
അഞ്ചാം വേദം എഴുതി!
അയാളുടെ ഹസ്തരേഖ,
അവളുടെ കവിളത്തിപ്പോൾ
തെളിഞ്ഞ് വായിക്കാം.
തിരിച്ചൊരു ആറാം വേദത്തിന്
അവളുടെ കൈകളുയർന്നു.
അന്ന്,
കൂരിരുട്ടിൽ ചന്ദ്രനൊളിച്ച രാവിൽ,
വീട് അവളെ പുറന്തള്ളി.
നനഞ്ഞ് കയറിയ മഴയിലും
അവൾ വിയർത്ത് ചിരിച്ചു.
ആശ്വാസം! ആനന്ദം! ആവേശം!
തുറന്ന് വിട്ട കുരുവിയാണ്,
പറക്കണമിനി;
അകലെ ആകാശം മാത്രം നോക്കി നോക്കി....
ആദ്യമീ ഇരുട്ട് കഴിക്കട്ടെ.
ഇരുട്ട്!
നടക്കുവാൻ വെളിച്ചം വേണ്ടല്ലോ.
മണത്ത് നോക്കിയാൽ വഴികളറിയാം,
മുന്നോട്ട് മാമ്പൂ മണമുള്ള
ഒറ്റയടിപ്പാത.
അങ്ങോട്ടവളുടെ അമ്മവീട്.
പിന്നോട്ട്,
പുളിയനുറുമ്പുകൾ
വരിവച്ച് കൊണ്ട് പോകുന്ന
കൽക്കണ്ട മധുരമണം.
അവിടെ അവളുടെ
അമ്മായി വച്ച വീട്.
വലത്തോട്ട് തിരിഞ്ഞാൽ
പത്ത് പള്ളത്തികൾ,
ഒന്നിച്ച് മറിച്ചിട്ട് വറുക്കുന്ന
പോലീസുമണം.
ഇനി,
ഇടത്തോട്ട്...
അതാണ് അവളുടെ വഴി.
അവിടെയാണ് കൂട് വിട്ട്
പാഞ്ഞോടുന്ന കാറ്റ് മണം!
ഇരുട്ടിന്റെ മണം പിടിച്ച്,
ഇടത്തോട്ട് തിരിഞ്ഞപ്പോൾ,
ഒറ്റപ്പല്ലിന്റെ തിളക്കത്തിൽ
ഒരു നരച്ച ചിരി മുന്നിൽ.
"വന്നോ, വന്നോ, ഇത് വഴി വന്നോ.
നല്ല കായും കായുണ്ടാക്കാൻ
നല്ല വഴിയും തരാ"മെന്ന്
വൃദ്ധന്റെ താടിയിലെ,
ഇനിയും നരയ്ക്കാത്ത ഒറ്റമുടി!
ആറാം വേദമോതാൻ,
കൈകൾക്ക് ഭയം.
അവളുടെ കാലുകൾക്ക്,
അകലെ വെള്ളാമ്പലുകൾ
പൂവിടുന്ന മണവുമായോടുന്ന
കാറ്റിന്റെ വേഗത.
പിന്നെയും ചെന്നപ്പോൾ,
ഉദരത്തിൽ തൊട്ട് കൊണ്ട്,
"ഇന്ന് നമ്മള് കൊണ്ടോവാ"ന്ന്
ഇരുട്ടിനപ്പുറത്തെ
പാൽമണം മാറാത്ത ചുണ്ടുകൾ.
മണങ്ങൾ മാറുന്നു.
ഇരുട്ട് പതുങ്ങുന്നു.
അവൾ ഇരുട്ട് വഴിയേ,
ഇരുട്ടിലേക്ക്... പിന്നിലേക്ക്..
കാഴ്ചകൾ വിഴുങ്ങിയ കൂരിരുട്ടിൽ,
പള്ളത്തി മറിച്ചിട്ട മണത്തിന്റെ ചോദ്യം,
"എന്തിന് സ്ത്രീയേ,
നീ രാത്രിയിലീ വഴി.
വീടില്ലേ... വീട്?"
തല തിരിച്ചപ്പോൾ,
പുളിയനുറുമ്പുകൾ കൊണ്ട് പോയ
കൽക്കണ്ട മധുരത്തിന്റെ ചോദ്യം,
"ന്റെ മോനേം തല്ലി,
ന്നേം കൊല്ലോ?"
അന്നേരം വന്ന മാമ്പൂമണത്തിൽ
അവൾക്ക് ആശ്വാസത്തിന്റെ
ആയിരം ആശാകിരണങ്ങൾ.
എന്നിട്ടും,
മാമ്പൂമണം ഇരുട്ടിൽ നിന്ന് കിതച്ചു.
പതിയെ പുകഞ്ഞു.
പിന്നെ,
"നിനക്ക് അവനെ വേണ്ടെങ്കിൽ,
നിന്നെ എനിക്കും വേണ്ടെ"ന്ന്
കത്തിയാളി.
വന്ന വഴിയൊക്കെയും
മണത്ത് മണത്ത്,
ഒടുവിലവൾ തിരികെ നടന്നു.
തിരികെ... തിരികെ..
ജനിമൃതികൾക്കിടയിലെ
ഏതോ ഒരു ബിന്ദു!
അവൾ നിന്നു.
അഞ്ചാം വേദവും കൈയിലേന്തി,
അയാൾ നിന്ന് ചിരിച്ചു.
ചിരി!
ജയത്തിന്റെ ചിരി.
പരാജിതയായ അവൾ,
കൈയിലെ ആറാം വേദം കത്തിച്ച്
നാലുകാലിൽ കുനിഞ്ഞ് നിന്ന്,
അയാളുടെ
അഞ്ചാം വേദം കഴുത്തിലേറ്റ് വാങ്ങി,
കൂട്ടിലേക്ക് തിരികെ നടന്ന് കയറി.
വാലുണ്ടായിരുന്നെങ്കിൽ
അവളൊരു നായ,
ഇല്ലാത്തത് കൊണ്ടൊരു അടിമ;
രക്ഷപ്പെടാനാകാതെ,
യജമാനന്റെ കൂട്ടിലേക്ക്
തിരികെ വന്ന് കയറിയ
പെണ്ണടിമ!
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക