അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് : സൗദി അറേബ്യയില്‍ നിന്നു നല്ല വര്‍ത്തമാനം  

അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് : സൗദി അറേബ്യയില്‍ നിന്നു നല്ല വര്‍ത്തമാനം  

സ്വന്തം നാട്ടിലെത്താനുള്ള അനധികൃത താമസക്കാരന്റെ സ്വപ്നങ്ങള്‍ക്കു നിറം പകര്‍ന്നുകൊണ്ട് സൗദി അറേബ്യ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നൂറുകണക്കിന് ഇന്ത്യക്കാരാണ് ദിവസവും രാജ്യം വിടുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു വിദേശികള്‍ കൃത്യമായ രേഖകളില്ലാതെ അനധികൃത താമസക്കാരായി കഴിയുന്ന സൗദി അറേബ്യ നിയമലംഘകരില്ലാത്ത രാജ്യമെന്ന ത്രൈമാസ കാമ്പയിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. മൂന്നു മാസത്തെ പൊതുമാപ്പ് കാലാവധി കഴിഞ്ഞാല്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൊലീസ് അനധികൃത താമസക്കാരെ പിടികൂടുമെന്നും വന്‍തുക പിഴയും തടവും അടക്കം ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. ജൂണ്‍ അവസാനവാരത്തോടെ പൊതുമാപ്പ് കാലാവധി അവസാനിക്കും. അവസാന നിമിഷം വരെ കാത്തുനില്‍ക്കുന്ന മലയാളിയുടെ ശീലം നിതാഖാത്ത് കാലത്തു കണ്ടവരാണ് സൗദിയിലെ സാമൂഹ്യപ്രവര്‍ത്തകരും എംബസിയും കോണ്‍സുലേറ്റും. ഇത്തവണ അതൊഴിവാക്കി കഴിയുന്നത്ര നേരത്തെ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് ഇന്ത്യന്‍ പ്രവാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചത് നിതാഖാത്ത് കാലത്തെ അനുഭവം മുന്‍നിര്‍ത്തിയാണ്. അന്നത്തെ അംബാസഡര്‍ ഹാമിദ് അലി റാവു സര്‍വ്വീസില്‍നിന്നു വിരമിച്ച് യു.പിയില്‍ വിശ്രമജീവിതം നയിക്കുകയാണ്. നിതാഖാത്ത് കാലത്ത് ഇന്ത്യന്‍ സമൂഹത്തിന് ഏറെ സഹായം നല്‍കിയ അന്നത്തെ ഡെപ്യൂട്ടി അംബാസഡറും മലയാളിയുമായ സിബി ജോര്‍ജ് ഇപ്പോള്‍ ഡല്‍ഹി വിദേശകാര്യ മന്ത്രാലയത്തിലാണ്. യാദൃച്ഛികമെന്നു പറയട്ടെ, അന്നത്തെ ജിദ്ദാ കോണ്‍സുലര്‍ ജനറല്‍ മുബാറക്കും ഇപ്പോള്‍ ഡല്‍ഹിയിലാണ്. പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിലെ അനധികൃത താമസക്കാരോടു നിരന്തരം ആവശ്യപ്പെടുമ്പോള്‍ മന്ത്രാലയ നിരീക്ഷണത്തിനും വിലയിരുത്തലിനും പിറകില്‍ സിബി ജോര്‍ജും മുബാറക്കുമുണ്ട്. 

ഹുറൂബിന്റെ ഇരകള്‍
തൊഴിലുടമയുടെ അവകാശ സംരക്ഷണത്തിന്റെ ഭാഗമായാണ് തൊഴില്‍ മന്ത്രാലയം ഹുറൂബ് എന്ന സംവിധാനം ഏര്‍പ്പെടുത്തിയത്. സ്‌പോണ്‍സറെ വിട്ട് ഒളിച്ചോടുന്നവരെ ഒളിച്ചോട്ടക്കാരുടെയും ജോലിക്കു ഹാജരാകാത്തവരുടെയും പട്ടികയില്‍ പെടുത്തുന്ന സംവിധാനമാണ് ഹുറൂബ്. ഒരു തൊഴിലാളിയെ തൊഴിലുടമ ഹുറൂബാക്കിയാല്‍ അതോടെ ആ തൊഴിലാളി ആജീവനാന്ത കുടുക്കിലാകുന്നു. റസിഡന്‍ഷ്യല്‍ പെര്‍മിറ്റ് അഥവാ ഇഖാമ പുതുക്കാനാവില്ല. യാത്ര ചെയ്യാനാവില്ല. ബാങ്ക് ഇടപാട് നടത്താനാവില്ല. ചുരുക്കത്തില്‍ ജീവിതം ഹുറൂബ് തീര്‍ത്ത ചക്രവ്യൂഹത്തിനകത്താകും. തെറ്റു ചെയ്ത തൊഴിലാളികളെ ഹുറൂബാക്കുന്ന സംവിധാനം പിന്നീട് സ്‌പോണ്‍സര്‍മാര്‍ വ്യാപകമായി ദുരുപയോഗം ചെയ്തു. തൊഴില്‍ കോടതികളില്‍ ആനുകൂല്യത്തിനും ശമ്പള കുടിശികയ്ക്കും വേണ്ടി കൊടുക്കുന്നവരെ സ്‌പോണ്‍സര്‍മാര്‍ പ്രതികാര നടപടിയുടെ ഭാഗമായി ഹുറൂബാക്കുന്ന രീതി ക്രൂരതയാണെന്നും ഇത് അംഗീകാരിക്കാനാവില്ലെന്നും സൗദി തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങള്‍ വ്യക്തമാക്കിയിട്ടും ഹുറൂബ് ദുരുപയോഗം എന്ന വിചിത്ര പ്രതിഭാസം തുടരുകയാണ്. ഹുറൂബാക്കപ്പെട്ടവരുടെ പാസ്‌പോര്‍ട്ടുകള്‍ അതതു രാജ്യങ്ങളുടെ എംബസികള്‍ക്ക് സൗദി വിദേശകാര്യ മന്ത്രാലയം കൈമാറുകയാണ് പതിവ്. ആറു മാസത്തില്‍ ഒരിക്കല്‍ ആയിരക്കണക്കിന് പാസ്‌പോര്‍ട്ടുകള്‍ ഇന്ത്യന്‍ എംബസിയിലും എത്താറുണ്ട്. പൊതുമാപ്പില്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന കൈവശം പാസ്‌പോര്‍ട്ടില്ലാത്തവര്‍ക്ക് സൗജന്യമായാണ് ഇന്ത്യന്‍ എംബസി ഔട്ട്പാസ് അഥവാ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഔട്ട്പാസിന് അപേക്ഷിക്കുന്ന ഹുറൂബുകാരോട് തങ്ങളുടെ പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍ വിദേശമന്ത്രാലയം വഴി എംബസിക്ക് കൈമാറിയിട്ടുണ്ടോ എന്നു പരിശോധിക്കാനും എംബസി ആവശ്യപ്പെടുന്നുണ്ട്. കാരണം ഔട്ട്പാസ് ഇഷ്യു ചെയ്യുന്നതോടെ ഒരാളുടെ നിലവിലുള്ള പാസ്‌പോര്‍ട്ട് സ്വാഭാവികമായും റദ്ദാകും. പിന്നീട് നാട്ടില്‍ പുതിയ പാസ്‌പോര്‍ട്ടിനു അപേക്ഷിക്കേണ്ടിവരും. 


ഹുറൂബിന്റെ കെണിയില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിനു വിദേശികള്‍ സൗദിയിലുണ്ട്. ഇവരില്‍ ഇന്ത്യക്കാരുടെ എണ്ണം കുറവല്ല.  വര്‍ഷങ്ങളായി നാട്ടിലെത്താന്‍ കഴിയാതെ ഹുറൂബിന്റെ (ഒളിച്ചോട്ടക്കാരന്‍) കെണിയില്‍പ്പെട്ട് കുടുങ്ങിക്കിടക്കുന്നവര്‍ക്കും അവരുടെ നാട്ടിലെ കുടുംബങ്ങള്‍ക്കും ഇത്തവണത്തെ പൊതുമാപ്പ് നല്‍കുന്നത് പക്ഷേ, ശുഭവാര്‍ത്തതന്നെയാണ്. ക്രിമിനല്‍ കേസില്ലാത്ത രാജ്യദ്രോഹ കുറ്റം ചുമത്തപ്പെടാത്ത ഹുറൂബുകാര്‍ക്കു നിരുപാധികം രാജ്യം വിടാമെന്നാണ് രാജകല്‍പ്പന. ഈ രാജകാരുണ്യത്തിന് പ്രാര്‍ത്ഥനകളോടെ നന്ദി പറയുകയാണ് ഹുറൂബുകാര്‍. ഈ ഗണത്തില്‍പ്പെട്ട നൂറുകണക്കിനു മലയാളികളുടെ നാട്ടിലെ കുടുംബങ്ങളും ആഹ്‌ളാദത്തിലാണ്. ഇനി അവര്‍ വരും, അതെ, ഉടനെ ഒരു സമാഗമം. ഉമ്മമാരും അമ്മമാരും ഭാര്യമാരും സഹോദരിമാരും മക്കളും കാത്തിരിക്കുകയാണ്. 
