ഫ്രാങ്കോ നേരെ പോയത് പാപ്പന്റെ ലോഡ്ജിലേക്കാണ്. പിന്നെ ഒരിക്കലും വീട്ടിലേക്ക് പോയില്ല. ഇമ്മാനുവിനെ ആകസ്മികമായല്ലാതെ പിന്നെയൊരിക്കലും ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല. അവനോട് ക്ഷമിക്കാന്‍ പള്ളിയിലെ അച്ചനുള്‍പ്പെടെ പലരും പറഞ്ഞെങ്കിലും അതൊരാവശ്യമായി അയാള്‍ക്ക് തോന്നിയില്ല. ലിസ്സിയെ പ്രണയിക്കാന്‍ തുടങ്ങിയ നാളില്‍ നിര്‍ത്തിയ മദ്യപാനത്തിലായിരുന്നു പിന്നീടയാളുടെ ആശ്രയം. ചെലവുകള്‍ക്ക് തികയും വിധം മാത്രം പണിയെടുത്ത് അല്ലാത്തപ്പോഴെല്ലാം മുറിയില്‍ ചടഞ്ഞിരുന്നു. ഒരിക്കല്‍പോലും കരയാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ഇന്ന് മരിച്ചപോലെ ഇമ്മാനു കിടക്കുമ്പോഴും അതെല്ലാം ഓര്‍മ്മ വന്നതില്‍ അയാള്‍ക്ക് കുറ്റബോധം തോന്നി.
ഇമ്മാനുവിന്റെ തൊട്ടപ്പുറം കിടന്ന ബെഡിലാണ് യോഗി ജയിലില്‍ പോവാന്‍ കാരണക്കാരനായ ജീവന്‍ കിടക്കുന്നതെന്ന് പുറത്തേക്ക് നടക്കുമ്പോള്‍ Dr ദിവാകരന്‍ പറഞ്ഞു. ഓപ്പറേഷനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണ്ണതകളെല്ലാം ഒരു പരിധി വരെ തരണം ചെയ്തുകഴിഞ്ഞെങ്കിലും മാനസികമായി സ്ഥിരത നേടാത്ത പോലെ ഇനിയും ആത്മഹത്യ ചെയ്യുമോ എന്ന് തോന്നും വിധമാണത്രെ അവന്റെ പെരുമാറ്റം.
ഒന്നോ രണ്ടോ മാസങ്ങള്‍ക്ക് മുന്‍പാണ് എവിടെ നിന്നോ ജീവനും അവന്റെ അമ്മാവനെന്ന് പറയുന്ന വൃദ്ധനും ആശ്രമത്തിലെത്തിയത്. രാത്രി പ്രഭാഷണം കഴിഞ്ഞിട്ടും തിരിച്ചു പോകാതിരുന്നത് കൊണ്ട് യോഗിയുടെ അനുവാദത്തോടെ അവരവിടെ കൂടുകയായിരുന്നു. വലിയ ആരോഗ്യമൊന്നുമില്ലാത്ത വൃദ്ധന്‍ അടുക്കളയില്‍ തൂക്കാനും തുടയ്ക്കാനുമായി നിന്നപ്പോള്‍, ജീവനെ യോഗി തന്റെ സ്വകാര്യ കാര്യങ്ങള്‍ക്കുള്ള സഹായിയായി തിരഞ്ഞെടുത്തു. അവനാരോടും മിണ്ടുന്നതു ഫ്രാങ്കോ കണ്ടിരുന്നില്ല. കുറച്ചു ദിവസത്തേക്കെങ്കിലും അവനൊരു ഊമയാണെന്ന് തന്നെ അയാള്‍ തെറ്റിദ്ധരിച്ചിരുന്നു.
തികച്ചും സാധാരണമായൊരു ദിവസം ആശ്രമം അതിന്റെ പതിവ് തിരക്കുകളിലേക്ക് ഉണരുന്നതിനു വളരെ മുന്‍പായിരുന്നു മുറ്റത്തെ കൊന്നമരത്തിന്റെ കൊമ്പില്‍ അവന്‍ തൂങ്ങിയത്. ഈ കാഴ്ച കണ്ട ആരോ അവനെ മരത്തില്‍ കയറി കുരുക്ക് മുറിച്ച് താഴെയിട്ടു. വീഴ്ചയില്‍ കയ്യൊടിയുകയും കാലുകളുടെ കുഴ തിരിയുകയും ചെയ്തു. അങ്ങനെയായിരുന്നു അന്നാദ്യമായി പൊലീസ് ആശ്രമത്തിലെത്തിയത്. യോഗി ജയിലിലും. പിറ്റേന്ന് മുതല്‍ യോഗി അവനോട് ചെയ്ത, അവനെക്കൊണ്ട് ചെയ്യിപ്പിച്ച ക്രൂരതകളെപ്പറ്റി ഒരുപാട് കഥകള്‍ ഫ്രാങ്കോ കേട്ടു. കേട്ടാലറയ്ക്കുന്ന കാര്യങ്ങള്‍ക്ക് ഇപ്പോഴും ദൃക്‌സാക്ഷികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ഡോക്ടറോട് സംസാരിച്ചതിന് ശേഷം പുറത്തേക്ക് വന്ന ഷാജിയോട് ജയിലില്‍ പോയിട്ടാണെങ്കിലും തനിക്ക് യോഗിയെ കാണണമെന്ന് ഫ്രാങ്കോ ആവശ്യപ്പെട്ടു. പക്ഷെ, അറസ്‌ററ് ചെയ്യപ്പെടുന്നതിനു തലേന്ന് മുതല്‍ തന്നെ യോഗി മൗനവൃതത്തില്‍ പ്രവേശിച്ചിരുന്നുവെന്നും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പോലും ഒരക്ഷരം മിണ്ടിയില്ലെന്നും കേട്ടപ്പോള്‍ അയാള്‍ തകര്‍ന്നു പോയി.
അത്യാഹിത വിഭാഗത്തിലൂടെ പുറത്തേക്ക് നടക്കുമ്പോള്‍ മുന്‍പത്തെ ബഹളങ്ങളെല്ലാം ശമിച്ചിരുന്നു. മഴ തിമിര്‍ത്തു പെയ്യുന്നത് വക വെക്കാതെ ഏറ്റവും അടുത്ത ബാറിലേക്ക് കയറി. ആരാലും ഗൗനിക്കപ്പെടാതെ മങ്ങിയ വെളിച്ചത്തില്‍ അയാള്‍ക്ക് സമാധാനം തോന്നി. അന്നത്തെ ദിവസം ഭക്ഷണമൊന്നും കഴിക്കാതിരുന്നതിനാല്‍ ലഹരിയേറാന്‍ നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ. മണിക്കൂറുകള്‍ക്ക് ശേഷം പുറത്തേക്കിറങ്ങി നടക്കാന്‍ പിന്നീടും അയാള്‍ക്ക് കഴിഞ്ഞു.
സ്വബോധമില്ലാതെ ഫ്രാങ്കോ നടന്നെത്തിയത്, ഏഴു വര്‍ഷം മുന്‍പ്, ലിസിയുടെ ശവമഞ്ചത്തിനോടൊപ്പം ഇറങ്ങിയ ദിവസം ഉപേക്ഷിച്ച സ്വന്തം വീട്ടിലേക്കായിരുന്നു. മുന്‍വാതില്‍ ചാരിയിട്ടേ ഒള്ളു. ടിവിക്ക് മുന്‍പില്‍ കിടന്ന സോഫയില്‍ ഇമ്മാനുവിന്റെ ഒരു ബനിയന്‍ കിടക്കുന്നുണ്ട്. നിലം അടിച്ചു വാരിയിട്ട് മാസങ്ങളായ പോലെ. ഡൈനിങ്ങ് ടേബിളില്‍ തലേന്ന് കഴിച്ച പാത്രം അതുപോലെ തന്നെ കിടക്കുന്നു. ഉറുമ്പുകളും പാറ്റകളും അയാളെ കണ്ട് പകച്ച് പായാന്‍ തുടങ്ങി. മുറികളില്‍ നിന്ന് മുഷിഞ്ഞൊരു വാട ഉയരുന്നുണ്ട്. കിടക്കവിരിയും തലയിണയുറയും വെള്ളം കാണാതെ നിറം മാറിക്കഴിഞ്ഞു. അവിടെ ചിതറിക്കിടന്ന പഴയ ചെരുപ്പുകളില്‍ തട്ടി ഫ്രാങ്കോ വീഴാന്‍ തുടങ്ങി. അടുക്കളയില്‍ ബ്രെഡിന്റെ ഒഴിഞ്ഞ കൂടുകളും മുട്ടത്തോടുകളും. ഗ്യാസടുപ്പില്‍ ഒരു പാത്രം കരിഞ്ഞു കത്തിയ നിലയില്‍. ലിസിയുടെ മുഖം അയാളുടെ ഉള്ളിലേക്ക് തിക്കിക്കയറി വന്നപ്പോള്‍ പുറത്തേക്ക് കടന്ന് ചവിട്ടു പടിയിലിരുന്നു. അടഞ്ഞു കിടന്നൊരു വാതില്‍ പെട്ടന്ന് തുറന്നതു പോലെ ഫ്രാങ്കോ കരയാന്‍ തുടങ്ങി. ഏങ്ങലടിച്ച് ഉറക്കെയുറക്കെ അയാള്‍ കരഞ്ഞു.
ഇനി ഇവിടെയാണ് താനുണ്ടാകേണ്ടതെന്ന് തിരിച്ചറിഞ്ഞിട്ടെന്ന പോലെ അയാള്‍ വീട് വൃത്തിയാക്കാന്‍ തുടങ്ങി. മുറിയില്‍ കിടന്ന ഇമ്മാനുവിന്റെ മുഷിഞ്ഞ തുണികള്‍ അലക്കി വിരിച്ചു. തറ തൂത്ത് വെള്ളം കൊണ്ട് തുടച്ചു. എന്നിട്ടും തൃപ്തി വരാതെ സോപ്പ് പൊടി കലക്കിയൊഴിച്ച് കഴുകി. പാത്രങ്ങളെല്ലാം കഴുകി മിനുക്കി ചിട്ടയോടെ അടുക്കി വെച്ചു. മുറ്റത്തെ പുല്ലെല്ലാം പറിച്ചു കളഞ്ഞ് കരിയിലയെല്ലാം കൂട്ടിയിട്ട് കത്തിച്ചു. പിന്നാമ്പുറത്ത് ഇമ്മാനുവിന്റെ കുട്ടി സൈക്കിള്‍ കണ്ടപ്പോള്‍ വീണ്ടും അയാളുടെ കണ്ണ് നിറഞ്ഞു. വൈകിട്ടോടെ തിരിച്ച് ആശുപത്രിയിലേക്ക് പോയി. അവിടെ പുറത്തു കാത്തിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
യോഗി ജയിലിലായത് മുതല്‍ മറ്റൊരു പണിയുമില്ലാതായ ഷാജി അങ്ങോട്ട് വരുന്ന ദിവസങ്ങളില്‍, ഫ്രാങ്കോ ഓട്ടോ ഓടിക്കാന്‍ പോകും. അല്ലെങ്കില്‍ ആശുപത്രിയില്‍ തന്നെ കഴിച്ചു കൂട്ടും. ഇതിനിടയില്‍ യോഗിയുടെ റിമാന്റ് കാലാവധി തീര്‍ന്നിരുന്നതിനാല്‍ പൊലീസ് കോടതിയില്‍ വീണ്ടും ഹാജരാക്കിയെങ്കിലും അദ്ദേഹം ഒരക്ഷരം പോലും മിണ്ടാന്‍ കൂട്ടാക്കിയില്ല. ഇമ്മാനുവിനാകട്ടെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. വായിലൂടെ കടത്തിയിരിക്കുന്ന കുഴല്‍ വഴി ഇനിയും ശ്വാസം നല്‍കാനാവില്ലെന്നും അതിനായി കഴുത്തിലൊരു തുളയിടണമെന്നും ഒരു ദിവസം ഡോക്ടര്‍ അയാളോട് പറഞ്ഞു. ഒന്നും മനസ്സിലാകാത്തതിനാല്‍ കൂടുതല്‍ ചോദിക്കാനൊരുങ്ങിയപ്പോഴേക്കും അവന്റെ കിഡ്‌നി കൂടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. പിന്നെ ഫ്രാങ്കോ ഒന്നും മിണ്ടിയില്ല.
പിറ്റേന്ന് തന്നെ അവര്‍ ഇമ്മാനുവിന്റെ കഴുത്ത് തുളച്ച് ശ്വാസം നല്‍കുന്നത് അതിലെയാക്കി. മാത്രമല്ല അവനെ ICU വില്‍ നിന്ന് മറ്റൊരു വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു. ജീവനെയും രണ്ട് ദിവസം മുന്‍പ് അങ്ങോട്ട് മാറ്റിയിരുന്നു. അവനിപ്പോള്‍ ഭ്രാന്തിന്റെ ചേഷ്ടകളെല്ലാം നിര്‍ത്തിയിരുന്നെങ്കിലും അസാധാരണമാം വിധം നിശ്ശബ്ദനായിക്കഴിഞ്ഞിരുന്നു. മറ്റൊരു ആത്മഹത്യാ ശ്രമം ഏത് നിമിഷവും ഉണ്ടാകുമെന്നാണ് ഡോക്ടര്‍ ഭയക്കുന്നത്. ഫ്രാങ്കോ വാര്‍ഡിലേക്ക് കടന്നു ചെല്ലുമ്പോഴെല്ലാം പരിഭ്രമത്തോടെ ജീവന്‍ പിന്നോട്ട് നീങ്ങുന്നത് അയാള്‍ കണ്ടു. ഒരു ചെറു ചിരിയാല്‍ തന്റെ സാമീപ്യം സൗഹാര്‍ദ്ദപൂര്‍ണ്ണമാക്കുവാന്‍ അയാള്‍ ശ്രമിച്ചു കൊണ്ടിരുന്നു. ആ മുഖത്തേക്ക് നോക്കുമ്പോള്‍ അവന്റെ മാത്രമല്ല ചുറ്റുമുള്ള എല്ലാവരുടെയും ദുഃഖത്തിന് താനും കരണക്കാരനാണോ എന്ന് ഫ്രാങ്കോയ്ക്ക് സംശയം തോന്നി.
എല്ലാമെല്ലാം വെറും നിത്യാനുഷ്ഠാനം പോലെ തോന്നിത്തുടങ്ങിയ ദിവസങ്ങളിലൊന്നില്‍ ഫ്രാങ്കോ ചെല്ലുന്നതും കാത്ത് Dr. ദിവാകരന്‍ ഉള്‍പ്പെടെ വലിയൊരു കൂട്ടം വാര്‍ഡിനു വെളിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഇമ്മാനുവിനെ കാണുന്നതിന് മുന്‍പ് അയാളെയവര്‍ വിശാലമായ മറ്റൊരു മുറിയിലേക്ക് ക്ഷണിച്ചു. താനെന്തെങ്കിലും തെറ്റ് ചെയ്തുവോയെന്നോര്‍ത്ത് ഫ്രാങ്കോ വിറയ്ക്കാന്‍ തുടങ്ങി. ദിവാകരന്‍ ഏര്‍പ്പാടാക്കിയ, യോഗി അംഗമായ ഏതോ ഒരു സംഘടനയാണ് ഇമ്മാനുവിന്റെ ആശുപത്രി ചെലവുകള്‍ വഹിക്കുന്നതെന്ന് അയാള്‍ അറിഞ്ഞിരുന്നു. ഇനി അതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ തന്റെ ഏക സമ്പാദ്യമായി വീട് സ്ഥലമുള്‍പ്പെടെ വില്‍ക്കാന്‍ അയാള്‍ മനസ്സ് കൊണ്ട് തയ്യാറെടുത്തു. എന്നാല്‍, ഇമ്മാനുവലിനെ ബാഹ്യമായി നല്‍കുന്ന സഹായത്താല്‍ മാത്രം ജീവനോടെ പിടിച്ചു നിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും അവരുടെ എല്ലാ പ്രതീക്ഷകളും കൊഴിഞ്ഞതിനാല്‍ മരുന്നുകള്‍ നിര്‍ത്തി അവനെ മരിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു അവരുടെ അപേക്ഷ. അവനൊരിക്കലും തിരിച്ചു വരാന്‍ പോകുന്നില്ല. ആ സത്യം അംഗീകരിക്കുക മാത്രമാണ് ഇനി മുന്നിലുള്ളത്. സ്വന്തം മകന്‍ മരിക്കാന്‍ അച്ഛന്‍ സമ്മതിക്കണമത്രേ
Dr ദിവാകരന്‍ വഴി കാര്യമറിഞ്ഞ് ഷാജി വരുമ്പോള്‍ ഫ്രാങ്കോ ബാറില്‍ കുടിച്ചു ബോധം മറിഞ്ഞു കിടക്കുകയായിരുന്നു. അയാളുടെ മുഖം കണ്ടതും തനിക്ക് യോഗിയെ കാണണമെന്ന് പറഞ്ഞ് ഫ്രാങ്കോ കരഞ്ഞെങ്കിലും അദ്ദേഹം വക്കീലിനെപ്പോലും കാണാന്‍ കൂട്ടാക്കുന്നില്ലെന്നായിരുന്നു ഷാജി പറഞ്ഞത്. തനി്ക്ക് വേണ്ടി ആ നശിച്ച തീരുമാനമെടുക്കാന്‍ അയാള്‍ക്ക് മറ്റൊരാളെ വേണമായിരുന്നു. ജീവിതം, മരണം, മരണാന്തര ജീവിതം എന്നിവയെപ്പറ്റിയെല്ലാം യോഗിയുടെ പ്രഭാഷണങ്ങളില്‍ നിന്ന് ഫ്രാങ്കോ ഒരുപാട് കേട്ടിരുന്നു. എന്നാല്‍ ജീവനോടെയിരിക്കുകയെന്ന കാര്യത്തെ എങ്ങനെ നിസ്സാരമായി കാണാമെന്ന് അയാള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉള്ളിലെ ചൈതന്യത്തെ ഉണര്‍ത്തുമ്പോഴും ഉറ്റവരുടെ വേര്‍പാട് എങ്ങനെ കണ്ടില്ലെന്ന് നടിക്കണമെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു.
പിറ്റേന്ന് വിചിത്രമായൊരു വ്യവസ്ഥയുമായിട്ടാണ് ഫ്രാങ്കോ ദിവാകരന്റെ മുറിയിലേക്ക് കടന്നു ചെന്നത്. 'ജീവനോടെയിരിക്കാന്‍ സഹായിക്കുന്നതെല്ലാം ഒന്നൊന്നായി നിര്‍ത്തി, അവനെ മരണത്തിലേക്ക് പറഞ്ഞു വിടുന്നത് എനിക്കടുത്ത് നിന്ന് കാണണം' ലിസിയുടെ മരണം മുതല്‍ അവനോട് ചെയ്ത തെറ്റുകളുടെയെല്ലാം ശിക്ഷ ഒരണു പോലും കുറയാതെ തന്റെ ആത്മാവില്‍ ഏറ്റുവാങ്ങാന്‍ ഉറപ്പിച്ചത് പോലെ അയാള്‍ പറഞ്ഞു.
