ഉന്നതന്റെ ഇടപെടല്‍; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചന ശ്രമത്തില്‍നിന്ന് സുഷമ സ്വരാജ് പിന്‍വാങ്ങി?

ഉന്നതന്റെ ഇടപെടല്‍; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചന ശ്രമത്തില്‍നിന്ന് സുഷമ സ്വരാജ് പിന്‍വാങ്ങി?
ഉന്നതന്റെ ഇടപെടല്‍; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചന ശ്രമത്തില്‍നിന്ന് സുഷമ സ്വരാജ് പിന്‍വാങ്ങി?

കൊച്ചി: കടക്കെണിയില്‍ പെട്ട് ദുബൈ ജയിലില്‍ കഴിയുന്ന വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി ഇടപെടാന്‍ സന്നദ്ധത അറിയിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പിന്‍വാങ്ങിയതായി റിപ്പോര്‍ട്ട്. അറ്റ്‌ലസ് രാമചന്ദ്രനുമായി ശത്രുതയുള്ള വ്യവസായിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് സുഷമയുടെ പിന്‍മാറ്റമെന്ന് മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് ഇടപെടാന്‍ അദ്ദേഹവുമായി ബന്ധമുള്ള ചില പ്രമുഖരും പ്രവാസി സംഘടനകളും ആദ്യഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഇടപെടാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാല്‍ ഇതിനു പിന്നാലെ രാമചന്ദ്രനുമായി ശത്രുത പുലര്‍ത്തുന്ന വ്യവസായിയോട് അടുപ്പമുള്ളവര്‍ ഇടപെട്ട് സുഷമ സ്വാരാജിനെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

2015 ഓഗസ്റ്റിലാണ് ചെക്കു കേസില്‍ അറ്റ്‌ലസ് രാമചന്ദ്രനെയും മകള്‍ ഡോ. മഞ്തുവിനെയും ദുബൈ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്ഥാനപത്തിനു ചീത്തപ്പേരാവുമെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ കസ്റ്റഡിലാണെന്ന കാര്യം പേഴ്‌സണല്‍ മാനേജര്‍ അടക്കമുള്ളവര്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ദുബൈ പത്രങ്ങളിലും മലയാളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നു. ഈ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ട ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ തൗബിദ് അബ്ദുല്ല ഉള്‍പ്പെടെ യുഎഇ സര്‍ക്കാരില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവര്‍ അറ്റ്‌ലസ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. ബാങ്കുമായുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ തിരുമെന്നാണ് ഉദ്യോഗസ്ഥര്‍ ഇവരെ ധരിപ്പിച്ചത്. 

ഗള്‍ഫിലും ഇന്ത്യയിലുമായി ഇരുപത്തിരണ്ടു ബാങ്കുകളില്‍നിന്നാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ വായ്പയെടുത്തിട്ടുള്ളത്. ബാങ്ക് ഒഫ് ബറോഡയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ദുബൈ ശാഖ വഴി 77 ലക്ഷം ദിര്‍ഹവും 50 ലക്ഷം ദിര്‍ഹവും വായ്പ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവ ഉള്‍പ്പെടെയുള്ള 22 ബാങ്കുകളാണ് ചെക് മടങ്ങിയതിന് പരാതി നല്‍കിയത്. ഇതില്‍ 19 ബാങ്കുകള്‍, രാമചന്ദ്രന്റെ സുഹൃത്തുക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് കോടതിക്കു പുറത്തുവച്ചുള്ള ധാരണയ്ക്കു സമ്മതിച്ചിരുന്നു. ഇതിന്റെ സെക്യൂരിറ്റി തുകയായി മസ്‌കറ്റിലെ രണ്ട് ആശുപത്രികള്‍ പ്രവാസി വ്യവസായി ബിആര്‍ ഷെട്ടി വാങ്ങാന്‍ ധാരണയായി. എന്നാല്‍ ഉന്നതന്റെ ഇടപെടല്‍ കാര്യങ്ങള്‍ വീണ്ടും വഷളാക്കിയെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com