പൊതുമാപ്പ് കാലാവധിയിലെ ശുഭവാര്‍ത്തകള്‍ തീരുന്നില്ല. ഇത്തവണത്തെ പൊതുമാപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത ഇപ്പോള്‍ സ്വമേധയ രാജ്യം വിടുന്ന അനധികൃത താമസക്കാര്‍ക്കു പുതിയ വിസയില്‍ വീണ്ടും രാജ്യത്തു പ്രവേശിക്കാമെന്നതാണ്. ഇതിനു മുന്‍പു പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുള്ളപ്പോഴൊന്നും ഇത്തരം ഒരു ആനുകൂല്യം നല്‍കിയിട്ടില്ല. ഡീപോര്‍ട്ടേഷന്‍ സെന്റര്‍ വഴി നാടുകടത്തുന്നവര്‍ക്ക് രാജ്യത്ത് തിരികെ പുതിയ വിസയില്‍ വരുന്നതിനു വിലക്ക് ഏര്‍പ്പെടുത്താറുണ്ട്. ഇത്തവണ അതില്ല. അതുകൊണ്ടുതന്നെ ഈ നാടുകടത്തല്‍ അനധികൃത താമസക്കാരന്റെ പ്രവാസ സ്വപ്നങ്ങളുടെമേല്‍ കരിനിഴല്‍ വീഴ്ത്തുന്നില്ല. പുതിയ തൊഴില്‍ വിസ ലഭിച്ചാല്‍ കൃത്യമായ തൊഴില്‍ കരാര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തി ഇപ്പോള്‍ രാജ്യം വിട്ടു പോകുന്നവര്‍ക്കു തിരിച്ചുവരാന്‍ സാധിക്കും. രാജ്യം വിടാനുള്ള നടപടികള്‍ പരമാവധി വേഗത്തിലും ലഘുവായും പൂര്‍ത്തീകരിക്കണമെന്നു കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉംറ, വിസിറ്റ് വിസക്കാരില്‍ കാലാവധി തീര്‍ന്നിട്ടും രാജ്യത്തു തങ്ങുന്നവര്‍ക്കു പിഴ കൂടാതെ നേരിട്ട് എയര്‍പോര്‍ട്ടില്‍ എത്തി എക്‌സിറ്റില്‍ രാജ്യം വിടാനും പൊതുമാപ്പ് കാലത്തു സാധിക്കും. പതിനായിരം റിയാലോളം പിഴയാണ് ഒഴിവാക്കുന്നത്. സ്വന്തം നിലയില്‍ ടിക്കറ്റ് എടുക്കണമെന്നു മാത്രം. ഉംറ വിസയില്‍ എത്തി രാജ്യത്തു കാലാവധി തീര്‍ന്നു തങ്ങുന്നവരുടെ എണ്ണം ഇപ്പോള്‍ തീരെ കുറവാണ്. ഒരുകാലത്ത് ജിദ്ദയിലെ വിഖ്യാതമായ കന്തറ പാലത്തിനു ചുവട്ടില്‍ നൂറുകണക്കിന് അനധികൃത താമസക്കാര്‍ പൊലീസ് പിടിക്കുന്നതു കാത്തു കിടന്നിരുന്നു. ഇന്ന് അതു പഴയ ഒരു ഓര്‍മ്മ മാത്രമാണ്. ഹജ്ജിനു വന്നു കാലാവധി തീര്‍ന്നിട്ടും മടങ്ങിപ്പോകാത്തവരുടെ എണ്ണവും കുറവാണ്. ഏതായാലും മലയാളികള്‍ ഉംറ വിസക്കു വന്നു തൊഴില്‍ ചെയ്തിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. പാസ്‌പോര്‍ട്ടില്‍ ഫോട്ടോ മാറ്റിയൊട്ടിച്ച് രാജ്യം വിട്ടിരുന്ന ഉംറക്കാരുടെ കാലവും കഴിഞ്ഞു. ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും മെഷീന്‍ റീഡബില്‍ പാസ്‌പോര്‍ട്ടാണ് ഉപയോഗിക്കുന്നത്. കൃത്രിമം നടത്തിയാല്‍ കുടുങ്ങുമെന്ന് ഉറപ്പാണ്. 

പുതിയ തൊഴില്‍സാധ്യതകള്‍
പൊതുമാപ്പില്‍ മടങ്ങുന്ന സുരക്ഷാ ഭീഷണിയില്ലാത്ത അനധികൃത താമസക്കാര്‍ക്കു രാജ്യത്തു പുതിയ വിസയില്‍ തിരിച്ചെത്തിയാല്‍ പുത്തന്‍ തൊഴിലവസരങ്ങളുണ്ടെന്ന സൂചന പര്യടനത്തിനിടെ വിദേശ രാജ്യങ്ങളുമായി സൗദി രാജാവ് ഒപ്പിട്ട വിദേശ നിക്ഷേപക്കരാറുമായി ബന്ധപ്പെട്ട പദ്ധതികള്‍ നല്‍കുന്നുവെന്നതും ഏറെ ആശാവഹമായ കാര്യമാണ്. പൊള്ളുന്ന മരുഭൂമിയുടെ മഹാഗര്‍ത്തങ്ങളില്‍ കാലങ്ങളോളം മറഞ്ഞുകിടന്നിരുന്ന എണ്ണഞരമ്പുകള്‍ പെട്രോഡോളറായി പരിണമിച്ചതോടെ ലോകത്തെ വിസ്മയിപ്പിച്ച വികസനക്കുതിപ്പ് നടത്തിയ സൗദി അറേബ്യ പതിറ്റാണ്ടുകള്‍ക്കു ശേഷം എണ്ണ ഇതര വരുമാന ശ്രോതസ്‌സിന്റെ വഴികളിലൂടെ സഞ്ചരിക്കാന്‍ ഒരുങ്ങുമ്പോള്‍ ആയിരക്കണക്കിനു തൊഴില്‍ അവസരങ്ങള്‍ തുറന്നുവരുമെന്ന് ഉറപ്പാണ്. നിയമ ലംഘകരില്ലാത്ത രാജ്യമെന്ന കാമ്പയിന്‍ വിജയപൂര്‍വ്വം പൂര്‍ത്തിയാക്കിയാല്‍ തൊഴില്‍മേഖല പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെടും. പുതിയ തൊഴില്‍ വിസകളില്‍ എത്തുന്നവര്‍ക്കു നിയമവിധേയമായി രാജ്യത്തു ജോലിചെയ്യാനും സാധിക്കും. 
1938-ലാണ് സൗദി അറേബ്യ വ്യാപാരാടിസ്ഥാനത്തില്‍ എണ്ണ ഉല്‍പ്പാദനം തുടങ്ങുന്നത്. 1902-ല്‍ ഇബ്‌നു സൗദ് (അബ്ദുല്‍ അസീസ് രാജാവ്) റിയാദ് പിടിച്ചെടുത്തിരുന്നു. ഇബ്‌നു സൗദാണ് ആധുനിക സൗദി അറേബ്യയുടെ ശില്‍പ്പി.  മരുഭൂമിയുടെ വന്യവിശാലതയ്ക്കു താഴെ അഗാധതയില്‍ എണ്ണഞരമ്പുകള്‍ മറഞ്ഞുകിടക്കുന്നുണ്ടെന്നു ക്രാന്തദര്‍ശിയായ അബ്ദുല്‍ അസീസ് രാജാവിനു നേരത്തെ അറിവുണ്ടായിരുന്നെങ്കിലും സൗദി അറേബ്യ എന്ന വിശാല രാജ്യം ഏകോപനത്തോടെ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു മൂന്നു പതിറ്റാണ്ടു കാലം അബ്ദുല്‍ അസീസ് രാജാവ്. 1922-ല്‍ നജദും 1925-ല്‍ ഹിജാസും പിടിച്ചടക്കിയ ശേഷം 1932-ലാണ് അദ്ദേഹം കിംഗ്ഡം ഓഫ് സൗദി അറേബ്യയുടെ പ്രഖ്യാപനം നടത്തുന്നത്. ആറു വര്‍ഷത്തിനുശേഷം 1938-ല്‍ ദമാമിലെ ഉള്‍മരുഭൂമിയില്‍ ആദ്യത്തെ എണ്ണക്കിണറില്‍ ഉല്‍പ്പാദനം തുടങ്ങി. ഒായില്‍ വെല്‍ നമ്പര്‍ ഏഴ് എന്നാണ് ഇത് അറിയപ്പെടുന്നത്. അമേരിക്കന്‍ സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെയാണ് എണ്ണ പര്യവേഷണവും ഖനനവും ഉല്‍പ്പാദനവും വിപണനവും നടന്നത്. സൗദി അറാംകൊ പിന്നീട് ആഗോള എണ്ണ വിപണിയെ വിരല്‍ത്തുമ്പുകൊണ്ടു നിയന്ത്രിക്കുന്ന കാലം പിറന്നു. ഇതു ചരിത്രമാണ്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ അംഗീകൃത കൂട്ടായ്മയായ ഒപെക്കിന്റെ സ്ഥാപക അംഗമാണ് സൗദി അറേബ്യ. റഷ്യയും സൗദി അറേബ്യയുമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത്. ആഗോള എണ്ണവിപണി നിയന്ത്രിക്കുന്നതില്‍ നിര്‍ണായക സ്ഥാനം സൗദി അറേബ്യക്കുണ്ട്. 
അബ്ദുല്ലാ രാജാവിന്റെ ഭരണകാലത്ത് എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിലെത്തി. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എണ്ണ വില താഴോട്ടു പോരുകയാണ്. എണ്ണയെ മാത്രം ആശ്രയിക്കുന്നതിനു പകരം എണ്ണ ഇതര മേഖലകളില്‍ക്കൂടി കാര്യമായി ശ്രദ്ധിക്കണമെന്ന ചിന്ത സജീവമാകുന്നത് ഈ അടുത്തകാലത്താണ്. സ്വദേശിവല്‍ക്കരണത്തിലൂടെ സ്വന്തം ജനതയുടെ ക്രിയാത്മക ശേഷി രാജ്യത്തിനും പൗരന്‍മാര്‍ക്കും പ്രയോജനപ്പെടുത്താനുള്ള തീവ്രശ്രമവും നടക്കുന്നു. സ്വദേശിവല്‍ക്കരണത്തിന്റെ ഈ കുത്തൊഴുക്കിലാണ് പ്രവാസികള്‍ക്കു പലപ്പോഴും അടിതെറ്റുന്നത്. എന്നാല്‍ ഇത് ഒരു അനിവാര്യതയാണ്. സ്വദേശിവല്‍ക്കരണം രാജ്യതാല്‍പ്പര്യമാണ്. പ്രവാസികള്‍ കരാര്‍ തൊഴിലാളികളും. ഏറ്റവും പുതിയ കണക്കനുസരിച്ച് 30 ലക്ഷത്തോളം ഇന്ത്യക്കാര്‍ സൗദിയില്‍ ജോലിചെയ്യുന്നുണ്ട്. തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിയുന്ന ചില മേഖലകളിലെ പ്രവാസികള്‍ക്കു കൂടി ശുഭവാര്‍ത്ത നല്‍കുകയാണ് ഇപ്പോള്‍ സൗദി അറേബ്യ. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു നിര്‍ണ്ണായക കരുത്തു പകരുന്നത് സൗദിയില്‍നിന്ന് മലയാളികള്‍ അയക്കുന്ന പണമാണ്. അതുകൊണ്ടുതന്നെ പല കുടുംബങ്ങളും ആശങ്കയിലായിരുന്നു. അവരെ തേടിയാണ് ഇപ്പോള്‍ സൗദിയില്‍നിന്നു പൊതുമാപ്പിന്റെയും പുതിയ തൊഴില്‍ അവസരങ്ങളുടെയും നല്ല വാര്‍ത്തമാനങ്ങള്‍ എത്തുന്നത്. അതേസമയം കുടുംബത്തോടൊപ്പം സൗദിയില്‍ താമസിക്കുന്നവര്‍ക്ക് റസിഡന്‍ഷ്യല്‍ പെര്‍മിറ്റ് പുതുക്കുമ്പോള്‍ ജൂണ്‍ മുതല്‍ ലെവി നല്‍കേണ്ടിവരുമെന്ന പ്രഖ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നു. ഇതു പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ഈ പ്രതീക്ഷ മുതലെടുത്തു സാമൂഹ്യമാധ്യമങ്ങള്‍ ലെവി പിന്‍വലിച്ചെന്ന തരത്തില്‍ വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നുണ്ട്. ലെവി ഏര്‍പ്പെടുത്തിയാല്‍ കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ കുടുംബങ്ങളെ നാട്ടില്‍ അയക്കാന്‍ നിര്‍ബന്ധിതരാകും. ഇത്തരം നിരവധി ആശങ്കകള്‍ക്കിടയിലാണ് കുളിര്‍കാറ്റായി പുതിയ പദ്ധതികളുടെയും പൊതുമാപ്പിന്റെയും പ്രഖ്യാപനങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com