ആദ്യം വലിയ സിറിഞ്ചുകളെല്ലാം ഒന്നൊന്നായി ഊരി മാറ്റി. ഫ്രാങ്കോ ഇമ്മാനുവിന്റെ മുഖത്തും, ബീപ്പ് ശബ്ദം മുഴക്കുന്ന ചെറു മോണിറ്ററിലേക്കും മാറി മാറി നോക്കിക്കൊണ്ടിരുന്നു. പ്രത്യേകിച്ച് വ്യത്യാസമൊന്നും തോന്നിയില്ല. കിഡ്‌നിയുടെ ജോലി നിര്‍വ്വഹിച്ചു കൊണ്ടിരുന്ന മെഷീന്‍ അടുത്തതായി ഓഫ് ചെയ്തു. അവസാനമായി കഴുത്തിലെ തുളയിലേക്ക് ഘടിപ്പിച്ചിരുന്ന ട്യൂബ് മാറ്റി വെച്ചതോടെ അവന്‍ സ്വതന്ത്രനായത് പോലെ തോന്നി. അപ്പാ എന്നും വിളിച്ചു കൊണ്ടവന്‍ ഒരു നൊടിയിലെഴുന്നേറ്റ് വരുന്നത് അയാള്‍ കണ്ടു. അവന്‍ കരഞ്ഞില്ല. ചിരിയോടെ അയാളെ ആഞ്ഞു പുല്‍കി. കുഞ്ഞായിരുന്നപ്പോള്‍ ഉറങ്ങിക്കിടക്കുന്ന തന്റെ നെഞ്ചില്‍ കയറിയിരിക്കാറുള്ളത് പോലെ അതിലോലമായിരുന്നു ആ ശരീരം. ഫ്രാങ്കോ അവന്റെ നെറുകയില്‍ ഉമ്മ വച്ചു. ലിസി പാടാറുള്ള താരാട്ട് പാട്ട് പോലെ ബീപ്പ് ശബ്ദങ്ങള്‍ നേര്‍ത്ത് വന്ന് ചെവി തുളയ്ക്കുന്നൊരു മൂളലായപ്പോഴാണ് എപ്പോഴോ ഇറുക്കിയടച്ച കണ്ണുകള്‍ തുറന്നത്. ഇമ്മാനുവെല്‍ പോയിക്കഴിഞ്ഞിരുന്നു. കട്ടിലില്‍ അവന്റെ ശവം കിടന്നു.
ഫ്രാങ്കോ ഒന്നും മിണ്ടാതെ ആ മുഖത്തേയ്ക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നു. എല്ലാത്തിനുമപ്പുറം ഒരു വെളിച്ചമായി അതേറ്റു തിളങ്ങുന്നൊരു പ്രവാഹമായി ഇമ്മാനുവിനെ അയാള്‍ കണ്ടു. ഒരിക്കലും നിലയ്ക്കാതെ അവനൊഴുകുന്നത് തന്റെ ഉള്ളില്‍ നിന്ന് തന്നെയാണെന്ന് തിരിച്ചറിഞ്ഞു. തൊട്ടടുത്ത ബെഡില്‍ കിടക്കുന്ന ജീവനരികിലേക്ക് അയാള്‍ നടന്നു. എപ്പോഴും കാണിക്കാറുള്ള അതേ അങ്കലാപ്പോടെ അവന്‍ ബെഡില്‍ നിരങ്ങി നീങ്ങി പേടിയോടെ വിറയ്ക്കാന്‍ തുടങ്ങിയപ്പോള്‍, കാര്യകാരണങ്ങളെന്ത് തന്നെയായാലും അവനെക്കാള്‍ മികച്ചവനാണ് താനെന്ന് ചിന്തിക്കാതിരിക്കാന്‍ പ്രത്യേകിച്ചൊരു ശ്രമവും കൂടാതെ ഫ്രാങ്കോയ്ക്ക് കഴിഞ്ഞു. അതുകൊണ്ടായിരിക്കും അയാള്‍ മൃദുലമായി പുഞ്ചിരിച്ചത്.
Malayalam Short story, Literature, Novel
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates