
കുറച്ചു മാറ്റങ്ങൾ വരച്ചു ചേർക്കണം,
പുത്തൻ പൊരുളുകൾ ചമച്ചു വെക്കണം.
പുക നിറഞ്ഞിടു, മടുപ്പിൽ വെണ്ണീറ്
മറച്ചു കനല് നിരത്തി വെക്കണം,
കറുത്ത വീതനച്ചുവരിൽ ചിത്രങ്ങൾ
പുതിയതായ് ചിലതു കോറി വെക്കണം.
തളത്തി,ലൂൺമേശപ്പുറം ചിതറിയ
ചെറുമീൻമുള്ളിൻ്റെ രുചിരസങ്ങളെ
തുടച്ചു മാറ്റിയെൻ, ഡവറക്കുള്ളിലായ്
കുറച്ചു സംസ്കാരം നിറച്ചു വെക്കണം,
ജുഗുപ്സ,മെച്ചിലിൻ കറ മറയ്ക്കുവാൻ,
ദുര നുരയ്ക്കു,മേമ്പക്ക,മൊളിക്കുവാൻ
പളുങ്കുപാത്രത്തിൻ തിളക്കവും കാട്ടി
തുളുമ്പു,മാഢ്യത്വം വിളമ്പി വെക്കണം.
മറന്നു കയ്യാലപ്പുറകിൽ തള്ളിയ
മരമെതിയടി മുറിച്ചു, കാലിൻ്റെ
വലിപ്പമൊപ്പിച്ചു മിനുക്കി വെക്കണം,
നടന്നു തീർക്കാത്ത സമരദൂരങ്ങൾ
താണ്ടി വന്നതായ് പൊലിമ കാട്ടുവാൻ
കൊഴുപ്പ് മുറ്റുന്ന മൃദുല പാദത്തിൽ
നിറയെ, വിള്ളലിൻ വ്രണിത രേഖകൾ
മടമ്പെരിയുമാ,റുരച്ചു ചേർക്കണം.
അതിരു കാണാതെ പരന്ന പാടത്ത്
വിശപ്പു വിതച്ചു, വിളഞ്ഞ മേനികൾ
വെറുപ്പ് മൂർപ്പിച്ച കറുത്ത കല്ലിനാൽ
അതിര് ഭാഗിച്ചു തിരിച്ച് കാട്ടണം,
പുതിയ കാലത്തിൻ വരമ്പുകൾ നാട്ടി
പഴയ മേനികൾ അളന്നു കാട്ടണം.
ഇരുളകങ്ങളിൽ ഫണം വിടർത്തിടും
മൃഗയ കാമത്താൽ പൊഴിഞ്ഞ രേതസ്സിൽ
കുരുത്ത ജന്മങ്ങൾ പുലർത്തി വന്നതാം,
മുഖമറിയാത്ത പരമ്പരകളെ
പുതുതലമുറ,ക്കെടുത്തു പാടിടാൻ
മികച്ച ഗാഥയാൽ പൊലിച്ചു കാട്ടണം.
പകലിരവുകൾ കഴുകിയെങ്കിലും
മറഞ്ഞു പോകാതെ കരങ്ങൾ നീറ്റുന്ന,
ഗുരുവരനുടെ നിണത്തിൽ മുങ്ങിയ
കറ, മറയ്ക്കുവാൻ പുതിയ ഭാഷ്യങ്ങൾ
കുന്തിരിക്കത്തിൻ്റെ പുകയിൽ കൈ മുക്കി
പുതു മണത്തിനാൽ രചിച്ചെടുക്കണം.
കുറച്ചു മാറ്റങ്ങൾ വരച്ചു ചേർക്കണം,
പുത്തൻ പൊരുളുകൾ ചമച്ചു വെക്കണം.
വഴി തിരുത്തണം, കുരുന്നു കാലുകൾ
നടക്കുവാൻ ശ്രമം തുടങ്ങിടും മുൻപേ...
മുളയിലേ വള,മറിഞ്ഞു പാറ്റിയാൽ
കളത്തിനൊത്ത പോൽ കതിരു കൊയ്തിടാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